Home / ഇന്റര്‍വ്യൂ  / മനസ്സിലൂടെ യാത്ര ചെയ്യുന്നു; ഒരുപാട് നിറങ്ങളുള്ള ആ പുഴു

മനസ്സിലൂടെ യാത്ര ചെയ്യുന്നു; ഒരുപാട് നിറങ്ങളുള്ള ആ പുഴു

കൊല്ലത്ത് ഇരവിപുരത്ത് കടപ്പുറത്ത് വീടെടുത്തായിരുന്നു ‘നാലഞ്ചു ചെറുപ്പക്കാരും ’അതിൽ നിന്ന് പൊന്മാന്റെ തിരക്കഥയും എഴുതിയത്. വർക്ക് ഷെയറിങ് പ്ലെയിസ്, കോഫി ഷോപ്പ് ഒക്കെ എഴുതാൻ നല്ല ഓപ്ഷനാണ്. പത്രമാപ്പീസിൽ ഇരുന്ന് എഴുതിയിരുന്നതു കൊണ്ട് ഏകാന്തത പ്രശ്നമല്ല. ചുറ്റുവട്ടത്ത് നല്ല ശബ്ദമുണ്ടായാൽ നല്ലത്.

‘നാലഞ്ച് ചെറുപ്പക്കാർ’ എന്ന ഇന്ദുഗോപ​ന്റെ കഥ സിനിമയായപ്പോൾ ഉണ്ടായ സ്വീ​കാര്യതയെക്കുറിച്ച് ചർച്ചചെയ്ത് തുടങ്ങാം എന്ന് കരുതുന്നു. കേരളം ദീർഘ​കാലമായി ചർച്ച ചെയ്തിട്ടുള്ള ഒരു സാമൂ​ഹിക അനാചാരത്തെ വീണ്ടും പൊതുശ്രദ്ധയിലേക്ക് കൊണ്ടുവന്നു എന്ന പ്രത്യേകത കൂടിയുണ്ട് ‘പൊൻ​മാൻ’ എന്ന സിനിമയ്ക്ക്. അത് മാത്രമല്ല, കൊല്ലത്തെ തീര​ദേശത്തുള്ള ഒരു കല്യാണപ്പിരിവ് എന്ന കീഴ്‌വഴക്കവും പാർട്ടിയും പള്ളിയും ചെമ്മീൻകെട്ടും പെരുന്നാളുകളും ഒക്കെയായി ഇടകലർന്ന് കിടക്കുന്ന പ്രദേശിക ജീവിതവും ഉണ്ട് സിനിമയിൽ. ഈ കഥയിലേക്ക് എത്താനായി പ്രത്യേകിച്ച് കാരണം വല്ലതുമുണ്ടോ? അതിന്റെ തിരക്കഥാ രൂപത്തിലേക്കുള്ള മാറ്റമെങ്ങനെയായിരുന്നു?

ഈ സിനിമയുടെ മെച്ചമെന്താന്നു വച്ചാൽ കൊല്ലത്തിന്റെ കൾച്ചറൽ ജ്യോഗ്രഫി വന്നു. അവിടത്തെ മനുഷ്യരുടെ സംസ്കാരത്തിന്റെ കഥ വന്നു. എട്ടുപത്തു ലക്ഷം ആസ്വാദകർ തിയറ്ററിൽ തന്നെ സിനിമ കണ്ടു. ലിറ്ററേച്ചറിൽ നിന്നു വന്ന ഒരു കൃതി വിജയമാകില്ല എന്ന തോന്നലിനെ മറിക്കാൻ സാധിച്ചതിലും സന്തോഷമുണ്ട്. അത് ജീവനുള്ള, സ്പന്ദിച്ചുകൊണ്ടേയിരിക്കുന്ന ത്രെഡ്ഡായിരുന്നു. എഴുത്തുകാരനെയും കൊണ്ടോടുന്ന ക്യാരക്ടറായിരുന്നു അതിലെ അജേഷ്.

എഴുത്തിൽ ചില രസങ്ങളുണ്ട്. ചില സുഹൃത്തു​ക്കൾ, വായനക്കാർ വന്നു പറയും: ഇന്നയാൾക്ക് ഒരു കഥ പറയാനുണ്ട്. ശരി. ഞാൻ ലാപ് ടോപ്പുമായി ഇറങ്ങിച്ചെല്ലും. പല നഗരങ്ങൾ, ലോഡ്ജുകൾ, പാർക്കുകൾഅവിടൊക്കെയിരുന്ന് കഥകൾ ടൈപ്പ് ചെയ്തെടുത്തിട്ടുണ്ട്. ‘പൊന്മാന്റെ’ സംവിധായകൻ ജ്യോതിഷ് ശങ്കർ അങ്ങനെ കഥ കേൾക്കാനും കുറിച്ചെടുക്കാനുമുള്ള എന്റെ ഉൽസാഹത്തിനു പിന്നാലെ വന്നതാണ്. അങ്ങനെ ജ്യോതിഷിന്റെ കൂട്ടുകാരുടെ ജീവിതകഥയിലെ ഒരു വരിയിൽ നിന്ന് വലിച്ചൂരിയെടുത്തതാണ് ‘പൊന്മാനിലെ’ പി.പി. അജേഷ് എന്ന ക്യാരക്ടർ.

പുസ്തകത്തിൽ നായകനായ അജേഷ് പരാജയപ്പെടുകയാണ്. സിനിമയിൽ ജയിക്കുന്നു. അതു തന്നെയാണ് തിരക്കഥയിലെ പ്രധാന മാറ്റം. സിനിമയിൽ അങ്ങനെ വന്നാലേ, നിവൃത്തിയുള്ളൂ എന്നത് പൊതുനിലപാടായിരുന്നു. പുസ്തകം അതേ പടി സിനിമയാക്കാനുള്ള ഒന്നല്ല. അതിൽ നിന്നുള്ള രസം, ഭൂമിക, കഥായാത്ര എന്നിവയെ പ്രാഥമികമായി കടമെടുക്കലാണ്. സിനിമയ്ക്കായി ആർക്കും നോവലെഴുതാനാവില്ല. ഇതിലെ ‘ചെളിയരിപ്പൻ’ മീനുകൾ നുരയ്ക്കുന്ന ഒരു മുറിയിൽ നിന്നുള്ള രംഗമുണ്ട്. ചലച്ചിത്രം അത് പറ്റില്ലെന്ന് നമുക്കറിയാം. അത് പറ്റാത്തതാണ് നോവൽ. നോവലിലെ ഏറ്റവും പ്രാധാന്യമുള്ള സീനാണ് ആഗ്നസിന്റെ ‘വ്യവസ്ഥയൊക്കെ ഒരു അവസ്ഥ വരെയേയുള്ളൂ അച്ചോ’ എന്നു പറയുന്ന പള്ളിസീൻ. അത് ഉൾക്കൊള്ളിക്കാൻ തിരക്കഥയിലെ ഘടന അനുവദിച്ചില്ല. അതാണ് ഈ രണ്ടു മീഡിയം തമ്മിലുള്ള വ്യത്യാസം.

കഥാകൃത്ത് അയാളുടെ മനസ്സിലെ ഈ അടിസ്ഥാനധാരയെ സംവിധായകനിലേയ്ക്ക് പറിച്ചു നടുന്ന പ്രക്രിയയാണ് സിനിമയിൽ. അത് എളുപ്പമല്ല. രണ്ട് പേർക്കും രണ്ട് ഭൂമിശാസ്ത്രം, ബാല്യം, സ്വപ്നങ്ങൾ, സാമൂഹികധാരണകൾ എന്നിവയാണ്. പൊന്മാന് കിട്ടിയ ഗുണം, എനിക്കും സംവിധായകൻ ജ്യോതിഷ് ശങ്കറും കൊല്ലത്തിന്റെ ഭൂമികയുടെ കാര്യത്തിൽ അഭിപ്രായഭിന്നതയുണ്ടായിരുന്നില്ല എന്നതാണ്. ജ്യോതിഷിന്റെ യൗവനം കൊല്ലത്തായിരുന്നു. ക്യാമറ കൊണ്ട് അസാധ്യമായി കഥ പറയുന്ന സാനു ജോൺ വർഗീസ് ഈ പുസ്തകം വായിച്ചപ്പോൾ മുതൽ ഒപ്പമുണ്ട്. സാനുവിന്റെ ക്യാമറ ഏത് ത്രില്ലർ പറഞ്ഞാലും അതിൽ നിന്ന് ജീവിതം, ഭൂമിശാസ്ത്രം, സൂക്ഷ്മമായ ഇമോഷൻസ് എന്നിവ ചോർന്നുപോകില്ല. ബേസിൽ ജോസഫ് ആ പുസ്തകത്തിന്റെ ജീവൻ സിനിമയിൽ നിലനിർത്തണമെന്ന വിശ്വാസിക്കാരനായിരുന്നു. എല്ലാവരുടെയും പ്രതീക്ഷയ്ക്കൊത്ത് അതിന്റെ കെമിസ്ട്രി കൃത്യമായി ഉരുത്തിരിഞ്ഞു വരുമ്പോഴാണ് ഒരു സിനിമ അനുഭവമാകുന്നത്. എഴുത്തുകാരനാകട്ടെ ഒറ്റയ്ക്ക് ഒരു ദുർഗം കെട്ടിപ്പൊക്കുന്നു. പരിമിതികളിലും അതിനുണ്ടായിരുന്ന സൗന്ദര്യം മറ്റൊന്നാണ്.

ഇതൊരു യുവജനങ്ങളുടെ മാസികയെന്ന നിലയിൽ ചോദിക്കട്ടെ. സിനിമയിലെ കഠിനാധ്വാനം. ഈ രംഗത്തെ ചെറുപ്പക്കാരുടെ സാന്നിധ്യം എന്നിവയെക്കു​റിച്ച് പറയാമോ?

പ്രാഥമികമായി സംവിധായകന്റെ സ്വപ്നം ചുമ​ക്കുന്ന വേദനയാണ് സിനിമയുടെ ഓരോ പടവും. കാടും പടർപ്പും മുള്ളും മുനയും നിറഞ്ഞ വഴികളാണ് അയാളുടേത്. ഇന്നത്തെ ഗതിയിൽ അയാൾ പലപ്പോഴും ഒരു പുതുമുഖമായിരിക്കും. അസോഷ്യേറ്റ് ഡയറക്ടറായോ മറ്റോ ജോലി ചെയ്യുമ്പോ, പ്രധാന നടന്മാരുടെ കണ്ണിൽ പെട്ട് ശടേന്ന് സംവിധായകനിലേയ്ക്കുള്ള പരവതാനി ലഭിക്കുന്നവർ അപൂർവം മാത്രമാണ്. സാമാന്യമായ കണക്കിൽ ഒരു അൻപതിനായിരം പേരെങ്കിലും നേരിട്ടോ അല്ലാതെയോ സിനിമയെന്ന സ്വപ്നവുമായി, അതിന്റെ വിവിധ ഘടകങ്ങളിൽ പ്രവർത്തിക്കുക എന്ന സ്വപ്നവുമായി കൊച്ചിയിൽ ചേക്കേറിയിട്ടുണ്ട്. അവർ ആ നഗരത്തിന്റെ സമ്പദ് വ്യവസ്ഥയുടെ ഭാഗമാണ്. 20 മുതൽ മുപ്പത് മുപ്പത്തഞ്ചു വയസ്സു വരെയുള്ള ചെറുപ്പക്കാർ. അവരിൽ താമസിക്കാൻ ഇടമില്ലാത്തവർ, ഹോട്ടലുകളിൽ ജോലി ചെയ്യുന്നവർ, ഇടവേളകളിൽ വണ്ടിയോടിക്കുന്നവർ അങ്ങനെ എത്രയോ പേർ. അവർക്ക് ട്രേഡ് യൂണിയനില്ല. സ്വപ്നം നെയ്യുന്നവരെ ആ ഗണത്തിൽ പെടുത്താനാവില്ല. ഇവരെ അഡ്രസ് ചെയ്യാനുള്ള സംവിധാനം സർക്കാരുകൾ, യുവജനസംഘടനകൾ ഏറ്റെടുക്കണം. അതീ മാസികയിൽ പറയുന്നതിൽ സാംഗത്യമുണ്ട്. കാരണം ഇവരാണ്, പിന്നീട് വളർന്നു വരുമ്പോൾ ആ വ്യവസായത്തിൽ സർക്കാരിന് നികുതിയിനത്തിൽ വലിയ മുതൽക്കൂട്ടാവുന്നത്.

ഒരു സിനിമ കാണാൻ പോകുമ്പോൾ 30 ശതമാനമാണ് നമ്മൾ വിനോദനികുതി നൽകുന്നത്. കോടിക്കണക്കിന് രൂപയുടെ ക്രയവിക്രയം സിനിമയിൽ നടക്കുമ്പോഴുള്ള ജിഎസ്ടി മുതലായവയിലൂടെ വരുമാനം വേറെയും. അസംസ്കൃതവസ്തു പണമാണെങ്കിലും, ആ പണം ഇവരുടെ സ്വപ്നങ്ങളിലൂടെയാണ് പദ്ധതികളായി മാറുന്നത്. തലേന്നു രാത്രിയിൽ തകിടം മറിയുന്ന പ്രോജക്ടുകളുണ്ട്. രണ്ടുമൂന്ന് ദിവസം കഴിഞ്ഞ് തുടങ്ങാനിരിക്കുന്ന ഒരു പ്രോജക്ട് ഒരു ദിവസംകൊണ്ട് കരിഞ്ഞില്ലാതായി, ക്യാംപ് പിരിച്ചുവിടപ്പെടുന്ന ഒരു രംഗത്തിന് സാക്ഷിയായത് ഓർക്കുന്നു. ഞാൻ ജോലി ചെയ്യാൻ വന്ന സിനിമയിൽ ചിലർക്ക് അവരുമായി ബന്ധമുണ്ടായിരുന്നു എന്നതിനാലാണ്. എങ്കിലും ആ സംവിധായകന് ഒന്നു രണ്ടു വർഷത്തിനകം തിരിച്ചുകയറാൻ കഴിഞ്ഞു. സിനിമയിൽ അയാളെ ഫീനിക്സ് പക്ഷിയെന്നൊക്കെ വിളിക്കേണ്ടി വരും. കാരണം തിരിച്ചുവരവുകൾ ഏറ്റവും ബുദ്ധിമുട്ടുള്ള ഇടമാണ് സിനിമ.

 

പ്രോജക്ടാകണമെങ്കിൽ നടൻ എന്ന സ്വരൂപത്തിലേക്ക് വരണം? എന്തുകൊണ്ട് നടി ആകുന്നില്ല?

ഒരു സിനിമയുടെ ബജറ്റിനെ ചുമലിലേറ്റാൻ കഴി​യുന്ന ഫാൻ ബെയ്സ് ഉള്ള നടനാണ് സാമാന്യ​ഗതിയിൽ ഒരു പ്രോജക്ടിന്റെ ജീവൻ. ശരിയാണ്. ഇന്നത്തെ സാഹചര്യത്തിൽ അത് നടി അല്ല. തമിഴ്നാട്ടിൽ ജീവിക്കുന്ന ഒരു മലയാളിലേഡിയുണ്ട്. ആരെന്ന് എല്ലാവർക്കുമറിയാം. അവർ ഡേറ്റു കൊടുത്താൽ തമിഴ്നാട്ടിൽ ഒരു പ്രോജക്ട് ഉണ്ടാകും. ഇവിടെ അവരുടെ മാതൃഭാ​ഷയിൽഅതല്ല അവസ്ഥ. സ്ത്രീ പ്രധാനിയായി വരുന്ന കഥകൾ പിന്നീട് പ്രോജക്ടായി മാറുമ്പോൾ തിരക്കഥയിൽ ലിംഗമാറ്റശസ്ത്രക്രിയകൾ നടക്കുന്നുണ്ട്. വിരോധാഭാസമെന്നു പറയട്ടെ. കേരളത്തിന്റെ ജനസംഖ്യയിൽ പുരുഷന്മാരെക്കാൾ കൂടുതൽ സ്ത്രീകളാണ്. മറ്റിടങ്ങളിലെ സ്ത്രീ​മുന്നേറ്റം സിനിമയിൽ സാധ്യമായില്ല. ലിംഗസമത്വവും വന്നില്ല. കാരണം സിനിമയുടെ പ്രേക്ഷകരിൽ മൂന്നിലൊന്നു പോലുമില്ല സ്ത്രീകൾ. അപ്പോൾ കഥ പറച്ചിലിലും ആൺകോയ്മ വന്നതാകണം.

പ്രധാനനടന്മാരുടെ അക്ഷരബന്ധം എങ്ങനെയാണ്? കഥയോടുള്ള സെൻസിബിലിറ്റി എന്താണ്? ഒരു സാഹിത്യകാരനെന്ന നിലയിൽ വിലയിരുത്താമോ?

തനിക്ക് പെർഫോം ചെയ്യാൻ എന്തുണ്ട്? കരിയറിൽ അടുത്ത ചവിട്ടുപടി എന്താണ്? തന്റെ ഫാൻസിന് ആനന്ദിക്കാൻ എന്തുണ്ട് എന്നിവയിലാണ് ആദ്യം നടന്റെ നോട്ടം. വ്യക്തിയെന്ന നിലയിൽ താൻ എടുക്കേണ്ട ചലച്ചിത്രമേതെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. ആനന്ദത്തിനായി വന്നു മറിയുന്ന ചെറുപ്പക്കാർ, റിലീസിന്റെ ആദ്യദിനം തനിക്ക് കയ്യടി തരുമോ, അഥവാ അവർ നിരാശരാകുമോ എന്ന ആധി അദ്ദേഹത്തിനുണ്ട്. പുതിയ തരത്തിലുള്ള കാഴ്ചപ്പാട് വരണമെന്നും അതാണ് പുതുമയെന്നും പറഞ്ഞ് തന്റെ കഥയിലേയ്ക്ക് നടനെ എത്തിക്കാനുള്ള ശ്രമങ്ങൾ സംവിധായകൻ നടത്താറുണ്ട്. അത് പ്രധാനനടന് മനസ്സിലാകുന്നുണ്ട്. പക്ഷേ അയാൾ വിപണിയുടെ തടവുകാരൻ കൂടിയാണ്.

നമ്മുടെ സിനിമ മികച്ചുനിൽക്കുന്നത് നമ്മുടെ പ്രധാനനടന്മാരുടെ സെൻസിബിലിറ്റിയുടെ കൂടി ഗുണമാണ്. അവർക്ക് നമ്മുടെ സംസ്കാരവും അക്ഷരവും രാഷ്ട്രീയവുമായുള്ള സാമാന്യധാരണ ഉണ്ട്. കേരളത്തിലെ പൊതുസാമൂഹികബോധത്തിന്റെ ഉൽപ്പന്നമാണല്ലോ അവരും. അതിനെ പറ്റേ റദ്ദു ചെയ്തു മുന്നോട്ടു പോകുന്ന സൈക്ക് അല്ല അവരുടേത്. അവർക്ക് പാൻ ഇന്ത്യൻ സ്വപ്നങ്ങളുണ്ട്. പക്ഷേ കേരളത്തിൽനിന്നായതിനാൽ അത് ‘നല്ല സിനിമ’ എന്ന ലേബലിലാകണം എന്ന ആഗ്രഹം അവർക്കുണ്ട്. എല്ലാ​വർക്കുമുണ്ടോ ഈ സെൻസിബിലിറ്റി എന്നു ചോദിച്ചാൽ ഇല്ല. പക്ഷേ ഇല്ലാത്തവർ അക്ഷരബന്ധമുള്ളവരെ ഒപ്പം നിർത്തി അത് പരിഹരിക്കാൻ ശ്രമിക്കുന്നു. ഭാഗ്യംകൊണ്ട് മാത്രം സിനി​മയിൽ നിൽക്കാനാവില്ല. സ്ക്രിപ്ട് സെൻസ്, കഥയുടെ യാത്രകളെ കുറിച്ച് ധാരണ ഉണ്ടാവുക തുടങ്ങിയവ പ്രധാനമാണെന്ന് അവർക്കറിയാം.

ഇക്കാര്യത്തിൽ ഉദാഹരണങ്ങളുണ്ടോ? അനുഭവങ്ങളുണ്ടോ?

‘പൊന്മാൻ’എന്ന സിനിമയെടുക്കാം. അതിലെ പ്രധാന നടൻ ബേസിൽ ജോസഫ് എൻജിനീയറിങ് ഗ്രാജ്വേറ്റാണ്. പക്ഷേ സിനിമയ്ക്ക് ആധാരമായ നോവൽ വായിച്ചാണ് അദ്ദേഹം ഈ സിനിമയിൽ അഭിനയിക്കാൻ തയ്യാറാകുന്നത്. അത് പുതിയകാലത്തെ സംബന്ധിച്ച് പ്രതീക്ഷാഭരിതമായ കാര്യമാണ്. ‘വിലായത്ത് ബുദ്ധ’ യുടെ തിരക്കഥ പൃഥ്വിരാജിന് ടൈപ്പ് ചെയ്ത് അയച്ചു കൊടുക്കുക മാത്രമാണ് ചെയ്തത്. അതിലെ നായകന്റെ മനോവ്യാപാരങ്ങളെ, അയാളിലെ നടനസാധ്യതകളെ വായിച്ചു ഉൾക്കൊള്ളാൻ പ്രധാനനടന് കഴിയുക എന്നത് ചെറിയ കാര്യമല്ല. അതാണ് നമ്മുടെ ഗുണം. മലയാളത്തിൽ നടന്മാരിലേയ്ക്ക് ഇടനിലകൾ താരതമ്യേന കുറവാണ്. പൊന്മാന് അടിസ്ഥാനമായ ‘നാലഞ്ചു ചെറുപ്പക്കാർ’ നോ

വൽ സെറ്റിൽ കൊണ്ടു വന്ന്, പല വട്ടം വായിച്ച് അടയാളപ്പെടുത്തി കൊണ്ടിരുന്ന ഒരു ബേസിൽ ജോസഫിനെ കണ്ടപ്പോ, ഒരു എഴുത്തുകാരനെന്ന നിലയിൽ ഉണ്ടായ സന്തോഷവും യുവാക്കളിൽ നമുക്കുണ്ടായ പ്രതീക്ഷയും ചെറുതല്ല. ഇതിലെ പ്രധാനനടന്മാരിലൊരാളായ ആനന്ദ് മൻമഥൻ സാഹിത്യകൃതിയെന്ന നിലയിൽ നേരത്തേ തന്നെ ഈ പുസ്തകം വായിച്ചിരുന്നു. സജിനും ലിജോമോളും പുസ്തകം വായിച്ചിട്ടാണ് അഭിനയിക്കാനിറങ്ങുന്നത്. പല നടന്മാരും അണിയറയിലുള്ളവരും അങ്ങനെ തന്നെ. പൊതുധാരണയാണ് സിനിമ അക്ഷരവിരുദ്ധമാണ് എന്നത്. സിനിമയുടെ പിന്നണിയിലും പലരും അക്ഷരസ്പർശമുള്ളവരാണ്. ഇതിൽ സഹസംവിധാനരംഗത്തെ ചെറുപ്പക്കാരെ എടുത്തുപറയണം. വളരെ മാറ്റങ്ങളുണ്ട്. പണ്ടേ പോലെ നടൻ എഴുത്തുകാരന്റെ കാഴ്ചയെ ഡിക്ടേറ്റ് ചെയ്യുന്നില്ല. ഇതിങ്ങനെ തന്നെ വരണതെന്ന് അയാൾ ശഠിക്കുന്നില്ല. ശഠിച്ചാൽ തന്റെ തന്നെ സെൻസിബിലിറ്റി ആവർത്തിക്കുമെന്ന് അയാൾക്ക് അറിയാം. അങ്ങനെ ആവർത്തിച്ച് ഷെഡ്ഡിലായവരുടെ ചരിത്രം അവർക്ക് കൃത്യമായറിയാം. സഹപ്രവർത്തകരുടെ മറ്റു കാഴ്ചകൾക്കൊപ്പം ചേരാനും അഭിപ്രായങ്ങൾ കേൾക്കാനും ചർച്ച ചെയ്യാനുമുള്ള തുറന്ന മനസ് പുതിയ താരങ്ങൾ കാണിക്കുന്നു

 

ഇന്ദുഗോപന്റെ എഴുത്തുകളാണെങ്കിൽ വലിയ ഗവേഷണങ്ങളൊക്കെ ആവശ്യമു​ളളതാണ്. ആനോയിൽ അത് കാണാം. ചരിത്രമൊക്കെ വലുതായി വരുന്നുണ്ട്. മാർപ്പാപ്പയും എഴുത്തച്ഛനും മുതൽ ഡാവി​ഞ്ചി വരെ ഉണ്ട്. പിന്നെ വിവിധ വിഷയങ്ങൾ. ചിത്രകല മുതൽ കത്തോലിക്ക സഭ വരെ. വിവിധ രാജ്യങ്ങൾ. യാത്രകൾ വേണ്ടിവന്നുകാണും. മുതലലായനിയിലും ഐസിലും ഉക്കെ ഈ ഗവേഷണം കാ​ണാം. എങ്ങനെയാണ് ഈ എഴുത്ത് പ്രോസസ്? എഴുത്തുകൾ സമാന്തരമായി നടക്കുന്നുണ്ടോ? ഗവേഷണത്തിന് സഹായികളുണ്ടോ? വലിയ ടീം ആണോ? എഴുതാ​നായി വർക്കിങ് പ്ലേസുകൾ റെൻ്റ് ചെയ്യാ​റുണ്ട് എന്ന് കേട്ടിട്ടുണ്ട്. പഴയ എഴുത്തുകാർ ഒറ്റപ്പെട്ട വീടുകളിൽ എഴുത്തിന്റെ ഏകാഗ്രതക്ക് പോയിരുന്നതിൽ നിന്ന് വ്യത്യസ്തമായ ഈ നവരീതി എങ്ങനെയാണ് വർക്ക് ചെയ്യുന്നത്?

ഗവേഷണം ഇല്ലാതെ പറ്റില്ല. നമ്മളെക്കാൾ അറിവുള്ളവരാണ് വായനക്കാർ. നമ്മൾ എഴുതാനിരിക്കുന്ന നേരത്തും അവർ ഇരുന്ന് വായിക്കുകയും ചിന്തിക്കുകയും ചെയ്യുന്നു. നമ്മൾ കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളുമായി ഗുസ്തി കൂടുമ്പോൾ, ആ നേരത്തും അവർ വായിക്കുന്നു. എഴുത്തിൽ ഗവേഷണം അടിത്തറ മാത്രമാണ്. നിങ്ങൾക്ക് ഇൻഫർമേഷൻ വച്ച് വായനക്കാരെ പേടിപ്പിക്കാനാവില്ല. അപ്പോൾ ബോറടിക്കാതിരിക്കാൻ നമ്മൾ പുതിയ പുതിയ എഴുത്തിടം പരീക്ഷിക്കും. കൊല്ലത്ത് ഇരവിപുരത്ത് കടപ്പുറത്ത് വീടെടുത്തായിരുന്നു ‘നാലഞ്ചു ചെറുപ്പക്കാരും ’അതിൽ നിന്ന് പൊന്മാന്റെ തിരക്കഥയും എഴുതിയത്. വർക്ക് ഷെയറിങ് പ്ലെയിസ്, കോഫി ഷോപ്പ് ഒക്കെ എഴുതാൻ നല്ല ഓപ്ഷനാണ്. പത്രമാപ്പീസിൽ ഇരുന്ന് എഴുതിയിരുന്നതു കൊണ്ട് ഏകാന്തത പ്രശ്നമല്ല. ചുറ്റുവട്ടത്ത് നല്ല ശബ്ദമുണ്ടായാൽ നല്ലത്. ഇപ്പോ പുതിയ പരിപാടിയുണ്ട്. പണി തലയ്ക്കു കയറുമ്പോ തൽക്കാൽ ടിക്കറ്റെടുത്ത് വന്ദേഭാരതിൽ കയറിയിരിക്കും. വെളുപ്പിനിറങ്ങി ഉച്ചയ്ക്ക് കാസർകോഡ് ചെന്ന് അതിൽ തന്നെ തിരിച്ച് പാതിരാത്രിക്ക് തിരുവനന്തപുരത്ത് മടങ്ങി വരുമ്പോൾ ഏത് മടിയനായ എഴുത്തുകാരനും കുറേ എഴുതേണ്ടി വരും.

വിലായത്തു ബുദ്ധക്ക് വേണ്ടി പലതവണ മറയൂരിലേക്ക് യാത്ര ചെയ്തിട്ടുണ്ട്, കൊള്ളക്കാരുടെ കൂടെ പോയി താമസിച്ചിട്ടുണ്ട്. മുതലകളെ ആക്രമിക്കുന്ന ഗ്രാമത്തിൽ പോയി താമസിച്ചിട്ടുണ്ട്, തമിഴ്‌നാട്ടിലെ പ്രേതവാസമുണ്ടെന്നു വിശ്വസിക്കപ്പെടുന്ന വീട്ടിൽ പോയി താമസിച്ചിട്ടുണ്ട്. ഇങ്ങനെ കഥാപാത്രമായി മാറിയ മനുഷ്യരുടെ ജീവിതപരിസരങ്ങളിലേക്കും നാടുകളിലേക്കും നടത്തിയ യാത്രകൾ,ഗവേഷണങ്ങൾ ഡോക്യുമെന്റ് ചെയ്യപ്പെടേണ്ടതാണ് എന്ന് തോന്നിയിട്ടുണ്ടോ,കഥയോ നോവലോ ആയിട്ടല്ലാതെ ? അതിനൊരു രസകരമായ സാധ്യത ഇല്ലേ ?

എഴുത്തിന് വേണ്ടിയുള്ള യാത്രകൾ ഡോക്കുമെന്റ് ചെയ്യുന്ന ശീലമില്ല. ഒരു ത്രെഡിന് പിന്നാലെയുള്ള അന്തരാളം പിടിച്ച യാത്രകളാണ്. മാത്രമല്ല, നമ്മൾ എഴുത്തിന് വേണ്ടി ഒരു രസം ഉൾക്കൊള്ളാൻ പോവുകയാണ്. നമ്മളാ പ്രതലത്തിൽ അലിയാൻ ശ്രമിക്കുകയാണ്. അത് ഉൾക്കൊണ്ട് തിരിച്ചു വന്ന് ആ ഓർമയിൽ നിന്ന് എന്തെങ്കിലും ഉണ്ടാക്കാൻ നോക്കുകയാണ്. അപ്പോ ഡോക്കുമെന്റേഷൻ നടക്കില്ല. നോവലെഴുതാൻ ചന്ദനക്കൊള്ളക്കാരുടെ ഒപ്പം രാത്രിയിൽ പോകുന്നു. അനുഭവം സ്വരൂപിക്കാനാണ്. ഫോറസ്റ്റുകാർ ദൂരെ ടോർച്ചടിക്കുന്നുണ്ട്. പിടിച്ചാൽ അപകടമാണ്. അതൊക്കെ എങ്ങനെ ഡോക്കുമെന്റ് ചെയ്യാനാണ്? ഡോക്കുമെന്റ് ചെയ്യാനാവാത്തതാണ് പലപ്പോഴും ജീവിതം. ആനോ എന്ന നോവലിനെ തുടർന്ന്, കൊച്ചിയിൽ നിന്ന് റോമിലേയ്ക്ക് കൊണ്ടു പോയ ആനക്കുട്ടിയുടെ കപ്പൽപാത പിന്തുടർന്നിരുന്നു. ആ യാത്രയുടെ കുറേ വിഡിയോ എടുത്തു. അതേയുള്ളൂ.

മനുഷ്യരുടെ ഇരുണ്ട വശം ഇന്ദുഗോപന് എഴുത്തിന്റെ ഒരു വഴിയാണെന്ന് തോന്നുന്നു. ഡിക്ടറ്റീവ് പ്രഭാകരൻ സ്വയം പരിചയപ്പെടുത്തുന്നത്, താനൊരു മോശക്കാനാണെന്നാണ്. മാത്രമല്ല നമുക്കിത് വരെ പരിചയമുള്ള ഒരു ഡിക്ടറ്റീവുമല്ല അയാൾ. പ്രോളിറ്റേറിയൻ ഡിക്ടറ്റീവ് ആണ്. കുപ്രസിദ്ധനായ കള്ളന്റെ ജീവചരിത്രമെഴുതുന്നു, ശംഖുമുഖി പോലെ തിരുവനന്തപുരം നഗരത്തിന്റെ അധോലോക ഗുണ്ടാ സംഘങ്ങളുടെ കഥ പറയുന്നു. അമ്മിണി പിള്ള വെട്ടുകേസും പടിഞ്ഞാറെ കൊല്ലം പാതിരക്കാലവുമൊക്കെ ഈ ഗുണ്ടാക്കഥകളുടെ തുടർച്ചയാണ്. ഈ ലോകവുമായുള്ള ബന്ധമെന്താണ്? ഒറ്റിറ്റി പ്ലാറ്റ്‌ഫോമൊക്കെ വന്ന് ക്രൈം സിനിമയും സീരീസുകളും കേരളത്തിന് സുപരിചിതമാകുന്നതിന് മുമ്പ് ക്രൈമുകളെ സ്വഭാവികമായി സമീപിച്ച ആളെന്ന നിലയിലാണ് ചോദ്യം.

ഞാനൊരു കൊല്ലത്തുകാരനാണ്. അവർ ആളിന്റെ മേന്മ നോക്കി തടുക്കിടുന്ന ആൾക്കാരല്ല. പൊതുവേ അവർക്ക് മഹാന്മാരെ അത്ര പിടിത്തമല്ല. ഞാനുമതേ! പച്ചമനുഷ്യരെ പിടിക്കുന്ന കലയിലാണ് അഭിരമിക്കുന്നത്. കഥയുള്ള മനുഷ്യരെ ആദരിക്കുന്നു. വടിവൊത്ത രീതിയിൽ ജീവിക്കുന്നതും, അങ്ങനെ ജീവിക്കുന്നവരുമായി ഇടപഴകുന്നതും പരമബോറാണ്. എനിക്ക് സാമാന്യജനവുമായി ഇടപെടാനുള്ള വഴി എല്ലാക്കാലവും ഉണ്ടായിരുന്നു. ഇല്ലെങ്കിൽ ഞാൻ അങ്ങോട്ട് പോയി അതിന്റെടയിൽ ജീവിക്കാൻ ശ്രമിക്കും. പുതിയതൊന്നും ഉരുത്തിരിയുന്നില്ലെങ്കിൽ ഒരു വിചിത്രപ്രദേശത്ത് പോയി ജീവിച്ച് മുഷിപ്പിനെ മറികടക്കാൻ നോക്കും. ഡിറ്റക്ടീവ് പ്രഭാകരനൊക്കെ തനി നാട്ടിൻപുറത്തുകാരനാകുന്നത് അങ്ങനെയാണ്. ബുദ്ധിയുണ്ട്, എന്നാൽ വടിവൊത്ത രീതിയിൽ ജീവിക്കാൻ ബുദ്ധിമുട്ടുള്ള നായകന്മാരാണ് കൂടുതലും എന്റേത്. പാവപ്പെട്ട സാധാരണക്കാരായ കഥാപാത്രങ്ങളെയാണ് കൊണ്ടു നടക്കാൻ എളുപ്പം. നമ്മളും ജെനുവിനാകും.

കുറ്റാന്വേഷണമുണ്ട് കഥകളിലും നോവലിലും. പക്ഷെ അതിലെ കുറ്റങ്ങൾക്ക് കുറ്റമല്ലെന്ന് തോന്നിപ്പിക്കുന്ന ശരിയുടെ ഒരു തിളക്കമുണ്ട്. ശരിതെറ്റുകളെക്കുറിച്ചുള്ള വിചാരം എന്താണ് ? അലങ്കാരങ്ങൾ കൊണ്ട് മോടികൂട്ടിയതല്ലാത്ത എന്നാൽ വല്ലാത്ത വിഷ്വൽ ഭംഗിയുള്ളതാണ് എഴുത്ത്. വായനക്കാരന് ആ വിഷ്വൽസ് പുസ്തകത്തിലല്ല അകത്താണ് തെളിയുക. അടച്ചിട്ട മുറിയിലിരുന്ന് ഭാവന കൊണ്ട് സൃഷ്ടിക്കുന്ന ലോകമല്ലല്ലോ എഴുതുന്നത്,യാത്ര ചെയ്തു, ഇറങ്ങിച്ചെന്ന് എഴുതാനുള്ള ലോകത്തിൽ ജീവിച്ചുകൊണ്ട് എഴുതുന്നതാണല്ലോ അതാണ് അല്ലെങ്കിൽ അതും കൂടിയാണ് സ്വന്തം എഴുത്തിന്റെ ശക്തിയെന്ന് വിശ്വസിക്കുന്നുണ്ടോ ?

ചെറിയ ചെറിയ ക്രൈം ചെയ്ത് അതിന്റെ രസം അനുഭവിക്കുന്നവരാണ് മനുഷ്യർ. അങ്ങനെ കുഞ്ഞുകുഞ്ഞു ക്രൈമുകളുടെ ഒരു കെട്ട് ഓരോ മനുഷ്യരും രഹസ്യമായി പട്ടടയിലേയ്ക്ക് കൊണ്ടുപോകുന്നു. ശിക്ഷാനിയമത്തിന്റെ പട്ടികയിൽ കുരുങ്ങിപ്പോകുന്നതിലേറെയും ശുദ്ധാത്മാക്കളാണ്. അതിൽ പെടാത്തവർ മാന്യരായി അവസാനിക്കുന്നു. നിയമം കെട്ടുന്ന ചിലന്തികൾക്ക് അതിൽ ഒട്ടാതിരിക്കാനറിയാം. പാവങ്ങൾക്ക് അത് അറിയില്ല. ഈ തത്വശാസ്ത്രം എന്റെ എഴുത്തിൽ കിടപ്പുണ്ട്. ശരിയാണ്. ഇത്തരം മനുഷ്യരുടെ കഥ എഴുതുമ്പോൾ, അവർ വായിക്കേണ്ടതല്ലേ എന്ന് തോന്നും. അപ്പോ അവർക്ക് മനസ്സിലാകണ്ടേ? അതിന് ഭാഷയുടെ കാടും പടലും സാഹിത്യവും െവട്ടിയൊതുക്കണം. അപ്പോൾ ദൃശ്യപരത തന്നത്താൻ തെളിയുന്നതാണ്. ‘വിലായത്ത് ബുദ്ധ’ നോവലിൽ ഒരു മജിസ്ട്രേറ്റുണ്ട്. (വരാനിരിക്കുന്ന സിനിമയിൽ ഒരു പ്രധാനനടനാണ് ആ വേഷം ചെയ്യുന്നത്) അയാൾ ചന്ദനക്കൊള്ളക്കാരനായ നായകനോട് പറയുന്നുണ്ട്: ടാ, ദോ ആ നിൽക്കുന്ന മരം കാരണം എനിക്ക് റോഡു ക്ലിയറായി കാണാൻ പറ്റുന്നില്ല.കുറുകെ നിൽക്കുന്നത് ചന്ദനമരമാണ്. അതേ, സ്വർണമരമാണെങ്കിലും കഥയുടെ യാത്രയുടെ വഴിയിൽ കയറി നിന്നാൽ കടയ്ക്കു തന്നെ വെട്ടണം. മരത്തിന്റെ കവരങ്ങൾ പോലെ തന്നെയാണ് ഭാഷയും. സങ്കീർണവാചകങ്ങൾ കാടുപിടിച്ച് കിടക്കുന്നത് ഗഹനത കൂട്ടുമെന്ന് കരുതുന്ന തരം എഴുത്തുകാരുടെ പട്ടികയിലല്ല ഞാൻ. അവരെ ബഹുമാനിക്കുന്നു. പക്ഷേ എനിക്ക് എന്റെ കഥയുടെ ഒഴുക്ക് കാടും പടർപ്പും അതിന്റെ ഇരുട്ടും കൊണ്ട് വായനക്കാരെ ഇരുട്ടിലിടാൻ വയ്യ. അവരുടെ സമയത്തെ ആദരിക്കേണ്ടതുണ്ട്. അവർക്കായി എഴുതുന്നതാണ് എന്റെ ആനന്ദം. പ്രകൃതം. മനുഷ്യന് മനസ്സിലാകുന്നതാണ് എന്റെ ഭാഷ. ബുദ്ധിജീവികളല്ല, സാമാന്യജനം എന്റെ പുസ്തകം വായിക്കണമെന്നാണ് ആഗ്രഹം. അങ്ങനെ തന്നെ സംഭവിക്കുന്നു. വായനക്കാരെ തേടിപ്പിടിക്കുന്നില്ല. അവർ വരുന്നുണ്ട്, കൂടുതലും ചെറുപ്പക്കാർ. ഞാനങ്ങോട്ടും സഞ്ചരിക്കുന്നു. അവർക്കിടയിൽ നിന്നു കൊണ്ടു തന്നെയാണ് കഥ തിരഞ്ഞെടുക്കുന്നത്.

കൊല്ലവും തീരദേശവും തിരുവനന്തപുരവും അതിന്റെ തീരവുമെല്ലാം, വേണമെങ്കിൽ വേണാട് ദേശിങ്ങനാട് എന്നിങ്ങനെ​യൊക്കെയുള്ള ദേശങ്ങളൊക്കെ കഥകളിലേക്ക് വരുന്നുണ്ട്. സി.വി രാമൻപിള്ള ഒക്കെ ആ ദേശങ്ങളെക്കുറിച്ച് എഴുതിയിട്ടുണ്ടെങ്കിലും അവിടത്തെ ഏറ്റവും സാധാരണ മനുഷ്യരുടെ കഥകളും ചരിത്രവും ഒക്കെ കൂടുതലായി കാണുന്നത് ഇന്ദുഗോപൻ എഴുതിയാണ്. ഇത് മനപൂർവ്വമാ​യി സംഭവിക്കുന്നതാണോ, അതോ ദേശത്തെ എഴുതി പോകുന്നതാണോ?

സിവി മഹാനാണ്. അദ്ദേഹവുമായി താരത​മ്യമില്ല.ഭാഷ ദുർഗ്രഹമെന്നത് അദ്ദേഹത്തിന്റെ വലിപ്പം കുറയ്ക്കുന്നില്ല. എന്റെ രസം വേറെയാണ്. അദ്ദേഹം സ്വന്തം കാലം, കാലമെന്ന മഹാപ്രവാഹത്തെ പ്രതിയുള്ള ഭാഷയെ കൂട്ടുപിടിച്ചു ചമച്ചു. ആവുംമട്ടിൽ നമ്മൾ ചമയ്ക്കുന്നത് നമ്മുടെ ക്രമം. അപ്പോഴും കാലം അടയാളമാണ്. എന്റെ തലമുറയിലെ ഭാഷ വേണ്ട, ഏറ്റവും പുതിയ തലമുറയിലെ ചെറുപ്പക്കാർക്ക് ജീവിക്കാൻ. പരിമിതമായ പദസമ്പത്തു വെച്ച് അവർ വളരെ മനോഹരമായി കമ്യൂണിക്കേറ്റു ചെയ്യുന്നുണ്ട്. ഭാഷയില്ലെങ്കിലും അവർ ഇമോജി വച്ച് ജീവിക്കും. എന്റെ പുസ്തകം ഈ ജനത വായിക്കണമെന്നാണ് ആഗ്രഹം. ആസ്വാദനത്തിന്റെ കുറുകെ ഭാഷ കയറി നിൽക്കരുത് എന്നുണ്ട്. എന്റെ തലമുറയുടെ ഭാഷ എന്റെ എഴുത്തിൽ കടന്നുവരാതിരിക്കാൻ ഞാൻ ശ്രദ്ധിക്കുന്നുണ്ട്. കൃത്രിമമുള്ള നഗരപശ്ചാത്തലവും ഫ്ളാറ്റുകളുടെ ഇടുങ്ങിയ ഇടങ്ങളും ഇടത്തരം മനുഷ്യരുടെ ജീവിതത്തിലെ സ്ഥിരമായ ചെടപ്പും എനിക്കിഷ്ടമല്ല. വലിയ തുറസ്സുകളിലാണ് എന്റെ കഥ നടക്കുന്നത്. കായലും കടലും വലിയ മലമ്പ്രദേശങ്ങളുമൊക്കെ കടന്നു വരുന്നതു അതു കൊണ്ടാണ്. എന്റെ കഥാപാത്രങ്ങൾക്കിങ്ങനെ കായലും കടലിലും നനവിലും കുന്നുകളിലുമായി പാറിനടക്കണം. എഴുത്തിൽ അത് വലിയ ആനന്ദം തരുന്നുണ്ട്.

രക്തനിറമുള്ള ഓറഞ്ചിലും ഡച്ച് ബംഗ്ലാവിലെ പ്രേത രഹസ്യത്തിലൊക്കെ കഥ സ്വഭാവികമായും പല നിഗൂഢതകളിലും സർ റിയൽ എന്ന് ഒക്കെ വിളിക്കാവുന്ന തലങ്ങളിലും എല്ലാം സഞ്ചരിക്കുന്നുണ്ട്. മറ്റ് പല രചനകളിലും അതുണ്ട്. എന്നാൽ അത് സാധാരണ അർത്ഥത്തിലുള്ള മിസ്റ്ററി ത്രില്ലറോ നമുക്ക് പരിചിതമായ ഗോസ്റ്റ് സ്റ്റോറികളോ ഒന്നുമല്ല താനും. അത് ഒരു ഴോണറായി പരീക്ഷിക്കുന്നതാണോ?

പരീക്ഷണമല്ല. വന്നു ഭവിക്കുന്നതാണ്. ഒരുമ്പെട്ട കഥാപാത്രങ്ങളാണ്. അവരെ അടക്കിനിർത്താൻ പാടാണ്. എന്റെയും നിയന്ത്രണത്തിലല്ല. അതാണതിന്റെ രസം.എന്നെയും കൊണ്ടോടുന്ന കഥാപാത്രങ്ങളുടെ പിറകെ ഓടാൻ ഇഷ്ടമാണ്. അവരെന്നെ എങ്ങോട്ട് ്കൊണ്ടോടുമെന്ന് എനിക്ക് ഉറപ്പില്ല. കയറേ എന്റെ കയ്യിലുള്ളൂ. സ്വാതന്ത്ര്യം ഏറെക്കുറേ അവരുടെ കയ്യിലാണ്. കഴിയുന്നതും ഞാൻ പിടിച്ചു വലിക്കാറില്ല. ഒരു തമാശയുണ്ട്. ഇപ്പോൾ ഖണ്ഡശഃ എഴുതിക്കൊണ്ടിരിക്കുന്ന നോവലുണ്ട്. ഓർഡിനറി സിനിമയൊക്കെ എഴുതിയ എന്റെ സുഹൃത്ത് മനുപ്രസാദ് ആണ് നായകൻ. ഞാൻ മനുവിനോടും പറഞ്ഞു. നല്ല പേരാണ് നിങ്ങളുടേത്. അത് ഉപയോഗിക്കുന്നു. പക്ഷേ ഇതെഴുതുമ്പോ കഥ പത്താം അധ്യായത്തിൽ നിൽക്കുമ്പോ, നായകൻ ആ സ്വരൂപത്തിൽ നിൽക്കുന്നില്ല. അയാളുടെ ഷെയ്ഡ് ഗ്രേ ആയി മാറുകയാണ്. അയാൾ വില്ലനിലേയ്ക്കാണോ കൊടുംനായകനിലേയ്ക്കാണോ പോകുന്നത് എന്നെനിക്ക് ഇപ്പോഴറിയില്ല. എഴുത്തുകാരൻ അജയ് പി. മങ്ങാട് എന്റെ ‘അമ്മിണിപ്പിള്ള വെട്ടുകേസ്’ എന്ന പുസ്തകത്തിനെഴുതിയ മുഖക്കുറിപ്പിൽ ‘കഥാപാത്രങ്ങൾ സ്വയം വിടുതൽ തേടി സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന’ എന്റെ എഴുത്തുപ്രക്രിയയെ കുറിച്ച് പറയുന്നുണ്ട്. എനിക്കേറെ ഇഷ്ടപ്പെട്ട കുറിപ്പാണ് അത്. കഥാപാത്രങ്ങൾ കാര്യകാരണസഹിതം സ്വയം ഘടന രൂപകൽപന ഉണ്ടാക്കുന്നതും സ്വയം ചിട്ടപ്പെടുത്തി കഥയെ വികസിപ്പിക്കുന്നതുമായ ആ പ്രക്രിയ നിഗൂഡമാണ്. എനിക്ക് ക്രമമായേ എഴുതാൻ പറ്റൂ. ഇടയ്ക്കു നിന്ന് ഒരു ചാപ്ടർ എഴുതി നോക്കാൻ പറ്റില്ല. ഓരോ സ്വഭാവങ്ങൾ. നിഗൂഢതയല്ല, പ്രകൃതി സ്വയം നിറച്ച് നിറഞ്ഞ് മുന്നേറുന്ന ഴോണറാണ്. അതിന് പേരിട്ടിട്ടില്ല.

സിനിമയിലേയ്ക്ക് തിരിച്ച് വന്നാൽ ഒറ്റക്കയ്യൻ ഒരു പരീക്ഷണമായിരുന്നു. സ്വന്തമായി സംവിധാനം ചെയ്തു. തമാശ റോളുകൾ ചെയ്തിരുന്ന ഹരിശ്രീ അശോകനെ ഗൗരവപ്പെട്ട റോൾ ചെയ്യിച്ചു. പക്ഷേ പിന്നീട് സംവിധാനം ചെയ്തില്ല. അതേസമയം തിരക്കഥകളിലേയ്ക്ക് കടന്നു. ഇപ്പോൾ എഴുത്തിന്റെ ലോകത്തെന്ന പോലെ സിനിമ ലോകത്തും വലിയ സാന്നിധ്യമാണല്ലോ, വീണ്ടും സംവിധാനം ആലോചിക്കുന്നുണ്ടോ?

ഇല്ല. സിനിമയെന്റെ സ്വപ്നമോ പാഷനോ ഒന്നുമല്ല. ഈ ജന്മം സംവിധാനം ഇനി ചെയ്യുമെന്നും കരുതുന്നില്ല. ആദ്യം ചെയ്തത് തന്നെ യാദൃശ്ചികമായിരുന്നു. സന്തോഷ് ഏച്ചിക്കാനവും സുഹൃത്തുക്കളും ചേർന്ന് ഒരു സിനിമ ചെയ്തു. ഞങ്ങളുെട പച്ചയൗവനകാലം. സന്തോഷിന്റെ കളങ്കമില്ലാത്ത സ്വഭാവത്തെ എനിക്കും അന്നുമിന്നും ഇഷ്ടമാണ്. സന്തോഷുമായി സംസാരിക്കുമ്പോ ഒരു വാചകം വന്നു: ഇപ്പോ എല്ലാ സിനിമയ്ക്കും 12 ലക്ഷം രൂപ സാറ്റലൈറ്റ് കിട്ടുമെടാ. ഞാൻ ചോദിച്ചു: എന്നാ പിന്നെ 12 രൂപക്കകത്ത് ഒരു പടമെടുത്താ പോരേ.

അങ്ങനെ ചെയ്തതാണ്. രണ്ടുമൂന്ന് സ്റ്റേറ്റ് അവാർഡൊക്കെ വന്നപ്പോ ഞാൻ അന്തംവിട്ടു. അത് കഴിഞ്ഞു. പിന്നെയും സിനിമ ഇങ്ങോട്ടു വന്നതാണ്. ചെറുപ്പക്കാർക്കൊപ്പം വർക്ക് ചെയ്യുന്നത് രസമാണ്. നമുക്ക് കോൺട്രിബ്യൂട്ട് ചെയ്യാൻ പറ്റും. ചിലയിടങ്ങളിൽ സാധാരണ തിരക്കഥാകൃത്തുക്കൾ ചെയ്യുന്നതിനപ്പുറം. ചിലപ്പോൾ അതിന് താഴെ. അവിടെ പരസ്പരസഹായം കിട്ടും. സാവകാശം കിട്ടും. സാമ്പത്തികവും പ്രശ്നമാണല്ലോ. പക്ഷേ എനിക്കിങ്ങനെ സാഹിത്യത്തിന് വേണ്ടി അലഞ്ഞുതിരിയാൻ അത്യാവശ്യം നല്ല കാശുചെലവ് ഉണ്ട്. ജോലിയും ഇതിനായി ഉപേ

ക്ഷിച്ചല്ലോ. ഇതു വരെ അങ്ങനെ തോന്ന്യാസം കളിച്ച് അലയാൻ സിനിമ സഹായിച്ചു. ഞാൻ കിട്ടുന്നതെല്ലാം ഇടുന്നത് സാഹിത്യത്തിലാണ്. പുതിയ കണ്ടന്റ് ഉണ്ടാക്കുന്നതിലാണ്.

ശംഖുമുഖി കാപ്പയായി, അമ്മിണി പിള്ള വെട്ട് കേസ് ഒരു തെക്കൻ തല്ലു കേസായി. വിലായത്ത് ബുദ്ധ സിനിമയാകുന്നു. ‘നാലഞ്ച് ചെറുപ്പക്കാർ സിനിമയായി. പടിഞ്ഞാറെ കൊല്ലം സിനിമയാകുന്നുവെന്ന് വാർത്തകളുണ്ടായിരുന്നു. സിനിമ എഴുത്ത് എങ്ങനെയുണ്ട്? പലപ്പോഴും സ്വന്തം രചനകൾ തിരക്കഥയിലേയ്ക്ക് മാറുമ്പോൾ പലതും മാറ്റേണ്ടി വരുമല്ലോ. ആ പ്രോസസ് ഈസിയാണോ?

കഥ എന്റേതാണ്. എന്റെ കഥ തന്നെ തിരക്കഥയാകുമ്പോൾ അതിലുള്ളതെല്ലാം എന്റേതാണെന്ന് ശഠിക്കാൻ വയ്യ. കാലം അതാണ്. സീൻ രൂപീകരിക്കുന്നിടത്ത് നടീനടന്മാരുടെയും സംവിധായകരുടെയുമൊക്കെ ക്രിയേറ്റിവിറ്റി കലരും. സംഭാഷണങ്ങളിൽ മാറ്റം വരാം. കഥാഗതിക്ക് വേഗം കൂട്ടാനോ കയ്യടി കിട്ടാനോ നമ്മളുടെ അറിവില്ലാതെ തന്നെ രംഗങ്ങൾ ചേർത്ത അനുഭവമുണ്ട്. അഥവാ നമ്മൾ വടിയുമായി സദാ സെറ്റിലുണ്ടാകണം. അതിന് സാവകാശമില്ല. അപ്പോൾ കുറ്റം പറയാതിരിക്കുന്നതാണ് നല്ലത്. പൊന്മാന്റെ കാര്യത്തിലാണ് അപവാദം. അതിലെ സംഭാഷണം എന്റെ പേരിലാണ്. പുസ്തകത്തിലെ മിക്ക നല്ല സംഭാഷണവും സിനിമയിലുണ്ട്. നിങ്ങൾ കേട്ട സംഭാഷണത്തിൽ 90ശതമാനത്തിലേറെയും ഞാനെഴുതിയതു തന്നെ.

വ്യക്തമായ കക്ഷിരാഷ്ട്രീയം ഇന്ദുഗോപന്റെ എഴുത്തിൽ അങ്ങനെ പ്രതിഫലിക്കാറില്ലെങ്കിലും ഒരു സാമൂഹ്യരാഷ്ട്രീയ ഉത്കണ്ഠ പലപ്പോഴും അടിത്തട്ടിലുണ്ട്. നാലഞ്ച് ചെറുപ്പക്കാരിൽ സ്ത്രീധനം പോലെ. അതുപോലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ചില മിന്നലുകൾ കഥാപാത്രങ്ങളിലും കാണാം. പൊൻമാനിൽ ‘പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെടുന്ന, എന്നാൽ പാർട്ടി​ക്ക് വേണ്ടി ജീവിക്കുന്ന ഒരു ചെറുപ്പക്കാര​നെ കാണാം. അയാൾ നമുക്ക് ഏത് നാട്ടുകാർക്കും പരിചിതനാണ്. അത്രമാത്രം പാർട്ടിപ്രവർത്തകരെ നിരീക്ഷിക്കാറുണ്ടോ? പൊതുരാഷ്ട്രീയ ഉത്കണ്ഠകൾ വ്യക്തിയെന്ന നിലയിലും എഴുത്തുകാരനെന്ന നിലയിലും ഉണ്ടോ? ദേശീയരാഷ്ട്രീയത്തിലെ പരിണാമങ്ങളൊക്കെ അലട്ടാറുണ്ടോ?

രാഷ്ട്രീയം എഴുത്തുകാരനുണ്ട്. മാനവികതയും മതേതരത്വവും ഉയർത്തിപ്പിടിക്കുന്നവരാണ് കേരളത്തിലെ എഴുത്തുകാർ. ചെറിയ കാര്യമല്ല. പക്ഷേ കക്ഷിരാഷ്ട്രീയം പ്രകടമാകരുതെന്ന വിശ്വാസിയാണ് ഞാൻ. കാരണം കഥാപാത്രങ്ങൾ നേരത്തേ പറഞ്ഞതു പോലെ എഴുത്തുകാരന്റെ അടിമകളല്ല. നിങ്ങൾ പ്രകടമായി പറഞ്ഞ സ്വന്തം കക്ഷിരാഷ്ട്രീയം കഥാപാത്രത്തന്റേതോ, രചയിതാവിന്റേതോ എന്ന കൺഫ്യഷൻ വായനക്കാർക്ക് ഉണ്ടാകാൻ പാടില്ല. മാത്രവുമല്ല, രചയിതാവ് സമൂഹത്തെ, അപ്പോൾ അതിൽ പങ്കെടുത്തു കൊണ്ടിരിക്കുന്ന രാഷ്ട്രീയകക്ഷികളെ സൂക്ഷ്മമായി ക്രിയാത്മകമായി വിമർശിച്ച് നിർമലീകരിക്കാനൊക്കെ ശ്രമിച്ചെന്നിരിക്കും. അങ്ങനെയാണ് എഴുത്തുകാരൻ നിൽക്കേണ്ടതെന്ന് കക്ഷിരാഷ്ട്രീയക്കാർ പോലും വിശ്വസിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു. ഞാൻ ഒരു രാഷ്ട്രീയപാർട്ടിക്കു വേണ്ടി സംസാരിക്കുന്നത്, ആ രാഷ്ട്രീയപാർട്ടിയിലെ എന്റെ നല്ല വായനക്കാർ കൂടി അംഗീകരിക്കുമെന്ന് തോന്നുന്നില്ല. നമ്മുടെ പണി അതല്ല. എനിക്ക് കൃത്യമായ രാഷ്ട്രീയബോധ്യങ്ങൾ ഉണ്ട്; കുട്ടിക്കാലം മുതൽ തന്നെ. മറ്റൊന്ന് മതം; അത് ഒരിക്കലും ജീവിതത്തിൽ ഇല്ല. അടിസ്ഥാനവർഗമനുഷ്യരാണ് എന്റെ മിക്ക കഥകളിലും. രാഷ്ട്രീയത്തിൽ ഒരു കാര്യമുണ്ട്. മതേതര ജനാധിപത്യപാർട്ടികൾ പ്രകടമായ അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ തന്നെ പരസ്പരം സഹകരിക്കാനും സംവദിക്കാനും ഇടം കണ്ടെത്തണം. ത്രികോണ മൽസരങ്ങളിലെ നേട്ടം മതാധിഷ്ടിത പാർട്ടികൾക്കാണ്. മതേതരജനാധിപത്യകക്ഷികളുടെ വോട്ട് പിളർന്ന്, അതിനിടയിലൂടെ മതത്തിന്റെ പേരിലുള്ള പാർട്ടികൾ കടന്നു വരുന്നത് ആശങ്കാജനകമാണ്. സ്നേഹവും കരുതലുമാണ് എഴുത്തിന്റെ, എഴുത്തുകാരുടെ അടിത്തറയെന്ന നിലയിൽ ഇത് വിഷമമുണ്ടാക്കുന്നതാണ്.

Author Photo
ജി.ആര്‍. ഇന്ദുഗോപന്‍

നോവലിസ്റ്റ്, ചെറുകഥാകൃത്ത്

qacheck17@gmail.com

Review overview
NO COMMENTS

POST A COMMENT