ഭയോളജിയോ വരേണ്യബോധമോ?
“വരേണ്യ എഴുത്തുകാര്‍ എന്നു സ്വയം കരുതുന്നവര്‍ എന്തിനാണ് അഖിലിനേയും അഖിലിനു കിട്ടുന്ന പല തരം അംഗീകാരങ്ങളെയും ഭയപ്പെടുന്നതെന്നറിയില്ല. അവര്‍ക്ക് അവരുടെ വായനക്കാര്‍, ഇവര്‍ക്ക് ഇവരുടെ വായനക്കാര്‍ എന്നു കരുതുന്നതാണ് ഉറക്കം കിട്ടാന്‍ നല്ലത്.” ജനപ്രിയ സാഹിത്യത്തിന്റെ അത്ഭുതകരമായ വളർച്ച മലയാള സാഹിത്യരംഗത്ത് വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ചിരിക്കുന്ന ഈ
ഭയോളജിയും അസൂയയുമെല്ലാം മനുഷ്യജന്തുക്കളുടെ കൂടെപ്പിറപ്പാണ്. അവയെ എങ്ങനെ ക്രിയേറ്റീവായി ഉപയോഗപ്പെടുത്താം എന്നു നോക്കാവുന്നതുമാണ്. മൂടുക ഹൃദന്തമേ മുഗ്ധഭാവന കൊണ്ടീ മൂകവേദനകളെ മുഴുവന്‍ മുത്താകട്ടെ എന്ന് ജി എഴുതിയതാണ് ഓര്മ വരുന്നത്. ഭയം, അസൂയ, വേദന തുടങ്ങിയ വികാരങ്ങളില്‍ നിന്ന് ഭാഗ്യമുണ്ടെങ്കിലോ അധ്വാനിച്ചാലോ നല്ല സൃഷ്ടികള്‍ ഉണ്ടാക്കിയെടുക്കാവുന്നതുമാണ്. എന്നാല്‍ ജനപ്രിയ സാഹിത്യത്തോടും അത് അംഗീകരിക്കപ്പെടുന്നതിലുമുള്ള ചിലരുടെ (അവരില്‍ വ്യക്തിപരമായും സ്രഷ്ടാക്കള്‍ എന്ന നിലയിലും രാഷ്ട്രീയപരമായും ഏറെ പ്രിയപ്പെട്ടവരും ആരാധ്യരുമുണ്ട്) അസ്വസ്ഥത കാണുമ്പോള്‍ അവരില്‍ ചിലരിലെങ്കിലും ഭയം, അസൂയ, വേദന പോലുള്ള നൈസര്‍ഗിക വികാരങ്ങളല്ലാതെ മനുഷ്യന് ആര്‍ജിച്ചെടുക്കുന്നതും അത്യന്തം അപകടകരവുമായ വരേണ്യബോധം അടിഞ്ഞു കിടപ്പുണ്ടോ എന്ന് ഭയം തോന്നുന്നു.
ജാതി, മത, വംശീയ, സാമ്പത്തിക വേര്തിരിവുകള്പോലെ തന്നെ അറപ്പുളവാക്കുന്നതും എതിര്‍ക്കപ്പെടേണ്ടതും തകര്‍ത്തു കളയേണ്ടതുമാണ് വരേണ്യബോധവും. നിര്‍ഭാഗ്യവശാല്‍ ജാതി, മത, വംശീയ കാരണങ്ങളാല്‍ പീഢിപ്പിക്കപ്പെടുന്ന മനുഷ്യരിലും ഇടതുപക്ഷക്കാരാണെന്ന് സ്വയം കരുതുന്നവരില്‍പ്പോലും പലപ്പോഴും ചില തരം വരേണ്യബോധങ്ങള് കാണപ്പെടുന്നുണ്ട്. വിശേഷിച്ചും രാഷ്ട്രീയ ശരിത്വം, ബുദ്ധിപരമായ ഔന്നത്യം എന്നീ നിലകളില്‍ ചിലര്‍ സ്വയം എടുത്തണിയുന്ന പൊള്ളയായ വരേണ്യത്വം. മനുഷ്യര്‍ സ്വയംകരുതിയിരിക്കുക, പുതുക്കുക, അവനവനോടെങ്കിലും മാപ്പു പറഞ്ഞും കൊടുത്തും മുന്നേറുക എന്നു മാത്രമേ അതിനു മരുന്നുള്ളു. തെറ്റു ചെയ്യാത്തവരായി ആരാണുള്ളത്? അഖില്‍ പി ധര്‍മജന്റെ പുസ്തകങ്ങള്‍ ലക്ഷക്കണക്കിന് കോപ്പികള്‍ വിറ്റഴിയുന്നു. അയാള്‍ കോടീശ്വരനാകുന്നു. അതിനു പുറമേ അഖിലിനെപ്പോലുള്ളവര്ക്ക് അവാര്‍ഡുകളും കൂടി കൊടുക്കണോ എന്നായിരിക്കാം മറ്റു ചിലരുടെ ചോദ്യം.

ബിനീഷ് പുതുപ്പണം
അഖിലിന്റെ ആദ്യപുസ്തകം മുതല്‍ വായിച്ച ആളാണ് ഇതെഴുതുന്നത്. ഓജോബോര്‍ഡ് ആദ്യം കണ്ടശ (ഖണ്ഡ:ശ സംസ്കൃതമാണ്, അതുകൊണ്ടാണ് കണ്ടശ എന്നെഴുതിയത്. പുതിയ വാക്കുകള്‍ക്ക് കടന്നു വരാന്‍ എന്നും അവകാശമുണ്ട്. ശ്രാദ്ധം ചാത്തവും സീത ചിരുതുയും ആയപോലെ ഖണ്ഡ:ശ – കണ്ടശ. അനവസരത്തിലെ മത്സ്യബന്ധനം വേണ്ട, മീന്‍പിടുത്തം മതി) വന്നത് ഫേസ്ബുക്കിലാണ്. അന്നേ അയാള്‍ ഫേസ്ബുക്ക് സുഹൃത്താണ്. എന്നാലും ഫേസ്ബുക്കിലെ കണ്ടശ വായന (കുറച്ചുകാലമായി അച്ചടിപ്രസിദ്ധീകരണങ്ങളില്പ്പോലും കണ്ടശവായന എന്തുകൊണ്ടോ നടക്കുന്നില്ല, അവസാനം കണ്ടശ വായിച്ചത് 2000ന്റെ തുടക്കത്തിലോ മറ്റോ കലാകൗമുദിയില്‍ വന്ന എന്‍ എസ് മാധവന്റെ ലന്തന്‍ബത്തേരിയുടെ ലുത്തീനിയകള്‍) ശീലമില്ലായ്കയില് പിന്നീട് ബുക്കിറങ്ങിയപ്പോള് നേരിട്ട് വിപിപി വാങ്ങിയാണ് വായിച്ചത്. എഫ്ബിയിലെ ജനപ്രിയത കണ്ടുള്ള ആകാംക്ഷയാണ് അതിനു പ്രചോദനമായത്. പിന്നെ വന്നതാണ് മെര്‍ക്കുറി ഐലന്‍ഡ്. അഖിലിന്റെ ഈ രണ്ടു നോവലുകളും കലാസൃഷ്ടികള്‍ എന്ന നിലയില്‍ പരാമര്‍ശം അര്‍ഹിക്കുന്നില്ല. എന്നാല്‍ അവയിലൂടെ അയാള്‍ വായനക്കാരുടെ പ്രതികരണങ്ങള്‍ തൊട്ടറിഞ്ഞു എന്നാണ് മനസ്സിലാക്കേണ്ടത്. കാരണം പിന്നീടു വന്ന റാം കെയറോഫ് ആനന്ദിയില്‍ അയാള്‍ വരവറിയിച്ചു.
റാം കെയറോഫ് വായിച്ചപ്പോള്‍ ആനന്ദിന്റെ ആള്‍ക്കൂട്ടം ഓര്മ വന്നു എന്നെഴുതിയത് ഓര്‍ക്കുന്നു. അതില്‍ ഞെട്ടാനൊന്നുമില്ല. തീര്‍ത്തും വ്യത്യസ്തരായ രണ്ടു തലമുറകള്‍, രണ്ടു കാലങ്ങള്‍, രണ്ടു നഗരങ്ങള്‍, രണ്ട് സമീപനങ്ങള്‍ – ഈ വൈരുധ്യങ്ങളാണ് ആള്‍ക്കൂട്ടത്തെ ഓര്‍മിപ്പിച്ചത്. ബോംബെ നഗരമാണ് ആള്‍ക്കൂട്ടത്തിന്റെ പശ്ചാത്തലം. അതിന്റെ ഇതിവൃത്തത്തിന്റേയും ആ കാലത്തിന്റെയും അസന്നിഗ്ധതകള് പ്രതിഫലിക്കുന്ന പേരു തന്നെ ആള്‍ക്കൂട്ടം. ബോംബെ ഇന്നില്ല, അത് മുംബൈയായി. റാം കെയറോഫ് ആനന്ദിയാകട്ടെ മദ്രാസിനെ ഓര്‍ക്കുന്നുപോലുമില്ല, ചെന്നൈയിലാണ് അതിലെ കഥ നടക്കുന്നത്. റാം കെയറോഫ് ആനന്ദി – പേരില്‍ത്തന്നെയുണ്ട് രണ്ട് പേരുകള്‍ – റാം, ആനന്ദി. ആള്‍ക്കൂട്ടങ്ങളെ, സമൂഹത്തെ, രാഷ്ട്രീയത്തെ, തെരഞ്ഞെടുപ്പുകളെ ഒക്കെ പുതിയൊരു കാഴ്ചപ്പാടിലൂടെ കാണുകയോ ഒട്ടുമേ കാണാതിരിക്കുകയോ ചെയ്യുന്ന പുതിയ തലമുറ, വ്യക്തികളിലേയ്ക്ക് ഒതുങ്ങി ജീവിക്കുന്നു എന്നതിന്റെ ഒതുക്കമില്ലാത്ത ഡബ്ള്‍ ബാരല്‍ പ്രയോഗമാണ് റാം കെയറോഫ് ആനന്ദി. ഇതു പക്ഷേ അഖില്‍ പി ധര്മജന് അംഗീകരിച്ചു എന്നു വരില്ല. ഇല്ലെങ്കിലെന്ത്, വരികള്‍ക്കിടയിലൂടെ വായിക്കുന്നത് നമ്മള് വായനക്കാരുടേയും നിരൂപകരുടേയും ഉത്തരവാദിത്തമല്ലേ?
ആള്ക്കൂട്ടംപോലുള്ള വലിയ നോവലുകള്‍ – പേജുകളുടെ എണ്ണമുണ്ടാക്കുന്ന വലിപ്പമല്ല ഉദ്ദേശിച്ചത് – സൃഷ്ടിക്കുന്ന ചിന്തയുടെ കൊടുങ്കാറ്റുകള്‍ എവിടെ, റാം കെയറോഫിനെ ചര്‍ച്ചാവിഷയമാക്കുന്ന വില്‍പ്പനാ റെക്കോഡ് വാര്‍ത്തകള്‍ എവിടെ എന്നും ചോദ്യമുയരാം. വ്യക്തിപരമായതും രാഷ്ട്രീയമാണ് എന്ന സിദ്ധാന്തമാണ് ഇവിടെ ഓര്‍ക്കേണ്ടത്. Carol Hanisch എന്ന അമേരിക്കന്‍ ഫെമിനിസ്റ്റാണ് എഴുപതുകളില്‍ The peronsal is political എന്ന സിദ്ധാന്തത്തെ പ്രശസ്തമാക്കിയത്. ആള്‍ക്കുട്ടം വന്നതും എഴുപതില്ത്തന്നെ. അത് ആള്‍ക്കൂട്ട രാഷ്ടീയത്തിന്റെ കാലമായിരുന്നു. അഥവാ ആ വാക്യം, അതിന്റെ രാഷ്ട്രീയം, തീര്‍ച്ചയായും അന്ന് ഇന്ത്യയില്‍ എത്തിയിരുന്നില്ല. ബോംബെയിലെ തിരക്കേറിയ സബര്‍ബന്‍ തീവണ്ടികള്‍, തുണിമില്ലുകള്‍, അവയിലെല്ലാം പൂണ്ടുപോകുന്ന മുഖമില്ലാത്ത മനുഷ്യര്‍. ശരിയാണ്, ജോസഫ്, സുനില്‍, സുന്ദര്‍, രാധ… കഥാപാത്രങ്ങളുണ്ടായിരുന്നു, പക്ഷേ അസ്തിത്വം ചര്‍ച്ച ചെയ്യുമ്പോഴും ചരിത്രത്തിന്റെ നെടുങ്കന്‍ വിഹ്വലതകളായിരുന്നു അവരെ നിര്‍ണയിച്ചിരുന്നത്.
കരോള്‍ ഹനിഷ് ഫെമിനിസ്റ്റാണെന്നതും ഓര്‍ക്കണം. ഫെമിനിസം, പരിസ്ഥിതിവാദം, ദളിത് സ്വത്വവാദങ്ങള്‍… ഇവയെല്ലാം വര്‍ഗസമരത്തില്‍ വെള്ളം ചേര്‍ക്കുന്നു എന്നായിരുന്നല്ലൊ ഒരു കാലത്തെ വാദം. അതെന്തായാലും 2012ല്‍ സിപിഎം പോലും പട്ടികജാതി ക്ഷേമസമിതി (പികെഎസ്) തുടങ്ങി. റാം കെയറോഫിന്റെ വിജയത്തിനു പിന്നില്‍ അതിലെ പുതിയ തലമുറയുടെ വ്യക്തിപര രാഷ്ട്രീയമാണെന്ന് പറയാന്‍ വന്നപ്പോഴാണ് ഇത്രയും പറഞ്ഞത്. സ്വത്വരാഷ്ടീയത്തിനും അപ്പുറം പോയി വ്യക്തിതലത്തില്‍ ചെന്നു നില്ക്കുന്ന പുതുരാഷ്ട്രീയം. ഒരു പക്ഷേ കരോള്‍ ഹനിഷ്പോലും സങ്കല്പ്പിച്ചിട്ടില്ലാത്തൊരു ലോകക്രമം. ഇവിടെ സത്യാന്തരകാലത്തെപ്പറ്റിക്കൂടി ഒരു കാര്യം പറയട്ടെ. സത്യാനന്തരകാലത്തെപ്പറ്റിയുള്ള വിശദീകരണം എളുപ്പമാക്കാന്‍ സത്യാനന്തരകാലം നസീറും മധുവും കൂടി പങ്കിട്ടെടുത്തു എന്ന് ഇതെഴുതുന്ന ആള് പറയാറുണ്ട്. സുകുമാരന്‍, സോമന്. ജയനായിരുന്നു അടുത്ത തലമുറ. അതിനടുത്ത ഇപ്പോഴത്തെ തലമുറയോ – ആദ്യം ചില താരങ്ങള്‍ ഉദിച്ചെങ്കിലും ഒന്നോ രണ്ടോ താരങ്ങള്‍ അല്ലെങ്കില്‍ നാലോ അഞ്ചോ താരങ്ങള്‍ എന്നുപോലും ചൂണ്ടിക്കാണിക്കാനാവാത്ത വിധം ഇക്കാലത്തെ താരമൂല്യം ചിതറിപ്പോയിരിക്കുന്നു. മലയാള സിനിമയിലും ഇത് സത്യാനന്തരകാലം തന്നെ. അതായത് സൂപ്പര്‍താരങ്ങളായി ആരെയും വാഴിക്കാനോ ആരാധിക്കാനോ കഴിയാത്ത അത്ര വ്യക്തിത്വങ്ങള്‍ ജീവിക്കുന്ന കാലം. ഇവിടെ ഓരോരുത്തരും താരങ്ങളാണ്. റാം കെയറോഫിലെ കഥാപാത്രങ്ങളെപ്പോലെ തന്നെ.
തിടുക്കപ്പെട്ട് ഒരു കാര്യം കൂട്ടിച്ചേര്‍ക്കട്ടെ. റാംകെയറോഫിലെ പുതുതലമുറ വ്യക്തിരാഷ്ട്രീയം സൂക്ഷ്മദര്ശിനിയൊന്നും വെച്ചു കണ്ടുപിടിയ്ക്കേണ്ടതുമില്ല. ഫെമിനിസത്തോടും എല്‍ജിബിടി ക്യുഇ സമൂഹത്തോടുമുള്ള പുതിയ തലമുറയുടെ അനുഭാവം – നിഷ്ക്രിയമായ വെറും അനുഭാവമല്ല, ക്രിയാത്മകവും സക്രിയവുമായ സമഭാവം – ഇപ്പോള്‍ 32 വയസ്സുള്ള അഖില്‍ പി ധര്മജന് അദ്ദേഹത്തിന്റെ 26-ാം വയസ്സില്‍ എഴുതിയ ഈ നോവലില്‍ നൈസര്‍ഗികമായും സ്വാഭാവികമായും ഉള്‍ച്ചേര്‍ന്നിരിക്കുന്നു.
ഇവിടെ ഒരു സ്പോയിലര്‍ അലര്‍ട്ട് വേണ്ടി വരും. (നഴ്സ്, ഹലോ, ചീയേഴ്സ് തുടങ്ങിയ വാക്കുകള്‍ക്കെന്നപോലെ സ്പോയിലര്‍ അലര്‍ട്ടിനും ഒരു തത്തുല്യ മലയാള പ്രയോഗം അത്യാവശ്യമായിരിക്കുന്നു; അത്രയ്ക്കുണ്ട് നമ്മുടെ ഓണ്‍ലൈന്‍ സിനിമാനിരൂപകര്‍ രസച്ചരടുകളെല്ലാം പൊട്ടിച്ച് പറത്തുന്ന റിവ്യൂ ബാഹുല്യം). റാംകെയറോഫ് തുടങ്ങി അധികം വൈകാതെ തന്നെ അതിലെ ഒരു പെണ്ണ് ഒരു ചെറുക്കന്റെ കവിളത്തിട്ട് ഒന്നു പൊട്ടിക്കുന്നുണ്ട്. ഇബ്സന്റെ പാവവീട് (ഡോള്‍സ് ഹൗസ്) എന്ന നാടകത്തിലെ അന്ത്യരംഗത്തില്‍, 1979ലാണെന്നോര്‍ക്കണം, അതിലെ നായികയായ നോറ വാതില്‍ കൊട്ടിയടച്ചതിന്റെ കിടുകിടുപ്പ് ഇപ്പോഴും ലോകമെങ്ങും മുഴങ്ങുന്നു എന്നു പറയാറുണ്ട്. അതുപോലെ ഥപട് എന്ന ബോളിവുഡ് ഹിറ്റിലെ നായികയും അങ്ങനെ ഒന്നു പൊട്ടിച്ചതുപോലൊരു സാങ്കല്‍പ്പിക കിടുകിടുപ്പ് ഇപ്പോഴും ഇതെഴുതുന്ന ആളിന്റെ കവിളത്തുണ്ട്. ഥപ്പട് വരുന്നതിനും എത്രയോ മുന്‍പ് അഖില്‍ ഈ നോവല്‍ എഴുതിക്കഴിഞ്ഞിരുന്നു എന്നോര്‍ക്കണം. (അതര്‍ഹിക്കുന്ന ജനശ്രദ്ധ കിട്ടാതിരുന്ന മറ്റൊരു ഗംഭീര മലയാള സിനിമയിലുമുണ്ട് ഇതുപോലൊരു ഥപ്പട്. ജി ആര് ഇന്ദുഗോപന്റെ അമ്മിണിപ്പിള്ളി വെട്ടുകേസിന്റെ സിനിമാരൂപമായി 2022ല്‍ പുറത്തു വന്ന ഒരു തെക്കന്‍ തല്ലുകേസില്‍. അതൊരെണ്ണം കിട്ടണമെങ്കില്‍ നെറ്റ്ഫ്ളിക്സില്‍ ചെന്നാല്‍ മതി ഇപ്പോഴും കിട്ടും. കഥയില്‍ ഇല്ലാതിരുന്ന ആ പൊട്ടീര് സിനിമയില്‍ ചേര്‍ത്തത് അവംബബിത തിരക്കഥയ്ക്ക് തല്ലുകേസിന് അക്കൊല്ലത്തെ സംസ്ഥാന അവാര്‍ഡ് നേടിയ രാജേഷ് പിന്നാടന്‍.).
സമൂഹം ഇപ്പോഴും ഹിജഡ എന്നു വിളിക്കുന്നവരിലൊരാളായ മല്ലിയുമായുള്ള നായകന്റെ സൗഹൃദമാണ് പുതിയ തലമുറയുടെ ഇന്‍ക്ലൂസീവ് രാഷ്ട്രീയത്തിന്റെ രണ്ടാം സാക്ഷ്യം. ‘മല്ലിയെന്നു പേരുള്ള അവരെ തനിക്കൊപ്പം (ടി നഗറിലെ ഒരു ഷോപ്പില്‍ നിന്ന് ഷര്‍ട്ടു വാങ്ങിപ്പിക്കാന്‍) വിളിക്കുമ്പോള്‍ എന്താണ് തന്റെ മനസ്സിലെന്ന് റാമിനു പോലും തിട്ടമുണ്ടായിരുന്നില്ല. ഒരു ഹിജഡയുടെ ഒപ്പം നടക്കുമ്പോള്‍ സ്വാഭാവികമായും ആളുകള്‍ തെറ്റിദ്ധരിക്കുമെന്നും ശ്രദ്ധിക്കുമെന്നുമൊക്കെ അവനുറപ്പുണ്ടായിരുന്നു. എങ്കിലും ഒരു നിമിഷം അവന് അതെല്ലാം മറന്ന് അവളെ തനിക്കൊപ്പം കൂട്ടി. ഗിണ്ടിയിലെ ഒരു മിനിറ്റു ദൈര്‍ഘ്യമുള്ള നിറുത്തിയിടലിനു ശേഷം ട്രെയിന്‍ വീണ്ടും മുന്നോട്ട് ഓടിത്തുടങ്ങി. മല്ലിക്ക് ഒരുപാട് നാളുകള്‍ക്കു ശേഷം താന്‍ ഒരു ലക്ഷ്യംവച്ച് ട്രെയിനില്‍ സഞ്ചരിക്കുന്നതുപോലെ തോന്നി’. മലയാളികള്‍ മടിച്ചു മടിച്ചു പഠിച്ചു വരുന്ന ജെന്‍ഡര്‍ രാഷ്ട്രീയത്തിന്റെ തറ പറയായി ആ അവസാന വാക്യം തിളങ്ങുന്നു.
ഒരു വര്‍ഷക്കാലം ഗ്ലാഡ് റാഗ്സ് മാഗസിന് ഗ്രൂപ്പില്‍ ജോലി ചെയ്തതു മതിയാക്കി എന്നേയ്ക്കുമായി നാട്ടിലേയ്ക്കു തിരിച്ചു വരാന്‍ വേണ്ടി ബോംബെ സെന്‍ട്രല്‍ സ്റ്റേഷനില്‍ ട്രെയിനില്‍ കേറി വണ്ടി വിടാന്‍ കാത്തിരിക്കുന്ന 1993ലെ ഒരു വൈകുന്നേരം ഓര്‍മയുണ്ട്. ഒരു കൂട്ടം ഹിജഡകള്‍ വണ്ടിയില്‍ കയറി. അതിലൊരാള്‍ പണം ചോദിച്ചിട്ട് റാമിനെപ്പോലെ ഈ രാമുംകൊടുത്തില്ല. മല്ലിയെപ്പോലെ അയാള്‍ക്കും ദേഷ്യം വന്നു. ‘ഈ മീശ വടിച്ചാല്‍ നീയും ഞങ്ങളെപ്പോലെ തന്നെ’ എന്നു ദേഷ്യപ്പെട്ട് ്അയാള്‍ പോയി. അതിനും പത്തു പന്ത്രണ്ടു വര്‍ഷം മുമ്പ്, 1981ലൊക്കെയാകണം ആള്‍ക്കൂട്ടം വായിച്ചത്. ആള്‍ക്കുട്ടത്തില്‍ ഹിജഡകളുണ്ടായിരുന്നോ? ഓര്‍ക്കുന്നില്ല.
അതെല്ലാമെന്തായാലും 2020ല്‍ ആദ്യപതിപ്പിറങ്ങിയ റാംകെയറോഫിനെ പുതുരാഷ്ട്രീയത്തിന്റെ ഈ തുറസ്സുകള്ക്കപ്പുറം 2024ല്‍ മെഗാഹിറ്റാക്കിയത് മറ്റൊന്നാണ് – നഷ്ടപ്രേമം ഓമനിക്കാന്‍ എല്ലാക്കാലത്തും മനുഷ്യര്‍ക്കുള്ള അന്തര്‍ദാഹം. അതിലുപരിയായി അതിന് ചൂട്ടു കത്തിച്ച സോഷ്യല്‍ മീഡിയയും. അത് തുടങ്ങിയതോ റാം കെയറോഫിലുമല്ല. ആയിരം കപ്പലുകളെ കെട്ടഴിച്ചു വിടീപ്പിച്ച മുഖം (The face that launched a thousand ships) എന്ന് ഹെലന് ഓഫ് ട്രോയിയെപ്പറ്റി പറയുംപോലെ ലക്ഷങ്ങളെ ബുക്സ്റ്റാളുകളിലേയ്ക്കോടിച്ച ആ ഇന്‍സ്റ്റാ റീല്‍ ശരണ്‍ രാജീവ് (ഇന്‍സ്റ്റയില്‍ aalkoottathil_oruvan) എന്നൊരു നിയമവിദ്യാര്ത്ഥിയുടേയതായിരുന്നു, അതും എന്‍ മോഹനന്റെ ഏറെക്കാലമായി ലഭ്യമല്ലാതിരുന്ന ഒരിക്കല്‍ എന്ന ചെറുനോവലിനെപ്പറ്റി. നഷ്ടപ്രണയം അതോടെ വീണ്ടും ട്രെന്‍ഡിംഗായി (ക്രൈമിനു മാത്രം ട്രെന്ഡിംഗായാല്പ്പോരല്ലോ സാറേ). 2024ല്‍ റാംകെയറോഫിന്റെ സെക്കന്‍ഡ് വേവിനു കാരണമായതും ഇതുപോലൊരു റീല്‍ തന്നെ. അതു പക്ഷേ ഇന്ന ഒരാളുടെ റീലാണെന്ന് ചൂണ്ടിക്കാണിക്കാന്‍ കഴിയുന്നതിനു മുന്‍പ് പല ദിശയില്‍ നിന്നും വൈറലായിക്കഴിഞ്ഞിരുന്നു. ജനുവരി ആദ്യവാരം കോഴിക്കോട് നടന്ന കെഎല്‍എഫില്‍ അഖില്‍ പി ധര്‍മജന്റെ ഓട്ടോഗ്രാഫുള്ള റാംകെയറോഫ് വാങ്ങാനുള്ള ആളുകളുടെ നീണ്ട നീണ്ട ക്യൂവായിരുന്നു ആ റീലില്‍. അഖിലിന്റെ ഇന്‍സ്റ്റാ പേജില്‍ ആ റീല്‍ പിന് ചെയ്തിട്ടുണ്ട്. സങ്കടമായി, ഡ്രോണ്‍ വിഷ്വല്‍ ഇല്ലാത്തകൊണ്ട് നീളം മുഴുവനും കാണാന്‍ കിട്ടില്ല. 2020 മുതല്‍ കാലക്രമേണ റാം വായിച്ച് ആരാധകരായവരായിരുന്നു അങ്ങനെ ക്യൂ നിന്നത്. ഇവനാരെടാ എന്നായിരുന്നു അന്ന് ആ ക്യൂവും പിന്നടീതിന്റെ റീലും കണ്ടവരുടെയെല്ലാം ചോദ്യം. ചോദ്യം ചോദിച്ചവരും പുസ്തകം വാങ്ങി. ഇതെഴുതുന്ന ദിവസത്തെ (2025 ജൂണ്‍ 24) കണക്കനുസരിച്ച് 54 പതിപ്പിലായി മൂന്നു ലക്ഷത്തോളം കോപ്പി. ഇതിനിടയില്‍ ഫെബ്രുവരി 14ലെ വാലന്റൈന്‍സ് ദിനത്തിനു മുന്നോടിയായി ഡിസി ബുക്സ് അവതരിപ്പിച്ച നിനക്കായ് പ്രണയപൂര്‍വം എന്ന ക്യാമ്പെയ്നില്‍ ഒരിക്കല്‍, റാംകെയറോഫ്, ബിനീഷ് പുതുപ്പണത്തിന്റെ പ്രേമനഗരം എന്നീ നോവലുകള്‍ പാക്കേജായി എത്തി. മാന്‍കൈന്‍ഡ് എന്നൊരു പ്രസാധകരിറക്കിയ നിമ്ന വിജയ് എന്ന എഴുത്തുകാരിയുടെ ഏറ്റവും പ്രിയപ്പെട്ട നിന്നോട് എന്നൊരു നോവലും ഈ തരംഗത്തിന്റെ ഭാഗമാണ്. ഇവിടുത്തെ ലൗ അവളവളോടാണെന്നു മാത്രം, അതും നഷ്ടപ്രേമത്തിന്റെ ചെളിപ്പാടത്ത് എരുമയെപ്പോലെ മുങ്ങണ്ട എന്നു തീരുമാനിച്ചയാളുടെ സെല്‍ഫ് ലൗ. 2024ലെ ഈ പുതുതരംഗത്തിന്റെ വാഹനം എന്തായാലും റീലുകള്‍ തന്നെ. ഒന്നാമങ്കത്തില്‍ ഒരു തോക്ക് കാണിച്ചിട്ടുണ്ടെങ്കില്‍ പിന്നീടുള്ള അങ്കത്തില്‍ അത് നിറയൊഴിച്ചിരിക്കണം എന്ന് ചെക്കോവ്. ഒന്നാം അധ്യായത്തില്‍ ഒരു തേനീച്ചക്കൂടുണ്ടെങ്കില് നാലാം അധ്യായത്തിനു മുമ്പ് അത് ഇളകിയിരിക്കും എന്ന് അഖില്‍ പി ധര്മജന്. അത്തരം ചില രസങ്ങള്‍ കൂടി ചേര്‍ന്നതാണ് വായനയുടെ ഈ കാര്‍ണിവല്‍. എന്നാല്‍ അഖില്‍ പറഞ്ഞത്രെ തന്റെ നോവല്‍ ഒരു വെല്‍കം ഡ്രിങ്ക് മാത്രമായി കണ്ടാല്‍ മതി എന്ന്. വായന മറന്ന പുതുതലമുറയെ വായനയിലേയ്ക്ക് ക്ഷണിക്കുന്ന ഒരു വെല്‍കം ഡ്രിങ്ക്. ഒന്നു രണ്ടു തവണ നേരിട്ടു കണ്ടതിന്റെ പുറത്ത് ഒരു ഉറപ്പു തരാം. അഖില്‍ അപ്പറഞ്ഞത് ഗൗരവമായിത്തന്നെയായിരിക്കണം. കാരണം അത്രമാത്രം അജാഡാത്മകനായ ഒരു ലളിത വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. ഇനി എല്ലാവരും കൂടി അത് സങ്കീര്ണമാക്കാതിരുന്നാല് മതി.

കരോൾ ഹനിഷ്
ഇനി ഇതെല്ലാം കണ്ടിട്ട് നഷ്ടപ്രണയ ഫോര്‍മുലയില്‍ ഒരു നോവലെഴുതി സോഷ്യല്‍ മീഡിയ വഴി ഹിറ്റാക്കിയെടുക്കാം എന്നും ആരും കരുതേണ്ട. ഇത്തരം സോഷ്യല്‍ മീഡിയാ പുഷുകള് ഓര്‍ഗാനിക്കായി, നൈസര്‍ഗികമായി സംഭവിക്കുമ്പോഴാണ് അത് എപ്പോഴും ഫലമുണ്ടാക്കുന്നത്. ഇത് ഉറപ്പിക്കാന്‍ അമ്മ പറയാറുള്ള ഒരു കുഞ്ഞുകഥ കൂടി പറയാം. പണ്ടൊരു കാക്ക ഏകാദശി നോറ്റ് അങ്ങനെ ഒരു വാഴക്കയ്യില്‍ ഇരിക്കുമ്പോള്‍ അതൊടിഞ്ഞ് കാക്ക കിണറ്റില്‍ വീണു. പറന്നു പൊങ്ങയിപ്പോഴോ കയ്യിലും കാതിലും സ്വര്‍ണാഭരണങ്ങള്‍. ഇതറിഞ്ഞ് വേറൊരു കാക്ക ഏകാദശി നോറ്റു. വാഴക്കയ്യിലും ഇരുന്നു. പക്ഷേ വാഴക്കൈ ഒടിയുന്നില്ല. ഒടുവില്‍ കാക്ക തന്നെ വാഴക്കൈ ഒടിച്ചു. കിണറ്റില്‍ വീണു. പറന്നുപൊങ്ങിയപ്പോഴോ കയ്യിലും കാതിലും നീര്‍ക്കോലി ചുറ്റിയിരിക്കുന്നു. ഈ കഥയിലെ രണ്ടാമത്തെ കാക്ക ഇട്ട ഒരു റീല്‍ ഈയിടെ കണ്ടു. പണ്ടെങ്ങോ അത്യാവശ്യം മെഗാഹിറ്റായ നല്ലൊരു നോവല്‍ ഇപ്പോഴത്തെ ഒരു ന്യുജന്‍ സിനിമാനടിക്ക് ഇഷ്ടപ്പെട്ടത്രെ. അതു പക്ഷേ ആ റീലില്‍ ഒതുങ്ങിപ്പോയി.
അഖിലിനോട് ആര്‍ക്കും അസൂയ തോന്നാം. എന്നാല്‍ നാലു കിലോ സവാളയ്ക്ക് നൂറു രൂപ എന്ന മട്ടില്‍ ബോര്‍ഡു വെച്ച് അഖിലിന്റെ നോവല്‍ പെട്ടി ഓട്ടോറിക്ഷയില്‍ പ്രദര്‍ശിപ്പിച്ച് വഴിയോരത്തു വില്‍ക്കുന്ന ഒരാളുടെ ഫോട്ടോ ഫെയ്സ്ബുക്കില്‍ കണ്ടിട്ടുണ്ടെങ്കില്‍ അതു മതി ആ അസൂയ ശമിക്കാന്‍. ഈ പുതിയ എഴുത്തുകാര്‍ വായനയെ തിരിച്ചു കൊണ്ടുവന്നു. സോഷ്യല്‍ മീഡിയ വായനയെ കൊന്നെങ്കില്‍ സോഷ്യല്‍ മീഡിയ തന്നെ വായനയെ തിരിച്ചു കൊണ്ടു വന്നു എന്നും പറയാം.
വരേണ്യ എഴുത്തുകാര്‍ എന്നു സ്വയം കരുതുന്നവര്‍ എന്തിനാണ് അഖിലിനേയും അഖിലിനു കിട്ടുന്ന പല തരം അംഗീകാരങ്ങളേയും ഭയപ്പെടുന്നതെന്നറിയില്ല. അവര്‍ക്ക് അവരുടെ വായനക്കാര്‍, ഇവര്‍ക്ക് ഇവരുടെ വായനക്കാര്‍ എന്നു കരുതുന്നതാണ് ഉറക്കം കിട്ടാന്‍ നല്ലത്. ഇതുവരെ പുസ്തകം കൈ കൊണ്ടു തൊടാത്തവരെപ്പോലും അഖില്‍ വായനക്കാരാക്കി. അത് ആഘോഷിക്കയാണ് വേണ്ടത്. അല്ലെങ്കില്‍ നിങ്ങളുടെ കൃതികള്‍ ഇതുപോലെ എല്ലാവരും വായിച്ചാല്‍ അതിന്റെ നിലവാരം കുറഞ്ഞു പോകയില്ലേ എന്നും ഉത്തമസാഹിത്യം അങ്ങനെ എല്ലാവര്ക്കുമുള്ളതല്ലല്ലൊ എന്നും ആശ്വസിക്കുക.

