ജനപ്രിയത ഒരു കുറ്റമല്ല, അതൊരു സാംസ്കാരിക ഇടപെടല്‍ കൂടിയാണ്.
ജനപ്രിയ സാഹിത്യം സ്ഫോടനാത്മകമായ ഒരു വളർച്ച കൈവരിച്ച ഈ കാലഘട്ടത്തിൽ സാഹിത്യത്തിലെ ഈ പ്രവണത നല്ലതോ ചീത്തയോ എന്ന ചർച്ചകൾ ധാരാളമായി വന്നു കൊണ്ടിരിക്കുന്നു . ഈ സാഹചര്യത്തിൽ മലയാളത്തിലെ യുവ എഴുത്തുകാരിൽ ശ്രദ്ധേയനായ റിഹാൻ റാഷിദ് എഴുതുന്നു
മലയാള സാഹിത്യത്തിൽ ഈയിടെയായി ജനപ്രിയത – ബൗദ്ധികത എന്ന രണ്ട് ദ്വന്ദങ്ങളിൽ വലിയ കോലാഹലങ്ങൾ നടക്കുന്നുണ്ട്. സോഷ്യൽമീഡിയയാണ് അതിന്റെ മുഖ്യയിടം.വിശിഷ്യാ ഫേസ്ബുക്ക്. എന്നാൽ ഇത് ഇന്നോ ഇന്നലയോ തുടങ്ങിയതുമല്ല. ലോകസാഹിത്യത്തിൽ പതിനെട്ട്-പത്തൊമ്പത് നൂറ്റാണ്ടുകൾ മുതൽ ഈ വലിപ്പ ചെറുപ്പ ചർച്ചകൾ നടന്നിരുന്നു. സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍, അതായത് 1930കളില്‍ മലയാളത്തില്‍ സമാനമായ ചര്‍ച്ചകള്‍ ഉണ്ടായിട്ടുണ്ട്. ഇഎംഎസ് അടക്കം ഈ വിഷയത്തില്‍ നേരിട്ട് ഇടപെട്ടിരുന്നു.
അമ്പതുകള്‍ക്ക് ശേഷം വന്ന മുൻകാല എഴുത്തുകാരും കൃതികളും ഇതേ ആക്ഷേപം ഒളിഞ്ഞും തെളിഞ്ഞും നേരിട്ടിട്ടുണ്ട്. തൊണ്ണുറുകളോടെ അത് മറ്റൊരു രീതിയിലായി, രണ്ടായിരത്തിപ്പതിനെട്ടിനു ശേഷമാണ് അത് വീണ്ടും കൂടുതൽ ശക്തമായതെന്നാണ് വ്യക്തിപരമായ നിരീക്ഷണം. എന്ത് വായിക്കണം?
ഇതാണ് മുഖ്യപ്രശ്നവിഷയം. ഒരുകൂട്ടർ ബൗദ്ധികനിലവാരമുള്ളത് മാത്രം വായിക്കണമെന്ന് വാശിപിടിക്കുന്നു. മറുകൂട്ടർ, തങ്ങൾക്ക് ‘കണക്ടാ’വുന്ന വായിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും എന്താണ് കുഴപ്പമെന്ന് ചോദിക്കുന്നു, തർക്കിക്കുന്നു. ഇവിടെയാണ് ശ്രേണീകരണം സംഭവിക്കുന്നത്.
ഓരോരുത്തർക്കും വായന തികച്ചും സ്വകാര്യമായ അനുഭൂതിയാണ്. ജനപ്രിയമായതായാലും ബൗദ്ധിക വെല്ലുവിളി ഉയർത്തുന്നതായാലും
അത് വായിക്കുന്നവരുടെ മനസിൽ നടക്കുന്ന വ്യായാമം ആണെന്നാണ് ആദ്യം മനസിലാക്കേണ്ടത്. ഇവിടെ അതിനുപകരം മല്ലയുദ്ധത്തിൽ ഏർപ്പെടാനാണ് പലരും ശ്രമിക്കുന്നത്. എന്നാൽ ഭാഷയിലും ആഖ്യാനത്തിലും വിഷയസ്വീകരണത്തിലുംസംഭവിക്കുന്ന ജാഗ്രതക്കുറവിനെ ഇക്കൂട്ടരിൽ മിക്കവരും ചൂണ്ടിക്കാണിക്കുന്നില്ല. ഇനിയഥവാ അത് ചൂണ്ടിക്കാണിച്ചാലും വ്യക്തിപരമായ അധിക്ഷേപത്തിലേക്കോ ആകൃതി വായിക്കാനേ പാടില്ലെന്ന മട്ടിലുള്ള നിർബന്ധബുദ്ധിയെ അടിച്ചേൽപ്പിക്കലിലേക്കാണ് മാറുന്നത്. അതൊട്ടും ശ്ലാഖനീയമല്ലതാനും. ഫിക്ഷൻ ഉള്ളിപൊളിക്കും പോലെ പൊളിച്ചാൽ അതിനുള്ളിൽ നിന്നും നീരു പോലും ലഭിക്കുകയുമില്ല.അതേസമയം, സാങ്കൽപ്പികത എഴുതുമ്പോൾ വായനക്കാരനെ “കൺവീൻസ്”ചെയ്യിക്കും മട്ടിൽ “നുണ” സത്യമായിമാറ്റാനുളള സൂക്ഷ്മത എഴുത്തുകാരും കാണിക്കേണ്ടതുണ്ട്. ഈയിടെ വായിച്ച ചില പുസ്തകങ്ങളിൽ കണ്ട ഒട്ടും നിലവാരില്ലാത്ത ആഖ്യാനവും കഥാപാത്ര നിർമിതിയും ഭാഷയിലെ കഴിവുകേടും ബ്ലണ്ടറായി പോലും കരുതാൻ പറ്റാത്ത പാശ്ചത്തലവും കണ്ടതുകൊണ്ടാണ് ഇവിടെയിതു സൂചിപ്പിക്കേണ്ടി വന്നത്. ഇത്തരം കാര്യങ്ങൾ ഇൻ്റലക്ച്വൽ വായനയുമായി കൂട്ടിക്കെട്ടേണ്ടതില്ലെന്നാണ് വ്യക്തിപരമായ അഭിപ്രായം.
ഇനിയിതൊക്കെ ആരെങ്കിലും ചൂണ്ടിക്കാണിച്ചാലും അവരെ ശത്രുപക്ഷത്ത് നിറുത്തുന്ന എഴുത്തുകാരുമുണ്ട്. ടെക്സറ്റിനെയാണ് വിമർശിക്കുന്നതെന്ന സാമാന്യബോധം അവർക്കും ഉണ്ടാവേണ്ടതുണ്ട്. മറ്റൊന്ന്, പലർക്കും തരം (genre) മനസിലാക്കി വായിക്കാനുള്ള ക്ഷമ ഇല്ല എന്നതാണ്. ക്രൈം,റൊമാൻസ്,ഇറോട്ടിക്ക് തുടങ്ങിയവയിൽ ബൗദ്ധികനിലവാരം തേടുന്നതേ വിഡ്ഢിത്തമല്ലേ?
അത്തരം നോവലുകൾക്ക്, അതിന്റെ എഴുത്താളർക്ക് ഒരു കൂട്ടം വായനക്കാർ ഉണ്ടെന്ന കാര്യം വിസ്മരിക്കരുത്. അത്തരം എഴുത്തുകൾ തങ്ങളുടെ ജീവിതവുമായി നേരിട്ട് സംവദിക്കുന്ന വിധത്തിലാണ് അവർക്ക് അനുഭവപ്പെടുന്നത്. അതുകൊണ്ടാണ് അതിനു സ്വീകാര്യത ലഭിക്കുന്നതും ആഘോഷിക്കപ്പെടുന്നതും. ഈ ആഘോഷിക്കപ്പെടുന്നതിൽ മിക്കതിലും അതിന്റെ ‘തരം’ അനുസരിച്ചുള്ള നിലവാരമുണ്ടോ എന്നു ചോദിച്ചാൽ ഇല്ല എന്നാണ് ഉത്തരം. എന്നുകരുതി അത് വായിക്കുന്നവരെ വിധിക്കാൻ ഞാൻ ആളല്ല.
കാരണം നമ്മൾ ഒരു ജനാധിപത്യരാജ്യത്തെ പൗരന്മാരാണ്.
അതിന്റെ സ്വാതന്ത്ര്യങ്ങൾ പലയിടങ്ങളിലും ഹനിക്കപ്പെടുന്നുണ്ടെങ്കിലും പൂർണമായും അത് ഇല്ലാതാക്കാൻ സാധിച്ചിട്ടില്ല.വായിക്കുന്ന, ചിന്തിക്കുന്ന മനുഷ്യർ എന്ന നിലയിൽ നമ്മൾക്ക് ഇത്തരം എഴുത്തുകളോട് വിയോജിച്ചുകൊണ്ട്, അവരുടെ എഴുതാനും വായിക്കാനുമുള്ള അവകാശത്തിനൊപ്പം നിലയുറപ്പിക്കാനാവണം. അതാണ് ജനാധിപത്യ മര്യാദയും.

രാജേഷ് കെ നാരായണൻ, ഷീലാടോമി, ഉണ്ണികൃഷ്ണൻ കിടങ്ങൂർ, വിനോദ് കൃഷ്ണ, എസ് ഹരീഷ്, ഇ സന്തോഷ് കുമാർ, മൃദുൽ കാഞ്ഞങ്ങാട്, ബെന്യാമിന്, കെആർ മീര, പിഎഫ് മാത്യൂസ്
ഇനി ഗൗരവമായ വായനയാണ് നിങ്ങൾക്ക് താത്പര്യമെങ്കിൽ മലയാളത്തിൽ എല്ലാവർഷവും അനവധി പുസ്തകങ്ങൾ ഇറങ്ങുന്നുണ്ട്. എസ് ഹരീഷ്, പിഎഫ് മാത്യൂസ്, ഇ സന്തോഷ് കുമാർ,കെആർ മീര, വിനോദ് കൃഷ്ണ, ഉണ്ണികൃഷ്ണൻ കിടങ്ങൂർ,ബെന്യാമിന്,ഷീലാടോമി,രാജേഷ് കെ നാരായണൻ,മൃദുൽ കാഞ്ഞങ്ങാട് തുടങ്ങിയ വലിയൊരു നിര എഴുത്തുകാരുടെ പുസ്തകങ്ങൾ ഉണ്ട്. ഇവര്‍ക്കെല്ലാം സ്ഥിരോത്സാഹികളായ വായനക്കാരുമുണ്ട്. സ്ലീപ്പര്‍ സെല്‍സ് എന്നു പറയുന്നതുപോലെ, നിശബ്ദമായി വായിച്ചു പോകുന്നവരാണ് അതിലേറയും എന്ന് തോന്നിയിട്ടുണ്ട്. അതായത്, ഇവിടെ അവനവന് സ്വയം തിരഞ്ഞെടുക്കാനുള്ള അവസരം ലഭ്യമാണ്. അതൊന്നും വായിക്കാനോ ശ്രദ്ധിക്കാനോ മെനക്കെടാതെ ജനപ്രിയമായതിനെ മാത്രം ലക്ഷ്യംവെച്ചുള്ള കടുംവെട്ടിന് പിന്നിലെ കാരണം എന്തായിരിക്കും?
ഇവിടെയാണ് നൂറ്റാണ്ടുകളായി നമ്മളെ ബാധിച്ചിരിക്കുന്ന “ക്ലാസിസിസം” തിരിക്കലിന്റെ അപകടമുള്ളത്.
പണ്ട്, കവിതകളുടെ പേരിൽ ഒരു തർക്കം നടന്നിരുന്നു. ആദ്യാക്ഷരപ്രാസം അന്ത്യാക്ഷരപ്രാസം ദ്വിതിയാക്ഷരപ്രാസം എന്ന രീതിയിൽ എഴുതിയാൽ മാത്രമെ കവിത ആവുകയുള്ളൂ എന്നായിരുന്നു പാരമ്പര്യവാദികളുടെ വാശി. എന്നാൽ അതൊന്നും ഇല്ലാതെയും കവിതകൾ എഴുതാം എന്നായിരുന്നു അതിനെ എതിർത്ത യുവതലമുറയുടെ വാദം. ഇനി ലോകസാഹത്യത്തിലേക്ക് നോക്കിയാൽ അവിടെയും ഈ ക്ലാസിസിസം ഉണ്ടായിരുന്നു. ഒരുദാഹരണത്തിന്, മാത്യു അർനോൾഡിനെ പോലെയുള്ള എഴുത്തുകാർ “ഹൈകൾച്ചറി ”നെ മുന്നോട്ടുവെച്ചിരുന്നു.അതിന് എതിരെ നിന്ന, അല്ലെങ്കിൽ ജനപ്രിയമായത് “അനാർക്കിസം” എന്നായിരുന്നു അത്തരക്കാരുടെ നിലപാട്. മറ്റൊരു കൌതുകം ഷേക്സ്പിയറിന്റെ കാര്യമാണ്. അക്കാലത്തെ തികച്ചും സാധാരണക്കാരായിരുന്നു അദ്ദേഹത്തിന്റെ നാടകങ്ങൾ കണ്ടിരുന്നത്. അതായത്. അദ്ദേഹം ഒരു ജനപ്രിയനായിരുന്നെന്ന് ! ഇപ്പോൾ എത്രപേരത് സമ്മതിച്ചുതരും? ജനപ്രിയസാഹിത്യത്തെ പുറത്ത് നിറുത്താതിരുന്ന മറ്റൊരാൾ സുകുമാർ അഴിക്കോടാണ്. അതേസമയം നരേന്ദ്രപ്രസാദിനെപ്പോലെയുള്ളവർ അതിനെ നിരാകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നുകരുതി ഇരുവരും മോശക്കാരുമായിട്ടില്ല.
പഴയ കാലത്തെ മനുഷ്യരാണ് നല്ലവരെന്നും പഴയകാലമാണ് മികച്ചതെന്നും പറയുന്ന ഒരുതരം നെസ്റ്റാള്‍ജിക്ക് ഹെജിമണിയാണ്; പണ്ടത്തെ പുസ്തകങ്ങളാണ് പുസ്തകങ്ങള്‍/ അന്നത്തെ എഴുത്തുകാരാണ് യഥാര്‍ത്ഥ എഴുത്തുകാര്‍ എന്നാണ് ഈ പാരമ്പര്യവാദികളുടെ ഇപ്പോഴത്തെ അഭിപ്രായം. അത് പലപ്പോഴും ഒരുപടികൂടെ കടന്ന്, പൊതുജനം വായിക്കേണ്ടതിനെ ഞങ്ങള്‍ തീരുമാനിക്കുമെന്നതുവരെയാവുന്നുണ്ട്. ഞങ്ങളാണ്,വായനക്കാരെ പ്രാതിനിധീകരിക്കുന്നതെന്ന് അവര്‍ സ്വയമേ കരുതുകയും അതില്‍ നിന്നും ഉടലെടുക്കുന്ന അധികാരഭാവം മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാന്‍ തുനിയുകയുമാണ്. തങ്ങള്‍ക്ക് കീഴെയുളള മനുഷ്യരെ ഭരിക്കാനും കീഴ്പ്പെടുത്താനുമുളള ത്വരയാണത്. (അധികാരം എല്ലാമേഖലയിലും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ ബൗദ്ധികമായ കീഴ്പ്പെടുത്തല് / ഞാനാണ് വലിയവന്‍ എന്ന പ്രഖ്യാപനമാണ്.)
അതായത്, ജനപ്രിയമാവുന്നതിനെ എക്കാലവും എലിറ്റിസ്റ്റുകൾ എതിർത്തിരുന്നു.അത് ഇപ്പോഴും പലവിധത്തിൽ തുടരുകയാണ്. അതേസമയം ഇവിടെയുള്ള അക്കാദമിക്ക് വിമർശനങ്ങളെ കണ്ടില്ലെന്നു നടിക്കാനുമാവില്ല. പക്ഷേ, ചില നിരൂപണവേഷധാരികൾ വിമർശനം എന്ന കലയെപ്പോലും താറടിച്ചുകാണിക്കുകയാണ്. വ്യാജനിരൂപകര്‍ എന്നുതന്നെയേ അവരെ വിളിക്കാനൊക്കൂ.
യഥാര്‍ത്ഥത്തില്‍ ബൗദ്ധികവും-ജനപ്രിയതയും തമ്മിലുള്ള ഈ ചര്‍ച്ചയെ സാംസ്കാരികമായിക്കൂടി വിലയിരുത്തുകയും പഠനവിധേയമാക്കുകയും ചെയ്യേണ്ടതുണ്ട്.
പുതിയകാലത്തെ സാങ്കേതികവളര്ച്ചക്ക് അനുസൃതമായി മനുഷ്യരുടെ ജീവിതത്തിലും തൊഴിലിലും കലയിലും ആസ്വാദനത്തിലും വന്ന മാറ്റങ്ങളെയും സാംസ്കാരികമായി വിലയിരുത്തണം. ഇന്‍സ്റ്റഗ്രാം പോലെയുളള സാമൂഹ്യമാധ്യമങ്ങള്‍ നമ്മുടെ സമൂഹത്തില്‍ വരുത്തിയ സാംസ്കാരിക മാറ്റങ്ങളുടെ പ്രതിഫലനമാണ് ഈ കാലത്തെ വായനാട്രെന്ഡിന് പിന്നിലെ കാരണങ്ങളിലൊന്ന് എന്നാണ് എന്റെ വ്യക്തിപരമായ നിരീക്ഷണം. ഒപ്പം പുതുകാല വിപണിയുടെ ഇടപെടലുമുണ്ട്. പറഞ്ഞുവന്നത് എന്തെന്നാല്‍ ഏതൊരു മനുഷ്യനും അവന് ഇഷ്ടമുളളവ വായിക്കാനും അത് പ്രചരിപ്പിക്കാനും സ്വാതന്ത്യം ഉണ്ടെന്നാണ്. എന്നെ സംബന്ധിച്ച് വായിക്കാന്‍ ഇഷ്ടം ഗൗരവമായ സാഹിത്യമാണ്. എന്നുകരുതി മറ്റുള്ളത് ആരും വായിക്കരുതെന്നോ എഴുതരുതെന്നോ പറയാന്‍ പാടില്ല.
1937 ജൂലായ് 19-ാം തിയ്യതിയിലെ ‘മാതൃഭൂമി’ ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കപ്പെട്ട, സമാന വിഷയത്തില്‍ ഇഎംഎഎസ് എഴുതിയ ഒരു ലേഖനത്തിന്റെ ആദ്യഭാഗം ഈ കുറിപ്പിനൊപ്പം ചേര്‍ക്കുന്നു. പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ മുൻഗാമിയായിരുന്ന ജീവൽസാഹിത്യ പ്രസ്ഥാനം കൊണ്ട് ഉദ്ദേശിക്കുന്നതെന്താണ്, ജീവൽ സാഹിത്യവും യാഥാസ്ഥിതിക സാഹിത്യവും തമ്മിലുള്ള മൗലികമായ വ്യത്യാസം എന്താണ്,സൗന്ദര്യബോധത്തെക്കുറിച്ച് ജീവൽ സാഹിത്യത്തിനുള്ള കാഴ്ചപ്പാടെന്താണ് തുടങ്ങിയ അക്കാലത്ത് സാഹിത്യകാരന്മാർക്കിടയിൽ ചർച്ചചെയ്യപ്പെട്ടിരുന്ന മുഖ്യപ്രശ്നങ്ങളെ വിശകലനം ചെയ്യുന്നതാണ് ഈ ലേഖനം.
(ഇഎംഎസ് മരിച്ചതിന്റെ തൊട്ടടുത്ത ദിവസം മാതൃഭൂമി ദിനപ്പത്രം പുനഃപ്രസിദ്ധീകരിച്ചതാണ് ഇത്.)

