Home / ഇന്റര്‍വ്യൂ  / ആരാണ് വാര്‍ത്തകള്‍ തീരുമാനിക്കുന്നത്?

ആരാണ് വാര്‍ത്തകള്‍ തീരുമാനിക്കുന്നത്?

ന്യൂസ് റൂമുകള്‍ സൃഷ്ടിക്കുന്ന കേരള വിരുദ്ധ നേരേറ്റീവുകളും സംഘപരിവാര്‍ പ്രചാരണങ്ങളും.

പ്രമോദ് രാമന്‍|ഷാഹിന കെ.കെ|ടി എം ഹർഷൻ|ശ്രീജിത്ത് ദിവാകര

ജലീലിയോ: എങ്ങനെയാണ് കേരളത്തി​ൽ വ്യാജമായ പൊതുബോധങ്ങൾ നിർമിക്കപ്പെടുന്നത്? അതിൽ മാധ്യമങ്ങളുടെ പങ്ക് എത്രത്തോളമുണ്ട്?

ഹർഷൻ: ലളിതമായ ചില ഉദാഹരണങ്ങൾ നോക്കാം. ഏറ്റവും കൂടുതൽ മദ്യപിക്കുന്നത് മലയാളികളാണ്, കേരളത്തിൽ ബാറുകളുടെ എണ്ണം കൂടിയതോടെ മദ്യത്തിന്റെ ഉപയോഗം വല്ലാതെ വർദ്ധിച്ചു, മാധ്യമങ്ങൾക്കെതിരെ രൂക്ഷമായ ഇടപെടലുകളുണ്ടാകുന്നത് കേരളത്തിലാണ്. ഇതൊക്കെ ഇത്തരത്തിൽ സൃഷ്ടിക്കപ്പെട്ട ചില പൊതുബോധങ്ങളാണ്. എന്നാൽ എന്താണ് യാഥാർഥ്യം? ഏറ്റവും കൂടുതൽ മദ്യ ഉപഭോഗമുള്ള സംസ്ഥാനം കേരളമല്ല. കൂടുതൽ ബാറുകൾ അനുവദിക്കപ്പെടുമ്പോഴും മദ്യ ഉപയോഗം കേരളത്തിൽ കുറഞ്ഞുവരികയാണ്. എന്നാൽ ഇത്തരം ഡാറ്റ വച്ചിട്ടല്ല ചർച്ചകർ നടക്കുന്നത്.

എങ്കിലും പൊതുബോധ നിർമിതിയെക്കുറിച്ച് പറയുമ്പോൾ കേരളത്തിലെ മാധ്യമങ്ങളുടെ വൈവിധ്യം കൂടെ പരിഗണിക്കണം. പ്രമോദ് രാമൻ ഇവിടെയിരിക്കുന്നു. അദ്ദേഹം എഡിറ്ററായിരിക്കുന്നത് ഇന്ത്യയിൽ മുസ്‌ലിം ഉടമസ്ഥതയിലുള്ള ഏക ന്യൂസ് ചാനലിലാണ്. ലെഫ്റ്റിനും കേരളത്തിൽ മാധ്യമ സ്ഥാപനങ്ങളും ന്യൂസ് ചാനലുമുണ്ട്. ബി.ജെ.പി അധ്യക്ഷന് ഒരു മാധ്യമ സ്ഥാപനമുണ്ട്. എല്ലാ തരത്തിലും പ്രാതിനിധ്യമുള്ള ഒരു സ്ഥലമാണ് കേരളം. അതുകൊണ്ട് ഇവിടെ പൊതുബോധ നിർമിതിക്ക് എത്ര ഉച്ചത്തിൽ ചില മാധ്യമങ്ങൾ ശ്രമിച്ചാലും അതിനെ അതിജീവിച്ചു പോവും എന്നാണ് എനിക്ക് തോന്നുന്നത്. ശബ്ദങ്ങളുടെ വൈവിധ്യം ഇവിടുണ്ട്. പക്ഷേ, നിരന്തരമായ ചില ശ്രമങ്ങളുടെ ഫലമായി നേരത്തെ പറഞ്ഞ തരത്തിൽ ചില പൊതുബോധ നിർമിതി നമ്മുടെ ഉള്ളിൽ വേരുറപ്പിക്കുന്നുണ്ട് എന്നത് സത്യമാണ്.

ഷാഹിന: കേരളം വളരെ ശക്തമായ സിവിൽ സമൂഹമുള്ള ഇടമാണ്. അതുകൊണ്ടുതന്നെ ഈ പൊതുബോധ നിർമിതിയോട് നിരന്തരം കലഹിക്കുന്നുമുണ്ട്. എങ്കിലും ഇവിടെ പൊതുബോധ നിർമിതിയിൽ മാധ്യമങ്ങൾ നിർണായകമായ പങ്കുവഹിക്കുന്നുണ്ട്. മാധ്യമപ്രവർത്തനത്തിന്റെ തന്നെ അടിസ്ഥാന ധാരണകൾക്ക് എതിരായിട്ടുള്ള പ്രവണതകൾ അടുത്ത കാലത്തായി നമുക്ക് കാണാം. സമീപകാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ക്രൈം വാർത്തകൾ എടുത്ത് നോക്കിയാൽ കേരളം ജീവിക്കാൻ പറ്റാത്ത സംസ്ഥാനമായി മാറിയെന്ന ഒരു പ്രതീതിയുണ്ടാക്കുന്നുണ്ട്. എല്ലാ ദിവസവും നമ്മൾ കാണുന്നത് കൊലപാതക വാർത്തകളാണ്. ഒരുപക്ഷേ കുറച്ചു കാലം മുമ്പത്തെ ഒരു മാധ്യമസംസ്കാരമാണെങ്കിൽ ഇതിനിടെ മാധ്യമങ്ങൾ ചെയ്തിരിക്കേണ്ട ഒരു സ്റ്റോറി ഇപ്പോ മിസ്സിംഗ് ആണ്. ഇന്ത്യയിലെ ഏറ്റവും കൊലപാതക നിരക്ക് കുറഞ്ഞ സംസ്ഥാനമാണ് കേരളം എന്നതാണത്. ദേശീയ ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്കനുസരിച്ച് 0.8 ആണ് കേരളത്തിലെ നിരക്ക്. ഈ സ്റ്റോറി എന്തുകൊണ്ടാണ് മാധ്യമങ്ങളിൽ വരാത്തത്? ക്രൈമുകളിൽ മാത്രം വാർത്തകൾ ഫോക്കസ് ചെയ്യുമ്പോൾ കേരളത്തെക്കുറിച്ച് തെറ്റായ പൊതുബോധം സൃഷ്ടിക്കപ്പെടുന്നു എന്നത് മാത്രമല്ല, അത്തരം വാർത്തകൾ ന്യൂസ് ഫാറ്റിഗ് ഉണ്ടാക്കുന്നു എന്ന് അന്താരാഷ്ട്ര തലത്തിൽ തന്നെ നടന്നിട്ടുള്ള ചില പഠനങ്ങൾ പറയുന്നു. വാർത്ത നമ്മുടെ തലച്ചോറിനെ ക്ഷീണിപ്പിക്കുന്നു. വലിയ ഒരു നെഗറ്റിവിറ്റിയാണ് ജനങ്ങളിലേക്ക് എത്തുന്നത്. അതുകൊണ്ടുകൂടിയാണ് ഇത്തരം ഡാറ്റ ജനങ്ങളിലേക്ക് എത്തേണ്ടത്.

മാധ്യമങ്ങൾ നമുക്ക് മുന്നിൽ റിയാലിറ്റി എന്ന് പറഞ്ഞ് മുന്നോട്ട് വെക്കുന്നത് വെറും പെർസീവ്ഡ് റിയാലിറ്റിയാണ്. പക്ഷേ ഈ ഡാറ്റയും കൂടെ ജനങ്ങളിലേക്ക് എത്തുമ്പോൾ ഇത് രണ്ടും കൂട്ടിച്ചേർത്ത് ജനങ്ങൾക്ക് അത് പ്രൊസസ് ചെയ്യാൻ സാധിക്കും. പക്ഷേ അങ്ങനെയുള്ള ഇൻഫർമേഷൻ കൊടുക്കാതിരിക്കുക എന്നൊരു മാറ്റം കുറച്ചുകാലമായിട്ട് മാധ്യമങ്ങളിൽ കണ്ടുവരുന്നു.

ഈ മാറ്റങ്ങൾ കൊണ്ടുള്ള ഒരു പ്രശ്നം വാർത്തകൾ കാണുന്ന ആളുകൾ നിരുപാധിക കൺസ്യൂമേഴ്സ് ആവുന്നു എന്നതാണ്. നമ്മൾ ആമസോണിൽ നിന്ന് ഒരു സാധനം വാങ്ങുമ്പോൾ പോലും റിവ്യൂ നോക്കും, റേറ്റിംഗ് നോക്കും, സെല്ലർ ഏതാണെന്ന് നോക്കും… പക്ഷേ വാർത്തകളുടെ കാര്യത്തിൽ അത്തരത്തിലുള്ള ഒരു വിവേചനത്തിനും സ്കോപ്പില്ലാതെ ആളുകളിലേക്ക് വാർത്തകൾ അടിച്ചേൽപ്പിക്കുന്ന തരത്തിലുള്ള ഒരു മാധ്യമ സംസ്കാരം ഉണ്ട്. ഇത് അപകടകരമാണെന്നും ഇത് മാറേണ്ടതുണ്ട് എന്നുമാണ് എന്റെ അഭിപ്രായം.

ജലീലിയോ: പെർസെപ്ഷനാണ് ഇതിൽ മറ്റൊരു രീതിയിൽ വർക്ക്ഔട്ട് ആവുന്നത്. അത് മാധ്യമസ്ഥാപനത്തിന്റേതാവാം. വാർത്താ അവതാരകന്റേതാവാം. അത്തരം പെർസെപ്ഷൻസ് കൂടെ ഈ പൊതുബോധ നിർമിതിയിലേക്ക് വരുന്നില്ലേ?

പ്രമോദ് രാമൻ: ഉറപ്പായിട്ടുമുണ്ട്. വാർത്താ അവതാരകൻ എന്തിനെ ആശ്രയിച്ചാണ് അവതരണം നടത്തുന്നതെന്നത് പ്രധാനപ്പെട്ട കാര്യം തന്നെയാണ്. കേരളത്തിന് അകത്ത് പ്രവർത്തിക്കുന്ന ചില മാധ്യമങ്ങൾ, എസ്റ്റാബ്ലിഷ്മെന്റിന് എതിരായി ഞങ്ങൾ ഒരു നിലപാട് എടുക്കുകയാണ് എന്ന തോന്നലുണ്ടാക്കാൻ വേണ്ടി ചെയ്യുന്ന അർഥശൂന്യമായ ചില കാര്യങ്ങളുണ്ട്. വളരെ നിരർഥകമായ ആലങ്കാരിക പ്രകടനങ്ങളും പ്രയോഗങ്ങളുമൊക്കെ. അത്തരം പ്രകടനങ്ങൾ കേരളത്തെക്കുറിച്ച് ഒരു നെഗറ്റീവ് ഇമേജ് സൃഷ്ടിക്കുന്നു എന്നത് ശരിയാണ്. അതേസമയം, കേരളത്തിന് പുറത്തുള്ള ഇംഗ്ലീഷ്-ഹിന്ദി മാധ്യമങ്ങൾ കേരളത്തെക്കുറിച്ച് സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്ന പൊതുബോധം അതിനൊപ്പമോ അതിനേക്കാളേറെയോ അപകടം പിടിച്ചതും കുറേക്കൂടെ നമ്മൾ മനസ്സിലാക്കേണ്ടതുമാണെന്നാണ് ഞാൻ പറയുന്നത്.

ഉദാഹരണത്തിന്, ഒരുപാട് വീഡിയോകൾ നമ്മുടെ കുടുംബ ഗ്രൂപ്പുകളിലും മറ്റും കറങ്ങി നടക്കുന്നുണ്ടല്ലോ. അങ്ങനെ എത്തിപ്പെട്ട ഒരു വീഡിയോ ആണ് കുമ്പളയിൽ ബുർഖ ധരിച്ച കുറേ സ്ത്രീകൾ ബസിനകത്ത് ബുർഖ ധരിക്കാത്ത ഒരു സ്ത്രീയോട് കലഹിക്കുന്നതായി പുറത്ത് വന്ന വീഡിയോ. ഈ ദൃശ്യം വന്ന ഉടനെ ബി.ജെ.പിയുടെ അനിൽ ആന്റണി അതെടുത്ത് ട്വീറ്റ് ചെയ്തു, ‘വടക്കൻ കേരളത്തിൽ ബുർഖ ധരിക്കാതെ ബസിൽ യാത്ര ചെയ്യാനാവില്ല’ എന്ന് പറഞ്ഞുകൊണ്ട്. ഇത് പെട്ടെന്ന് തന്നെ റിപ്പബ്ലിക് ചാനലും ടൈംസ് നൗവും ഏറ്റെടുത്തു. അങ്ങനെ ദേശീയ തലത്തിൽ കേരളത്തെക്കുറിച്ച് ഭയങ്കരമായ വർഗീയത പറഞ്ഞുള്ള ചർച്ച തുടങ്ങുകയും ചെയ്തു.

എന്നാൽ സത്യാവസ്ഥയെന്താണ്? കുമ്പളയിലെ ഒരു കോളജിലെ ബുർഖ ധരിച്ച വിദ്യാർഥിനികളും ബസ് ജീവനക്കാരും തമ്മിലുണ്ടായ തർക്കമായിരുന്നു വിഡിയോ. ബസ് സ്റ്റോപ്പിൽ നിർത്താത്തതിനെ ചൊല്ലിയുള്ള സാധാരണ തർക്കമാണ് വർഗീയ പ്രചാരണമാക്കി മാറ്റിയത്.

ഇത്തരത്തിൽ വളരെയധികം വ്യാജമായും വസ്തുതകളെ പരമാവധി വളച്ചൊടിച്ചും കേരളത്തെക്കുറിച്ച് നരേറ്റീവ് ഉണ്ടാക്കുന്നതിൽ ദേശീയ മാധ്യമങ്ങളെന്ന് വിളിക്കപ്പെടുന്ന മീഡിയ കൂടെ ചേരുന്നു. കേരളത്തിനകത്തു നിന്നുള്ള പൊതുബോധ നിർമിതകൾ മറ്റൊരു വശത്ത് നടക്കുകയും ചെയ്യുന്നു.

കേരളത്തിന്റെ പൊതു സാമൂഹിക സ്ഥിതിയെക്കുറിച്ച് നമുക്ക് ചിലത് പറയാനുണ്ട്. നമുക്ക് ചിലത് വിമർശിക്കാനുണ്ട്. ചിലത് ഉൾക്കൊള്ളാനുണ്ട്. ആരോഗ്യകരമായ അത്തരം ചർച്ചയ്ക്കുള്ള ഒരു സ്പേസും ബാക്കി നിൽക്കുന്നില്ല ഇതു രണ്ടുംകൂടി സംഭവിക്കുമ്പോൾ എന്നാണ് എനിക്ക് തോന്നുന്നത്.

ശ്രീജിത്ത് ദിവാകരൻ: കേരളത്തിൽ ഹിന്ദുക്കൾ അതിഭീകരമായി ആക്രമിക്കപ്പെടുകയാണ്, മുസ്‌ലിം ജനസംഖ്യ ക്രമാതീതമായി കൂടുകയാണ്, കേരളത്തിൽ നിന്ന് ആയിരക്കണക്കിന് പേർ ഐ.എസിൽ ചേർന്നു തുടങ്ങി നിരവധി കാര്യങ്ങൾ കേരളത്തെക്കുറിച്ച് പുറത്ത് പ്രചരിക്കുന്നുണ്ട്. രാജസ്ഥാനിൽ വച്ച് സീനിയർ ആയ ഒരു പൊലീസ് ഉദ്യോഗസ്ഥൻ എന്നോട് ചോദിച്ചിട്ടുണ്ട്, എന്താണ് അവിടെ സംഭവിക്കുന്നത്, നിങ്ങളുടെ കമ്മ്യൂണിസ്റ്റ് സർക്കാരും മുസ്‌ലിങ്ങളും ചേർന്ന് ഹിന്ദുക്കളെ മുഴുവൻ കൊല്ലുകയാണോ എന്ന രീതിയിൽ.

ഇതിനിടിയിലും കേരളത്തിനെതിരായ ഒരു ബോധം നമ്മുടെ മാധ്യമങ്ങൾ തന്നെ സൃഷ്ടിക്കുന്നു. കേരളത്തിന് എതിരെ നിൽക്കുക എന്നതാണ് അവരുടെ അജണ്ട തന്നെ. ഉദാഹരണത്തിന്, ഗവർണറുടെ അധികാര പരിധിയെക്കുറിച്ച് നമ്മുടെ മീഡിയ ഉണ്ടാക്കിയ തെറ്റിദ്ധാരണ വളരെ വലുതാണ്. നിയമം ദുരുപയോഗം ചെയ്ത് ഫെഡറൽ വ്യവസ്ഥകളെ ഇല്ലാതാക്കിക്കൊണ്ട് കേന്ദ്രം ഇവിടെ ഇടപെടുകയാണ്. നമ്മുടെ പൊതുവിദ്യാഭ്യാസ രംഗം ഇന്ത്യയിൽ തന്നെ മികച്ചവയിൽ പെട്ടതാണ്. ഉന്നതവിദ്യാഭ്യാസവും അങ്ങനെ തന്നെ. ഉന്നത വിദ്യാഭ്യാസ രംഗത്തെ തകർക്കാനായി ഇവിടുത്തെ സർവകലാശാലകളിൽ മുഴുവൻ അഴിമതിയാണ്, അവിടങ്ങളിലെ നിയമനം മുഴുൻ അഴിമതിയാണ് എന്നാണ് പ്രചാരണം.

നമ്മൾ പുറത്തിറങ്ങി നോക്കിയാൽ ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസരംഗം മുഴുവൻ തകർത്ത് തരിപ്പണമാക്കിക്കൊണ്ടിരിക്കുകയാണ് ബി.ജെ.പി. ജെ.എൻ.യു മുതൽ നമ്മുടെ അഭിമാനമായിരുന്ന എല്ലാ സർവകലാശാലകളും നശിപ്പിക്കുകയാണ്. കേരളത്തിലെ ഏറ്റവും മികച്ച വൈസ് ചാൻസലർ അപ്പോയിന്റ്മെന്റായിരുന്നു കഴിഞ്ഞ കാലങ്ങളിൽ നടന്നത്. അവരെയെല്ലാം ഇവിടെ നിന്ന് പുറത്ത് ചാടിച്ചു. ഈ സമയത്ത് മുഴുവൻ നമ്മുടെ മീഡിയ കേരളത്തിന് എതിരെ പ്രവർത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു.

നമുക്ക് കേന്ദ്രസർക്കാരിൽ നിന്ന് കിട്ടേണ്ട ധനവിഹിതം കിട്ടാത്ത സമയത്തൊക്കെ മാധ്യമ​ങ്ങൾ നമുക്ക് എതിരായിരുന്നു. സ്റ്റേറ്റിനെ പ്രൊട്ടക്ട് ചെയ്യുക എന്നത് മാധ്യമങ്ങളുടെ ഉത്തരവാദിത്വത്തിൽ പെടുന്നതല്ല. എന്നാൽ ഒരു പ്രദേശത്തിന് നേരെ സംഘടിതമായ ആക്രമണം ഒരു വിഭാഗം മാധ്യമങ്ങളും രാജ്യം ഭരിക്കുന്ന സർക്കാരും ചേർന്ന് ചെയ്യുമ്പോൾ, അതിനെക്കുറിച്ചുള്ള വാസ്തവം പറയാനെങ്കിലുമുള്ള ഉത്തരവാദിത്വം കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾക്കുണ്ട്. അത് ചെയ്യില്ലെന്ന് മാത്രമല്ല, വേട്ടക്കാരന്റെ കൂടെ ഓടുന്ന പരിപാടി കൂടി ഇവിടുത്തെ മാധ്യമങ്ങൾ ചെയ്യുന്നുണ്ട്. അതൊരു ഗുരുതരമായ പ്രശ്നം തന്നെയാണ്.

Arif Muhammad

ആരിഫ് മുഹമ്മദ്

ജലീലിയോ: ഒരു വാർത്തയുടെ ആയുസ്സ്, അത് എത്രത്തോളം ചർച്ചയാക്കാം എന്ന കാര്യത്തിലൊന്നും ഒരു തരത്തിലുള്ള പ്രൊപ്പോഷനും കാണാറില്ല. ഒരു കാര്യവുമില്ലാത്ത വാർത്തകൾ പോലും വലിയ സ്പേസ് കൊടുത്തു കൊണ്ട് ആഘോഷിക്കപ്പെടാറുണ്ട്. ഇത് ആരാണ് തീരുമാനിക്കുന്നത്?

പ്രമോദ് രാമൻ: പല തവണ ഞാൻ ഈ ചോദ്യം ചോദിച്ചിട്ടുണ്ട്. ഒരു വാർത്തയ്ക്ക് ആവശ്യമായ പ്രാധാന്യത്തിന് അനുസരിച്ച് തന്നെയാണോ, അതായത് ന്യൂസ് ജഡ്ജ്മെന്റ് അനുസരിച്ച് തന്നെയാണോ ജോലിസ്ഥലത്ത് നമ്മൾ വാർത്തയെ സമീപിക്കുന്നത് എന്നൊക്കെ ആലോചിക്കാറുണ്ട്. ചിലപ്പോ അത് അങ്ങനെ ആയിരിക്കില്ല. ചിലപ്പോൾ വലിയ ഡയമൻഷനിലേക്ക് ഓവർ സ്റ്റേറ്റ് ചെയ്യുന്ന രീതിയിലേക്ക് അതിനെ കൊണ്ടുപോവുന്നുണ്ടാവാം.‌ ചിലപ്പോൾ നമുക്ക് ഒരു ആക്ഷൻ എടുക്കാൻ പറ്റുന്ന രീതിയിൽ നമ്മുടെ കൺട്രോളിൽ ആവുകയും ചെയ്യും. ഇതൊക്കെ മാറി വന്ന കാര്യങ്ങളാണ്. ഷാഹിന നേരത്തേ ചോദിച്ചല്ലോ, നമ്മൾ ക്രൈം റേറ്റ് ഡാറ്റ വച്ച് ഒരു സ്റ്റോറി എന്തുകൊണ്ട് ചെയ്യുന്നില്ല എന്ന്. ഏതെങ്കിലും വിഷയം വരുമ്പോൾ നമ്മൾ യാഥാർഥ്യം അന്വേഷിച്ച് പോയി നേരിട്ട് വസ്തുതകൾ കണ്ടെത്തി സ്റ്റോറി ചെയ്യുന്നില്ല എന്ന്. നമ്മൾ മുമ്പ് അത് ചെയ്തിരുന്നതാണല്ലോ. അങ്ങനെ ചെയ്തിരുന്ന ഒരു കാലത്ത് നിന്നും കിട്ടുന്നതെല്ലാം വാരിവലിച്ച് കൊടുക്കുന്ന ഇന്നത്തെ നിലയിലേക്കുള്ള മാധ്യമങ്ങളുടെ ട്രാൻസിഷനിൽ പല സംഗതികൾ പ്രവർത്തിച്ചിട്ടുണ്ട് എന്നതാണ് എന്റെ നിരീക്ഷണം.

ഒന്ന്, ചാനലുകളിലേക്ക് കടന്നു വന്നിട്ടുള്ള ഇൻവെസ്റ്റ്മെന്റുകളുടെ സ്വഭാവം എന്താണ് എന്നതാണ്. ചില അജ്ഞാത കേന്ദ്രങ്ങളിൽ നിന്ന് വന്ന നിക്ഷേപങ്ങളുടെ ഭാഗമായി ചാനലുകൾക്ക് മറ്റെല്ലാം വിട്ട് പരമാവധി വിസിബിലിറ്റി ഉറപ്പാക്കുക എന്ന നിലയിലേക്ക് വന്നു. അറ്റൻഷൻ സീക്കിംഗ് ബിസിനസ് ആണിത് എന്ന തരത്തിലേക്ക് വന്നു.

‘നമ്മുടെ ആറുമണി ബുള്ളറ്റിൻ കൂടുതൽ പേർ കാണണം’. ‘9 മണി ഷോ നമ്മുടേതായിരിക്കണം എറ്റവും നല്ല ഷോ. അതിനു വേണ്ടി അതൊന്നു നന്നാക്കി എടുക്കാം’. തുടങ്ങിയ ചിന്ത സ്വാഭാവികമാണ്. എന്നാൽ സംഭവിക്കുന്നത് അങ്ങനയല്ല, ഏത് മൊമന്റിലും നമ്മളെ ആയിരിക്കണം ആളുകൾ കാണുന്നത് എന്ന വാശിയോടുകൂടി പ്രവർത്തിക്കുകയും അത്തരമൊരു മൊണോപ്പൊളി സ്ഥാപിക്കണം എന്ന രീതിയിൽ പ്രവർത്തിക്കുകയും അതിന് വേണ്ടി വലിയ തോതിൽ, വലിയ ഇൻവസ്റ്റ് ചെയ്യുകയും ചെയ്യുന്ന ആളുകൾ കടന്നു വരുന്നു. അങ്ങനെ കടന്നു വരുന്നതോടുകൂടി സംഭവിക്കുന്നതെന്താണെന്നുവച്ചാൽ, നിങ്ങൾക്ക് ഒന്നിനും സമയമില്ല, നിങ്ങൾക്ക് ചിന്തിക്കാൻ പോലും സമയമില്ലാത്ത വിധത്തിൽ ഒരു വലിയ പൂളിനകത്ത് നിങ്ങളെ തള്ളിയിടുകയാണ്. ഉദാഹരണത്തിന്, ഇന്നലെ ഷൈൻ ടോം ചാക്കോ പൊലീസിൽ ഹാജരാവുകയാണ്. അതൊരു സാധാരണ നടപടിയാണ്. എന്നാൽ ചാനലുകളെ സംബന്ധിച്ച് ഇന്നലെ മറ്റു വാർത്തകളുമായി ബന്ധപ്പെട്ട് എവിടെയും പോവാനില്ല. ഇത് ഒരു അറ്റൻഷൻ കിട്ടുന്ന കാര്യമാണല്ലോ എന്നാണ് ചാനലിൽ നിന്ന് ആലോചിക്കുന്നത്. അതിൽ ഫോക്കസ് ചെയ്യാം എന്ന് എല്ലാരും ഉടനെ തീരുമാനിക്കും. അങ്ങനെ അതിൽ തന്നെ ഫോക്കസ് ചെയ്യുമ്പോ ഉള്ള പ്രശ്നം, വെറുതേ വിഷ്വൽ മാത്രം കാണിക്കാൻ പറ്റില്ലല്ലോ. എന്തെങ്കിലുമൊക്കെ പറഞ്ഞുകൊണ്ടിരിക്കണ്ടേ, അങ്ങനെ പറയുമ്പോൾ വളരെ റോ ആയിട്ടുള്ള കാര്യങ്ങൾ സ്വാഭാവികമായിട്ടും വരും.

ഒരു ഉദാഹരണം പറയാം. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടുന്നതിനെക്കുറിച്ച് നടി രഞ്ജിനി കൊടുത്ത ഹർജി ഹൈക്കോടതി പരിഗണനയ്ക്ക് എടുക്കുന്നു. അത് വലിയ ഹൈപ്പുള്ള വാർത്തയായിരുന്നു. കോടതി അത് പരിഗണിക്കാൻ തുടങ്ങുന്നു, എന്തൊക്കെയോ വാർത്തകളും സംശയങ്ങളുമൊക്കെ എയറിലുണ്ട്. അങ്ങനെ ഇരിക്കെ, രഞ്ജിനിക്ക് വേണ്ടി കേന്ദ്രസർക്കാർ അഭിഷകൻ ഹാജരാകും എന്ന ബ്രേക്കിംഗ് ന്യൂസ് ഒരു ചാനലിൽ വരുന്നു. ഞങ്ങൾ ഉടൻ റിപ്പോട്ടറെ വിളിച്ചു ചോദിച്ചു, അദ്ദേഹം വരുന്നുണ്ടോ എന്ന്. നമ്മുടെ റിപ്പോട്ടർ ഇല്ലെന്ന് ഉറപ്പിച്ചു പറഞ്ഞു. പക്ഷേ രണ്ടു മൂന്ന് ചാനലുകൾ ഇത് ബ്രേക്കിംഗ് ന്യൂസ് ആക്കിയിരുന്നു. വാസ്തവത്തിൽ അദ്ദേഹം വേറെ ഏതോ കേസിന് വേണ്ടി ഓൺലൈനിൽ അപ്പിയർ ചെയ്തപ്പോൾ അയാളുടെ ഫേസ് കണ്ടതിന് കൊടുത്ത ബ്രേക്കിംഗ് ആണത്.

ഇതാണ് ഞാൻ പറഞ്ഞത്, ഒരു പ്രത്യേക അവസ്ഥയിലേക്ക് നിങ്ങളെ കൊണ്ടുവന്നിട്ടിട്ട്, മറ്റുള്ള എല്ലാവരെയും സമ്മർദ്ദത്തിലാക്കി എന്തുകിട്ടിയാലും എങ്ങനെ കിട്ടിയാലും കൊടുക്കുക എന്ന നിലയിലേക്ക് അവരെ എത്തിക്കുന്നുണ്ട്. പറയുമ്പോ ഞാനും ഒരു ചാനലിന്റെ എഡിറ്ററാണ്. നിങ്ങൾക്ക് ഇതിനെതിരെ എന്തെങ്കിലും ചെയ്തുകൂടെ എന്ന് ചോദിക്കാം. അങ്ങനെ ചോദിച്ച് ഒരു ഉത്തരത്തിലേക്ക് എത്തിക്കേണ്ട കാര്യമല്ല ഇത്. എനിക്ക് ചെയ്യാൻ പറ്റുന്ന കുറേ കാര്യങ്ങൾ അല്ലാതെ ചെയ്യുന്നുണ്ട്.

നമുക്ക് ഉറപ്പിക്കാൻ കഴിയാത്ത കാര്യങ്ങൾ ഒഴിവാക്കാറുണ്ട്. പുലിയെ കണ്ടു എന്ന ഒരു വ്യാജ വാർത്ത വന്നിരുന്നല്ലോ. മറ്റെല്ലാ ചാനലും അത് കൊടുക്കുമ്പോഴും നമ്മുടെ റിപ്പോട്ടർ എന്തോ സംശയം കാരണം വൈകുന്നേരം വരെ പിടിച്ചു നിന്നിട്ടുണ്ട്. പക്ഷേ, പുലിയെ കണ്ടെന്ന് പറഞ്ഞ ആളുടെ ടെലിഫോൺ ഇന്റർവ്യൂ വരെ എല്ലാവരും എടുത്ത് ആഘോഷിച്ചു തുടങ്ങിയപ്പോൾ ഞങ്ങളുടെ റിപ്പോട്ടറിനും അത് പിടിച്ചു വെക്കാൻ പറ്റിയില്ല. അവനും അത് കൊടുത്തു.

ഇതാണ് ഈ ഇക്കോ സിസ്റ്റം. നമ്മളതിനകത്ത് പെട്ടു കിടക്കുകയാണ്.

ഹർഷൻ: കഴിഞ്ഞ ഒരു പത്തു വർഷത്തിനകത്ത് മാധ്യമങ്ങളിൽ വലിയൊരു മാറ്റമുണ്ടായിട്ടുണ്ട്. ദേശീയ തലം മുതൽ കേരളത്തിലെ മാധ്യമങ്ങളിലടക്കം ആ മാറ്റം കാണാം. രണ്ട് തരത്തിലാണ് അത് പ്രവർത്തിക്കുന്നത്. മാധ്യമ ഉടമസ്ഥത എന്നതിന്റെ ഇടപെടൽ ഒരു തരത്തിൽ നടക്കുന്നുണ്ട്. അത് ഭയങ്കരമായി വിസിബിൾ ആയിരിക്കില്ല. താഴേത്തട്ടിലേക്ക് വരെ കമ്മ്യൂണിക്കേഷൻ പോവുന്നതായിരിക്കില്ല – അങ്ങനെ പോവുന്നതും ഉണ്ട്.

2014-ലാണ് നെറ്റ്‍വർക്ക് 18-ന്റെ ഷെയറുകൾ വാങ്ങിക്കുന്നത്. നഷ്ടം എന്ന് അംബാനിയുടെ തന്നെ കമ്പനി കണക്ക് പറയുന്ന മാധ്യമ ബിസിനസിലേക്ക് അവർ വരുന്നത് എന്തിനാണ്? അത്തരമൊരു സ്ഥാപനത്തിൽ ടോപ് ലെവലിൽ നിന്നും ഏറ്റവും താഴെ തട്ട് വരെ കമ്മ്യൂണിക്കേഷൻ പോവും.

16 ഭാഷകളിലായി 48 ചാനലുകളുണ്ട് അംബാനിക്ക്. കൂടാതെ മണി കൺട്രോൾ പോലുള്ള ഫിനാൻഷ്യൽ ഡിസിഷനുകളെ ഇൻഫ്ലുവൻസ് ചെയ്യാൻ പറ്റുന്ന മാധ്യമങ്ങൾ വേറെ. ഇപ്പുറത്ത് വന്നു കഴിഞ്ഞാൽ അദാനി എൻ.ഡി.ടി.വിയും ദി ക്വിന്റും ഏറ്റെടുക്കുന്നു. മാധ്യമ ഉടമയുടെ നേരിട്ടുള്ള ഇടപെടൽ ഉണ്ട് എന്ന കാര്യത്തിൽ നമുക്ക് സംശയമൊന്നുമില്ല. മലയാളത്തിൽ ഏഷ്യാനെറ്റ് എന്റെ ചാനലായി കാണരുത് എന്നൊക്കെ രാജീവ് ചന്ദ്ര ശേഖരൻ പറയുന്നുണ്ടെങ്കിലും കുംഭമേളയുടെ റിപ്പോർട്ടിംഗ് ശരിയായില്ലെന്ന് ഞാൻ എന്റെ ജീവനക്കാരോട് മുന്നറിയിപ്പ് കൊടുത്തിട്ടുണ്ടെന്ന് പരസ്യമായി തന്നെ എക്സിൽ പോസ്റ്റ് ചെയ്തത് ഉദാഹരണമാണ്.

ഇതല്ലാതെ, കേരളത്തിന്റെ സാഹചര്യം എടുത്ത് കഴിഞ്ഞാൽ മാധ്യമപ്രവർത്തകരുടെ സ്വന്തം താൽപര്യങ്ങൾ പ്രവർത്തിക്കുന്ന സാഹചര്യവും ഉണ്ട്. നാഷനൽ ലെവലിൽ നോക്കിയാൽ ഗ്രൗണ്ട് റിപ്പോർട്ടുകളാണ് ഇപ്പോൾ ഇല്ലാതെ പോയത്. പകരം ചർച്ചകളാണ് ചാനലുകളുടെ പ്രധാന പരിപാടി. അതിന്റെ അടിസ്ഥാന കാരണം ചെലവാണ്. ഗ്രൗണ്ട് റിപ്പോർട്ട് വേണമെങ്കിൽ അതിനൊരു റിപ്പോർട്ടർ പോവണം, ക്യാമറമാൻ പോവണം, വാഹനം വേണം, അതിന്റെ ചിലവുകൾ വേണം- ഈ രീതിയിലാണ് അര മണിക്കൂർ ബുള്ളറ്റിനിലേക്കുള്ള ഒരു കണ്ടന്റ് വരുന്നത്. മറിച്ച് നാല് പേരിരുന്ന് ചർച്ച ചെയ്താൽ രാവിലെ മുതൽ വൈകിട്ട് വരെ ചാനൽ ഓടിക്കോളും.

അങ്ങനെ ചർച്ച ചെയ്യുമ്പോൾ വസ്തുതകൾ വേണം. ഈ വസ്തുതകൾ ഭരണകൂടത്തിനോ മുതലാളി വർഗത്തിനോ ഇഷ്ടപ്പെടില്ല. അപ്പോ വസ്തുതകൾ ഇല്ലാതെ എങ്ങനെ വാർത്ത കൊടുക്കാം എന്ന ആലോചന വരും. അങ്ങനെ ഈ ഭരണകൂടത്തിന്റെ മെഗാഫോൺ ആയി വാർത്തകൾ നൽകിയാൽ കേസും വരില്ല മറ്റു പ്രശ്നങ്ങളും വരില്ല സുഖമായി സ്ഥാപനം നടന്ന് പോവും. ഇതാണ് ശരിക്ക് ദൽഹി മീഡിയ ചെയ്തുകൊണ്ടിരിക്കുന്ന പരിപാടി.

കേരളത്തിൽ വന്നാൽ അതല്ലാത്ത ചിലപരിപാടികളുണ്ട്. ചില കുത്തിത്തിരിപ്പുകളും കുഴിത്തിരിപ്പുകളും.

ഉദാഹരണത്തിന്, കെ.ടി. ജലീലിനെതിരായുള്ള ആരോപണങ്ങൾ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദേശീയ ദിനപത്രം എന്നവകാശപ്പെടുന്ന പത്രം 30 ദിവസം ഒന്നാം പേജിൽ വാർത്തയായി കൊടുത്തു. ഇ.ഡി. ഉൾപ്പെടെ അന്വേഷിച്ച ആ കേസ് ഇപ്പൊ എവിടെയുണ്ട്? ആ മാധ്യമസ്ഥാപനത്തിന്റെ വിശ്വാസ്യത എന്താണ്?

കേരളത്തിൽ ഏതെങ്കിലും മാധ്യമപ്രവർത്തകന് അറിയാത്തതാണോ ഈ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നത് ഭരണകൂടത്തിന്റെ ആയുധമായി പ്രവർത്തിക്കുന്നതാണെന്ന്. വ്യക്തിപരമായി ആരോട് സംസാരിച്ചാലും അവർ സമ്മതിക്കുന്ന കാര്യമാണിത്. പക്ഷേ ഇ.ഡി. ആരെയെങ്കിലും അന്വേഷിച്ച് ഇവിടെ വന്നാൽ ഈ മാധ്യമങ്ങൾ മുഴുവൻ ഇ.ഡിയുടെ കൂടെയായിരിക്കും.

ഇ.ഡിയുടെ ടെക്സ്റ്റാണ് മാധ്യമങ്ങളുടെ വാർത്തയായി വരിക. ഇ.ഡി. ഒരാൾക്ക് നോട്ടിസ് അയച്ചാൽ അത് അയാൾക്ക് കിട്ടുന്നതിന് മുമ്പേ മാധ്യമങ്ങളിൽ വാർത്തയാണ്.

ഏത് വാർത്ത എങ്ങനെ കൈകാര്യം ചെയ്യണമെന്ന ബോധം പോലുമില്ല, ലോകത്ത് എല്ലായിടത്തും ആത്മഹത്യ എങ്ങനെ റിപ്പോർട്ട് ചെയ്യണമെന്നത് സംബന്ധിച്ച് കൃത്യമായ ഗൈഡ് ലൈൻസ് ഉണ്ട്. അത് വായിച്ചിട്ടേ ഇല്ലാത്ത പോലെയാണ് ഇന്ത്യൻ മീഡിയയുടെ പെരുമാറ്റം. ‘കടക്കെണി കൊണ്ട് കർഷകൻ ആത്മഹത്യ ചെയ്തു’ – എന്ന് ഹെഡിങ് കൊടുക്കുന്നു. കടക്കെണി വന്നാൽ ഉടൻ ആത്മഹത്യ ചെയ്യലാണ് പരിഹാരം എന്ന മട്ടിൽ തന്നെയാണ് കൊടുക്കുന്നത്. അങ്ങനെ സെൻസേഷനലൈസ് ചെയ്ത് ഐബോൾ പിടിക്കുക എന്ന രീതിയാണ്.

വസ്തുതകൾ മാധ്യമങ്ങൾ എടുക്കുന്നില്ല എന്നതാണ് മറ്റൊരു പ്രശ്നം. ക്രൈം റേറ്റിൽ കേരളം ഏറ്റവും മുകളിലാണെന്ന് പറയുമ്പോൾ എന്തുകൊണ്ടാണത്? എല്ലാ ചെറിയ ക്രൈമുകൾ പോലും ഇവിടെ റിപ്പോർട്ട് ചെയ്യപ്പെടുന്നതുകൊണ്ടാണ്. പക്ഷേ ഇന്ത്യ മുഴുവൻ ഇത് ചർച്ച ചെയ്യപ്പെടുന്നത് എങ്ങനെയാണ്? കേരളം ക്രൈമിന്റെ തലസ്ഥാനമാണ് എന്ന് പറഞ്ഞുകൊണ്ടാണ്. അങ്ങനെ ചർച്ച ചെയ്യപ്പെടുമ്പോൾ പൊതുബോധത്തിൽ അത് പതുക്കെ പതുക്കെ കേറി തുടങ്ങും.

ഏറ്റവും പുതിയതായി കേരളമാകെ ലഹരിയുടെ ഹബ്ബാണ് എന്ന പ്രചാരണമാണ് കേരളത്തിലെ മാധ്യമങ്ങളും ഏറ്റെടുത്തിരിക്കുന്നത്. യഥാർഥത്തിൽ എന്താണ് അവസ്ഥ? ഇന്ത്യയിൽ ഏറ്റവും കൂടുതൽ മയക്കുമരുന്ന് പിടിക്കുന്നത് ഗുജറാത്തിലാണ്. ഏറ്റവും കൂടുതൽ മയക്കുമരുന്ന് ഉപയോഗിക്കുന്നത് പഞ്ചാബിലാണ്. പക്ഷേ ഏറ്റവും കൂടുതൽ കേസുകളുള്ളത് കേരളത്തിലാണ്, എന്താണ് കാരണം? രസകരമായ ഒരു കാരണം, ഏറ്റവും കുറച്ച് ക്വാന്റിറ്റി പിടിക്കുന്നത് കേരളത്തിലാണ് എന്നതാണ്. കേരളത്തിൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു, ഒരു പരിധിവരെ കാര്യക്ഷമമായി സംവിധാനങ്ങൾ പ്രവർത്തിക്കുന്നു.Business Man

അത് അങ്ങനെ പറയാൻ മാധ്യമങ്ങൾക്ക് മടിയാണ്. ശരിയാണ്, ഭരണകൂടത്തെ പ്രതിപക്ഷ രീതിയിൽ തന്നെ മാധ്യമങ്ങൾ കാണണം. പക്ഷേ വസ്തുത പറയണ്ടേ നമ്മൾ? നമ്മൾ ഏറ്റവും മോശം സ്ഥലത്താണ് ജീവിക്കുന്നത് എന്ന ചിന്തയിലേക്ക് മലയാളികളെ തള്ളിവിടാനുള്ള ബോധപൂർവമായ ശ്രമം നടക്കുന്നുണ്ട്. അതിൽ ഈ മാധ്യമങ്ങൾ പങ്കാളികളാണ്.

ജലീലിയോ: നേരത്തെ പറഞ്ഞ മത്സരം, മാർക്കറ്റ്, മുതലാളിമാരുടെ ഇടപെടൽ തുടങ്ങിയവ മാത്രമാണോ വാർത്തകളെ സ്വാധീനിക്കുന്നത്? അത്രത്തോളം നിഷ്കളങ്കമാണോ കാര്യങ്ങൾ? മറ്റു ബാഹ്യശക്തികൾ അതിന്റെ എല്ലാ ശേഷിയോടും കൂടിയും വാർത്തകളിൽ ഇടപെടാൻ ശ്രമിക്കുന്നില്ലേ?

ഷാഹിന കെ.കെ.: മൂലധനത്തിന്റെ സ്വഭാവത്തിൽ വന്നിട്ടുള്ള മാറ്റമാണ് വമ്പിച്ച തോതിലുള്ള മാറ്റം ഇന്ത്യയിൽ മാധ്യമ രംഗത്ത് കൊണ്ടു വന്നത്.

അതിനോട് ചേർത്ത് പറയാനുള്ള ഒരു കാര്യം, കേരളത്തിൽ ഒരു തരത്തിലുള്ള ആന്റി-ഇന്റലക്ച്വലിസം സൃഷ്ടിച്ചെടുത്തത് മാധ്യമങ്ങളാണ്. യുക്തിപൂർവമായ വിശകലനങ്ങൾ, ബുദ്ധിപരമായ ചിന്ത തുടങ്ങിയവ അധമമാണ് എന്നൊരു ബോധം ഇവർ ഉണ്ടാക്കിയെടുത്തിട്ടുണ്ട്.

സോഷ്യൽ മീഡിയയുടെ വരവോടുകൂടി അത് ശക്തിപ്പെട്ടിട്ടുണ്ട്. സോഷ്യൽമീഡിയയുടെ സ്വഭാവം എന്നത് അതി വൈകാരികതയാണ്. ഈ അതിവൈകാരികത കത്തിച്ചുകൊണ്ടുള്ള കണ്ടന്റുകൾക്ക് വലിയ മാർക്കറ്റ് ഉണ്ടാവുകയും ആ മാർക്കറ്റ് പിടിക്കാൻ മാധ്യമങ്ങൾ മത്സരിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടാവുകയും ചെയ്യുമ്പോഴാണ് ഈ ആന്റി-ഇന്റലക്ച്വലിസം പ്രോത്സാഹിപ്പിക്കുന്ന ഒരു സ്ഥലമായി മീഡിയ മാറുന്നത്.

ഒരു ഉദാഹരണം പറഞ്ഞാൽ, ഗവർണറും- സർക്കാരും തമ്മിലുണ്ടായ വിഷയം നോക്കാം. ഇതിനകത്ത് യഥാർഥത്തിൽ ചോദിക്കേണ്ട ചോദ്യം, യൂ.ജി.സി പോലുള്ള സ്ഥാപനം എക്സിക്യൂട്ടിവിന്റെ ഭാഗമാണ്. എക്സിക്യൂട്ടിവിന്റെ ഭാഗമായ സ്ഥാപനത്തിലിരിക്കുന്ന ഉദ്യോഗസ്ഥർ പുറപ്പെടുവിക്കുന്ന ഒരു ഓർഡറിന് ലെജിസ്ലേച്ചറിന്റെ നിയമനിർമാണത്തേക്കാൾ മുകളിൽ അധികാരമുണ്ടാവുന്നത് ഭരണഘടനാ പ്രശ്നമാണ്. ഇതൊരു കോൺസ്റ്റിറ്റ്യൂഷനൽ പ്രശ്നമാണെന്ന ചർച്ച ഇവിടെ ഒരു മാധ്യമങ്ങളും അന്ന് നടത്തിയിട്ടില്ല എന്നതാണ്.

ഇതെന്തോ അഴിമതിക്കെതിരായ പോരാട്ടമായും, ഗവർണറെ അഴിമതിക്കെതിരായ പോരാളിയായും അവതരിപ്പിക്കുന്ന, അതീവ ധിഷണാ ദാരിദ്ര്യമുള്ള അവസ്ഥയിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിക്കുന്നതിൽ മാധ്യമങ്ങൾ വലിയ പങ്കുവഹിച്ചു.

മറ്റൊരു ഉദാഹരണം, ക്രൈം റിപ്പോർട്ടിംഗ് ആണ്. റിപ്പോർട്ട് ചെയ്യപ്പെടുന്ന ക്രൈമുകളുടെ എണ്ണവും ക്രൈം റേറ്റും – രണ്ടും രണ്ടാണ് എന്ന ഏറ്റവും അടിസ്ഥാനപരമായിട്ടുള്ള യുക്തിപോലും മാധ്യമങ്ങൾ സംസാരിക്കുന്നില്ല. ക്രൈം റേറ്റ് എങ്ങനെയാണ് കണക്കാക്കുന്നത്, റിപ്പോർട്ട് ചെയ്യപ്പെടുന്ന നമ്പറുകളിൽ നിന്ന് അതെങ്ങനെയാണ് വ്യത്യാസപ്പെടുന്നത്, എന്തുകൊണ്ട് കേരളം റിപ്പോർട്ട് ചെയ്യപ്പെടുന്ന ക്രൈമുകളുടെ എണ്ണത്തിൽ പതിനൊന്നാമത്തെയോ പന്ത്രണ്ടാമത്തയോ സ്ഥാനത്ത് നിൽക്കുമ്പോൾ ക്രൈം റേറ്റിൽ എന്തുകൊണ്ട് ഒന്നാമത് നിൽക്കുന്നു? ഇത്തരത്തിലുള്ള ധിഷണപരമായ ചോദ്യങ്ങൾ മുന്നോട്ട് വെക്കുകയും അത് ചർച്ച ചെയ്യേണ്ട ഉത്തരവാദിത്വം പാടേ കയ്യൊഴിയുകയും ചെയ്തുകൊണ്ടാണ് കേരളത്തിലെ മാധ്യമങ്ങൾ പ്രവർത്തിക്കുന്നത്.

അതിനൊരു കാരണം, ഈ മൂലധനത്തിന്റെ താൽപര്യങ്ങൾ ഇതിനകത്ത് വലിയ തോതിൽ പ്രവർത്തിക്കുന്നുണ്ട് എന്നതാണ്.

എന്റെ ഒരു നീരീക്ഷണത്തിൽ സോഷ്യൽമീഡിയയുടെ മാർക്കറ്റ് പിടിക്കാനാണ് മാധ്യമങ്ങൾ മത്സരിച്ചുകൊണ്ടിരിക്കുന്നത് എന്നാണ്. ഒരു ബ്രേക്കിംഗ് ന്യൂസ് അറിയാൻ ടി.വി. ചാനലുകൾ ആവശ്യമുള്ള കാലം കഴിഞ്ഞിരിക്കുന്നു. അത് സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് ജനങ്ങൾ അറിഞ്ഞോളും.

എനിക്ക് ഒരിക്കലും മനസിലാകാത്ത ഒരു കാര്യമാണ്, ഒരു ക്ഷേത്രത്തിൽ ആനയിടഞ്ഞതിന്റെ വിഷ്വൽ എങ്ങനെയാണ് വാർത്തയാവുന്നത്? ഏതെങ്കിലും വ്യക്തി ഷൂട്ട് ചെയ്ത വീഡിയോ ആയിരിക്കുമത്. ഇതിന്റെ വിസിബിലിറ്റി പിടിക്കുക എന്നതല്ലാതെ അതിൽ വാർത്തയെന്താണ്? അത് പോലെ അപകടങ്ങളുടെയും മറ്റും സി.സി.ടി.വി. ദൃശ്യങ്ങൾ എങ്ങനെയാണ് വാർത്തയാവുന്നത്?

ശരിക്കും വേണ്ടത്, ഇന്നത്തെ കാലത്ത് സാമൂഹ്യ മാധ്യമങ്ങളിൽ കാണുന്ന വാർത്തകളുടെ വാസ്തവം തേടി ആളുകൾ മാധ്യമങ്ങളിലേക്ക് വരണം. ആ വിശ്വാസ്യത ഉണ്ടാക്കി എടുക്കുകയാണ് മാധ്യമങ്ങളുടെ ഭാവി. ഇപ്പോൾ നേരെ തിരിച്ചാണ് സംഭവിക്കുന്നത്.

മാധ്യമങ്ങൾ മുഴുവൻ കുഴപ്പമാണ്, നമുക്ക് സാമൂഹ്യ മാധ്യമങ്ങളുണ്ട് എന്ന പൊതുബോധവും അപകടകരമാണ്. മലയാളത്തിൽ ഒരു 10 ന്യൂസ് ചാനൽ പൂട്ടിയാലും ബാക്കി ഒരു അഞ്ചെണ്ണം കാണുമായിരിക്കും. ഇന്ത്യയിൽ 400 ചാനലുകൾ പൂട്ടിപ്പോയാലും അത്രയും തന്നെ ബാക്കി കാണും. എന്നാൽ മെറ്റ എന്ന ഒറ്റ കമ്പനി പൂട്ടി പോയാൽ ലോകത്തിന്റെ കമ്മ്യൂണിക്കേഷൻ നിലച്ചു എന്ന് പറയാം. പ്രചാരത്തിലുള്ള ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ് – മൂന്നും അതിന് കീഴിലാണ്.

മെറ്റ തീരുമാനിക്കുന്നതാണ് നമ്മൾ എഴുതുന്നതും പറയുന്നതും കാണുന്നതും.

അവരുടെ ആൽഗോരിതത്തിന് അനുസരിച്ച് മാത്രമാണ് സാമൂഹ്യമാധ്യമങ്ങളിൽ നമ്മൾ നമ്മുടേതെന്ന് കരുതി എഴുതുന്നതെല്ലാം. എനിക്ക് സ്വതന്ത്രമായി പറയാൻ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടല്ലോ എന്ന തെറ്റായ ധാരണയിലാണ് ആളുകൾ.

ഒരു ബൂത്തിന് 3 വാട്സ്ആപ്പ് ഗ്രൂപ്പുകൾ വീതം ഇന്ത്യയിലെ ഒൻപത് ലക്ഷത്തിലേറെ ബൂത്തുകൾക്ക് വേണ്ടി വാട്സ്ആപ്പ് ഗ്രൂപ്പുകളുണ്ടാക്കിയാണ് ബി.ജെ.പി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് നേരിട്ടതെന്ന് വാർത്തകൾ വന്നിരുന്നു. ഇത്രയും വലിയ തോതിൽ സാമൂഹ്യമാധ്യമങ്ങളെ പ്രചാരണത്തിന് ഉപയോഗിക്കുന്ന കാലത്ത് മാധ്യമങ്ങൾക്ക് ചെയ്യാനുള്ള പണി ഒരു ഫാക്ട് ചെക്കർ ആയി നിൽക്കുക എന്നതാണ്.

മാധ്യമങ്ങൾക്ക് സംഭവിച്ച ഏറ്റവും വലിയ ഒരു അപചയം അവക്ക് ഇന്ന് ഒരു എഡിറ്റർ ഇല്ല എന്നതാണ്. ഫീൽഡിൽ നിൽക്കുന്ന റിപ്പോട്ടർമാർ അവർക്ക് അപ്പപ്പോൾ കിട്ടുന്ന പാതി വേവിച്ച വിവരങ്ങൾ അപ്പാടെ വിളിച്ചു പറയുന്ന ഒരു ഇടമായി മാധ്യമങ്ങളും മാറി, മാധ്യമപ്രവർത്തനവും മാറി.

ജലീലിയോ: കേരളത്തിലെ മാധ്യമങ്ങളൊക്കെയും ഒരു സി.പി.എം. വിരുദ്ധത കാണിക്കാറുണ്ട്. ഈ സി.പി.എം. വിരോധം, ഈ അടുത്തായി ചിലപ്പോഴൊക്കെ കേരളം എന്ന ആശയത്തിനെതിരായും വല്ലാതെ മാറുന്നുണ്ട്. അതേസമയം കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ പല അപകടകരമായ നയങ്ങളും നടപടികളും ചർച്ചയേ ആവുന്നില്ല. കേരള സർക്കാരിനെ ഓഡിറ്റ് ചെയ്യുന്നത് പോലെ കേന്ദ്രസർക്കാരിനെ ഓഡിറ്റ് ചെയ്യാറില്ല. എന്താണിതിന് കാരണം?

പ്രമോദ് രാമൻ: യഥാർഥത്തിൽ കേന്ദ്ര സർക്കാർ തുടർന്ന് വരുന്ന തെറ്റായ നയങ്ങൾക്കെതിരെയാണ് നമ്മുടെ കാലഘട്ടത്തിൽ നിലപാടെടുത്ത് പോരാടേണ്ടത് എന്നത് നമ്മളെല്ലാം യോജിക്കുന്ന ഒരു കാര്യമാണ്. അതിന് വേണ്ടി നിങ്ങളെന്ത് ചെയ്യുന്നു എന്നത് ഓരോ ജേണലിസ്റ്റിനോടും ചോദിക്കേണ്ട ചോദ്യമാണ്. ആർ.എസ്.എസ്. എന്ന് പറയുന്ന ഒരു ഫാസിസ്റ്റ് സംഘടനയെ നിങ്ങൾ കാണുന്നത് ജനാധിപത്യത്തിലെ വൺ ഓഫ് ദി പ്ലേയർ ആയിട്ട് ആവരുത് എന്നാണ് എന്റെ നിലപാട്. അവർ വൺ ഓഫ് ദി പ്ലയേഴ്സ് അല്ല.

എഴുപത്തി മൂന്നായിരത്തിൽ പരം ശാഖകളുള്ള നാൽപത്തി അയ്യായിരത്തിൽ പരം സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് ആർ.എസ്.എസ്. എ.ബി.വി.പിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാർഥി സംഘടന. അവരുടെ തൊഴിലാളി സംഘടനയാണ് ഇന്ത്യയിൽ ഏറ്റവും വലുത്. അവരെ മറ്റേതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായോ മറ്റെന്തെങ്കിലുമായോ താരതമ്യം ചെയ്ത് കാണാവുന്നതേ അല്ല. ഇന്ത്യ ഭരിക്കുന്ന ഐഡിയോളജിയുടെ ആളുകളാണവർ. സർവാധിപത്യത്തിന്റെ സ്വഭാവമാണ് അതിനുള്ളത്. അത് ജനാധിപത്യത്തിന്റെ വിരുദ്ധഭാഗത്താണ്. അതിനെതിരെ നടത്താനുള്ളത് പോരാട്ടം തന്നെയാണ്. അവിടെ നിങ്ങൾ ഒരു ആക്ടിവിസ്റ്റ് ജേണലിസ്റ്റ് ആവേണ്ടതുണ്ട്.

ആ പോരാട്ടത്തിലേക്ക് നിങ്ങൾ എന്ത് ചെയ്യുന്നു എന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. അതെത്രത്തോളം ഇന്ത്യൻ മീഡിയ ഇന്ന് ചെയ്യുന്നുണ്ട് എന്നത് നമുക്കൊക്കെ ബോധ്യമുള്ള കാര്യമാണ്. അവിടെ ചെയ്യാൻ കഴിയുന്നത് കേന്ദ്ര ഗവർൺമെന്റിന്റെ നിലപാടുകളെ ഏതൊക്കെ തരത്തിൽ വിമർശിക്കാൻ പറ്റുമെന്ന് നോക്കുകയാണ്. അത് കണ്ണടച്ചുള്ള വിമർശനമല്ല, വസ്തുതാപരമായ വിമർശനം തന്നെയാണ് ഉദ്ദേശിക്കുന്നത്.

ഇൻവിസിബിളായിക്കൊണ്ടിരിക്കുന്ന ഒരു കമ്മ്യൂണിറ്റിയെക്കുറിച്ചുള്ള കാര്യം കൂടി അതിൽ ഉൾപ്പെടുന്നുണ്ട്. വഖഫ് വിഷയം വന്ന് ഇത്രയും സമയത്തിനുള്ളിൽ തന്നെ നാസിക്കിൽ ഒരു ദർഗ ഇല്ലാതായി. എങ്ങനെ അത് സാധിച്ചു. വളരെ സ്ട്രൈറ്റ് ഫോർവേഡാണ്. ദർഗ ഭാരവാഹികൾക്ക് അവർ നോട്ടീസ് കൊടുക്കുന്നു. ദർഗ ഭാരവാഹികൾ ട്രൈബ്യൂണലിൽ പോവുന്നു. ദർഗ തൊടരുതെന്ന് ട്രൈബ്യൂണൽ പറയുന്നു. അവർ ഹൈക്കോടതിയിലേക്ക് അപ്പീൽ പോവുന്നു. ഹൈക്കോടതിയിൽ നിന്ന് വളരെ നിരുത്തരവാദപരമായ ഒരു കമന്റ് ഉണ്ടാവുന്നു. ആ കമന്റിന്റെ അടിസ്ഥാനത്തിൽ ദർഗ നിശ്ശേഷം തകർക്കപ്പെടുന്നു. സുപ്രീം കോടതിയിലെത്തുമ്പോഴേക്ക് കാര്യങ്ങളൊക്കെ തീർന്നിട്ടുണ്ട്.

ഈ രീതിയിൽ ഓപ്പറേറ്റ് ചെയ്യാൻ പറ്റുന്ന സംവിധാനങ്ങൾ അവർക്കുണ്ട്. അങ്ങനെ ഓപ്പറേറ്റ് ചെയ്യുന്ന ഒരു സ്ഥലത്താണ് നമ്മൾ പ്രവർത്തിക്കുന്നത്. അവിടെ ഇൻവിസിബിലൈസേഷൻ ഓഫ് എ കമ്മ്യൂണിറ്റി സംഭവിക്കുന്നുണ്ട്. അവരുടെ ശബ്ദം, നിലനിൽപ്പ് ഒക്കെ ഇല്ലാതാവുന്നുണ്ട്. അവിടെ നിങ്ങൾ എന്ത് നിലപാടെടുക്കുന്നു എന്നത് കൂടി പ്രധാനമാണ്.

ജലീലിയോ: ആ നിലപാടിനെക്കുറിച്ചാണ് ചോദ്യം. എന്തുകൊണ്ട് യൂണിയൻ സർക്കാരിനെ ചോദ്യം ചെയ്യുന്ന വാർത്തകൾക്ക് സ്ക്രീൻ ടൈം കുറയുന്നു? മുഖ്യമന്ത്രിയുടെ ഓരോ നീക്കങ്ങളും ഓഡിറ്റ് ചെയ്യപ്പെടുന്നുണ്ട്. ശരി. പക്ഷേ, പ്രധാനമന്ത്രി ആരുടെ കൂടെ വിദേശത്തേക്ക് പോകുന്നു, ഏതൊക്കെ കരാറിലാണ് ഒപ്പിടുന്നത്? പോലുള്ള അതിപ്രധാന കാര്യങ്ങൾ പോലും ഇവിടെ ചർച്ചയാകാതെ പോവുന്നു. ദേശീയതലത്തിൽ നടക്കുന്ന കൊടിയ നീതി നിഷേധങ്ങളൊന്നും ആ നിലയിൽ ഇവിടെ ചർച്ചയാവുന്നില്ല. എങ്ങനെയാണ് സ്ക്രീൻ സ്പേസ് ഡിവൈഡ് ചെയ്യുമ്പോൾ കേരളം മാത്രം കോൺസൺട്രേറ്റ് ചെയ്യപ്പെടുന്നത്?

പ്രമോദ് രാമൻ: ഞാൻ പ്രവർത്തിക്കുന്ന ചാനലിനെക്കുറിച്ച് പറയാം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത്, ഏറ്റവും കൂടുതൽ സംസ്ഥാനത്ത് റിപ്പോർട്ടർമാരെ അയച്ച് ഗ്രൗണ്ട് റിപ്പോർട്ട് ചെയ്തത് മീഡിയ വൺ ആണ്. വലിയ സാമ്പത്തിക ശേഷിയുണ്ടായിട്ടൊന്നുമല്ല. എങ്കിൽ തന്നെയും റിപ്പോർട്ടർമാരെ നേരിട്ട് അയക്കുകയും വാർത്തകളുണ്ടാക്കുകയും കൊടുക്കുകയും ചെയ്തിട്ടുണ്ട്. അത് ഞങ്ങൾ ഒരു പ്രധാനപ്പെട്ട ദൗത്യമായി കാണുന്നുണ്ട്. അത് മൊത്തം കണ്ടന്റിന്റെ എത്ര ശതമാനമാണ് എന്ന് വിലയിരുത്തേണ്ടത് മറ്റുള്ളവരാണ്. മറ്റു ചാനലുകളുമായി താരതമ്യപ്പെടുത്തി നോക്കൂ. ഇതൊരു പൊതു സമീപനമാണ് എന്ന് പറയുമ്പോൾ തന്നെ ചില ശ്രമങ്ങൾ ഞങ്ങൾ നടത്തുന്നുണ്ട്. ന്യൂസ് മലയാളം നടത്തുന്ന ശ്രമങ്ങളെയും ഞാൻ കാണുന്നുണ്ട്. അത് വ്യത്യസ്തമാണെന്ന് മനസിലാക്കുകയും ചെയ്യുന്ന ഒരാളാണ് ഞാൻ.

ജലീലിയോ: അത്തരം എന്തൊക്കെ ശ്രമ​ങ്ങളാണ് ന്യൂസ് മലയാളം ചെയ്യുന്നത്?

ഹർഷൻ: വസ്തുതാന്വേഷണം തീരെ കുറയുന്നു എന്നതാണ് ടെലിവിഷൻ ചാനലുകളുടെ ഒരു പ്രശ്നം. പത്രങ്ങൾ അത് കുറേക്കൂടെ നന്നായി ചെയ്യുന്നുണ്ട്. സോഷ്യൽ മീഡിയക്ക് വേണ്ട കണ്ടന്റ് ക്രിയേറ്റേഴ്സായിട്ടാണ് ടെലിവിഷൻ ചാനലുകൾ വലിയൊരളവോളം ഇപ്പോൾ പ്രവർത്തിക്കുന്നത്. ജേണലിസത്തിന്റെ അടിസ്ഥാന പദ്ധതിയിൽ നിന്ന് ചാനലുകൾ വ്യതിചലിച്ചിട്ടുണ്ട് പൊതുവെ. അതിൽ എങ്ങനെയാണ് പോസിറ്റീവായ ഒരു ഇടപെടൽ നടത്താൻ കഴിയുക എന്നൊരു പരീക്ഷണം നമ്മൾ‍ നടത്തുന്നുണ്ട്. വസ്തുതാന്വേഷണത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ന്യൂസ് മലയാളം ശ്രമിക്കുന്നുണ്ട്.

മലയാളം ന്യൂസ് ഇൻഡസ്ട്രിയിൽ ഇപ്പോൾ നടക്കുന്ന ഒരു കാര്യം ഞാൻ പറയാം. യഥാർഥത്തിൽ റിപ്പോർട്ടിംഗ് അല്ല നടക്കുന്നത്. റണ്ണിംഗ് കമന്ററിയാണ്. ഒരു കാര്യം ഉണ്ടാവുന്നു, അതിനെക്കുറിച്ചുള്ള കമന്ററി തുടർച്ചയായി പറയുകയാണ് നടക്കുന്നത്. വള്ളം കളിക്കോ സ്പോർട്സ് ഇവന്റിനോ കമന്ററി പറയുന്ന സ്വഭാവത്തിലാണ് എല്ലാ വാർത്തകളെയും കൈകാര്യം ചെയ്യുന്നത്.

ആ രീതിയെ മാറ്റം വരുത്താൻ ശ്രമിക്കുമ്പോൾ ഉള്ള ഒരു പ്രശ്നം, ഇതിൽ മാർക്കറ്റ് ഉണ്ട് മത്സരം ഉണ്ട് എന്ന വസ്തുതയാണ്. അവിടെ നിന്നുകൊണ്ട് മാത്രമേ എന്തെങ്കിലും ചെയ്യാൻ പറ്റൂ. പക്ഷേ അപ്പുറത്തും ഒരു മാർക്കറ്റ് ഉണ്ട് എന്ന് ഇപ്പോൾ ന്യൂസ് മലയാളം തിരിച്ചറിയുന്നുണ്ട്. സൂക്ഷ്മമായ ചെറിയ ഇടപെടലുകൾ ആണ് നടത്താൻ പറ്റുക. എല്ലാത്തിലും പറ്റിയില്ലെങ്കിലും വളരെ ആഴത്തിലുള്ള റിപ്പോർട്ടുകൾ കൊടുക്കാൻ ശ്രമം നടത്തുന്നുണ്ട്. എല്ലാ ദിവസവും അനാവശ്യമായ ചർച്ചകൾക്ക് പകരം ജനങ്ങൾക്ക് ആവശ്യമായ ഡാറ്റ നൽകുക. ഇങ്ങനെയൊക്കെയുള്ള ശ്രമങ്ങളാണ് ന്യൂസ് മലയാളം നടത്തുന്നത്.ചർച്ച ചെയ്യപ്പെടേണ്ട പലതും ചർച്ച ചെയ്യപ്പെടാതെ പോവുന്ന അവസ്ഥയ്ക്ക് മാറ്റം വരുത്താനുള്ള ശ്രമമാണ് ഞങ്ങൾ മുന്നോട്ട് വെക്കുന്നത്.

ശ്രീജിത്ത് ദിവാകരൻ: കേരളത്തിൽ കുറച്ച് കാലമായി കൈരളിയും മീഡിയവണും മാത്രമായിരിക്കും ദേശീയ വിഷയങ്ങൾ അതിന്റെ പ്രാധാന്യത്തിൽ ചർച്ച ചെയ്തത്. ഇന്ത്യയിലെ മുസ്‌ലിം ഉടമസ്ഥതയിലുള്ള ഒരേയൊരു വാർത്താ ചാനലാണ് മീഡിയ വൺ. ദേശീയ രാഷ്ട്രീയമാവട്ടെ വളരെ മുസ്‌ലിം വിരുദ്ധമായതും. സ്വാഭാവികമായിട്ടും മീഡിയവൺ അത് ചർച്ച ചെയ്യും. എന്നാൽ പോലും നമ്മളൊരു ശതമാനക്കണക്ക് എടുത്ത് നോക്കിയാൽ ദേശീയ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് ഇവിടെ വലിയ താൽപര്യമില്ല. കേരളത്തിൽ കഴിഞ്ഞ കുറേക്കാലമായി മാധ്യമങ്ങളുടെ ഒരു പ്രധാന താൽപര്യം സി.പി.എം. വിരുദ്ധതയാണ്. കുറേക്കൂടി വ്യക്തമായി പറഞ്ഞാൽ ആന്റി പിണറായി വിജയൻ സ്റ്റോറികളാണത്.

കാരണം ഇവരൊക്കെ ഏതോ ഒരു ഗതകാലത്ത് സി.പി.എം. നല്ലതായിരുന്നു എന്ന് പറയുന്നുണ്ട്. അത് ഏത് കാലത്താണ് എന്ന് നമുക്ക് മനസിലാവില്ല. 25 വർഷം മുമ്പ് മാതൃഭൂമിയിൽ ഞാൻ ട്രെയിനിയായിരിക്കുമ്പോൾ ഒരു വാർത്താ പരമ്പര വരുന്നുണ്ടായിരുന്നു. സി.പി.എം. പണ്ട് നല്ലതായിരുന്നു ഇപ്പോൾ മോശമാണ് എന്നൊക്കെ പറഞ്ഞിട്ട്. ഞാൻ എഡിറ്റോറിയൽ മീറ്റിംഗിൽ ചോദിച്ചു, നല്ലതായിരുന്ന കാലത്ത് മാതൃഭൂമി സി.പി.എമ്മിനെ പിന്തുണച്ചിരുന്നോ എന്ന്. അതില്ല.

നമ്മൾ നേരത്തെ പറഞ്ഞത്, മുതലാളി എന്നൊ​രു സംഭവം ഉണ്ട്, അദാനിക്കും അംബാനിക്കും ചാനലുണ്ട്, രാജീവ് ചന്ദ്രശേഖരനുണ്ട് എന്നൊക്കെ. അവർക്ക് അജണ്ടകളുണ്ട്. പക്ഷേ അതിനൊക്കെ അപ്പുറം നമ്മുടെ ദൈനംദിന വാർത്തകളുടെ സ്വഭാവം തീരുമാനിക്കുന്നത് നമ്മുടെ ജേണലിസ്റ്റുകൾ തന്നെയാണ്. ഒരു സംശയവുമില്ല.

ഒരാൾ പൊക്കി വിടുന്ന വാർത്ത ഫോളോ അപ് ചെയ്യേണ്ട ബാധ്യത എല്ലാ ചാനലുകൾക്കും ഉണ്ടാവുന്നു. അവരൊരു അജണ്ട സെറ്റ് ചെയ്യുന്നു. കഴിഞ്ഞ ദിവസം ഷൈൻ ടോം ചാക്കോ പൊലീസ് സ്റ്റേഷനിൽ ഹാജരായ സംഭവം, തിരുവനന്തപുരത്ത് ഗോപൻ എന്നയാൾ സമാധിയായി എന്ന വാർത്ത വന്ന ദിവസമായിരുന്നെങ്കിൽ ഇത്ര ശ്രദ്ധ കിട്ടുമോ എന്നത് സംശയമാണ്.

ആലുവയിൽ അതിഥി സംസ്ഥാന തൊഴിലാളിയുടെ മകൾ ആക്രമിക്കപ്പെട്ട സംഭവം ഉമ്മൻചാണ്ടി മരിച്ച ദിവസമായിരുന്നെങ്കിൽ ആ വാർത്ത ആരെങ്കിലും അറിയുമായിരുന്നോ? യാതൊരു തരത്തിലുള്ള നീതിയോ സ്വഭാവമോ ഇല്ലാതെയാണ് വാർത്തകൾ പോയ്ക്കൊണ്ടിരിക്കുന്നത്.Bus Issue

എല്ലാ ദിവസവും ഇവന്റുകൾ, എല്ലാ സമയത്തും നമുക്കിങ്ങനെ കത്തിക്കയറണം. അടുത്ത നിമിഷം എന്ത് എന്ന തരത്തിൽ ഉദ്വേഗമുണ്ടാക്കണം. ഇത് എന്റർടൈൻമെന്റ് പരിപാടിയാണ്. നമ്മുടെ നാട്ടിൽ എന്റർടൈൻമെന്റ് ചാനലുകൾക്കുണ്ടായിരുന്നതിനേക്കാൾ ശ്രദ്ധ ഇപ്പോൾ വാർത്താ ചാനലുകൾക്ക് കിട്ടുന്നുണ്ട്. വാർത്ത ഒരു എന്റർടൈന്റ്മെന്റായി.

പ്രമോദ് രാമൻ: അതിലൊരു കാര്യമുണ്ട് ശ്രീജിത്ത്. കോവിഡ് കാലത്ത് നമ്മുടെ എന്റർടൈൻമെന്റ് പരിപാടികളൊക്കെ മിക്കവാറും സ്റ്റോപ്പ് ചെയ്യേണ്ടി വന്നല്ലോ. അപ്പോൾ ന്യൂസ് ചാനലിനെ എന്റർടൈനിംഗ് ആക്കാനുള്ള ഒരു തീരുമാനത്തിലേക്ക് പോയത് വസ്തുതാപരമായി ശരിയാണ്.

ശ്രീജിത്ത് ദിവാകരൻ: കോവിഡിന് ശേഷം പല മാറ്റങ്ങളും ലോകത്തുണ്ടായിട്ടുണ്ട്. പക്ഷേ വാർത്ത എന്റർടൈൻമെന്റ് ആക്കാമോ, അതാണോ അതിന്റെ രീതി എന്ന് ചോദിച്ചാൽ എനിക്കറിയില്ല

പ്രമോദ് രാമൻ: ഒരിക്കലുമല്ല, ഒരിക്കലുമല്ല.

ശ്രീജിത്ത് ദിവാകരൻ: മീഡിയ വൺ അടക്കമുള്ള ചാനലുകൾ നോക്കാം. കേരളത്തിൽ മുസ്‌ലിം വിരുദ്ധമായിട്ടുള്ള നിലപാടുകൾ ദീർഘകാലമായി പലവിഷയങ്ങളിലും എടുത്തിട്ടുള്ളത് കോൺഗ്രസ് ആണ്. ബാബരി മസ്ജിദിന്റെ കാര്യത്തിലായാലും ഈ അടുത്ത് രാമക്ഷേത്രത്തിന്റെ കാര്യത്തിലായാലും ഫലസ്തീനെക്കുറിച്ചുള്ള ആദ്യകാലത്തെ നിലപാടായിക്കൊള്ളട്ടെ. പല സമയത്തും പൂർണമായും സംശയപക്ഷത്ത് നിൽക്കുകയും ഈ പറയുന്ന ബി.ജെ.പിയുടെ നിഴലായി പല പ്രസ്താവനകൾ വരികയും നിലപാടെടുക്കുകയും ചെയ്യുന്നു. മീഡിയവണിന് ഉൾപ്പെടെ കോൺഗ്രസിനെതിരെ വിമർശനമുണ്ടോ? ഇല്ല.

യൂണിവേഴ്സിറ്റി കോളജിൽ തല്ലുണ്ടായിക്കഴിഞ്ഞാൽ എസ്.എഫ്.ഐയുടെ ക്രൂര ചരിത്രം മുഴുവൻ വന്നുകൊണ്ടിരിക്കും. എന്തുകൊണ്ടാണ് ക്യാമ്പസുകളിൽ ഏറ്റവും കൂടുതൽ കൊലപാതകം നടത്തിയിട്ടുള്ളത് കെ.എസ്.യു. ആണെന്ന് പറയാത്തത്? അപ്പൊ പറയും പഴയ കാര്യങ്ങളല്ലേ എന്ന്. ഈ അടുത്ത കാലത്ത് കെ.എസ്.യു. കൊന്നിട്ടില്ലേ? ആ കൊലപാതകികളെ ചേർത്തു നിർത്തുന്ന രാഷ്ട്രീയക്കാരെ ഏതെങ്കിലും തരത്തിൽ വിമർശിക്കാൻ മാധ്യമങ്ങൾ തയ്യാറായിട്ടുണ്ടോ?

സോഷ്യൽമീഡിയയിൽ സി.പി.എമ്മുകാർ സൈബർ അറ്റാക്ക് നടത്തുന്നെന്ന് പറയും. ശരിയായിരിക്കാം. പക്ഷേ കോൺഗ്രസിൽ നിന്ന് നേതാക്കൾ തന്നെയാണ് സൈബർ അറ്റാക്ക് നടത്താറുള്ളത്. സോഷ്യൽമീഡിയയിൽ ചുവന്ന കൊടി പ്രൊഫൈൽ ചിത്രവും വച്ച് ആരൊക്കെയോ പറയുന്ന കാര്യങ്ങൾക്ക് വരെ സി.പി.എം. മറുപടി പറയേണ്ടി വരുന്നു. എന്നാൽ നേതൃത്വത്തിൽ ഉള്ളവർ വരെ എന്ത് പറഞ്ഞാലും മറുപടി വേണ്ട. ഇത് സി.പി.എം. വിരുദ്ധത തന്നെയാണെന്നേ ഞാൻ പറയൂ. ഭരണവിരുദ്ധത പോലുമല്ല. സി.പി.എം. പ്രതിപക്ഷത്തിരിക്കുമ്പോഴും ഇങ്ങനെ തന്നെയല്ലേ ഉണ്ടാവാറ്.

അതുകൊണ്ടാണ് ഞാൻ പറഞ്ഞത്, മുതലാളിമാർ നിശ്ചയിക്കുന്നതിനപ്പുറത്തേക്ക് കേരളത്തിലെ ജേണലിസ്റ്റുകൾക്ക് സ്വന്തമായി ചില അജണ്ടകൾ ഉണ്ട്.

ഷാഹിന കെ.കെ.: മാധ്യമങ്ങൾക്ക് പ്രകടമായ സി.പി.എം. വിരുദ്ധതയുണ്ട് എന്നത് തർക്കമില്ലാത്ത കാര്യമാണ്. ഈ അടുത്ത് ഒരു സ്ത്രീ രണ്ടു കുട്ടികളുമായി ആത്മഹത്യ ചെയ്തു. അവർ ഒരു രാഷ്ട്രീയ പാർട്ടിയുടെ പഞ്ചായത്ത് മെമ്പറായിരുന്ന സ്ത്രീയാണ്. ഏതാണാ രാഷ്ട്രീയ പാർട്ടിയെന്ന് കേരളത്തിലെ സാധാരണക്കാർക്ക് ആർക്കുമറിയില്ല. കോൺഗ്രസാണ് അതെന്ന് ഇവിടെ മീഡിയ പറയില്ല. ഇത് സി.പി.എമ്മിന്റെ ഒരു പ്രവർത്തകയായിരുന്നെങ്കിൽ നാട് കത്തിയേനെ.

വയനാട് ഡി.സി.സി ട്രഷറർ കത്തെഴുതിവച്ച് ആത്മഹത്യ ചെയ്തു. ചർച്ചയായോ ഇവിടെ? അതേസമയം നവീൻ ബാബുവിന്റെ കേസിലുണ്ടായ ബഹളം നമുക്കറിയാം. ആനുപാതികരഹിതമായി ആക്രമിക്കപ്പെടുന്നു എന്ന സി.പി.എമ്മിന്റെ വാദത്തിൽ കഴമ്പുണ്ട് എന്ന് തന്നെയാണ് ഞാൻ വിചാരിക്കുന്നത്. സി.പി.എമ്മിനെ സമ്മർദത്തിലാക്കുന്നു എന്നതല്ല അതിൽ എനിക്ക് മാധ്യമങ്ങളോടുള്ള വിമർശനം. മാധ്യമപ്രവർത്തനത്തിന്റെ ക്രെഡിബിലിറ്റി തകർക്കുന്നു എന്നതിലാണ്.

ഈ സി.പി.എം വിരുദ്ധത കേരളത്തോടുള്ള വിരുദ്ധതയായി മാറുകയും വസ്തുതകളുടെ പിൻബലമില്ലാതെ വൈകാരികമായ അവതരണമാവുകയും ചെയ്യുന്നുണ്ട്. ആശാ സമരം ഉദാഹരണമാണ്. മാധ്യമങ്ങൾ വളരെ വൈകാരികമായാണ് ആശമാർക്ക് പിന്തുണ നൽകുന്നത്. മറ്റൊന്ന് പി.എസ്.സി. ലിസ്റ്റിലുള്ള ഉദ്യോഗാർഥികളുടെ സമരമാണ്. ഒരു പി.എസ്.സി ലിസ്റ്റിലുള്ള മുഴുവനാളുകൾക്കും ജോലി കിട്ടുമെന്നും അവർ ജോലിക്ക് അർഹരാണെന്നുമുള്ള തെറ്റായ പൊതുബോധം സൃഷ്ടിച്ചത് മാധ്യമങ്ങളാണ്.

തല മൊട്ടയടിച്ച് സമരം ചെയ്യുന്ന സ്ത്രീ, അല്ലെങ്കിൽ ക്യാമറയുടെ മുന്നിൽ കരയുന്നത് – ഇതിനൊക്കെ ഒരു മാർക്കറ്റുണ്ട്. ഈ മാർക്കറ്റിനെ ഉത്തേജിപ്പിക്കുന്ന പണിയാണ് മാധ്യമങ്ങൾ എടുക്കുന്നത്.

പ്രമോദ് രാമൻ: അത് റിപ്പോർട്ട് ചെയ്യാതിരിക്കുക എന്നൊരു നിലപാടെടുക്കാൻ പറ്റില്ല. ഒരു സ്ത്രീ ക്യാമറയ്ക്ക് മുന്നിൽ മുടി മുറിക്കുകയും കരയുകയും ചെയ്യുന്നത് ഓൾറെഡി സെൻസേഷനൽ വിഷ്വലാണ്. അതിനെ കൂടുതൽ ഒബ്ജക്ടിഫൈ ചെയ്യാതിരിക്കാൻ എന്തു ചെയ്യാനാവും എന്നത് മാത്രമേ ചോദ്യമുള്ളൂ.

ടി.എം. ഹർഷൻ: തല മൊട്ടയടിക്കുമ്പോൾ ക്യാമറ അങ്ങോട്ട് തിരിക്കുക അല്ലാതെ കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യത്തിൽ രക്ഷയില്ല. സി.പി.ഒ. റാങ്ക് ലിസ്റ്റുകാരുടെ സമരം എടുക്കാം, ഓരോ ദിവസവും ടെലിവിഷൻ ക്യാമറയുടെ അറ്റൻഷൻ കിട്ടുന്ന സമരമുറയായിരുന്നു. ഒരു ദിവസം റീത്ത് വെക്കുന്നു, ഒരു ദിവസം ഉപ്പുകല്ലിൽ മുട്ടു കുത്തി നിൽക്കുന്നു. മറ്റൊരു ദിവസം ഉരുളുന്നു. അടുത്ത ദിവസം മുടി മുറിക്കുന്നു. ഇങ്ങനെ എല്ലാ ദിവസവും വിഷ്വലിന് വേണ്ടിയുള്ള സമരരീതികളായിരുന്നു.

അതൊക്കെ നമുക്ക് കാണിക്കേണ്ടി വരും. പക്ഷേ കൂട്ടത്തിൽ വസ്തുതകൾ കൂടി പറ‍ഞ്ഞു പോവേണ്ടി വരും. അവര് കിടന്ന് ഉരുളുന്ന സമരത്തിന്റെ വിഷ്വലിനൊപ്പം യഥാർഥ ഡാറ്റ കൂടി ജനങ്ങളിലേക്ക് എത്തണം.

ഏതാണ്ട് 900 പേരാണ് സി.പി.ഒ റാങ്ക് ലിസ്റ്റിലുള്ളത്. അതിൽ മൂന്നൂറ്റി ചില്വാനം പേർക്ക് നിയമനം ലഭിച്ചു. ഇതിന് മുമ്പ് കേരളത്തിൽ റാങ്ക് ലിസ്റ്റിൽ പെടുന്ന മുഴുവൻ പേർക്കും നിയമനം ലഭിച്ചിട്ടുണ്ടോ? ഇല്ല. ഇത്രയൊക്കെ തന്നെയാണ് എല്ലാ കാലത്തും നൽകിയിട്ടുള്ളത്. ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ കണക്കെടുത്താൽ ആനുപാതികമായി ഏറ്റവും കൂടുതൽ നിയമനം നടക്കുന്ന സംസ്ഥാനം കേരളമാണ്. ആ വസ്തുതയും മറച്ചുവെക്കപ്പെടുകയാണ്.Fake Board

പ്രമോദ് രാമൻ: ആശാ സമരം പോലെ ഒരു പിന്തുണ സി.പി.ഒ റാങ്ക് ലിസ്റ്റ് സമരത്തിന് കിട്ടിയെന്ന് ഞാൻ കരുതുന്നില്ല. ആശാ സമരത്തിന് അതുണ്ടായിട്ടുണ്ട്. ശരിയാണ്. സി.പി.ഓ സമരത്തിന്റെ കാര്യത്തിൽ ഹർഷൻ പറഞ്ഞതാണ് ശരി. എല്ലാ ദിവസവും ദൃശ്യവൽക്കരിക്കാൻ പാകത്തിലുള്ള സമരവുമായിട്ടാണ് എത്തിയത്. അവർ മുഴുവനും അതിന് അർഹതയുള്ളവരാണോ അല്ലയോ എന്നത് അന്വേഷിച്ചിട്ട് പോലുമില്ല മാധ്യമങ്ങൾ. പക്ഷേ ഒടുവിൽ 45 പേർക്ക് നിയമനം കിട്ടി. അത് റാങ്ക് ലിസ്റ്റ് അവസാനിക്കുമ്പോൾ സ്വാഭാവികമായിട്ട് തന്നെ സംഭവിക്കുന്ന കാര്യമാണ്. പക്ഷേ ആ കിട്ടിയ നിയമനങ്ങൾ സമരം ചെയ്തിട്ട് കിട്ടിയതാണ് എന്ന തരത്തിലാണ് പൊതുബോധത്തിൽ നിലനിൽക്കുക എന്നതാണതിന്റെ ബാക്കിപത്രം.

ജലീലിയോ: നിരീക്ഷകരെന്ന കുപ്പായമിടീച്ച് കുറേപ്പേരെ അവതരിപ്പിച്ച് സംഘപരിവാറിന് ഇൻഫ്ലുവൻസേഴ്സിനെ ഉണ്ടാക്കുന്ന ഒരു ജോലി മാധ്യമങ്ങൾ ചെയ്യുന്നുണ്ട്. ബി.ജെ.പിക്ക് 10 ശതമാനം വോട്ട് കിട്ടാത്ത കാലത്ത് പോലും അവർക്ക് തുല്യ സ്ക്രീൻ സ്പേസ് കൊടുക്കാനും മീഡിയ ശ്രദ്ധിച്ചിരുന്നു. അത്തരത്തിൽ ഒരു വളർച്ചയും വിസിബിലിറ്റിയും കേരളത്തിലെ മീഡിയ സംഘപരിവാരത്തിന് നൽകിയിട്ടില്ലേ?

പ്രമോദ് രാമൻ: 1992-ലെ ബാബരി മസ്ജിദിന്റെ തകർച്ചയാണ് ഈ കാര്യത്തിൽ ഒരു പ്രധാന ഘടകമായി കാണുന്നത്. അതിന് ശേഷം ഇന്ത്യയിലെമ്പാടും സംഘപരിവാർ വളരുന്നതിന്റെയോ അതിനനുസരിച്ച് മാധ്യമങ്ങൾ അവരോട് ചേർന്നു നിൽക്കുന്നതിന്റെയോ വേഗം പരിശോധിച്ചാൽ കേരളത്തിൽ അതത്ര വിസിബിൾ ആയിരുന്നില്ല. ഉണ്ടായിരുന്നില്ല എന്ന് തന്നെ പറയാം. 2004 വരെ നോക്കിക്കഴിഞ്ഞാൽ ഒരു ബി.ജെ.പി. അനുകൂല മാധ്യമപ്രവർത്തകനെ കണ്ടെത്തുക എന്നത് ദുഷ്കരമായിരുന്നു. പക്ഷേ അതിന് ശേഷമുള്ള കാലഘട്ടം നോക്കിക്കഴിഞ്ഞാൽ എന്റെ ചുറ്റുവട്ടത്ത് സംഘപരിവാർ അനുകൂല മാധ്യമപ്രവർത്തകനെ കാണേണ്ടി വരുന്ന അവസ്ഥ എനിക്കുണ്ടായി എന്നതാണ്. ഞാൻ അങ്ങനെ അല്ലാതെ ഇരിക്കുന്ന ഒരു സാഹചര്യത്തെക്കുറിച്ചാണ് എപ്പോഴും വിചാരിച്ചിരുന്നത്. 2014-ലെ മോദിയുടെ വിജയം എന്റെ സമീപത്തിരുന്ന് കൈകൊട്ടി ആഘോഷിക്കുന്ന സാഹചര്യം ഞാൻ കണ്ടിട്ടുണ്ട്. ന്യൂസ് റൂമുകൾ കാവിവൽക്കരിക്കപ്പെടുന്നുണ്ടായിരുന്നു. അത് സംഭവിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. ഇപ്പോ അതിന്റെ വലിയ തലത്തിലേക്ക് അത് എത്തിയിട്ടുണ്ട്. റിപ്പോർട്ടർമാരിലും ഡെസ്കുകളിലും അവരുടെ ഏജന്റുമാർ എന്ന് പറയാൻ കഴിയുന്ന വിധത്തിലുള്ള ആളുകളുണ്ട് എന്നത് വസ്തുതയാണ്.

ടി.എം. ഹർഷൻ: നമ്മൾ മാധ്യമപ്രവർത്തനം എന്ന നിലയിൽ യാഥാർഥ്യത്തെ അവതരിപ്പിക്കണം. ഇവിടെ ബാബരി മസ്ജിദ് ഉണ്ടായിരുന്നു. അത് തകർത്തു. തകർത്തത് ഇവരാണ് എന്ന് പറഞ്ഞ് സംഘപരിവാരത്തെ കൊണ്ടുവന്നിരുത്തേണ്ട ബാധ്യതയിലേക്ക് അതിന് ശേഷമാണ് മാധ്യമങ്ങൾ വരുന്നത്. പക്ഷേ കേരളത്തിന്റെ സാഹചര്യത്തിലേക്ക് വരുമ്പോൾ, കേരളത്തിൽ നാലര ശതമാനം വോട്ട് അവർക്ക് ലഭിക്കുമ്പോൾ തന്നെ ഏതാണ്ട് തുല്യമായ പ്രാതിനിധ്യം അവർക്ക് മാധ്യമങ്ങളിൽ ലഭിച്ചിരുന്നു എന്നത് ഒരു വാസ്തവമാണ്. ആ നിലയ്ക്ക് അവർക്കൊരു വിസിബിലിറ്റി കിട്ടിയിരുന്നു. അതിന് നേരത്തെ ശ്രീജിത്ത് പറഞ്ഞ കാരണം കൂടിയുണ്ട്. മാധ്യമങ്ങളുടെ സി.പി.എം. വിരോധമുണ്ടല്ലോ. അതിൽ എത്രത്തോളം കോൺഗ്രസിന് കോൺട്രിബ്യൂട്ട് ചെയ്യാൻ കഴിയുമെന്ന് മാധ്യമങ്ങൾക്ക് സംശയമുണ്ടായിരുന്നു. അതിനേക്കാൾ കുറച്ച് കൂടെ കടുപ്പത്തിൽ ആരെയെങ്കിലും അവതരിപ്പിക്കാനുള്ള മാധ്യമങ്ങളുടെ ശ്രമമാണ് സംഘപരിവാറിന് കിട്ടിയ ഈ എക്സ്ട്രാ വിസിബിലിറ്റി.

ഇതിൽ നമ്മൾ ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന ഒരു സമീപനം, ഒരു വാർത്തയിൽ നേരിട്ട് ബന്ധമുള്ള കക്ഷികളെ മാത്രം ഉൾപ്പെടുത്തുക എന്നതാണ്. നിരീക്ഷകൻ എന്നാൽ ആ തരത്തിൽ ഇന്റലക്ച്വൽ ശേഷിയുള്ള ഒരാളെ വേണം കൊണ്ടുവരാൻ. അതിനപ്പുറത്തേക്ക് എന്ത് വിഷവും തുപ്പാൻ തയ്യാറായവനെ നിരീക്ഷകൻ എന്ന പേരിട്ട് കൊണ്ടുവന്നിരുത്തരുത് എന്ന ഉറച്ച തീരുമാനം ഞങ്ങൾ എടുത്തിട്ടുണ്ട്.

ഇപ്പൊ കുറച്ചായിട്ട്, ബി.ജെ.പി. ആയാലും സി.പി.എം ആയാലും കോൺഗ്രസ് ആയാലും അവരു തന്നെയാണ് ചർച്ചയിലേക്ക് ആളെ വിടുന്നത്.

ശ്രീജിത്ത് ദിവാകരൻ: സംഘപരിവാർ അനുകൂലമായിട്ടുള്ള നരേറ്റീവ് ഉണ്ടാക്കിയെടുക്കാൻ നമ്മുടെ മുൻനിര മാധ്യമപ്രവർത്തകർ പോലും ശ്രമിക്കുന്നുണ്ട്. ഉദാഹരണത്തിന്, കേരളത്തിലെ മൂന്ന് പ്രമുഖ ജേണലിസ്റ്റുകൾ ചേർന്നിട്ടാണ് തൃശ്ശൂരിൽ സുരേഷ് ഗോപിക്ക് വേണ്ടി പി.ആർ. നടത്തിയത്. സാധാരണ പി.ആർ. പരിപാടികൾക്ക് പുറമേ അവരവരുടെ ചാനലുകളിൽ കൂടെ പി.ആർ. വർക്ക് നടത്തിയിട്ടുണ്ട്. അയോധ്യയിലെ ക്ഷേത്രത്തിന്റെ ഉദ്ഘാടന ദിവസം മനോരമയുടെ റിപ്പോർട്ടർ അവിടെ ചെന്ന് പറഞ്ഞത് വനവാസം കഴിഞ്ഞ് രാമൻ തിരിച്ച് വരുകയാണെന്നാണ്. കേരളത്തിലെ ഒരു റിപ്പോർട്ടർ എന്തിനാണങ്ങനെ പറയുന്നത്. ഇവിടെ ആരെ കാണിക്കാനാണ്. മാതൃഭൂമിയുടെ ഒരു റിപ്പോർട്ടർ, കോടതിവിധിയിൽ കോടതി തള്ളിക്കളഞ്ഞ കെ.കെ. മുഹമ്മദിന്റെ പഴയ വാദങ്ങൾ എടുത്ത് വച്ച് വീണ്ടും അദ്ദേഹത്തെ ഇന്റർവ്യൂ ചെയ്യുന്നത്. അത് സോഷ്യൽ മീഡിയയിലൂടെ മുഴുവൻ സ്ഥലത്ത് പ്രചരിക്കുന്നു.

ഇതിനൊക്കെ ഒരു അജണ്ടയുണ്ട്. അതൊക്കെ കൃത്യമായി നടപ്പാക്കപ്പെടുകയും ചെയ്യുന്നുണ്ട്. എന്റെ അഭിപ്രായത്തിൽ മാതൃഭൂമിയും മനോരമയും ഏഷ്യാനെറ്റും സംഘപരിവാറിന്റെ വളർച്ചയ്ക്ക് വേണ്ടി നിർണായക സംഭാവന നൽകി മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുകയാണ് കഴിഞ്ഞ കുറച്ചുകാലമായി. അത് സ്ഥാപനത്തിന്റെ ആശയമാണോ, റിപ്പോർട്ടർമാരുടെ വ്യക്തിപരമായ അജണ്ടയാണോ എന്നറിയില്ല. പക്ഷേ നമുക്കത് കാണാം.

അവിടെ ദിനു വെയിലോ സണ്ണി എം. കപിക്കാടോ വരുമ്പോൾ അവർ ദളിത് നിരീക്ഷകരാവുകയും ശ്രീജിത്ത് പണിക്കരും മറ്റുള്ളവരും സാമൂഹ്യ നിരീക്ഷകരാവുകയും ചെയ്യുന്നത് നമ്മൾ സ്ഥിരമായി കണ്ടുകൊണ്ടിരിക്കുന്ന കാര്യമാണ്. ആ ഡെസ്കുകളിൽ ആ രോഗത്തെ ചികിത്സിക്കാനുള്ള ഒരു പരിപാടിയും ആരും ചെയ്തിട്ടില്ല, അതിനുള്ള താൽപര്യവും ആർക്കുമില്ല

 

Author Photo
ജലീലിയോ

എഴുത്തുകാരൻ

qacheck17@gmail.com

Review overview
NO COMMENTS

POST A COMMENT