കണ്ണേ കരളേ വി.എസ്സേ… | August 2025
കല്ലിനുള്ളിലെ ഉറവ പോലെ മനുഷ്യ സ്നേഹം ആ ജീവനെ സദാ നനവും പച്ചപ്പുമുള്ളതാക്കി നിലനിർത്തി, എവിടെയും തോറ്റുപോകാത്ത സമര വീര്യത്തിന്റെ വിത്തുകൾ വീണു മുളച്ചതും ആ നനവിലാണ്. തൊഴിലാളി വർഗ്ഗത്തിന്റെ, അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ ആത്മാഭിമാനം വാനോളമുയർത്തിപ്പിടിക്കാനുള്ള പോരാട്ടങ്ങളായിരുന്നു വിഎസിന്റെ പ്രവർത്തനങ്ങളൊക്കെയും.
ഓർമ്മകൾ കൊണ്ട് നമ്മളെന്താണ് ചെയ്യുന്നത്? ഓർമ്മ എന്നത് മനസ്സു കൊണ്ട് അഭിരമിക്കുവാനുള്ള ഭൂതകാലത്തിലെ ഒരേടല്ല . ഹതാശമായ ഒരു കാലത്തിലൂടെ നടക്കുമ്പോൾ നാളെയിലേക്ക് പ്രതീക്ഷയും ബലവുമായി കരുതാൻ മൂർച്ചയുള്ള ഒരായുധം കൂടിയാണ് ചിലപ്പോഴെങ്കിലും ഓർമ്മകൾ. അങ്ങനെയെങ്കിൽ നമുക്ക് മുന്നോട്ടുള്ള യാത്രയിൽ ബലമായി കരുതാവുന്ന ഏറ്റവും മൂർച്ചയുള്ള ഓർമ്മയുടെ പേരാണ് വി എസ്. അവമതിയിലും യാതനകളിലും പുലർന്ന മനുഷ്യരെ ആത്മാഭിമാനത്തോടെ ജീവിക്കാൻ പഠിപ്പിച്ച മനുഷ്യ സ്നേഹമായിരുന്നു വി എസ്സ് . കരുണ കൊണ്ട് കടഞ്ഞെടുത്ത കാർക്കശ്യത്തിന്റെ ആൾരൂപം. നിരാലംബമായ എത്രയോ ജീവിതങ്ങൾക്ക് അഭയവും ആശ്രയവും.
കല്ലിനുള്ളിലെ ഉറവ പോലെ മനുഷ്യ സ്നേഹം ആ ജീവനെ സദാ നനവും പച്ചപ്പുമുള്ളതാക്കി നിലനിർത്തി, എവിടെയും തോറ്റുപോകാത്ത സമര വീര്യത്തിന്റെ വിത്തുകൾ വീണു മുളച്ചതും ആ നനവിലാണ്. തൊഴിലാളി വർഗ്ഗത്തിന്റെ, അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ ആത്മാഭിമാനം വാനോളമുയർത്തിപ്പിടിക്കാനുള്ള പോരാട്ടങ്ങളായിരുന്നു വിഎസിന്റെ പ്രവർത്തനങ്ങളൊക്കെയും. മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ മുഴുകുമ്പോഴും മനുഷ്യർക്ക് അതിൽ നിന്നും വേറിട്ടൊരു ജീവിതമുണ്ടാകാറുണ്ട് , അത്ഭുതാദരങ്ങളോടെ വി എസ്സെന്ന രണ്ടക്ഷരങ്ങളിലേക്ക് നോക്കുമ്പോൾ അടിമുടി രാഷ്ട്രീയ ബോധ്യങ്ങളാൽ മാത്രം ശ്വസിച്ചൊരു ജീവനെ നമുക്ക് കാണാം . അകവും പുറവും ഒന്നായൊരാൾ, വ്യക്തി ജീവിതവും സാമൂഹിക ജീവിതവും ഒന്നായൊരാൾ. വെളിച്ചം കടന്നു പോകുമ്പോൾ മഴവില്ല് വിടർത്തുന്ന സുതാര്യമായ ഒരുപകരണം പോലെ കറപുരളാതെ ആ ജീവിതം നിലനിന്നു .
അന്തമില്ലാത്തൊരാൾക്കൂട്ടം , ഇതാ ഈ നാട് മുഴുവനുമെന്നു തോന്നിപ്പിക്കുന്നത്രയും വലിയൊരാൾക്കൂട്ടം ആർത്തു പെയ്യുന്ന മഴയെ തോൽപ്പിച്ചു കൊണ്ട് കണ്ണീർ പെയ്തു നിന്ന 2025 ജൂലൈ 22 എന്ന തീയതി കേരളം മറക്കില്ല . അങ്ങനെയൊരു വിലാപയാത്ര , അങ്ങനെയൊരു യാത്രാമൊഴി ഇന്നേവരെ കേരളം കണ്ടിട്ടില്ല . മുൻപും ആൾക്കൂട്ടങ്ങളുണ്ടായിരുന്നിരിക്കാം, പക്ഷേ ജീവൻ പറിച്ചു കൊടുത്തെന്ന പോലെ നോവ് തിങ്ങുന്ന, ഇടറുന്ന ഒച്ചയിൽ ‘കണ്ണേ കരളേ’ എന്ന് ഒരൊറ്റ ശബ്ദമായി ഒരൊറ്റ മുഷ്ടിയായി ഒരൊറ്റ വികാരമായി ഒരുനാട് മാറുന്നത് ഇതിനു മുൻപ് നാം കണ്ടിട്ടില്ല. ആൾക്കൂട്ടങ്ങൾക്കും ആരവങ്ങൾക്കുമിടയിൽ അചഞ്ചലതയാൽ ദൃഢതയാർന്ന ആ മുഖം , ഏന്തി വലിഞ്ഞു ഒരു നോക്ക് കണ്ട് അവസാന അഭിവാദ്യവുമർപ്പിച്ചു കണ്ണീരോടെ കൈനീട്ടുന്ന മനുഷ്യർ. ഒരു മുദ്രാവാക്യത്തിന്റെ ഉയർച്ച താഴ്ചകളായി ഓടിയും നടന്നും വീണും കിതച്ചും മനുഷ്യർ. അവരുടെ നേതാവിനെ യാത്രയാക്കാൻ, അവസാനമായൊന്നു കാണാൻ പലയിടങ്ങളിൽ നിന്നായി രാവും പകലുമെന്നില്ലാതെ ഓടിയെത്തിയ മനുഷ്യർ . അവർ കടന്നു പോയ തെരുവുകളിൽ നാം കണ്ട കാഴ്ചകൾ,കേട്ട വാക്കുകൾ, അവ ചേർത്തു വെച്ചാൽ ഏതു മഹാഗ്രന്ഥത്തെയും അതിജീവിക്കുന്ന ജീവിത സാരം അതിൽ നമുക്ക് കണ്ടെടുക്കാം.
സ്നേഹത്തിന്റെ മാന്ത്രികവടി ചുഴറ്റി ഒരു ജനതയെ മുഴുവൻ പെരുമഴ പെയ്യുന്നൊരു രാത്രിയിൽ ഒരുമിച്ചു നിർത്തുമ്പോൾ ജീവിതം കൊണ്ട് മാത്രമല്ല മരണം കൊണ്ടും വിഎസ് എന്ന മഹാമനുഷ്യൻ നമ്മളെക്കൊണ്ട് രാഷ്ട്രീയം പറയിപ്പിച്ചു.. സാധാരണ, രാഷ്ട്രീയ നേതാക്കൾക്ക് കിട്ടുന്ന സ്നേഹാരാധനകൾക്ക് വടിവൊത്ത പൂർവ്വ മാതൃകകളുണ്ട് എന്നാൽ “ഞങ്ങളുടെ നെഞ്ചിലെ റോസാപ്പൂവേ” എന്ന നിലക്കാത്ത വിളിയിൽ അലയടിച്ച സ്നേഹത്തിന്റെ ആ അടങ്ങാത്ത കടൽ നമ്മളിതിനു മുൻപ് കണ്ടിട്ടില്ല . എത്രയോ വർഷങ്ങളായി പൊതുജീവിതം അവസാനിപ്പിച്ച് വീടിനുള്ളിലേക്ക് പിൻവാങ്ങിയ ഒരാളായിരുന്നു മരിക്കുന്ന സമയത്തെ വിഎസ്. എന്നാൽ ആ വിടവുകൾ കൊണ്ടൊന്നും മായ്ക്കാവതല്ലല്ലോ ബയണറ്റു പാടുള്ള കാലുകൾ കൊണ്ട് ആ മനുഷ്യൻ നടന്നു കയറിയ ജീവിത വഴികൾ.
ഈ നാട് നമ്മളിപ്പോൾ ജീവിക്കുന്ന നാടാക്കുവാൻ അവിശ്രമം പോരാടിയ നേതാവ്. താരതമ്യങ്ങളില്ലാത്ത പോരാളി. ഒരു നാടിന്റെ നീതി ബോധങ്ങൾക്ക്, ഒരു നാടിന്റെ സമത്വ ഭാവങ്ങൾക്ക് കാവലാളായി നിന്ന ആ രാഷ്ട്രീയ ജാഗ്രത, ആ ഭൗതിക ശരീരം പോയിമറഞ്ഞാലും അവശേഷിക്കുക തന്നെ ചെയ്യും, തലമുറകളിലേക്ക് പടരുക തന്നെ ചെയ്യും. ആ തുടർച്ചയിൽ നിന്ന് അനീതിക്കെതിരെ പോരാടുന്ന മനുഷ്യർ ഇനിയുമിനിയുമുണ്ടായി വരുമെന്ന പ്രത്യാശയും ഉറപ്പും ഈയവസരത്തിൽ ഞങ്ങൾ പങ്കു വെക്കുന്നു.
ഏറ്റവുമൊടുവിലെ കമ്മ്യുണിസ്റ്റും യാത്രയായെന്ന ദുഷ്ടലാക്കുള്ള യാത്രാമൊഴിയെ വഴി നീളെ നിൽക്കുന്ന മനുഷ്യർ , ഉറപ്പുള്ള വാക്കുകളാൽ ചെറുക്കുന്നതും തിരുത്തുന്നതും നമ്മൾ കണ്ടു . കയർ തൊഴിലാളികൾ ,കൂലിപ്പണിക്കാർ ,മത്സ്യത്തൊഴിലാളികൾ, ചുമട്ടു തൊഴിലാളികൾ,ലോട്ടറിവിൽപ്പനക്കാർ, അങ്ങനെ സമൂഹത്തിലെ അടിത്തട്ടു മനുഷ്യർ. വഴിയോരത്ത് ഒരു ദിവസം മുഴുവൻ പെരുമഴയിൽ കുതിർന്ന് വിശപ്പോ ദാഹമോ അറിയാതെ അവർ കാത്തു നിന്നു. വലിയ ചുടുകാട്ടിലേക്കുള്ള ആ യാത്രയിൽ ഓടിയും നടന്നും അവരുടെ നേതാവിനെ അനുയാത്ര ചെയ്തു. ചിതയണഞ്ഞിട്ടും അണയാത്ത തീയുമായി അവിടെ നിന്ന് മുഷ്ടികളുയർത്തി മുദ്രാവാക്യംവിളിച്ചു. വാക്കുകൾ കൂട്ടിച്ചൊല്ലാൻ മാത്രമറിയുന്ന കുഞ്ഞുങ്ങൾ പാതിരാവിൽ പെരുമഴത്ത് ആരുടെയൊക്കെയോ തോളുകളിലിരുന്നു ഉച്ചത്തിൽ വിളിച്ച ആ മുദ്രാവാക്യങ്ങളുടെ ജീവൻ ഞങ്ങളീ താളുകളിൽ ചേർത്തു വെയ്ക്കുന്നു, ‘ഇല്ലാ,ഇല്ല മരിക്കുന്നില്ല’ എന്ന മരണത്തിനതീതമായ ഒരു ഉറപ്പ്. അതിൽ ഇനിയുമെത്രയോ തലമുറകളിലേക്ക് പടരാനിരിക്കുന്ന വിപ്ലവസ്മരണയുടെ വെളിച്ചം കണ്ണീരിനോടൊപ്പം പടർന്നു കിടക്കുന്നു, താളുകൾ മറിയുമ്പോൾ ‘കണ്ണേ കരളേ’ എന്ന് വാക്കുകളുടെ നെഞ്ചിടിക്കുന്നത് കേൾക്കാം, സ്നേഹമായി ജീവിച്ചൊരാൾ കൈവീശി നടന്നു മറയുന്നതു കാണാം .
പെരുമഴയായി വി എസ് പെയ്തു നിന്ന ആ രാത്രിയുടെ ഓർമ്മ പോലെ ഈ ലക്കം യുവധാര, ആദരവോടെ,അഭിവാദ്യങ്ങളോടെ !
