ഒപ്പം

ഹരീഷ് ശക്തിധരൻ എഴുതിയ ഒപ്പം എന്നുള്ള കവിത

Oppam Cover

കാണാതായ

കുട്ടിയുടെ

ഓർമ്മകൾ

അവൻ

പുസ്തകസഞ്ചിയിൽ

ഒളിപ്പിച്ചു വച്ച

കളിപ്പാട്ടങ്ങൾപോലെ

അനാഥമായി കിടന്നു.

കവലകളിലും

റയിൽവേ സ്റ്റേഷനിലും

പതിപ്പിച്ച

അവന്റെ മുഖത്തിനുമേൽ

മറ്റുപരസ്യങ്ങൾ

പതിഞ്ഞു.

നിയമത്തിന്റെ

രേഖകളിൽ

അവൻ

പല താളുകൾ

മറഞ്ഞ് പോയി.

കുഞ്ഞേ

നീ എവിടെയാണ്.

അവൻ പോയതിൽപ്പിന്നെ

കായ്ച്ച മാവ് ചോദിച്ചു.

അതുകേട്ട് പ്ലാവ് കരഞ്ഞു.

കിളികൾ നെടുവീർപ്പിട്ടു.

അവൻ തൊടിയിലേക്ക്

ഓടിയെത്തുമ്പോഴെല്ലാം

വഴിമാറിപ്പോയ

പാമ്പ് തലയുയർത്തിനോക്കി.

അടുക്കളപ്പുറത്ത്

അവന്റെ ഒച്ചകേൾക്കുമ്പോഴൊക്കെ

ചാഞ്ഞും ചരിഞ്ഞുംനോക്കി

ചിരിക്കുന്ന കാക്ക പറഞ്ഞു.

നോക്ക് നോക്ക്

അവന്റെ അമ്മ കരയുന്നു.

അമ്മയോടെപ്പം

മാവും പ്ലാവും കരഞ്ഞു.

കിളികൾ വിതുമ്പി.

പാമ്പ് തലതല്ലി

കാക്ക നിലവിളിച്ചു.

അമ്മാ

അവർ ഒരുമിച്ച് വിളിച്ചു.

തന്റെ കുഞ്ഞിന്റെ

ഒച്ചയല്ലേ എന്നൊരാന്തലിൽ

അവൾ

മുറ്റത്തേക്കിറങ്ങിയോടി.

Author Photo
ഹരീഷ് ശക്തിധരൻ

എഴുത്തുക്കാരൻ

qacheck17@gmail.com

Review overview
NO COMMENTS

POST A COMMENT