Home / യാത്ര  / ശിശിരനിദ്രയ്ക്ക് വാതിലടയുമ്പോൾ

ശിശിരനിദ്രയ്ക്ക് വാതിലടയുമ്പോൾ

ഹിമാചലിലെ കുല്ലു ജില്ലയിലെ സോയാൽ എന്ന കാട്ടുഗ്രാമത്തിലേക്ക് നടത്തിയ യാത്രയും അവിടത്തെ ഗ്രാമീണരോടൊപ്പം ആഘോഷിച്ച ‘ദിയാലി’ എന്ന ഉത്സവത്തിന്റെ ഓർമ്മകളും, സഞ്ചാരിയും എഴുത്തുകാരിയുമായ നന്ദിനി മേനോൻ എഴുതുന്നു

Dhiyali

അകലെയൊരു വീട്…

ഒറ്റനോട്ടത്തിൽ തന്നെ എനിക്കിഷ്ടമായി. ഇതു തന്നെയാണ് തേടിക്കൊണ്ടിരുന്നത് എന്ന് തീർപ്പായി. ഇവിടേക്കു തന്നെയാണല്ലോ ഞാൻ വരേണ്ടിയിരുന്നത് എന്ന ഉറപ്പായി. എവിടേയോ സത്യമായി നില്ക്കുന്ന എന്തിനേയോ ആണല്ലോ ഞാൻ തേടിക്കൊണ്ടിരുന്നത് എന്ന നിറവായി. രണ്ടു കയ്യിലും തൂക്കിപ്പിടിച്ചിരിക്കുന്ന സഞ്ചികളുടെ കനമറിയാതെ നോക്കിനില്‌പ്പായി.

ഇനി ഈ വീട്ടിലാണ് ഒരു മാസം പാർപ്പ്. റോഡിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ നടപ്പുണ്ട്. ആപ്പിൾ തോട്ടങ്ങൾക്കിടയിലൂടെ മരവീടുകൾക്കിടയിലൂടെ അവരുടെ അടുക്കളപ്പുറങ്ങളിലൂടെ പച്ചക്കറി തോട്ടങ്ങളിലൂടെ നടന്നു വരുമ്പോൾ, ശങ്കയുണ്ടായിരുന്നു. എന്റെ നേരവും കാലവും കെട്ട യാത്രകളിൽ, സന്ധ്യകളിൽ രാവുകളിൽ ഇവിടെക്കെത്താൻ പാടുപെടുമോ എന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ, വലിയ രണ്ട് ആനക്കല്ലുകൾ കാവൽ നില്ക്കുന്ന, കരിങ്കല്ലിൽ തീർത്ത് ചെളി പൊതിഞ്ഞ് മരമേല്ക്കൂര തീർത്ത കുഞ്ഞു വീടിനെ കണ്ടയുടൻ എനിക്കിഷ്ടമായി.

മനുഷ്യനിർമ്മിത ശബ്ദങ്ങൾക്കെത്താനാവാത്ത വിധം അകലത്തിൽ, ഗ്രാമത്തിന്റെ ഏറ്റവുമവസാന വക്കിൽ, നരച്ച പാറപ്പുറത്ത്, കൊഴിഞ്ഞ ആപ്പിൾ മരങ്ങൾക്കു നടുവിൽ, നീലം പൂശിയ ആകാശത്തിനു കീഴിൽ ഒറ്റക്കു നില്ക്കുന്ന വീട്ടിൽ, കാത്തു നില്ക്കുന്ന രണ്ടു പേരുണ്ടായിരുന്നു. ഒരാൾ കണ്ടയുടൻ ഓടി വന്നു. എത്രയോ കാലമായി കാത്തിരുന്ന പ്രിയപ്പെട്ടവൾ എന്ന കണക്കെ ചുറ്റും രണ്ടു തവണ വട്ടം ചുറ്റി. പിന്നീട് എന്റെ കാല്പാദങ്ങൾക്കു മുകളിലേക്ക് തന്റെ തടിച്ച ശരീരം കുടഞ്ഞിട്ടു. എന്നെ നിങ്ങൾക്കിഷ്ടപ്പെടും എന്നൊരു പ്രതീക്ഷ മിഴി തുമ്പിൽ നീട്ടി മുഖത്തേക്കു നോക്കി ചിരിച്ചു. സ്നോയി, ഇവളായിരിക്കും എനിക്കിനി അലഞ്ഞുതിരിയാൻ കൂട്ട്.

മറ്റേവൾ സംഗീത. വെളുത്തു മെലിഞ്ഞു പ്രകാശരേഖ പോലൊരുവൾ. ഓടി വന്നു സഞ്ചിയിൽ പിടുത്തമിട്ടു. നിനക്കാവില്ല, നിന്നെക്കൊണ്ടാവില്ല എന്നു പറഞ്ഞതു വകവെക്കാതെ അതും തൂക്കിപ്പിടിച്ച് നടപ്പായി. ഹിമാചലിലെ കുല്ലു താഴ്‌വരയിലെ സോയാൽ എന്ന കുഗ്രാമത്തിലെ കാടോരം ചേർന്നു നില്ക്കുന്ന ഒറ്റമുറി വീട്ടിലേക്ക്, നീണ്ടയാത്രയുടെ ക്ഷീണവുമായി ഞാനും, താങ്ങാനാവാത്ത സഞ്ചിയുടെ ഭാരവുമായി സംഗീതയും, വഴി മുടക്കി ചുവടു തടഞ്ഞ് കാലിൽ ചുറ്റിപ്പിടിച്ചു കൊണ്ട് സ്നോയിയും ഒപ്പം ഗൃഹപ്രവേശം നടത്തി.

നിങ്ങൾക്കിവിടെ എന്താണു ജോലി…

Nandhini Menon

നന്ദിനി മേനോൻ

ഉണക്കിയ ആപ്പിൾ എനിക്കായി കത്തി കൊണ്ട് മുറിച്ചു കൊണ്ട് ഭീർ സിങ് ചോദിച്ചു. ആപ്പിൾക്കാലം കഴിഞ്ഞിരുന്നു. ഇലകളെല്ലാം പൊഴിഞ്ഞ് നഗ്നമായ കയ്യുകൾ ആകാശത്തേക്കുയർത്തി മരങ്ങൾ പ്രാർത്ഥനയിലായിരുന്നു. ശരീരത്തിലവിടെയിവിടെ നീല നിറത്തിലുള്ള കുഴമ്പുമരുന്നു പുരട്ടി അവരെല്ലാം ചികിത്സയിലായിരുന്നു. ചില്ലകൾ വെട്ടിയൊതുക്കി ആപ്പിൾ മരങ്ങൾക്ക് അയാൾ സുഖചികിത്സ നടത്തുന്നത് കണ്ടു കൊണ്ടു നിന്നതാണ് ഞാൻ. സ്നോയി എന്റെ ഷൂസിനു മുകളിൽ കിടന്നുറക്കവുമായി. ആപ്പിൾ കൃഷി കഴിഞ്ഞ തവണ വൻ ലാഭമായിരുന്നു എന്നും, ഇത്തവണ മഞ്ഞുവീഴ്ച വൈകുന്നതിനാൽ കടുത്ത ആശങ്കയുണ്ടെന്നും അയാൾ പറയുകയായിരുന്നു.

ജോലി ഒന്നുമില്ല, വെറുതെ താമസിക്കാൻ വന്നതാണ്…

എന്നാൽ മനാലിയിൽ താമസിച്ചുകൂടേ…

ഇവിടെയും താമസിക്കാമല്ലോ…

അതേയതേ, സോയാൽ അതിമനോഹരമാണ്, പക്ഷെ സൗകര്യങ്ങളില്ല, നിങ്ങൾക്ക് കുറച്ചുകൂടെ…

എനിക്ക് ഒരു വീടു മുഴുവനായും ഉണ്ടല്ലൊ…

പക്ഷെ ഇതൊരു കുഗ്രാമമല്ലേ…

നിങ്ങളീ ആപ്പിൾ അവർക്കു മുറിച്ചു കൊടുക്കു സാവിത്രീ ദേവി രണ്ട് സുവർണ നിറമാർന്ന ആപ്പിൾ നീട്ടി പറഞ്ഞു. ശൈത്യകാലത്തേക്ക് ഉണക്കി സൂക്ഷിച്ചതാണ്. ഭീറു ഭയ്യയും സാവിത്രി ദീദിയും എന്റെ അയൽവാസികൾ. അവരുടെ തോട്ടത്തിന്റെ മുളമ്പടി തുറന്നാണ് എന്റെ വീട്ടിലേക്ക് പോകേണ്ടത്. ആ വഴിയെന്നും നനഞ്ഞു കുതിർന്നു കിടക്കും. തൊട്ടടുത്തു കൂടൊഴുകുന്ന ചാലിൽ നിന്ന് റബ്ബർ കുഴലിട്ട് ഒഴുക്കുന്ന വെള്ളമാണ്.

നിങ്ങളിന്നലെ വൈകിട്ട് ടോർച്ചടിച്ചു കൊണ്ട് ഈ വഴി പോകുന്നതു കണ്ടു, ഒറ്റക്ക്…

ഒറ്റക്കല്ല ഞാനുമുണ്ടായിരുന്നു…

തുണി ചുരുട്ടിയിട്ടതു പോലെ ഇളവെയിൽ കാഞ്ഞു കിടക്കുന്ന സ്നോയി തലയുയർത്തി പറഞ്ഞു. ആകെ പതിനഞ്ചോളം വീടുകൾ കണ്ടേക്കാവുന്ന ആ ഗ്രാമത്തിലെ ആദ്യത്തെ ഗൃഹസന്ദർശന പരിപാടി കഴിഞ്ഞ് ഞങ്ങൾ ഇറങ്ങി നടന്നു.

പടിക്കലും തോട്ടത്തിലും പാറപ്പുറത്തും നിന്ന് വിളിക്കുന്ന കൂട്ടുകാരെയെല്ലാം പാടെ അവഗണിച്ച് സ്നോയി എനിക്കൊപ്പം മുട്ടിയുരുമ്മി നടന്നു. കാലുകൾക്കിടയിലൂടെ നൂഴ്ന്നു. ആൻ്റി ആൻ്റി എന്നു വിളിച്ചു കൊണ്ട് എവിടെ നിന്നൊക്കേയോ സംഗീത ഓടി വന്നു. അയൽപക്കങ്ങളിലൊക്കെ കൊണ്ടു ചെന്നു പരിചയപ്പെടുത്തി. ചൂടുള്ള ആലു പറാത്തയും, പൊഹയും പാത്രങ്ങളിലാക്കി കൊണ്ടുവന്നു. പശുവിൻ നെയ്യ് മുഖത്തു പുരട്ടിത്തന്നു.

മഞ്ഞിനിടയിലൂടെ ഊർന്നു വരുന്ന തണുത്ത പ്രഭാതങ്ങളിൽ വാതിൽ തുറന്ന് ഞാൻ സ്നോയിയെ കാത്തു നിന്നു. മരങ്ങൾക്കിടയിലൂടെ തടിച്ച ശരീരവും കുലുക്കി അവൾ തിരക്കിട്ട് ഓടി വന്നു. തണുപ്പല്ലേ ഉറങ്ങിപ്പോയി എന്നു ലജ്ജയോടെ സമ്മതിച്ചു. ചായയും പലഹാരങ്ങളും ഞങ്ങളൊന്നിച്ചു കഴിച്ചു. ഇറങ്ങാറായില്ലേ, ഇന്നെവിടേക്കാണ് എന്നൊക്കെ വാതിൽക്കൽ ധൃതികൂട്ടി. സ്നോയി വന്നില്ലെങ്കിൽ എന്റെ മരക്കുടിലിൽ പകൽ പുലരില്ല എന്നായി.

ഒടുവിൽ യാത്ര പറയാനാവാതെ ഇവർ രണ്ടു പേരും തീരാ നോവാവും, ഉറപ്പ്. എത്രയെത്ര ഇടങ്ങളിൽ മുറിച്ചു പറിച്ചു വെച്ചാലും പിന്നേം പിന്നേം ചുവന്നനാമ്പു നീട്ടുന്ന ഹൃദയമേ, നീ ഇപ്പോഴേ തയ്യാറായിക്കൊൾക എന്നു ഞാൻ ഓർമ്മപ്പെടുത്തിക്കൊണ്ടേയിരുന്നു.

അങ്ങനെ എല്ലാ വീട്ടിലും ഞാൻ സ്വീകാര്യയായി തുടങ്ങി. ആപ്പിൾ മരങ്ങൾക്ക് മരുന്നു പുരട്ടാനും പച്ചക്കറിത്തടങ്ങളിൽ വിത്തു കുത്താനും സോയാലിലെ ഒരേ ഒരു കടയിൽ ഹരിറാം ജിയുടെ എടുത്തുകൊടുപ്പുകാരിയാവാനും വൈകുന്നേരങ്ങളിൽ വൃദ്ധരുടെ സംഘങ്ങളിൽ ചേർന്ന് തീ കൂട്ടി ചായ തിളപ്പിക്കുവാനും കോലായയിലിരുന്ന് കമ്പിളി നെയ്യുന്ന പെണ്ണുങ്ങൾക്ക് കൂട്ടിരിക്കുവാനും സ്നോയിയോട് അനാവശ്യം പറയാൻ വരുന്ന ചോന്ന നായയെ ഇല്ലാത്ത കല്ലോങ്ങിക്കാണിച്ച് ഓടിക്കുവാനും തുടങ്ങിയ നാളുകളിൽ, എന്റെ പോക്കു വരത്തുകളിൽ, വേലിക്കലെ ടോർച്ചായും മരപ്പടിക്കരികിലെ കാവൽക്കാരായും മുകൾ വരാന്തയിൽ നിന്നുള്ള വിളിച്ചുചോദ്യക്കാരായും അവർ മാറിത്തുടങ്ങിയ നാളുകളിൽ, ഒരു നാൾ സംഗീത പറഞ്ഞു…

ഡിസംബർ മുപ്പത്തിയൊന്നിന് ഇവിടെ വലിയ ആഘോഷമുണ്ട് ആൻ്റി…

പുതുവർഷത്തെ നിങ്ങളെങ്ങനെയാണ് സംഗീത വരവേല്ക്കുന്നത്…

അതൊന്നുമല്ല, ഇത് വേറെ, ദിയാലി എന്നു പേര്…

അന്നു നമ്മൾ എന്തൊക്കെ ചെയ്യും…

ആൻ്റി കണ്ടുനോക്കൂ, രാവിലെ ആറു മണിക്ക് ഹരിറാം ദാദയുടെ കടക്കു മുന്നിൽ വരൂ…

അങ്ങനെ ആറു മണിക്കു വന്നുള്ള നില്പാണ് സ്നോയിയും ഞാനും. മൈനസ് മൂന്നാണ് രാവിലത്തെ തണുപ്പ്, രാത്രി മൈനസ് പത്ത് പതിനൊന്ന് ഒക്കെ ആവുന്നുണ്ട്. ചീറിയടിക്കുന്ന ഹിമക്കാറ്റിൽ കൂറ്റൻ ദേവദാരു മരങ്ങൾക്കു കീഴെ ജമദഗ്നിയുടെ ക്ഷേത്രത്തിനടുത്ത് ഞങ്ങൾ രണ്ടുപേരും മാത്രം നില്ക്കുമ്പോൾ കമലേശ് ഓടിവന്നു.

ദീദീ ഇപ്പൊ തുടങ്ങും, ഇപ്പൊ വരും…

ആര്, എന്ത്…

അതു കാണാലോ, എൻ്റൊപ്പം ഓടി വരണേ…Snowyee

എന്റെ കോട്ടിന്റെ പോക്കറ്റിൽ കമലേശ് നാലു ഉണക്ക വാൾനട്ടുകൾ ഇട്ടു.

എന്തിന് കമലേശ് എന്ന എന്റെ ചോദ്യം മുഴുവ​നാകും മുന്നെ ദൂരെ ആർപ്പുവിളി കേട്ടു…

ആരാണ് എന്താണ് എവിടെ നിന്നാണ് എന്നറിഞ്ഞില്ല, ആർപ്പുവിളിച്ച് കൂവിയാർത്ത് വിസിലടിച്ച് പല വഴികളിലൂടെ ഓടി വരുന്ന ഗ്രാമീണർ. കമലേശ് എന്നെയും വലിച്ച് അവർക്കൊപ്പം ഓടാൻ തുടങ്ങി. തിക്കിത്തിരക്കി നില്ക്കുന്ന വീടുകൾക്കിടയിലുള്ള കുണ്ടു വഴികളിലൂടെ മനുഷ്യർ കുതിച്ചൊഴുകി.

കൊണ്ടു വാ കൊണ്ടു വാ, ആരുമില്ലേ ഇ​വിടെ, വേഗം താ…

അവർ അട്ടഹസിച്ചു. വർണ പകിട്ടാർന്ന കമ്പിളിക്കുപ്പായങ്ങളിട്ട മനുഷ്യർ.അവരിൽ ആണും പെണ്ണും കുട്ടികളും ചെറുപ്പക്കാരും മദ്ധ്യവയസ്ക്കരും ഒക്കെ ഉണ്ട്. വീടിന്റെ മുറ്റത്തു നിന്നവർ ഉറക്കെയാർത്തു, കൊണ്ടു വാ കൊണ്ടു വാ… പെട്ടെന്ന് വീടിന്റെ മുകൾ നിലയിൽ നിന്ന് വീട്ടുകാർ തോടോടു കൂടിയ ഉണക്ക വാൾനട്ടുകൾ വാരിവാരി എറിയാൻ തുടങ്ങി. താഴെ അത് ചാടിപ്പിടിക്കലും പെറുക്കലും ഉരുണ്ടുവീഴലും ഒരേ ബഹളം…

പിന്നെ എല്ലാവരും സംഘമായി അടുത്ത വീട്ടു​മുറ്റത്തേക്ക്. അവിടെയും മരപ്പലക പാകിയ മുകളിലെ വരാന്തയിൽ നിന്നും വാൾനട്ട് ഏറ്, താഴെ ബഹളമയം… ഇടുക്കുമുടുക്കു വഴികളിലൂടെ, മഞ്ഞു വീണു നനഞ്ഞു വഴുക്കുന്ന വഴികളിലൂടെ, രണ്ടു വീടുകൾക്കിടയിൽ ഒരാൾക്കു കടന്നു പോകാൻ പാകമുള്ള വഴികളിലൂടെ, തിക്കിത്തിരക്കി ആർത്ത് ഓടുന്നവർക്കൊപ്പം ഞാനും ഓടി. വഴുക്കിയാലും തറയിൽ വീഴില്ല, അത്ര തിരക്കാണ്. മാത്രമല്ല പരദേശി എന്ന നിലയിൽ എനിക്ക് അളവറ്റ പരിഗണനയും അവർ തരുന്നുണ്ട്.

ഒരു വീട്ടുമുറ്റത്തു നിന്ന് ഗൃഹനാഥ തിരക്കിനിട​യിൽ നിന്നും എന്നെ വലിച്ചിഴച്ച് വീടിന്റെ മുകൾത്തട്ടിലേറ്റി.

നീ വന്ന് എറിയ്, ഇതൊന്നും കണ്ടിട്ടില്ലല്ലോ…

എന്നവർ ഉദാരയായി. അവർ നിറച്ചുവെച്ച കുട്ടയിൽ നിന്ന് ഞാൻ വാൾനട്ട് വാരിവാരിയെറിഞ്ഞു.

കേർള ദീദീ ഇങ്ങോട്ട്…

കേർള ദീദീ എനിക്ക്…

ഇതിനോടകം സുഹൃത്തുക്കളായിക്കഴിഞ്ഞവർ ഉറക്കെ ആർപ്പു വിളിച്ചു.

പതിനഞ്ചോളം വീടുകളിൽ ഞാനും കൂവിയാർത്ത് അവർക്കൊപ്പം പോയി.

ഇഷ്ടായോ…

എങ്ങനീണ്ട്…

അടുത്ത വർഷം വരുമോ…

നിങ്ങളുടെ നാട്ടിൽ ഇങ്ങനീണ്ടോ…

നോക്കി നിക്കാതെ പെറുക്ക്…

കൂട്ടുകാർ കൂടിക്കൂടി വന്നു. ഞാൻ കഷ്ടപ്പെട്ട് മൂന്നെണ്ണം പെറുക്കി. അതിൽ നിന്നൊന്ന് ഒരു ഉണ്ണിക്കുട്ടൻ തട്ടിയെടുത്തു. അതിനിടയിൽ ഒരെണ്ണം പാഞ്ഞു വന്ന് കവിളിൽ കൊണ്ടു, ഹാവൂ എന്താ ഒരു വേദന!

എന്റെ പിന്നിൽ മറഞ്ഞു നിന്നോ…

കട്ടിക്കമ്പിളി പുതച്ച ഒരാൾ കരുണാപൂർവ്വം എന്നെ അയാളുടെ നിഴലിലേക്ക് ചേർത്തു നിർത്തി.House

ദേവദാരുത്തറയിൽ കേറി നിന്ന് ഞാനിപ്പോൾ നോക്കുകയാണ്. അവർക്കൊപ്പം ഓടിയെത്താനാവുന്നില്ല, എന്നാലോ ആ ഉത്സാഹ തിമിർപ്പിൽ നിന്നും വിട്ടു നില്ക്കാനുമാവുന്നില്ല. അവർ അടുത്ത ഗ്രാമത്തിലേക്കു കുതിക്കുകയാണ്. ശീതനിദ്രയിലാണ്ട ഇരുണ്ട് നഗ്നമായ ആപ്പിൾ മരങ്ങൾക്കിടയിലൂടെ വർണ്ണശബളമായ ഉടുപ്പുകളണിഞ്ഞ സന്തോഷ മനുഷ്യർ ബ്യാസ് നദി പോലെ കുതിച്ചൊഴുകുന്ന കാഴ്ച…!!

ഉണക്ക വാൾനട്ടിനായി ഉന്തിത്തള്ളിത്തിരക്കിവീണ് വീടുവീടാന്തരം കയറിയിറങ്ങുന്ന ഇവർ ദരിദ്രരല്ല. ഇതവർക്ക് വിശപ്പടക്കാനല്ല.

അവരെല്ലാം ഉയർന്ന മദ്ധ്യവർഗമോ ധനികരോ ആയ ആപ്പിൾ കൃഷിക്കാരാണ്. ധാന്യങ്ങൾ പച്ചക്കറികൾ വലിയ തോതിൽ കൃഷി ചെയ്യുന്നവരാണ്.

ദിയാലിയുടെ കഥ…

ദിയാലി എന്ന ദ്യാലി എന്ന ദിയാളി എന്ന ഈ ആഘോഷത്തോട് ചേർത്ത് കുറച്ചേറെ കാര്യങ്ങൾ പറയാനുണ്ട്. പൗഷ അമാവാസിയാണിന്ന്. ഡിസംബർ ഇരുപത്തിയേഴിനും ജനവരി രണ്ടിനുമിടക്കാണ് ഇതു വരിക.

നാടോടി ജീവിതത്തോട് (nomadic life) ചേർത്താണ് ആദ്യത്തെ കഥ.ചെമ്മരിയാടുകളുമായി ഗ്രാമത്തിലെ പുരുഷൻമാർ മുഴുവൻ അതിവിദൂരങ്ങളിലായിരിക്കും. ശീതകാലത്തിന്റെ തുടക്കത്തിൽ അവർ എടുക്കാനാവാത്ത ചുമടുകളുമായി വീടുകളിലേക്ക് തിരിച്ചു വരും. ആട്ടിൻപാലിൽ നിന്നെടുത്ത വെണ്ണ, മുറിച്ചെടുത്ത ആട്ടിൻരോമം, കൻമദം, കാട്ടുമരുന്നുകൾ, കുന്തിരിക്കം, തേനട… തുടങ്ങിയ നിറയെ സമ്മാനങ്ങളുമായാണ് അവരുടെ വരവ്. മാത്രമല്ല പോയതിലും എത്രയോ ഇരട്ടി ആടുകളുമുണ്ടായിരിക്കും. വളരെ പരുക്കൻ സാഹചര്യങ്ങളിൽ അസന്ദിഗ്ധമായ അവസ്ഥകളിൽ ഏറെ നാൾ പാർത്ത് വീടണയുന്ന പ്രിയപ്പെട്ടവരെ, ഗ്രാമത്തിലെ സ്ത്രീകളും കുട്ടികളും ചേർന്ന് സ്വീകരിക്കലാണ് ദ്യാലി.

 ഹിമാചൽ ഗ്രാമങ്ങളിൽ ഏറെ സുലഭമായി കിട്ടുന്നതാണ് വാൾനട്ട്. ശീതകാലത്ത് അടഞ്ഞു കിടക്കുന്ന വീടുകൾക്കുള്ളിൽ ചായക്കൊപ്പം കൊറിക്കാൻ വറുത്തെടുത്ത വാൾനട്ടുകൾ മരക്കുടുക്കകളിൽ നിറച്ചു വെക്കാറുണ്ട്. ഗ്രാമത്തിലെ ഇടുങ്ങിയ വഴികളിലൂടെ ആർപ്പുവിളിച്ച് കൂവിയാർത്ത് മടങ്ങിവരുന്നവരെ, വീട്ടിൽ നിറയെ ശേഖരിച്ചു വെച്ചിരിക്കുന്ന വാൾനട്ടുകൾ വാരിവിതറി സ്ത്രീകളും കുട്ടികളും ആനന്ദത്തോടെ വീട്ടിലേക്കാനയിക്കുന്നതാണ് ദിയാലി.

വേറൊന്ന്, മനുഷ്യരുടെ കൂട്ടുകൂടാനും ഒന്നായിരിക്കുവാനുമുള്ള സ്വാഭാവികത്വരയുടെ കഥയാണ്. ശീതകാലം അതിന്റെ ഏറ്റവും ഉത്തുംഗമായ അവസ്ഥയിലേക്കു പ്രവേശിക്കുകയാണ്. ഇനി കനത്ത മഞ്ഞുവീഴ്ച തുടങ്ങും, പതുക്കെ പതുക്കെ വഴികൾ മുടങ്ങും, ഒപ്പം വീട്ടുവാതിലുകൾ അടയും. വിദൂര ഹിമാലയൻ ഗ്രാമങ്ങളിൽ മൂന്നു മാസത്തോളം മനുഷ്യർ വീടകത്ത് ഒതുങ്ങും. ധാന്യങ്ങൾ പരിപ്പുകൾ ഉണക്കപ്പഴങ്ങൾ വെണ്ണ നെയ്യ് മരുന്ന് വിറക് എല്ലാം വീടിനകത്ത് സംഭരിച്ചു വെച്ചിരിക്കും. തൊട്ടടുത്തുള്ള വീടു പോലും മഞ്ഞിന്റെ കനത്ത മതിലിനപ്പുറത്താവും.

അതിനു തൊട്ടു മുമ്പെ അവർ സൗഹൃദം സ്നേഹം വാത്സല്യം പ്രണയം ആഘോഷിക്കുന്നതാണ് ദ്യാലി. ഇനി തമ്മിൽ കാണുന്നത്, മിണ്ടിപ്പറയുന്നത് എത്ര മാസങ്ങൾക്കു ശേഷമാണ്! അതിനിടയിൽ എന്തെല്ലാം സംഭവിക്കാം! അർമാദത്തോടെ ആഘോഷത്തോടെ അവർ താത്ക്കാലികമായി വിട പറയുകയാണ്. ആർപ്പുവിളിക്കിടയിൽ പരസ്പരം സ്നേഹത്തോടെ അശ്ലീലച്ചുവയുള്ള സംബോധനകളും ഫലിതങ്ങളും ഒക്കെ ഉണ്ടാവുമത്രെ. പഹാഡി ഭാഷയിലായതിനാലാവാം എനിക്കതു പിടികിട്ടിയില്ല.

Dhiyaliകൊടും ശൈത്യത്തിന്റെ, തീർത്തും അനിശ്ചിതത്വത്തിന്റെ, കൊടിയ ഒറ്റപ്പെടലിന്റെ, കടുത്ത നിശ്ശബ്ദതയുടെ നരച്ചുകറുത്ത ദിനങ്ങൾ എങ്ങനെയെങ്കിലും ഒന്ന് നീങ്ങിക്കിട്ടാൻ അവർ മധുരിക്കുന്ന ഓർമ്മകൾ ശേഖരിക്കുകയാണ്. പാതിപറഞ്ഞു നിർത്തിയ പ്രണയം, തോളോടുതോൾ ചേർന്ന സൗഹൃദം, പറഞ്ഞു വെച്ചൊരു വാക്ക്, മഞ്ഞു മായ്ച്ചൊരു കളിക്കളം… ഈ മനുഷ്യർ അടുത്ത മൂന്നു മാസത്തേക്കെങ്കിലും നഷ്ടപ്പെടുന്നത് എന്തെന്ന് നമുക്കറിയാൻ കഴിയില്ല.

ഇനിയുമൊരു കഥ ഇങ്ങനെയുമുണ്ട്. കാർത്തിക് അമാവാസിക്ക് രാമൻ അയോദ്ധ്യയിൽ തിരിച്ചെത്തിയ വിവരം, ദൂരെ അങ്ങേറെ ദൂരെ മഞ്ഞുമലമടക്കുകൾക്കിടയിലെ ഹിമാചലിൽ അറിയാൻ ഏറെ വൈകി. യാത്രികരോ നാടോടികളോ വിവരങ്ങൾ കൊണ്ടുവന്നാലല്ലേ അറിയൂ! പൗഷ അമാവാസിക്ക് ഒരു കൂട്ടമാളുകൾ ആർപ്പുവിളിച്ച് ഹിമാലയ ഗ്രാമങ്ങളിലെത്തി.

രാമനെത്തി…

രാമനെത്തി…

ഇതുകേട്ട ഗ്രാമീണർ സന്തോഷാധിക്യത്താൽ വീടുകളിൽ അതിസുലഭമായിട്ടുള്ള വാൾനട്ട് നിറച്ച കൊട്ടകളുമായി വീടിന്റെ മുകൾത്തട്ടിൽ കയറി ആർത്തു വിളിച്ചു,

രാമനെത്തി…

രാമനെത്തി…

നല്ല വർത്തമാനവുമായി വരുന്നവരുടെ നേരെ അവർ വാൾനട്ട് വാരി വിതറി. ദിയാലി എന്നാൽ ദീപാവലി എന്നും അർത്ഥമുണ്ട്.

കഥകളെന്തോ ആവട്ടെ..

സ്നേഹം സന്തോഷം കൂട്ടായ്മ ഒത്തുചേരൽ വിടപറയൽ അതാണ് ദിയാലി. അതിജീവനത്തിന്റെ അതിമനോഹരമായ അർമാദം. ഭൂമിശാസ്ത്രപരമായി ഒട്ടേറെ സുരക്ഷിതമായൊരു ഭൂമിയിൽ, അതിഭീകര കാലാവസ്ഥാ വ്യതിയാനങ്ങളറിയാതെ ജീവിച്ചു പോകുന്ന നമ്മൾ കേരളീയർക്ക്, ഇത്തരം ഒറ്റപ്പെടലുകൾ മനസിലാവാതെ പോയേക്കാം. വസന്തവും ഹേമന്തവും ശരതും ശിശിരവും ചെറിയൊരു ഒപ്പു മാത്രം ചാർത്തിപ്പോകുന്ന നാടാണ് കേരളം. ഓരോ ഋതുവും ആഴത്തിൽ വഴിയടയാളങ്ങൾ തീർത്ത് കടന്നു പോകുന്ന ഹിമാലയൻ ഗ്രാമങ്ങളിലിരുന്ന് ചിന്തിക്കുമ്പോൾ, ഇതൊരു ജനതയുടെ ജീവിതമാണ്, അത് സത്യവുമാണ്.

ഹിമാചലിലെ കുല്ലു ജില്ലയിലെ സോയാൽ എന്നൊരു കാട്ടുഗ്രാമത്തിൽ, ഒട്ടും പരിചയമില്ലാത്ത ഏറെ പ്രിയപ്പെട്ടവർക്കൊപ്പം, ജാഡയും അഹന്തയും അഹങ്കാരവും ഒഴിഞ്ഞ് പുലർന്നതു മുതൽ ഉച്ച വരെ നടത്തിയ ആഘോഷം, അതിന്റെ നിറവ്, പരപ്പ്…

യാത്രയിൽ ഇതിൽ കൂടുതലൊന്നും വേണ്ടേ വേണ്ട…

Author Photo
നന്ദിനി മേനോൻ

സഞ്ചാരി, എഴുത്തുകാരി

qacheck17@gmail.com

Review overview
NO COMMENTS

POST A COMMENT