Home / ലിറ്ററേച്ചര്‍  / പുസ്തകപരിചയം  / ശവങ്ങൾ മനുഷ്യരെക്കുറിച്ച് പറയുന്നത് – എൻ.ഇ. സുധീർ

ശവങ്ങൾ മനുഷ്യരെക്കുറിച്ച് പറയുന്നത് – എൻ.ഇ. സുധീർ

ക്രൂരതയുടെ അനുഭവം പങ്കിടാൻ മാത്രമാണോ മനുഷ്യവംശം വിധിക്കപ്പെട്ടത്? ഇത്തരം വലിയ ചോദ്യങ്ങൾ ഹാൻ കാങ്ങ് ഈ നോവലിലൂടെ ഉന്നയിക്കുന്നുണ്ട്. അതോടൊപ്പം ശരീരവും ആത്മാവും തമ്മിലുള്ള ബന്ധത്തെപ്പറ്റിയുള്ള ഒരു വിചാരണ കൂടി ഇതിൽ നടക്കുന്നുണ്ട്. നമ്മൾ പറഞ്ഞു നടക്കുന്ന മനുഷ്യത്വം എവിടെയാണ് നിലകൊള്ളുന്നത്?

2016-ൽ ബുക്കർ അന്താരാഷ്ട്ര പുരസ്കാരം നേടിയതോടെയാണ് സൗത്ത് കൊറിയൻ എഴുത്തുകാരി ഹാൻ കാങ്ങ് ലോകത്തിന്റെ ശ്രദ്ധയിലേക്ക് വന്നത്. അവരുടെ വെജിറ്റേറിയൻ എന്ന നോവലിനാണ് ആ പുരസ്കാരം ലഭിച്ചത്. ആ വർഷം തന്നെ ഞാനാ നോവൽ വായിക്കുകയും അതിലൂടെ ഹാൻ കാങ്ങിന്റെ മിടുക്ക് മനസ്സിലാക്കുകയും ചെയ്തിരുന്നു. എന്നാൽ 2024 ലെ സാഹിത്യത്തിനുള്ള നോബേൽ പുരസ്കാരം അവർക്കാണ് എന്നറിഞ്ഞപ്പോൾ മറ്റെല്ലാ സാഹിത്യ പ്രേമികളെയും പോലെ ഞാനും ഞെട്ടുകയുണ്ടായി. അവർ മികച്ച എഴുത്തുകാരിയാണെങ്കിലും അവരേക്കാൾ മികച്ച പലരും ഈ അംഗീകാരം നേടേണ്ടവരായി ഉണ്ടല്ലോ എന്നൊരു തോന്നലാണ് മനസ്സിലേക്ക് വന്നത്. സാഹിത്യ നോബലിന്റെ തിരഞ്ഞെടുപ്പിൽ പൊതുവിൽ ഇത്തരം കാര്യങ്ങൾക്കൊന്നും പരിഗണനയുണ്ടാവാറില്ല എന്നറിയാമായിരുന്നു. അതിനാൽ തീർച്ചയായും ഹാൻ കാങ്ങിനെ കൂടുതൽ വായിച്ചറിയുക, നോബേൽ ലഭിക്കാനിടയായ അവരുടെ ഭാവനയുടെ ആഴം മനസ്സിലാക്കുക എന്നതാണ് വായനക്കാരനെന്ന നിലയിൽ എനിക്കു ചെയ്യുവാനുണ്ടായിരുന്നത്. ശ്രദ്ധയിൽപ്പെട്ട മറ്റൊരു പ്രധാനകാര്യം നോബേൽ നേട്ടത്തിന്റെ ആഘോഷങ്ങളിൽ നിന്ന് അവർ മാറി നിന്നു എന്ന വാർത്തയായിരുന്നു. ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന യുദ്ധങ്ങളുടെയും കലാപങ്ങളുടെയും സാഹചര്യത്തിൽ തനിക്കിപ്പോൾ ആഘോഷങ്ങളുടെ ഭാഗമാകാൻ സാധ്യമല്ല എന്ന് വെറും 53 കാരിയായ ഒരു നോബേൽ പുരസ്കാര ജേതാവ് പറയുക എന്നത് തീർച്ചയായും അവരെക്കുറിച്ചുള്ള മതിപ്പ് പതിന്മടങ്ങാക്കി. സൗത്ത് കൊറിയക്ക് കിട്ടുന്ന ആദ്യത്തെ സാഹിത്യ നോബേലാണ്. ഏഷ്യയിൽ നിന്നും ഈ പുരസ്കാരം നേടുന്ന ആദ്യ വനിത. ഇങ്ങനെ അപൂർവ്വതകൾ പലതുണ്ടായിട്ടും അവർ ആഘോഷങ്ങൾ ഉപേക്ഷിക്കുവാൻ തീരുമാനിച്ചു. ഇതൊക്കെ അവരുടെ രാഷ്ട്രീയ നിലപാടുകളിലേക്ക് കൃത്യമായ സൂചന നൽകി. അസാധാരണമായ നീതിബോധത്താൽ നിയന്ത്രിക്കപ്പെടുന്ന ഒരു മനസ്സിനെ തിരിച്ചറിയുകയായിരുന്നു.

ഇതെല്ലാം മനസ്സിൽവെച്ചു കൊണ്ടാണ് അവരുടെ ‘ഹ്യുമൻ ആക്ട്സ്’ എന്ന നോവൽ വായിക്കാനെടുത്തത്. അടുത്ത കാലത്തൊന്നും ഇത്രയേറെ ശക്തമായ ഒരു രാഷ്ട്രീയ നോവൽ ഞാൻ വായിച്ചിട്ടില്ല. പ്രമേയത്തിന്റെ അസാധാരണത്തം കൊണ്ടും ഭാഷയുടെ ശക്തി കൊണ്ടും അമ്പരപ്പിച്ച ഒരു വായനാനുഭവമായി അത് മാറുകയായിരുന്നു. ഫിക്ഷന്റെ അസാധാരണമായ സ്ഫോടനാത്മക ശക്തി അവർ ഈ രചനയിലൂടെ കാണിച്ചു തരികയാണ്. ഇതിലെ പ്രമേയം അവരുടെ നാടിന്റെ ചരിത്രത്തെ പിടിച്ചുലക്കുകയാണ്.

എന്നാലത് ഏതു ദേശത്തിന്റെയും കാലത്തിന്റെയും വിധിയായി മാറാവുന്നതാണെന്ന

തിരിച്ചറിവും വായനക്കാരിൽ സൃഷ്ടിക്കുന്നുണ്ട്. നീതിബോധമുള്ള ഒരു സർഗപ്രതിഭ ചരിത്രത്തോട് എഴുത്തിലൂടെ നടത്തുന്ന പ്രതികാരം എന്നാണ് എനിക്കിതിനെ വിശേഷിപ്പിക്കാൻ തോന്നുന്നത്. ചരിത്രമെഴുത്തിന്റെ കണ്ണുകൾക്ക് ദൃശ്യമാവാത്തത് കാണാൻ പ്രതിഭാശാലിയായ എഴുത്തുകാർക്ക് കഴിയും എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണം കൂടിയാണിത്.

1980-ൽ ദക്ഷിണ കൊറിയയിലെ ഗ്വാങ്ങ്ജൂ നഗരത്തിൽ നടന്ന കലാപം ആ രാജ്യത്തിന്റെ ചരിത്രത്തിലെ വേദനാജനകവും അപമാനകരവുമായ ഒരധ്യായമായിരുന്നു. ജനാധിപത്യത്തിനു വേണ്ടി വാദിച്ച നിരായുധരായ ജനങ്ങൾക്കും വിദ്യാർത്ഥികൾക്കും നേരെ കൊറിയൻ പട്ടാളം നടത്തിയ അക്രമവും അതിലുണ്ടായ നൂറുകണക്കിന് മരണവും ലോകത്തെ ഞെട്ടിച്ചു. മറ്റേതൊരു ദുരന്തത്തിന്റെയും ഗതി പോലെ ഇതും കാലത്തിന്റെ ഓർമ്മയിൽ അവഗണിക്കപ്പെട്ടു. ചരിത്ര പുസ്തകങ്ങളിൽ ഏതാനും വരികളിൽ ഒതുങ്ങി.

നമ്മടെയൊന്നും ഓർമ്മയിൽ അത് സ്ഥാനം പിടിച്ചില്ല. ഈ മനുഷ്യനിർമ്മിത ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മനുഷ്യന്റെ ക്രൂരതയുടെയും വേദനയുടെയും ആഴങ്ങൾ കാണിച്ചുതരുന്ന ഒരു കൃതിയാണ് ഹാൻ കാങ്ങിന്റെ ‘ഹ്യുമൻ ആക്ട്സ്. ‘മനുഷ്യാവസ്ഥയെക്കുറിച്ചുള്ള അസാധാരണമായ ഒരന്വേഷണമായി നോവൽ മാറുന്നു. നേരിട്ട് ആ ചരിത്രത്തിലേക്ക് നോവലിസ്റ്റ് കടക്കുന്നില്ല. എന്നാൽ അതിന്റെ പ്രത്യാഘാതങ്ങളെ അതിസൂക്ഷ്മതയോടെ വേറിട്ടൊരു രീതിയിൽ നോക്കിക്കാണുകയും ചെയ്യുന്നു. അങ്ങനെ തകർന്നു പോയ കുറെ ജീവിതങ്ങളെ കാണിച്ചു തരികയാണ് ഹാൻ കാങ്. പ്രധാനമായും ഡോങ്ങ് ഹോ എന്ന ഒരു പതിനഞ്ചു വയസ്സുകാരന്റെ ജീവിതത്തിലൂടെയാണ് നോവൽ നീങ്ങുന്നത്. അവന്റെ മരണത്തെ ചുറ്റിപ്പറ്റിയാണ് കലാപത്തിന്റെ ഉള്ളിലേക്ക് നോവലിസ്റ്റ് പ്രവേശിച്ചിരിക്കുന്നത്. മറ്റനേകരോടൊപ്പം ആ കലാപത്തിൽ അവനും പിന്നീട് കൊല്ലപ്പെടുകയായിരുന്നു. അവൻ തന്റെ അയൽവാസികളെ അന്വേഷിച്ച് പുറപ്പെട്ടതായിരുന്നു. അവരാരെങ്കിലും കൊല്ലപ്പെട്ടുവോ എന്നറിയാൻ മുൻസിപ്പൽ ജിംനേഷ്യത്തിൽ ചെന്ന അവൻ അവിടെ കുമിഞ്ഞുകൂടിക്കൊണ്ടിരിക്കുന്ന തിരിച്ചറിയാത്ത മൃതദേഹങ്ങൾ അടുക്കി വെക്കാൻ സ്വയം തയ്യാറായതായിരുന്നു. ഇത്തരം ശവശരീരങ്ങളെപ്പറ്റി വിവരിച്ചുകൊണ്ടു തുടങ്ങുന്ന നോവലിന്റെ ആദ്യഭാഗം ഡോങ്ങ് ഹോയുടെ കണ്ണിലൂടെയാണ് ചിത്രീകരിച്ചിരിക്കുന്നത്.

വ്യത്യസ്ത കഥാപാത്രങ്ങളുടെ അനുഭവങ്ങളിലൂടെയും ചിന്തകളിലൂടെയുമാണ് നോവലിന്റെ ഓരോ അധ്യായങ്ങളും മുന്നോട്ടു പോകുന്നത്. ഓരോ അധ്യായവും വേറിട്ട ശൈലിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ആഖ്യാനത്തിലെ ഈ നൂതന പരീക്ഷണം മികവാർന്നതായി. ഈ കഥാപാത്രങ്ങളെല്ലാം ഏതെല്ലാമോ രീതിയിൽ ഡോങ്ങ് ഹോയുടെ ജീവിതവുമായി ബന്ധപ്പെട്ടവരുമാണ്. ഡോങ്ങിന്റെ ചങ്ങാതിയായ ജിയോങ്ങ് ദേ എന്ന കഥാപാത്രം മരണത്തിനു ശേഷമാണ് കഥയിലേക്ക് വരുന്നത്. ‘The Boy’s Friend. 1980’ എന്ന ആ ഭാഗത്തെ ഈ നോവലിന്റെ കേന്ദ്രഭാഗമായാണ് ഞാൻ കാണുന്നത്.

“…I was filled with hatred for my body. Our bodies, tossed there like lumps of meat. Our filthy rotting faces, reeking in the sun.” സ്വയം വെറുക്കപ്പെടാൻ, സ്വന്തം മൃതദേഹത്തെപ്പോലും വിധിക്കപ്പെട്ട ഒരവസ്ഥയെ കാണിച്ചു തരികയാണ് നോവലിസ്റ്റ്. ശവശരീരങ്ങളുടെ നിസ്സഹായതയും അർത്ഥരാഹിത്യവും കണ്ട് വായനക്കാർ അന്ധാളിച്ചു പോയേക്കും. ജിയോങ് ഇങ്ങനെ ആത്മഗതം നടത്തുന്നു. “While they started the truck’s engine, I slipped towards those bodies, I wasn’t later alone; clustering around these new arrivals, I sensed the shadow’s of other souls. “മൃതദേഹങ്ങൾ ഇങ്ങനെ ആത്മഗതം നടത്തുമ്പോൾ ആ ദുരന്തത്തിന്റെ ചിത്രം ആഴത്തിൽ അനാവൃതമാവുകയാണ്. അവയോട് കാണിച്ച ഹിംസ ചെറുതായിരുന്നില്ല. അവ കൈകാര്യം ചെയ്ത രീതി ഞെട്ടിപ്പിക്കുന്നതായിരുന്നു. അവ തിരിച്ചറിയപ്പെടണമെന്നോ, ബന്ധുമിത്രാദികളാൽ ഏറ്റെടുക്കപ്പെടണമെന്നോ പോലും അധികാരികൾ ആഗ്രഹിച്ചില്ല. അന്തസ്സായ ശവസംസ്ക്കാരം പോലും അനുവദിക്കപ്പെട്ടതുമില്ല. സത്യത്തിൽ ശവങ്ങളാണ് ഈ നോവലിൽ സംസാരിക്കുന്നത്, മനുഷ്യരെക്കുറിച്ച്!

പുതിയ ലോകമെന്ന് പറയുമ്പോഴും എന്തുകൊണ്ടാണ് ഭരണകൂടങ്ങൾ ഇങ്ങനെ പെരുമാറുന്നത്? ഇവിടെയിപ്പോഴും മനുഷ്യന് ഒരു വിലയുമില്ലേ?

ക്രൂരതയുടെ അനുഭവം പങ്കിടാൻ മാത്രമാണോ മനുഷ്യവംശം വിധിക്കപ്പെട്ടത്? ഇത്തരം വലിയ ചോദ്യങ്ങൾ ഹാൻ കാങ്ങ് ഈ നോവലിലൂടെ ഉന്നയിക്കുന്നുണ്ട്. അതോടൊപ്പം ശരീരവും ആത്മാവും തമ്മിലുള്ള ബന്ധത്തെപ്പറ്റിയുള്ള ഒരു വിചാരണ കൂടി ഇതിൽ നടക്കുന്നുണ്ട്. നമ്മൾ പറഞ്ഞു നടക്കുന്ന മനുഷ്യത്വം എവിടെയാണ് നിലകൊള്ളുന്നത്?

ഇത് ഗ്വാങ്ങ്ജൂ എന്നയിടത്തുമാത്രം സംഭവിച്ച ഒരു ദുരന്തമല്ലെന്ന് നോവലിസ്റ്റ് ഓർമ്മിപ്പിക്കുന്നു. ഒരു കഥാപാത്രം പറയുന്നത് കാണുക: “പുതിയ ലോകമെന്ന് പറയുമ്പോഴും ജെജു ദ്വീപിലും ക്വാണ്ടങ്ങിലും നാൻജിങ്ങിലും നടന്നതുപോലെ, ബോസ്നിയയിലും അമേരിക്കൻ ഭൂഖണ്ഡത്തിലുമുടനീളവും നടന്നതുപോലെ, ഇത് ഗ്വാങ്ങ്ജൂവിലും നടക്കുമ്പോൾ ഈ കൊടും ക്രൂരതയുടെ വാസന നമ്മുടെ ജനിതക കോഡിലുള്ളതുപോലെയാണല്ലോ.“മനുഷ്യന്റെ ഇടപെടലുകളും അവയാൽ നിർണയിക്കപ്പെടുന്ന വിധിയെയും ചേർത്തു വായിക്കാൻ അവസരമൊരുക്കുകയാണ് നോവലിസ്റ്റ്. അധികാരവും ജനതയും തമ്മിലുള്ള ബന്ധത്തിലെ നീതിരാഹിത്യത്തെ ഈ നോവൽ അതിശക്തമായി അടയാളപ്പെടുത്തുന്നു. ഭരണകൂട കാപട്യത്തെ തുറന്നു കാട്ടുകയും ചെയ്യുന്നു. “സൈനികരാൽ കൊല്ലപ്പെട്ടവർക്കുവേണ്ടി നിങ്ങളെന്തിനാണ് ദേശീയഗാനം ആലപിക്കുന്നത്? കൊല നടത്തിയത് രാഷ്ട്രമല്ലെന്ന മട്ടിൽ

നിങ്ങളെന്തിനാണ് അവരുടെ ശവപ്പെട്ടിയെ തായ് ഗുഗ്ഗി കൊണ്ട് (ദേശീയപതാക) മൂടുന്നത്? “

ഈ ചോദ്യം ലോകത്തിലെ ഹിംസാത്മക സ്വഭാവമുള്ള എല്ലാ ഭരണകൂടങ്ങളോടുമുള്ളതാണ്. തന്റെ നാട്ടിലെ ഒരു സംഭവത്തെ എടുത്തു കാണിച്ചു കൊണ്ട് അവർ ലോകത്തെ ചോദ്യം ചെയ്യുകയാണ്. മനുഷ്യന്റെ സ്വഭാവത്തെക്കുറിച്ച് വലിയ ആലോചനകൾ നടത്തുകയാണ്. അവിടെയാണ് ഈ നോവലിന് സാർവത്രികമാനം കൈവരുന്നത്. അങ്ങനെയിത് ലോക സാഹിത്യത്തിലെ പ്രധാനരചനയായി ഉയരുകയാണ്.

ആഖ്യാനം സങ്കീർണ്ണമാണ്. ഫിക്ഷന് പ്രദാനം ചെയ്യാൻ കഴിയുന്ന വൈകാരികാംശം വളരെ കുറവാണെങ്കിലും ഇതിലെ ആശയങ്ങൾ വായനക്കാരിൽ ഭീതിയുടെയും വേദനയുടെയും ഞെട്ടിപ്പിക്കുന്ന ഭാവതലങ്ങൾ സൃഷ്ടിക്കുന്നുണ്ട്. അവയാകട്ടെ അവരുടെ മനസ്സിൽ ഒരു ഒഴിയാബാധയായി ഏറെക്കാലം നിലകൊള്ളുകയും ചെയ്യും. അധികാരത്തെക്കുറിച്ചും പ്രതിരോധത്തെക്കുറിച്ചും ഈ ആഖ്യാനം മുന്നോട്ടു വെക്കുന്ന കല്പനകൾ വായനക്കാരെ നിരന്തരം വേട്ടയാടുക തന്നെ ചെയ്യും. വായിച്ചു തുടങ്ങിയതു മുതൽ ഞാനീ വേട്ടയാടലിന് വിധേയനായി തുടങ്ങിയിരുന്നു. ഇനിയതിൽ നിന്ന് എന്നാണ് മോചിതനാവുക എന്നത് കാലത്തിന് മാത്രമേ നിശ്ചയിക്കാൻ കഴിയൂ. തീർച്ചയായും, ഈ നോവൽ വായന വേദനാജനകമായ ഒരനുഭവമായിരുന്നു എന്നു കൂടി പറയാതെ വയ്യ. ആ വേദന ഇത്തരം രാഷ്ട്രീയ ദുരന്തങ്ങളിൽ മൃതിയടഞ്ഞവർക്കും അതിന്റെയൊക്കെ ഓർമ്മകളിൽ ജീവിക്കാൻ വിധിക്കപ്പെട്ട മനുഷ്യർക്കും വേണ്ടി, കുറ്റബോധത്തോടെ വായനക്കാർ നടത്തുന്ന ശ്രദ്ധാഞ്ജലിയാണ്. വേദനിക്കുന്ന മനുഷ്യരോടുള്ള ചേർന്നു നിൽക്കലാണ്.

ഇത്തരമൊരു രചന നടത്തിയ എഴുത്തുകാരിയുടെ മനസ്സ് എങ്ങനെയായിരിക്കും പ്രവർത്തിക്കുന്നുണ്ടാവുക എന്നത് എന്നെ ഇപ്പോഴും അലട്ടിക്കൊണ്ടിരിക്കുന്ന സന്ദേഹമാണ്. നോവലിന്റെ ഉപസംഹാരമായി ചേർത്ത ഹാൻ കാങ്ങിന്റെ വ്യക്തിപരമായ ഒരു കുറിപ്പ് എന്നെ കണ്ണീരിലാഴ്ത്തി. ആ ഭാഗത്ത് അവരെഴുതിയ ചില വാചകങ്ങളോടെ ഞാനീ കുറിപ്പ് അവസാനിപ്പിക്കുന്നു.

“….I spent the next five minutes struggling to breathe. When I passed my hand over my face my palm came away glistening; I hadn’t even been aware that I was crying.”

Author Photo
N.E Sudheer

Writer

qacheck17@gmail.com

Review overview
NO COMMENTS

POST A COMMENT