Home / ഇന്റര്‍വ്യൂ  / കേരള ടൂറിസത്തിന് വൻ കുതിപ്പ്…

കേരള ടൂറിസത്തിന് വൻ കുതിപ്പ്…

മുഹമ്മദ് റിയാസ് / ബെന്യാമിൻ ബെന്യാമിൻ: ഇന്നത്തെ ഈ അവസാന സെഷൻ, നമ്മുടെ ബഹുമാനപ്പെട്ട മന്ത്രി കെ. മുഹമ്മദ് റിയാസുമായുള്ള ഒരു ഇന്ററാക്ഷനാണ്. കഴിഞ്ഞ രണ്ടോ മൂന്നോ വർഷത്തിനകം ടൂറിസം മേഖലയിൽ കൈവരിച്ചിട്ടുള്ള പുരോഗതി ലോകരാജ്യങ്ങളുടെ മുമ്പിൽ കേരളത്തിന്റെ പേര് കൂടുതൽ എത്തിക്കുന്നതിൽ സഹായകരമായിട്ടുണ്ട്. സഞ്ചാരികളെ ഇവിടെ കൂടുതൽ എത്തിക്കാൻ,

Riyas & Benyamin

മുഹമ്മദ് റിയാസ് / ബെന്യാമിൻ

ബെന്യാമിൻ: ഇന്നത്തെ ഈ അവസാന സെഷൻ, നമ്മുടെ ബഹുമാനപ്പെട്ട മന്ത്രി കെ. മുഹമ്മദ് റിയാസുമായുള്ള ഒരു ഇന്ററാക്ഷനാണ്. കഴിഞ്ഞ രണ്ടോ മൂന്നോ വർഷത്തിനകം ടൂറിസം മേഖലയിൽ കൈവരിച്ചിട്ടുള്ള പുരോഗതി ലോകരാജ്യങ്ങളുടെ മുമ്പിൽ കേരളത്തിന്റെ പേര് കൂടുതൽ എത്തിക്കുന്നതിൽ സഹായകരമായിട്ടുണ്ട്. സഞ്ചാരികളെ ഇവിടെ കൂടുതൽ എത്തിക്കാൻ, ടൂറിസം ഇടങ്ങളിൽ സൗകര്യങ്ങൾ മെച്ചപ്പെടുത്തിക്കൊണ്ട്, അവർക്കു തൃപ്തികരമായ ഒരു യാത്ര നൽകുന്നതിൽ കേരളം എത്രമാത്രം മുന്നോട്ടുപോയിട്ടുണ്ടെന്ന് കാണാനാകും. ഈ പുരോഗതിയുടെ ഒരു ഉദാഹരണം ഫോർട്ട് കൊച്ചി മാത്രമല്ല, കേരളത്തിലെ ഏത് ടൂറിസ്റ്റ് സ്പോട്ടിലും കാണാനാകും. ടൂറിസം മേഖല, കേരളത്തിന്റെ ഏറ്റവും വലിയ റിസോഴ്സുകളിൽ ഒന്നാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് സർക്കാർ നടപടികൾ കൈകൊണ്ടുപോരുന്നത്. ഈ നടപടികൾക്ക് ബഹുമാനപ്പെട്ട മന്ത്രിയുടെ പിന്തുണയും മുൻകൈയും എത്രത്തോളം ഘടകമാണ് എന്ന് തിരിച്ചറിയുന്നതിനുള്ള അവസരമാണ് ഈ സെഷൻ. ഇനിയും കേരളം ടൂറിസം രംഗത്ത് മുന്നോട്ടു സഞ്ചരിക്കേണ്ട വഴികളെയും അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെയും ലക്ഷ്യങ്ങളെയും നമുക്ക് കേൾക്കാനാകും. നിങ്ങൾക്കുള്ള സംശയങ്ങൾ, ആശയങ്ങൾ, പുതിയ പദ്ധതികൾ എന്നിവ ഈ സംവാദത്തിലൂടെ അവതരിപ്പിക്കാൻ കഴിയും. യുവാക്കളായ നിങ്ങൾക്ക് ഈ കൊടുക്കൽ -വാങ്ങൽ  സംവാദത്തിലൂടെ ഏറെ പദ്ധതികൾ മുന്നോട്ടുവെക്കാനുള്ള ഒരു മികച്ച അവസരമാകും. കേരളത്തിന്റെ ടൂറിസം സാധ്യതകളെക്കുറിച്ച് കൂടുതൽ കേൾക്കുന്നതിനും ചര്‍ച്ച ചെയ്യുന്നതിനും, ബഹുമാനപ്പെട്ട മന്ത്രിയെ സ്നേഹപൂർവ്വം സംസാരിക്കാൻ ക്ഷണിക്കുന്നു.

പി.എ.മുഹമ്മദ് റിയാസ് : ഇവിടെ ടൂറിസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരസ്പരം സംസാരിക്കുക എന്നതാണ് ഈ സെഷൻ കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് ഞാൻ മനസ്സിലാക്കുന്നു. ഞാൻ കൂടുതൽ പറയാൻ വേണ്ടിയല്ല; നിങ്ങൾ പറയുന്നത് കേൾക്കാനാണ് വന്നിരിക്കുന്നത്. പുതിയ തലമുറ കേരളത്തിന്റെ ടൂറിസത്തിൽ വരുത്തേണ്ട മാറ്റങ്ങളെയും, കേരളത്തിന്റെ ടൂറിസത്തിന്റെ കുതിപ്പിന്റെ വേഗത വർധിപ്പിക്കുന്നതിന്റെ നിർണായക നിലപാടുകൾ കൈകൊള്ളേണ്ടതിന്റെ ആവശ്യകതയെയും ചൂണ്ടിക്കാണിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. നമ്മുടെ സംസ്ഥാനത്തിന്റെ പ്രത്യേകത, നമ്മുടെ സംസ്ഥാനത്തിന്റെ ഒരു ഇഞ്ച് സ്ഥലം പോലും, ഒരു പഞ്ചായത്ത് പോലും, ടൂറിസം സാധ്യതയില്ലാത്തതല്ല എന്നതാണ്. ഭൂവിസ്തൃതിയിൽ ഇന്ത്യയുടെ ഭൂപടത്തിൽ കേരളം ഒരു ചെറിയ സംസ്ഥാനം ആയിരുന്നാലും, കേരളത്തിൽ കടലുണ്ട്, കായലുണ്ട്, നദികളുണ്ട്, മലയോരമുണ്ട്, ഇടനാടുണ്ട്. എല്ലാ നിലയിലും കേരളം ടൂറിസത്തിന് അനന്തമായ ഇടമാണ്. പ്രകൃതി രമണീയമായ ഇടങ്ങൾ പോലെ, ചരിത്രപ്രാധാന്യമുള്ള ഒട്ടേറെ സ്ഥലങ്ങളും സാംസ്കാരിക പ്രത്യേകതകളും ഇടങ്ങളും, കേരളത്തെ ഒരു ടൂറിസ്റ്റ് സ്റ്റേറ്റ് ആക്കി മാറ്റുന്നതിന് ഏറെ സഹായകരമാണ്. എന്നാൽ, ഈ നിലയിൽ, കേരളത്തിലെ ചില പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളെ മാത്രം ചുറ്റിപ്പറ്റിയാണ് കേരളത്തിന്റെ ടൂറിസം പോവുന്നത്. അതിനു പകരം, കേരളം ആകെ ടൂറിസത്തിന് അനന്തസാധ്യതയുള്ളതായി കണക്കാക്കി, കേരളത്തിൽ ആകെ ഒരു ടൂറിസം വൈബ് സൃഷ്ടിക്കാനാണ് പൊതുവെ സർക്കാർ ശ്രമിക്കുന്നത്. അതിന് യുവജന സംഘടനകളുടെ വലിയ പിന്തുണ ലഭിക്കുന്നു. ഇന്നത്തെ ഈ സംഭാഷണത്തിൽ , നിങ്ങളുടെ നിർദ്ദേശങ്ങൾ, അഭിപ്രായങ്ങൾ, വിമർശനങ്ങൾ എന്നിവയാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അവ ഉയർത്തി, അതിൽ ഇടപെട്ട് അടിയന്തരമായി തീരുമാനങ്ങൾ ആക്കി മാറ്റാൻ, മാറ്റാൻ കഴിയാത്തത് തിരുത്താൻ, സമയമെടുത്ത് തീരുമാനിക്കാനാവശ്യമായ കാര്യങ്ങൾ ചെയ്യാൻ സർക്കാർ തയ്യാറാണ് എന്ന് വ്യക്തമാക്കുന്നു.

ചോദ്യം : അടുത്ത ഒരു വർഷത്തിനുള്ളിൽ ഫോർട്ട്  ബീച്ചിന്റെ പുനരുജ്ജീവനത്തിനായി എന്തെങ്കിലും മാറ്റങ്ങൾ കൊണ്ടുവരാൻ ഉദ്ദേശിക്കുന്നുണ്ടോ?

മന്ത്രി : 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പ്രകടന പത്രികയിൽ പ്രധാനമായും ചൂണ്ടിക്കാട്ടിയ ഒരു കാര്യം മലബാറിലെ ടൂറിസത്തിന് പ്രത്യേക പ്രാധാന്യം നൽകണം എന്നുള്ളതാണ്. അത് ഏതെങ്കിലും ഒരു പ്രാദേശിക വാദത്തിന്റെ ഭാഗമായിട്ടല്ല. കേരളത്തിൽ സഞ്ചാരികളുടെ കണക്കെടുത്ത് പരിശോധിച്ചാൽ വെറും 6% ആളുകൾ മാത്രമാണ് തൃശ്ശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് വരുന്നത്. അതായത് 100 പേർ വന്നാൽ ആറുപേർ മാത്രം. തൃശ്ശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ഈ ഏഴ് ജില്ലകളിൽ മറ്റ് ഏഴ് ജില്ലകളിൽ ഉള്ളതുപോലെ തന്നെ അല്ലെങ്കിൽ മറ്റു പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങൾ പോലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഇല്ലാഞ്ഞിട്ടല്ല. പിന്നെ എന്തുകൊണ്ട് സഞ്ചാരികൾ വരുന്നില്ല. ഒന്ന്  ഒരു സാധ്യതക്ക് അനുസരിച്ചുള്ള പ്രാധാന്യം ഇവിടങ്ങളിൽ നൽകേണ്ടതുണ്ട് എന്ന് കണ്ടെത്തുകയും അത് പ്രകടന പത്രികയിൽ എഴുതിവെക്കുകയും ചെയ്തു. ടൂറിസത്തിന് ഫണ്ട് നൽകുന്നതിന്റെ കണക്ക് പരിശോധിച്ചാൽ വലിയ പരിഗണന കൊടുത്തിട്ടുള്ള ഒരു ജില്ലയാണ് എറണാകുളം ജില്ല. എറണാകുളം ജില്ലയിലെ മുസരിസ് പ്രൊജക്ട് നമ്മുടെ മുമ്പിൽ ഉദാഹരണമായിട്ടുണ്ട്, ബിനാലെ നമ്മുടെ മുമ്പിലുണ്ട്. മറ്റു പ്രധാനപ്പെട്ട പദ്ധതികൾ നമ്മുടെ മുമ്പിലുണ്ട്. എല്ലാ നിലയിലും എറണാകുളം ജില്ലക്ക് എല്ലാ പരിഗണനയും കൊടുത്തുകൊണ്ട് മുന്നോട്ടുപോകും. എന്നാൽ അൺ എക്സ്പ്ലോർഡ് ആയിട്ടുള്ള മലബാറിലെ ടൂറിസത്തെ വികസിപ്പിച്ചാൽ അതിന്റെ ഗുണഭോക്താക്കളായി മാറാൻ വേണ്ടി പോകുന്നത് കേരള സ്റ്റേറ്റ് ആണ്. ആ നിലയിലാണ് കേരളത്തിന്റെ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്താൻ പഴയതിനേക്കാൾ കുറച്ചധികം ശ്രദ്ധ ചെലുത്തണമെന്ന് പ്രകടന പത്രികയിൽ എഴുതിവെച്ചതുകൊണ്ടുതന്നെ അത് ആര് ടൂറിസം മന്ത്രി ആയാലും എൽഡിഎഫിന്റെ സർക്കാർ ആണെങ്കിൽ പ്രകടന പത്രികയിൽ എഴുതിവെച്ചത് നടപ്പിലാക്കണം. അത് നടപ്പിലാക്കുക എന്നുള്ള നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. അതിന്റെ  ഭാഗമായി ഇപ്പോൾ മലബാറിലെ ഏഴ് ജില്ലകളിലും ടൂറിസ്റ്റുകളുടെ എണ്ണത്തിൽ സർവ്വകാല റെക്കോർഡ് ആയി എന്നുള്ള സന്തോഷവിവരം നിങ്ങളെ പ്രത്യേകം അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. വയനാട് ടൂറിസത്തിന്റെ അനന്ത സാധ്യത എന്തുകൊണ്ട് നമുക്ക് ഉപയോഗിക്കാൻ വേണ്ടി പറ്റിയില്ല? സ്വയം വിമർശനപരമായ ഒരു പരിശോധന നമ്മൾ നടത്തുമ്പോൾ രണ്ട് സ്റ്റേറ്റ് ബൗണ്ടറി പങ്കിടുന്ന ഒരു ജില്ലയാണ് വയനാട്. കർണാടകയും തമിഴ്നാടും. മൂന്ന് ജില്ലാ ബൗണ്ടറികൾ പങ്കിടുന്ന ഒരു ജില്ലയാണ് വയനാട് മലപ്പുറം, കോഴിക്കോട്, കണ്ണൂർ. പ്രകൃതി രമണീയമായ ഇടങ്ങളാണ് വയനാടിന്റെ പ്രത്യേകത വയനാട്ടുകാരെ സംബന്ധിച്ചിടത്തോളം കേരളത്തിന്റെ തലസ്ഥാനത്തേക്ക് വരുന്നതിനേക്കാൾ എളുപ്പം കർണാടകയുടെ തലസ്ഥാനമായ ബാംഗ്ലൂരിൽ എത്തിച്ചേരാനാണ്. ഇന്ത്യയിലെ പ്രധാനപ്പെട്ട ഐടി ഹബ്ബാണ് ബാംഗ്ലൂർ. വയനാട് ടൂറിസത്തെ ഞങ്ങൾ ബാംഗ്ലൂരിൽ മാർക്കറ്റ് ചെയ്യാനും ബാംഗ്ലൂരിന്റെ വീക്കെൻഡ് വയനാട് ആക്കി മാറ്റാനും പ്രത്യേക പദ്ധതി ആവിഷ്കരിച്ചു. ബാംഗ്ലൂരിലെ സിനിമ തിയേറ്ററുകളിൽ സ്ലൈഡുകൾ, ബാംഗ്ലൂരിലെ ന്യൂസ് പേപ്പറുകളിൽ പരസ്യങ്ങൾ, ബാംഗ്ലൂരിലെ എയർപോർട്ടിൽ പ്രത്യേക പ്രചരണം തുടങ്ങി വയനാട് ടൂറിസത്തെ ബാംഗ്ലൂരിൽ പേസ്റ്റ് ചെയ്തു. അതിന്റെ ഭാഗമായി വയനാട് ഇന്നുവരെ കാണാത്ത സർവ്വകാല റെക്കോർഡ് സഞ്ചാരികൾ വന്നു. ബാംഗ്ലൂരിൽ ഐടി ഹബ്ബിന്റെ പ്രത്യേകത നോർത്ത് ഇന്ത്യൻസ് ആയിട്ടുള്ള ഒരുപാട് യുവതി യുവാക്കൾ എന്നതാണ്. അവരാണ് അധികം വന്നത്. അതിലൂടെ നോർത്ത് ഇന്ത്യയിലും ഇത് പ്രസിദ്ധമായി. അങ്ങനെ വയനാടിൽ റൂം കിട്ടാത്ത സ്ഥിതി വന്നു. വയനാട് രൂപം കൊണ്ടതിനുശേഷമുള്ള സർവ്വകാല റെക്കോർഡ് ടൂറിസ്റ്റുകൾ ഉണ്ടായി. ഇത് ഓരോ ജില്ലയുടെയും പ്രത്യേകതയാണ്. കാസർകോട് ജില്ലയിലെ ബേക്കലിന്റെ അനന്ത സാധ്യതയെ ഫലപ്രദമായി ഉപയോഗപ്പെടുത്താനുള്ള ശ്രമം നടത്തി. ഇന്ത്യയിൽ ഏറ്റവുമധികം ഫൈവ് സ്റ്റാർ ഹോട്ടലുകൾ ഉള്ളത് ഇപ്പോൾ കേരളത്തിലാണ്. കാസർകോട് ഉള്ളവർ മുമ്പിൽ ഇരിക്കുന്നുണ്ട്. ഒരു പഞ്ചായത്തിൽ മൂന്ന് ഫൈവ് സ്റ്റാർ ഹോട്ടൽ ഉണ്ട്. മുദുമ പഞ്ചായത്തിൽ മൂന്ന് ഫൈവ് സ്റ്റാർ ഹോട്ടലാണ്. ഫൈവ് സ്റ്റാർ ഹോട്ടൽ വരിക എന്ന് പറഞ്ഞാൽ കുറെ ആൾക്ക് ജോലി കിട്ടും. സഞ്ചാരികൾക്ക് താമസിക്കാം ഇങ്ങനെ എല്ലാ സൗകര്യവും ഒരുക്കാനായി എന്തുകൊണ്ട് മലബാറിലേക്ക് കൂടുതൽ ആളുകൾ വരുന്നില്ല. ഒന്ന് ഹോസ്പിറ്റാലിറ്റി ആണ് അത് ഫൈവ് സ്റ്റാർ ഹോട്ടൽ വന്നാൽ മാത്രം പരിഹരിക്കാൻ പറ്റുന്നതല്ല. സാധാരണ ടൂറിസ്റ്റുകൾക്ക് കൂടി താമസിക്കാൻ സൗകര്യം ഒരുക്കണം. അതിന്റെ ഭാഗമായി കേരളത്തിലെ പിഡബ്ല്യുഡി റെസ്റ്റ് ഹൗസുകളിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു. നേരത്തെ ഒരു റൂം കിട്ടണമെങ്കിൽ നമ്മൾ ഏത് ജില്ലയാണോ അവിടെയേ എടുക്കാൻ പറ്റൂ. ഇപ്പോ കൊച്ചിയിൽ ഉള്ള ഒരാൾക്ക് കാസർകോട് ഒരു മുറി കിട്ടണമെങ്കിൽ, അല്ലെങ്കിൽ കണ്ണൂരുള്ള ഒരു മനുഷ്യന് കൊല്ലത്ത് റെസ്റ്റ് ഹൗസിൽ റൂം കിട്ടണമെങ്കിൽ, അവിടത്തെ കെട്ടിടവിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർക്ക് ഒരു അപേക്ഷ കൊടുക്കണം. അത് പിന്നെ തിരുവനന്തപുരത്ത് പോയി തിരിച്ച് അത് ഏത് ജില്ലയാണ് അവിടെ പോയി തിരിച്ചു തിരുവനന്തപുരത്ത് പോയി തിരിച്ചു വരണം. ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചതോടുകൂടി സ്പോട്ടിൽ ഇരുന്ന ഇരിപ്പിൽ നമുക്കിപ്പോൾ റൂം കിട്ടും മൂന്നു വർഷം കൊണ്ട് 2021 നവംബർ ഒന്നിന് ആരംഭിച്ച ഓൺലൈൻ ബുക്കിംഗ്, മൂന്നു വർഷം കൊണ്ട് 20 കോടിയിലധികം അധികവരുമാനം നമുക്ക് കിട്ടുന്ന സ്ഥിതി ഉണ്ടായി എന്നുള്ളതാണ്. ഇത് കേരളത്തിൽ ആകെ ഗുണമുണ്ടായി മലബാറിൽ പ്രത്യേകിച്ച് ഗുണമുണ്ടായി ഇതിന്റെ ഗുണം കേരള ടൂറിസത്തിനാണ്. ഇനി കൊച്ചി എടുത്താൽ  കേരള ടൂറിസം നല്ല നിലയിൽ ഫണ്ട് അനുവദിച്ച ഒരു പ്രദേശമാണ് ഫോർട്ട് കൊച്ചി, ഇപ്പൊ ഈ റെസ്റ്റ് ഹൗസ് തന്നെ നിങ്ങൾ കണ്ടിട്ടുണ്ടാവും നേരത്തെ ഇതിന്റെ ചിത്രം എന്താണ്? കഴിഞ്ഞ വർഷത്തെ ലിറ്ററേച്ചർ ഫെസ്റ്റിവൽ നടക്കുമ്പോഴും ഈ റെസ്റ്റ് ഹൗസ് ഇവിടെയുണ്ട്, കാട് പിടിച്ച ഒരു സ്ഥലമായിരുന്നു ഇത്തവണയും ഉണ്ട് പക്ഷെ ഇതിന്റെ മാറ്റം കേരളത്തിലെ ടൂറിസത്തിന്റെ മാറ്റത്തെ സൂചിപ്പിക്കുന്നു. ഫോർട്ട് കൊച്ചിയുടെ ബീച്ച് വികസനം എന്ന് പറഞ്ഞാൽ ഒരു ടൂറിസം ഡിപ്പാർട്ട്മെൻറ് മാത്രം കയ്യിൽ നിൽക്കുന്ന ഒന്നല്ല, വിവിധ വകുപ്പുകളാണ്. എല്ലാത്തിനെയും ഏകോപിപ്പിച്ച് ഫോർട്ട് കൊച്ചിക്കും എറണാകുളം ജില്ലക്കും എല്ലാവിധ പരിഗണനയും നൽകി മുന്നോട്ടുപോകും. അത് നൽകുമ്പോൾ മറ്റു ഇടങ്ങളിൽ നൽകുന്നതിന്റെ പിന്നിലുള്ള ഒരു കാഴ്ചപ്പാട് മനസ്സിലാക്കിക്കൊണ്ട് ആയിരിക്കണം അത് പറയേണ്ടത്. അവിടങ്ങളിൽ എത്രയോ കാലമായി ഇത്തരം ആവശ്യങ്ങൾ ഉയർന്നു വരികയും അവ വേണ്ടത്ര പരിഗണിക്കുന്നില്ല എന്നുള്ള അഭിപ്രായം ഉയർന്നു വരികയും ചെയ്യുകയായിരുന്നു. അതിപ്പോൾ മാറ്റം വന്നു ഇവിടെ അതുപോലെ ഇനിയും നമുക്ക് മുന്നോട്ടു പോകാം എന്നുള്ളതാണ് ചൂണ്ടിക്കാട്ടാനുള്ളത്.

ചോദ്യം: ഒന്നാമത്തെ കാര്യം, പാഠ്യ പദ്ധതിയിൽ ടൂറിസം കൾച്ചർ ഭാഗമാകുന്നത്. ടൂറിസം കൾച്ചർ എന്നാൽ ഞാൻ ഉദ്ദേശിക്കുന്നത്, നമ്മൾ നമ്മുടെ പ്രദേശങ്ങളിൽ സഞ്ചരിക്കുമ്പോൾ കാണുന്ന നല്ല ശീലങ്ങളും പ്രതിച്ഛായകളും. ഉദാഹരണത്തിന്, നമ്മൾ വെള്ളം കുടിക്കുന്ന കുപ്പി എവിടെ വെച്ചും ഉപേക്ഷിക്കാതെ, കൃത്യമായ രീതിയിൽ മാലിന്യസംസ്കരണത്തിന് വേണ്ടി വേർതിരിച്ച് കൈകാര്യം ചെയ്യണം. പ്ലാസ്റ്റിക് പുകയ്ക്കൽ, തുണി പാഴ്‌വസ്തുക്കൾ എന്നിവയിലും സമാനമായ സമീപനം സ്വീകരിക്കാൻ സാദ്ധ്യമാകും. ഇതു പാഠ്യപദ്ധതിയുടെ ഭാഗമാക്കാൻ ശ്രമിച്ചാൽ, വരുന്ന തലമുറകളിൽ ടൂറിസം മാന്യതയും പരിസ്ഥിതി സംരക്ഷണ ബോധവും വളർത്താൻ കഴിയും. മറ്റൊന്ന്, ഡെസ്റ്റിനേഷൻ ചാലഞ്ചുകളുമായി ബന്ധപ്പെട്ട ഒരു  നിർദ്ദേശം. ഞാൻ ഏറ്റവും മികച്ച ഗുണം ലഭിച്ച ഒരു മണ്ഡലത്തിൽ നിന്നുള്ള ആളാണ്. ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയുടെ ഭാഗമായി, ഇതിനകം തന്നെ എന്റെ മണ്ഡലത്തിൽ ടൂറിസം ക്ലബ്ബുകൾ രൂപീകരിച്ചിട്ടുണ്ട്. നമ്മുടെ പ്രാദേശിക ഡെസ്റ്റിനേഷനുകൾ തമ്മിൽ ഇങ്ങോട്ട്-അങ്ങോട്ട് ബന്ധിപ്പിക്കുന്ന യാത്രാസംവിധാനം രൂപീകരിക്കുന്നത് ടൂറിസത്തിനും വലിയ ഗുണം ചെയ്യുമെന്ന് ഞാൻ കരുതുന്നു. ഉദാഹരണത്തിന്, ബേപ്പൂരിൽ നിന്ന് ഫോർട്ട് കൊച്ചിയിലേക്ക് ഒരു യാത്ര നടത്താം, അതുപോലെ ഫോർട്ട് കൊച്ചിയിലുള്ളവർ ബേപ്പൂരിലേക്ക് പോകാം. പ്രാദേശിക ഡെസ്റ്റിനേഷനുകൾ തമ്മിൽ ഒരു യോജിച്ച രീതിയിലുള്ള കണക്ഷൻ ഉണ്ടായാൽ, അതു ടൂറിസത്തിന് ആഗോള നിലവാരത്തിലേക്ക് ഉയരാൻ സഹായകരമാകും. ഇത് നമ്മുടെ ടൂറിസം പദ്ധതികളുടെ ഭാഗമായി ഉൾപ്പെടുത്താൻ സാധിക്കുമോ?

പി.എ.മുഹമ്മദ് റിയാസ് : നല്ല നിർദ്ദേശമാണ്, ഒന്ന് പാഠ്യപദ്ധതിയിൽ ടൂറിസവും അതുപോലെ മാലിന്യമുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി ചെയ്യേണ്ട കാര്യങ്ങളും ഉൾപ്പെടുത്തണം എന്നുള്ളത് വളരെ പ്രസക്തമാണ്. ഈ നിർദ്ദേശം ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിയുമായി ചർച്ച ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.

രണ്ടാമത്, ഉത്തരവാദിത്വടൂറിസം മിഷൻ എന്ന നിലയിൽ അനുഭവവേദ്യ ടൂറിസത്തെ വളർത്താൻ നമ്മൾ പ്രാദേശികമായ പ്രത്യേകതകളെ ടൂറിസ്റ്റുകൾക്ക് പരിചയപ്പെടുത്തുന്ന ഇടപെടലുകൾ നടത്തിവരുന്നു. ടൂറിസം ക്ലബ്ബുകളെ ഇതിന്റെ ഭാഗമായി വ്യാപിപ്പിക്കണം. യുവജനങ്ങൾ ടൂറിസം ക്ലബ്ബ് നയിക്കേണ്ടതാണ്. അവരുടെ പങ്കാളിത്തത്തോടുകൂടി ഈ വർഷം 2025 ടൂറിസം ക്ലബ്ബുകളുടെ വികസനത്തിന് ശ്രമിക്കാം. ടൂറിസ്റ്റ് കേന്ദ്രങ്ങൾ മാലിന്യമുക്തമാക്കുക എന്നത് അത്യാവശ്യം. ഈ സന്ദേശം പ്രവർത്തനം വഴി നിറവേറ്റണം. ഉദാഹരണത്തിന്, ഞാൻ റെസ്റ്റ് ഹൗസിൽ കയറി വാഷ്‌റൂമിൽ പോയപ്പോൾ ടിഷ്യു പേപ്പർ വയ്ക്കാൻ ബിന്ന് കണ്ടുപിടിക്കാൻ ബുദ്ധിമുട്ടി. വേസ്റ്റ് ബാസ്‌ക്കറ്റുകൾ ഒരുക്കുന്നതിനും അവബോധം സൃഷ്ടിക്കുന്നതിനും യുവത്വം നേതൃത്വം നൽകണം. നമ്മുടെ യുവജന സംഘടനകൾ, പുതിയ കാലത്തിന്റെ ആഗ്രഹങ്ങൾ നിറവേറ്റുന്ന ഇത്തരം ക്യാമ്പയിനുകൾ ഏറ്റെടുക്കുകയും പ്രവർത്തനത്തിൽ മാറ്റം കൊണ്ടുവരുകയും വേണം. കോവിഡ് കാലത്ത് ലോകത്തിന് മാതൃകയായി പ്രവർത്തിച്ച യുവജന സംഘടനകൾ നമ്മുടെ ഇടയിൽ ഉണ്ട്. ഉദാഹരണത്തിന്, ഡി.വൈ.എഫ്.ഐ. (DYFI) അവരുടെ പ്രവർത്തനങ്ങൾ വഴി ലോകത്തിന് മാതൃകയായി. അതിനോട് ചിലർ വിമർശനങ്ങളും പരിഹാസങ്ങളും ഉന്നയിച്ചെങ്കിലും, നിങ്ങൾ നിരാശപ്പെടേണ്ട. അത്തരം വിമർശകരുടെ എണ്ണം ചെറുതാണ്, അധികം ആളുകൾ നിങ്ങളുടെ പ്രവർത്തനത്തെ പിന്തുണക്കുന്നവരാണ്. കേരളത്തിന്റെ വളർച്ചയിൽ യുവത്വത്തിന് വലിയ പങ്കുണ്ട്. കേരളത്തെ ലോകത്തെ മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി മാറ്റാൻ യുവത്വം ആഗ്രഹിക്കുന്ന പ്രസ്ഥാനങ്ങൾ തുടർച്ചയായ പരിശ്രമങ്ങൾ നടത്തണം. കേരളത്തിന്റെ ടൂറിസം സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്താൻ ഉള്ള ആലോചനകളും ശ്രമങ്ങളും യുവജനങ്ങൾ നടപ്പിലാക്കണം.

അനന്ത സാധ്യതകളുള്ള ഈ മേഖലയിൽ യുവജന പ്രസ്ഥാനങ്ങൾ ശക്തമായ ഇടപെടൽ നടത്തുകയും നാടിന്റെ വികസനത്തിന് മുൻതൂക്കം നൽകുകയും വേണം. അത്തരം നിർദേശങ്ങളും പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകണമെന്നാണ് ഞാനും ആഗ്രഹിക്കുന്നത്.

(തയ്യാറാക്കിയത് : ശ്രുതി ജെയിംസ്)

Author Photo
ബെന്യാമിൻ

എഴുത്തുക്കാരൻ

qacheck17@gmail.com

Review overview
NO COMMENTS

POST A COMMENT