Home / ഭൂമിമലയാളം  / ഭയവും യുദ്ധവും വാൾ സ്ട്രീറ്റിലെ കാളയും

ഭയവും യുദ്ധവും വാൾ സ്ട്രീറ്റിലെ കാളയും

നിരഞ്ജൻ ടിജി "ഭയവും യുദ്ധവും വാൾ സ്ട്രീറ്റിലെ കാളയും" എന്ന തലക്കെട്ടിൽ ഭൂമിമലയാളത്തിൽ എഴുതുന്നു.

BhoomiMalayalam

ഇതിനകം പരക്കെ വായിക്കപ്പെട്ട രാജശ്രീടീച്ചറുടെ ആത്രേയകം എന്ന നോവൽ ആരംഭിക്കുന്നത് യാഗശാലയിൽ വെച്ച് സരമ എന്ന ശ്വാനമാതാവ് ജനമേജയരാജാവിനെ “ശിഷ്ടജീവിതം അപ്രതീക്ഷിതഭയങ്ങളാൽ നിറയുന്നതാവട്ടെ” എന്ന് ശപിക്കുന്നിടത്തു നിന്നാണ്. ലാബ്രഡോറും അൾസേഷ്യനും മുതൽ ബുൾ ടെറിയർ വരെ ലോകത്താകമാനമുള്ള ശ്വാനകുലം ഈ ശാപം ഏറ്റെടുത്ത് റിലേ ചെയ്തിട്ടുണ്ട് എന്നു വേണം കരുതാൻ. കാരണം ഭൂമിയിലെ മനുഷ്യവംശത്തിന്റെയാകെ ഏറ്റവും വലിയ ഭയം ഇപ്പോഴും ഭയം തന്നെയാണ്. അതുകൊണ്ടുതന്നെ മനുഷ്യർക്കിടയിലെ ഏറ്റവും വലിയ വിപണിയും ഭയത്തിന്റേതാണ്.

അന്താരാഷ്ട്രവിപണിയിൽ ഭയത്തിന്റെ മാർക്കറ്റ് കൈകാര്യം ചെയ്യുന്നതിന്റെ കുത്തക അമേരിക്കക്കാണ്. ഒരു വൻകരയിലെ ആദിമവംശജരെ മുഴുവൻ ഭയപ്പെടുത്തി തുരത്തിയോടിച്ചുണ്ടാക്കിയ സാമ്രാജ്യത്തിന് അഞ്ഞൂറ്റിച്ചില്ലാനം വർഷങ്ങളുടെ പഴക്കമേ ഉള്ളൂ എങ്കിലും ഭയത്തിന്റെ ബിസിനസ്സിൽ അവരോളം അനുഭവജ്ഞാനം മറ്റാർക്കുമില്ല. കമ്യൂണിസം എന്ന ഭൂതത്തെ തുരത്തിയോടിക്കാനുള്ള ആഭിചാരക്രിയകൾ, മാട്ടുമാരണങ്ങൾ, വേണ്ടിവന്നാൽ ചൂരൽപ്രയോഗങ്ങൾ എന്നിവ നടത്തിക്കൊടുത്തുപോന്നിരുന്ന വിയറ്റ്നാം റാംബോ ചേട്ടൻ ശീതയുദ്ധങ്ങൾ തീർന്നതോടെ കുറച്ചുകാലം പണിയില്ലാതിരുന്നു. ആയുധങ്ങളൊന്നും കച്ചവടമാവാതിരുന്നപ്പോൾ പുസ്തകപ്രസാധകർ പ്രാദേശികമേളകൾ സംഘടിപ്പിക്കുന്നതുപോലെ വംശീയകലാപങ്ങളുടെ ചെറുകിടമേളകൾ ലോകമെമ്പാടും സംഘടിപ്പിച്ചുനോക്കി. ജനങ്ങൾക്ക് അതും മടുത്ത് പരസ്പരം ‘മിലേ സുർ മേരാ തുമാരാ’ എന്നു കെട്ടിപ്പിടിക്കാൻ തുടങ്ങിയപ്പോൾ അമേരിക്ക വീണ്ടും ആപ്പിലായി. അപ്പോഴാണ് ഭീകരവാദം എന്ന സംഗതി വീണുകിട്ടുന്നത്.

മലയാളമനോരമ കാലങ്ങളായി ചെയ്തുപോന്നിരുന്ന ഒരു വിദ്യ കുഞ്ഞുങ്ങൾക്കു കളിക്കാനായി കളിക്കുടുക്കയിലും ഇട്ടുപോന്നിരുന്നു. ‘ആടിനെ പട്ടിയാക്കൂ’ എന്ന മട്ടിൽ. അതിന് കുട്ടികൾ ആട്, ആന, പന, പട്ടി.. എന്നെഴുതി കൈകൊട്ടിച്ചിരിക്കും. അമ്മാതിരിയൊരു വിക്രസ്സിലൂടെയാണ് വർഷങ്ങൾക്കു മുമ്പ് ജോർജ് ബുഷ് ‘ട്വിൻ ടവർ’ എന്നത് ‘സദ്ദാം ഹുസൈൻ’ എന്നാക്കിയത്. ഇടയിൽ വീണ്ടും പേർഷ്യൻ ഗൾഫിൽ വന്ന് ഇറാനോട് കളിച്ചതും അതൊക്കെത്തന്നെ.Trump war

ഇന്ത്യയെ ഡൈനിങ് ടേബിളിലിരുത്തി ചായകൊടുക്കുമ്പോൾ തന്നെ പാക്കിസ്ഥാനെ ഉമ്മറത്ത് ക്ഷണിച്ചിരുത്തി ഫാനിട്ടു കൊടുക്കാനോ യുക്രയിനിനെ വഴിയിലിറക്കി വിട്ട് റഷ്യക്ക് ചുവപ്പു പരവതാനി വിരിക്കാനോ ഒന്നും അപ്പപ്പോഴത്തെ കച്ചവട താൽപര്യങ്ങൾക്കനുസരിച്ച് നിലപാടുകളിൽ മലക്കം മറിയുന്ന ട്രമ്പിന്റെ അമേരിക്കക്ക് മടിയില്ല.

യുദ്ധമില്ലെങ്കിൽ അമേരിക്കയ്ക്ക് സമാധാനമില്ല. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളിൽ ഓരോരോ കാരണമുണ്ടാക്കി തല്ലാൻ കൂടിയ ചരിത്രവും അതാണ് തെളിയിക്കുന്നത്.

മുംബൈയിലൊക്കെ ചില തിരക്കുള്ള റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ അത്യാവശ്യം അലങ്കരിച്ച ഒരു പശുവും ഒരു കെട്ടു പുല്ലുമായി ഒരു ഭയ്യ ഇരിപ്പുണ്ടാവും. രാവിലെ നെട്ടോട്ടമോടുന്നതിനിടയിലും സ്ത്രീപുരുഷഭേദമന്യേ കുറേ ജനം ഗോമാതാവിനെ വന്ദിച്ച് ഭയ്യക്ക് ഒന്നോ രണ്ടോ രൂപ കൊടുക്കും. ഭയ്യ നാലഞ്ചു പുല്ലെടുത്ത് ഭക്തർക്കും. അവരത് പശുവിനു നീട്ടും. ബബിൾഗം ചവയ്ക്കുന്നപോലെ നിസ്സംഗമായി ഒരു യന്ത്രം പോലെ വായ് ചലിപ്പിച്ചുകൊണ്ടിരിക്കുന്ന പശു അത് നക്കിയാലായി തിന്നാലായി. എന്തായാലും പകുതിയിലധികം തിരിച്ച് താഴേക്കുതന്നെ വീഴും. ഭയ്യ അത് റീസൈക്കിൾ ബിന്നിലേക്ക് കയറ്റും.

അതുപോലെ യുദ്ധം എന്നത് വാൾ സ്ട്രീറ്റിലെ കാളയായി നിരന്തരം അയവിറക്കിക്കൊണ്ട് ഫെഡറൽ റിസർവ് എന്ന പുല്ലുകെട്ടുമായി കുത്തിയിരിക്കുന്ന അമേരിക്കൻ ഭയ്യയുടെ കൂടെ എപ്പോഴുമുണ്ട്. ഈ പുല്ലുകെട്ടിനെ നിരന്തരം ചലിപ്പിച്ചുകൊണ്ടിരിക്കുന്നതാവട്ടെ ലോകമെമ്പാടുമുള്ള അപരവിദ്വേഷവും ഭയവുമാണ്

Author Photo
നിരഞ്ജൻ ടി ജി

എഴുത്തുകാരൻ

qacheck17@gmail.com

Review overview
NO COMMENTS

POST A COMMENT