പിടിക്കപ്പെട്ടവരുടെ പാത
നെറ്റ്ഫ്ലിക്സ് പ്രോജക്റ്റിന്റെ ഭാഗമായി അമേരിക്കൻ എഴുത്തുകാരനായ ഹാർലൻ കോബെന്റെ പതിനാല് ത്രില്ലർ നോവലുകൾ വിവിധ ഭാഷകളിൽ സീരീസുകളായി അവതരിപ്പിക്കപ്പെടുന്നുണ്ട്. ഇതിൽ ‘കോട്ട്’ (Caught) എന്ന നോവൽ സംവിധായകരായ മിഹ്യൂൽ കോഹനും ഹെർണൻ ഗോൾഫ്രിഡും ചേർന്നാണ് സീരീസ് ആയി ചിത്രീകരിച്ചിരിക്കുന്നത്. ‘കോട്ട്’ന്റെ ദൃശ്യാനുഭവം എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ രാജീവ് രാമചന്ദ്രൻ എഴുതുന്നു.
ഹാർലൻ കോബന്റെ നോവൽ സീരീസാകുമ്പോൾ
2015 നവംബറിൽ ഇന്ത്യൻ വംശജനായ മുതിർന്ന ബ്രിട്ടീഷ് മാധ്യമപ്രവർത്തകൻ ഹസൻ സുരൂർ ലൈംഗികാതിക്രമക്കുറ്റത്തിന് അറസ്റ്റിലായ വാർത്ത അന്ന് തെല്ല് ഞെട്ടലോടെയാണ് കേട്ടത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികതാൽപര്യത്തോടെ ഇടപെടുകയും അയാളെ ലൈംഗിക ബന്ധത്തിനായി ഒരുക്കിയെുക്കുകയും ചെയ്തുവെന്നായിരുന്നു സുരൂറിനെതിരായ ആരോപണം. പെൺകുട്ടിയെന്ന വ്യാജേന ചാറ്റ് ചെയ്ത്, കെണിയൊരുക്കി കാത്തിരുന്ന ഒരു അമെച്യൂർ ടെലിവിഷൻ സംഘം സുരൂറിനെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളെ ചെറുക്കാനായി രൂപീകരിച്ച ‘അൺനോൺ ടി വി’ എന്ന ഈ സ്വയം പ്രഖ്യാപിത മാധ്യമ- ജാഗ്രതാസംഘം ഇത്തരത്തിൽ ഏറെ പേരെ പിടികൂടുകയും ചെയ്തിരുന്നു. സുരൂറിനെ ക്യാമറയിൽ ചോദ്യം ചെയ്യുന്ന ദൃശ്യങ്ങളടക്കം പുറത്തുവിട്ടതോടെ പല മാധ്യമസ്ഥാപനങ്ങളും അദ്ദേഹവുമായുണ്ടായിരുന്ന എഴുത്തുടമ്പടികൾ റദ്ദാക്കി. എന്നാൽ ഏഴുമാസത്തിനു ശേഷം വെസ്റ്റ് മിനിസ്റ്ററിലെ കോടതി സുരൂറിനെതിരായ കേസ് അപ്പാടെ തള്ളി. ആരോപിക്കപ്പെട്ട കുറ്റങ്ങളെ സാധൂകരിക്കുന്ന യാതൊരു തെളിവും ഇല്ലെന്ന് കണ്ടെത്തിയ കോടതി, നിരപരാധി എന്ന് കണ്ടെത്തിയാണ് സുരൂറിനെ വെറുതെ വിട്ടത്. പരസ്പര സമ്മതത്തോടെയുള്ള രതി കുറ്റകരമല്ലാത്ത ഒരു സമൂഹത്തിൽ, മുതിർന്നയാളെന്ന് സ്വയം പരിചയപ്പെടുത്തിയ ഒരു സൈബർ വ്യക്തിത്വത്തോട് ലൈംഗിക താൽപര്യം പ്രകടിപ്പിക്കുക മാത്രമാണ് താൻ ചെയ്തതെന്നായിരുന്നു സുരൂരിന്റെ വാദം.
ഹസൻ സുരൂരടക്കം പലരേയും അൺനോൺ ടി വി ഒളികാമറയിൽകുടുക്കുന്നതിനും ചുരുങ്ങിയത് അഞ്ചു വർഷമെങ്കിലും മുമ്പ്, അമേരിക്കൻ എഴുത്തുകാരനായ ഹാർലൻ കോബെൻ ‘കോട്ട്’ (Caught) എന്ന നോവൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വെൻഡി ടൈൻസ് എന്ന സ്ത്രീപക്ഷ മാധ്യമപ്രവർത്തക ബാലപീഡകരെ കുറിച്ചുള്ള ഒരു അന്വേഷണാത്മക പരമ്പരക്കുവേണ്ടി തയ്യാറാക്കുന്ന ഒളികാമറ കെണിയിൽ തികച്ചും അപ്രതീക്ഷിതമായി ഡാൻ മേർസർ എന്ന സാമൂഹ്യപ്രവർത്തകൻ വന്നുപെടുന്നതാണ് നോവലിന്റെ ഇതിവൃത്തം. ഹേയ് ലി മക്വൈഡ് എന്ന പതിനേഴുകാരിയുടെ തിരോധാനത്തിന്റെ പശ്ചാത്തലത്തിൽ, വെൻഡിയുടെ ടെലിവിഷൻ വാർത്താപരമ്പരയും പൊലീസ് അന്വേഷണവും പരസ്പരപൂരകമാവുമ്പോൾ സാമൂഹ്യപ്രവർത്തകനെന്ന നിലയിലുള്ള ഡാൻ മേർസറുടെ പൊതുജീവിതത്തിന് തിരശ്ശീല വീഴുകയാണ്.
“ആ ചുവന്ന വാതിൽ തുറക്കുന്നതോടെ എന്റെ ജീവിതം തകരുമെന്ന് എനിക്കറിയാമായിരുന്നു” എന്ന് ഡാൻ മേർസറിന്റെ ആത്മഗതത്തിലാണ് കോബെന്റെ നോവൽ തുടങ്ങുന്നത്. തുറക്കുന്ന വാതിലിലൂടെ ഡാൻ കടന്നു കയറുന്നത് ഒരു ഒളിക്യാമറയുടെ ഫ്രെയിമിലേക്കാണ്. ‘മിസ്റ്റർ ഡാൻ നിങ്ങളെന്താണിവിടെ?’ എന്ന ചോദ്യവുമായി മുറിക്കകത്തുനിന്ന് അയാൾക്കു നേരെ വെൻഡി ടൈൻസ് ഇറങ്ങിവരുമ്പോൾ അവിടെ ഹസൻ സുരൂറിനെ നമുക്ക് കാണാം. സമാനമായ ദൃശ്യങ്ങളാണ് നമ്മൾ 2015ൽ വാർത്താ ഏജൻസികളിലൂടെ കണ്ടത്. ‘ക്യാച്ച് ദ പ്രിഡേറ്റർ‘ എന്ന് ഒരു പഴയ ടെലിവിഷൻ പരിപാടി തന്നെയാണ് ഈ നോവലിന് നിമിത്തമായതെന്ന് ഹാർലൻ കോബെൻ പറയുന്നുണ്ട്. ഒരു ജേണലിസ്റ്റ് ഒളികാമറ ഉപയോഗിച്ച് റിപ്പോർട്ടിങ് നടത്തുമ്പോൾ അതിൽ കുടുങ്ങുന്നത് അവർക്ക് പരിചയമുള്ള ആരെങ്കിലുമാണെങ്കിലോ എന്ന ചിന്തയിൽ നിന്നാണ് കോട്ട് എന്ന നോവലുണ്ടാകുന്നതെന്നാണ് കോബെൻ വിശദീകരിക്കുന്നത്. എന്നാൽ ഒളിക്യാമറാ റിപ്പോർട്ടിങ്ങിന്റെ നൈതികതയെ കുറിച്ച് ചർച്ച ചെയ്യും വിധമായിരുന്നില്ല, നോവലിന്റെ ആഖ്യാനം. സബർബൻ ത്രില്ലർ എന്ന തന്റെ പതിവു ഴോണറിന് പാകപ്പെടുംവിധം കഥാപാത്രങ്ങളെ രൂപപ്പെടുത്തുകയായിരുന്നു കോബെൻ. കാണാതാവുന്ന ഒരു പെൺകുട്ടി, പിഡോഫീലിയ ആരോപിക്കപ്പെട്ട് നാടുവിടുന്ന ഒരു സാമൂഹ്യപ്രവർത്തകൻ – അവരെ കഥക്കുള്ളിൽ നിലനിർത്തുന്ന ചരടായി വർത്തിക്കുന്ന ഒരു മാധ്യമപ്രവർത്തക – ഇവരെ ചുറ്റിപ്പറ്റി, ഉദ്വേഗഭരിതമായ ഒരു ആഖ്യാനം സൃഷ്ടിച്ചെടുക്കുകയായിരുന്നു കോബെൻ. എന്നാൽ നോവൽ സീരീസാവുന്നതോടെ മാധ്യമപ്രവർത്തക കഥയുടെ കേന്ദ്രബിന്ദുവായി മാറുന്നു.
നോവലിനും സീരീസിനുമിടയിൽ കടന്നു പോയ പത്തുപതിനാല് വർഷങ്ങൾ തന്നെയാണ് കഥയെ മറ്റൊരു വീക്ഷണ കോണിൽ അവതരിപ്പിക്കാൻ സംവിധായകരെ പ്രേരിപ്പിച്ചിട്ടുണ്ടാവുക. സീരീസിൽ കഥാപാത്രങ്ങളുടെ പേര് മാത്രമല്ല, കഥാപശ്ചാത്തലം അർജന്റീനയും ഭാഷ സ്പാനിഷുമായി മാറിയിട്ടുണ്ട്. സ്പാനിഷിൽ ‘അത്രാപദോസ്’ എന്ന പേരിലുള്ള സീരീസിന്റെ തുടക്കം വയലിൻ പരിശീലനത്തിനിടെ അജ്ഞാതനായ അഭ്യുദയകാംഷിയോട് സംസാരിക്കുന്ന മാർട്ടീന ഷൂൾസ് എന്ന പതിനേഴുകാരിയുടെ മുറിയിൽ നിന്നാണ്. അച്ഛനും അമ്മയും ഇളയ സഹോദരിയും ചേർന്ന കുടുംബത്തിൽ അകാരണമായി ഒറ്റപ്പെട്ടുപോകുന്ന മാർട്ടീനയിൽ നിന്നാണ് ബാലലൈംഗികപീഡകർക്കായി വലവിരിക്കുന്ന എമ്മ ഗരായ് എന്ന മുതിർന്ന മാധ്യമപ്രവർത്തകയുടെ എഡിറ്റോറിയൽ ഡെസ്കിലേക്കുള്ള കട്ട്. (നോവലിലെ വെൻഡിയാണ് സീരീസിലെ എമ്മ, ഡാൻ മേർസർ സീരീസിൽ ലിയോ ആണ്, ഹെയ് ലി, മാർട്ടീനയും) എമ്മക്കുമുണ്ട് കൗമാരക്കാരനായ ഒരു മകൻ, അമ്മയും മകനുമായുള്ള ബന്ധവും സംഘർഷാത്മകമാണ്. അച്ഛന്റെ മരണം, അതിലേക്കു നയിച്ച സാഹചര്യങ്ങൾ, മുതിർന്ന മാധ്യമപ്രവർത്തക എന്ന നിലയിലുള്ള അമ്മയുടെ തിരക്കേറിയ ജീവിതം – ഒരു പതിനാറുകാരനെ നിഷേധിയാക്കാൻ വേറെ കാരണങ്ങൾ വേണ്ടല്ലോ !
എമ്മ ഗരായ് യുടെ ഒളിക്യാമറ ഓപ്പറേഷനിലേക്ക്, ലിയോ മേർസർ നടന്നു കയറുന്നത്, സീരീസിന്റെ രണ്ടാം എപ്പിസോഡിലാണ്. അതിനു മുമ്പു തന്നെ എമ്മയും ലിയോയും ഒരു സവിശേഷ സാഹചര്യത്തിൽ കാണുകയും അടുക്കുകയും ചെയ്യുന്നുണ്ട്. അവിചാരിതമായി ബാലപീഡകനെന്ന നിലയിൽ മേർസറെ കാണേണ്ടിവരുന്ന എമ്മക്കുണ്ടാവുന്ന ഞെട്ടൽ ചെറുതല്ല. എന്നാൽ അയാളുമായുള്ള പരിചയമോ അടുപ്പമോ ഒന്നും, വാർത്ത സംപ്രേഷണം ചെയ്യുന്നതിൽ നിന്ന് അവളെ തടയുന്നുമില്ല. രചയിതാവായ കോബെൻ ഈ നിമിഷമാണ് കോട്ട് എന്ന നോവലിന്റെ ഉത്ഭവസന്ദർഭമെന്ന് നേരത്തെ പറഞ്ഞിട്ടുമുണ്ട്. സീരീസിൽ സൂക്ഷ്മമായി ചിത്രീകരിച്ചിട്ടുള്ള ചുവന്ന വാതിലുള്ള വീട് നോവലിസ്റ്റിന്റെ സാന്നിധ്യം കൃത്യമായി വെളിവാക്കും. (സീരീസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൂടിയാണ് കോബെൻ)
കാണാതാവുന്ന പെൺകുട്ടിയെ പറ്റിയുള്ള പൊലീസ് അന്വേഷണം, സീരിയൽ ചൈൽഡ് സെക്സ് ഓഫെൻഡറെ കുറിച്ചുള്ള എമ്മയുടെ അന്വേഷണം, ഒപ്പം ആരോപണ വിധേയനായ ലിയോ മേർസറുടെ തിരോധാനം- സീരീസിനെ ത്രില്ലറായി നിലനിർത്തുന്ന ഘടകങ്ങൾ ഇങ്ങനെ വിശാലമാവുന്നു. കഥാഗതിയിൽ പുതിയ വളവുതിരിവുകളും ഉൾപ്പിരിവുകളുമുണ്ടാവുന്നു. വർത്തമാനകാലത്ത് ദൃശ്യ – ഡിജിറ്റൽ മാധ്യമങ്ങളുടെ വിവേചനരഹിതമായ ഇടപെടൽ എങ്ങനെയാണ് വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്നതെന്ന ചർച്ച ലോകമെങ്ങും നടക്കുമ്പോൾ സീരീസിന് ആ ഒരു അധിക മാനവും കൈവരുന്നുണ്ട്. ആഖ്യാനത്തിലെ അന്തർലീനഘടകമെന്ന നിലയിൽ മാത്രം വരുന്ന മാധ്യമനൈതികതയെ കുറിച്ചുള്ള വിചാരങ്ങൾക്ക് നോവലിനേക്കാളും പ്രാധാന്യം കൈവരുന്നുണ്ട്, സീരീസിൽ. (വിശദമായ വിലയിരുത്തൽ വിശദാംശങ്ങളുടെ വെളിപ്പെടുത്തലിലേക്ക് നയിച്ചേക്കാമെന്നതിനാൽ അതിന് മുതിരുന്നില്ല)
അമേരിക്കയിലെ ന്യൂജേഴ്സിയിൽ നിന്ന് അർജന്റീനയിലെ പ്രകൃതിരമണീയമായ ബറിലോചെ എന്ന ഉൾനാട്ടിലേക്ക് കഥാപരിസരത്തെ മാറ്റുന്നതിലൂടെ മിഹ്യൂൽ കോഹനും ആനാ കോഹനും സീരീസിന് കുറച്ചുകൂടി അടരുകൾ ചേർക്കാനായിട്ടുണ്ട്. ചെറുപട്ടണങ്ങളിൽ നിന്ന് വൻനഗരങ്ങളിലേക്കെത്താനുള്ള കൗമാരകൗതുകം മുതൽ ചെറുപട്ടണങ്ങളെ ലക്ഷ്യം വക്കുന്ന ഭൂവിനിയോഗവ്യവസായികളുടെ മൂലധന താൽപര്യങ്ങളുമെല്ലാം സീരീസിന്റെ ഉള്ളടക്കത്തോട് ചേർന്നു പോകുന്നു.
അർജന്റൈൻ ഗായികയും നടിയുമായ സോലിദാദ് വിശമിൽ ആണ് എമ്മ ഗരായ് എന്ന സങ്കീർണ്ണകഥാപാത്രത്തെ മനോഹരമായി അവതരിപ്പിച്ചിട്ടുള്ളത്. ലിയോ മേഴ്സർ ആയി വരുന്ന ആൽബെർതോ അമ്മാൻ നമുക്ക് പരിചിതനാണ്. നാർകോസിലെ പാച്ചോ ഹെരേരയെ അത്ര പെട്ടെന്നൊന്നും മറക്കാനാവില്ലല്ലോ. ഹാർലൻ കോബെന്റെ പതിനാല് ത്രില്ലർ നോവലുകൾ വിവിധ ഭാഷകളിൽ സീരീസുകളായി അവതരിപ്പിക്കുന്ന നെറ്റ്ഫ്ലിക്സ് പ്രോജക്റ്റിന്റെ ഭാഗമാണ് കോട്ട്.

