Home / ലേഖനങ്ങള്‍  / നിർമ്മിത ബുദ്ധി ഡീപ്‌സീക്ക് യൂഫോറിയയും ചില അനുബന്ധ ചിന്തകളും

നിർമ്മിത ബുദ്ധി ഡീപ്‌സീക്ക് യൂഫോറിയയും ചില അനുബന്ധ ചിന്തകളും

പഠിച്ചത് അതേ പടി പാടുക മാത്രം ചെയ്യുന്ന തത്തമ്മപേച്ചുകളെ ബുദ്ധിയും ബോധവും ബോധ്യവുമുള്ള വർത്തമാനങ്ങളായി തെറ്റിദ്ധരിക്കാൻ ഇടയാകുന്നത് മൂലമുണ്ടാകുന്ന പ്രശ്നങ്ങളാണ് ഇപ്പോഴത്തെ എഐ ഹൈപ്പ് ഉയർത്തുന്ന പ്രധാന വെല്ലുവിളികളിലൊന്ന്. എഐ ഉപയോഗിച്ചുള്ള (കു)പ്രചരണങ്ങളുടെയും മസ്തിഷ്ക പ്രക്ഷാളനങ്ങളുടെയും തട്ടിപ്പുകളുടെയും ആപൽ സാധ്യതകൾ ചെറുതല്ല.

2022-ൽ ഓപ്പൺഎഐ പുറത്തിറക്കിയ ചാറ്റ്ജിപിടിയിലാണ് ഇന്ന് ലോകമെമ്പാടും അലയടിക്കുന്ന നിർമ്മിത ബുദ്ധി (എഐ) തരംഗത്തിന്റെ തുടക്കം. മനുഷ്യനെ വെല്ലുന്ന യന്ത്രബുദ്ധിയുടെ കാലം ആഗതമായിരിക്കുന്നു എന്ന പ്രതീതിയുണ്ടാക്കുന്ന പ്രതികരണങ്ങളിലൂടെ ലോകത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു ആ ചാറ്റ്ബോട്ട്. പക്ഷെ, ഒരു പുതിയ ആശയമൊന്നുമല്ല എഐ. കമ്പ്യൂട്ടറുകൾ ഉണ്ടായ കാലം തൊട്ടേ മനുഷ്യരെ പോലെ ചിന്തിക്കുകയും ആശയവിനിമയം നടത്തുകയും ചെയ്യുന്ന യന്ത്രങ്ങളെ കുറിച്ചുള്ള അന്വേഷണങ്ങളും തുടങ്ങിയിട്ടുണ്ട്. കമ്പ്യൂട്ടർ സയൻസിന്റെ ആദ്യ പ്രണേതാക്കളായ അലൻ ട്യൂറിങ്ങും ജോൺ വോൺ ന്യൂമാനുമൊക്കെ എഐയുടെ സൈദ്ധാന്തികമായ അടിത്തറ പാകുന്നതിൽ വലിയ പങ്കു വഹിച്ചിരുന്നു. പക്ഷെ അതിന്റെ പ്രായോഗിക സാധ്യതകൾ സാക്ഷാത്ക്കരിക്കുന്നതിന് പിന്നെയും ഏറെ കാലം വേണ്ടിവന്നു എന്നു മാത്രം.

ആദ്യകാല കമ്പ്യൂട്ടറുകളുടെ വളരെ കുറഞ്ഞ ഗണന ശേഷിയായിരുന്നു അതിന് പ്രധാന തടസ്സങ്ങളിലൊന്ന്. ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ ഇക്കാര്യത്തിൽ വലിയ മാറ്റമുണ്ടായി. അതോടൊപ്പം ഇന്റ്റർനെറ്റ് പോലുള്ള സാങ്കേതിക വിദ്യകളും വളർന്നു. മനുഷ്യന്റെ മിക്ക സാമൂഹ്യവിനിമയങ്ങളും കമ്പ്യൂട്ടർ ശൃംഖലകളിലൂടെയാണ് നടക്കുന്നത് എന്ന നിലയിലെത്തി. അതിന്റെ ഒരു അനന്തരഫലം ‘ബിഗ് ഡാറ്റ’ എന്നറിയപ്പെടുന്ന ഡിജിറ്റലൈസ് ചെയ്യപ്പെട്ട മാനുഷിക വ്യവഹാരങ്ങളുടെ കൂറ്റൻ വിവര ശേഖരങ്ങളായിരുന്നു.

ഇത്രയും വലിയ വിവരശേഖരങ്ങളെ വിശകലനം ചെയ്‌താൽ കിട്ടുന്ന ഉൾക്കാഴ്ച്ചകൾ അമൂല്യമായിരിക്കുമെന്ന് ഐടി ഭീമന്മാർ പെട്ടന്നു തന്നെ മനസ്സിലാക്കി. പക്ഷെ സാധാരണ കംപ്യൂട്ടർ പ്രോഗ്രാമുകൾക്ക് ചെയ്യാനൊക്കുന്ന ഒന്നായിരുന്നില്ല ഈ പണി. ബിഗ് ഡാറ്റയിൽ നിന്നു പഠിക്കാനും ആ പാഠങ്ങളെ ഉപയോഗിക്കാനും കമ്പ്യൂട്ടറുകളെ സജ്ജരാക്കുന്ന, എഐയുടെ ഒരു ഉപശാഖയായ, മെഷീൻ ലേണിങ്ങിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങൾ വ്യാപകമാകുന്നത് അങ്ങിനെയായിരുന്നു. ഇന്ന് വലിയ കോളിളക്കങ്ങൾ ഉണ്ടാക്കി കൊണ്ടിരിക്കുന്ന ജിപിടിയും ജമിനിയും ഡീപ്‌സീക്കും പോലുള്ള സാങ്കേതികവിദ്യകൾ ആർ‍ട്ടിഫിഷ്യൽ ന്യൂറൽ നെറ്റ്‌വർക്കുകൾ എന്നറിയപ്പെട്ടുന്ന മെഷീൻ ലേണിങ് രീതി ഉപയോഗിച്ചാണ് വികസിപ്പിച്ചെടുത്തിട്ടുള്ളത്.

അടിസ്ഥാന സൗകര്യങ്ങൾക്ക് വേണ്ട വലിയ മുതൽമുടക്കാണ് ഈ സാങ്കേതിക വിദ്യകളുടെ വികസനം നേരിടുന്ന ഒരു പ്രധാന വെല്ലുവിളി. കൂറ്റൻ വിവരശേഖരങ്ങൾ ഉപയോഗിച്ച് ന്യൂറൽ നെറ്റ്‌വർക്കുകളെ പരിശീലിപ്പിക്കുന്നതിനാവശ്യമായ ഗണനശക്തിയും വൈദ്യുതോർജ്ജവും അതിഭീമമാണ്. അതുകൊണ്ട് ഈ രംഗത്തെ സോഫ്റ്റ്‌വെയർ കമ്പനികൾക്ക് മാത്രമല്ല അടിസ്ഥാനസൗകര്യങ്ങൾ നൽകുന്ന കമ്പനികളുടെയും പ്രാധാന്യമേറി. വൻതോതിലുള്ള ഗണന ശേഷി പ്രദാനം ചെയ്യുന്ന പ്രത്യേക ചിപ്പുകളുടെ നിർമ്മിതാക്കളിൽ പ്രധാനിയായ എൻവിഡിയയെ പോലുള്ള ഒരു സ്ഥാപനം ലോകത്തെ ഏറ്റവും വിപണിമൂല്യമുള്ള കമ്പനികളിൽ ഒന്നായി മാറുന്നത് അങ്ങിനെയാണ്. അതോടൊപ്പം ഈ സാങ്കേതികവിദ്യകൾക്ക് ആധാരമായ ബൗദ്ധിക സ്വത്തുക്കളുടെ അടഞ്ഞ സ്വഭാവം കൂടി ചേരുമ്പോൾ വലിയ മൂലധനം ആവശ്യമുള്ള കുത്തകസ്വഭാവമുള്ള ഒരു വ്യവസായമായി പുതിയ എഐ മാറി.

എന്നാൽ ഈ ധാരണയെ ശക്തമായി വെല്ലുവിളിക്കുന്ന ഒരു മുന്നേറ്റം ഈയിടെ ഉണ്ടായി. ഡീപ്സീക്ക് എന്ന ഒരു ചെറിയ ചൈനീസ് എഐ കമ്പനി ഈ വർഷാദ്യം താരതമ്യേന നന്നേ ചിലവു കുറഞ്ഞ ഒരു എഐ മോഡൽ അവതരിപ്പിച്ചു. മാത്രമല്ല, DeepSeek-R1 എന്ന ഈ പുതിയ മോഡൽ അവർ പുറത്തിറക്കിയത് ‘ഓപ്പൺ സോഴ്‌സ്’ എന്ന അവകാശവാദത്തോട് കൂടിയായിരുന്നു, അതായത് ആ മോഡലുകൾ ആർക്കും സൌജന്യമായി ഡൗൺലോഡ് ചെയ്യാനും സ്വന്തം ആവശ്യാനുസൃതം മാറ്റങ്ങൾ വരുത്തി ഉപയോഗിക്കാനും കഴിയുമെന്നർത്ഥം. ഈ രണ്ടു കാര്യങ്ങൾ, കുറഞ്ഞ ചിലവും തുറന്ന സ്വഭാവവും, എഐ വ്യവസായത്തിൽ ഉണ്ടാക്കിയ കോളിളക്കം ചെറുതായിരുന്നില്ല. R1 മോഡലിനെ അടിസ്ഥാനമാക്കിയുള്ള സൗജന്യ ചാറ്റ്ബോട്ട് വളരെ പെട്ടെന്ന് തന്നെ യുഎസ് iOS ആപ്പ് സ്റ്റോറിലെ ഡൗൺലോഡുകളിൽ ചാറ്റജിപിടിയെ പോലും മറികടന്നു. പാശ്ചാത്യ ഓഹരി വിപണിയിൽ ടെക്ക് കമ്പനികൾ വലിയ തകർച്ചയെ നേരിട്ടു. എൻവിഡിഎയുടെ ഓഹരി വില ഒരൊറ്റ ദിവസം കൊണ്ട് ഇടിഞ്ഞത് 15% ആയിരുന്നു.

ഇതിൽ അത്ഭുതപ്പെടാനൊന്നുമില്ല. എഐയുടെ ഉയർന്ന ചിലവും അടഞ്ഞ സ്വാഭാവവും ഉണ്ടാക്കാനിടയുള്ള കുത്തക സാധ്യതകളിൽ ആകൃഷ്ടരായ നിക്ഷേപകരെ വിറളി പിടിപ്പിക്കുന്നതാണ് ഡീപ്സീക്കിന്റെ വെല്ലുവിളി. പകർത്താനൊക്കുന്ന സാങ്കേതിക ഡിസൈനുകൾ വിപണിയുടെ ബലതന്ത്രത്തെ മാറ്റി മറിച്ചതിന് കമ്പ്യൂട്ടറുകളുടെ ചരിത്രത്തിൽ തന്നെ ഉദാഹരണങ്ങളുണ്ട്. എഴുപതുകളിൽ പേർസണൽ കമ്പ്യൂട്ടറുകൾ പ്രചാരത്തിൽ വന്ന് തുടങ്ങിയ കാലത്ത് ഐബിഎം ആയിരുന്നു ആ രംഗത്തെ ചുരുക്കം ചില പ്രധാനികളിലൊന്ന്. പക്ഷെ അത്തരം കമ്പ്യൂട്ടറുകളുടെ ക്ലോണുകൾ വ്യാപകമായി നിർമ്മിക്കപ്പെട്ടത് പേർസണൽ കമ്പ്യൂട്ടറിന്റെ വില കുറയാനും അത് ഒരു ഗാർഹികോപകരണം പോലെയായി മാറാനും കാരണമായി. അതുപോലെ എഐയുടെ ജനകീയവൽക്കരണത്തിന് കാരണമായി തീർന്നേക്കാം ഡീപ്സീക്ക്.

ഡീപ്‌സീക്കിന്റേതു പോലുള്ള പുതിയ മുന്നേറ്റങ്ങൾ തുറന്നിടുന്നത് ഈ സാങ്കേതികവിദ്യകളിൽ കാണുന്ന കേന്ദ്രീകരണത്തിന്റെയും കുത്തകവത്കരണത്തിന്റെയും പ്രവണതകളെ ഭാഗികമായെങ്കിലും ചെറുക്കാനുള്ള സാധ്യതകളാണ്. എഐ വലിയ ടെക്നോളജി കമ്പനികളുടെയും ആഗോള ഫിനാൻസ് മൂലധനത്തിന്റെയും ആധിപത്യത്തിലാകുന്നതിന്റെ പ്രത്യാഘാതങ്ങളും വലിയ ഊർജ്ജ ഉപഭോഗം സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും ഇതോടെ പൂർണമായും പരിഹരിക്കപ്പെടുമെന്ന് കരുതുന്നത് മൂഡത്വമാണെങ്കിലും. ഇതിനപ്പുറം ചില ആഗോള രാഷ്ട്രീയമാനങ്ങൾ കൂടി ഡീപ്സീക്കിനുണ്ട്. യുഎസും ചൈനയും തമ്മിലുള്ള അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന കിടമത്സരത്തിൽ ചൈനയ്ക്കു ലഭിച്ചിട്ടുള്ള ഒരു നല്ല ആയുധമാണ് ചിലവ് ചുരുങ്ങിയ എഐ മോഡലുകൾ.

കുറഞ്ഞ കൂലിക്ക് കഠിനാദ്ധ്വാനം ലഭ്യമായ ഒരു പണിശാല മാത്രമല്ല ചൈന ഇന്ന്; ഒരു ഒരു വലിയ സാമ്പത്തിക ശക്തി കൂടിയാണ്. ലോകത്തെ ഏറ്റവും ശക്തമായ ഉദ്പാദനകേന്ദ്രമാക്കി മാറാനുള്ള ശ്രമമാണ് ആ രാജ്യം നടത്തി കൊണ്ടിരിക്കുന്നത്. ആ ലക്ഷ്യ സാധ്യത്തിന് ഏറെ സഹായകമാകും ഡീപ്സീക്കിന്റേതു പോലുള്ള മുന്നേറ്റങ്ങൾ.

ഇങ്ങനെ ദൂരവ്യാപകമായ ഫലങ്ങൾ ഉളവാക്കാനിടയുള്ള ഒന്നാണ് ഡീപ്‌സീക്ക് എങ്കിലും എഐയെ ചൊല്ലിയുള്ള അടിസ്ഥാനപരമായ ആശങ്കകൾ ഇപ്പോഴും അതേപടി നിലനിൽക്കുന്നുണ്ട്. ഇതിനകം തന്നെ വ്യക്തമായി കഴിഞ്ഞിട്ടുള്ള ഒരു കാര്യമാണ് ഇരുതല മൂർച്ചയുള്ള ഒരു വാളാണ് എഐ എന്നത്. വിവിധ മേഖലകളിൽ മനുഷ്യരാശിക്ക് ഏറെ ഉപയോഗപ്രദമായ കാര്യങ്ങൾ ചെയ്യാൻ അതിനാകുമെന്ന് ഉറപ്പാണ്. പക്ഷെ, അതിന്റെ ദുരുപയോഗ സാധ്യതകളും അത്രതന്നെ ശക്തമാണ്.

പഠിച്ചത് അതേ പടി പാടുക മാത്രം ചെയ്യുന്ന തത്തമ്മപേച്ചുകളെ ബുദ്ധിയും ബോധവും ബോധ്യവുമുള്ള വർത്തമാനങ്ങളായി തെറ്റിദ്ധരിക്കാൻ ഇടയാകുന്നത് മൂലമുണ്ടാകുന്ന പ്രശ്നങ്ങളാണ് ഇപ്പോഴത്തെ എഐ ഹൈപ്പ് ഉയർത്തുന്ന പ്രധാന വെല്ലുവിളികളിലൊന്ന്. എഐ ഉപയോഗിച്ചുള്ള (കു)പ്രചരണങ്ങളുടെയും മസ്തിഷ്ക പ്രക്ഷാളനങ്ങളുടെയും തട്ടിപ്പുകളുടെയും ആപൽ സാധ്യതകൾ ചെറുതല്ല. അത്രതന്നെ ആപൽക്കരമാണ് എഐ മോഡലുകളുടെ പരിശീലന ഡാറ്റയിൽ തന്നെ ഉണ്ടാകാനിടയുള്ള പക്ഷപാതിത്വങ്ങളും (biases), വാർപ്പു മാതൃകകളും ഉണ്ടാക്കാനിടയുള്ള വിവേചനങ്ങളും. ഇന്റർനെറ്റിൽ നിന്ന് ഒരു നിയന്ത്രണവും മേൽനോട്ടവും ഇല്ലാതെ, നമുക്ക് സങ്കൽപ്പിക്കാനാവുന്നതിലും എത്രയോ വലിയ അളവിൽ, സമാഹരിക്കപ്പെടുന്ന ഡാറ്റയാണ് ഈ മോഡലുകളുടെ ഇന്ധനം. അസന്തുലിതവും അസമത്വങ്ങൾ നിറഞ്ഞതുമായ ഇന്നത്തെ ലോകക്രമത്തിൽ മേൽക്കോയ്‌മ ചെലുത്തുന്ന ലോകവീക്ഷണങ്ങൾക്ക് ഈ ഡാറ്റയിൽ ആധിപത്യം ഉണ്ടാകുക സ്വാഭാവികമാണ്. സമൂഹത്തിൽ നിലനിൽക്കുന്ന വർഗ്ഗപരവും വംശീയവുമൊക്കയായ വിവേചനങ്ങളെയും പുരുഷമേധാവിത്വത്തെയും പ്രതിഫലിപ്പിക്കുന്നവയായിരിക്കും ഇവയിൽ ഒരു വലിയ പങ്കും.

നിർമ്മിതബുദ്ധിയെ കുറിച്ചോർക്കുമ്പോൾ സാധാരണ മനുഷ്യരുടെ മനസ്സിൽ ആദ്യമുണ്ടാകുന്ന ഭീതി വ്യാപകമായ തൊഴിൽ നഷ്ടത്തെ കുറിച്ചുള്ളതാണ്. എല്ലാ യന്ത്രവൽക്കരണങ്ങളും അതത് തൊഴിലുകൾക്കാവശ്യമായ മനുഷ്യാദ്ധ്വാനത്തെ കുറച്ചു കൊണ്ടുവരുമെന്നത് യാഥാർഥ്യമാണ്. എഐ പോലുള്ള നവീന സാങ്കേതികവിദ്യകൾ വഴിയുള്ള ഓട്ടോമേഷൻ കൂടി വരുന്നതോടെ നഷ്ടപ്പെടുന്ന തൊഴിലുകൾക്ക് പകരം അതേ അളവിൽ പുതിയ തൊഴിലവസരങ്ങൾ ഉണ്ടാകാനുള്ള സാധ്യതകൾ കുറയാനും ഇടയുണ്ട്. എന്നാൽ ഇങ്ങനെയുള്ള സാമാന്യവൽക്കരിക്കപ്പെട്ട ഊഹങ്ങൾക്കപ്പുറം ഇപ്പോഴത്തെ എഐ കുതിപ്പ് തൊഴിലിടങ്ങളെ എങ്ങിനെയൊക്കെ ബാധിക്കുമെന്ന് ഉറപ്പിച്ച് പറയാറായിട്ടില്ല എന്നതാണ് വാസ്തവം. ഒരു പക്ഷെ, വരും വർഷങ്ങളിൽ ഇതിന് കൂടുതൽ കൃത്യമായ ഉത്തരങ്ങൾ കിട്ടിയേക്കാം.

വിവര സാങ്കേതികവിദ്യകളുടെ ചരിത്രം വെളിവാക്കുന്ന രസകരമായ ഒരു കാര്യം അവ പലപ്പോഴും രംഗത്തെത്തുന്നത് പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങൾ ആയിട്ടല്ല, മറിച്ച് പ്രശ്നങ്ങളെ തേടുന്ന പരിഹാരങ്ങളായിട്ടായിരിക്കും എന്നാണ്. ആ തിരച്ചിലിൽ അവ കണ്ടെത്തുന്ന ‘പ്രശ്നങ്ങൾ’ ആയിരിക്കും അവയുടെ പ്രത്യാഘാതങ്ങളെ നിർണയിക്കുക. എഐ പോകുന്നതും ഇതേ വഴിയിലൂടെയാണെന്ന് തോന്നുന്നു.

Author Photo
അജിത് ബാലകൃഷ്ണൻ

No author description available.

qacheck17@gmail.com

Review overview
NO COMMENTS

POST A COMMENT