Home / ലേഖനങ്ങള്‍  / കുടുംബം ചിതറുമ്പോള്‍ നഷ്ടമാകുന്നതെന്ത് ?

കുടുംബം ചിതറുമ്പോള്‍ നഷ്ടമാകുന്നതെന്ത് ?

ബാബക്ക് ഖാജെപാഷയുടെ വൃക്ഷത്തിന്റെ കൈകളില്‍ (ഇന്‍ ദ് ആംമ്‌സ് ഓഫ് ദ് ട്രീ/ഇറാന്‍/2023) അദ്ദേഹത്തിന്റെ ആദ്യ ഫീച്ചറാണ്. സുരക്ഷിതത്വത്തിന്റെയും സ്‌നേഹത്തിന്റെയും വ്യവസ്ഥയായി പരിഗണിക്കപ്പെടുന്ന ന്യൂക്ലിയര്‍ കുടുംബം രണ്ടായി പിളരുമ്പോള്‍, അതിന്റെ ഉത്പന്നങ്ങളായ കുട്ടികള്‍ക്കെന്തു സംഭവിക്കുന്നു എന്നത് അത്ര പുതുമയുള്ള ഒരു പ്രശ്‌നമല്ല തന്നെ. എന്നാല്‍, ഓരോ കുട്ടിയ്ക്കും അവരവരുടെ

ബാബക്ക് ഖാജെപാഷയുടെ വൃക്ഷത്തിന്റെ കൈകളില്‍ (ഇന്‍ ദ് ആംമ്‌സ് ഓഫ് ദ് ട്രീ/ഇറാന്‍/2023) അദ്ദേഹത്തിന്റെ ആദ്യ ഫീച്ചറാണ്. സുരക്ഷിതത്വത്തിന്റെയും സ്‌നേഹത്തിന്റെയും വ്യവസ്ഥയായി പരിഗണിക്കപ്പെടുന്ന ന്യൂക്ലിയര്‍ കുടുംബം രണ്ടായി പിളരുമ്പോള്‍, അതിന്റെ ഉത്പന്നങ്ങളായ കുട്ടികള്‍ക്കെന്തു സംഭവിക്കുന്നു എന്നത് അത്ര പുതുമയുള്ള ഒരു പ്രശ്‌നമല്ല തന്നെ. എന്നാല്‍, ഓരോ കുട്ടിയ്ക്കും അവരവരുടെ ജീവിതം പ്രധാനമാണെന്ന കാര്യം മാത്രമെടുത്താല്‍ ഈ പിളരലും അനാഥത്വവും അവരുടെ ജീവിതത്തെ തന്നെ താറുമാറാക്കുമെന്നത് അധികം വിശദീകരിക്കാതെ തന്നെ ബോധ്യമാവും. ഈ ഗുരുതര പ്രശ്‌നമാണ് ഇറാനിയന്‍ സിനിമകളില്‍ കാണാറുള്ള ശൈലിയില്‍ തന്നെ ഖാജെപാഷ വിശദീകരിക്കുന്നത്.

കിമിയയും ഫാരിദും പന്ത്രണ്ടു വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിക്കാന്‍ തീരുമാനിക്കുന്നു. രണ്ടു പേരും അവരവരുടേതായ ദൈനംദിന ജീവിതവുമായി മുന്നോട്ടുപോകുകയാണ്. പലതരം വ്യാപാരങ്ങളിലും ജോലികളിലും ഏര്‍പ്പെട്ട് തങ്ങളുടെ സമയങ്ങളെ ക്രമീകരിക്കുകയാണവര്‍. താഹ എന്നും അലിസാന്‍ എന്നും പേരുള്ള രണ്ടു ആണ്‍കുട്ടികളാണവര്‍ക്കുള്ളത്. പതിനൊന്നുകാരനായ താഹ പക്വതയാര്‍ജ്ജിച്ച കുട്ടിയാണ്. അലിസാനാകട്ടെ അഞ്ചു വയസ്സേ ആയിട്ടുള്ളൂ. അവര്‍ തമ്മിലുള്ള അടുപ്പം ഗാഢവുമാണ്.

മൂത്തവനെ പിതാവും അനിയനെ മാതാവും എന്ന നിലയില്‍ സംരക്ഷണം ഏറ്റെടുക്കാനാണ് വിവാഹമോചനത്തിന്റെ കരാര്‍. അത് സുഗമമാക്കാനായി രണ്ടു പേരെയും പരസ്പരം അകറ്റി നിര്‍ത്താന്‍ കൗണ്‍സലര്‍ നിര്‍ദ്ദേശിച്ചതനുസരിക്കാന്‍ കിമിയ അവളുടെ അനിയനായ റാസയോട് പറയുന്നുണ്ട്. റാസയാണ് മരുമക്കളെ അധികസമയവും പരിപാലിക്കുന്നത്. അത്ര ഉത്തരവാദിത്തമുള്ളവനൊന്നുമല്ല റാസ. എന്നാല്‍ അവന്റെ സ്‌നേഹത്തെ കുറച്ചു കാണേണ്ടതുമില്ല. അതേ സമയം അവരെ ഉപയോഗിച്ച് ചില്ലറക്കാശുണ്ടാക്കാനും അവന് കൗശലങ്ങളുണ്ട്. തീവണ്ടി വരുന്നതി നു തൊട്ടു മുമ്പു വരെ പാളത്തിനുള്ളില്‍ നില്ക്കുന്ന തരം അപകടക്കളിയൊക്കെയാണ് അവരെക്കൊണ്ട് റാസ കളിപ്പിക്കുന്നത്. റാസയെക്കാളും പക്വത താഹയ്ക്കാണെന്നു നമുക്ക് തോന്നുന്നത് അതുകൊണ്ടാണ്.

താഹയും അലിസാനും താറാവുകുട്ടികളെ വെള്ളത്തിലൊഴുക്കിക്കളിക്കാന്‍ തെരഞ്ഞെടുക്കുന്നത് വീട്ടിനകത്തെ ഒരു തളികയാണ്. എന്നാല്‍, റാസയാണ് അവരോട് പുഴയില്‍ പോയി കളിക്കുകയാണ് നല്ലതെന്നു പറയുന്നത്. പുഴയില്‍ കളിക്കാന്‍ പോകുന്ന അവരെ കാണാതാകുന്നു. ഇതുണ്ടാക്കുന്ന അനിശ്ചിതത്വങ്ങളും അലച്ചിലുകളും ജീവിതനിരാശകളുമാണ് പിന്നീടുള്ള കഥാഗതി.

ഇന്‍ ദ് ആംമ്‌സ് ഓഫ് ദ് ട്രീസില്‍ പറയുന്നതു പോലെ, വെള്ളത്തിനു പുറത്തു കടക്കുമ്പോഴാണ് മീനിന് എന്താണ് വെള്ളത്തിന്റെ മൂല്യമെന്ന് മനസ്സിലാവുക. കുടുംബം ഇല്ലാതാവുമ്പോഴാണ് എന്താണതിന്റെ ആവശ്യം എന്ന് എല്ലാവര്‍ക്കും ബോധ്യമാവുന്നത്.

കുടുംബത്തിനകത്തെ പ്രശ്‌നം എന്ന നിലയില്‍ പ്രാദേശികമായ ഒരു പ്രതിഭാസമായി ഈ പ്രമേയത്തെ ചുരുക്കിക്കാണാനാവില്ല. അതൊരു സാര്‍വദേശീയ പ്രശ്‌നം തന്നെയാണ്. ഇറാനിയന്‍ ഗ്രാമീണ പശ്ചാത്തലത്തിലെടുത്ത ഈ സിനിമ, പ്രതീകാത്മകമായാണ് പല ഘടകങ്ങളെയും രേഖപ്പെടുത്തുന്നത്. താഹയില്ലെങ്കില്‍ അലിസാന്‍ മരിക്കുമെന്നാണ് ഒരു കഥാപാത്രം പറയുന്നത്. ഇത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണെന്നു തോന്നിപ്പിക്കുന്ന ചില സംഭവങ്ങള്‍ സിനിമയിലുണ്ടു താനും. എന്നാല്‍, സഹോദരങ്ങളെ പിരിക്കുന്നത് മരണതുല്യമാണെന്ന തത്വമാണ് ഇവിടെ വാസ്തവത്തില്‍ സൂചിപ്പിക്കപ്പെടുന്നത്.In The Name Of Tree

ഇറാന്റെയും തുര്‍ക്കിയുടെയും അതിര്‍ത്തിയിലുള്ള ഒരു പാറയിലിരുന്നാണ് ഫരീദ് തന്റെ കുടംബത്തിന്റെ വിഭജനം എപ്രകാരമാണ് നടത്തേണ്ടത് എന്ന് വിശദീകരിക്കുന്നത്. ഇതും പ്രതീകാത്മകമാണ്. രാഷ്ട്രങ്ങളുടെ പിളരലുകള്‍ മനുഷ്യരുടെ പിളരലുകളുമാണ്. കുര്‍ദുകള്‍ ഇറാന്‍, തുര്‍ക്കി, ഇറാഖ്, സിറിയ എന്നീ നാലു രാജ്യങ്ങള്‍ക്കിടയില്‍ പിളര്‍ക്കപ്പെട്ടിരിക്കുകയാണല്ലോ. ഇവര്‍ കുര്‍ദുകളാണോ അല്ലയോ എന്നത് വ്യക്തമല്ല.

ഇറാനില്‍ സിനിമകളെടുക്കാനും മറ്റും സ്വാതന്ത്ര്യം കുറവാണീയിടെ ആയി. ജാഫര്‍ പനാഹിയുടെയും മറ്റും അനുഭവങ്ങള്‍ നമുക്കറിയാമല്ലോ. മഹ്‌സെന്‍ മഖ്മല്‍ബഫ് ആണെങ്കില്‍ വര്‍ഷങ്ങളായി രാജ്യം വിട്ട് പാരീസിലാണ് താമസം. മൊഹമ്മദ് റസോലോഫിന്റെ ദ് സീഡ് ഓഫ് ദ് സേക്രഡ് ഫിഗ് എന്ന ഇറാനിയന്‍ സിനിമ, ജര്‍മനിയില്‍ നിന്നാണ് ഓസ്‌കാറിന് സബ്മിറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. സിനിമകളില്‍ രാഷ്ട്രീയ ഉള്ളടക്കം ചേര്‍ത്തതിന്റെ പേരില്‍, റസോലോഫിന് എട്ടു വര്‍ഷത്തെ ജയില്‍ വാസം അനുഭവിക്കേണ്ടി വന്നിരുന്നു.

ഈ പശ്ചാത്തലത്തില്‍, സിനിമയിലേക്ക് കന്നിപ്രവേശം നടത്തിയ ബാബക്ക് ഖാജെപാഷയുടേത് അരാഷ്ട്രീയ നിലപാടാണോ അതോ മതപ്രോക്തഭരണകൂടത്തിന്റെ സമീപനങ്ങളെ പിന്തുണയ്ക്കുന്നതാണോ എന്ന് ആരും സംശയിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍, ഇന്‍ ദ് ആംമ്‌സ് ഓഫ് ദ് ട്രീ സൂക്ഷ്മമായി വായിക്കുമ്പോള്‍ നമുക്ക് അത്തരം ഒരു ഉത്തരത്തിലെത്താനാവില്ല. അതായത്, ഇറാനെപ്പോലെയുള്ള ഒരു സമൂഹത്തില്‍ നാടുവാഴിത്തപരമായ കുടുംബമൂല്യങ്ങളും ആധുനിക നിയമവ്യവസ്ഥയും തമ്മിലുണ്ടായിട്ടുള്ള മുഖാമുഖത്തെ സംബന്ധിച്ച സത്യസന്ധമായ ആവിഷ്‌ക്കരണമാണ് ഈ സിനിമ എന്നതു തന്നെ.

ഉയര്‍ന്ന സംവേദനക്ഷമതയും സാംസ്‌ക്കാരിക സൂക്ഷ്മതയും ഈ സിനിമയിലുടനീളം നിലനിര്‍ത്തുന്നുണ്ട്. വടക്കേ ഇറാന്റെ പ്രകൃതിരമണീയമായ പശ്ചാത്തലത്തിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ഈ മനോഹാരിതയും കഥയ്ക്കകത്തെ സംഘര്‍ഷങ്ങളും തമ്മിലുള്ള വൈരുദ്ധ്യവും ശ്രദ്ധേയമാണ്. കുടുംബാന്തരിക പ്രശ്‌നങ്ങളുടെ ദേശാന്തരത സൂചിപ്പിക്കാന്‍ ഈ വൈരുദ്ധ്യം സഹായിക്കുന്നു.

താഹയും അലിസാനുമായി അഭിനയിക്കുന്ന അഹൂറ ലോഫ്തിയും റായന്‍ ലോഫ്തിയും ഏറെ ഹൃദ്യമായ അഭിനയമാണ് പ്രകടിപ്പിക്കുന്നത്. കിംലയായി മറാല്‍ ബാനി ആദമും ഫരീദായി ജാവദ് ഖമതിയും റാസയായി റൂഹൊള്ള സമാനിയും അഭിനയിക്കുന്നു. എല്ലാവരുടെയും പ്രകടനം ഒന്നിനൊന്ന് മെച്ചം.

ഹൃദയഭേദകമായ വിനാശവും പ്രത്യാശയും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലാണ് ഇന്‍ ദ് ആംമ്‌സ് ഓഫ് ദ് ട്രീയിലെ നാടകീയത നിര്‍മ്മിക്കുന്നത്. ദാമ്പത്യ കുടുംബം വേര്‍പിരിയുമ്പോള്‍ അതിനകത്തെ കുട്ടികള്‍ അനാഥരാവുന്നതും അവരുടെ ലക്ഷ്യങ്ങള്‍ ഇല്ലാതാവുന്നതും വിവരിക്കുമ്പോള്‍ തന്നെ, വ്യക്തികള്‍ക്ക് പൊരുത്തപ്പെടാനാവാത്ത ബന്ധങ്ങളില്‍ അവരെ ഉറപ്പിച്ചുനിര്‍ത്താന്‍ ആര്‍ക്കും അധികാരമില്ല എന്ന വാസ്തവം സിനിമ കാണാതിരിക്കുന്നുമില്ല. ജീവിതത്തിനകത്തെ വെല്ലുവിളികളും പ്രതിസന്ധികളും സുതാര്യമായി അവതരിപ്പിക്കുക മാത്രമാണ് ഖാജേ പാഷ ചെയ്യുന്നത്. അല്ലാതെ, പ്രബോധനാത്മകമായ ഗുണപാഠക്കഥകള്‍ അടിച്ചേല്‍പ്പിക്കുകയല്ല.

ഇന്‍ ദ് ആംമ്‌സ് ഓഫ് ദ് ട്രീയ്ക്ക് നിരവധി അവാര്‍ഡുകള്‍ ലഭിച്ചു. നാല്പത്തിയൊന്നാമത് ഫാജ്‌റ് അന്താരാഷ്ട്ര മേളയില്‍ ഏറ്റവും നല്ല ചിത്രത്തിനും സംവിധായകനുമടക്കമുള്ള എട്ട് അവാര്‍ഡുകള്‍ ഈ ചിത്രത്തിന് ലഭിച്ചു. പത്താമത് ലോസ് ആഞ്ചലസ് വാര്‍ഷിക ഏഷ്യന്‍ ലോക ചലച്ചിതോത്സവത്തില്‍ സ്‌പെഷ്യല്‍ ജൂറി പ്രൈസ് ലഭിച്ച ഇന്‍ ദ് ആംമ്‌സ് ഓഫ് ദ് ട്രീയ്ക്ക് പത്താമത് അജന്ത എല്ലോറ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഫിപ്രസ്‌കി ഇന്ത്യ പുരസ്‌കാരവും ലഭിച്ചു. തൊണ്ണൂറ്റേഴാമത് അക്കാദമി അവാര്‍ഡു(ഓസ്‌കാര്‍)കള്‍ക്കായി പരിഗണിക്കാന്‍ ഇറാനില്‍ നിന്ന് ഇന്‍ ദ് ആംമ്‌സ് ഓഫ് ദ് ട്രീ സമര്‍പ്പിക്കപ്പെട്ടെങ്കിലും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടില്ല.

Author Photo
ജി പി രാമചന്ദ്രൻ

എഴുത്തുകാരന്‍, മലയാള ചലച്ചിത്ര നിരൂപകന്‍

qacheck17@gmail.com

Review overview
NO COMMENTS

POST A COMMENT