Home / ലേഖനങ്ങള്‍  / തലമുറകൾ നീളുന്ന കൈത്തിരി നാളം

തലമുറകൾ നീളുന്ന കൈത്തിരി നാളം

“എടുത്തുപറയേണ്ടതാണ് വിലാപയാത്രയിൽ എത്തിച്ചേർന്ന സ്ത്രീകളുടെ പങ്കാളിത്തം. വിഎസിന്റെ ജീവിതകാലയിളവിലാകമാനം അദ്ദേഹം സ്വീകരിച്ച സ്ത്രീപക്ഷ നിലപാടുകൾക്കുള്ള അംഗീകാരം കൂടിയാണ് കേരളത്തിലെ സ്ത്രീകൾ അദ്ദേഹത്തിന് കൊടുത്തിരിക്കുന്ന ഈ സ്നേഹം.” സി എസ് സുജാത എഴുതുന്നു

VS Greetings

‘തല നരയ്ക്കുവതല്ലെന്റെ വൃദ്ധത്വം

തല നരക്കാത്തതല്ലെൻ യുവത്വവും

കൊടിയ ദുഷ്പ്രഭുത്വത്തിൻ തിരുമുമ്പിൽ

തലകുനിക്കാത്ത ശീലമെൻ, യൗവനം’

എന്ന് പറഞ്ഞുകൊണ്ട് മരണംവരെ യൗവ്വനം കാത്തുസൂക്ഷിച്ച ഉജ്ജ്വല പോരാളി പ്രിയ സഖാവ് വി എസ് അച്യുതാനന്ദൻ നമ്മെ വിട്ടു പോയി. രാജ്യത്തിനും കേരളത്തിനും വിശിഷ്യാ ഇടതുപക്ഷ രാഷ്ട്രീയത്തിനും നികത്താനാവാത്ത വിടവാണ് ഉണ്ടായിട്ടുള്ളത്.

വിഎസിനെ കേരളത്തിലെ ജനങ്ങൾ എത്രത്തോളം സ്നേഹിച്ചിരുന്നു എന്നതിന്റെ തെളിവാണ് ഇരുപത്തിരണ്ടാം തീയതി വൈകിട്ട് അദ്ദേഹത്തിന്റെ മരണം പ്രഖ്യാപിച്ച സമയം മുതൽ അദ്ദേഹത്തിന്റെ ഭൗതികശരീരം വലിയ ചുടുകാട്ടിൽ എരിഞ്ഞടങ്ങുന്നത് വരെയും അതിനുശേഷവും നമ്മൾ കണ്ടുകൊണ്ടിരുന്ന പ്രതികരണങ്ങൾ. തിരുവനന്തപുരത്തു നിന്നും ആലപ്പുഴ വരെ ഏതാണ്ട് 22 മണിക്കൂർ എടുത്ത് പൂർത്തിയാക്കിയ വിലാപയാത്രയിൽ രാത്രിയെന്നോ പകലെന്നോ നോക്കാതെ കനത്ത മഴയിലും സഖാവ് വിഎസിനെ അവസാനമായി ഒന്ന് കാണാൻ തടിച്ചുകൂടിയ ജനസാഗരവും “കണ്ണേ കരളേ വീ എസ്സെ” എന്ന മുദ്രാവാക്യം വിളിയും കേരളത്തിലെ യുവജനങ്ങളുടെയും സ്ത്രീകളുടെയും കുട്ടികളുടെയും തൊഴിലാളികളുടെയും മനസ്സുകളിൽ എത്ര ആഴത്തിൽ വേരോടിയ വികാരമാണ് സഖാവ് വിഎസ് എന്ന് നമുക്ക് കാട്ടിത്തന്നു.Leader

ചെറിയ കാര്യങ്ങൾക്കുപോലും ഡിപ്രഷനിലേക്ക് പോകുന്ന, നിസ്സാരകാര്യങ്ങൾക്കുപോലും ആശങ്കപ്പെടുന്ന പുതിയ തലമുറക്ക്, വി.എസിന്റെ ജീവിതത്തിൽനിന്ന് പഠിക്കാൻ ഏറെയുണ്ട്. ജീവിതം തന്നെ പോരാട്ടമാക്കി മാറ്റിയ സഖാവ് വിഎസ് കുഞ്ഞുനാളിൽ തന്നെ അനീതികളോട് പ്രതികരിക്കാനുള്ള മനസ്സാന്നിധ്യം നേടിയെടുത്തിരുന്നു. വി.എസ് ജനിച്ചുവീണത് എല്ലാ രീതിയിലുള്ള അനീതിയും തിന്മയും ജാതിമേധാവിത്തവുമുള്ള കാലത്താണ്. വളരെയധികം കഷ്ടപ്പാടും ദാരിദ്ര്യവും അനുഭവിച്ച ബാല്യം. വൻതോതിൽ പകർച്ചവ്യാധികൾ പടർന്നുപിടിച്ച കാലഘട്ടം. വസൂരി വന്ന് മരിച്ച അമ്മയെ കാണാൻ കഴിയാത്ത ഒരു ചെറിയ കുട്ടിയുടെ വിങ്ങൽ, വി.എസ് പലപ്പോഴും സംസാരങ്ങളിൽ പ്രകടമാക്കിയിട്ടുമുണ്ട്. വളരെ ദൂരെയൊരു കുടിലിൽ പാർപ്പിച്ചിരിക്കുന്ന അമ്മയുടെ ആ രംഗം കൊച്ചുകുട്ടിയുടെ മനസ്സുകൊണ്ട് സങ്കൽപ്പിച്ചുനോക്കിയാൽ, എത്രമാത്രം വേദനാജനകമായിരിക്കുമത്. അമ്മയുടെ സംരക്ഷണം കിട്ടാതെ വളർന്ന ബാല്യമുള്ള കുട്ടിയായിരുന്നു വി.എസ്. ഒരു അഭിമുഖത്തിൽ ഈശ്വര വിശ്വാസത്തെ സംബന്ധിച്ച് ചോദ്യം ഉയർന്നപ്പോൾ വളരെ വേദനയോടെ വിഎസ് ഈ അനുഭവങ്ങൾ പങ്കുവെച്ചിട്ടുണ്ട്.

യു.പി തലം വരെ മാത്രമേ അദ്ദേഹത്തിന് പഠിക്കാൻ കഴിഞ്ഞുള്ളൂ. അമ്പലപ്പുഴ- ചേർത്തല താലൂക്കിലെ ആയിരക്കണക്കിന് തൊഴിലാളികൾ കയർ ഫാക്ടറികളിൽ എല്ലാതരം കഷ്ടപ്പാടുകളും അനുഭവിച്ചാണ് പണിയെടുത്തിരുന്നത്. അടിച്ചമർത്തപ്പെട്ട ആ വിഭാഗത്തെ ഉയർത്തിക്കൊണ്ടുവരാൻ വി.എസ് യൂണിയൻ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.

വിഎസിനുള്ളിലെ സമര പോരാളിയെ കണ്ടെത്തിയത് സഖാവ് കൃഷ്ണപിള്ളയാണ്. തൊഴിലാളികളെ സംഘടിപ്പിക്കുന്നതിന് വേണ്ടി സഖാവ് കൃഷ്ണപിള്ള വിഎസിനെ കുട്ടനാട്ടിലേക്ക് അയക്കുമ്പോൾ കയ്യിൽ വച്ചുകൊടുത്ത ഒരു 5 ഉറുപ്പികയുടെ കഥ നമ്മൾ കേട്ടിട്ടുണ്ട്. കർഷക തൊഴിലാളികൾക്കിടയിൽ സംഘടനാപ്രവർത്തനം നടത്തുമ്പോൾ അവരിൽ നിന്നും കിട്ടുന്ന ഭക്ഷണം കഴിച്ച് അവരിൽ ഒരാളായി അവിടെ ജീവിക്കുക, തീരെ നിവർത്തി കെട്ടാൽ മാത്രമേ ഈ പണം ഉപയോഗിക്കാവൂ എന്ന് പറഞ്ഞുകൊണ്ടാണ് കൃഷ്ണപിള്ള വിഎസിന് ആ പണം നൽകുന്നത്. ആ കാലഘട്ടത്തിൽ കർഷക തൊഴിലാളികളെ സഹായിക്കുന്നതിനും തന്റെ സ്വന്തം വട്ടച്ചിലവിനുമായി വിഎസ് തയ്യൽ തൊഴിൽ കൂടി ചെയ്തു പോന്നു. മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെക്കുറിച്ചും വിഎസ് പറഞ്ഞു നമ്മൾ കേട്ടിട്ടുണ്ട്. പണ്ട് ഒരു മത്സ്യത്തൊഴിലാളി മീൻ പിടിച്ചുകൊണ്ടുവന്നാൽ അവന് അതിൽ നിന്നും ഒരുപാട് പങ്ക് കൊടുക്കേണ്ടതുണ്ട്. വള്ളപ്പങ്ക്, വലപ്പങ്ക്, പള്ളിയുടെ പങ്ക്, മൂപ്പനുള്ള പങ്ക്, ജന്മി കുടുംബങ്ങൾക്ക് കൊടുക്കേണ്ട പങ്ക്, ഇതെല്ലാം കൊടുത്തു കഴിഞ്ഞാൽ പിന്നെ തൊഴിലാളിക്ക് ഒന്നുമില്ലാത്ത അവസ്ഥ. അങ്ങനെ വന്നപ്പോഴാണ് ആ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിന് വേണ്ടി സൈമൺ ആശാനും കെ വി പത്രോസും ഒപ്പം സഖാവ് വിഎസും തയ്യാറാകുന്നത്. അതുകൊണ്ടുതന്നെ ഒരു തൊഴിലാളി വിഭാഗത്തിനും വി.എസിനെ മറക്കാൻ കഴിയില്ല.Protest

ഞാൻ എസ്.എഫ്.ഐ പ്രവർത്തകയായ കാലത്ത്, വി.എസ് പാർട്ടി സെക്രട്ടറിയായിരുന്നു. ഞാനടക്കമുള്ള അന്നത്തെ ആലപ്പുഴയിലെ എസ്.എഫ്.ഐക്കാർക്ക് വി.എസിനോടും പി.കെ. ചന്ദ്രാനന്ദനോടും സഖാവ് സുശീലാ ഗോപാലനോടും ഗൗരിയമ്മയോടുമെല്ലാം അഭേദ്യമായ ബന്ധമുണ്ടായിരുന്നു. ഇവരെല്ലാം നമ്മളെ രൂപപ്പെടുത്തുന്നതിലും മുന്നോട്ടുകൊണ്ടുപോകുന്നതിലും വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അന്നത്തെ വിദ്യാഭ്യാസ നയത്തിനെതിരായ ശക്തമായ പോരാട്ടങ്ങളിലേർപ്പെടുമ്പോൾ നല്ല ഉപദേശവും നിർദേശവും തന്ന് വി.എസ് ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു.

ഏതു പദവിയിൽ ഇരിക്കുമ്പോഴും അത് നാടിനുവേണ്ടി എങ്ങനെ വിനിയോഗിക്കാം എന്നുള്ളതാണ് വിഎസ് ആലോചിച്ചിട്ടുള്ളത്. പ്രതിപക്ഷനേതാവ് ആയിരിക്കുമ്പോൾ അദ്ദേഹം ഉയർത്തിക്കൊണ്ടുവന്ന പ്രശ്നങ്ങൾ കേരളവും രാജ്യവും ഒരുപോലെ ചർച്ച ചെയ്തതാണ്. സ്ത്രീ പ്രശ്നമായാലും പരിസ്ഥിതി പ്രശ്നമായാലും എല്ലാം തന്നെ അദ്ദേഹത്തിന് ശരിയായ നിലപാടുകൾ ഉണ്ടായിരുന്നു. വിഎസ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് സമൂഹത്തിന്റെ അടിത്തട്ടിൽ സ്പർശിക്കുന്ന രീതിയിലുള്ള സമൂലമായ മാറ്റങ്ങൾക്കാണ് അദ്ദേഹം തുടക്കം കുറിച്ചത്. ആദ്യമായി ജെൻഡർ ബജറ്റ് അവതരിപ്പിക്കപ്പെട്ടതും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 50 ശതമാനം സ്ത്രീ സംവരണം നടപ്പിലാക്കിയതും അദ്ദേഹത്തിന്റെ കാലത്താണ്.

പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ യുഡിഎഫ് സർക്കാർ നടപ്പിലാക്കിയ വിദ്യാർത്ഥി വിരുദ്ധ വിദ്യാഭ്യാസ നയങ്ങൾക്കെതിരെയും യുവജനങ്ങളെ വഞ്ചിച്ച തൊഴിൽ നയങ്ങൾക്കെതിരെയും കൃത്യമായ നിലപാട് എടുക്കുകയും തെരുവിൽ സമരത്തിന് ഇറങ്ങിയ വിദ്യാർത്ഥികളെയും യുവജനങ്ങളെയും ചേർത്തുപിടിച്ചുകൊണ്ട് സമരങ്ങൾക്ക് പിന്തുണയായി നിൽക്കാൻ വിഎസ് അതീവ താൽപര്യം പ്രകടിപ്പിച്ചിരുന്നു. ഇടതുപക്ഷ പ്രസ്ഥാനത്തിലേക്ക് കയറിവരുന്ന യുവജനങ്ങളെ എന്റെ കുട്ടികൾ എന്നാണ് വിഎസ് എന്നും വിശേഷിപ്പിച്ചിരുന്നത്.

സ്ത്രീ പ്രശ്നമായാലും പരിസ്ഥിതി പ്രശ്നമായാലും എല്ലാം തന്നെ അദ്ദേഹത്തിന് ശരിയായ നിലപാടുകൾ ഉണ്ടായിരുന്നു. ഇന്നീ കാണുന്ന രീതിയിൽ പ്രകൃതിയെ സംരക്ഷിക്കാൻ വലിയ പങ്കുവഹിച്ച ആളാണ് സ.വിഎസ് അച്യുതാനന്ദൻ. ഭൂമി കൈയടക്കുന്നതിന് വേണ്ടി ഭൂമാഫിയകൾ വലിയ ഇടപെടൽ നടത്താൻ തുടങ്ങിയ സാഹചര്യത്തിലാണ് നെൽവയൽ സംരക്ഷണ സമരവുമായി വിഎസ് മുന്നോട്ട് വന്നതും സഖാക്കൾ അതേറ്റെടുക്കുന്നതും. ആഗോളതാപനത്തിന്റെ ഈ കാലഘട്ടത്തിൽ നന്ദിയോടെ മാത്രമേ വിഎസിനെ സ്മരിക്കാൻ സാധിക്കുകയുള്ളൂ.

പുതിയ തലമുറയിൽ പെട്ടവരെല്ലാം അരാഷ്ട്രീയവാദികൾ ആണെന്ന് നമ്മൾ പറയുമ്പോഴും വിഎസിന്റെ വിലാപയാത്രയിൽ അണിനിരന്ന കുട്ടികളെയും യുവജനങ്ങളെയും കാണുമ്പോൾ നമ്മുടെ ധാരണ പാടെ തെറ്റായിരുന്നു എന്ന് വേണം മനസ്സിലാക്കാൻ. അതുപോലെതന്നെ എടുത്തു പറയേണ്ടതാണ് വിലാപയാത്രയിൽ എത്തിച്ചേർന്ന സ്ത്രീകളുടെ പങ്കാളിത്തം. വിഎസിന്റെ ജീവിതകാലയിളവിലാകമാനം അദ്ദേഹം സ്വീകരിച്ച സ്ത്രീപക്ഷ നിലപാടുകൾക്കുള്ള അംഗീകാരം കൂടിയാണ് കേരളത്തിലെ സ്ത്രീകൾ അദ്ദേഹത്തിന് കൊടുത്തിരിക്കുന്ന ഈ സ്നേഹം. ഏതെങ്കിലും ഒരു സ്ത്രീ ആക്രമിക്കപ്പെട്ടു എന്ന് അറിഞ്ഞാൽ വല്ലാതെ നോവുന്ന മനസ്സായിരുന്നു അദ്ദേഹത്തിന്റെത്. അതുകൊണ്ടുതന്നെ കേരളത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിച്ച പല സ്ത്രീ പീഡനക്കേസുകളിലും അതിജീവിതകളോടൊപ്പം ഉറച്ചു നിൽക്കാനും അവരുടെ നിയമ പോരാട്ടത്തിന് നിരുപാധികം പിന്തുണ നൽകാനും വി എസ് തയ്യാറായിട്ടുണ്ട്. എന്നും നീതി നിഷേധിക്കപ്പെട്ട മനുഷ്യരോടൊപ്പമായിരുന്നു അദ്ദേഹത്തിന്റെ മനസ്സ്.

ഒരു നൂറ്റാണ്ട് കാലം പിന്നിട്ട ഒരു ജീവിതം, എട്ടു പതിറ്റാണ്ടുകളോളം നീണ്ടുനിന്ന രാഷ്ട്രീയ പ്രവർത്തനം, ആ കാലയളവിലെല്ലാം അദ്ദേഹം സ്വീകരിച്ചു പോന്ന തീക്ഷണമായ നിലപാടുകൾക്കുള്ള സ്വീകാര്യതയാണ് നമ്മൾ കണ്ടത്. വിഎസിനെ ഇതുവരെ കാണുകയോ കേൾക്കുകയോ ചെയ്യാത്ത കുഞ്ഞുങ്ങൾ മുതൽ ശാരീരിക അവശതകൾ അനുഭവിക്കുന്ന വൃദ്ധർ ഉൾപ്പെടെ യാതൊരു പ്രായവ്യത്യാസവും ഇല്ലാത്ത ഒരു ജനസാഗരം അണമുറിയാതെ വിഎസിനെ കാണാൻ ഒഴുകിയെത്തിയപ്പോഴാണ് അദ്ദേഹത്തെ ഇവരെല്ലാം എത്രത്തോളം നെഞ്ചിലേറ്റി എന്ന് ഞാൻ മനസ്സിലാക്കുന്നത്. ഒരു നല്ല കമ്മ്യൂണിസ്റ്റ് ആവുക എന്നതിനർത്ഥം ഒരു നല്ല മനുഷ്യനാവുക എന്നത് കൂടിയാണ് എന്ന് വിഎസ് നമ്മളെ ഓർമിപ്പിക്കുന്നു.

പുന്നപ്ര വയലാർ സമരം കേരളത്തിന് സമ്മാനിച്ച ധീര പുത്രനാണ് സഖാവ് വിഎസ്. പുന്നപ്ര വയലാറിലെ ധീര രക്തസാക്ഷികളുടെ സ്മരണ ഉണർത്തുന്ന സന്ദർഭത്തിൽ എല്ലാവർഷവും ആ ദീപശിഖയ്ക്ക് തീനാളം പകരാറുള്ളത് സഖാവ് വിഎസ് ആയിരുന്നു. വാർദ്ധക്യസഹജമായ അവശതകൾ കൊണ്ട് പൊതുപ്രവർത്തനരംഗത്ത് നിന്നും വിട്ടുനിൽക്കാൻ തീരുമാനിച്ച കാലം വരെയും വിഎസ് അത് തുടർന്നുകൊണ്ടിരുന്നു. ഇപ്പോ​ൾ പുന്നപ്ര വയലാറിലെ ധീര രക്തസാക്ഷികൾ അന്തിയുറങ്ങുന്ന വലിയ ചുടുകാടിന്റെ അതേ മണ്ണിൽ വിഎസ് അന്ത്യവിശ്രമം കൊള്ളുകയാണ്.

വിഎസിന്റെ ഭൗതികശരീരം അവിടെ എരിഞ്ഞുതീർന്നെങ്കിലും അദ്ദേഹം മുന്നോട്ട് വെച്ച ആശയങ്ങളും പോരാട്ടങ്ങളും ഉൾക്കൊണ്ടുകൊണ്ട് ഈ രക്തപതാക കൂടുതൽ ഉയരത്തിൽ ഉയർത്തി കെട്ടാൻ യുവജനങ്ങളും കുട്ടികളും സ്ത്രീകളും അടങ്ങുന്ന ഒരു വലിയ ജനസഞ്ചയം തന്നെ തയ്യാറായി നിൽക്കുന്നു എന്നുള്ളതാണ് ഒരു കമ്മ്യൂണിസ്റ്റ് എന്ന രീതിയിൽ വിഎസിന്റെ ജീവിതം ധന്യമാക്കുന്നത്. അവിഭക്ത പാർട്ടിയുടെ ദേശീയ കൗൺസിലിൽ നിന്നും ഇറങ്ങി വന്നു സിപിഐഎം എന്ന പാർട്ടിക്ക് രൂപം കൊടുത്ത 32 സഖാക്കളിൽ അവസാനത്തെ ആളായ വിഎസ് വിട പറയുമ്പോൾ, വർത്തമാന കാലത്തിൽ വർഗീയതയുടെയും ഭിന്നിപ്പിന്റെയും രാഷ്ട്രീയത്തിനെതിരെ കടുത്ത ഭാഷയിൽ പ്രതികരിക്കുന്ന ഉജ്ജ്വല പോരാളിയെയാണ് നമുക്ക് നഷ്ടപ്പെടുന്നത്. എന്നാൽ സഖാവ് വി.എസിന്റെ ജീവിതത്തിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ടുകൊണ്ട് മതനിരപേക്ഷതയും ഭരണഘടനാ മൂല്യങ്ങളും ഉയർത്തി പിടിക്കുന്നൊരു പുതിയ തലമുറ ഉദയം ചെയ്യുകയാണ്. “കൊളുത്തി നിങ്ങൾ തലമുറ തോറും കെടാത്ത കൈത്തിരി നാളങ്ങൾ” എന്ന വരികൾ അന്വർത്ഥമാക്കിക്കൊണ്ട് വിഎസിന്റെ പാത പിന്തുടരാൻ അനേകായിരം ജനങ്ങൾ തയ്യാറായി നിൽക്കുന്നു

Author Photo
സി എസ് സുജാത

സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കേരള സംസ്ഥാന സെക്രട്ടറി

qacheck17@gmail.com

Review overview
NO COMMENTS

POST A COMMENT