Home / ലേഖനങ്ങള്‍  / മരണത്തിനായി തയ്യാറെടുക്കുക

മരണത്തിനായി തയ്യാറെടുക്കുക

സ്പാനിഷ് മാസ്റ്ററായ പെദ്രോ അല്‍മൊദോവാര്‍ ആദ്യമായി ഇംഗ്ലീഷിലെടുത്ത സിനിമ, തൊട്ടടുത്ത മുറി (ദ് റൂം നെക്‌സ്റ്റ് ഡോര്‍/2024)  ഈ വര്‍ഷത്തെ വെനീസ് മേളയില്‍ ഗോള്‍ഡന്‍ ലയണ്‍ പുരസ്‌കാരം നേടി. ജൂലിയന്‍ മൂറും ടില്‍ഡ സ്വിന്റണുമാണ് മുഖ്യവേഷങ്ങളിലെത്തുന്നത്. സിഗ്രിഡ് ന്യൂനെസ് എഴുതിയ വാട്ട് ആര്‍ യു ഗോയിംഗ് ത്രൂ എന്ന

സ്പാനിഷ് മാസ്റ്ററായ പെദ്രോ അല്‍മൊദോവാര്‍ ആദ്യമായി ഇംഗ്ലീഷിലെടുത്ത സിനിമ, തൊട്ടടുത്ത മുറി (ദ് റൂം നെക്‌സ്റ്റ് ഡോര്‍/2024)  ഈ വര്‍ഷത്തെ വെനീസ് മേളയില്‍ ഗോള്‍ഡന്‍ ലയണ്‍ പുരസ്‌കാരം നേടി. ജൂലിയന്‍ മൂറും ടില്‍ഡ സ്വിന്റണുമാണ് മുഖ്യവേഷങ്ങളിലെത്തുന്നത്. സിഗ്രിഡ് ന്യൂനെസ് എഴുതിയ വാട്ട് ആര്‍ യു ഗോയിംഗ് ത്രൂ എന്ന നോവലിനെ ആസ്പദമാക്കി അല്‍മൊദോവാര്‍ തന്നെ തയ്യാറാക്കിയ തിരക്കഥയാണ് ഈ സിനിമയുടേത്.

ഇംഗ്രിഡ് എന്ന കഥാപാത്രത്തെയാണ് മൂര്‍ അവതരിപ്പിക്കുന്നത്. ജനപ്രിയ സാഹിത്യകാരിയായ അവര്‍, ദീര്‍ഘകാലം തന്റെ സുഹൃത്തായിരുന്ന മാര്‍ത്ത ക്യാന്‍സര്‍ ബാധിച്ച് മരിക്കാറായെന്ന വിവരം അറിയുന്നു. കുറച്ചു കാലമായി അവര്‍ തമ്മില്‍ ബന്ധമൊന്നുമില്ലായിരുന്നു. ഒരിക്കല്‍ അവര്‍ രണ്ടുപേരും പ്രണയിച്ചിരുന്നത് ഡാമിയന്‍ എന്ന  ആളെ ആയിരുന്നു. വേറെ വേറെ കാലങ്ങളിലായിരുന്നു ഡാമിയന്‍ അവരിലോരോരുത്തരുടെയും കാമുകനായിരുന്നത്. അതെന്തായാലും ഇപ്പോള്‍ കണ്ടുമുട്ടിയ ഉടനെ അവര്‍ പഴയ സൗഹൃദം വീണ്ടെടുക്കുന്നു. യുദ്ധകാര്യലേഖികയായിരുന്ന മാര്‍ത്ത ന്യൂയോര്‍ക്ക് നഗരത്തിലെ തന്റെ വീട്ടില്‍ നിന്ന് മാറി പ്രാന്തപ്രദേശത്തുള്ള ഒരു വാടകവീട്ടില്‍ ഒരു വാരാന്ത്യം ചിലവഴിക്കാനായി  ഉദ്ദേശിക്കുമ്പോഴാണ് ഇംഗ്രിഡിനെ കണ്ടുമുട്ടുന്നതെന്നതിനാല്‍, അവിടേക്ക് അവളെയും മാര്‍ത്ത വിളിക്കുന്നു.

സത്യത്തില്‍, സ്വയം തീരുമാനിച്ച ദയാവധ (യൂത്തനേഷ്യ)ത്തിനായിട്ടായിരുന്നു മാര്‍ത്ത ആ വാടകവീട്ടിലെത്തിയത്. ഇതിനായി ഡാര്‍ക്ക് വെബ്ബില്‍ (നിയമങ്ങള്‍ക്കതീതമായി പ്രവര്‍ത്തിക്കുന്ന സൈബര്‍ അധോലോകം) നിന്ന് വാങ്ങിയ ഒരൊറ്റ ഗുളികയും അവരുടെ കയ്യിലുണ്ടായിരുന്നു. ഇങ്ങിനെ താന്‍ ജീവിതം അവസാനിപ്പിക്കുമ്പോള്‍ തൊട്ടടുത്ത മുറിയില്‍ ഇംഗ്രിഡ് ഉണ്ടാവുന്നത് നല്ലതാണെന്നാണ് മാര്‍ത്ത കരുതിയത്.  മാര്‍ത്തയ്ക്ക് ഈ ഉദ്ദേശ്യം ഉണ്ടായിരുന്നുവെന്നത് തനിക്കറിയാമായിരുന്നില്ലെന്ന സത്യം ഇംഗ്രിഡ് പോലീസുകാരോട് പറയുന്നു.At The Next door

ഇംഗ്രിഡ് തന്നെ ഈ ദൗത്യം ഏറ്റെടുക്കണമെന്ന നിര്‍ബന്ധമൊന്നും മാര്‍ത്തയ്ക്കുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. മറ്റൊന്നു രണ്ടുപേരെ തന്നോടൊപ്പം ഒരു വാരാന്ത്യം താമസിക്കാന്‍ അവര്‍ ക്ഷണിച്ചിരുന്നെങ്കിലും അവരൊന്നും വന്നില്ല. മാര്‍ത്തയുടെ മരണത്തിനു ശേഷം, ഇംഗ്രിഡ് സങ്കീര്‍ണമായ ഒരു നിയമക്കുരുക്കിലാണ് അകപ്പെടുന്നത്. എന്നാല്‍, ഇംഗ്രിഡ് മാര്‍ത്തയോട് സത്യസന്ധത കാണിച്ചില്ല എന്ന സൂചനയാണ് സംവിധായകന്‍ നല്‍കുന്നത്. മാര്‍ത്തയുടെ മകള്‍ അമ്മയുടെ മരണാനന്തരം അവിടെ എത്തുമ്പോഴാണ് കാര്യങ്ങള്‍ കുഴഞ്ഞുമറിയുന്നത്.

ഒരാള്‍ക്ക് മരണം സ്വയം തെരഞ്ഞെടുക്കാന്‍ അവകാശമുണ്ടോ എന്ന നിയമപരവും ധാര്‍മികവുമായ പ്രശ്‌നമല്ല സത്യത്തില്‍ അല്‍മൊദോവാര്‍ ഉന്നയിക്കുന്നത്. എല്ലാവരും മരണത്തെ കരുതിയിരിക്കണം എന്നും നാം തയ്യാറെടുക്കേണ്ടതുണ്ടെന്നും ഓര്‍മ്മിപ്പിക്കുക മാത്രമാണ് അദ്ദേഹം ചെയ്യുന്നത്.

സ്ത്രീകളുടെ മാനസികാന്തരതകള്‍ സൂക്ഷ്മമായി വിശകലനം ചെയ്യുന്ന നിരവധി സിനിമകള്‍ അല്‍മൊദോവാര്‍ എടുത്തിട്ടുണ്ട്. വുമണ്‍ ഇന്‍ ദ് വെര്‍ജ് ഓഫ് എ നെര്‍വസ് ബ്രേക്ക് ഡൗണ്‍, ഓള്‍ എബൗട്ട് മൈ മദര്‍, വോള്‍വര്‍ എന്നിവയെല്ലാം ഇതിന്റെ ഉദാഹരണങ്ങളാണ്. എന്താണ് മനുഷ്യജീവിതത്തിന്റെ ആത്യന്തികമായ അര്‍ത്ഥം; എവിടെയാണ് സ്ത്രീജിവിതത്തിന് സുരക്ഷിതത്വമുള്ളത് എന്നീ ദാര്‍ശനികമായ ചോദ്യങ്ങള്‍ ഈ സിനിമകളില്ലൊക്കെയും അല്‍മൊദോവാര്‍ ഉന്നയിച്ചു കൊണ്ടേ ഇരുന്നു. നമ്മെ പെറ്റവരുടെയും വളര്‍ത്തിയവരുടെയും തെറ്റുകള്‍ക്കും മരണങ്ങള്‍ക്കും നമ്മുടെ തന്നെ തെറ്റുകള്‍ക്കും മരണങ്ങള്‍ക്കും നമ്മുടെ മക്കളുടെ ഭാവി ജീവിതത്തിനുമിടയിലുള്ള ഒരു വൈകാരിക പ്രായശ്ചിത്ത-ശുദ്ധീകരണ പ്രദേശം (പര്‍ഗേറ്ററി) മാത്രമാണ് നമ്മുടെ ജീവിതം എന്ന ഉത്തരമാണ് വോള്‍വര്‍ നല്‍കുന്നത്.The Next Door

യഥാര്‍ത്ഥത്തില്‍ മൂലകൃതിയായ നോവലിന്റെ രചയിതാവ് സിഗ്രിഡ് ന്യൂനെസോ നോവലിലെ കഥാപാത്രമായ മാര്‍ത്തയോ അവരുടെ മരണം നിശ്ചയിച്ചിട്ടുണ്ടാവും. എന്നാല്‍, എവിടെ മരിക്കണമെന്ന് നിശ്ചയിക്കുന്നതും വിവരിക്കുന്നതും അല്‍മൊദോവാര്‍ ആണ്. അതായത്, അദ്ദേഹം തെരഞ്ഞെടുക്കുന്ന ലൊക്കേഷനും സിനിമ ചിത്രീകരിക്കുന്ന ആംഗിളുകളുമാണ് ഈ മരണപൂര്‍വ്വ സമയത്തെ, തെരഞ്ഞടുക്കുന്ന മരണമായി പരിണമിപ്പിക്കുന്നത്. വായിക്കുകയും സംഗീതമാസ്വദിക്കുകയും എല്ലാം ചെയ്തുകൊണ്ടാണ് മാര്‍ത്ത മരണത്തിലേയ്ക്ക് നടന്നടുക്കുന്നത്. ഇംഗ്രിഡാണെങ്കില്‍ മരണത്തെ ഭയക്കുന്നതിനെക്കുറിച്ചുള്ള ഒരു പുസ്തകം എഴുതിപ്പൂര്‍ത്തിയാക്കിയിട്ടേ ഉണ്ടായിരുന്നുള്ളൂ. അതിന്റെ അടുത്ത ദിവസങ്ങളിലാണ് അവര്‍ തന്റെ ആത്മാര്‍ത്ഥ സുഹൃത്തിന്റെ സ്വയം തെരഞ്ഞെടുത്ത മരണം അടുത്തു നിന്ന് അനുഭവിക്കുന്നത്.

അപ്പിച്ചാത്‌പോങ് വീരസെതാക്കുലിന്റെ  മെമ്മോറിയ(കൊളമ്പിയ), ചലച്ചിത്ര മാധ്യമത്തെ തന്നെ അപൂര്‍വ്വമായ രീതിയില്‍ സമീപിച്ച സൃഷ്ടിയായിരുന്നു. ടില്‍ഡ സ്വിന്റണ്‍ തന്നെയാണ് മെമ്മോറിയയിലെ മുഖ്യ കഥാപാത്രത്തെയും അവതരിപ്പിക്കുന്നത്. അവരുടെ തലച്ചോറിനകത്ത് ഒരു ശബ്ദശകലം വന്നു സ്ഥാനം പിടിക്കുന്നു. അത് അവരുടെ ഉറക്കം നഷ്ടപ്പെടുത്തുന്നതോടെ അതെന്താണ്, എവിടെയാണ് കേട്ടത്/കേള്‍ക്കാതിരുന്നത് എന്നീ കാര്യങ്ങളും പശ്ചാത്തലങ്ങളും അന്വേഷിച്ചിറങ്ങുകയാണവര്‍. ടെക്‌നീഷ്യന്‍, സ്റ്റുഡിയോ ശേഖരത്തിലുള്ള നിരവധി ശബ്ദങ്ങള്‍ അവര്‍ക്കായി കേള്‍പ്പിച്ചുകൊടുക്കുന്നു. ജീവിതത്തിന്റെ അനുബന്ധം തന്നെയാണ് സിനിമ അഥവാ സിനിമയുടെ അനുബന്ധമാണ് ജീവിതം എന്ന വസ്തുതയെയാണ് വീരസെതാകുല്‍ അടിസ്ഥാനമാക്കുന്നത്. ഏതാണ്ട് മെമ്മോറിയയിലേതിന് സമാനമായ രീതിയില്‍ മികച്ച അഭിനയമാണ് ടില്‍ഡ സ്വിന്റണ്‍ന്റേത്.

Author Photo
ജി പി രാമചന്ദ്രൻ

എഴുത്തുക്കാരൻ

qacheck17@gmail.com

Review overview
NO COMMENTS

POST A COMMENT