സിറിയയിൽ സംഭവിക്കുന്നത്….
രണ്ടാഴ്ചനീണ്ട സർജിക്കൽ സ്ട്രൈക്കിനോടുവിൽ 2024 ഡിസംബർ 7ന് ഹയാത്ത് തഹ്‌രീർ അൽ - ഷാം (എച്ച്ടിഎസ്) എന്ന ഭീകരവാദ സംഘടന സിറിയൻ തലസ്ഥാനമായ ദമാസ്കസ് പിടിച്ചടക്കിയതോടുകൂടി രാജ്യത്തിന്റെ പ്രസിഡൻറ് ബഷർ അൽ - അസദ് റഷ്യയിലെ മോസ്കോയിലേക്ക് നാടുവിട്ടു. 1971ൽ ബഷറിൻറെ പിതാവ് ഹാഫിസ് അൽ - അസദ്
രണ്ടാഴ്ചനീണ്ട സർജിക്കൽ സ്ട്രൈക്കിനോടുവിൽ 2024 ഡിസംബർ 7ന് ഹയാത്ത് തഹ്‌രീർ അൽ – ഷാം (എച്ച്ടിഎസ്) എന്ന ഭീകരവാദ സംഘടന സിറിയൻ തലസ്ഥാനമായ ദമാസ്കസ് പിടിച്ചടക്കിയതോടുകൂടി രാജ്യത്തിന്റെ പ്രസിഡൻറ് ബഷർ അൽ – അസദ് റഷ്യയിലെ മോസ്കോയിലേക്ക് നാടുവിട്ടു. 1971ൽ ബഷറിൻറെ പിതാവ് ഹാഫിസ് അൽ – അസദ് രാജ്യത്തിൻറെ ഭരണം പിടിച്ചെടുത്തതോടുകൂടി തുടക്കമിട്ട 53 വർഷം നീണ്ട അസദ് ഭരണത്തിന് അവസാനമായിരിക്കുന്നു. പിതാവിന്റെ പിൻഗാമിയായി രണ്ടായിരത്തിൽ അധികാരത്തിലേറിയ ബഷർ അൽ – അസദ് തികഞ്ഞ അമേരിക്കൻ സാമ്രാജ്യത്വ വിരുദ്ധ നിലപാട് കൈകൊണ്ടിരുന്ന ഭരണാധികാരിയായിരുന്നു; മതഭീകരവാദികളുടെയും മതമൗലികവാദികളുടെയും ഉറച്ച എതിരാളിയായിരുന്ന അദ്ദേഹം സിറിയയെ ഒരു തികഞ്ഞ മതനിരപേക്ഷ സമൂഹമായി വാർത്തെടുത്തു. ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യയ്ക്കെതിരായി നിരന്തരം സംസാരിച്ചിരുന്ന, ആ കൂട്ടക്കുരുതിയെ എതിർത്തുകൊണ്ട് ഇറാന്റെ നേതൃത്വത്തിൽ രൂപംകൊണ്ട”ചെറുത്തുനിൽപ്പിന്റെ അച്ചുതണ്ടിൽ ‘ സിറിയ എന്ന രാജ്യം മുഖ്യ ഭാഗഭാക്കാവുന്നതിന് ചുക്കാൻപിടിച്ച, സയണിസ്റ്റ് കൊളോണിയലിസത്തിനെതിരെ ഉറച്ചുനിന്ന ഭരണാധികാരിയായിരുന്നു അദ്ദേഹം; ഇസ്ലാമിക് സ്റ്റേറ്റിന്റെയും അൽ – ഖ്വയ്ദയുടെയും ഉപസംഘടനയായ എച്ച്ടിഎസ് സിറിയയിൽ നടത്തിയ ഭീകരാക്രമണത്തിന്റെയും അപ്രതീക്ഷിതമായി ആ സംഘടന ലക്ഷ്യം നേടിയതിന്റെയും അടിസ്ഥാന കാരണങ്ങൾ ഇതിൽനിന്നുതന്നെ വ്യക്തമാണ്.
എന്താണ് എച്ച്ടിഎസ്? ആരാണ് സിറിയ പിടിച്ചെടുത്തത് – വിമതരോ അതോ ഭീകരവാദികളോ? ഇറാൻ കഴിഞ്ഞാൽ പശ്ചിമേഷ്യയിൽ ശക്തമായി അമേരിക്കയ്ക്ക് എതിരായ പരസ്യമായ നിലപാട് സ്വീകരിച്ചുകൊണ്ട് നിലകൊള്ളുന്ന ഒരു ഭരണാധികാരിയെയും രാഷ്ട്രത്തെയും കേവലം രണ്ടാഴ്ചകൊണ്ട് ഇത്തരത്തിൽ കീഴ്പ്പെടുത്താൻ അവർക്ക് എങ്ങനെ കഴിഞ്ഞു? ആരൊക്കെയാണ് ലോകത്തെ നടുക്കിയ ഈ അട്ടിമറിയുടെ പിന്നണിയിൽ പ്രവർത്തിക്കുന്നത്? ഇങ്ങനെ അനേകം ചോദ്യങ്ങളാണ് സിറിയയിലെ ബഷർ ഭരണകൂടത്തിന്റെ പതനം ഉയർത്തുന്നത്. അൽ – ഖ്വയ്ദയുടെ സിറിയയിലെ സംഘടന രൂപമായ രൂപമായ ജബാത്ത് അൽ – നുസ്രയിൽനിന്നു വേർപെട്ട് 2017ൽ രൂപംകൊണ്ട ഇസ്ലാമിസ്റ്റ് ജിഹാദി സംഘടന തന്നെയാണ് എച്ച്ടിഎസ്. എന്നാൽ, ഐഎസും അൽ – ഖ്വയ്ദയുമയുള്ള ബന്ധം വേർപ്പെടുത്തി മിതവാത സ്വഭാവം കൈക്കൊള്ളുന്ന, ബഷർ ഗവൺമെന്റിന്റെ “സ്വേച്ഛാധിപത്യത്തി’ നെതിരായി പൊരുതുന്ന “വിമത’ സംഘമാണ് എച്ച്ടിഎസ് എന്നാണ് സാമ്രാജ്യത്വത്തിന്റെ പിണിയാളുകളായ പാശ്ചാത്യ മാധ്യമങ്ങൾ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇവിടെയാണ് നമ്മൾ അമേരിക്കയുടെ തനിനിറം മനസ്സിലാക്കേണ്ടത്. നിലവിൽ എച്ച്ടിഎസ് മേധാവിയായ അബൂ മുഹമ്മദ് അൽ ജൊലാനിയെ വർഷങ്ങൾക്കുമുമ്പ് ഭീകരവാദിയായി മുദ്രകുത്തുകയും അയാളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 10 ലക്ഷം ഡോളർ പാരിതോഷികമായി പ്രഖ്യാപിക്കുകയും ചെയ്ത അമേരിക്ക, പിന്നീട് ഇതേ ജോലാനി അസദിനെതിരെ ആയുധം എടുത്തപ്പോൾ അയാളെ വീരനായകനാക്കി മാറ്റി. സിറിയയുടെ രക്ഷകനായി ജോലനിക്ക് പുതിയ പരിവേഷം നൽകിയ അമേരിക്കൻ സാമ്രാജ്യത്വം, അസദ് ഗവൺമെന്റിനെ അട്ടിമറിക്കുന്നതിന് എച്ച്ടിഎസിന് വേണ്ട എല്ലാ സഹായഹസ്തങ്ങളും നൽകുകയും ചെയ്യുന്നു. അഫ്ഗാനിസ്ഥാനിലെ നജീബുള്ള ഗവൺമെന്റിനെ അട്ടിമറിക്കുന്നതിനായി പണവും ആയുധവും കൊടുത്ത് അമേരിക്ക തന്നെ വളർത്തിയ ബിൻലാദൻ, പിന്നീടൊരിക്കൽ അവർക്കെതിരെ തിരിഞ്ഞപ്പോൾ തൽക്ഷണം അദ്ദേഹത്തെ കൊടുംഭീകരവാദിയെന്ന് മുദ്രകുത്തുകയും പാക്കിസ്ഥാനിൽ വച്ച് കൊലപ്പെടുത്തുകയും ചെയ്ത സംഭവം ഇവിടെ ഓർമിക്കേണ്ടതുണ്ട് .
എച്ച്ഡിഎസ് പിൻപറ്റുന്ന ആശയം ഏതെന്ന് മനസ്സിലാക്കാൻ കഴിഞ്ഞ 10 വർഷമായി അവരുടെ അധീനതയിലുള്ള സിറിയൻ പ്രദേശമായ ഇദ്ലിബിൽ അവർ നടപ്പാക്കിയ ഭരണംമാത്രം പരിശോധിച്ചാൽ മതി. പൂർണ്ണമായും താലിബാൻ മാതൃകയിലുള്ള ഭരണംതന്നെയാണ് എച്ച്ടിഎസ് ഇദ്ലിബിൽ നടപ്പാക്കിയത്. മാധ്യമപ്രവർത്തകരെയും രാഷ്ട്രീയ എതിരാളികളെയും ജയിലിൽ അടയ്ക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു; താടി വടിച്ച പുരുഷന്മാർക്ക് കടുത്ത ശിക്ഷ വിധിച്ചു; എന്തിന്, സംഗീതം കേൾക്കുന്നതിനു പോലും അതിക്രൂരമായ ശിക്ഷ വിധിച്ചു. സ്ത്രീകൾ കൊടും ഭീകരമായ അടിച്ചമർത്തലുകളാണ് നേരിട്ടത്; സദാചാര കുറ്റം ചുമത്തി മൂന്ന് സ്ത്രീകളെ കല്ലെറിഞ്ഞുകൊന്നത് അടുത്തിടെ വലിയ വാർത്തയായിരുന്നു. അപ്പോൾ പറഞ്ഞുവന്നത്, സിറിയയിലെ അസദ് ഗവൺമെന്റിനെ അട്ടിമറിക്കുന്നതിന് വേണ്ടി ഒബാമ സർക്കാരിൻറെ കാലത്ത് 2012-13 ൽ അമേരിക്ക തുടക്കമിട്ട “ഓപ്പറേഷൻ ടിമ്പർ സിക്കമോറി’ന്റെ ഭാഗമായി അമേരിക്കൻ ചാര സംഘടനയായ സിഐഎ ഇറക്കിയ പണത്തിന്റെയും ആയുധത്തിന്റെയും ബലത്തിൽ ഉയർന്നുവന്ന സംഘടനയാണ് എച്ച്ടിഎസ്. അത് പിൻപറ്റുന്ന ആശയം അൽ – ഖ്വയ്ദയുടെയും ഇസ്ലാമിക് സ്റ്റേറ്റിന്റെയും തന്നെയാണ്. തങ്ങൾ സംഘർഷങ്ങൾക്ക് താല്പര്യപ്പെടുന്നില്ലെന്നും മിതവാത സ്വഭാവം പുലർത്തുമെന്നും തങ്ങളുടെ അധികാരം ശാശ്വതമാക്കുന്നതിന്വേണ്ടി തൽക്കാലം അവർ പറഞ്ഞേക്കാം. എന്നാൽ, അധികാരത്തിലേറികഴിഞ്ഞാൽ അവർ സ്വീകരിക്കുന്നത് ഇസ്ലാമിക രാഷ്ട്രത്തിന്റെ ഭീകരവാദമുഖം തന്നെയായിരിക്കും. കാര്യം രണ്ടര കോടി ജനങ്ങളേ ഉള്ളൂവെങ്കിലും വൈവിധ്യങ്ങളുടെ രാജ്യമാണ് സിറിയ. മതപരമായി നോക്കിയാൽ സുന്നികളും ഷിയകളും അലാവികളും ക്രിസ്ത്യാനികളും, വംശീയ വിഭാഗങ്ങളുടെ കാര്യം നോക്കിയാൽ അറബികളും കുർദുകളും മറ്റു വിഭാഗങ്ങളും വിവിധ ഭാഷാസംസ്കാരങ്ങളുമൊക്കെയുള്ള വൈവിധ്യമേറിയ ഈ രാജ്യത്ത് ഇസ്ലാമിക ജിഹാദികൾ ഇനി എന്തൊക്കെ കാണിച്ചുകൂട്ടുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ന്യൂനപക്ഷ വിഭാഗങ്ങളോടുള്ള അവരുടെ സമീപനം എന്തായിരിക്കും എന്ന കാര്യത്തിലും കടുത്ത ആശങ്കയാണ് ഉള്ളത്.
അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ വർഷങ്ങളായുള്ള വളഞ്ഞിട്ടാക്രമണത്തിനും രാജ്യത്തിനകത്തുള്ള വിഘടനവാദ – ഭീകരവാദ വിഭാഗങ്ങളുടെ തുടർച്ചയായ കടന്നാക്രമണത്തിനും എതിരായ ചെറുത്തുനിൽപ്പുയർത്തിക്കൊണ്ട് നിലകൊണ്ട അസദ് ഗവൺമെന്റിനെ ഇത്തരത്തിൽ കീഴ്പ്പെടുത്താൻ എച്ച്ടിഎസ്ന് എങ്ങനെ കഴിഞ്ഞു എന്ന ചോദ്യത്തിനുത്തരം, സമീപകാല ആഗോള സംഭവവികാസങ്ങളുമായി കൂട്ടിവായിച്ചാൽ മാത്രമേ കണ്ടെത്താനാകൂ. കഴിഞ്ഞ ഒരു ദശകത്തിലേറെക്കാലമായി അമേരിക്ക സിറിയയ്ക്ക്മേൽ നടത്തുന്ന നിരന്തരമായ ആക്രമണം, അതുപോലെതന്നെ സിറിയൻ സൈനിക താവളങ്ങൾക്കുമേൽ ഇസ്രയേൽ നടത്തിവരുന്ന ആക്രമണം, പലസ്തീനിലും ലബനനിലും ഇസ്രയേൽ നടത്തുന്ന അധിനിവേശം, ഉക്രൈൻ മണ്ണിൽ നാറ്റോയും അമേരിക്കൻ സാമ്രാജ്യത്വവും ചേർന്ന് റഷ്യയുമായി നടത്തുന്ന യുദ്ധം, എച്ച്ടിഎസും തുർക്കിയും തമ്മിലുള്ള അവിശുദ്ധ ബന്ധം, ഈ ഭീകര സംഘടനയ്ക്ക് തുർക്കി നൽകുന്ന കൈയച്ചുള്ള സഹായം എന്നിവയെല്ലാം ലോകത്തെ അത്ഭുതപ്പെടുത്തിയ അസദ് ഗവൺമെന്റിന്റെ പതനത്തിന് കാരണമാണ്.
ഭീകരവാദികളുമായും സാമ്രാജ്യത്വ ശക്തികളുമായും 2011ൽ തുടക്കമിട്ട യുദ്ധവും നിരന്തരമായ ഏറ്റുമുട്ടലുകളും സിറിയ എന്ന രാഷ്ട്രത്തിൻറെ ശക്തി ക്ഷയിക്കുന്നതിനിടയാക്കി. അന്നുമുതൽ അമേരിക്കയും സഖ്യകക്ഷികളും ചേർന്ന് സിറിയയ്ക്ക് മേൽ ഏർപ്പെടുത്തിയ ഉപരോധം ആ രാജ്യത്തെ കൂടുതൽ തകർത്തു. ഈ സമയത്തുണ്ടായ പ്രധാന ഏറ്റുമുട്ടലിന്റെ ആഘാതത്തിൽ നിന്നും സിറിയൻ അറബ് ആർമിക്ക് ഇപ്പോഴും സ്വയം വീണ്ടെടുക്കാനോ, അന്ന് എതിർകക്ഷികൾ പിടിച്ചെടുത്ത ഹമ, ഹോംസ്, അലെപ്പോ തുടങ്ങിയ നഗരങ്ങൾ തിരിച്ചുപിടിക്കാനോ കഴിഞ്ഞിട്ടില്ല. ഈ കാലയളവിൽ സിറിയൻ സൈനിക താവളങ്ങൾക്കുനേരെയും ആയുധശാലകൾക്ക് നേരെയും ഇസ്രയേൽ നിരന്തരമായി നടത്തിയ ബോംബ്ക്രമണം സിറിയൻ സൈന്യത്തെ എല്ലാ അർത്ഥത്തിലും ദുർബലപ്പെടുത്തി. ലബനനു നേരെ ഇസ്രയേൽ നടത്തിയ ഭീകരമായ ആക്രമണവും ഹിസ്ബുള്ള നേതാവ് ഹസ്സൻ നസ്രുള്ളയുടെ കൊലപാതകവും തിരിച്ചടിയ്ക്കാനുള്ള ഹിസ്ബുള്ളയുടെ ശേഷിയെ ദുർബലപ്പെടുത്തി. ഇതാണല്ലോ 2024 നവംബർ 27ന് ഇസ്രയേലും ലെബനനുമായുള്ള വെടിനിർത്തൽ കരാറിലേക്ക് നയിച്ചത്. സിറിയയ്ക്കുനേരെ എന്ത് തരത്തിലുള്ള ആക്രമണം നടന്നാലും സിറിയൻ ഗവൺമെന്റിനെ സംരക്ഷിക്കുന്നതിന് അവിടേക്ക് ഒന്ന് കടക്കാൻ പോലും ഹിസ്ബുള്ളക്ക് കഴിയാത്ത സ്ഥിതിയാണ് ഈ കരാർ സൃഷ്ടിച്ചത്. അതുകൊണ്ട്കൂടിയാണ് ഈ കരാർ ഒപ്പുവയ്ക്കപ്പെട്ട് മണിക്കൂറുകൾക്കുള്ളിൽ സിറിയൻ ഭീകരവാദികൾ അട്ടിമറിനീക്കം ആരംഭിച്ചത്.
സിറിയയിലെ ഇറാനിയൻ സപ്ലൈ ഡിപ്പോൾക്കുനേരെയും സൈനിക സംവിധാനങ്ങൾക്കുനേരെയും നടന്ന ആക്രമണം അപ്രതീക്ഷിതമായിരുന്നു. ഇസ്രയേൽ ഇറാനുനേരെ നടത്തിയ കടന്നാക്രമണങ്ങളോടൊപ്പം ഇതുകൂടിയായപ്പോൾ സിറിയൻ ഗവൺമെന്റിന് സുരക്ഷ നൽകുന്നതിന് ഇറാൻ സേനയ്ക്ക് കഴിയാതെവന്നു. ഹിസ്ബുള്ളയുടെ തകർച്ചയും ഇറാനെ മേഖലയിൽ ദുർബലമാക്കിയിരുന്നു. ഏതാണ്ട് മൂന്ന് വർഷത്തോളമായി ഉക്രൈനുമായി നടന്നുവരുന്ന (യഥാർത്ഥത്തിൽ നാറ്റോയും സാമ്രാജ്യത്വവും റഷ്യയ്ക്കെതിരായി നടത്തുന്നത്) യുദ്ധം, സിറിയൻ ഗവൺമെന്റിനെ സഹായിക്കുവാനുള്ള റഷ്യയുടെ ശേഷിയെയും ദുർബലമാക്കി. അമേരിക്കൻ സാമ്രാജ്യത്വം സിറിയയ്ക്ക് നേരെ നേരിട്ടും, പ്രാദേശികവും അല്ലാത്തതുമായ ശക്തികളെ ഉപയോഗിച്ചും നിരന്തരമായി നടത്തിവന്ന അട്ടിമറി ശ്രമങ്ങളെയും ആക്രമണങ്ങളെയും തുടർന്ന് 2015 ലാണ് റഷ്യ സിറിയയിൽ ആദ്യമായി ഇടപെടുന്നതും ചെറുത്തുനിൽപ്പിന് അസദ് ഗവൺമെന്റിന് സഹായിക്കുന്നതും.
അപ്പോൾ ഇറാനിൽനിന്നും റഷ്യയിൽനിന്നും സിറിയൻ ഗവൺമെന്റിന് ലഭിക്കുമായിരുന്ന സൈനിക സഹായ സാധ്യതകളെല്ലാം വ്യത്യസ്ത രീതിയിൽ നിഷ്ക്രിയമാക്കപ്പെട്ടതിനുശേഷം ആണ് സിറിയ ആക്രമിക്കപ്പെട്ടത്. അതുകൊണ്ടുതന്നെയാണ് എച്ച്ടിഎസ് അട്ടിമറിക്ക് തുടക്കമിട്ടപ്പോൾ, “സിറിയൻ സംഘർഷവുമായി ബന്ധപ്പെട്ട “എല്ലാ കക്ഷികളു’ മായും ചേർന്ന് ഒരു ഉടമ്പടിക്ക് ആസന്നമായ ട്രംപ് ഗവൺമെന്റുമായി ശ്രമം നടത്താമെന്ന് സിറിയയിലെ റഷ്യൻ നയതന്ത്ര പ്രതിനിധിയായ അലക്സാണ്ടർ ലാവ്റെന്റോവ് പറഞ്ഞത്. അതായത്, ഈ സവിശേഷ സാഹചര്യത്തിൽ, ഭീകരവാദികളെ ഏറ്റുമുട്ടലിലൂടെ പരാജയപ്പെടുത്താനോ കിഴക്കൻ സിറിയയിലെ എണ്ണപ്പാടങ്ങളിൽ നിന്ന് അമേരിക്കയെ നീക്കുവാനോ അസദ് ഗവൺമെന്റിന് ആവില്ല എന്ന വ്യക്തമായ ധാരണ റഷ്യക്കും ഇറാനും ഉണ്ടായിരുന്നു എന്നർത്ഥം. എന്നാൽ അലക്സാണ്ടർ ലാവ്റെന്റോവ് പറഞ്ഞതുപോലൊരു ഉടമ്പടിക്കോ ചർച്ചക്കോ പോലുമുള്ള സാവകാശം അക്രമികൾ നൽകിയില്ല. യഥാർത്ഥത്തിൽ, സിറിയയ്ക്ക് മേൽ അമേരിക്കയും ഇസ്രയേലും തുർക്കിയും ചേർന്ന് ഭീകര സംഘടനകളെ ഉപയോഗിച്ച് വളരെ ആസൂത്രിതമായി നടത്തിയ വളഞ്ഞിട്ടാക്രമിക്കലാണ് സിറിയൻ രാഷ്ട്രത്തിൻറെ അധപതനത്തിലേക്ക് നയിച്ചത്.
2017ൽ രൂപംകൊണ്ട്, കഴിഞ്ഞ ഏഴ് വർഷമായി ഇദ്ലിബിൽ മാത്രമായി ഒതുങ്ങി നിന്ന എച്ച്ടിഎസ്, നഗരത്തിലെ തദ്ദേശ കൗൺസിലുകൾ എല്ലാം പിടിച്ചെടുക്കുകയും അവിടുത്തെ എച്ച്ടിഎസ് ഭരണസംവിധാനം സിറിയൻ സാൽവേഷൻ ഗവൺമെൻറ് ആണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. നേരത്തെ പറഞ്ഞതുപോലെ, ഇദ്ലിബിൽ ഭീകരഭരണമാണ് എച്ച്ടിഎസ് കാഴ്ചവച്ചത്. റഷ്യൻ സൈനിക സേനയുടെയും ഇറാന്റെയും സാന്നിധ്യമായിരുന്നു കയ്യേറ്റം കൂടുതൽ വ്യാപിപ്പിക്കുന്നതിന് എച്ച്ടിഎസ്ന് മുന്നിലുണ്ടായിരുന്ന തടസ്സം. 2020ൽ, അസദ് ഗവൺമെൻറിൻറെ സൈനികശക്തിയായ സിറിയൻ അറബ് ആർമി ഇദ്ലിബ് തിരിച്ചുപിടിക്കാനുള്ള നീക്കം നടത്തിയപ്പോൾ എച്ച്ടിഎസ് എന്ന ഇസ്ലാമിസ്റ്റ് ജിഹാദികളെ പിന്തുണച്ചുകൊണ്ട് തുർക്കി, വടക്കൻ സിറിയയിൽ ആക്രമണം അഴിച്ചുവിട്ടു. തുടർന്ന് സിറിയൻ ഗവൺമെന്റിനെ പിന്തുണച്ചുകൊണ്ട് റഷ്യ രംഗത്ത് വരികയും ഒടുവിൽ 2020 മാർച്ചിൽ റഷ്യ തുർക്കി വെടിനിർത്തൽ കരാറിൽ അത് അവസാനിക്കുകയും ചെയ്തു. യാതൊരു കോട്ടവുംതട്ടാതെ ഇദ്ലിബിൽ തുടരാൻ എച്ച്ഡിഎസിനെ അനുവദിക്കുന്ന കരാർ ആയിരുന്നു ഇത്. കരാറിലെ വ്യവസ്ഥയനുസരിച്ച് റഷ്യ പിൻവാങ്ങിയപ്പോൾ തുർക്കിയുമായും തുർക്കിയുടെ പിന്തുണയോടുകൂടി പ്രവർത്തിക്കുന്ന സായുധസേനകളുമായും ഉയ്ഗൂർ പോരാളികളെ പോലെയുള്ള പശ്ചിമേഷ്യയിലെ മറ്റൊരു ഗ്രൂപ്പുകളുമായും ബന്ധം സ്ഥാപിച്ച എച്ച്ടിഎസ് സാമ്രാജ്യത്ത താല്പര്യങ്ങളനുസരിച്ചുള്ള പുതിയ നീക്കങ്ങൾ നടത്തി. ഒടുവിൽ 2024 നവംബറിൽ തുർക്കിയുടെയും ഇസ്രയേലിന്റെയും അമേരിക്കയുടെയും പിന്തുണയോടെ ഓപ്പറേഷൻ ഡിറ്ററൻസ് ഓഫ് അഗ്രക്ഷൻ (Operation Detterrance ഓഫ് Aggression) എന്നപേരിൽ സർജിക്കൽ സ്ട്രൈക്ക് നടത്തുകയും 14 ദിവസം കൊണ്ട് ഒരു രാഷ്ട്രത്തെ ഛിന്നഭിന്നമാക്കുകയും ചെയ്തു.
വാസ്തവത്തിൽ, എച്ച്ടിഎസും അൽ ജോലാനിയും ചെയ്തത് സിറിയ എന്ന ഭൗമ രാഷ്ട്രീയ മണ്ഡലത്തിനകത്ത് തുടർച്ചയായ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ഏതാണ്ട് 800ലേറെ തവണ ആ രാജ്യത്ത് ബോംബാക്രമണം നടത്തുന്നതിന് ഇസ്രയേലിന് അവസരമൊരുക്കി കൊടുക്കുകയുമാണ്; അതുവഴി സിറിയയുടെ സൈനിക ഗവേഷണ സംവിധാനങ്ങളെയാകെ നശിപ്പിക്കുന്നതിനും അവിടുത്തെ പ്രധാന ജല വിഭവങ്ങൾ പിടിച്ചെടുക്കുന്നതിനും തങ്ങൾക്കാവശ്യമായ സിറിയൻ ഭൂപ്രദേശം ആകെ ആക്രമിച്ചുകീഴ്പെടുത്തി കൈവശപ്പെടുത്തുന്നതിനും ഇസ്രയേലിന് സൗകര്യമൊരുക്കി കൊടുക്കുകയാണ് ചെയ്തത്. എച്ച്ടിഎസ് ജൊലാനിയും ചെയ്തത്, സിറിയക്കുമേല്‍ എർദൊഗാനും തുർക്കിക്കുമുള്ള അധിനിവേശ അഭിലാഷങ്ങൾക്ക് പാതവെട്ടലാണ്; ഒരു സ്വതന്ത്ര കമ്പോള സമ്പദ്ഘടനയായി സിറിയയെ മാറ്റിത്തീർക്കുന്നതിനും അമേരിക്കൻ – യൂറോപ്പ്യൻ മൂലധനത്തിന് അവിടേക്ക് കടക്കന്നതിനുമുള്ള സാമ്രാജ്യത്വവിധേയത്ത്വപരമായ കർത്തവ്യം നിറവേറ്റുകയാണ് ഈ ഭീകരസംഘം ചെയ്തത്. ഇതിനെല്ലാംവേണ്ടി ഒരു മതമൗലിക രാഷ്ട്രമാക്കി സിറിയയെ മാറ്റി തീർക്കുകയാണ് എച്ച്ടിഎസ് ചെയ്തത്. ആത്യന്തികമായി, ഇതുവരെ സിറിയ എന്തൊക്കെയായിരുന്നുവോ അതിനു നേർവിപരീതമാക്കി ആ രാജ്യത്തെ മാറ്റി തീർക്കുകയാണ് എച്ച്ടിഎസും ജൊലാനിയും ചെയ്തുകൊണ്ടിരിക്കുന്നത്.
സിറിയൻ ഗവൺമെന്റിന്റെ പതനത്തിലൂടെ ഇസ്രയേലിന് ഉണ്ടാവുന്ന നേട്ടങ്ങൾ അനവധിയാണ്. 1973ൽ സിറിയയിലെ ഗോലാൻ കുന്നുകളുടെ മൂന്നിൽ രണ്ടുഭാഗവും പിടിച്ചടക്കിയ ഇസ്രയേലിന് നിലവിൽ യുഎന്നിന്റെ ബഫർ സോണായിട്ടുള്ള ശേഷിക്കുന്ന ഒരു ഭാഗം കൂടി പിടിച്ചെടുത് കുന്നുകൾ പൂർണമായി അധീനതയിലാക്കാം. അട്ടിമറി നടന്ന് ഉടനടി തന്നെ ഇസ്രയേൽ-സിറിയൻ അതിർത്തിയിൽനിന്ന് അനേകം കിലോമീറ്ററുകൾ സിറിയയ്ക്കുള്ളിലേക്ക് കടന്നുകയറിയ ഇസ്രായേൽ ഇപ്പോൾ ക്വീനേത്രയിലേക്ക് നീങ്ങികഴിഞ്ഞു. അതുകൊണ്ടുതന്നെയാണ് തുടർച്ചയായി സിറിയയിൽ ബോംബക്രമണം നടത്തിയും വ്യോമാക്രമണത്തിന് എച്ച്ടിഎസിന് വേണ്ട സഹായം നൽകിയും ഈ അട്ടിമറിക്കു വേണ്ട എല്ലാവിധ പിന്തുണയും നൽകാൻ ഇസ്രയേൽ തയ്യാറായത്. ഇസ്രയേൽ മാത്രമല്ല, തുർക്കിയും അമേരിക്കയും ഇത്തരത്തിൽ സിറിയൻ മണ്ണിലേക്ക് അധിനിവേശം നടത്തുകയാണ്. അമേരിക്കയുടെ ലക്ഷ്യം സിറിയയിലെ സമ്പന്നമായ എണ്ണപ്പാടങ്ങളാണ്. ഇതൊക്കെയും ഭൗമ താൽപര്യവും സാമ്പത്തിക താൽപര്യവുമാണ്. ഈ ശക്തികളുടെയെല്ലാം ആത്യന്തിക ലക്ഷ്യം തികഞ്ഞ സാമ്രാജ്യത്വവിരുദ്ധ സയണിസ്റ്റുവിരുദ്ധ നിലപാട് എക്കാലവും കൈക്കൊണ്ടിരുന്ന ഒരു രാജ്യത്തെ, അവിടുത്തെ ഗവൺമെന്റിനെ മൃതപ്രായമാക്കി ശിഥിലീകരിക്കുക എന്നതാണ്. വർഗീയ – വംശീയ – മതമൗലികവാദ – വിഘടനവാദ സംഘർഷങ്ങളുടെ ഭൂമികയാക്കി അതിനെ മാറ്റിതീർക്കുക എന്നതാണ്.
അസദ് ഗവൺമെന്റിന്റെ ബാത്തിസ്റ്റ് സ്വേച്ഛാധിപത്യമാണ് സിറിയയിൽ നടന്നിരുന്നതെന്നും അതിൽനിന്നും രാജ്യത്തെ വിമോചിപ്പിക്കുകയാണ് “വിമതർ” ചെയ്തതെന്നും പ്രചരിപ്പിക്കാൻ പാശ്ചാത്യ മാധ്യമങ്ങൾ അക്ഷീണം പ്രയത്നിക്കുന്നുണ്ട്. എന്നാൽ, അവിടെ ഈ അട്ടിമറി നടത്തുന്നതിന് മുന്നിട്ടുനിന്ന വിദേശ ശക്തികൾ, അത് അമേരിക്കയായാലും ഇസ്രയേലായാലും തുർക്കിയായാലും, ജനാധിപത്യത്തോട് യാതൊരു പ്രതിബദ്ധതയുമില്ലാത്തവരാണ്.
ഇക്കാലമത്രയും സിറിയയിൽ അവർ നടത്തിയത് ജിഹാദികളെ ഉപയോഗിച്ചുകൊണ്ട് ജനാധിപത്യവിരുദ്ധമായ മനുഷ്യത്വഹീനമായ അധിനിവേശം തന്നെയാണ്. കേവലം രണ്ടര കോടി മനുഷ്യർ മാത്രമുള്ള ഒരു രാജ്യത്തെ ലക്ഷക്കണക്കിന് മനുഷ്യരെ അഭയാർത്ഥികളാക്കി മാറ്റി, ഒരു ജനതയുടെയാകെ അതിജീവനം അരക്ഷിതാവസ്ഥയിലാക്കി സാമ്രാജ്യത്വം അവിടെ കാണിച്ചുകൂട്ടിയതിനൊക്കെയും ഭീകര പ്രവർത്തനം എന്നല്ലാതെ മറ്റൊരു പേരില്ല.
ദുർബലമായത് പലസ്തീനുവേണ്ടിയുള്ള ചെറുത്തുനിൽപ്പ്
സിറിയ ഇനിയില്ല; സാമ്രാജ്യത്വവിരുദ്ധമായും സയണിസ്റ്റുവിരുദ്ധമായും നിലകൊണ്ട ആ മതനിരപേക്ഷ രാഷ്ട്രത്തിൻറെ അസ്തിത്വം തന്നെ ശിഥിലമായിരിക്കുന്നു. നെതന്യാഹു ആഗ്രഹിച്ചതുപോലെ, പലസ്തീനുനേരെ ഇസ്രയേൽ നടത്തുന്ന വംശഹത്യയ്ക്ക് എതിരായി ശബ്ദമുയർത്തുന്ന പശ്ചിമേഷ്യൻ രാജ്യങ്ങളെ ഓരോന്നിനെയും ചലിക്കാൻപോലും സാധിക്കാത്ത രീതിയിൽ നിഷ്ക്രിയവും ശിഥിലവുമാക്കുക എന്ന ലക്ഷ്യം അമേരിക്കയുടെ പിൻബലത്തോടെ വിജയകരമായി നടപ്പാക്കി വരികയാണ്. ലബനനും ഇറാനും ഇപ്പോൾ സിറിയയും ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ദുർബലമാക്കപ്പെട്ടു. പലസ്തീനു വേണ്ടിയുള്ള “ചെറുത്തുനിൽപ്പിന്റെ അച്ചുതണ്ടിൽ’ ഇനി ഹിസ്ബുള്ളയും ഇറാനും യമനും ഇറാഖിലെയും ഇറാനിലെയും ഏതാനും ചില സന്നദ്ധസംഘടനകളും മാത്രം.
ഇത്തരമൊരു ഭീകരമായ തകർച്ചയിലേക്ക് സിറിയയെ കൊണ്ടെത്തിച്ചത് അമേരിക്കയും ഇസ്രയേലും തുർക്കിയും ഇസ്ലാമിസ്റ്റ് ജിഹാദികളും ചേർന്ന് നടത്തിയ വർഷങ്ങൾ നീണ്ട കൂട്ടായ കടന്നാക്രമണമാണ്. പ്രതിഷേധിക്കുന്ന സിറിയക്കാർക്ക്നേരെ ഇസ്രയേൽ വെടിവെപ്പ് തുടങ്ങിക്കഴിഞ്ഞു. ഒടുവിൽ നിവർത്തിയില്ലാതെ ഇന്നലെവരെ തങ്ങളുടേതായിരുന്ന വീടും നാടും ദേശീയതയും സംസ്കാരവും എല്ലാമുപേക്ഷിച്ച് ജീവനും കൊണ്ടോടാൻ തയ്യാറായ സിറിയൻ ജനതയ്ക്ക്നേരെ യൂറോപ്യൻ രാജ്യങ്ങളടക്കം വാതിലുകൾ കൊട്ടിയടക്കുകയാണ്.
ഈ ഭീകരാക്രമണത്തിൽ മാഞ്ഞു പോകുന്നത് ഒരു നാടും ജനതയും സംസ്കാരവും പൈതൃകവും എല്ലാമാണ്. അരക്ഷിതമായി അലയുന്ന മനുഷ്യരുടെ നിലവിളികൾ കേൾക്കാൻ സാമ്രാജ്യത്വത്തിനും അതിൻറെ ലാഭക്കൊതി മൂത്ത കണ്ണുകൾക്കും ആവില്ല. ചോരയിൽ കുളിച്ചുനിൽക്കുന്ന സയണിസ്റ്റ് കൊളോണിയലിസത്തിനോ ഇസ്ലാമിസ്റ്റ് ജിഹാദികൾക്കോ അതിന് കഴിയില്ല. കേവലമായ ലാഭേച്ഛക്കുവേണ്ടി സാമ്രാജ്യത്വം ഇല്ലാതാക്കുന്നത് ഒരു ജനതയുടെയാകെ ജീവിതവും അവകാശങ്ങളുമാണ്.

