ഒരു വാക്കിന്റെ ഇരു പാതികൾ
മലയാള സാഹിത്യലോകത്തെ ശ്രദ്ധേയരായ രണ്ട് എഴുത്തുകാരാണ് പി രാമനും സന്ധ്യ എൻ പി യും. മലയാള കവിതയുടെ നവഭാവുകത്വത്തിന്റെ സൃഷ്ടാക്കളിൽ പ്രധാനിയും ആധുനികോത്തര കവികളിൽ ശ്രദ്ധേയനുമായ പി രാമൻ ഭാഷാധ്യാപകൻ കൂടിയാണ്. കവിയും നോവലിസ്റ്റുമാണ് സന്ധ്യ എൻ പി ബാലസാഹിത്യം ഓർമ്മക്കുറിപ്പുകൾ കവിത നോവൽ തുടങ്ങി വിവിധ വിഭാഗങ്ങളിലായി
രണ്ട് കവികൾ ഒന്നിച്ചു ജീവിക്കുന്നു, എഴുത്തിന് വേണ്ടി വരുന്ന സമയം, സ്പേസ്, വീട്ടുജോലികൾ, വായന, സൗഹൃദങ്ങൾ, സാഹിത്യോത്സവങ്ങൾ എങ്ങനെയാണ് ജീവിതത്തിന്റെ താളം നിലനിർത്തിക്കൊണ്ടു പോകുന്നത്?
പി. രാമൻ: ഞങ്ങൾ വിവാഹം ചെയ്ത് ഒരുമിച്ചു ജീവിക്കാൻ തുടങ്ങിയ സമയത്ത് ഞാൻ എഴുതിത്തുടങ്ങിയേ ഉണ്ടായിരുന്നുള്ളൂ. ആദ്യത്തെ പുസ്തകം വന്നു. അത്രമാത്രം. എഴുത്തു തുടരാൻ പറ്റുമോ എന്നുപോലും തീർച്ചയുണ്ടായിരുന്നില്ല. എപ്പോൾ വേണമെങ്കിലും നിലച്ചുപോകാവുന്നതാണല്ലോ എഴുത്ത്. സന്ധ്യയാകട്ടെ തുടർച്ചയായ എഴുത്തു തുടങ്ങിയിരുന്നുമില്ല. ആകയാൽ, എഴുതാനും വായിക്കാനുമെല്ലാമുള്ള സമയവും സാഹചര്യങ്ങളും ഉണ്ടാക്കുന്നതിനെപ്പറ്റിയൊന്നും ഞങ്ങൾ ചിന്തിച്ചിട്ടുതന്നെയുണ്ടായിരുന്നില്ല. ഒരുമിച്ചു ജീവിക്കാൻ തുടങ്ങിയ ശേഷം ഞാൻ ധാരാളമായി എഴുതി. സന്ധ്യ കവിതയും കഥയും നോവലും എഴുതാൻ തുടങ്ങുകയും ചെയ്തു. വിവാഹശേഷം എന്റെ എഴുത്ത് നിലച്ചില്ല എന്നതിലും സന്ധ്യ എഴുതാൻ തുടങ്ങി എന്നതിലും എനിക്ക് സന്തോഷമുണ്ട്. എഴുത്തിന് തടസ്സം നിൽക്കുന്ന ഒരന്തരീക്ഷം ഞങ്ങൾക്കിടയിൽ ഇല്ലായിരുന്നതുകൊണ്ടാണ് അതു സാധിച്ചത് എന്നു തോന്നുന്നു. വായിക്കാനും എഴുതാനുമെല്ലാം കൂടുതൽ സമയം കിട്ടാവുന്ന തരത്തിൽ നിത്യജീവിതം ക്രമീകരിക്കാൻ ഞങ്ങൾ ബോധപൂർവ്വമല്ലാതെ തന്നെ കുറച്ചൊക്കെ ശ്രദ്ധിച്ചിരുന്നു.
പൊതുവേ മലയാളിയുടെ പാചകരീതി സമയം കൊല്ലിയാണ്. പരമാവധി കുറഞ്ഞ സമയം കൊണ്ടുള്ള പാചകം മതി എന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നു. വിവാഹ സമയത്ത് ഞങ്ങൾക്കു രണ്ടാൾക്കും സ്ഥിരം പണിയുണ്ടായിരുന്നില്ല. പിന്നീടാണ് എനിക്ക് സർക്കാർ പണി ലഭിച്ചത്. വീട്ടിലെ കാര്യങ്ങൾ നോക്കുന്നത് സന്ധ്യയും ജീവിക്കാനുള്ള വരുമാനം കണ്ടെത്തുന്നത് ഞാനുമാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് തുല്യജോലിയായാണ് ഞങ്ങളിരുവരും കാണുന്നത്. പണം ലാഭിക്കാൻ വേണ്ടിയായിരുന്നില്ല, സമയം ലാഭിക്കാൻ വേണ്ടിയായിരുന്നു ഞങ്ങളുടെ പിശുക്ക്. ആ പിശുക്കിന്റെ കൂടി ഫലമാണ് ഞങ്ങൾ ഇരുവരുടെയും എഴുത്തുജീവിതം. ഞങ്ങളുടെ സുഹുത്തുക്കൾ പലരും ഇവിടെ വന്നു താമസിക്കാറുണ്ട്. മിതപാചകം, മിതവൃത്തി എന്ന ഞങ്ങളുടെ രീതിയോട് പൊതുവേ എല്ലാവരും പൊരുത്തപ്പെടാറുണ്ട്. അമിതപാചകവും അമിതവൃത്തിബോധവുമാണ് കേരളത്തിലെ വീടുകളിൽ ഏറ്റവും സമയംകൊല്ലിയാവുന്നത്.
സന്ധ്യ എൻ പി: ഇപ്പോൾ മക്കൾ വലുതായി. എഴുതാനും വായിക്കാനും സിനിമ കാണാനും ഒക്കെയായി എനിക്ക് ഇഷ്ടം പോലെ സമയമുണ്ട്. അച്ഛനും മകളും സ്കൂളിൽ പോയിക്കഴിഞ്ഞാൽ പിന്നെ ഞാൻ ഫ്രീയാണ്. മകൻ ദൂരെയാണ് പഠിക്കുന്നത്.. പെട്ടെന്ന് ആരെങ്കിലും വന്നാൽ വീട് വലിച്ചു വാരിയിട്ടു കണ്ടാൽ മോശമല്ലേ എന്നൊക്കെ ഓർത്ത് പണ്ട് നിർത്താതെ വീട്ടുപണികൾചെയ്യുമായിരുന്നു. വീട്ടുപണികളെക്കുറിച്ചൊന്നുമോർത്ത് പഴയ പോലെ ഇപ്പോൾ ബേജാറാവാറില്ല.
കുട്ടികൾ ചെറുതായിരിക്കുമ്പോൾ അവരേയും നോക്കണം വീട്ടുപണികളും ചെയ്യണമായിരുന്നു. പക്ഷേ ആ കാലത്താണ് ഞാൻ ഏറ്റവും കൂടുതൽ കവിതകൾ എഴുതിയത്. എന്റെ ശ്വസിക്കുന്ന ശസ്ദം മാത്രം, പെൺബുദ്ധൻ ഈ രണ്ടു കവിതാപുസ്തകങ്ങളിലേയും കവിതകൾ മക്കൾ കുഞ്ഞുങ്ങളായിരുന്ന കാലത്തേതാണ്. കുട്ടികൾ എപ്പോഴും കുട്ടികളായിരിക്കണേ എന്നു ഞാൻ പ്രാർത്ഥിച്ചിരുന്നു അന്ന്.. കുട്ടികൾക്കൊപ്പം ആണ് എന്റെ എഴുത്തു ലോകം ഉണ്ടായി വന്നത്.
എനിക്കു കവിതയേക്കാൾ നോവലുകളും കഥകളും വായിക്കാൻ ആണ് ഇഷ്ടം. നോവലുകൾ വായിക്കുമ്പോൾ വേഗത്തിൽ വായിച്ചു തീർക്കാൻ തിടുക്കപ്പെടും ഞാൻ. രാമൻ കവിതകൾ വളരെ പതുക്കെയാണ് വായിക്കുക. വാക്കുകൾ വിടർത്തി വിടർത്തി വീണ്ടും വീണ്ടും ചൊല്ലി ഒരു പാട് സമയമെടുത്ത് ധ്യാനം പോലെ. ഗദ്യം വായിക്കുന്നതിനും കവിത വായിക്കുന്നതിനും രണ്ടു രീതിയാണെന്നെന്നോടു പറയും. എനിക്ക് കവിത വായിക്കാൻ ക്ഷമയില്ല. രാമന് ഗദ്യം വായിക്കാനും. ഞാൻ ഗദ്യം വായിച്ച് അങ്ങോട്ടു പറഞ്ഞു കൊടുക്കും എനിക്ക് ഇങ്ങോട്ടു കവിത വായിച്ചു തരും. അപ്പോൾ ഏതു കവിതയാണോ വായിക്കുന്നത് അത്. അതിനിടയിൽ സാഹിത്യോത്സവങ്ങൾ വരും. അത് നമ്മുടെ കുടുംബത്തിനു പുറത്തു നിന്നുള്ള സന്തോഷം. പട്ടാമ്പി കവിതാ കാർണിവലിന് കുടുംബമടച്ച് കാണാൻ പോകും. ഒട്ടേറെ കവി സുഹൃത്തുക്കളുമുണ്ടാകും വീട്ടിൽ.രാത്രി കവിത ചൊല്ലിയും ചർച്ച ചെയ്തും ഉറങ്ങാതിരിക്കും. കുട്ടികളും അതൊക്കെ കേട്ടിരിക്കും. രസമാണ്. ദൂരങ്ങളിലുളള സാഹിത്യോത്സവങ്ങൾക്ക് ക്ഷണമുണ്ടെങ്കിലേ ഞാൻ പോവാറുള്ളൂ.
ഓണക്കാലമാണല്ലോ. എന്താണ് ഓണം പരിപാടികൾ? ഓണമല്ലാതെ വീട്ടിൽ മറ്റെന്തൊക്കെയാണ് ആഘോഷങ്ങൾ?
പി. രാമൻ: ഓണം ഫ്യൂഡൽ ജാതിമതക്കാലത്തിന്റെ ആഘോഷമായിരുന്നു പണ്ട്. പിന്നീട് കാർഷികാഘോഷമായി. കേരളത്തിന്റെ പൂക്കാലവും പ്രകൃതിയുടെ ഉത്സവാഘോഷവുമായി സമീപകാലത്ത് ഓണത്തെ നാം കാണാൻ ശ്രമിച്ചു. വിപണി എല്ലാം നിയന്ത്രിക്കുന്ന സമകാലത്ത് ഓണം വിപണിയുടെ ആഘോഷമായി മാറി. ജനാധിപത്യകാലത്തിന് അതിന്റേതായ ആഘോഷങ്ങൾ ഉണ്ടായിവരേണ്ടതുണ്ട്. അല്ലെങ്കിൽ, ഓണം പോലെയുള്ള പഴയ ആഘോഷങ്ങളെ ജനാധിപത്യവൽക്കരിച്ച് അടിമുടി പുതുക്കേണ്ടതുണ്ട്. ഇതെല്ലാം ചിന്തിച്ചു കഴിയുക എന്നതുതന്നെ ഓണാഘോഷം. പിന്നെ അവധി, കുട്ടികൾ, സുഹൃത്തുക്കൾ, സഹോദരങ്ങൾ എല്ലാം സന്തോഷം.
സന്ധ്യ എൻ പി: ഓണത്തിന് ഏട്ടനും ഏടത്തിയമ്മയും മക്കളും സുഹൃത്തുക്കളും കവികളും ഒക്കെ ഉണ്ടാവും. പൂവിടും, അരിമാവുകൊണ്ട് അണിഞ്ഞ് തൃക്കാക്കരയപ്പനെ വയ്ക്കാൻ ഇഷ്ടമാണെനിക്ക്. അരിമാവുകൊണ്ട് അണിയാൻ (കോലമിടാൻ) ഞാൻ പഠിച്ചത് പട്ടാമ്പിയിലെത്തിയിട്ടാണ്. ചാണകം മെഴുകിയ നിലത്ത് വെളുത്ത അരിമാവു കൊണ്ട് അണിഞ്ഞതിന്നു നടുവിലാണ് ദേശവേലയ്ക്കു പറ വെക്കുക. ഓണവും കടപ്പറമ്പത്തുകാവു വേലയും ഞങ്ങളെ സംബന്ധിച്ച് വളരെ ആഹ്ലാദകരമായ അനുഭവങ്ങളാണ്. കണ്ണൂരിൽ പറയും പൂതനും തുള്ളുന്ന ദേശവേലകൾ ഇല്ല. “പൂ വേണം, പൂപ്പട വേണം പൂവിളി വേണം”ന്നുള്ള സിനിമാപ്പാട്ടിലാണ് പറയെടുപ്പും തറയുമൊക്കെ ഞാൻ ആദ്യം കണ്ടത്. പട്ടാമ്പി വന്നപ്പോൾ നേരിട്ടു കാണാവുന്ന കാഴ്ചകളായി. ഓണം കഴിഞ്ഞാൽ വേലയാണ് ഒരാഘോഷം.
എഴുതുന്ന പുരുഷന് കിട്ടുന്ന പ്രിവിലേജുകൾ പലപ്പോഴും സ്ത്രീയ്ക്ക് കിട്ടാറില്ല. അടുക്കളയോട് പൊരുതി വീട്ടുത്തരവാദിത്തങ്ങളോട് മല്ലിട്ട് ചിലപ്പോഴെങ്കിലും അവളുടെ കവിത തോറ്റുപോകും. എന്താണ് തോന്നുന്നത്? സന്ധ്യക്ക് എത്രത്തോളം കവിതായോഗ്യമാണ് വീട്?
പി. രാമൻ: അടുക്കളയിലെ കാര്യങ്ങൾ ഞാൻ സൂചിപ്പിച്ചു കഴിഞ്ഞു. പരമാവധി യന്ത്രസഹായത്തോടെ, കുറഞ്ഞ സമയം കൊണ്ടുള്ള, ഏറെക്കുറെ ദിവസത്തിൽ ഒറ്റത്തവണ കൊണ്ടു തീരുന്ന, തീർത്തും മിതമായ ഭക്ഷണരീതിയാണ് ഞങ്ങളുടേത്. ഇടക്കു വല്ലപ്പോഴും വിപുലമായി തിന്നണം എന്നു തോന്നിയാൽ ഹോട്ടലിൽ പോയി കഴിക്കാം. സന്ധ്യയെ സംബന്ധിച്ചിടത്തോളം വീട്ടിലെ ജോലികൾ എഴുത്തിന് തടസ്സമായിട്ടില്ല എന്നാണ് എന്റെ ബോധ്യം. വൃത്തിബോധം മിതമായതിനാൽ വീട്ടിലെവിടെ നോക്കിയാലും പുസ്തകങ്ങളോ കുട്ടികൾ വരച്ച ചിത്രങ്ങളോ ഒക്കെയായിരിക്കും. അതുകൊണ്ട് ഭൗതികമായിത്തന്നെ എവിടെയും കവിതയുണ്ട്, കലയുണ്ട്, എടുത്തു വായിക്കാൻ സമയവും കണ്ടെത്തിയിട്ടുണ്ട്. വീട് ഞങ്ങളിരുവർക്കും തീർച്ചയായും കവിതായോഗ്യമാണ്.
സന്ധ്യ എൻ പി: കുടുംബം എനിക്കൊരിക്കലും എഴുത്തിനു തടസ്സമായിരുന്നിട്ടില്ല. അതെപ്പോഴും എന്റെ കൂടെ നിന്നു. കുടുംബാംഗങ്ങൾക്കിടയിൽ ഒരു എഴുത്തുകാരി എന്ന പ്രിവിലേജ് തീർച്ചയായും അവരെനിക്കു തന്നിട്ടുണ്ട്. എന്റെ ‘നഗ്നജലം’ എന്ന നോവലിൽ പേരിൽ ഉള്ളതുപോലെതന്നെ സാധാരണക്കാർ വായിച്ചാൽ “അയ്യേ” എന്നു തോന്നാവുന്ന ചില രംഗങ്ങൾ ഉണ്ട്. യോനീപൂജ ഒക്കെ വരുന്ന ഭാഗങ്ങൾ ഉണ്ട്. ആത്യന്തികമായി അതൊരു എക്കോ-ഫെമിനൈൻ നോവലാണ്. പ്രകൃതിആരാധനയെ അടിസ്ഥാനമാക്കിയുള്ള ഒരു ആധ്യാത്മിക നോവൽ ആണത് എന്ന് നമ്മുടെ കുടുംബത്തിലെ ഒരു അടുത്ത ബന്ധു നോവൽ വായിച്ച് അഭിപ്രായം പറഞ്ഞത് എന്നെ വിസ്മയിപ്പിച്ചിട്ടുണ്ട്. അമ്പലത്തിൽ പൂജ ചെയ്യുന്ന അദ്ദേഹത്തിന് എന്റെ നോവലിനെ കൃത്യമായി മനസ്സിലാക്കാൻ പറ്റി എന്നത് വളരെ അഭിമാനത്തോടെ ഞാൻ ഓർക്കാറുണ്ട്. എനിക്ക് വളരേ കംഫേർട്ടബിൾ സോൺ ആണ് കുടുംബം.
ഞങ്ങൾ രണ്ടു പേരും രണ്ടു ജനറേഷൻ കവികളാണ്. എഴുത്തിൽ എന്നേക്കാൾ ഒരു പാടു സീനിയർ ആണു രാമൻ. പെട്ടെന്നുള്ള തോന്നിച്ചകളാണ് എന്റെ കവിതകൾ. ചില കാഴ്ചകളോ എന്തെങ്കിലും ചിന്തകളോ ഒക്കെ വരുമ്പോഴാണ് ഞാൻ കവിത എഴുതുക. ഞാൻ ഗദ്യമാണ് കൂടുതൽ വായിക്കാറ് എന്നു പറഞ്ഞല്ലോ. രാമൻ പക്ഷേ കവിതകളിൽ മുങ്ങിയിരിക്കും ലോകകവിതയിൽ അപ്പപ്പോൾ സംഭവിക്കുന്നതെന്ത് എന്ന് അപ്ഡേറ്റു ചെയ്തു കൊണ്ടേയിരിക്കും. ഇടയ്ക്കു കവിസുഹൃത്തുക്കൾ വരുമ്പോൾ കവിത വിഷയമായി ആഴത്തിലുള്ള ചർച്ചകൾ നടക്കും. കവിതയെ എത്ര ലാഘവത്തോടെയാണു ഞാൻ സമീപിക്കുന്നത് എന്ന ചിന്ത വരും. കുറച്ചുകൂടി ഗൗരവത്തിൽ സമീപിക്കേണ്ടതുണ്ടെന്ന് ഞാനെന്നെ ഓർമ്മപ്പെടുത്തും.
എഴുത്തുസംബന്ധമായ ഒരു പരിശീലനം കൂടിയാണ് എനിക്ക് രാമനൊപ്പമുള്ള ഈ കാവ്യജീവിതം.
ഓരോ മനുഷ്യന്റെയും ഒച്ച ലോകത്തിന്റെ ഏതു കോണിലേക്കും എത്തിക്കാനും കേൾക്കാനും സാധ്യതയുള്ള ഒരു ലോകത്താണല്ലോ നാമിന്നു ജീവിക്കുന്നത്. എഴുത്തുകാരുടെ ഒച്ചകൾക്ക് ലോകം കാതോർക്കുന്നുമുണ്ട്. സാമൂഹികപ്രതിബദ്ധത എന്ന പതിവ് ക്ലീഷേ ചോദ്യമല്ല, കവികൾ എന്ന നിലയിൽ സാമൂഹികമായ എന്തെങ്കിലും ഉത്തരവാദിത്തങ്ങൾ ഉള്ളതായി കരുതുന്നുണ്ടോ? ലോകം കലങ്ങിമറിയുമ്പോൾ എന്താണ് ഒരു എഴുത്താൾക്ക് ചെയ്യാനാവുക?
പി. രാമൻ: കവിത മനുഷ്യന് പല നിലകളിൽ അനിവാര്യമാണ് എന്നു ഞാൻ കരുതുന്നു. ചില ചരിത്രസന്ദർഭങ്ങളിൽ അത് ഒരു രാഷ്ട്രീയ ആയുധവും ആകാം. തീർത്തും മാനസികമായ അനിവാര്യതതൊട്ട് സാമൂഹികമായതുവരെ. ഇന്ന് അതൊന്നും വേർതിരിച്ചു പറയാൻ നമുക്കു പറ്റണമെന്നില്ല. വൈലോപ്പിള്ളിയുടെ ഒരു വരി ഓർമ്മ വരുന്നു. “അകമേ പരിണാമം വരുത്തി സ്വാസ്ഥ്യം നരർക്കരുളാൻ കവിതപോൽ മറ്റുണ്ടോ ശുശ്രൂഷിക?” ജീവിതത്തിന്റെ സങ്കീർണ്ണതയെ മനസ്സിലാക്കി എഴുതുക എന്നതാണ് എഴുത്താൾക്കു ചെയ്യാൻ കഴിയുന്ന കാര്യം എന്നു ഞാൻ കരുതുന്നു. എങ്കിൽ അത് വായനക്കാർക്കും ചില വഴികൾ തെളിച്ചേക്കും.
സന്ധ്യ എൻ പി: നിഷ്പക്ഷരായി ഇരുന്നുകൊണ്ട് ലോകത്തെ നേർവഴിയിൽ നയിക്കാൻ ഉള്ള ഉത്തരവാദിത്തം എഴുത്തുകാർക്കുണ്ട് എന്നു ഞാൻ വിശ്വസിക്കുന്നു. എഴുത്തുകാർക്ക് പ്രത്യക്ഷമായ രാഷ്ട്രീയം നന്നല്ല എന്നു ഞാൻ വിചാരിക്കാറുണ്ട്. യുദ്ധംപോലെ ജൈവവിരുദ്ധമായ, മനുഷ്യവിരുദ്ധമായ കാര്യങ്ങൾ നടക്കുമ്പോൾ എഴുത്തുകാർ സംഘടിക്കേണ്ടതുണ്ട്. വിദൂരസ്ഥമായതിനെ സമീപസ്ഥമായി കാണാൻ കഴിയുന്നവരാണ് എഴുത്തുകാർ.അതുകൊണ്ട് തന്നെ കാര്യങ്ങൾ വഷളാവും മുമ്പ് അതു ചൂണ്ടിക്കാട്ടാൻ ഉള്ള ചുമതല എഴുത്തുകാർക്കുണ്ട്. വഴിയിൽ വീണുപോകുന്ന വാക്കുകളെ പെറുക്കി എന്നേക്കുമാക്കി സൂക്ഷിക്കുന്നവരാണ് എഴുത്തുകാർ. വാക്ക് ആവശ്യമായി വരുന്ന നിർണ്ണായക സമയത്ത് അവരുടെ കൈയ്യിലേ അതു കാണൂ.
ഒരുമിച്ചു ജീവിച്ചുതുടങ്ങുമ്പോൾ ജാതീയമായും ദേശപരമായുമൊക്കെയുള്ള വ്യത്യാസങ്ങൾ ഉണ്ടായിരുന്നല്ലോ നിങ്ങൾ തമ്മിൽ. അതൊക്കെ ജീവിതത്തിൽ എങ്ങനെയൊക്കെയാണ് ബാധിച്ചത്? എങ്ങനെയൊക്കെയാണ് അതിനെ മറികടന്നത്?
പി. രാമൻ: അതെ, ജാതീയവും ദേശപരവുമായ വ്യത്യാസങ്ങൾ ഞങ്ങൾക്കു തമ്മിൽ ഉണ്ടായിരുന്നു. പക്ഷേ ഒരുമിച്ചു ജീവിക്കാൻ തുടങ്ങിയശേഷം ഞങ്ങൾക്കിടയിൽ ഈ രണ്ടു കാര്യങ്ങളുടെ പേരിലും ഒരാശയക്കുഴപ്പവും ഉണ്ടായിട്ടില്ല. കാരണം, ജാതിമൂല്യങ്ങളല്ല ഇന്ത്യൻ ഭരണഘടന മുന്നോട്ടുവക്കുന്ന മൂല്യങ്ങളാണ് ഞങ്ങളുടേത്. ജാതിവ്യക്തിത്വമോ മതവ്യക്തിത്വമോ അല്ല ഞങ്ങളുടെ വ്യക്തിത്വം.ജാതിയോ മതമോ ആയി ഒരു ബന്ധവുമില്ലാത്ത വ്യക്തിത്വം ഞങ്ങൾ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. അതിനെ പരസ്പരം മാനിക്കുന്നതുകൊണ്ട് ഞങ്ങൾക്കിടയിൽ ജാതിയോ ദേശമോ ഒരു ഘടകമേയല്ല. എന്നാൽ ജാതിമത വ്യക്തിത്വങ്ങളും മൂല്യങ്ങളുമല്ലാതെ മറ്റൊന്നും ഒരാൾക്ക് ഉണ്ടായിക്കൂടാ എന്നു വിചാരിക്കുന്ന ധാരാളമാളുകൾ ഇപ്പോഴും നമുക്കു ചുറ്റുമുണ്ട്. ജാതി-മത വ്യക്തിത്വമല്ലാതെ മറ്റൊരു വ്യക്തിത്വം അവർ അംഗീകരിച്ചു തരില്ല. ജനാധിപത്യകാലത്തിന്റെ മൂല്യങ്ങൾ ഇനിയും മനസ്സിലായിട്ടില്ലാത്തവർ. അത്തരക്കാർ കുടുംബത്തിലും സമൂഹത്തിലുമൊക്കെ കാണും. അവരുടെ വാക്കുകളും പ്രവൃത്തികളും ഞങ്ങളെ വേദനിപ്പിച്ചിട്ടുമുണ്ട്. സമൂഹത്തിന്റെ ഒരു സംക്രമഘട്ടത്തിൽ ഇതു സ്വാഭാവികമെന്നു കരുതി സമാധാനിക്കാം.
സന്ധ്യ എൻ പി: ജൂലായ് 11, 2004 ൽ ആയിരുന്നു ഞങ്ങളുടെ കല്യാണം. ഞാൻ ഈഴവ സമുദായാംഗവും രാമൻ നമ്പൂതിരി സമുദായത്തിൽപ്പെടുന്ന ആളുമായിരുന്നു. “അഗ്നിസാക്ഷിയായ് പാണിഗ്രഹണം ചെയ്ത് വീടിന്റെ അടഞ്ഞ വാതിൽ ചവിട്ടിത്തുറന്നു വരുന്നവളാണ് മരുമകൾ നീ അങ്ങനെയല്ല” എന്ന് പറഞ്ഞിട്ടുണ്ടെങ്കിലും എന്നോട് സ്നേഹവതിയായി മാറിയിട്ടാണ് ഇവിടുത്തെ അമ്മ മൺമറഞ്ഞത്. എന്നെ സംബന്ധിച്ചിടത്തോളം ജാതീയ വ്യത്യാസങ്ങൾ വലിയ രീതിയിൽ പ്രത്യക്ഷമായി കാണാത്ത കണ്ണൂരിലെ ഒരു പ്രദേശത്തു നിന്നാണ് ഞാൻ പട്ടാമ്പിയിലെത്തുന്നത്. നമ്പൂതിരി സമുദായത്തിന്റെ അനുഷ്ഠാനാധിഷ്ഠിതമായ ജീവിതത്തെക്കുറിച്ചൊന്നും എനിക്കന്ന് യാതൊരറിവുണ്ടായിരുന്നില്ല. ലളിതാംബിക അന്തർജ്ജനത്തിന്റെ അഗ്നിസാക്ഷി ഒക്കെ വായിച്ച ഒരു പരിചയമേ നമ്പൂതിരി ജീവിതവുമായുള്ളൂ. അതും അതിൽക്കാണുന്ന അനുഷ്ഠാനങ്ങളൊക്കെ നോവലിൽ മാത്രമേ ഉള്ളു എന്നായിരുന്നു വിചാരം. ഇവിടെ എത്തിയപ്പോഴാണ് അതൊന്നും നോവലിൽ മാത്രമല്ല, അടിയൻ, തമ്പ്രാൻ, തമ്പ്രാട്ടി, തിരുമേനി എന്നൊക്കെ വിളിച്ചു കൊണ്ട് വർത്തമാനം പറയുന്ന രീതി വരെ ഇവിടെ ഉണ്ട് എന്ന് ഞാൻ മനസ്സിലാക്കിയത്. വിജാതീയ വിവാഹത്തെ കൂടുതൽ പരിഹസിക്കുന്നത് കുടുംബത്തിനു പുറത്തുള്ള ഇപ്പോഴും ആ പഴയ ഫ്യൂഡൽകാലജീവിതത്തിന്റെ ഓർമ്മയിൽ അഭിരമിക്കുന്ന ജാതി സമൂഹമാണ് എന്ന് തോന്നാറുണ്ട്.ആളുകളുടെ ഉള്ളിൽ എത്ര തുടച്ചാലും പോകാത്ത കറ പോലെ മേൽക്കീഴ്ജാതി ചിന്ത അങ്ങനെ പതിഞ്ഞു കിടക്കുന്നുണ്ട്.
“നമ്മക്ക് ചോറ് ബെയ്ക്കാം” എന്നു ഞാൻ പറഞ്ഞപ്പോൾ “ചോറുണ്ണാം” ന്നാണു പറയുക എന്ന് അമ്മ എന്നെ തിരുത്തി. “അച്ഛനെ ‘ച്ഛ’ എന്ന് ഉറപ്പിച്ചു വിളിക്കുന്നില്ലെന്ന് ശുണ്ഠിയെടുത്തു. ഭാഷാപരമായൊരു പ്രതിസന്ധിയിലൂടെ ഞാനന്നു കടന്നു പോയിട്ടുണ്ട്. കുറേനാൾ അടുക്കളക്കിണറിൽ നിന്നും അടുക്കള ആവശ്യങ്ങൾക്കുള്ള വെള്ളം അമ്മ തന്നെയാണു കോരിവെച്ചിരുന്നത്., കുറച്ചു കഴിഞ്ഞപ്പോഴാണത് എനിക്കു മനസ്സിലായത്. അടുക്കളത്തേവരെ കുളിപ്പിക്കുന്നത് ആ കിണറിലെ വെള്ളത്തിലാണ്. പിന്നെ ചേച്ചിമാരൊക്കെ സംസാരിച്ച് അമ്മയെ ബോധ്യമാക്കി. ഞാൻ വെള്ളം കോരി. ഇങ്ങനെ ഒരു തരം ഇന്റലക്ച്വൽ സ്റ്റൈലിലാണ് വിജാതീയ വിവാഹ ജീവിതപ്രതിസന്ധികൾ ഉണ്ടായിരുന്നത്. അമ്മ മറ്റൊരു തലമുറയിലെ ആളായതുകൊണ്ടുള്ള പ്രശ്നങ്ങൾ ആണെന്നു ഞങ്ങൾക്കറിയാമായിരുന്നു. ഞങ്ങളത് അങ്ങനെയാണു മനസ്സിലാക്കിയത്.കുടുംബത്തിലെ മിക്കവാറും എല്ലാവരും ഞങ്ങളോടു സഹകരിച്ചും സ്നേഹിച്ചും നന്നായിത്തന്നെയാണു പെരുമാറിയത്. ഞാൻ വായിച്ച സാഹിത്യം എന്നെ ജീവിത പ്രതിസന്ധികളിൽ ഉചിതമായിപെരുമാറാനും പ്രതികരിക്കാനും വളരെയധികം സഹായിച്ചിട്ടുണ്ട്.
വായിച്ച പുസ്തകങ്ങൾ എന്നെ പഠിപ്പിച്ചിരുന്നത് മനുഷ്യർക്കു തമ്മിൽ വ്യത്യാസമില്ല എന്നാണ്, വ്യത്യാസമുണ്ടെങ്കിൽ അത് ജ്ഞാനമുള്ളവരും ഇല്ലാത്തവരും തമ്മിലുള്ള വ്യത്യാസം മാത്രമാണ് എന്നാണ്. പിന്നെ “ഇവിടെ എല്ലാം പുതുതാണ്, അതുകൊണ്ട് ജീവിതത്തിൽ വരുന്നതിനെയെല്ലാം അത്ഭുതത്തോടെ സ്വീകരിക്കും” എന്നു ഞാൻ തീരുമാനിച്ചിരുന്നു. “സാങ്കേതികാർത്ഥത്തിൽപ്പറയുന്ന കീഴ്ജാതിയാണ് ഞാൻ” എന്ന് ഞങ്ങൾ ഓർത്തില്ലെങ്കിലും നമുക്കു ചുറ്റുമുള്ള സമൂഹം നമ്മളെയതു ചിലപ്പോഴോർമ്മിപ്പിക്കും.
‘വിജാതീയ വിവാഹം’ അതിന്റെ ചില വിഷമമുഹൂർത്തമൊക്കെ നമുക്ക് സമ്മാനിക്കും. അതിനെ മറികടന്നു മുന്നോട്ടു പോകുക എന്നത് വളരെ പ്രധാനമാണ്. എല്ലാ പ്രതിസന്ധികളേയും ഞങ്ങൾ ഒരുമിച്ചു നേരിട്ടു. എന്നെ ക്ഷണിക്കാതെ രാമനെ മാത്രം വിളിച്ചിടത്തേക്ക് രാമൻ പോയില്ല.ഞങ്ങൾ എപ്പോഴും ഒപ്പം നിന്നു. എല്ലാറ്റിനേയും ഒരുമിച്ചു കൈക്കൊണ്ടു. നേരിട്ടു. ഞങ്ങളുടെ മക്കൾക്ക് അവരുടെ സർട്ടിഫിക്കറ്റുകളിലെ ജാതി, മത കോളത്തിൽ Nil എന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്. intercast marriage എന്നത് ജീവിതത്തിൽ നീണ്ടു നിൽക്കുന്ന വിപ്ലവമാണ്. ഞങ്ങളതു തുടങ്ങിയിട്ട് 21 വർഷം!
എഴുതാനിരിക്കുന്ന പുരുഷന്റെ വീട്ടിൽ പലപ്പോഴും അവന്റെ എഴുത്തിനു കാവലാകുന്നത് ഭാര്യയായിരിക്കും. അച്ഛൻ എഴുതുകയാണ് ഒച്ച വെക്കരുതെന്നു കുഞ്ഞുങ്ങളെ ശാസിക്കുന്ന, അയാൾക്ക് വേണ്ടത് ഒരുക്കിക്കൊടുക്കുന്ന ഭാര്യ. ഇവിടെ ഭാര്യയും എഴുത്തുകാരിയാവുമ്പോൾ എന്താണ് സംഭവിക്കുന്നത്? വീട് അവളുടെ എഴുത്തിനെ കെടുത്തുന്നുണ്ടോ? മാഷാണ് തന്നിലെ കവിയെ കണ്ടെത്തിയതെന്ന് സന്ധ്യഎഴുതിയത് വായിച്ച ഓർമ്മ വെച്ച് കൊണ്ട് തന്നെയാണ് ചോദ്യം.
പി. രാമൻ: തന്റെ നേരനുഭവങ്ങളിലും ബോധ്യങ്ങളിലും ഊന്നിയാണ് സന്ധ്യ എഴുതിയിട്ടുള്ളത്. ഒരുമിച്ചൊരു ജീവിതം ജീവിച്ചുകൊണ്ട് എനിക്കു കഴിയാത്ത തരത്തിൽ വ്യത്യസ്തമായി എഴുതാൻ സന്ധ്യക്കു കഴിയുന്നു എന്നത് ആദ്യം മുതലേ എന്നെ വിസ്മയിപ്പിച്ചു. ഒറ്റ ജീവിതത്തിൽ നിന്നു പല ലോകങ്ങൾ ഉണ്ടാക്കിയെടുക്കാം എന്ന് സന്ധ്യയുടെ എഴുത്ത് എന്നെ പഠിപ്പിച്ചു.
സന്ധ്യയുടെ എഴുത്തിനെ കെടുത്താൻ ശ്രമിക്കുന്ന ചില ഘടകങ്ങൾ വീട്ടിലല്ല സമൂഹത്തിലാണ് ഉള്ളതെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. സമൂഹത്തിന്റെ ഹിപ്പോക്രസിയിൽ. പഴയ ചില എഴുത്തുകാരെക്കുറിച്ചു പറയുമ്പോൾ നമ്മൾ പറയും, അവരുടെ നിഴലിൽ പെട്ട് കൂടെ ജീവിക്കുന്ന സ്ത്രീയുടെ എഴുത്ത് മുന്നോട്ടുപോയില്ല എന്ന്. അതേ സമയം ഒരെഴുത്തുകാരന്റെ കൂട്ടുകാരി എഴുത്തിന്റെ പേരിൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയാൽ ഓ, അതയാളുടെ ഭാര്യയായതുകൊണ്ടാണ് എന്നു പറയുന്നവർ ഇന്നും ധാരാളമുണ്ട്. ഈ അവഗണനയെ മറികടന്നാണ് സന്ധ്യ എഴുതുന്നത്. നേരത്തേ ജാതിയെക്കുറിച്ചു പറഞ്ഞതുപോലെ തന്നെ, ഒരാൾ ഉണ്ടാക്കിയെടുക്കുന്ന സ്വതന്ത്രവ്യക്തിത്വത്തെ അംഗീകരിക്കാൻ നമുക്കിനിയും കഴിയുന്നില്ല.
സന്ധ്യ എൻ പി: എഴുത്തിനായി വീട്ടിൽ അങ്ങനെ പ്രത്യേകിച്ചൊരു അന്തരീക്ഷമൊരുക്കലൊന്നുമില്ല. കുട്ടികൾ അവർക്കു ചെയ്യാൻ ഉള്ളത് ചെയ്യും. എനിക്ക് എഴുതണമെന്നു തോന്നുമ്പോൾ ഞാൻ എഴുതും. രാമന് എഴുതണമെന്നു തോന്നുമ്പോൾ രാമൻ എഴുതും. ഭക്ഷണകാര്യങ്ങളിലൊന്നും ആർക്കും നിർബന്ധങ്ങളൊന്നുമില്ലാത്തതുകൊണ്ട് അടുക്കളയെക്കുറിച്ചുള്ള ബേജാറുകൾ ഒന്നുമില്ല. വീട്ടിൽ എല്ലാവരും അവരവർക്കു തോന്നുന്ന കാര്യങ്ങൾ ചെയ്യും. എഴുതുകയോ വായിക്കുകയോ ടി.വി കാണുകയോ കമ്പ്യൂട്ടർ നോക്കുകയോ എന്താണെന്നു വെച്ചാൽ അത്. അല്ലാതെ രാമനു മാത്രമായി ഒരു എഴുത്തു സമയം എനിക്കു മാത്രമായി ഒരെഴുത്തു സമയം അങ്ങനെയൊന്നും ഇല്ല.
സ്കൂളാണല്ലോ പണിയിടം. അതൊരു സിസ്റ്റമാണ് ആ സിസ്റ്റം ഡിമാൻഡ് ചെയ്യുന്ന വ്യവസ്ഥകൾക്ക് അനുസരിച്ചു നാം പരുവപ്പെട്ടേ തീരൂ എന്ന് ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്. കുടുംബം എന്ന സിസ്റ്റത്തിന് ചില വ്യവസ്ഥകൾ ഉണ്ട്. അതിനെ എങ്ങനെയാണു കാണുന്നത് രണ്ടാളും, കവികൾ എന്ന നിലയിൽ കുടുംബം എന്ന വ്യവസ്ഥാപിത വാർപ്പ് മാതൃകയെ എങ്ങനെയാണ് നോക്കിക്കാണുന്നത്?
പി. രാമൻ: രാജ്യത്തെ ജനാധിപത്യപൂർവ സ്ഥാപനങ്ങളെല്ലാം ഇന്ന് പ്രശ്നം തന്നെയാണ്. കാരണം ജനാധിപത്യത്തിനു മുമ്പുള്ള സ്ഥാപനങ്ങളായതിനാൽ ഭരണഘടനാമൂല്യങ്ങളല്ല, ജാതി- മത മൂല്യങ്ങളാണ് അവിടെ പ്രമാണം എന്നാണ് ഇപ്പോഴും പൊതുബോധം. ആരാധനാലയങ്ങളെല്ലാം ഇക്കൂട്ടത്തിൽ പെടുന്നു. അതുകൊണ്ടാണ് ശബരിമലയിൽ സ്ത്രീകൾക്കു കയറാം എന്നു കോടതി പറഞ്ഞാലും ആൾക്കൂട്ടം എതിർക്കുന്നത്. കുടുംബമാണ് ഈ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ജനാധിപത്യപൂർവ സ്ഥാപനം. ഇവയെല്ലാം പടിപടിയായി ജനാധിപത്യവൽക്കരിക്കപ്പെടുക എന്നതാണ് പ്രധാനം. സമത്വം, സ്വാതത്ര്യം തുടങ്ങിയ ഭരണഘടനാമൂല്യങ്ങൾ ഒരു ജനാധിപത്യാനന്തര സ്ഥാപനത്തിൽ വലിയ പ്രയാസമില്ലാതെ നടപ്പാക്കാൻ പറ്റും. എന്നാൽ കുടുംബം പോലെ, ആരാധനാലയം പോലെ ജനാധിപത്യത്തിനും ഭരണഘടനക്കും മുമ്പുള്ള സ്ഥാപനങ്ങളിൽ അത് എളുപ്പമല്ല.അതുകൊണ്ടാണ് 1956 ലോ മറ്റോ സി.ജെ. തോമസ് ഇന്ത്യൻ ജനതയെ ജനാധിപത്യരീതികൾ പഠിപ്പിക്കേണ്ടിയിരിക്കുന്നു, അതിനാണ് രാജ്യത്തെ സർക്കാരും രാഷ്ട്രീയ കക്ഷികളും ശ്രമിക്കേണ്ടത് എന്ന് എഴുതിയത്. എന്നാൽ ജനാധിപത്യം നടപ്പായി ഇത്ര കാലം കഴിഞ്ഞിട്ടും കുടുംബം, ആരാധനാലയം തുടങ്ങിയവ സമത്വവും സ്വാതന്ത്ര്യവുമില്ലാത്ത ഇടങ്ങളായിത്തന്നെ തുടരുന്നു. ഇന്ത്യൻ ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായാണ് ഞാൻ ഇതിനെ കാണുന്നത്.
സന്ധ്യ എൻ പി: രാമൻ ജോലിക്കു പോവും വരുമാനം കൊണ്ടുവരും ഞാൻ കുടുംബകാര്യങ്ങൾ നോക്കും. അങ്ങനെയാണ് ഞങ്ങളുടെയൊരു ധാരണ. ഭീകരനായ ഗൃഹനാഥൻ, ബാക്കി വീട്ടിലുള്ള പ്രജകൾ എന്ന രീതിയിലുള്ള ഒരു കുടുംബസങ്കല്പമൊന്നും ഞങ്ങൾക്കില്ല എല്ലാവരും സ്വതന്ത്ര വ്യക്തികളാണെന്നും കുടുംബത്തിൽ അവർക്ക് അവരുടേതായ ഇടം ഉണ്ട് എന്നുമുള്ള ജനാധിപത്യധാരണ കുട്ടികളിലും ഉണ്ടാക്കാൻ ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്.
സഹകവികൾ എന്ന നിലയിലാണോ പങ്കാളികൾ എന്ന നിലയിലാണോ നീ കൊള്ളാം എന്ന് പരസ്പരം തോളത്തു തട്ടി അഭിനന്ദിക്കാൻ തോന്നാറുള്ളത്? (അങ്ങനെ ഉണ്ടെങ്കിൽ)
പി. രാമൻ: രണ്ടു നിലയിലും. ഞാൻ പറഞ്ഞല്ലോ പങ്കിടുന്ന ഒരേ ഭൗതികജീവിതത്തിൽ നിന്ന് വ്യത്യസ്തലോകങ്ങൾ ഉണ്ടാകുന്നു. ആ പലമയെ അംഗീകരിക്കുക എന്നതാണ് പ്രധാനം.
സന്ധ്യ എൻ പി: ഞങ്ങളുടെ കല്യാണ സമയത്ത് ഞാനൊരു എഴുത്തുകാരിയല്ല. കോളേജ് മാഗസീനുകളിൽ ചില കഥകൾ വന്നിട്ടുണ്ടെന്നെല്ലാതെ എഴുത്തുകാരിയാണ് ഞാൻ എന്ന് എനിക്ക് ബോധ്യമുണ്ടായിരുന്നില്ല. “കവിളുകളുടെ കടലിൽ ഒരു ചിരി നങ്കൂരമിട്ടു കിടപ്പുണ്ടായിരുന്നു….” എന്നു തുടങ്ങുന്ന രാമന്റ ‘തുറസ്സ്’ എന്ന കവിത രാമൻ ചൊല്ലുന്നതു കേട്ടാണ് ഞാൻ രാമനെ പ്രണയിച്ചത്. കല്യാണശേഷം എന്റെ ഡയറി വായിച്ചുനോക്കിയിട്ട് ഇതു മുഴുവൻ കവിതയാണല്ലോ എന്നു പറഞ്ഞത് രാമനാണ്.
ഇത്രയും വർഷങ്ങൾ കഴിഞ്ഞും മനുഷ്യൻ എന്ന നിലയിലും എഴുത്തുകാരി എന്ന നിലയിലും ആത്മവിശ്വാസമില്ലാതെ നില്ക്കുമ്പോൾ ആത്മവിശ്വാസമുള്ള ആളാക്കി എന്നെ മുന്നിലേക്ക് തള്ളിവിടുന്നത് രാമനാണ്.
ആണിന്റെ സൗഹൃദ ലോകം വിപുലമാണ്, എഴുത്തുകാരുടെയും. രണ്ടാൾക്കും ഒരേ സൗഹൃദ ലോകമാണോ ഉള്ളത്?
പി. രാമൻ: ഞങ്ങൾക്ക് പൊതുവായ സുഹൃത്തുക്കളും അവരവരുടേതു മാത്രമായ സുഹൃത്തുക്കളുമുണ്ട്. തുറന്ന സംസാരത്തിലൂടെ സൗഹൃദലോകങ്ങളെ ഒരുമിപ്പിക്കാൻ ആവതും ശ്രമിക്കാറുണ്ട്.
സന്ധ്യ എൻ പി: രണ്ടു പേർക്കും കോമൺ സുഹൃത്തുക്കളുമുണ്ട്, അല്ലാത്തവരുമുണ്ട്. എഴുത്തുകാരേ അല്ലാത്ത വായനാശീലമുള്ള കുറച്ചു പെൺസുഹൃത്തുക്കൾ എനിക്കുണ്ട് ഡിഗ്രിക്കു പഠിക്കുമ്പോൾ എന്റെ ചങ്കു കൂട്ടുകാരിയായിരുന്ന ആൾ ഇപ്പോഴും എന്റൊപ്പമുണ്ട്. കല്യാണശേഷം കിട്ടിയ സുഹൃത്തുക്കളാണ് ധാരാളം.
മനുഷ്യരെ അലട്ടുന്ന വലിയ പ്രശ്നമാണ് തന്നെ മനസ്സിലാക്കാത്ത ചുറ്റുപാടുകൾ, കുടുംബം, വീട് എന്നതൊക്കെ. അക്കാരണം കൊണ്ട് തന്നെ എഴുത്തുജീവിതത്തിലോ കുടുംബജീവിതത്തിലോ തടഞ്ഞു വീണുപോകുന്ന എത്രയോ മനുഷ്യരുണ്ട്. നിങ്ങൾക്കിടയിൽ പരസ്പരം പൂരിപ്പിക്കാനാകുന്ന ഒരു തെളിച്ചം ആ അർത്ഥത്തിൽ ഉണ്ടാവും എന്ന് പറഞ്ഞാൽ?
പി രാമൻ: തന്റേതിൽ നിന്നു വ്യത്യസ്തമായ മറ്റൊരാളുടെ സ്വതന്ത്ര വ്യക്തിത്വത്തെ മാനിക്കുക എന്നതുതന്നെയാണ് പരസ്പരം പൂരിപ്പിക്കാനാകുന്ന ആ തെളിച്ചം.
സന്ധ്യ എൻ പി: ദീർഘകാലം പ്രണയിച്ചു കല്യാണം കഴിച്ചവരായതു കൊണ്ടു തന്നെ ഞങ്ങൾക്കിടയിൽ എന്തും പരസ്പരം പറയാൻ ഉള്ള ഒരു തെളിച്ചവും സ്വാതന്ത്ര്യവും ഉണ്ട്. എന്തു പ്രശ്നമുണ്ടായാലും സംസാരിച്ചു സോൾവ് ചെയ്യാൻ ഈ സ്വാതന്ത്യം ഞങ്ങളെ സഹായിക്കാറുണ്ട്. പരസ്പരം സംസാരിച്ചാൽ പരിഹരിക്കാവുന്ന പ്രശ്നങ്ങളേ മനുഷ്യജീവിതത്തിൽ ഉള്ളൂ എന്ന് രാമനെന്നോടു പറഞ്ഞിട്ടുണ്ട്.
ചെമ്പിലടച്ചു വെച്ച കുടിവെള്ളം ക്ഷണം കൊണ്ട് തീരും പോലെയാണ് വീട്ടമ്മമാർക്ക് സമയം എന്ന് സന്ധ്യ പണ്ടെവിടെയോ എഴുതിയത് വായിച്ചതോർക്കുന്നു.സമയത്തിന്റെ ജലം അത്ര വേഗത്തിൽ തീരുമ്പോഴും ദാഹമാറുന്നുണ്ടോ എന്നൊരു ചോദ്യം ബാക്കിയില്ലേ?
പി. രാമൻ: ഞാൻ വിചാരിക്കുന്നത്, സമയം തീരുമ്പോൾ പുതിയ സമയം ഉണ്ടാകുന്നുണ്ട് എന്നാണ്. അന്ത്യം എപ്പോഴാണ് എന്ന് അറിയാത്തിടത്തോളം. കുട്ടികളെ വളർത്തി വലുതാക്കുന്ന കാലത്ത് അതിലായിരുന്നു കൂടുതൽ ശ്രദ്ധ. അവർ പറക്കമുറ്റാറായപ്പോൾ സ്വാഭാവികമായും സമയം പുതുതായി ഒഴുകി. ഞാനിപ്പോൾ പകൽ മുഴുവൻ ജോലി ചെയ്യുന്നു. മൂന്നു കൊല്ലം കഴിഞ്ഞ് വിരമിച്ചാൽ സമയം വീണ്ടും പുതുതായി ഒഴുകും. മരിൻ സൊരസ്ക്യു എന്നൊരു റൊമാനിയൻ കവിയുണ്ട്. കാൻസർ പിടിച്ച് രോഗശയ്യയിലായിരുന്നു അദ്ദേഹത്തിന്റെ അവസാന നാളുകൾ. മരണക്കിടക്കയിൽ കിടന്നുകൊണ്ട് അദ്ദേഹം രോഗത്തെയും മരണത്തെയും പറ്റി കവിതകളെഴുതി. കവിയുടെ സമയം അവിടെപോലും പുതുതായി ഒഴുകി. കവി മരിച്ചാലും സമയം പുതുതായി പിറക്കും. “വാക്കു മരിപ്പൂ പറഞ്ഞുതീർന്നാൽ ഉടനേ എന്നു ചിലർ, ആരംഭിച്ചീടുന്നേയുള്ളതു ജീവിക്കാൻ, ഞാൻ പറയും” എന്ന് എമിലി ഡിക്കിൻസൺ 19-ാം നൂറ്റാണ്ടിൽ എഴുതിയിട്ടുണ്ട്.
സന്ധ്യ എൻ പി: കുടുംബത്തിലെ പലർക്കായി നീക്കിവയ്ക്കപ്പെട്ട് തനിക്കു മാത്രമായി ഒരു സമയമില്ലാത്ത അവസ്ഥയാണു കേരളത്തിലെ വീട്ടമ്മമാർക്കു പൊതുവെ. “കലത്തിലെ കുടിവെള്ളം പോലെ ക്ഷണത്തിൽ വീട്ടമ്മമാർക്കു സമയം തീരുന്നു” എന്ന് എഴുതുന്ന സമയത്ത് എനിക്കും ഒന്നിനും സമയമില്ലാത്ത ഒരു അവസ്ഥയായിരുന്നു. കുട്ടികൾ രണ്ടു പേർക്കും തമ്മിൽ വലിയ പ്രായവ്യത്യാസമുണ്ടായിരുന്നില്ല. രണ്ടു പേരും നല്ല വികൃതികൾ. രാമന് ജോലിക്കു പോണം. ഞാൻ തന്നെ രണ്ടുപേരേയും നോക്കണം വീട്ടുകാര്യങ്ങളും നോക്കണം. ഇതിനിടയിൽ അന്തം മറിഞ്ഞ് വായിച്ചിരിക്കാനോ മനോരാജ്യം കാണാനോ ഒന്നും പറ്റില്ല. കുട്ടികൾ ഉറങ്ങുന്ന സമയത്തു ഞാൻ ഡയറിയിൽ എനിക്കു തോന്നിയതെല്ലാം എഴുതി വെക്കും. പിന്നെ കുട്ടികൾ സ്കൂളിലേക്കു പോകാൻ തുടങ്ങിയപ്പോൾ എനിക്കു കുറച്ചു കൂടി സമയം കിട്ടി.
ഇപ്പോൾ കുട്ടികൾ വലുതായി. എനിക്ക് എന്റേതായ സമയമുണ്ട്. എങ്ങനെ വേണമെങ്കിലും അതിനെ ഉപയോഗിക്കാം.
എഴുത്തിലും വായനയിലും നില്ക്കാൻ പരസ്പരം പ്രേരണയാവുന്നുണ്ടോ ഉണ്ടെങ്കിൽ എങ്ങനെയൊക്കെയാണ് ആ പ്രേരണ പ്രവർത്തിക്കുക?
പി രാമൻ: ഞങ്ങൾ രണ്ടാളും വായനയുടെ കാര്യത്തിൽ അവരവരുടേതായ നിലകളിൽ കൂടുതൽ സെലക്റ്റീവാകുന്നുണ്ട് ഇപ്പോൾ. ഉദാഹരണത്തിന് ഞാൻ മിക്കവാറും കവിതകളേ വായിക്കാറുള്ളൂ. സന്ധ്യ ഫിക്ഷനും. ഏതെങ്കിലും ഫിക്ഷൻ വായിക്കാതെ പോകരുത് എന്ന് സന്ധ്യ പറഞ്ഞാൽ മാത്രമേ ഞാൻ ഫിക്ഷൻ വായിക്കാറുള്ളൂ. തിരിച്ച് കവിതകൾ പലപ്പോഴും സന്ധ്യയോട് ഞാനാണ് നിർദ്ദേശിക്കാറ്.
സന്ധ്യ എൻ പി: തീർച്ചയായും രാമന്റെ എഴുത്ത് എനിക്ക് പ്രചോദനമാണ്. രാമൻ എപ്പോഴും കവിത വായിച്ചുകൊണ്ടിരിക്കും. അതിനിടയിൽ വായിക്കുന്ന കവിതകൾ മലയാളത്തിലാക്കും. എന്നെ കേൾപ്പിക്കും. ആരുമറിയാതിരുന്ന കവിയുടെ മനോഹരമായൊരു കവിത കണ്ടുപിടിച്ച് അതിൽ ആഴത്തിൽ മുങ്ങി കൂട്ടുകാരെ ഫോണിൽ വിളിച്ചു കേൾപ്പിക്കും. എനിക്കു വീണ്ടും വീണ്ടും ചൊല്ലിത്തരും. കവിത വായിക്കാൻ മടിയുള്ള എന്നെ കവിതയുടെ ലോകത്തു പിടിച്ചു നിർത്തുന്നത് രാമന്റ ഇത്തരത്തിലുള്ള കവിതാ പ്രവർത്തനങ്ങൾ ആണ്. “ഒരെഴുത്തുകാരൻ എപ്പോഴും ഭാഷയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കണം” എന്ന് രാമൻ എപ്പോഴും പറയും. ഒരു റൈറ്റർ എപ്പോഴും എന്തെങ്കിലും വായിക്കുകയോ എഴുതുകയോ ചെയ്തുകൊണ്ടിരിക്കണം എന്നെന്നെ ഓർമ്മിപ്പിക്കുന്നതു രാമനാണ്.
ഒരുമിച്ചുള്ള യാത്രകൾ ഒരുമിച്ചുള്ള പാചകം ഒരുമിച്ചുള്ള വായനകൾ ഏതാണ് ഈ ‘മർത്യായുസ്സിൽ സാരമായ മുന്തിയ സന്ദർഭങ്ങൾ’? അതിനെക്കുറിച്ചു പറയാമോ?
പി. രാമൻ: മറ്റേയാളുടെ സാന്നിധ്യം ലാഘവ പൂർണ്ണവും ആശ്വാസകരവുമായി അനുഭവപ്പെടുക എന്നതാണ് പ്രധാനം. ഒരുമിച്ചുള്ള സന്ദർഭങ്ങളിൽ ആ ആശ്വാസം അനുഭവിക്കാറുണ്ട്. വഴക്കുകളും ഈഗോ ക്ലാഷുകളും ഉണ്ടായിട്ടില്ലെന്നല്ല. അവയുടെ കാരണം തിരിച്ചറിഞ്ഞ് തുറന്നു സംസാരിച്ച് പരിഹരിക്കാറുണ്ട്. അധികം യാത്രയൊന്നും ചെയ്യാൻ ഞങ്ങൾക്കു കഴിഞ്ഞിട്ടില്ല. സന്ധ്യക്ക് യാത്ര ചെയ്യാൻ ആഗ്രഹമുള്ളതുകൊണ്ടും എന്നാൽ ഒരുമിച്ചുള്ള യാത്രകൾക്ക് സാധിക്കാഞ്ഞതുകൊണ്ടും വിവാഹ ശേഷം തനിച്ചുള്ള യാത്രകൾക്കുപോലും എനിക്ക് താല്പര്യം കുറഞ്ഞു എന്നതാണ് സത്യം. കവിതവായനയാണ് മിക്കവാറും എന്റെ യാത്ര. ഫിക്ഷൻ വായന സന്ധ്യയുടെയും.എനിക്ക് വാഹനങ്ങൾ ഓടിക്കാൻ അറിയില്ല. സന്ധ്യയാണ് ഓടിക്കുക. സ്കൂട്ടിയിൽ അവളുടെ പിറകിൽ ഇരുന്നുള്ള യാത്രകൾ എന്നെ സംബന്ധിച്ച് വളരെ ആഹ്ലാദകരമാണ്. മക്കളോടും സുഹൃത്തുക്കളോടും, പ്രത്യേകിച്ചും യുവസുഹൃത്തുക്കളോടും, ഒപ്പം ഞങ്ങളൊരുമിച്ചു ചെലവഴിക്കുമ്പോഴത്തെ സന്തോഷവും പ്രത്യേകം എടുത്തു പറയാൻ തോന്നുന്നു.
സന്ധ്യ എൻ പി: എവിടെയായാലും ഒരുമിച്ചിരിക്കാൻ ഇഷ്ടമാണ്. യാത്രകൾ ഇഷ്ടമാണ്. പക്ഷേ ഞങ്ങൾ അങ്ങനെ ധാരാളമായി യാത്ര ചെയ്യാറൊന്നുമില്ല. പൊതുവെ പുറത്തിറങ്ങാൻ മടിയാണ് രണ്ടുപേർക്കും. പരമാവധി വീട്ടിലിരിക്കുക, വായിക്കുക, സിനിമ കാണുക അങ്ങനെ എന്തെങ്കിലും ചെയ്യുക. ധാരാളം സുഹൃത്തുകൾ വരുന്ന വീടാണ് ഞങ്ങളുടേത്. വായിക്കുന്നവരും എഴുത്തുകാരും പാട്ടുകാരും ബന്ധുക്കളും അങ്ങനെ ചില സമയത്ത് ധാരാളം പേരുണ്ടാവും. ആ ബഹളങ്ങളൊക്കെ കുട്ടികളും ആസ്വദിക്കാറുണ്ട്.
സോഷ്യൽ മീഡിയ ജീവിതത്തെ ബാധിക്കുന്നുണ്ടോ? സാഹിത്യലോകത്തെ കലഹങ്ങൾ, ഒട്ടും ആരോഗ്യപരമല്ലാത്ത തർക്കങ്ങളും വിവാദങ്ങളും. ഇതിനെയെല്ലാം എങ്ങനെയാണ് കാണുന്നത്?
പി. രാമൻ: സോഷ്യൽ മീഡിയയിൽ ഞാൻ കുറച്ചുകാലം ആക്റ്റീവ് ആയിരുന്നു. അന്ന് അത് എന്നെ ബാധിക്കുകയും ചെയ്തിരുന്നു. നേരിൽ കണ്ടാൽ ചിരിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്നവർ സോഷ്യൽ മീഡിയയിൽ വന്നിരുന്ന് നമ്മളെ ചീത്ത വിളിക്കുന്നതു കണ്ട് സങ്കടപ്പെട്ടിട്ടുണ്ട്. ഈ ഇരട്ടമുഖം വേണ്ട എന്നു തീരുമാനിച്ച് ചിലരോട് വഴക്കടിച്ചിട്ടുമുണ്ട്. ഇപ്പോൾ മൂന്നുനാലു കൊല്ലമായി നിർബന്ധപൂർവം അതിൽനിന്നു വിട്ടു നിൽക്കുന്നു. അതുകൊണ്ടു സമാധാനമുണ്ട്. സമയവും കിട്ടുന്നുണ്ട്.
സന്ധ്യ എൻ പി: സോഷ്യൽ മീഡിയ ബഹളങ്ങളൊന്നും ജീവിതത്തെ ബാധിക്കാറില്ല. സോഷ്യൽ മീഡിയയിൽ കാണുന്ന ചിലരൊക്കെ നേരിട്ടു കാണുമ്പോൾ വലുതായ സ്നേഹം കാണിക്കാറുണ്ട്. ചിലർക്ക് നേരിട്ടുകണ്ടാലും നമ്മൾ ചെന്നു പരിചയപ്പെടുത്തിയാലും തിരിച്ചറിയാത്ത അവസ്ഥയുമുണ്ട്. പിന്നെ സോഷ്യൽ മീഡിയ വിവാദങ്ങളിലൊന്നും ഇടപെടാറില്ല. സോഷ്യൽ മീഡിയയിൽ ഒരു Safe ജീവിതമാണ് വന്നിടത്തോളമുള്ളത്.
“എങ്ങനെ യോജിക്കാനാണെന്നുടെ സങ്കല്പവും നിന്നുടെ യാഥാർഥ്യവും” എന്ന് വൈലോപ്പിള്ളി ചോദിക്കുന്നുണ്ട്. രണ്ടുപേരും കവികളായതുകൊണ്ട് ആ ചോദ്യം അപ്രസക്തമാണെന്ന് തോന്നുന്നുണ്ടോ?
പി. രാമൻ: ഞങ്ങൾ രണ്ടുപേരും ഒരു തരത്തിൽ സങ്കല്പ ജീവികളാണ്. അപ്പോൾ ചില പ്രശ്നങ്ങൾ ഉരുണ്ടുകൂടും. പക്ഷേ രണ്ടു പേരും വേറൊരു തരത്തിൽ പ്രായോഗിക ജീവികളുമാണ്. അതുകൊണ്ട് ഉരുണ്ടു കൂടുന്നവ അലിഞ്ഞും പോകും.
സന്ധ്യ എൻ പി: രണ്ടുപേരും സ്വപ്നജീവികളാണ്. അതുകൊണ്ടുതന്നെ വലിയ പ്രശ്നങ്ങൾ ഒന്നുമില്ല. യാഥാർത്ഥ്യലോകം അവിടവിടെ കുന്നുകൂടി കിടക്കുന്ന പുസ്തകങ്ങളും മടക്കിവെക്കാത്ത തുണികളും ജനാലപ്പടിയിലെ പൊടികളും ഒക്കെയാണ്. അതിനെ അതിന്റെ വഴിക്കുവിടുന്നൊരു ലാഘവത്വം ഞങ്ങൾക്കുണ്ട്. പ്രായോഗിക മനുഷ്യരുടെ കൃത്യത ഒക്കെ ഞങ്ങൾ രണ്ടു പേർക്കും കുറവാണ്. എനിക്കു തീരേ കുറവാണ്. വൈകി ഉണരലും എത്തേണ്ടിടത്ത് നേരത്തേ എത്താതിരിക്കലും ഒക്കെ പതിവാണ്.
“എനിക്ക് പ്രിയപ്പെട്ട എല്ലാ കവിതകളുടെയും കർത്താവ് ഞാനാണെന്നാണ് എന്റെ വിചാരം അതിനു മുന്നിൽ ഞാൻ സ്വയം എഴുതിയവ നിസ്സാരമാണ്” എന്ന് വർഷങ്ങൾക്ക് മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞത് ഓർക്കുന്നു. എത്ര മനോഹരമായ ദർശനമാണ് അത്. വാക്കു കൊണ്ട് ചേർത്തു പിടിക്കുന്ന ഒരു സാർവലൗകിക മതമാണ് കവിത എന്ന് സന്തോഷം തോന്നും. മാഷിന് എന്താണ് കവിത?
പി. രാമൻ: കവിതയെക്കുറിച്ച് പല കാലത്ത് പല ദർശനങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. കുറച്ചു കാലമായി തോന്നാറ് എന്നെത്തന്നെ അഴിച്ചു പണിയാനുള്ള ഉപാധിയാണ് കവിത എന്നാണ്. എന്റെ കാഴ്ച്ചപ്പാടുകളെ, പരിഗണനകളെ, സൗന്ദര്യദർശനങ്ങളെ, ജീവിതമൂല്യങ്ങളെ, രാഷ്ട്രീയ വിശ്വാസങ്ങളെ, ഭാഷാസങ്കല്പങ്ങളെ, സ്വാതന്ത്യബോധത്തെ, പ്രായമാകലിനെ, മരണത്തെ എല്ലാം പുനഃപരിശോധിക്കാനും അഴിച്ചുപണിയാനും എന്റെ കൈവശമുള്ള ഒരേയൊരുപാധിയാണ് എനിക്കു കവിത, മറ്റൊരുപാധിയും കൈവശമില്ലാത്തതിനാൽ.
സന്ധ്യ നോവലും കഥയും കവിതകളുമെഴുതുന്നു. ഏതാണ് കൂടുതൽ ഇഷ്ടം?
സന്ധ്യ എൻ പി: കഥയായാലും കവിത ആയാലും നോവലായാലും ആസ്വദിച്ചെഴുതാൻ പറ്റിയാൽ എനിക്കു ഭയങ്കര സന്തോഷമാണ്. ഇന്നത് കൂടുതൽ ഇഷ്ടം എന്നില്ല. ഞാൻ എഴുതിയതു നന്നായോ എന്നു ഞാൻ സ്വയം വിലയിരുത്താറുള്ളത് അതെഴുതുമ്പോൾ എനിക്കുണ്ടായ ആനന്ദത്തിന്റെ അളവു വെച്ചിട്ടാണ്. ഭാഷയിൽ എന്തെഴുതാനും എനിക്കിഷ്ടമാണ്.
