മുസ്ലിം സംരക്ഷിക്കുന്ന ജൂത ദേവാലയം
പരമ്പരാഗതമായി ഒരു മുസ്‌ലിം കുടുംബം സംരക്ഷിക്കുന്ന സിനഗോഗാണ് കൊൽക്കത്തയിലെ കാനിംഗ് സ്ട്രീറ്റിലെ മേഗൻ ഡേവിഡ് സിനഗോഗ്. ചരിത്രമുറങ്ങുന്ന വിശാലമായ സെമിത്തേരിയും നൂറ്റാണ്ടുകളായി തുറക്കാതെ വച്ചിരിക്കുന്ന നിഗൂഢതകളുടെ പെട്ടകമായ ജനീസയും സിനഗോഗിന്റെ ഭാഗമാണ്. ഗസ-ഇസ്രയേൽ യുദ്ധകാലത്ത് സിനഗോഗ് സന്ദർശിച്ച അനുഭവം.
കാനിംഗ് സ്ട്രീറ്റിലൂടെ നടക്കുമ്പോള്‍ ജനുവരിയിലെ തണുപ്പില്‍ കൈകള്‍ വിറച്ചിരുന്നു. ജാക്കറ്റിലേക്ക് കൈകള്‍ തിരുകി വീണ്ടും മുന്നോട്ടു നടന്നു. കടകളൊക്കെ തുറന്നു തുടങ്ങിയിരുന്നു. തെരുവിന്റെ അവസാനത്തിലാണ് ജൂത സിനഗോഗുള്ളത്. ഗാസ-ഇസ്രയേല്‍ ആക്രമണങ്ങളുടെ തുടക്കത്തില്‍ കൊല്‍ക്കത്തയിലും പാലസ്തീന്‍ അനുകൂല പ്രകടനങ്ങള്‍ നടന്നിരുന്നു. അതിനെ തുടര്‍ന്നാണ് സിനഗോഗ് യഹൂദരല്ലാത്തവര്‍ക്ക് മുന്‍പില്‍ ഗേറ്റ് അടച്ചത്. എങ്കിലും പ്രതീക്ഷയോട് കൂടി തന്നെയാണ് ഗേറ്റിനു മുന്‍പില്‍ ചെന്നു നിന്നത്. ഗേറ്റിലെ ജീവനക്കാരന്‍ ആദ്യം ചോദിച്ചത് തന്നെ ജൂതനാണോ എന്നതായിരുന്നു. അല്ലെന്ന മറുപടിയില്‍ ആദ്യമൊന്നു മുഖം ച്ചുളിച്ചതിനു ശേഷം ആരെയോ ഫോണ്‍ വിളിച്ചു അന്വേഷിച്ചു. പിന്നീട് എന്നോട് കാത്തിരിക്കാന്‍ ആവശ്യപെട്ടു. സന്ദര്‍ശകര്‍ക്കുള്ള സമയമായിട്ടില്ല. ഭാഗ്യം, അപ്പോള്‍ സിനഗോഗില്‍പ്രവേശിക്കാന്‍ സാധിക്കും.
ഗേറ്റിനപ്പുറത്തു ചുവന്ന നിറത്തില്‍ സിനഗോഗ് കാണാം. ബ്രിട്ടിഷ് കൊളോണിയല്‍ ശൈലിയിലാണ് സിനഗോഗ് നിര്‍മ്മിച്ചിരിക്കുന്നത്. ഈ ചുവന്ന നിറം കാരണം പ്രാദേശികമായി ലാല്‍ ഗിര്‍ജ്ജ എന്നും സിനഗോഗ് അറിയപ്പെടുന്നുണ്ട്. പരന്ന മേല്‍ക്കൂരയുള്ള സിനഗോഗില്‍ നാലുവശത്തേക്കും കാണാന്‍ കഴിയുന്ന ക്ലോക്ക് ടവര്‍. അതിനു മുകളില്‍ നീണ്ടുപോകുന്ന ഫിനിയലും. കാനിംഗ് തെരുവ് കെട്ടിടങ്ങള്‍ കൊണ്ട്നിറഞ്ഞതാണെങ്കിലും ദൂരെനിന്ന് പോലും ഫിനിയല്‍ കാണാന്‍ സാധിക്കും.
ബ്രിട്ടിഷ് സാമ്രാജ്യത്തിലെ രണ്ടാമത്തെ നഗരമായിരുന്നു കൊല്‍ക്കത്ത. പതിനെട്ടാംനൂറ്റാണ്ടിന്റെ അവസാനത്തിലാണ് സിറിയയില്‍ നിന്നും ബാഗ്ദാദില്‍ നിന്നുമുള്ളജൂതന്മാര്‍ കൊല്‍ക്കത്തയില്‍ എത്തുന്നത്. ഷാലോം കോഹനാണ് കൊല്‍ക്കത്തയില്‍താമസം തുടങ്ങിയ ആദ്യ ജൂതന്‍. സമ്പന്നരായ ജൂതന്മാര്‍ സാധാരണ കൂട്ടമായാണ്ജീവിക്കുക. ഭക്ഷണം പാചകം ചെയ്യാനും മറ്റുമായി ധാരാളം സേവകന്‍മാര്‍ കൂടെ കാണും. യഹൂദ നിയമജ്ഞരും പണ്ഡിതരുമൊക്കെ കൂടെ കാണും. ജൂതന്മാരെ സംബന്ധിച്ച്മതവിശ്വാസം അത്രത്തോളം പ്രധാനപെട്ടതാണ്. ഷാലോം കോഹന്‍ വ്യാപാരത്തിലൂടെസമ്പന്നനായി മാറി.വലിയ താമസമില്ലാതെ ജൂതസമൂഹത്തിന്റെ എണ്ണം വര്‍ദ്ധിക്കുകയും സാമ്പത്തികമായി അഭിവൃദ്ധിപ്പെടുകയും ചെയ്തു. പ്രധാനമായും ചൈനയുമായുള്ള ചായ, കറുപ്പ് വ്യാപാരങ്ങളിലെ ഇടനിലക്കാരായിരുന്നു ഇവര്‍. മറ്റനേകം വ്യാപാരങ്ങളും. ക്രമേണ ബാഗ്ദാദി ജൂതന്മാര്‍ നഗരത്തിലെ പ്രധാന സമ്പന്നരായി മാറി. എസ്രാസ്, ഗുബ്ബോയ്സ്, ഏലിയാസിസ് എന്നി മൂന്നു കുടുംബങ്ങളാണ് കൊല്‍ക്കത്തയുടെ വ്യാപാര കേന്ദ്രമായിരുന്നത്. ബ്രിട്ടിഷ് കൊല്‍ക്കത്തയില്‍ ഇംഗ്ലിഷുകാരുടെ പരിഗണന ലഭിക്കാന്‍ ബാഗ്ദാദി ജൂതന്മാര്‍ അറബി സംസ്കാരം ഉപേക്ഷിക്കുകയും യൂറോപ്യരെ പോലെ പെരുമാറുകയും ചെയ്തു. വേഷവും ഭാഷയും മാറ്റി. കുടുംബപ്പേരുകള്‍ പോലും ഹീബ്രുവില്‍ നിന്നും ഇംഗ്ലിഷായി മാറി.
പ്രാര്‍ത്ഥന യഹൂദരുടെ ജീവിതത്തിന്റെ ഭാഗമാണ്. ആദ്യകാലങ്ങളില്‍ കോഹന്റെവീട്ടിലാണ് പ്രാര്‍ത്ഥന യോഗങ്ങള്‍ നടന്നിരുന്നതെങ്കിലും 1825 ലാണ് ഒരു വീട് വാങ്ങിനേവേ ഷാലോം എന്ന് പേരിട്ടു സിനഗോഗാക്കി മാറ്റിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇത് പൊളിച്ചു മാറ്റിയാണ് 1880 കളില്‍ ഏലിയാസ് ഡേവിഡ് ജോസഫ് എസ്ര തന്റെപിതാവിന്റെ സ്മരണക്കായി മാഗന്‍ ഡേവിഡ് സിനഗോഗ് നിര്‍മ്മിച്ചത്.
കുറച്ചു സമയത്തിനു ശേഷം എന്റെ മുന്‍പില്‍ ഗേറ്റ് തുറക്കപെട്ടു. ഒറ്റനോട്ടത്തില്‍ തന്നെ മുസ്ലിം എന്ന് തോന്നിക്കുന്ന ഒരാളാണ് സിനഗോഗിന്റെ നടത്തിപ്പുകാരന്‍– റബ്ബുല്‍ ഖാന്‍. റബ്ബുല്‍ ഖാന്റെ മുസ്ലിം കുടുംബമാണ് പരമ്പരാഗതമായി സിനഗോഗ് പരിപാലിക്കുന്നത്.റബ്ബുല്‍ഖാനാണ് സിനഗോഗിനകത്ത് നടന്നു കാണിച്ചതും വിശദമായി പറഞ്ഞു തന്നതും. വാതില്‍ തുറന്നു അകത്തേക്ക് പ്രവേശിക്കുമ്പോള്‍ ഒരു വശത്ത് ഓഫീസുംമുകളിലേക്കുള്ള ഗോവണിയുമാണ്. ആദ്യ കാലങ്ങളില്‍ നൂറു കുടുംബങ്ങളെ വരെഉള്‍കൊള്ളാന്‍ മാത്രം വലുതാണ് സിനഗോഗ്. മധ്യത്തില്‍ ഉയരത്തിലായാണ് തേബാഎന്ന് വിളിക്കുന്ന പീഠമുള്ളത്. ഇത് കിഴക്കന്‍ ജൂതന്മാരില്‍ മാത്രം കാണുന്ന ഒന്നാണ്. തേബയില്‍ കയറി നിന്നാണ് വിശുദ്ധ തോറ ചുരുളുകള്‍ (മോശയുടെഅഞ്ചുപുസ്തകങ്ങള്‍ ) വായിക്കുക. യാഥാസ്ഥിക ജൂത രീതികള്‍ പ്രകാരം സ്ത്രീകള്‍ക്ക് ഇരിക്കാന്‍ മുകളില്‍ പ്രതേകം ഗ്യാലറിയുണ്ട്.
സിനഗോഗിന്റെ അവസാനത്തില്‍ അര്‍ദ്ധവൃത്താകൃതിയില്‍ ക്യാബിനറ്റ് പോലെ തോന്നിക്കുന്ന ഒരു ഭാഗമുണ്ട്. അതിന്റെ ഭിത്തിയിലാണ് ജെറുസലേമിന് അഭിമുഖമായി വലിയ പേടകമുള്ളത്. സ്വര്‍ഗ്ഗത്തെ സൂചിപ്പിക്കുന്ന ഈ ഭാഗം നീലനിറത്തിലാണ്കാണുന്നത്. ഇതില്‍ തോറ ചുരുളുകള്‍ സ്ഥാപിക്കാറുണ്ട്.
ഇരുപതാം നൂറ്റണ്ടിന്റെ തുടക്കത്തില്‍ സിനഗോഗിലെ സ്ഥിരാംഗങ്ങളുടെ ലിസ്റ്റ് അടങ്ങിയതുകല്‍സഞ്ചിയും കാണാന്‍ സാധിച്ചു. ഇന്ത്യ സ്വതന്ത്രമാകുന്ന സമയങ്ങളില്‍ ഏകദേശം അയ്യായിരം ജൂതരെങ്കിലും കൊല്‍ക്കത്തയില്‍ ഉണ്ടായിരുന്നു. എന്നാല്‍ മാറിയ രാഷ്ട്രീയസാഹചര്യത്തില്‍ ഇന്ത്യയില്‍ തുടരാന്‍ സാധിക്കാത്ത പല ജൂതകുടുംബങ്ങളും അമേരിക്കയിലേക്കും ബ്രിട്ടനിലേക്കും കുടിയേറി. ഇസ്രയേല്‍ രാഷ്ട്രം സ്ഥാപിതമായപ്പോള്‍ കുറച്ചു കുടുംബങ്ങള്‍ അങ്ങോട്ടും കുടിയേറി. എങ്കിലും ആയിരത്തോളം ജൂതര്‍ ഇന്ത്യയില്‍ തുടര്‍ന്നു. അവരില്‍ പലരും ഇന്ത്യന്‍ രാഷ്ട്രീയ സാംസ്കാരിക മേഖലകളില്‍ പ്രവര്‍ത്തിച്ചു. ഇന്ന് കൊല്‍ക്കത്തയിലെ ബഗ്ദാദി ജൂതരുടെ എണ്ണം പതിനേഴ് പേരുമാത്രമാണ്.പതിറ്റാണ്ടുകളായി ജൂത വിവാഹങ്ങളോ ജനനങ്ങളോ കൊല്‍ക്കത്തയില്‍ നടക്കുന്നില്ല.

സിനഗോഗ് മാത്രമല്ല കൊല്‍ക്കത്തയില്‍ ജൂതരുടെ അവശേഷിപ്പ്. എബ്രായ മതതത്വങ്ങളും ഇംഗ്ലിഷും പഠിപ്പിക്കുന്നതിന് വേണ്ടി തുടങ്ങിയ ജൂത ഗേള്‍സ് സ്കൂള്‍ ഇന്നും പാര്‍ക്ക് സ്ട്രീറ്റില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്കൂളില്‍ ജൂതരായ ആരുമില്ലെങ്കിലും അവരുടെ യൂണിഫോമിലെ ദാവിദിന്റെ നക്ഷത്രവും യഹൂദ അവധികളും സ്കൂളിനെ ജൂതപാരമ്പര്യം ഓര്‍മ്മിപ്പിക്കുന്നു. ദീര്‍ഘകാലത്തോളം സ്കൂളിന്റെ അദ്ധ്യാപികയായിരുന്ന റമാ മുസ്ലിയ രണ്ടായിരത്തി പതിനാലിലാണ് മരണപ്പെടുന്നത്. നൂറുവര്‍ഷത്തിലധികം പഴക്കമുള്ള നുഹും ബേക്കറി ഇന്നും പ്രവര്‍ത്തിക്കുന്നുണ്ട്. യഹൂദ വിശ്വാസപ്രകാരമുള്ള കോഷര്‍ ഇറച്ചി ലഭിക്കാത്തതു കാരണം മാംസവിഭവങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല. നഹുംബേക്കറിയിലായിരുന്നു അടുത്തുവരെ ജൂത അസോസിയഷന്‍ നടന്നിരുന്നത്.കൊല്‍ക്കത്തയിലെ ജൂതന്മാരുടെ കൃത്യമായ വിവരങ്ങള്‍ അവിടെ സൂക്ഷിച്ചിരുന്നു.അവശേഷിക്കുന്ന ജൂതന്മാര്‍ ഏറെയും പ്രായാധിക്യമുള്ളവരാണെന്നാണ് റബ്ബുല്‍ഖാന്‍ പറയുന്നത്.
റബ്ബുല്‍ഖാന്‍ മാത്രമല്ല, കൊല്‍ക്കത്തയിലെ ജൂതരും മുസ്ലിം സമൂഹവും പരസ്പര സഹകരണത്തോടെയാണ് കഴിയുന്നത്. പ്രാര്‍ത്ഥനക്കും ശാബത്തിനു വേണ്ടിയുള്ള മെഴുകുതിരി കത്തിക്കുന്നതിനും നിരന്തരം സിനഗോഗ് വൃത്തിയായി സൂക്ഷിക്കണം. ജൂതര്‍ ഹലാല്‍ ഭക്ഷണം മാത്രമേ കഴിക്കൂ. മതപരവും ഭക്ഷണ ആചാരങ്ങളിലെ സാമ്യതകളും കാരണം ജൂതരുടെ പ്രാഥമിക പരിഗണയില്‍ മുസ്ലിം സമൂഹമാണുള്ളത്.
നര്‍കെല്‍ഡംഗയിലെ യഹൂദ സെമിത്തേരിക്കും ഇതുപോലെ മുസ്ലിം പാശ്ചാത്തലമുണ്ട്. ബാഗ്‌ദാദി ജൂതര്‍ ഒരു സമൂഹമായി വളരുന്നതിന് മുന്‍പ് തന്നെ പാലസ്തീനില്‍ നിന്നുള്ള ഒരു ജൂതന്‍ കൊല്‍ക്കത്തയില്‍ വെച്ച് മരണപെട്ടിരുന്നു. ഷാലോം കോഹന്‍റെ മുസ്ലിംസുഹ്യത്താണ് അടക്കം ചെയ്യാന്‍ ഭൂമി നല്‍കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം കോഹനെയും ഇവിടെ തന്നെയാണ് അടക്കിയത്. പില്‍ക്കാലത്ത് ജൂതസമൂഹം വളര്‍ന്നപ്പോള്‍ സെമിത്തേരിയും വളര്‍ന്നു. സെമിത്തേരിയുടെ ഇടതുവശത്തെ പവലിയന്‍ ഒരു പ്രാര്‍ത്ഥന ഹാളായി ഉപയോഗിച്ചിരുന്നു. ഹീബ്രുവിലെ എഴുത്തും ദാവിദിന്റെ നക്ഷത്രമൊക്കെ പവലിയനിലുണ്ട്. ഇരുമ്പുതൂണില്‍ ഹീബ്രുവല്ലാതെ ഇംഗ്ലിഷില്‍ എഴുതിയത് വ്യക്തമായി വായിക്കാന്‍ സാധിക്കുന്നുണ്ട്. ഡേവിഡ് കോള്‍വില്ലേ ആന്‍ഡ് സണ്‍സ്. നേരെ മുന്‍പില്‍ പെന്റഗണ്‍ ആകൃതിയിലുള്ള ഒരു നിര്‍മ്മിതിയുണ്ട്. ശവസംസ്കാര സമയത്ത് സംഭാവനകള്‍ നല്‍കാനുള്ളതാണ്. വര്‍ഷത്തില്‍ ഒരിക്കല്‍ തുറക്കുകയും സെമിത്തേരിയുടെ അറ്റകുറ്റ പണികള്‍ക്ക് ആ പണം വിനിയോഗിക്കുകയും ചെയ്യും.
നൂറുകണക്കിനു ശവകുടീരങ്ങള്‍ ഇവിടെയുണ്ട്. നല്ല തിളക്കമുള്ള വെളുത്ത നിറത്തിലാണ് എല്ലാം. ഈ അടുത്തു പെയിന്റ് ചെയ്തതാണെന്ന് തോന്നുന്നു. ഏറെക്കുറെ എല്ലാ ശവകുടീരങ്ങള്‍ക്കും ഒരേ ഘടനയാണ്. പാര്‍ക്ക് സ്ട്രീറ്റിലെ ഇംഗ്ലിഷ്സെമിത്തേരിയില്‍ കാണുന്നത് പോലുള്ള സ്തൂഭങ്ങളോ മറ്റു അലങ്കാരപണികളോ കാണാന്‍ സാധിക്കില്ല. അതിനു കാരണം യഹൂദ മതദര്‍ശനം അതെല്ലാം വിലക്കുന്നുഎന്നതാണ്. എബ്രായബൈബിളില്‍ കൊഹിലത്ത് ഗ്രന്ഥത്തില്‍ ശവസംസ്കാരത്തെ കുറിച്ച് കൃത്യമായ നിര്‍ദേശങ്ങളുണ്ട്. ശരീരം ജീര്‍ണ്ണിക്കാന്‍ കൂടുതല്‍സമയമെടുക്കുമെന്നത് കൊണ്ട് അതെല്ലാം കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.കുഞ്ഞുങ്ങളുടെ ശവകുടീരങ്ങള്‍ ധാരാളമുണ്ട്. ആ കാലങ്ങളില്‍ കൊല്‍ക്കത്തയിൽമലേറിയ പോലുള്ള അനേകം പകര്‍ച്ചവ്യാധികള്‍ ഉണ്ടായിരിക്കണം.
ഇങ്ങനെയൊക്കെയാണെങ്കിലും അസാധാരണമായ ഒന്ന് രണ്ടു ശവകുടീരങ്ങള്‍ കൂടി അവിടെയുണ്ടായിരുന്നു. അതിലൊന്ന് പുരോഹിതനായ ഏലിയാസ് കോഹന്റേതാണ്. ബാഗ്ദാദി ജൂതന്മാര്‍ക്കിടയില്‍ ഏറെ ബഹുമാനിക്കപെട്ട വ്യക്തിയായിരുന്നു അദ്ദേഹം. മറ്റൊന്ന് റഹ്മ മിതാനയെന്ന സ്ത്രീയും. അവരുടെ ശവകുടീരത്തിനു മുകളില്‍ തുറന്നുവെച്ചിരിക്കുന്ന പുസ്തകത്തിന്റെ രൂപമുണ്ട്. ഒരു പക്ഷേ തോറയായിരിക്കാം. മറ്റു ചില ശവകുടീരങ്ങളുടെ മുകളിലും തുറന്നുവെച്ചിരിക്കുന്ന പുസ്തക രൂപങ്ങളുണ്ട്.

Synagogue
ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒന്നാണ് ജെനീസ(GENIZAH)എന്ന് വിളിക്കുന്നനിര്‍മ്മിതി. യഹൂദ വിശ്വാസ പ്രകാരം ഹീബ്രു ഭാഷയില്‍ എഴുതിയ പ്രാര്‍ത്ഥനകള്‍, പേരുകള്‍, ദൈവികമായി അടുത്തുനില്‍ക്കുന്ന രേഖകള്‍ തുടങ്ങിയവയൊന്നും അലക്ഷ്യമായി കളയാന്‍ പാടില്ല. അത്തരം രേഖകള്‍ സാധാരണ ഗതിയില്‍ സിനഗോഗിലെ ജെനീസയില്‍ സൂക്ഷിക്കുകയും പിന്നീട് സെമിത്തേരിയില്‍ അടക്കം ചെയ്യുകയുമാണ് പതിവ്. ഒരു പക്ഷേ ആഭിചാരക്രിയകള്‍ക്ക് ഉപയോഗിക്കും എന്നത് കൊണ്ടാകണം.
കൊല്‍ക്കത്തയിലെ സിനഗോഗില്‍ അംഗങ്ങള്‍ കുറവായത് കൊണ്ടാകണം സെമിത്തേരിയില്‍ തന്നെ ജെനീസ നിര്‍മ്മിച്ചിരിക്കുന്നത്. ഈ ജെനീസ ഒരിക്കല്‍ പോലും തുറന്നിട്ടില്ല എന്നാണ് സെമിത്തേരിയുടെ കാവല്‍ക്കാരന്‍ പറയുന്നത്. അങ്ങനെയെങ്കില്‍നൂറ്റാണ്ടുകളുടെ ജൂതചരിത്രമായിരിക്കണം അതിനകത്തുണ്ടാകുക. കൊല്‍ക്കത്തയിലെകാലാവസ്ഥയില്‍ ഈ പേപ്പറുകള്‍ അതിജീവിക്കുമോ എന്നറിയില്ല. ഈ സെമിത്തേരിയില്‍കൊച്ചിയില്‍ ജനിച്ച കുറച്ചധികം ജൂതന്മാര്‍ ഉറങ്ങുന്നുണ്ട്. കൊച്ചിയില്‍ ജനിക്കുകയും മുംബൈയില്‍ മരണപ്പെടുകയും ചെയ്ത് ജോസഫ് റഹാമിയുടെ വിധവയും മക്കളുമാണ് ഇവിടെ ജെനീസ നിര്‍മ്മിച്ചിരിക്കുന്നത്.
പത്തു വര്‍ഷം മുന്‍പ് മരണപെട്ട ആരോണിന്റെ ശവകുടീരം കണ്ടു, ഗേറ്റ് കടന്നുകൊല്‍ക്കത്തയുടെ തിരക്കിലേക്ക് പ്രവേശിക്കുമ്പോള്‍ കൊല്‍ക്കത്തയിലെ ബാഗ്ദാദി ജൂതന്മാരുടെ വംശം ഒന്നോ രണ്ടോ പതിറ്റാണ്ടുകള്‍ കൊണ്ട് അവസാനിക്കുമെന്ന് എനിക്ക് തോന്നി. ലോകത്തെല്ലായിടത്തു നിന്നും ആട്ടിയോടിക്കപെട്ട ജൂതര്‍ കൊച്ചിയിലുംകൊല്‍ക്കത്തയിലും ജീവിതം കരുപിടിപ്പിക്കുകയും സ്വാഭാവികമായി ഇല്ലാതാവുകയുംചെയ്തു.

