Home / ലേഖനങ്ങള്‍  / വി.എസ്, തൊഴിലാളികളിൻ തോഴൻ

വി.എസ്, തൊഴിലാളികളിൻ തോഴൻ

മൂന്നാറിൽ അന്ന് ഉണ്ടായിരുന്ന 36 എസ്റ്റേറ്റുകളുടെ മലകളും ചെരുവുകളും കുന്നുകളും കയറി മാസങ്ങളോളം തൊഴിലാളി കുടുംബത്തിലെ ഒരു അംഗത്തെപ്പോലെ വി.എസ്. അവിടെ കഴിഞ്ഞു. അങ്ങനെ കേരള ചരിത്രത്തിലെ ആദ്യ ഉപതെരഞ്ഞെടുപ്പിൽ റോസമ്മ പുന്നൂസ് 7800 ഭൂരിപക്ഷത്തിൽ ജയിച്ചു – മൂന്നാറും വി.എസുമായുള്ള ആത്മബന്ധത്തെക്കുറിച്ച് ഡോ. പ്രഭാഹരൻ കെ. മൂന്നാർ

VS Munnar

തെക്കൻ തിരുവിതാംകൂറിൽ ദിവാൻമാരുടെയും ജന്മികളുടെയും നാടുവാഴികളുടെയും കടുത്ത ചൂഷണം നേരിടേണ്ടി വന്ന തൊഴിലാളി സമൂഹത്തിലെ ഒരു കണ്ണിയായിരുന്നു വി എസ് അച്യുതാനന്ദൻ. ദാരിദ്ര്യവും പീഡനങ്ങളും നിറഞ്ഞ ബാല്യകാലം. രോഗങ്ങളും പട്ടിണിയും നിറഞ്ഞ ആ അതിദാരിദ്ര്യജീവിതത്തിനിടയിൽ നാലാം വയസ്സിൽ അമ്മയെ നഷ്ടപ്പെടുന്നു. പതിനൊന്ന് വയസ്സിൽ അച്ഛനെയും.

ഒരു തൊഴിലാളി കുടുംബത്തിന്റെ അങ്ങേയറ്റം വേദനാ ജനകമായ അവസ്ഥയിൽ ജീവിതം തുടങ്ങിയ ആൾ എന്ന നിലയ്ക്ക് പിന്നീട് നവോത്ഥാന മണ്ണിന്റെ നാൾ വഴികളിൽ അവകാശ പോരാട്ടങ്ങൾക്ക് വേണ്ടി ജീവിതം മാറ്റിവച്ചു.

10 വയസ് മുതൽ തൊഴിലാളിയായി ജീവിക്കാൻ ശീലിച്ചു. തൊഴിലാളികളോടൊപ്പം നടന്നതു കൊണ്ട് തൊഴിലാളികളുടെ വിയർപ്പിന്റെയും കഷ്ടപ്പാടുകളുടെയും വില അറിഞ്ഞു. അവിടെ നിന്നാണ് അച്യുതാനന്ദൻ എന്ന പോരാട്ടവീര്യം അതിന്റെ സ്വതസിദ്ധമായ വഴിയിലൂടെ തനിയെ രൂപപ്പെടുന്നത്. അക്ഷരാർത്ഥത്തിൽ ഗ്രാംഷിയുടെ ഓർഗാനിക് ഇന്റലക്ച്വൽ എന്ന പര്യായപദം വാസ്തവത്തിൽ വി.എസിലൂടെയാണ് യാഥാർത്ഥ്യമായത്. കടുത്ത ചൂഷണങ്ങൾ അനുഭവിക്കേണ്ടി വന്ന ഒരു തൊഴിലാളി കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ പത്തു വയസ്സിൽ ഏറ്റെടുക്കുകയും 20 വയസ്സ് ആവുമ്പോഴേക്കും തൊഴിലാളി സമൂഹത്തെ തന്നെ മനസ്സുകൊണ്ട് ഏറ്റെടുക്കുകയും ചെയ്തു. തൊഴിലാളി സമൂഹത്തിൽ നിന്നും രൂപപ്പെട്ടു വന്ന യഥാർത്ഥ കമ്മ്യൂണിസ്റ്റാണ് വിഎസ്. VS

അക്കാലത്ത് കമ്മ്യൂണിസത്തിന്റെ വഴി തെരഞ്ഞെടുക്കുക എന്നത് ഒട്ടും എളുപ്പമുള്ള ഒന്നായിരുന്നില്ല. കാരണം സമര പോരാട്ടമെന്നോ വിപ്ലവമെന്നോ കേട്ടാൽ ബ്രിട്ടീഷ് ഭരണാധികാരികളും ദിവാന്മാരും ജമ്മികളും നാടുവാഴികളും ഒരേ പോലെ ഉണരും. അടിയാള ജനങ്ങൾ ഇങ്ങനെ ജീവിച്ചുപോയാൽ മതിയെന്ന മട്ടിൽ ആ സമരങ്ങളെയും അവരിൽ നിന്നും സമരമുഖത്തേക്ക് ഉയർന്നു വരുന്നവരെയും എന്ത് വില കൊടുത്തും തടയും. അങ്ങനെ തടയാൻ പറ്റുന്നില്ല എന്നൊരു അവസ്ഥ വരുമ്പോൾ ജീവനെടുക്കും. അതാണ് തിരുവിതാംകൂർ രാജാക്കന്മാരുടെ കാലത്തിൽ നിലനിന്നിരുന്ന സാമൂഹികാവസ്ഥ. അതിനു വഴങ്ങി അതിനുള്ളിൽ നിന്ന് ജീവിക്കുക എന്നുള്ളതായിരുന്നു അന്നത്തെ ചെറുപ്പക്കാരിൽ ഭൂരിപക്ഷവും സ്വീകരിച്ചിരുന്ന ജീവിത രീതി. കാരണം ജീവിക്കാൻ മറ്റു മാർഗ്ഗങ്ങൾ അവരുടെ മുമ്പിൽ ഇല്ലായിരുന്നു ശബ്ദിച്ചാലും എതിർത്താലും തല്ലിച്ചതക്കും. നിസ്സഹായരായ ആ മനുഷ്യർക്ക് മർദ്ദനങ്ങൾ ഏറ്റു തലമുറകളോളം ജീവിക്കേണ്ട അവസ്ഥ അന്ന് നിലനിന്നിരുന്നു. സഖാക്കളുടെ സഖാവ് എന്നറിയപ്പെടുന്ന പി കൃഷ്ണപിള്ള തന്റെ ജീവിതം ഇതുപോലുള്ള സാഹചര്യത്തിൽ നിന്നാണ് തുടങ്ങുന്നത്. അവിടെ നിന്ന് ആ സമൂഹത്തെ നവോത്ഥാനത്തിന്റെ പാതയിൽ നയിക്കാൻ നിരന്തരം ശ്രമിച്ചു.

രണ്ടു രീതിയിലുള്ള ചൂഷണങ്ങളാണ് അന്ന് സാധാരണക്കാർക്ക് അനുഭവിക്കേണ്ടി വന്നത്. ഒന്ന് ബ്രിട്ടീഷുകാരുടെ കൊത്തടിമത്തം. രണ്ട് ജാതിയുടെ പേരിലുള്ള അയിത്തം.

ഇന്ത്യക്കാർ ആകെ നേരിട്ട ചൂഷണങ്ങളാണ് ഇവ. ഈ സാമൂഹികാവസ്ഥയ്ക്ക് മാറ്റം വരുത്താതെ സാധാരണക്കാരെ സ്വാതന്ത്ര്യചിന്തയിലേക്ക് നയിക്കാൻ ബുദ്ധിമുട്ട് ഉണ്ടാവും എന്ന് നവോത്ഥാന നായകർ പതിറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ചിന്തിച്ചിരുന്നു. പൊയ്കയിൽ അപ്പച്ചൻ, മഹാത്മാ അയ്യങ്കാളി, ശ്രീ നാരായണഗുരു തുടങ്ങിയവർ ഈ അയിത്തത്തിനെതിരെ നിരന്തരം കലഹിച്ചു. സാമൂഹികമായി ഒരു വെല്ലുവിളി നേരിടേണ്ടി വന്ന സമൂഹം എന്ന നിലയിൽ രണ്ട് രീതിയിലുള്ള മാറ്റങ്ങൾ ഈ സമൂഹത്തിന് ആവശ്യമായിരുന്നു, ഒന്ന് ജാതി വ്യവസ്ഥയിൽ നിന്നുള്ള സ്വാതന്ത്ര്യവും മറ്റൊന്ന് ബ്രിട്ടീഷുകാരുടെ സാമ്രാജ്യത്വത്തിൽ നിന്നുള്ള സ്വാതന്ത്ര്യവും. ഇന്ത്യക്കാർക്ക് ജാതിയിൽ നിന്നും സ്വാതന്ത്ര്യം കിട്ടുമെങ്കിൽ മറ്റുള്ള എല്ലാ സ്വാതന്ത്ര്യവും അവർക്ക് അനിവാര്യമാണെന്ന് ചിന്തകനായ മാക്സ് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ അഭിസംബോധന ചെയ്തു കൊണ്ട് എഴുതിയ തന്റെ കുറിപ്പുകളിൽ സൂചിപ്പിച്ചിരുന്നു.VS Office

കടുത്ത ചൂഷണങ്ങൾ നേരിടേണ്ടിവന്ന, അടിമത്തത്തിന്റെ ശീലങ്ങളിൽ പുലർന്നിരുന്ന ആ സമൂഹത്തിനെ അവകാശ പോരാട്ടത്തിന്റെ വഴിയിലേക്ക് നയിക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല. ആ കഠിനപാത സ്വീകരിച്ച കൃഷ്ണപിള്ളയെയും എകെജിയെയും പിന്തുടരുകയാണ് വി.എസ്. ചെയ്തത്.

തീഷ്ണാനുഭവങ്ങളുടെ തീയിൽ പാകപ്പെട്ട വി.എസിന്റെ ബാല്യമായിരുന്നിരിക്കണം തൊഴിലാളികളുടെ അവസ്ഥയെ മനസ്സിലാക്കാനുള്ള ശേഷി അദ്ദേഹത്തിൽ വളർത്തിയത്.

പന്ത്രണ്ടാം വയസ്സിൽ ജ്യേഷ്ഠൻ ഗംഗാധരന്റെ തയ്യൽക്കടയിൽ സഹായിയായും തുടർന്ന് ആസ്പിൻവാൾ കയർ ഫാക്ടറിയിൽ തൊഴിലാളിയായും ജീവിതം തുടങ്ങിയ വി എസ്, ഫാക്ടറിയിൽ തൊഴിലാളികളുടെ കൂലിക്ക് വേണ്ടി ശബ്ദിക്കാൻ തുടങ്ങി. അന്നുമുതൽ തുടങ്ങിയതാണ് അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ ഉറ്റ തോഴനായി, പ്രിയ സഖാവായുള്ള ആ ജീവിത യാത്ര.

തെക്കൻ തിരുവിതാംകൂറിൽ സ്വാതന്ത്ര്യ സമരം നടന്നുകൊണ്ടിരിക്കുന്ന അതേ സമയത്ത് തന്നെ തൊഴിലാളികളുടെ അവകാശ പോരാട്ടങ്ങൾ ആളിക്കത്തുന്നുണ്ടായിരുന്നു. അതിനു തുടക്കം കുറിച്ചത് സഖാവ് കൃഷ്ണപിള്ളയായിരുന്നു. കടുത്ത ചൂഷണവും അനീതിയും അനുഭവിക്കുന്ന പട്ടിണി പാവങ്ങളുടെ യാതനാ നിർഭരമായ ജീവിതത്തിന്റെ തീയിൽ നിന്നും പൊട്ടിമുളച്ചതാണ് ആ കമ്മ്യൂണിസ്റ്റ് വിപ്ലവം. ആ സഖാവ് കൃഷ്ണപിള്ളയുടെ പിൻമുറക്കാരനായിരുന്നു സഖാവ് വിഎസ്. തൊഴിലാളികളുമായി നിരന്തരം സംസാരിച്ചും അവർക്കിടയിലിറങ്ങി പ്രവർത്തിച്ചു കൊണ്ട് അവരുടെ അവസ്ഥ മനസ്സിലാക്കുകയും വിവിധ മേഖലകളിൽ പ്രവർത്തിച്ചിരുന്ന തൊഴിലാളികളെ അവരുടെ അവകാശങ്ങളെക്കുറിച്ചു പറഞ്ഞു മനസ്സിലാക്കുകയും ബ്രിട്ടീഷ് സാമ്രാജ്യത്തിന് എതിരെ പോരാടുവാൻ സജ്ജരാക്കുകയുമാണ് വി എസ് ചെയ്തത്. അവകാശ സമരങ്ങളുടെ വഴിയിൽ ഏതറ്റം വരെയും പോവുക എന്ന ശൈലി അദ്ദേഹം സ്വീകരിച്ചു. അതിനു വേണ്ടി എന്തും ത്യജിക്കാനും എന്തും സഹിക്കാനും അച്യുതാനന്ദനെന്ന ആ മഹാവിപ്ലവകാരി തയ്യാറായിരുന്നു.VS followers

വിപ്ലവകാരിയെ ആരും സൃഷ്ടിക്കുന്നില്ല, ദയനീയമായ ജീവിത സാഹചര്യങ്ങളിൽ തന്റെ ചുറ്റുമുള്ള മനുഷ്യർ നരക ജീവിതം ജീവിക്കുന്നത് കാണുമ്പോൾ, നന്മയും കരുണയുമുള്ള ഹൃദയങ്ങളിൽ കത്തുന്ന പ്രതിഷേധത്തിന്റെ കനലുകളിൽ നിന്നും ഒരു വിപ്ലവകാരി സ്വയമേ രൂപപ്പെടുകയാണ്. അങ്ങനെ സഹജീവികളെ സ്നേഹിക്കാൻ അവർക്കു വേണ്ടി ശബ്ദിക്കാൻ മാത്രം തിരിച്ചറിവും അനുഭവങ്ങളുമുള്ള ബാല്യം വി എസ് അച്യുതാനന്ദൻ എന്ന വിപ്ലവകാരിയെ രൂപപ്പെടുത്തി. തൊഴിലാളി സമൂഹത്തിന്റെ യാതനകൾക്ക് അറുതി വരുത്താനാകുമെന്നു തന്നെ അദ്ദേഹം വിശ്വസിച്ചു.

കയർ തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ, ചെത്ത് തൊഴിലാളികൾ, ബീഡി തൊഴിലാളികൾ മറ്റു പല മേഖലകളിലും പ്രവർത്തിക്കുന്ന തൊഴിലാളികൾ, ജന്മികളുടെ പാടങ്ങളിൽ പണിയെടുക്കുന്ന കർഷക തൊഴിലാളികൾ ഇവരെയൊക്കെ അവരുടെ അവകാശങ്ങളെക്കുറിച്ചും അവസ്ഥകളെക്കുറിച്ചും പറഞ്ഞു മനസ്സിലാക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല. ആ ദൗത്യം ഏറ്റെടുത്ത നിരവധി യുവാക്കൾ അദ്ദേഹത്തിന്റെ പിന്നിൽ അണിനിരന്നു. അന്നുമുതൽ തുടങ്ങിയ പോരാട്ടമാണ് വിഎസ് എന്ന കമ്യുണിസ്റ്റ് നേതാവിനെ രൂപപ്പെടുത്തിയത്.

1937-കളിൽ തന്നെ വിഎസ് തൊഴിലാളി വർഗ്ഗത്തിന്റെ നേതാവായി 14 വയസ്സു മാത്രം പ്രായമുള്ള ഒരു ബാലകൻ ഒരു വിപ്ലവപ്രസ്ഥാനത്തിന്റെ നേതാവാകുന്നത് ഒരുപക്ഷേ തിരുവിതാംകൂറിന്റെ ചരിത്രത്തിൽ ആദ്യമായിരിക്കും. പിന്നീട് അദ്ദേഹം വലിയ സമരങ്ങളെ മുന്നിൽ നിന്ന് നയിച്ച സഖാവായി മാറി. ഒരു വലിയ വിപ്ലവ പ്രസ്ഥാനത്തിന്റെ സാരഥിയായി. വളരെ വലിയ ദൗത്യങ്ങളാണ് അദ്ദേഹത്തിന് ഏറ്റെടുക്കേണ്ടി വന്നത്. തൊഴിലാളി വർഗ്ഗത്തിന്റെ അവകാശങ്ങൾക്ക് വേണ്ടി രാപകലില്ലാതെ പ്രവർത്തിച്ചു. സമാനതകളില്ലാത്ത മർദ്ദനങ്ങൾ ഏറ്റുവാങ്ങി.

സർ സി പി യുടെ പട്ടാളം വിഎസിനെ ക്രൂരമായി തല്ലിച്ചതച്ചു. മരിച്ചെന്നു കരുതി കാട്ടിലുപേക്ഷിച്ചു. അവിടെ നിന്നും വർദ്ധിതമായ വീര്യ​ത്തോടെ ഉയർത്തെഴുന്നേറ്റു വന്ന പോരാട്ട വീര്യത്തിന്റെ മറുപേരാണ് വി എസ് അച്യുതാനന്ദൻ. തൊഴിലാളികൾക്ക് നേടിയെടുക്കാൻ ഇനിയും ഒരുപാട് ബാക്കിയിരിക്കെ താൻ മരിക്കില്ല എന്ന താക്കീതോ ഓർമപ്പെടുത്തലോ ആവാം മരണത്തെ തോൽപ്പിച്ചുള്ള ആ മടക്കം. പോരാട്ടത്തിന് വേണ്ടിയുള്ള ഒരു പുനർജന്മം. പിന്നീടിങ്ങോട്ട് വലിയ ചുടുകാട്ടിൽ അവസാനത്തെ ഇക്വിലാബും ഏറ്റുവാങ്ങി വിട വാങ്ങുന്നത് വരെ എത്രയെത്ര സമരങ്ങൾ. അവയൊക്കെയും ചരിത്രത്തിന്റെ താളുകളിൽ പതിഞ്ഞു കിടക്കുന്നു. ഏറ്റെടുത്ത ഒരു സമരത്തോടും സമരസപ്പെടാൻ അദ്ദേഹം തയ്യാറായില്ല.Munnar Visit

വിഎസ് ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരിക്കെ 1956ൽ ലോകത്തിൽ തന്നെ ആദ്യമായി ബാലറ്റ് പേപ്പറിലൂടെ അധികാരത്തിൽ എത്തുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയായി അദ്ദേഹത്തിന്റെ പാർട്ടി മാറി. എന്നാൽ 1958ൽ തന്നെ പാർട്ടിക്കും വിഎസിനും മറ്റൊരു ബാലറ്റ് പോരാട്ടം ഏറ്റെടുക്കേണ്ടി വന്നു. മൂന്നാറിൽ. ഒരു സീറ്റിന്റെ നേരിയ വ്യത്യാസത്തിൽ ഭരണത്തിൽ കയറിയ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് 65 സീറ്റും കോൺഗ്രസിന് 64 സീറ്റുമാണ് അന്ന് ഉണ്ടായിരുന്നത്. ദേവികുളം നിയോജകമണ്ഡലത്തിൽ അതിശക്തനായ കോൺഗ്രസ് നേതാവായിരുന്ന ബി.കെ നായരുടെ നാമനിർദേശ പത്രിക മതിയായ കാരണം ഇല്ലാതെ തള്ളി എന്ന കേസ് വിജയിച്ചതോടെ ഐക്യ കേരളത്തിന്റെ ആദ്യത്തെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെടുന്നു. റോസമ്മ പുന്നൂസും ബി.കെ. നായരും സ്ഥാനാർഥികൾ.

ബ്രിട്ടീഷ് അകമ്പടിയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന തേയിലത്തോട്ട തൊഴിലാളികളുടെ മണ്ഡലം കൂടിയാണ് ദേവികുളം. മണ്ഡലത്തിന്റെ ഇരിപ്പുവശം അത്ര സുഖകരമല്ല. ബ്രിട്ടീഷുകാർ അറിയാതെ അവിടെ ഒന്നും അനങ്ങില്ല. ഈ കടുത്ത വെല്ലുവിളിയെ നേരിടാൻ ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്ന വിഎസിനെ, റോസമ്മ പുന്നൂസിന്റെ തെരഞ്ഞെടുപ്പ് സെക്രട്ടറിയായി നിയോഗിച്ചു.

വെല്ലുവിളികൾ നിറഞ്ഞ ആ ദൗത്യം ഏറ്റെടുത്ത് വിഎസ് മൂന്നാറിൽ എത്തി. മാസങ്ങളോളം മൂന്നാറിൽ താമസിക്കേണ്ടി വന്നു. അന്ന് മൂന്നാറിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് സ്വന്തമായി പാർട്ടി ഓഫീസ് ഇല്ല. വളരെ ചെറിയൊരു വാടകമുറിയിലായിരുന്നു അന്ന് പാർട്ടി ഓഫീസ് പ്രവർത്തിച്ചിരുന്നത്. ബഹുഭൂരിപക്ഷം തൊഴിലാളികളും തമിഴ്നാട്ടിൽ നിന്ന് കൊണ്ടുവരപ്പെട്ടവരാണ്. ഏറെയും തമിഴ് ഭാഷ മാത്രം മനസിലാവുന്നവരും കൊത്തടിമകളും. 1975 വരെ മൂന്നാറിലെ എസ്റ്റേറ്റുകൾ ബ്രിട്ടീഷുകാരുടെ അധീനതയിലാണ് പ്രവർത്തിച്ചിരുന്നത്. ഫിൻലെയുടെ(Finlay Muir and Co) മൂന്നാർ ആയിരുന്നു അത്. അടിസ്ഥാന ആവശ്യങ്ങൾക്കായി കലഹിക്കുന്ന തൊഴിലാളി നേതാക്കളെയെല്ലാം അവർ വേട്ടയാടുന്ന സമയം. പതിനഞ്ചോളം തൊഴിലാളി നേതാക്കൾക്കൊപ്പമാണ് വി.എസ്. അവിടെ പ്രവർത്തിക്കാനിറങ്ങിയത്. കങ്കാണി അസോസിയേഷനിലും കമ്മ്യൂണിസം പൊട്ടിപ്പുറപ്പെട്ടതോടെ വെള്ളച്ചാമി കങ്കാണിയും വിഎസിന്റെ ഒപ്പം ഉറച്ചു നിന്നു.VS Munnar Home Visit

നേരം വെളുക്കുമ്പോൾ തേയിലക്കാട്ടിലേക്ക് എത്തുന്ന തൊഴിലാളികൾ ഇരുട്ടുമ്പോൾ മാത്രം വീട്ടിലേക്ക് മടങ്ങുന്നതായിരുന്നു അന്നത്തെ അവസ്ഥ. അതിനു ശേഷം മാത്രമാണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി അവരുടെ ലയങ്ങൾക്ക് പോവാനും അവരുമായി സംസാരിക്കാനും പറ്റുമായിരുന്നുള്ളൂ. മൂന്നാറിന്റെ ഭൂപ്രകൃതി വളരെ സങ്കീർണമാണ്. ഇപ്പോഴും ഒരു എസ്സ്റ്റേറ്റിൽ നിന്നും മറ്റൊരു എസ്റ്റേറ്റിലേക്ക് യാത്ര ചെയ്യണമെങ്കിൽ കുറഞ്ഞത് മൂന്നോ നാലോ കിലോമീറ്റർ ദൂരം മലകയറി നടക്കണം. നടന്നു മാത്രമാണ് അവരിൽ പലരും ഇപ്പോഴും ജീവിതം ചലിപ്പിക്കുന്നത്. ആ ശൈലി വി.എസ്. അച്യുതാനന്ദനും പിന്തുടർന്നു. തൊഴിലാളികളുടെ ലയങ്ങളിൽ കയറുക എന്നത് അത്ര എളുപ്പമല്ല. കമ്പനിയുടെ വാച്ചർ കങ്കാണിയുടെ നിരന്തര നിരീക്ഷണത്തിലായിരിക്കും ലയങ്ങൾ. എന്നിട്ടും ബാല്യത്തിൽ തന്നെ തൊഴിലാളി വർഗ്ഗത്തിന്റെ അവകാശ പോരാട്ടത്തിന് ഇറങ്ങിത്തിരിച്ച വിഎസിന് മറ്റൊരു തൊഴിലാളി സമൂഹത്തിനോട് ഇടപഴകാൻ യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. അദ്ദേഹം കണ്ടുവന്ന പോരാട്ടങ്ങളുടെ മറ്റൊരു രൂപം മാത്രമായിരുന്നു മൂന്നാറിലെ തൊഴിലാളികളുടെ അടിമ ജീവിതം.

ആലപ്പുഴയിൽ നിന്നും മൂന്നാറിലേക്ക് വരുന്ന ഒരാൾക്ക് സഹിക്കാവുന്ന തണുപ്പായിരുന്നില്ല മൂന്നാറിൽ. അതിനെയും തരണം ചെയ്താണ് വി.എസിന് അവിടെ പ്രവർത്തിക്കേണ്ടി വന്നത്. ലയങ്ങളിലെ തണുപ്പിനെ അതിജീവിക്കാൻ കമ്പനി നൽകിയ കാട്ടുകമ്പിളി തൊഴിലാളികൾ വി.എസിന് നൽകിയിരുന്നു. എന്നാൽ പുറത്ത് നിന്ന് വരുന്ന ഒരാൾക്ക് മൂന്നാറിൽ അതിജീവിക്കാൻ അത് മാത്രം പോരായിരുന്നു എന്ന് പിന്നീട് ആർ.എസ്. മണി പറയുന്നു:

“തമിഴ്നാട്ടിലെ മുതലാളിമാരുടെ കടകൾ ആയിരുന്നു മൂന്നാർ ടൗണിൽ കൂടുതലും പ്രവർത്തിച്ചിരുന്നത്. പ്രത്യേകിച്ച് പലചരക്ക് കടകൾ. അവിടെനിന്ന് പണ്ടങ്ങൾ ചാക്കുകളിൽ പൊതിഞ്ഞാണ് കൊണ്ടുവരുന്നത്. വി.എസിന് വേണ്ടി ആ കടകളിൽ ചെന്ന് ചാക്കുകൾ വാങ്ങി മൂന്നാർ പുഴയിൽ ചെന്ന് അലക്കി ഉണക്കും. പഞ്ചസാരയും പരിപ്പും അരിയും കൊണ്ടുവരുന്ന ആ ചാക്കുകളാണ് വി.എസ്. പുതച്ചിരുന്നത്. വിഎസിന്റെ മുണ്ടും ഷർട്ടും അങ്ങനെ തന്നെയാണ് അലക്കി ഉണക്കിയെടുത്തത്. “

“ആ കാലങ്ങൾ ഓർക്കാൻ പോലും വയ്യ. മാസ​ങ്ങളോളം തണുപ്പു മാത്രം. ആ തണുപ്പ് നിറഞ്ഞ രാത്രികളിൽ വി.എസിന് ഭക്ഷണത്തിന്റെ കാര്യം വെല്ലുവിളി ആയിരിക്കും. പക്ഷേ ഞങ്ങളെല്ലാവരും എങ്ങനെയെങ്കിലും അദ്ദേഹത്തിന് ഭക്ഷണം എത്തിക്കും. കാരണം ഞങ്ങളിൽ മിക്കവാറും ആൾക്കാർ ഹോട്ടലുകൾ കേന്ദ്രീകരിച്ചാണ് പണിയെടുത്തത്, അവിടത്തെ മിച്ച ഭക്ഷണമോ അല്ലെങ്കിൽ ഞങ്ങൾക്ക് കഴിക്കാൻ എന്ന് പറഞ്ഞ് എടുക്കുന്നതോ വിഎസിന് എത്തിക്കും. ഇങ്ങനെയാണ് ആ തെരഞ്ഞെടുപ്പ് കാലം കടന്നുപോയത്.”Munnar

അങ്ങനെ കൊടും തണുപ്പിൽ അന്തിയുറങ്ങിയും ഉറങ്ങാതെയുമാണ് അദ്ദേഹം ആ ചുമതല നിറവേറ്റിയത്. രാവിലെ തൊഴിലാളികൾ തേയിലക്കാട്ടിലേക്ക് പണിക്ക് ചെല്ലുന്നതിന് മുമ്പ് തന്നെ തൊഴിലാളികളുടെ വീട്ടിലെത്തി വോട്ട് അഭ്യർത്ഥിക്കും. വെല്ലുവിളികൾ ചെറുതല്ല. മൂന്നാർ മലനിരകളിലുള്ള എല്ലാ എസ്റ്റേറ്റുകളിലേക്കും നടന്നു ചെല്ലണം. കാടുകളിൽ വന്യജീവികളുടെ സാന്നിധ്യം എപ്പോഴും കാണും. കടുത്ത തണുപ്പും കങ്കാണിമാരുടെ നിരീക്ഷണവും.

മൂന്നാറിൽ നിന്നും 30 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന എല്ലപ്പെട്ടി ചുട്ടിവര എസ്റ്റേറ്റുകളിൽ പോലും വോട്ട് അഭ്യർത്ഥിക്കാൻ വി.എസ്. എത്തിപ്പെട്ടുവെന്ന് വലിയച്ഛൻ എന്നോട് പറയുമായിരുന്നു.

മൂന്നാറിലെ ആദ്യകാല തൊഴിലാളി നേതാക്കളെ രൂപപ്പെടുത്തിയെടുത്തതിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് നിർണായക പങ്കുണ്ട്. പാർട്ടിയിൽ തലമുതിർന്ന നേതാക്കളായിരുന്ന പി. രാമമൂർത്തി, സങ്കരയ്യ, ജീവനന്തം എന്ന തമിഴ്നാട്ടിൽ നിന്നെത്തിയ സഖാക്കൾ എസ്റ്റേറ്റ് ഭാഗങ്ങളിൽ ട്രേഡ് യൂണിയൻ പടുത്തുയർത്താൻ വേണ്ടിയാണ് ശ്രമിച്ചത്. ആ സഖാക്കളോടൊപ്പം വിഎസ് അച്യുതാനന്ദനും നിർണായക പങ്കുണ്ട് എന്ന് ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളിൽ ഒരാളായി ഇപ്പോഴും ജീവിച്ചിരിക്കുന്ന ആർ.എസ്. മണി പറയും. ആർ.എസ് മണി ചെറുപ്പക്കാരൻ ആയിരിക്കെ ഹോട്ടൽ തൊഴിലാളിയായി ജോലി ചെയ്തിരുന്നു. ആ കാലഘട്ടത്തിലാണ് അദ്ദേഹം വിഎസ് അച്യുതാനന്ദനെ നേരിട്ട് കാണുന്നതും അദ്ദേഹത്തെ സഹായിക്കാൻ വേണ്ടി മുതിരുന്നതും.

ബാല്യകാലത്തിൽ തന്നെ കമ്മ്യൂണിസ്റ്റ് സിദ്ധാന്തത്തിൽ ആകർഷിക്കപ്പെട്ട മണി തന്റെ നേതാവായി ഇഎംഎസിനെയും പിന്നീട് വിഎസിനെയും കണ്ടുതുടങ്ങി. കമ്മ്യൂണിസ്റ്റ് പാർട്ടി വിഎസിനെ നിർണായക ഉത്തരവാദിത്തമാണ് ഏൽപ്പിച്ചിട്ടുള്ളത് എന്ന തിരിച്ചറിവ് ആ കൂട്ടത്തിലുള്ള 11 യുവാക്കൾക്കും ഉണ്ടായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. കോട്ടയം ജില്ലാ കമ്മിറ്റിയുടെ സെക്രട്ടറിയും തെരഞ്ഞെടുപ്പ് സെക്രട്ടറിയായ വി.എസും റോസമ്മ പുന്നൂസിനെ വിജയിപ്പിക്കാൻ വേണ്ടി കാടുകളും മലകളും കയറിയിറങ്ങിയ ഓർമകൾക്ക് അദ്ദേഹം ഇപ്പോഴും ദൃക്സാക്ഷിയായി ജീവിക്കുന്നു.Peoples

തേയിലത്തോട്ട തൊഴിലാളികൾ കയറുന്ന മലകളും കുന്നുകളും അദ്ദേഹവും സഖാക്കളും കയറിയിറങ്ങി. കേരളത്തിന്റെ നിയമസഭയിലേക്ക് റോസമ്മ പുന്നൂസിനെ 7800 വോട്ട് ഭൂരിപക്ഷത്തിൽ ജയിപ്പിച്ചു. നവോത്ഥാന കേരളത്തിന് ദേവികുളത്തു നിന്നും തൊഴിലാളി വർഗ്ഗത്തിന്റെ സംഭാവനയായിട്ടാണ് റോസമ്മയെ ഇഎംഎസ് മന്ത്രിസഭയിലേക്ക് അയക്കുന്നത്. ചരിത്രം ദേവികുളത്തിനെ ഇങ്ങനെയാണ് രേഖപ്പെടുത്തുന്നത്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അധീനതയിൽ നിന്നും തങ്ങളെ രക്ഷിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മാത്രം കഴിയുമെന്ന വിശ്വാസം തൊഴിലാളികളിൽ പകർന്നു കൊടുത്തത് വിഎസ് എന്ന കമ്മ്യൂണിസ്റ്റുകാരനാണ്.

വി എസ് തന്നെയാണ് മൂന്നാറിൽ തേയിലത്തോട്ട തൊഴിലാളികളെ ഇത്രത്തോളം പാകപ്പെടുത്തിയെടുത്തതെന്ന് ആർ.എസ് മണിയും ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ട്രേഡ് യൂണിയൻ നേതാവായിരുന്ന വെള്ളസാമി കങ്കാണിയും വലിയ മണിയും ചെറിയ മണിയും പറയും.

വി. എസ് തൊഴിലാളിവർഗ്ഗത്തിന്റെ ഹൃദയമിടിപ്പ് അറിഞ്ഞ നേതാവാണ്. അന്ന് അദ്ദേഹത്തിന് പുതയ്ക്കാൻ ഒരു കമ്പിളി പോലും സമ്മാനിക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു അവിടുത്തെ തൊഴിലാളികൾ. ഏതു മഴക്കാലത്തും ഏത് തണുപ്പ് കാലത്തും പത്തും പന്ത്രണ്ടും അംഗങ്ങളുള്ള ഒരു കുടുംബത്തിൽ രണ്ട് അല്ലെങ്കിൽ മൂന്ന് കമ്പിളികൾ കൊണ്ട് കഴിയേണ്ടിവരുന്നതായിരുന്നു അവസ്ഥ. കമ്മ്യൂണിസ്റ്റ് പാർട്ടി ഭരണത്തിൽ വന്നതിനുശേഷം ആണ് അവരുടെ ജീവിതത്തിൽ അല്പമെങ്കിലും മാറ്റം വരാൻ തുടങ്ങിയത്. റോസമ്മ, വിഎസ് തുടങ്ങിയ നേതാക്കളാണ് അവരുടെ ജീവിതാവസ്ഥയെ മാറ്റിമറിക്കാൻ പ്രേരിപ്പിച്ചതെന്ന് ആദ്യകാല തൊഴിലാളികൾ പറയാറുണ്ട്.

മൂന്നാറിൽ അന്ന് ഉണ്ടായിരുന്ന 36 എസ്റ്റേറ്റുകളുടെ മലകളും ചെരുവുകളും കുന്നുകളും കയറി മാസങ്ങളോളം തൊഴിലാളി കുടുംബത്തിലെ ഒരു അംഗത്തെപോലെയാണ് വി.എസ്. അവിടെ കഴിഞ്ഞത്. അങ്ങനെയാണ് ആലപ്പുഴയിലെ കുട്ടനാട്ടിൽ കർഷക തൊഴിലാളി സമരം, കയർ തൊഴിലാളികളുടെ സമരം മത്സ്യത്തൊഴിലാളികളുടെ സമരം മുതൽ തേയിലത്തോട്ട തൊഴിലാളികളുടെ മൂന്നാർ പെമ്പിളൈ ഒരുമൈ സമരം വരെ ഹൃദയംകൊണ്ട് ഏറ്റെടുത്തു തൊഴിലാളികളുടെ വിശ്വാസവും തൊഴിലാളികളുടെ തോഴനുമായി വിഎസ് മാറിയത്. ഈ മൂന്നാർ അനുഭവങ്ങളിൽ നിന്നാണ് വി.എസ്. കുട്ടിയാർവാലി പദ്ധതി നടപ്പാക്കിയത്. അങ്ങനെ ചരിത്രത്തിലാദ്യമായി മൂന്നാറിലെ തൊഴിലാളികൾക്ക് സ്വന്തമായി ഭൂമിയായി. മൂന്നാറിൽ ജനിച്ച തൊഴിലാളികൾക്ക് സ്വന്തം മണ്ണിൽ ജീവിക്കാനും സ്വന്തം മണ്ണിൽ മരിക്കാമെന്നുമുള്ള ആത്മവിശ്വാസം ആദ്യമായി നൽകിയ നേതാവ് വി.എസാണ്.VS

എ.കെ.ജി.ക്ക് ശേഷം ഇത്രയും അധികം തൊഴിലാളികളുമായി ഇടപെടുന്ന നേതാവ് വി.എസ്. ആണ്. അതുകൊണ്ട് ഭാഷയും സംസ്കാരവും ഒന്നും അവിടെ അവിടെ വലിയ വിഷയമായില്ല. മൂന്നാറിലെ തൊഴിലാളികൾ ഹൃദയം കൊണ്ട് അവരുടെ സഖാവിനെ വിശ്വസിച്ചു. അതുകൊണ്ട് മണിക്കൂറോളം മാത്രം അവിടെ കുത്തിയിരുന്ന് ആ സമരത്തിന് ഒരു സമവാക്യം ഉണ്ടാക്കാൻ അദ്ദേഹത്തിന് സാധിച്ചു. തൊഴിലാളികളുടെ വിയർപ്പിൽ നിന്നും രക്തത്തിൽ നിന്നും ത്യാഗത്തിൽ നിന്നും സൃഷ്ടിക്കപ്പെട്ടതാണ് മൂന്നാറിലെ തേയിലക്കാട്. അതുകൊണ്ട് സാമ്രാജ്യത്വവാദിയായി പെരുമാറുന്ന ടാറ്റ കമ്പനിയുടെ പേടിസ്വപ്നമായിരുന്നു വിഎസ്. പ്ലാച്ചിമടയിൽ കൊക്കക്കോള കമ്പനിയുടെയും പേടിസ്വപ്നവും വി.എസ്. തന്നെയായിരുന്നു. ഏറ്റെടുത്ത സമരങ്ങൾ എല്ലാം ജനകീയ സമരങ്ങൾ ആയതുകൊണ്ട് സമരങ്ങളിൽ എന്നും വിഎസിന്റെ മുഖമുദ്ര പതിഞ്ഞിരുന്നു. വി.എസിന്റെ ജീവിതം സമരമുഖങ്ങളിലല്ലാതെ കേരളീയർക്കും ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ പ്രവർത്തകർക്കും കാണാൻ കഴിയില്ല. 1923 ൽ താൻ ജനിച്ചത് മുതൽ മരിക്കുന്നത് വരെ ഏതെങ്കിലും ഒരു സമരത്തിന്റെ ശബ്ദമായും രൂപമായും മാറിയിരുന്ന ഒരു കമ്മ്യൂണിസ്റ്റാണ് സഖാവ് വി എസ്. അദ്ദേഹം ഉയർത്തിപ്പിടിച്ച വിമോചന സ്വപ്നങ്ങൾ എന്നും യുവാക്കൾക്കും സ്ത്രീകൾക്കും കുട്ടികൾക്കും അതുകൊണ്ടാണ് ആവേശമായി തീരുന്നത്

Author Photo
ഡോ. പ്രഭാഹരൻ കെ മൂന്നാർ

ഗവേഷകൻ, അധ്യാപകൻ. മാർക്​സിസം, പോസ്റ്റ് കൊളോണിയലിസം എന്നീ വിഷയങ്ങളെ മുൻനിർത്തിക്കൊണ്ടുള്ള വിമർശനാത്മക സാഹിത്യനിരൂപണമാണ് താത്പര്യവിഷയം

qacheck17@gmail.com

Review overview
NO COMMENTS

POST A COMMENT