Home / ഫാഷൻ  / സിനിമയിലെ ഉടുപ്പുകൾ, ജീവിതത്തിന്റെ നിറങ്ങൾ

സിനിമയിലെ ഉടുപ്പുകൾ, ജീവിതത്തിന്റെ നിറങ്ങൾ

ബോളിവുഡ് സിനിമാ കാസറ്റുകളിൽ കണ്ട നായികമാരുടെ നിറപ്പകിട്ടുള്ള വസ്ത്രങ്ങളെ കൗതുകത്തോടെയും മോഹത്തോടെയും നോക്കി നിന്ന പെൺകുട്ടി വളർന്ന്, സംസ്ഥാന സർക്കാരിന്റെ ചലച്ചിത്ര അവാർഡ് വേദിയിൽ തിളങ്ങി നിൽക്കുന്നു. ഇക്കൊല്ലത്തെ മികച്ച വസ്ത്രാലങ്കാരത്തിനുള്ള അവാർഡ്. സിനിമയിൽ വസ്ത്രങ്ങൾ വെറും വേഷപ്പകിട്ടുകളല്ല,സിനിമ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തിനും ആശയത്തിനും കരുത്തേകുന്ന വിനിമയ സാധ്യതയാണെന്ന്

Femina Jabbar

ഫാഷനിലേക്കും സിനിമയിലേക്കും എങ്ങനെ എത്തി എന്നു ചോദിച്ചാൽ ഇത് രണ്ടും എന്നെ തിരഞ്ഞെടുത്തു എന്നു മാത്രമേ പറയാൻ പറ്റുന്നുള്ളൂ. സിനിമയും,മാഗസിനുകളിലെ ഫാഷൻ പേജുകളും അത്ഭുതത്തോടെ കണ്ട് വളർന്ന ഒരു പെൺകുട്ടി. അവളുടെ വിചാരത്തിൽ സിനിമ എന്നത് ഏതോ മെറ്റാവേഴ്സ് ആണ്. ഇന്ന് സിനിമയിൽ നിവർന്ന് നിന്ന് ഇതെന്റെ ഇടമാണെന്ന് ഓരോ ദിവസവും ആത്മവിശ്വാസത്തോടെ കാലുറപ്പിക്കുന്നത് അവൾക്കുതന്നെ അവിശ്വസനീയമായ ഒരു ഫെയറി ടെയിൽ ആണ്.

സിനിമയോട് അടുപ്പിക്കുന്നത് ഉമ്മയാണ്. കോ-ഓപ്പറേറ്റ് ബാങ്കിൽ ചീഫ് അക്കൌണ്ടന്റായിരുന്ന ഉമ്മ ഞായറാഴ്ചകളിലും അവധി ദിവസങ്ങളിലും മുടങ്ങാതെ തിയറ്ററുകളിൽ കൊണ്ടുപോയി സിനിമ കാണിച്ചു തരും. അതോർക്കുമ്പോൾ ജനിച്ചു വളർന്ന സ്വന്തം നാടിനോട്, ചാവക്കാടിനോട് എനിക്ക് ഒടുങ്ങാത്ത നന്ദിയുണ്ട്. സിംഗിൾ പാരന്റായിരുന്ന, ഒരു ഇടത്തരം മുസ്‌ലിം വീട്ടിലെ അംഗമായിരുന്ന ഉമ്മയ്ക്ക് പകൽ പെണ്മക്കളേയും, അനിയത്തിമാരേയും, നാത്തൂന്മാരെയും കൂട്ടി സിനിമയ്ക്ക് പോകാനോ, തിയറ്ററിൽ ക്യൂ നിന്ന് ടിക്കറ്റ് എടുക്കാനോ ഇന്ന് നിലവിലുള്ള മത സാമൂഹിക വിലക്കുകളൊന്നും ഇല്ലായിരുന്നു. ഉമ്മ എല്ലായിടത്തും ബഹുമാനിക്കപ്പെട്ടിരുന്ന സ്വീകരിക്കപ്പെട്ടിരുന്ന ഒരു വ്യക്തിയായിരുന്നു. തനിക്ക് ആ‍വശ്യം ഉള്ള ഒരു വ്യവസ്ഥിതി നിലവിൽ ഇല്ലെങ്കിൽ അത് സ്വന്തമായി സൃഷ്ടിച്ചെടുക്കാനും, നിന്നെക്കൊണ്ട് കഴിയൂല്ല എന്ന് പറഞ്ഞ് എവിടെ നിന്നെങ്കിലും ആരെങ്കിലും മാറ്റി നിർത്തിയാൽ അതൊരു പത്ത് പ്രാവശ്യം ചെയ്ത് കാണിച്ച് പറഞ്ഞവരെ നോക്കി ചിരിക്കാൻ പ്രത്യേക കഴിവുള്ള ആളായിരുന്നു ഉമ്മയും.

 ബോധപൂർവ്വമുള്ള തിരഞ്ഞെടുപ്പൊന്നും ആയിരുന്നില്ല ഫാഷൻ. അന്നത്തെ ബോംബേയിൽ ബന്ധുക്കൾ ഉണ്ട്. അവർ വഴീയോ ഗസൽ പ്രേമി ആയ വെല്ലിപ്പ വഴിയോ ഓർമ്മ വച്ച കാലം മുതൽ വീട്ടിൽ ഹിന്ദി സിനിമാ ഗാനങ്ങളും, ഗസലുകളും ആണ് അധികം കേൾക്കുന്നത്. പിന്നെപ്പിന്നെ ആഴ്ചയിൽ ഒരിക്കൽ ഉള്ള ചിത്രഹാർ, പത്ത് രൂപ കൊടുത്താൽ വാടകയ്ക്ക് കിട്ടുന്ന ബോളിവുഡ് സിനിമാ കാസറ്റുകൾ. നായികമാരുടെ ഭംഗിക്കൊപ്പം മനസ്സിൽ കയറിപ്പറ്റിയത് അതിലെ ഉടുപ്പുകളൂം, ആഭരണങ്ങളുമാണ്. പിയാനോയിൽ വിരലോടിച്ച് കടൽ അതിന്റെ അനന്തതയിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന അതിശയങ്ങളേക്കാൾ അഗാധമാണ് എന്റെ പ്രണയമെന്ന് ദൈവനാമത്തിൽ സാക്ഷ്യപ്പെടുത്തുമ്പോൾ മാധുരി ദീക്ഷിത് ഇട്ടിരുന്ന പച്ചയും മജന്തയും ടോപ്പ്, ജൂഹി ചൌളയുടെ നീലച്ചുരിദാർ, കരീഷ്മയുടെ കടും വയലറ്റ് അനാർക്കലി, പൂജാബട്ട് ഇടുന്ന സ്മാർട്ട് പാവാടകൾ, ശ്രീദേവിയുടെ ടീൽ ബ്ലൂ സാരി, മീനാക്ഷി ശേഷാദ്രി ഇട്ട ബ്ലാക്ക് ലെഹംഗ, ഭാഗ്യശ്രീയുടെ പച്ചയും മജന്തയും ഗാഗ്ര. ഇതെല്ലാം കാണാൻ വേണ്ടി കാസറ്റ് വീണ്ടും വീണ്ടും ഇടും. “അതിന്റെ ഓലയെങ്ങാൻ പൊട്ടിയാൽ“ എന്നൊരു ഭീഷണീ ഇടയ്ക്ക് അടുക്കളയിൽ നിന്ന് വരും.

18 വയസ്സിലാണ് കല്യാണം. പിന്നെ മുന്നോട്ട് സ്വപ്നങ്ങൾ ഒന്നും ഇല്ല. അതിലെന്തു സംഭവിക്കുന്നു എന്നത് ആക്സപ്റ്റ് ചെയ്തു ജീവിക്കാൻ പ്രോഗ്രാംഡ് ആണ് ഇന്നത്തെ നാൽപ്പതുകാരായ അന്നത്തെ പതിനെട്ടുകാരികൾ. ഭാഗ്യം ഉണ്ടെങ്കിൽ ജീവിതം നന്നാകും, ഇല്ലെങ്കിൽ ഭാഗ്യക്കേട് പെൺകുട്ടിയുടെ മാത്രമാണ്. ഭാഗ്യവും ഭാഗ്യം ഇല്ലായ്മയും ആപേക്ഷികം ആണെന്നൊക്കെ മനസ്സിലാക്കാൻ സമയം പിന്നേയും എടുത്തു.

മകൻ ജനിച്ചപ്പോഴും ജീവിതത്തിന് വലിയ വ്യത്യാസം ഒന്നും ഇല്ല. ലോകം അവൻ മാത്രമായി. സന്തോഷം മാത്രമേ ഉള്ളു അന്ന് അതിലൊക്കെ. രണ്ട് വർഷം കഴിഞ്ഞു മകൾ ജനിച്ചു കഴിഞ്ഞപ്പോൾ ആണ് ക്ലിനിക്കൽ ഡിപ്രഷനിലേക്ക് പോകുന്നത്. അതിൽ നിന്ന് ജീവിതം തിരിച്ച് പിടിക്കാനുള്ള ശ്രമങ്ങളായിരുന്നു പിന്നീട്.

മുടങ്ങിപ്പോയ പഠനം തുടരാൻ ഉള്ള തീരുമാനം ആയിരുന്നു ആദ്യം. എന്നിട്ട് എന്തു ചെയ്യും എന്നൊന്നും അന്ന് ഒരു പിടിയുമില്ല. പിന്നീടാണ് എഴുത്തിലേക്ക് തിരിയുന്നത്. ആദ്യം എഴുതിയ നോവൽ ഡിസി ആണ് പബ്ലിഷ് ചെയ്യുന്നത്. ആ സമയത്ത് ഓൺലൈൻ ബുട്ടിക്കുകളുടെ സുവർണ്ണകാലമാ‍ാണ്. രാവും പകലും ആ പേജുകളിൽ കയറി ഇറങ്ങൽ ആണ് അന്നത്തെ പ്രധാന വിനോദം. കയ്യിൽ പത്ത് ചുരിദാർ മെറ്റീരിയലുകൾ ഉണ്ട്, നമുക്ക് ഒരു സ്റ്റോർ തുടങ്ങിയാലോ എന്ന് തിരുവനന്തപുരത്തു നിന്ന് ഒരു കൂട്ടുകാരൻ മെസ്സേജ് ഇടുന്നു. ചെന്നൈ വന്ന് കാഞ്ചീപുരം സാരി വാങ്ങി നാട്ടിൽ വിറ്റാലോ എന്ന് ചെന്നൈ ഉള്ള കൂട്ടുകാരിയും. രണ്ടിനും യെസ് പറയുന്നു. ചാടി പുറപ്പെടുന്നു. വീട്ടിൽ തയ്യൽ മെഷീനും മറ്റും സെറ്റ് ചെയ്യുന്നു. ബുട്ടിക് തുടങ്ങുന്നു. അത് വലിയ നഷ്ടത്തിലായി. പാർട്ട്ണേഴ്സ് പിന്മാറി.നഷ്ടം മുഴുവൻ സഹിച്ചു. വെൻഡേഴ്സ്, ജോലിക്കാർ എല്ലാവരും മത്സരിച്ചാണ് പണി തരുന്നത്. പാർട്ട്ണേഴ്സ് പിന്മാറി.നഷ്ടം മുഴുവൻ സഹിച്ചു പിടി വിടാതെ ഒരു വശത്തുകൂടെ ഫാഷൻ ഡിസൈനിംഗിൽ പിജി ചെയ്തു. ഷോപ്പ് വലുതാക്കി. ബ്രൈഡൽ വർക്ക് ഏറ്റെടുക്കാൻ തുടങ്ങി. രണ്ടുമണിക്കൂർ മാത്രം ഉറങ്ങിയ 2-3 വർഷങ്ങൾ. ഇടയ്ക്ക് പിടികൂടിയ അലർജി. രാ‍ാപ്പകൽ ഇരുന്നു ജോലി ചെയ്യുന്നുണ്ട്. എന്നാൽ വീടുമായോ,പുറം‌ലോകവുമായോ യാതൊരു ബന്ധവും ഇല്ല. വീണ്ടും ഒന്നും ശരി അല്ലെന്ന തോന്നൽ. ഒരു സുപ്രഭാതത്തിൽ എല്ലാത്തിൽ നിന്നും വീണ്ടും പുറത്തേയ്ക്ക്.

വലിയ പ്രിവിലേജുകൾ ഒന്നും ഇല്ലാത്ത ഒരാൾ അങ്ങനെ ഒരുദിവസം എല്ലാം നിർത്തിയാൽ എല്ലാ‍വരും എന്നെ കുറ്റപ്പെടുത്തും എന്നായിരുന്നു അന്ന് പേടി. പക്ഷേ ഞാൻ വീണ്ടും വിഷാദത്തിലേയ്ക്ക് പോകുമോ എന്നായിരുന്നു എല്ലാവരുടെയും കൺസേൺ. അതില്ലാതെ ഇരിക്കാൻ ആവുന്നതെല്ലാം കൂട്ടുകാർ ചെയ്യുന്നുണ്ടായിരുന്നു. നിർമ്മാതാവും, അടുത്ത സുഹൃത്തുമായ ഷെബിൻ ബക്കറിന്റെ അത്തരമൊരു ശ്രമമാണ് തണ്ണീർമത്തൻ ദിനങ്ങളിലേക്ക് എത്തിച്ചത്. ഡിസൈനിംഗ് പഠിച്ചിട്ടുണ്ട്, ഫാഷൻ അറിയാം എന്നല്ലാതെ ഞാൻ അതിനു മുൻപ് ഒരു സിനിമാ സെറ്റ് പോലും കണ്ടിട്ടുള്ള ആളല്ല. എന്നെ ഇത്രയും ഉത്തരവാദിത്തം ഉള്ള ഒരു പൊസിഷനിൽ ഇടണോ എന്ന്. നിനക്ക് പറ്റും എന്ന് ഇങ്ങോട്ട് ഉറപ്പു തരികയായിരുന്നു.

തണ്ണീർമത്തൻ പല രീതിയിൽ ചരിത്രമായിരുന്നു. ആദ്യ സിനിമ “തണ്ണീർമത്തൻ ദിനങ്ങൾ” എന്നതാണ് ഇന്നും സിനിമയിലെ എന്റെ അഡ്രസ്സ്.Femina Jabbar

സിനിമ എന്നെ തിരഞ്ഞെടുത്തതാണ്. കടന്നു വന്നത് പ്രിവിലേജുകൾ ഉള്ള ഗ്രൂപ്പിൽ നിന്നാണ്.എന്നാൽ സിനിമയിൽ തുടരുക എന്നത് വലിയൊരു തീരുമാനം ആണ്. അസാദ്ധ്യ പാഷൻ വേണം അതിന്. ആ പാഷൻ തിരഞ്ഞെടുക്കാൻ ഉള്ള പ്രിവിലേജ് ഉള്ള കൂട്ടത്തിൽ അല്ലതാനും, അന്നും ഇന്നും. എന്നാലും സിനിമയില്ലാതെ മറ്റൊരു ജീവിതം എന്നത് ആലോചിക്കാൻ പോലും സാധ്യമല്ലാത്ത വിധം ഇന്ന് എന്റെ ജീവിതത്തിൽ സിനിമ കലർന്നു പോയിട്ടുണ്ട്.

ഡിസൈനിംഗ് ബുക്കുകളിൽ പഠിച്ചിട്ടുള്ള പാഠങ്ങൾ ഒന്നുമല്ല സിനിമയിൽ വേണ്ടത്. ഓരോ ദിവസവും ഓരോ യാത്രയാണ്. ജീവൻ പോലെ സമയം കയ്യിൽ പിടിച്ചുള്ള അഭ്യാസങ്ങളാണ്. എന്നെക്കൊണ്ട് പറ്റുമോ എന്ന് ആദ്യകാലങ്ങളിൽ സംശയിച്ചിട്ടുണ്ട്. വൃത്തികെട്ട ഹയരാർക്കിയുടേയും,ജെൻഡർ പൊളിറ്റിക്സ്ന്റേയും ഇടയിൽ പെട്ട് ഇനി സിനിമയേ വേണ്ട എന്ന് കരഞ്ഞു തീരുമാനിച്ചിട്ടുണ്ട്. ചില പ്രതിസന്ധികളിൽ പെട്ട് കരിയർ തീർന്നു എന്ന് പേടിച്ചിട്ടുണ്ട്. പക്ഷേ സിനിമ എന്തു കൊണ്ടോ പിന്നെയും വിളിച്ചു കൊണ്ടേയിരിക്കുന്നു. ഇപ്പോ സിനിമയ്ക്കപ്പുറം ഒരു ജീവിതമേ ഇല്ലെന്ന തീരുമാനവുമായി. പണ്ടൊക്കെ തലയ്ക്ക് തീപിടിച്ച ആധി മുഴുവൻ മുഖത്ത് പ്രകടമായി, വിരട്ടലുകളിൽ അങ്ങേയറ്റം ഭയന്നു നിന്നിരുന്ന ഒരു മുഖമുണ്ട്. എന്നാൽ ഇന്ന് സിനിമയ്ക്കകത്ത് നിൽക്കുന്നത് സദാ ചിരിച്ച്, സന്തോഷത്തോടെ, നല്ല കോൺഫിഡൻസിൽ തന്നെയാണ്.

അപ്രതീക്ഷിത അപകടങ്ങളെ എതിരേൽക്കാൻ തയ്യാറായി നിൽക്കുക എന്നതാണ് സിനിമയിൽ നിലനിൽക്കാനുള്ള ഏകവഴി. ‘ഇന്നെല്ലാം സെറ്റ്’ എന്നൊക്കെ കരുതി സെറ്റിൽ ചെല്ലുമ്പോഴോ ഉറക്കത്തിനിടയിലോ ആകും നല്ല എട്ടിന്റെ പണിവരുന്നത്. സമയമോ,ലൊക്കേഷനോ, ആളുകളോ, ബഡ്ജറ്റോ ഒക്കെ സ്വപ്നത്തിൽ വിചാരിക്കാത്ത പണികളായിരിക്കും തരിക. പണ്ടൊക്കെ കരഞ്ഞു കൊണ്ട് നേരിട്ടത് ഇപ്പോൾ ഏത് ഉറക്കത്തിലും നോർമൽ ആയി നേരിടുന്നു. ടീം വർക്കിനു നന്ദി.

അവാർഡ് സത്യത്തിൽ ഞെട്ടൽ തന്നെ ആയിരുന്നു. നമുക്കൊക്കെ എവിടുന്ന് കിട്ടാൻ എന്ന് ആയിരുന്നു വിചാരം. വിശ്വസിക്കാനും ഉൾക്കൊള്ളാനും ഒരുപാട് സമയം എടുത്തു. അവാർഡിനേക്കാൾ സന്തോഷം ആളുകളുടെ സ്നേഹമായിരുന്നു. എനിക്ക് ഒരു അംഗീകാരം കിട്ടുമ്പോൾ, തിരിച്ചു മറ്റൊന്നും പ്രതീക്ഷിക്കാതെ സന്തോഷിക്കാൻ ഇത്രയധികം ആളുകൾ ചുറ്റിനും ഉണ്ട് എന്ന അറിവായിരുന്നു അവാർഡ്. കരിയറിൽ കൈവന്ന നേട്ടത്തേക്കാൾ അതെന്നെ നിറച്ചു.

കേരളത്തിലെ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും വേണ്ടിയുള്ള പ്രത്യേക അവാർഡ് നേടിയ, ശ്രുതി ശരണ്യം സംവിധാനം ചെയ്ത സിനിമ ‘ബി 32 മുതൽ 44 വരെ’യിൽ കോസ്റ്റും ചെയ്തത് മറക്കാനാവാത്ത അനുഭവമാണ്. ഒരുപാട് റിസർച്ചുകൾ അതിനായി വേണ്ടി വന്നു. അതിൽ രമ്യാ നമ്പീശൻ ബ്രസ്റ്റ് ക്യാൻസർ വന്നു ബ്രസ്റ്റ് റിമൂവ് ചെയ്തിട്ടുള്ള ഒരു സ്ത്രീയായിട്ടാണ് അഭിനയിക്കുന്നത്. അപ്പോൾ അതിനനുസരിച്ച് ശരീരത്തിൽ വരുത്തേണ്ടുന്ന ട്രാൻസ്ഫോർമേഷൻസ് മേക്കപ്പിന്റെ ഭാഗത്തു നിന്നല്ല, കോസ്റ്റ്യുമിന്റെ ഭാഗമായിട്ടാണ് ചെയ്തത്. രമ്യയുടെ മനോഹരമായ ശരീരത്തെ ബോഡി ബൈൻഡ് ചെയ്താണ് ആ കഥാപാത്രത്തിന് പറ്റുന്ന രീതിയിലേക്ക് മാറ്റിയത്. രമ്യക്ക് വേണ്ടി ചെയ്തിട്ടുള്ള കോസ്റ്റ്യൂം, തലയിൽ വെക്കുന്ന ബീനി ക്യാപ്പ് ഒക്കെ വളരെ സോഫ്റ്റ് ആയിട്ടുള്ള മെറ്റിരിയൽ കൊണ്ടാണ് ചെയ്തത്. അതൊക്കെ ധരിച്ച് നടക്കുന്ന ഒരാൾക്ക് വലിയ ബുദ്ധിമുട്ടോ ഇറിറ്റേഷനോ ഇല്ലാതെ എന്തൊക്കെ ചെയ്യാം എന്നാണ് ഞാൻ നോക്കിയത്. സിനിമ കാണുന്ന ആളുകളിൽ എത്രപേർ അതൊക്കെ ശ്രദ്ധിക്കും എന്നെനിക്കറിയില്ല. ക്യാൻസറുമായി പോരാടുന്ന മനുഷ്യരുടെ യാതനകളെക്കുറിച്ചു എനിക്ക് ഒരു ധാരണ ഉണ്ടായത് ആ സിനിമയുടെ ഭാഗമായപ്പോഴാണ്.
ആ സിനിമയിൽ തന്നെ തൃഷ എന്നൊരു കുട്ടിയുണ്ട്. പീഡനത്തിന് ഇരയാകുന്നൊരു പെൺകുട്ടിയുടെ കഥാപാത്രം. അവളുടെ ബോഡി എൻഹാൻസ്‌മെന്റും സിലിക്കൺ ഉപയോഗിച്ചാണ് ചെയ്തത്. അത് സാധാരണ ചെലവേറിയ ഒരു പ്രോസസ് ആയതു കൊണ്ട് തന്നെ, ഓൺലൈനിൽ നിന്ന് സിലിക്കണിന്റെ ലയേഴ്‌സ് വാങ്ങി മോൾഡ് ചെയ്ത്, കുറഞ്ഞ ചെലവിലാണ് അത് ചെയ്തത്. അത് പോലെ തന്നെ അതിൽ അനാർക്കലിക്കും സെറിൻ ഷിഹാബിനും ബോഡി ബൈൻഡ് ചെയ്തിട്ടുണ്ട്. സത്യത്തിൽ ഇങ്ങനെ ബൈൻഡർ ഒക്കെ ഇട്ടിട്ട് അഭിനയിക്കുക വലിയ വേദന നിറഞ്ഞ ഒരു സംഗതിയാണ്. രമ്യയൊക്കെ വേദന സഹിക്കാൻ വയ്യാതെ കരയുന്നത് കണ്ടിട്ടുണ്ട്.

രഞ്ചൻ പ്രമോദിന്റെ ഒ. ബേബിയുടെ വസ്ത്രാലങ്കാരത്തിനാണ് ഈ വർഷത്തെ സംസ്ഥാന സർക്കാരിന്റെ അവാർഡ് ലഭിച്ചത്. വല്ലാതെ ബുദ്ധിമുട്ടുള്ള ഒരു ടെറൈൻ ആയിരുന്നു അത്. കുമിളിയിലെ ചെല്ലാർ കോവിൽ എന്ന സ്ഥലം. മൂന്നാഴ്ചയോളം അവിടെ താമസിച്ചു. പരമ്പരാഗത ശൈലിയിലുള്ള ചട്ടയും മുണ്ടും പോലുള്ള പതിവ് ക്രിസ്ത്യൻ വസ്ത്രധാരണരീതിയല്ല അവർ പിന്തുടർന്നിരുന്നത്. കോട്ടോ ബ്ലെയ്സറോ അവർ ധരിക്കുന്നത് സ്റ്റൈലിന്റെ ഭാഗമായിട്ടോ ആർഭാടമായിട്ടോ അല്ല. അതവർക്ക് ജീവിതത്തിന്റെ ഭാഗമാണ്.വളരെ റഫ് ആയി ഒട്ടും മാച്ചിങ് അല്ലാത്ത രീതിയിലൊക്കെയാണ് അവരത് ധരിക്കുക. അതേ രീതിയിൽ തന്നെയാണ് ആ കോസ്റ്റ്യും ചെയ്തിട്ടുള്ളത്. അവരോടൊപ്പം താമസിച്ച് അവരുടെ സഹായം തേടിയാണ് വസ്ത്രങ്ങൾ തയ്യാറാക്കിയത്. അവരുടെ പിന്തുണയില്ലായിരുന്നെങ്കിൽ എനിക്കത് ഈ വിധത്തിൽ പൂർത്തിയാക്കാൻ കഴിയുമായിരുന്നില്ല.

പക്ഷെ ഷൂട്ടിങ് സമയത്തൊക്കെ സിനിമയിൽ തന്നെയുള്ള വളരെ ചെറിയൊരു വിഭാഗം അതായത് ഒന്നുരണ്ട് ശതമാനം ആർട്ടിസ്റ്റുകൾ, ആ കോസ്റ്റ്യുമിനെ പരിഹസിച്ചിരുന്നു. സിനിമ പുറത്തു വന്ന ശേഷവും സ്‌ക്രീൻ ഷോട്ട് എടുത്തു ഇത് എന്ത് കോസ്റ്റ്യുമാണ് ഇങ്ങനെയാണോ സ്റ്റൈൽ ചെയ്യുന്നത് എന്നൊക്കെ ചോദിച്ചു പരിഹസിച്ചവരുണ്ട്. വലിയ വേദനയായിരുന്നു അത്. വളരെ ശക്തമായൊരു രാഷ്ട്രീയം പറയുന്നൊരു സിനിമയാണ് ഒ. ബേബി. വേഷവിധാനത്തിലൂടെ വളരെ സട്ടിൽ ആയി അത് കൺവേ ചെയ്യുക എന്നതായിരുന്നു ഡയറക്ടർ ആവശ്യപ്പെട്ടിരുന്നത്. ഞാനത് ചെയ്തത് ജൂറിക്ക് മനസ്സിലായി എന്നതിൽ വലിയ സന്തോഷമുണ്ട്, അഭിമാനമുണ്ട്. അവാർഡ് വാങ്ങാൻ പോയ സമയത്ത് സുധീർ മിശ്ര സാർ എന്നെ അടുത്ത് വിളിച്ചു ആ കോസ്റ്റ്യുമിനെ കുറിച്ച് വളരെ നല്ല അഭിപ്രായം പറഞ്ഞു. ചലച്ചിത്ര അക്കാദമിയുടെ ഒരു പരിപാടിക്ക് പോയപ്പോൾ ജൂറി അംഗമായിരുന്ന സിനിമാട്ടോഗ്രാഫർ അഴഗപ്പൻ സാറിനെ കണ്ടു. സാറും വളരെ നല്ല അഭിപ്രായം പറഞ്ഞു. ഈ വലിയ മനുഷ്യർ പറഞ്ഞ നല്ല വാക്കുകൾ അവാർഡോളം സന്തോഷം തന്ന കാര്യമാണ്.

പിന്നെ ഞാൻ വളരെ ഇഷ്ടപ്പെട്ടു ചെയ്ത ഒരു സിനിമയാണ് ഭഗവാൻ ദാസന്റെ രാമരാജ്യം.അതിലെ കളർ യൂസൊക്കെ ടെക്നിക്കലി പെർഫെക്റ്റ് ആയിരുന്നു. ഇൻഡോ സ്പാർട്ടൻ തീമിൽ ഇല്ല്യൂഷൻ കോസ്റ്റ്യുമൊക്കെ നല്ല രീതിയിൽ ഉപയോഗിച്ചിരുന്നു. സിനിമ വന്നപ്പോൾ ആ സീനൊന്നും അത്ര ഡീറ്റൈൽ ആയി ഉണ്ടായിരുന്നില്ല എങ്കിലും ഒരു കോസ്റ്റ്യൂം ഡയറക്ടർ എന്ന നിലയിൽ വലിയ ഇഷ്ടത്തോടെ ചെയ്ത ഒരു വർക്കായിരുന്നു അത്. അതിനകത്തു ഒരു ഇല്ല്യൂഷൻ ഡ്രാമ സീക്വൻസുണ്ടായിരുന്നു. അതിനു കോസ്റ്റ്യുമുണ്ടാക്കാൻ വേണ്ടി ചെന്നൈയിൽ നിന്ന് വന്ന ആർട്ടിസാൻസ് ആറുപേർ ഒരു മാസം പണി ചെയ്തിട്ടുണ്ട്. പക്ഷെ സിനിമയിൽ ആ ഭാഗമൊന്നും അത്ര ഡീറ്റൈൽ ആയി ചിത്രീകരിച്ചില്ല. സിനിമയും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.
സിനിമ ഈസി ആണോ എന്ന് ചോദിച്ചാൽ അല്ലേ അല്ല. പക്ഷേ വലിയ സന്തോഷമാണ്. എനിക്കിത്ര ശക്തിയും, ക്രിയാത്മകതയും, നേതൃത്വപാടവും, ഉണ്ടെന്ന് മനസ്സിലാക്കിത്തന്നത് സിനിമയാണ്. വർഷങ്ങളായി ഇല്ലാതിരുന്ന നിറഞ്ഞ ചിരി മടക്കിത്തന്നത് സിനിമയാണ്.

പണ്ടത്തെ ബോളിവുഡ് ‘പ്രാന്ത്’ ഇപ്പോഴും ഉണ്ടോന്ന് ചോദിച്ചാൽ ഉണ്ട്. തൽക്കാലം ഗെയിം ഓഫ് ത്രോൺസിലേക്കും, ചൈനീസ് ഫാന്റസികളിലേയ്ക്കും, കൊറിയൻ ഡ്രാമകളിലേക്കും ഒക്കെ തിരിഞ്ഞെന്ന് മാത്രം. പണ്ടത്തെപ്പോലെ ആ ഉടുപ്പൊക്കെ എവിടെന്ന് ഇടാൻ കിട്ടും എന്നാല്ല ഇപ്പോൾ ആലോചന. അതുപോലെ ഒരു വർക്ക് എപ്പോ ചെയ്യാൻ പറ്റും എന്നാണ്. ഈ പ്രായമായിട്ടും ഇതൊക്കെയാണോ കാണുന്നത്, ഇപ്പോഴും മാജിക് വാൻഡിൽ വിശ്വസിക്കാനും, പ്രണയം വരുമ്പോ ഘടികാരങ്ങൾ നിലച്ച് മഞ്ഞുപൊഴിയുമെന്ന് വിശ്വസിക്കാനും നാണമില്ലേ എന്ന് ചോദിക്കുന്നവർ ഉണ്ട്. എനിക്കിപ്പോഴും ഡ്രാഗണുകളിലും ഫെയറികളിലും കടൽക്കൊട്ടാരങ്ങളിലും വിശ്വാസം ഉണ്ടെന്നേ. വെല്ലിപ്പ പറഞ്ഞുതന്ന കഥകളിലെ നീല നിറമുള്ള അപ്പൂപ്പൻതാടിക്കൊട്ടാരത്തിൽ മിന്നാമിനുങ്ങിനെ കെട്ടിപ്പിടിച്ചുറങ്ങുന്ന തംബലീനയായി എന്നെക്കാണാനും എനിക്ക് പറ്റുന്നുണ്ടന്നേ. ഓരോ വിഷമഘട്ടവും കാണിച്ചു തന്നത് എനിക്ക് ചുറ്റും ഇപ്പോഴും ഏതു കലാപങ്ങളിലും എന്നെ ഒരുപാട് സ്നേഹിക്കുകയും എനിക്ക് വേണ്ടി ഏതറ്റം വരെയും കൂട്ടുവരുന്ന, ഞാൻ എന്ത് കാണിച്ചാലും ക്ഷമിക്കുന്ന കുറേ മനുഷ്യർ ഉണ്ടെന്നതാണ്. എന്റെ റിയാലിറ്റികൾ അതൊക്കെയാണ്. എന്നെ വെള്ളിത്തിരയുടെ മാജിക്കിൽ ഇന്നും പിടിച്ചിടുന്നത് അതൊക്കെത്തന്നെയാണ്.

Author Photo
ഫെമിന ജബ്ബാർ

കോസ്റ്റ്യൂം ഡിസൈനർ.

qacheck17@gmail.com

Review overview
NO COMMENTS

POST A COMMENT