പുതുമകളുടെ ഒരു മാർപാപ്പ
പലരും ശ്രദ്ധിക്കാത്തതും വളരെ ശ്രദ്ധേയവുമായ ഒരു വ്യത്യാസം ഫ്രാൻസിസ് മാർപാപ്പ കൊണ്ടുവന്നു. മനുഷ്യന്റെ ഏറ്റവും ധാർമ്മികവും പ്രമുഖവുമായ ഇന്ദ്രിയം കണ്ണല്ലയെന്നും അത് കാതാണെന്നും അദ്ദേഹം വ്യക്തമാക്കി. ബൈബിളിന്റെ സന്ദേശം കാണാനല്ല, കേൾക്കാനാണ്.
ഒരു വ്യാഴവട്ടം പാപ്പാസ്ഥാനത്തിരുന്നു കാലം ചെയ്ത കത്തോലിക്കാസഭയുടെ 266-ാമത്തെ മാർപാപ്പയാണ് ഫ്രാൻസിസ്. ധാരാളം പുതുമകളുള്ള ഒരു ചരിത്രം അദ്ദേഹത്തിനുണ്ട്. സഭയുടെ 1200 വർഷങ്ങളുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് യൂറോപ്പുകാരനല്ലാത്ത ഒരാൾ പാപ്പാസ്ഥാനത്തു വരുന്നത്. അർജന്റീനക്കാരനായ അദ്ദേഹമാണ് ഫ്രാൻസിസ് എന്ന പേര് സ്വീകരിക്കുന്ന ആദ്യത്തെ മാർപാപ്പ. ഒരു ഈശോസഭാക്കാരൻ മാർപാപ്പ യാകുന്നതും ഇദ്ദേഹത്തിലാണ്. ഇതെല്ലാം ചരിത്രത്തിലെ പുതുമകളാണെങ്കിൽ അദ്ദേഹം പുതുമകൾ സൃഷ്ടിച്ച ചരിത്രമുള്ള വ്യക്തിയാണ്. വിശുദ്ധ അഗസ്റ്റിൻ തന്റെ ‘ദൈവ നഗരം’ എന്ന പുസ്തകത്തിൽ എഴുതി, “പുതുമയുണ്ടാക്കാൻ മനുഷ്യൻ സൃഷ്ടിക്കപ്പെട്ടു.” പഴമ ആവർത്തിക്കാനല്ല, പുതുമയുണ്ടാക്കാൻ കഴിയുന്നവനാണ് മനുഷ്യൻ. ഈ മാർപ്പാപ്പ വത്തിക്കാൻ കൊട്ടാരത്തിൽ പ്രവേശിക്കാതെ പുറത്തു താമസിച്ചു. പാപ്പാസ്ഥാനത്തിന്റെ കുഷ്ഠമാണ് അരമന എന്നു പറയാൻ ധൈര്യപ്പെട്ടു. മാർപാപ്പയെ വഞ്ചിച്ച് ബിഷപ്പും കർദിനാളുമായ വ്യക്തിയെക്കുറിച്ച് വത്തിക്കാൻ രചിച്ച റിപ്പോർട്ട് ചരിത്രത്തിലാദ്യമായി മാർപാപ്പ അംഗീകരിച്ച് പ്രസിദ്ധീകരിച്ചു; അധികാരമോഹത്തിന്റെ ചരിത്രം ആവർത്തിക്കാതിരിക്കാൻ.
പലരും ശ്രദ്ധിക്കാത്തതും വളരെ ശ്രദ്ധേയവുമായ ഒരു വ്യത്യാസം ഫ്രാൻസിസ് മാർപാപ്പ കൊണ്ടുവന്നു. മനുഷ്യന്റെ ഏറ്റവും ധാർമ്മികവും പ്രമുഖവുമായ ഇന്ദ്രിയം കണ്ണല്ലയെന്നും അത് കാതാണെന്നും അദ്ദേഹം വ്യക്തമാക്കി. ബൈബിളിന്റെ സന്ദേശം കാണാനല്ല, കേൾക്കാനാണ്. മൂന്നാമത്തെ കുരിശുയുദ്ധത്തിൽ നിയന്ത്രണ രേഖ ലംഘിച്ച് അങ്ങേ വശത്തെ സുൽത്താൻ സലാദിനെ കണ്ട് സൗഹൃദം സ്ഥാപിച്ച വിശുദ്ധ ഫ്രാൻസിസിന്റെ പേരാണ് ജോർജ് ബർഗോളിയോ പാപ്പാസ്ഥാനത്തിന് സ്വീകരിച്ചത്. അതിൽ നിന്നുണ്ടായ മറ്റൊരു പുതുമയാണ് ഖത്തറിലേക്കുള്ള രണ്ട് യാത്രകളും, ഇസ്‌ലാം മതവുമായി ഉണ്ടാക്കിയ സൗഹൃദ ഉടമ്പടിയും. നാഗരികതയുടെ യുദ്ധം എന്ന സങ്കല്പത്തെ മറികടക്കുന്ന പ്രവർത്തനങ്ങളുമാണിവ.
പഴയ നിയമത്തിന്റെ ദൈവത്തിന്റെ അടിസ്ഥാന വചനം “ഇസ്രായേലേ കേൾക്കുക” എന്നതാണ്. ആവർത്തന പുസ്തകത്തിൽ മാത്രം 92 തവണകളിലാണ് ഇത് ആവർത്തിക്കുന്നത്. ഫ്രാൻസിസ് മാർപാപ്പ ആവശ്യപ്പെടുന്നത് കേൾവിയുടെ മനുഷ്യരാകാനാണ്. അടിസ്ഥാനപരമായി കേൾവിയാണ് അജപാലനത്തിന്റെ താക്കോൽ. അദ്ദേഹത്തിന്റെ മുദ്രാവാക്യത്തിന്റെ പ്രമേയം ക്രിസ്തുവിനെ തെരഞ്ഞെടുത്ത താൻ കരുണ ലഭിച്ചവനാണ് എന്നതാണ്. ദൈവത്തിന്റെ പേര് ഫ്രാൻസിസ് മാർപാപ്പയ്ക്കു ‘കരുണ’ എന്നതാണ്. ഈ മാർപാപ്പയുടെ മറ്റൊരു പ്രത്യേകത അദ്ദേഹം തത്വചിന്തയോ ദൈവശാസ്ത്രമോ അല്ല പ്രധാനമായി കാണുന്നത്, അദ്ദേഹത്തോട് അടുത്തുനിൽക്കുന്നത് ജർമ്മൻ കവിയായ ഹെൽഡർലീനും റഷ്യൻ നോവലിസ്റ്റായ ദെസ്തയെവ്സ്കിയുമാണ്. കലയോടും കാവ്യത്തോടും അടുത്തവസിക്കുന്ന ഒരു മാർപാപ്പ. 2015-16 അദ്ദേഹം കരുണയുടെ വർഷമായി പ്രഖ്യാപിച്ചു. ഈ കരുണയെ ‘കാതിന്റെ സുവിശേഷ പ്രവർത്തനം’ (Apostolate of the ear) എന്ന് അദ്ദേഹം വിളിച്ചു. അദ്ദേഹം വ്യക്തമായി പറഞ്ഞു, “അനുഗ്രഹം വർഷിക്കുമ്പോൾ ക്രിസ്തു സന്നിഹിതനാകുന്നു, കാർക്കശ്യം പിടിക്കുമ്പോൾ സഭാശുശ്രൂഷകരേയുള്ളൂ ക്രിസ്തു അസന്നിഹിതനാണ്.” രാഷ്ട്രീയം സഭയെ കീഴടക്കുന്ന അപകടം അദ്ദേഹം കാണുന്നു. മറിച്ച്, സഭ സംഭാഷണ വഴി (Synodality) യിലാകണം. അത് പരസ്പരം കേൾക്കലാണ്, പിന്നിൽ നടക്കുന്ന ഗൂഢാലോചനയല്ല. അത് കേൾവിയിൽ നിന്നുള്ള വിവേചനയാണ് വോട്ട് പിടുത്തമല്ല, പ്രാർത്ഥനയാണ് ശ്രദ്ധയും ശ്രവണവും. അത് ഒരിക്കലും രാഷ്ട്രീയമല്ല. ഈ മാർപ്പാപ്പ ചരിത്രത്തിൽ അറിയപ്പെടാൻ പോകുന്നത് സഭയിലെ അധികാരത്തെ അഴിച്ചു പണിത നേതാവ് എന്ന വിധത്തിലായിരിക്കും. സാധാരണ വിശ്വാസിയുടെ ദൈവശാസ്ത്രവുമായി ജീവിച്ച മാർപാപ്പ, അതാണ് സിനഡാലിറ്റികൊണ്ട് അർഥമാക്കിയത്. അത് സഭയുടെ സംഭാഷണ വഴിയായിരുന്നു. 2024 ഒക്ടോബർ 27-ന് അവസാനിച്ച സിനഡാലിറ്റിയെ സംബന്ധിച്ച വത്തിക്കാൻ സിനഡിൽ 368 പേർ പങ്കെടുത്തു. മെത്രാന്മാരുടെ ഈ സിനഡിൽ 272 പേർ മെത്രാന്മാരും 96 മെത്രാന്മാരല്ലാത്തവരുമായിരുന്നു. ഇതിൽ മെത്രാനല്ലാത്തവർക്കും വോട്ടവകാശമുണ്ടായിരുന്നു. ഇന്ത്യയിൽ നിന്ന് പത്തു മെത്രാൻമാരെങ്കിലും അതിൽ പങ്കെടുത്തു. ഇതിന്റെ എല്ലാ പ്രമേയങ്ങളും മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ പാസാക്കിയവയാണ്. ഈ രേഖ മാർപാപ്പയ്ക്കു സമർപ്പിക്കുകയും, മാർപാപ്പ അത് പൂർണ്ണമായി അംഗീകരിച്ച് പ്രസിദ്ധീകരിക്കുകയും ചെയ്തു. “സംഭാഷണത്തിലൂടെയല്ലാതെ ബലപ്രയോഗത്തിലൂടെ സംഘർഷങ്ങൾ പരിഹരിക്കുന്ന പ്രലോഭനത്തെക്കുറിച്ചു” രേഖ പറയുന്നു. ഈ സംഭാഷണശൈലി ദെസ്തയെവ്സ്കിയുടെ നോവലുകളിലെ ബഹുസ്വരതയുടെ മാർഗമായി പ്രകീർത്തിച്ചിട്ടുള്ളത് മിഖായേൽ ബക്ത്തീൻ എന്ന റഷ്യൻ ചിന്തകനാണ്. ഫ്രാൻസിസ് മാർപാപ്പയെ വളരെ സ്വാധീനിച്ച സംഭാഷണത്തിന്റെ ചിന്തകനായിരുന്ന ബെർലിൻ സർവകലാശാലയിൽ പഠിപ്പിച്ചിരുന്നതും, നാസികൾ പുറത്താക്കിയതുമായ ജർമ്മൻ ചിന്തകൻ റൊമാനോ ഗർദ്ദീനി. അദ്ദേഹം ബക്ത്തീൻ കൃതികൾ ഗൗരവമായി പഠിച്ചിട്ടുള്ള വ്യക്തിയാണ്. വൈദികാധിപത്യം ഒഴിവാക്കി വൈദികരും മെത്രാന്മാരും വിശ്വാസികളും വിശ്വാസത്തിന്റെ സമത്വത്തിൽ പരസ്പര സംഭാഷണത്തിന്റെ വഴിയിലൂടെ അധികാരത്തെ മനസ്സിലാക്കണമെന്നും അതു കേൾവിയുടെയും വിവേചനയുടെയും സംഭാഷണവഴിയുമായിരിക്കണമെന്നും വ്യക്തമാക്കുന്നു. സ്ത്രീപുരുഷ സമത്വത്തെക്കുറിച്ച് വ്യക്തമായി പറയുന്ന ഈ രേഖ മെത്രാന്മാർ അപ്പസ്തോലന്മാരുടെ പിൻഗാമിയാണ് എന്ന് പറയുന്നില്ല. പുനരുത്ഥാനത്തിന്റെ സാക്ഷിയായ മഗ്ദലേന മറിയത്തെ അപ്പസ്തോലന്മാരുടെ അപ്പസ്തോല എന്ന് വിളിക്കുന്നു. സ്ത്രീകൾക്ക് ഡീക്കൻ പട്ടം കൊടുക്കണം എന്നതിനെക്കുറിച്ച് സാധകമായി ചിന്തിക്കുന്ന രേഖ അതിൽ ഒരു തീരുമാനം എടുത്തിട്ടില്ല. സ്വവർഗാനുരാഗികളുടെ വിവാഹത്തിന് ആരാധനക്രമപരമല്ലത്ത ആശിർവാദം കൊടുക്കാം എന്നത് മാർപാപ്പ അംഗീകരിച്ചിട്ടുള്ളതാണ്. കോൺസ്റ്റന്റൈൻ ചക്രവർത്തി സാമ്രാജ്യവും കിരീടവുംസഭയ്ക്കു നൽകി എന്ന അധികാര ബോധമാണ് സഭയിൽ ചിലർ വച്ചുപുലർത്തുന്നത് എന്നുള്ള കാഴ്ചപ്പാടിന്റെ പൊളിച്ചെഴുത്താണ് മാർപാപ്പ നടത്തിയത്.
എന്നാൽ ഫ്രാൻസിസ് മാർപാപ്പയുടെ ഈ നടപടികൾക്കും സമീപനങ്ങൾക്കുമെതിരായ ശക്തമായ യാഥാസ്ഥിതക വിമർശനം സഭയിൽ വ്യാപകമായി നിലനിൽക്കുന്നു. എന്നാൽ പ്രസിഡണ്ട് ട്രംബിന്റേതു പോലെ ശക്തൻ സത്യധർമ്മങ്ങൾ ഏകപക്ഷീയമായി തീരുമാനിച്ച് സാധാരണക്കാരെ ചങ്ങലയ്ക്കിടുന്ന സമീപനത്തെ അർഥശങ്കയില്ലാതെ വിമർശിച്ച് അമേരിക്കൻ മെത്രാൻമാർക്ക് എഴുതിയ ലോക മനസ്സാക്ഷിയുടെ ശബ്ദമായിരുന്നു ഫ്രാൻസിസ് മാർപാപ്പ.

