Home / ലേഖനങ്ങള്‍  / ജീവന്റെ മരം

ജീവന്റെ മരം

“അടിസ്ഥാന വർഗ്ഗത്തിന്റെ ഇല്ലായ്മകളും വല്ലായ്മകളും എന്നും മനസ്സിന്റെ നടുത്തളത്തിൽ പ്രതിഷ്ഠിച്ചിരുന്ന വിഎസിന് കൃത്യമായ പക്ഷപാതിത്വം ഉണ്ടായിരുന്നു. അത് വിശന്നു കരയുന്നവരോടായിരുന്നു.അത്കുടിയിറക്കപ്പെടുന്നവരോടായിരുന്നു.അത് അധികാരമില്ലാത്തവരോടായിരുന്നു. അത് മർദ്ദിതരും ചൂഷിതരുമായവരോടായിരുന്നു” –സുജ സൂസൻ ജോർജ് എഴുതുന്നു…

Farewell VS

ഒരിക്കൽ ഞാൻ ഒരു മഹാവൃക്ഷത്തിനെ കാണാൻ പോയി. ബഹറിനിലെ മനാമയിൽ നിന്ന് പൊള്ളുന്ന ചൂടിൽ മണലാരണ്യത്തിലൂടെയുള്ള ഒരു യാത്രയായിരുന്നു അത് ഒരു ചെറിയ കുന്നിൻ പുറത്ത് ഒറ്റപ്പെട്ടു നിൽക്കുന്ന മരമായിരുന്നു. മരുഭൂമികളിൽ മാത്രം കാണുന്ന ഗാഫ് മരങ്ങളിൽ ഒന്നായിരുന്നു അത്.’ ജീവന്റെ വൃക്ഷം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ മരത്തിന് 400 വർഷത്തിലേറെ പ്രായമുണ്ട്. മഴ ലേശമില്ലാത്ത നാട്ടിൽ, നീരുറവകൾ ഒന്നും അടുത്തെങ്ങുമില്ലാത്ത മരുഭൂമിയിൽ ഇത്ര കാലം ഈ മരം എങ്ങനെ ജീവിച്ചു എന്നത് അത്ഭുതമാണ്. മണലിൽ നിന്ന് വെള്ളം ഊറ്റിയെടുക്കാനുള്ള വിദ്യ ഈ മരത്തിന് അറിയാമെന്നാണ് നാട്ടുകാർ പറയുന്നത്. 30 അടിയോളം ഉയരം വരുന്ന ഈ വൃക്ഷത്തിന്റെ വേരുകൾ 160 അടിയോളം ആഴത്തിലേക്ക് വളർന്നിട്ടുണ്ട് എന്ന് പറയപ്പെടുന്നു. ഏതോ അജ്ഞാത ഉറവുകളിൽ നിന്ന് ആ സസ്യം ജലം ശേഖരിക്കുന്നുണ്ടാവും. അടുത്തടുത്ത് ചെല്ലുംതോറും ആ മരം ഒറ്റക്കല്ലെന്ന് മനസ്സിലായി. പലതരം പക്ഷികൾ അതിൽ കൂടുകെട്ടി പാർക്കുന്നുണ്ട്. മരം പൂത്ത കാലമായിരുന്നു അത്. നിരവധി പൂമ്പാറ്റകളും ചെറുവണ്ടുകളും മൂളി പറക്കുന്നുണ്ട്. ജീവന്റെ മരത്തിന്റെ വേരുപറ്റി അനേകം കുഞ്ഞുകുഞ്ഞു ചെടികൾ വളരുന്നുണ്ട്. അവർക്കിടയിൽ ചെറുജീവികളുടെ മാളങ്ങൾ കാണാം. ഈ മുതുമുത്തച്ഛൻ മരം ഏതോ അഗാധതയിൽ നിന്ന് തനിക്ക് ചുറ്റുമുള്ള ജീവനുകളെ കൂടി തന്നോടൊപ്പം കൂട്ടി വളർത്തുന്നു. അവ വളരുകയും പെരുകുകയും ചെയ്യുന്നു.

വിഎസിന്റെ അവസാന യാത്ര കണ്ടുകൊണ്ടിരുന്നപ്പോൾ ജീവന്റെ വൃക്ഷത്തെ ഞാൻ നിരന്തരം ഓർത്തുകൊണ്ടിരുന്നു. കൈക്കുഞ്ഞിനെയും എടുത്ത് ഭ്രാന്തമായി ഓടുന്ന യുവതി, ദേശീയപാതയുടെ ഓരത്തുകൂടി പാർട്ടി പതാകയും ഏന്തി ഒറ്റയ്ക്ക് മുദ്രാവാക്യം വിളിച്ചു നടന്നുവരുന്ന സ്ത്രീ, ശബ്ദം നഷ്ടപ്പെടാൻ സാധ്യതയുള്ള ഒരു സർജറിക്ക് തയ്യാറെടുക്കുന്ന മനുഷ്യൻ തന്റെ അവസാന ശബ്ദം വിഎസിനു വേണ്ടി മുദ്രാവാക്യം മുഴക്കാനെത്തുന്ന കാഴ്ച. മഴയത്തും വെയിലത്തും രാവെന്നോ പകലെന്നോ അറിയാതെ മണ്ണിലും പൊടിയിലും കിടന്നുമിരുന്നും പതിനായിരക്കണക്കിന് മനുഷ്യർ…Grandma

ജാതി ജന്മി നാടുവാഴിത്തത്തിനെതിരെ

1923ൽ ആലപ്പുഴയിൽ ജനിച്ച വിഎസിന്റെ ജീവിതത്തെ ആദ്യമായി സ്വാധീനിച്ച സമരം നിവർത്തന പ്രക്ഷോഭം ആയിരുന്നു. തിരുവിതാംകൂർ രാജാക്കന്മാരുടെയും നാടുവാഴി ജന്മിമാരുടെയും ജാതിക്കോയ്മയുടെയും അടിച്ചമർത്തലുകളുടെ കീഴിൽ നരക ജീവിതം നയിച്ചു കൊണ്ടിരുന്ന സാധാരണ മനുഷ്യരുടെ സംഘടിതമായ ഉയർത്തെഴുന്നേൽപ്പായിരുന്നു 1931 ലെ നിവർത്തന പ്രക്ഷോഭം. സർ സി പി ക്കെതിരായ ആദ്യത്തെ സമരം കൂടിയായിരുന്നു അത്. ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്നുവന്നിരുന്ന നിസ്സഹകരണ സമരത്തിൽ നിന്ന് വിഭിന്നമാണെന്ന് സൂചിപ്പിക്കാനാണ് നിവർത്തനം എന്ന പദം ഉപയോഗിച്ചത്. തിരുവിതാംകൂറിൽ ശക്തി പ്രാപിച്ചു വന്നിരുന്ന ജാതി -സമുദായ പരിഷ്കരണ ശ്രമങ്ങളിൽ നിന്ന് വ്യത്യസ്തമായി അതിന്റെ അതിരുകൾ കടന്നു വളർന്നു വന്ന ഈഴവ- മുസ്ലിം- ക്രിസ്ത്യൻ വിഭാഗങ്ങളുടെ കൂട്ടുകെട്ടാണ് സമരത്തിന് ആഹ്വാനം ചെയ്തത്. എൻ വി ജോസഫും സി കേശവനുമായിരുന്നു നേതാക്കൾ. ചരിത്രത്തിൽ തുടർന്നു വരാൻ പോകുന്ന തൊഴിലാളി സംഘടനകളുടെ വളർച്ചയുടെയും മുന്നേറ്റത്തിന്റെയും അടിത്തറയായിരുന്നു നിവർത്തന പ്രക്ഷോഭം. തിരുവിതാംകൂറിലെ ആദ്യത്തെ ഈ രാഷ്ട്രീയ സമരത്തിന്റെ വളക്കൂറിലാണ് വിഎസ് അച്യുതാനന്ദൻ എന്ന രാഷ്ട്രീയ നേതാവിന്റെ വേരുകൾ ഉറച്ചു നിൽക്കുന്നത്. തുടർന്ന് വിഎസ് പതിനഞ്ചാം വയസ്സിൽ സ്റ്റേറ്റ് കോൺഗ്രസിൽ അംഗമാവുകയും 1940 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി മെമ്പറാവുകയും ചെയ്തു.

പി കൃഷ്ണപിള്ളയുടെ നിർദ്ദേശപ്രകാരം കർഷകത്തൊഴിലാളികളെയും ഫാക്ടറി തൊഴിലാ​ളികളെയും സംഘടിപ്പിച്ചുകൊണ്ട് വിഎസ് വളരെ വേഗം തന്നെ നേതൃസ്ഥാനത്തേക്ക് ഉയർന്നുവന്നു.

പുന്നപ്ര- വയലാർ സമരത്തിനെ കേരളത്തിലെ സോഷ്യലിസ്റ്റ് വിപ്ലവം എന്ന് വിശേഷിപ്പിക്കുന്നതിൽ തെറ്റില്ല. ദിവാൻ ഭരണത്തിനെതിരെയുള്ള ഒരു സമരം എന്നതല്ല അതിന്റെ സവിശേഷത. സർ സി പി യും തിരുവിതാംകൂർ രാജകുടുംബവും മുന്നോട്ടുവെച്ച അമേരിക്കൻ മോഡൽ ഭരണത്തിനെതിരെയും ഹിന്ദുരാഷ്ട്ര പ്രഖ്യാപനത്തിനെതിരെയും തൊഴിലാളികളെയും സാധാരണക്കാരെയും സംഘടിപ്പിച്ചു കമ്മ്യൂണിസ്റ്റ് പാർട്ടി നടത്തിയ സമരം ആയിരുന്നു അത്. ആ ഐതിഹാസിക സമരത്തിന്റെ ആലോചനയുടെ പ്രാരംഭ കാലം മുതൽ അതിന്റെ ഭാഗമായിരുന്നു വിഎസ്. തുടർന്നുണ്ടായ ജയിൽവാസവും ക്രൂരമായ പോലീസ് മർദ്ദനവും വിശദീകരിക്കാൻ മുതിരുന്നില്ല. ഈ കാലത്തിനോടകം വിഎസ് തിരുവിതാംകൂർ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അനിഷേധ്യ നേതാവായി തീർന്നിരുന്നു. ശ്രീനാരായണഗുരുവിന്റെ നേതൃത്വത്തിൽ ഈഴവ സമുദായത്തിൽ ഉണ്ടായി വന്ന പരിഷ്കരണങ്ങളെ ഒരു വിഭാഗം സമ്പന്നർ അവരുടെ താൽപര്യങ്ങൾക്കു വേണ്ടി വഴിതിരിച്ചുവിടുന്ന സാഹചര്യത്തിലാണ് ആ സമുദായത്തിലെ നിസ്വരും തൊഴിലാളികളുമായ സാധാരണക്കാരെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിശാലമായ തൊഴിലാളിവർഗ്ഗ താൽപര്യത്തിലേക്ക് വിഎസ് നയിക്കുന്നത്. 1964ൽ കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി കൽക്കട്ടയിൽ രൂപം കൊള്ളുമ്പോൾ ഉണ്ടായിരുന്ന 32 പേരിൽ ഒരാളാവുകയും കേരളത്തിലെ സിപിഐഎമ്മിനെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനം ആക്കി വളർത്തിയെടുക്കുന്നതിൽ നേതൃത്വപരമായ പങ്കുവഹിക്കുകയും ചെയ്യുമ്പോൾ വിഎസിന്റെ എതിർ ചേരിയിൽ നിന്നിരുന്നവർ എം എൻ ഗോവിന്ദൻ നായെയും ടിവി തോമസിനെയും സി അച്യുതമേനോനെയും പോലുള്ള അനിഷേധ്യരും ഉന്നതരുമായ നേതാക്കളായിരുന്നു എന്നോർക്കണം.

VS CAPവിഎസ് എന്നും കമ്മ്യൂണിസ്റ്റായിരുന്നു

സാധാരണയായി രാഷ്ട്രീയ നേതാക്കൾക്ക് നിശ്ചയിക്കപ്പെട്ടതോ അവർക്ക് താല്പര്യം ഉള്ളതോ ആയ ഓരോ മേഖല ഉണ്ടാകാറുണ്ട്. പക്ഷേ വിഎസിന് അങ്ങനെ ഒന്നുണ്ടായിരുന്നതായി അറിയില്ല. അദ്ദേഹം എന്നും പാർട്ടി പരിപാടികൾ കൃത്യമായി ഏറ്റെടുത്ത് നടത്തുന്ന നേതാവായിരുന്നു. അതിനനുസരിച്ച് സ്വയം രൂപപ്പെടുന്ന വ്യക്തിത്വമായിരുന്നു. പാർട്ടി എന്ന സേവനാഴിയിലൂടെ പിഴിഞ്ഞിറങ്ങി പാകപ്പെടാൻ ആഗ്രഹിച്ച പാർട്ടി നേതാവായിരുന്നു വിഎസ്. പാർട്ടിക്ക് പുറത്ത് വലിയ അംഗീകാരമുള്ള ഒരു ജനകീയ നേതാവായി രൂപാന്തരം പ്രാപിക്കുമ്പോഴും പാർട്ടി എന്ന മൂശയിലൂടെ തന്നെ സഞ്ചരിക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നു.

കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങൾ ‘പാർട്ടിക്കെതിരെ വിഎസ്’ എന്ന ബിംബകൽപ്പന പാകപ്പെടുത്തുമ്പോഴും എല്ലായിടത്തും ഞാനും എന്റെ പാർട്ടിയും എന്ന സ്വയം വിഎസ് അടയാളപ്പെടുത്തി.

സ്വന്തം പ്രസ്ഥാനത്തിന്റെ പുറത്തേക്ക് വളർന്നുനിൽക്കുന്ന വൻമരം എന്ന നിലയിലല്ല വിഎസിന്റെ അന്ത്യയാത്രയിൽ അലമുറയിട്ട ഓടിക്കൂടിയ മനുഷ്യർ വിഎസിനെ കണ്ടത്. മറിച്ച് പാർട്ടിക്കകത്തെ തങ്ങളുടെ പ്രതിനിധി എന്ന നിലയിലാണ്.

പരിണമിക്കുന്ന വിഎസ്

ക്ലാസിക്കൽ മാർക്സിസം അടിസ്ഥാന ആശയങ്ങളായി കണ്ടിരുന്നെങ്കിലും പിന്നീട് ലോക കമ്മ്യൂണിസ്റ്റ് പാർട്ടി സ്ത്രീവിമോചനത്തെയും പാരിസ്ഥിതിക പ്രശ്നങ്ങളെയും അത്ര ഗൗരവമായി കണ്ടിരുന്നില്ല. എന്നാൽ 1970കളിൽ ലോകത്താകമാനം സ്ത്രീ, പാരിസ്ഥിതിക വിഷയങ്ങൾ രാഷ്ട്രീയപ്രശ്നങ്ങളായി ഉയർന്നുവരികയും ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയും അത്തരം ചർച്ചകൾ ഏറ്റെടുക്കുകയും ചെയ്തു. പുതിയ കാലത്ത് സ്ത്രീ പാരിസ്ഥിതിക പ്രശ്നങ്ങളുൾപ്പെടെയുള്ള പാർശ്വവൽകൃത ആശയങ്ങളെ ഏറ്റെടുക്കുന്നതിൽ ചാമ്പ്യനാകാൻ വിഎസിന് കഴിഞ്ഞുവെന്നതാണ് അദ്ദേഹത്തെ പൊതുസമൂഹത്തിന് പ്രിയങ്കരനാക്കിയത്.

ജാതി- ജന്മി- നാടുവാഴിത്ത കോയ്മകൾക്കെതിരെ വിഎസ് തന്റെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ആദ്യകാലത്ത് തുടങ്ങിയ പോരാട്ടം ജീവിതത്തിലുടനീളം വിട്ടുവീഴ്ചയില്ലാതെ തുടർന്നു. മൂന്നാർ, മതികെട്ടാൻ കയ്യേറ്റങ്ങൾക്കെതിരെയുള്ള നിലപാടുകളൊക്കെ അതിന്റെ തുടർച്ചയാണ്.

പലപ്പോഴും ഒരു റിബലാണെന്ന് തോന്നലുണ്ടാക്കിയപ്പോഴും നീതിന്യായ വ്യവസ്ഥയിലുള്ള വിഎസിന്റെ ഒടുങ്ങാത്ത വിശ്വാസം അത്ഭുതപ്പെടുത്തുന്നതായിരുന്നു. വിഎസിനെ ഏതെങ്കിലും നിശ്ചിത സമര രൂപത്തിൽ അല്ല നാം കണ്ടിട്ടുള്ളത്. ഒരേസമയം പല പോർമുഖങ്ങൾ തുറക്കാൻ കെൽപ്പുള്ള അപൂർവ്വ പോരാളിയായിരുന്നു അദ്ദേഹം.

എന്നും നിസ്വരോടൊപ്പം

അടിസ്ഥാന വർഗ്ഗത്തിന്റെ ഇല്ലായ്മകളും വല്ലായ്മകളും എന്നും മനസ്സിൽ പ്രതിഷ്ഠിച്ചിരുന്ന വിഎസിന് കൃത്യമായ പക്ഷപാതിത്വം ഉണ്ടായിരുന്നു. അത് വിശന്നു കരയുന്നവരോടായിരുന്നു. അത് കുടിയിറക്കപ്പെടുന്നവരോടായിരുന്നു. അത് അധികാരമില്ലാത്തവരോടായിരുന്നു. അത് മർദ്ദിതരും ചൂഷിതരുമായവരോടായിരുന്നു. അവരുടെ മുന്നിൽ ചതുരവടിവിലുള്ള ആ മുഖം കാർക്കശ്യം വെടിഞ്ഞ് വൃത്തമായി പരിണമിക്കും. അവർ അദ്ദേഹത്തെ പ്രണയപൂർവ്വം വൈകാരികമായി കണ്ണേ, കരളേ, റോസാപ്പൂവേ, എന്ന് വിളിക്കും

Fieldമറക്കില്ല ഞാനൊരിക്കലും

2013 കാലം. വിഎസ് പ്രതിപക്ഷ നേതാവും ഉമ്മൻചാണ്ടി മുഖ്യമന്ത്രിയുമായിരുന്നു. 2012ലെ നിർഭയ കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയെടുത്ത തീരുമാനങ്ങളിലൊന്ന് കെട്ടിക്കിടക്കുന്ന സൂര്യനെല്ലി കേസ് ഉൾപ്പെടെയുള്ള കേസുകളുടെ അടിയന്തരമായ തീർപ്പായിരുന്നു. സൂര്യനെല്ലി കേസ് വിചാരണയ്ക്കെടുക്കുന്നു എന്ന വാർത്ത പ്രതികളെ സജീവരാക്കി. അതിജീവിതക്കെതിരെ ഓഫീസിൽ ഒരു പണാപഹരണ കേസ് കെട്ടി ചമക്കുകയും അറസ്റ്റ് ചെയ്തു ലോക്കപ്പിൽ ഇടുകയും ചെയ്തു. ഇതേ തുടർന്ന് സർവീസിൽ നിന്ന് അനന്തകാലത്തേക്ക് അവളെ സസ്പെൻഡ് ചെയ്തു. ആ കുടുംബത്തിന്റെ ജീവിതം അതീവ ഗുരുതരമായ പ്രതിസന്ധിയിലായി. വീടും നാടും പള്ളിയും അവരെ ഒറ്റപ്പെടുത്തി. ആകെ ഉണ്ടായിരുന്ന സാമ്പത്തിക വരുമാനം ഇല്ലാതായി. ആ സമയത്താണ് വിഎസ് എന്നെ ഫോണിൽ വിളിക്കുന്നതും നേരിട്ട് കണ്ട് കേസിനെ കുറിച്ചും കുടുംബത്തെക്കുറിച്ചും വിശദമായി സംസാരിക്കുന്നതും. അന്നും ഞാൻ ശ്രദ്ധിച്ചു സങ്കടങ്ങൾ കേൾക്കുമ്പോൾ ആ ചതുര മുഖം വർത്തുളമാകുന്നത്. ദിവസങ്ങൾക്കകം വീണ്ടും അദ്ദേഹത്തിന്റെ ഫോൺ വിളി വന്നു. വിഎസ് അതിജീവിതയുടെ വീട് സന്ദർശിക്കാൻ വരുന്നു. അതൊരു സ്വകാര്യ സന്ദർശനമാണെന്ന് ഉറപ്പിച്ചു പറയാൻ വിഎസ് മറന്നില്ല. ആളും ആരവുമില്ലാതെ വിഎസ്, മാണി മർക്കോസിന്റെ (അതിജീവിതയുടെ പിതാവ്) വീട്ടിലെത്തി. പക്ഷേ എങ്ങനെയോ വാർത്ത പുറത്തുപോവുകയും മാധ്യമങ്ങൾ ഉൾപ്പെടെ വലിയൊരു ജനക്കൂട്ടംഅവിടെ തടിച്ചു കൂടുകയും ചെയ്തു. അടച്ചിട്ട മുറിയിലിരുന്ന് വിഎസ് ദീർഘനേരം കുടുംബത്തിനോട് സംസാരിച്ചു. അവരുടെ സങ്കടങ്ങളും വേവലാതികളും കേട്ടു. അവയെയെല്ലാം ആറ്റിത്തതണുപ്പിച്ചു പോകാൻ ഇറങ്ങുമ്പോൾ കയ്യിൽ ഉണ്ടായിരുന്ന ചെറിയ ബാഗ് തുറന്ന് ഒരുകെട്ട് നോട്ട് കയ്യിൽ കൊടുത്തു. അദ്ദേഹം അത് വാങ്ങാൻ വിസമ്മതിച്ചു.

വിഎസ് അദ്ദേഹത്തിന്റെ തോളിൽ തട്ടി ചേർന്നിരുന്നു… “ഇത് അവളുടെ മുത്തശ്ശൻ തരുന്നതാണ്. വാങ്ങിക്കോളൂ. ഞാനിത് എവിടെ നിന്നും വാങ്ങിയതല്ല. ആരും എനിക്ക് തന്നതുമല്ല. എന്റെ പെൻഷൻ തുകയിൽ നിന്ന് മിച്ചം പിടിച്ച് സൂക്ഷിച്ചുവെച്ചതാണ്.” മാണി മാർക്കോസിന്റെ കണ്ണുകൾ മാത്രമല്ല എന്റെയും കണ്ണുകൾ ഈനായി. കൂടിനിന്ന മാധ്യമങ്ങളോട് ഒന്നും മിണ്ടാതെ കൈവീശി നടന്നിറങ്ങുമ്പോൾ വിഎസിന്റെ മുഖം വർത്തുളമായിരുന്നു. പക്ഷേ തിരുവിതാംകൂർ രാജകുടുംബത്തിലെ മുതിർന്ന അംഗത്തെ മിസ്റ്റർ മാർത്താണ്ഡവർമ എന്ന് വിളിക്കാൻ കർക്കശ്യമുള്ള ഒരു ചതുരമുഖം അവിടെത്തന്നെ ഉണ്ടായിരുന്നു.

Author Photo
സുജ സൂസൻ ജോർജ്ജ്

എഴുത്തുകാരി, അധ്യാപിക

qacheck17@gmail.com

Review overview
NO COMMENTS

POST A COMMENT