Home / ഇന്റര്‍വ്യൂ  / ഞാനായിരിക്കുന്നതിന്റെ ആനന്ദങ്ങൾ

ഞാനായിരിക്കുന്നതിന്റെ ആനന്ദങ്ങൾ

തെളിച്ചമുള്ള കാഴ്ചപ്പാടുകളും ഉറപ്പുള്ള നിലപാടുകളും കൊണ്ട് മലയാളസിനിമയിൽ വേറിട്ടൊരു സ്ഥാനമുറപ്പിച്ച അഭിനേത്രിയാണ് നിഖില വിമൽ. ഒപ്പം അവിസ്മരണീയമായ ഒട്ടനവധി കഥാപാത്രങ്ങളും നിഖിലയുടേതായുണ്ട്. കഴിഞ്ഞ പതിനഞ്ചോളം വർഷങ്ങളായി വിവിധ ഭാഷാ സിനിമകളിൽ സജീവ സാന്നിധ്യമായ നിഖില വിമൽ, മാറുന്ന മലയാള സിനിമയെക്കുറിച്ചും അതിന്റെ രാഷ്ട്രീയ പരിസരങ്ങളെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സംസാരിക്കുന്നു

Nikhila-Cover

നിഖില വിമല്‍/സെറീന

ഓണമാണല്ലോ. എന്തൊക്കെയാണ് ഓണം പരിപാടികൾ? ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് പല സ്ഥലത്തൊക്കെ ആയിരിക്കുമല്ലോ, അതോ ഓണത്തിന് പതിവായി വീട്ടിൽ എത്താറുണ്ടോ?

എല്ലാ ഓണത്തിനും സാധാരണഗതിയിൽ വീട്ടിൽ എത്താറുണ്ട്, വീട്ടിലുണ്ടാവണം എന്നാണ്. സിനിമയിൽ വന്നിട്ട് ഒന്നോ രണ്ടോ ഓണങ്ങൾ മാത്രമേ മിസ്സായിട്ടുള്ളൂ. പക്ഷെ ഇത്തവണ ഓണത്തിന് വീട്ടിൽ ഇല്ല. ഒരു ഓസ്‌ട്രേലിയൻ യാത്രയിലായിരിക്കും. മാത്രമല്ല ഇക്കൊല്ലം അമ്മയുടെ ചേച്ചി മരിച്ചത് കൊണ്ട് ഞങ്ങൾക്ക് ഓണം ഇല്ല.

നിഖില പെട്ടെന്ന് സിനിമയിലേക്ക് വന്നതല്ല. 2009-ല്‍ പുറത്തിറങ്ങിയ ഭാഗ്യദേവത മുതല്‍ നിഖില നമ്മുടെ കൺമുന്നില്‍ ഉണ്ട്. അവിടുന്ന് ഓരോ സിനിമകളിലായി നിഖില വളരുന്നത് നമ്മൾ കാണു​ന്നുണ്ട്. ഈ ഒരു പത്ത് പതിനഞ്ച് വര്‍ഷത്തെ യാത്രയില്‍ ഒരു ടേണിംഗ് പോയിന്റ് എന്ന് നിഖിലയ്ക്ക് തോന്നുന്നത് എപ്പോഴാണ്? സിനിമയെ സീരിയസായി എടുക്കുന്നത്, സിനിമ തന്നെയാണ് കരിയര്‍ എന്ന് തീരുമാനിക്കുന്നത് ഒക്കെ എപ്പോഴാണ്?

വളരെ യാദൃശ്ചികമായിട്ടാണ് സിനിമയിൽ എത്തിയത്. ചേച്ചിയുടെ ഒരു സുഹൃത്ത് വഴിയാണ് ഭാഗ്യദേവതയിൽ എത്തുന്നത്. പിന്നീട് ലവ് 24×7 ചെയ്യാൻ വേണ്ടി ഡിഗ്രി ഫൈനൽ ഇയർ പരീക്ഷകൾ എഴുതാൻ പറ്റിയിട്ടുണ്ടായിരുന്നില്ല. പിന്നെ ഒരു വർഷം കഴിഞ്ഞാണ് ആ എക്സാം ഒക്കെ എഴുതാൻ കഴിഞ്ഞത്. ആ ഒരു ഗ്യാപ്പിൽ മൂന്നു സിനിമകൾ ചെയ്തു. 24×7 ഉം വെട്രിവേൽ, കിടാരി എന്നിങ്ങനെ രണ്ടു സി നിമകളും ആ സമയത്തു ചെയ്തു. ഈ മൂന്ന് സിനിമകൾക്ക് ശേഷമാണ്, ഇതെനിക്ക് പറ്റുന്ന പണിയാണ് എന്ന് എനിക്ക് തോന്നിയത്.

ഇടതുപക്ഷത്തിനു വേണ്ടി പലപ്പോഴും നിഖില വളരെ പ്രകടമായ നിലപാടുകളെടുത്തിട്ടുണ്ട്. സിനിമയിൽ പുരുഷന്മാർ പലരും ഇടതുപക്ഷത്തോടൊപ്പം നിൽക്കുന്നുണ്ട്, പക്ഷെ മലയാള സിനിമയിൽ ഒരു കാലത്തിന് ശേഷം, സ്ത്രീ എന്ന നിലയിൽ വളരെ കുറച്ചു പേരേ പരസ്യമായി രാഷ്ട്രീയം സംസാരിക്കാറുള്ളൂ. എങ്ങനെയാണ് അങ്ങനെയൊരു രാഷ്ട്രീയ ബോധ്യത്തിലേക്ക് എത്തുന്നത്? ഇത് സിനിമാ ജീവിതത്തെ ഏതെങ്കിലും തരത്തിൽ ബാധിച്ചിട്ടുണ്ടോ?

അങ്ങനെയൊരു രാഷ്ട്രീയ ബോധ്യത്തിലേക്ക് എത്തിയത് നാട് കണ്ണൂരായതു കൊണ്ടാണ് എന്നാണ് ഞാൻ വിചാരിക്കുന്നത്. ജനിച്ചതും വളർന്നതുമൊക്കെ കീഴാറ്റൂരാണ്; പാർട്ടിഗ്രാമമാണ്. അപ്പൊ നമ്മൾ ചുറ്റിലും കാണുന്നതും കേൾക്കുന്നതും ഒക്കെ നമ്മളെ ഇൻഫ്ളുവൻസ് ചെയ്യുമല്ലോ. പിന്നെ ഫാമിലി നോക്കുകയാണെങ്കിലും, അമ്മ, അമ്മയുടെ കുടുംബം ഒക്കെ കമ്മ്യുണിസ്റ്റ് ആണ്. ചേച്ചി എസ് എഫ് ഐ യിൽ പ്രവർത്തിച്ചിട്ടുണ്ട്. അച്ഛൻ പണ്ട് നക്സലൈറ്റ് മൂവ്മെന്റിന്റെ ഭാഗമൊക്കെയായി പ്രവർത്തിച്ചിട്ടുള്ള ആളാണ്. അങ്ങനെ വരുമ്പോൾ ആശയങ്ങളും ചിന്തകളുമൊക്കെ ഇടത് ആഭിമുഖ്യമുള്ളത് ആവുന്നത് സ്വാഭാവികമാണല്ലോ. എന്ന് വെച്ച് ഞാൻ അങ്ങനെ കോർ പൊളിറ്റിക്സിലൊന്നും ഉള്ള ആളല്ല. ഒരു പൊളിറ്റിക്കൽ സ്റ്റാൻഡ് ഉണ്ട്. എന്റെ ഐഡിയോളജികളുമായി കുറച്ചുകൂടെ ചേർന്ന് നിൽക്കുന്ന രാഷ്ട്രീയത്തോട് കുറച്ചു മമത പുലർത്തുന്നു എന്ന് മാത്രം. അതിന്റെ പേരിൽ എനിക്ക് സിനിമയിൽ ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിട്ടില്ല.

വ്യക്തിജീവിതത്തിൽ ഈ ഈ രാഷ്ട്രീയ ബോധ്യങ്ങൾ ഏതെങ്കിലും വിധത്തിൽ ഇടപെട്ടിട്ടുണ്ടോ? ഒരു ഇടതുപക്ഷ സഹയാത്രിക എന്ന നിലയിൽ ജീവിതത്തെ അത്തരത്തിൽ സ്വാധീനിച്ച സന്ദർഭങ്ങൾ ഓർമ്മയിലുണ്ടോ?

വ്യക്തിജീവിതത്തിൽ എനിക്ക് അങ്ങനെ ഓർത്ത് പറയാവുന്ന ഒരു കാര്യം എന്റെ അച്ഛൻ മരിച്ച സന്ദർഭമാണ്. കോവിഡിന്റെ സമയത്താണ് അച്ഛൻ മരിക്കുന്നത്. കോവിഡ് വളരെ രൂക്ഷമായിരിക്കുന്ന സമയം. അച്ഛന് മറ്റു അസുഖങ്ങളുണ്ടായിരുന്നു, ഒപ്പം കോവിഡും വന്നു, അറിയാലോ അന്നത്തെ സാഹചര്യം. ബോഡി വീട്ടിൽ കൊണ്ട് വരാൻ സാധിക്കില്ല, മരണാനന്തര കാര്യങ്ങൾക്ക് ആരുമില്ല. ബന്ധുക്കൾക്കും മറ്റു ആൾക്കാർക്ക് ആർക്കും വരാനൊന്നും പറ്റാത്ത അവസ്ഥ. പെൺകുട്ടികൾ ചിത കത്തിക്കാൻ പാടില്ല എന്നാണല്ലോ. ആ സമയത്തു കൂടെ നിന്നത് പാർട്ടിക്കാരാണ്. പാർട്ടിക്കാരാണ്, എന്റെ സുഹൃത്തുക്കൾ കൂടെയാണ് അവർ. അവരും കുറച്ചു നാട്ടുകാരും ഒക്കെ കൂടെയാണ് ക്രിമേഷന്റെ കാര്യങ്ങൾക്കൊക്കെ കൂടെ നിന്നത്. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും നിർണ്ണായകമായ ഒരു സന്ദർഭത്തിൽ ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിൽ അങ്ങനെയൊരു ഹെല്‍പ് ഉണ്ടാവുക എന്നത് എന്റെ ജീവിതത്തിൽ എനിക്കൊരിക്കലും മറക്കാനാവാത്ത ഒരു അനുഭവമാണ് അത്.

നിഖില WCC അംഗമായിരുന്നില്ലല്ലോ; അവരുടെ പ്രവർത്തനങ്ങളെ എങ്ങനെ കാണുന്നു? സിനിമക്കും സ്ത്രീപക്ഷ രാഷ്ട്രീയത്തിനും ഗുണകരമായിരുന്നോ അവരുടെ പ്രവർത്തനങ്ങൾ?

ഒരുപാട് കാര്യങ്ങളിൽ മാറ്റങ്ങൾ കൊണ്ടുവരാൻ WCC ക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ അവർക്ക് ലിമിറ്റേഷൻസ് ഉണ്ട്. കാരണം പലതരം ജോലികൾ ചെയ്യുന്ന ആളുകൾ ചേർന്നുള്ള ഒരു സംഘടന എന്നുള്ള രീതിയിൽ ആണല്ലോ അവർ പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ വലിയൊരു സംഘടനയായി അതിനെ വളർത്തിയെടുക്കാൻ അവരൊരുപാട് സ്ട്രഗിൾ ചെയ്യേണ്ടി വരുന്നുണ്ട്. അവർക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങളില്‍ തന്നെ ഒരു ഡിലേ അങ്ങനെ വരുന്നുണ്ട്. സിനിമയിലെ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് ആളുകള്‍ സംസാരിച്ചു തുടങ്ങിയതും ഹേമ കമ്മിറ്റി റിപ്പോർട്ട് ഉണ്ടാകുന്നതിനുമെല്ലാം കാരണം ഡബ്ലയുസിസി ആണെന്നുള്ളതാണ് ഒരു വലിയ കാര്യം.

ഹേമാ കമ്മിറ്റി റിപ്പോർ​ട്ടുമായി ബന്ധപ്പെട്ടു വന്നിട്ടുള്ള ചർച്ചകളെക്കുറിച്ച് എന്താണ് പറയാനുള്ളത്?

അഞ്ചു വർഷം മുമ്പേയുള്ള കാര്യമാണ് റിപ്പോര്‍ട്ടിലുള്ളത്. അതിന് ശേഷം ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്. ഇന്റേണല്‍ കംപ്ലൈന്റ് കമ്മിറ്റി നിലവിൽ വന്നു. നമുക്ക് കംപ്ലൈന്റ്സ് ഉണ്ടെങ്കിൽ രജിസ്റ്റർ ചെയ്യാനുള്ള പോർട്ടൽസ് വന്നു. ഇപ്പോ എല്ലാ സംഘടനകളും, നിങ്ങൾക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ ഞങ്ങളോട് വന്നു പറയാം എന്ന് പറയുന്ന ഒരു സാഹചര്യം നിലവിൽ വന്നു. അതെല്ലാം ഈ അഞ്ചു വർഷത്തെ ഗ്യാപ്പിനുള്ളിൽ സംഭവിച്ചിട്ടുള്ള കാര്യങ്ങളാണ്.

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ഉദ്ദേശം ഇവിടെ എത്ര പീഡനങ്ങൾ നടന്നു എന്ന് റിപ്പോർട്ട് ചെയ്യലായിരുന്നില്ല. ഒരു ഫിലിം പോളിസി കോൺക്ലേവ് നടത്തിയിട്ടുണ്ടായിരുന്നു, അത് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ കൂടെ അടിസ്ഥാനത്തില്‍ സ്ത്രീകളുടെ സുരക്ഷയെ പറ്റിയിട്ടുള്ള ഒരു ഒരു പോളിസി കൂടെ ക്രിയേറ്റ് ചെയ്യാൻ വേണ്ടി ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നു.

പക്ഷേ മീഡിയ മറ്റു പല കാര്യങ്ങളിലും ഫോക്കസ് ചെയ്തതുകൊണ്ട് ആരും അതിന്റെ ശരിയായ ഉദ്ദേശ ലക്ഷ്യങ്ങളെ അഡ്രസ്സ് ചെയ്തില്ല. ഞാൻ അതിന്റെ കമ്മിറ്റിയിൽ ഒരു മെമ്പറാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് കൂടെ കൺസിഡർ ചെയ്ത് പോളിസി ക്രിയേറ്റ് ചെയ്യുക എന്നതാണ് ഞങ്ങള്‍ക്ക് തന്നിരിക്കുന്ന നിർദ്ദേശം.

അപ്പോൾ ആ റിപ്പോർട്ടിന് അതിന്റെതായ ഒരു വാല്യൂ ഉണ്ട്. ഞാൻ പറഞ്ഞല്ലേ ഈ അഞ്ചു വർഷത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായി എന്ന്. ഐസി നിലവിൽ വന്നത് എന്ന് പറയുന്നത് ഒരു വലിയ മാറ്റമാണ്. കാരണം അതിനു മുന്നേ ആർക്കും എവിടെയും പോയി റിപ്പോർട്ട് ചെയ്യാനുള്ള സ്പേസ് ഉണ്ടായിരുന്നില്ല. അല്ലെങ്കിൽ നിങ്ങൾക്ക് ഒരു ഹരാസ്മെന്റ് ഉണ്ടായാല്‍, നിങ്ങൾക്ക് ആരോട് സംസാരിക്കണമെന്ന് അറിയില്ലായിരുന്നു.

ഇപ്പോഴും അത് അറിയാത്ത ആൾക്കാരുണ്ട്. അവേർനസ്സിന്റെ കുറവ് ഉണ്ട്. പക്ഷേ അങ്ങനെ ഒരു സിസ്റ്റം നിലവിൽ വന്നതുകൊണ്ട്തന്നെ അത് വെച്ച് നമുക്ക് ഇനി വർക്ക് ചെയ്യാല്ലോ. നേരത്തെ പറഞ്ഞപോലെ ഡബ്ലുസിസി കൊണ്ട് ഉണ്ടായിട്ടുള്ള കാര്യങ്ങളിൽ ഒന്ന് കൂടുതൽ ആൾക്കാരിലേക്ക് ഇതൊക്കെ എത്തി എന്നതാണ്. അതില്‍ കൂടുതല്‍ വർക്ക് ചെയ്തു കൊണ്ടുവരുക എന്ന് പറയുന്നതാണ് നമ്മുടെയും മറ്റുള്ളവരുടെയും മേലുള്ള ഉത്തരവാദിത്തം.

കുറച്ചു സെൻസിബിളായി സംസാരിക്കുന്ന ബോൾഡായ സ്ത്രീകളെ അംഗീകരിക്കാൻ വലിയ പാടാണ് ആളുകൾക്ക്. ട്രോളുകളും അധിക്ഷേപങ്ങളും കാണുമ്പോൾ എന്താണ് തോന്നുന്നത്?

ബേസിക്കലി സെൻസിബിൾ ആയി ബോൾഡ് ആയി സംസാരിക്കുന്ന സ്ത്രീകളെ ആൾക്കാർക്ക് ശീലമില്ല. പ്രത്യേകിച്ച് നടിമാരിൽ നിന്ന് അതല്ല പ്രതീക്ഷിക്കുന്നത്. എന്നോട് കുറച്ചൊക്കെ ആ പ്രശ്‌നം ഉണ്ടാവാം. പിന്നെ ഞാൻ ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നു എന്നുള്ള തരത്തിൽ ഉള്ള ഒരു കാഴ്ചപ്പാട് ഉണ്ട്. പിന്നെ എന്റെ ഒരു വേ ഓഫ് ടോക്ക് എന്ന് പറയുന്നത് തന്നെ ഇത്തിരി സർക്കാസ്റ്റിക് ആണ്. ആളുകളെ ഹര്‍ട്ട് ചെയ്യാതെ ഒരു കാര്യം പറയാൻ സര്‍ക്കാസമാണ് നല്ലത്. എന്നോട് അങ്ങനെ വെറുതെ ഒരാൾ വന്നിട്ട് ഒരു ലൂസ് ടോക്ക് നടത്തില്ല.

ഭയങ്കരമായ മീഡിയ പ്രസൻസ് ഉള്ള ഒരാളല്ല ഞാൻ. മീഡിയയിൽ മാക്സിമം ഒഴിവായി നിൽക്കുന്ന ഒരാളാണ്. പക്ഷേ ഞാൻ ഒരു കാര്യം പറഞ്ഞാല്‍ കോണ്ടന്റാണ് എന്നതുകൊണ്ട് വെറുതേ വലിച്ചിടുന്നതാണ്. നമ്മൾ നിൽക്കാൻ ആഗ്രഹിക്കാത്ത ഒരു സ്പേസിൽ നമ്മളെ വലിച്ചിടുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്.

അത്തരത്തില്‍ ഓവര്‍ യൂസ്ഡ് ആയിപ്പോവുന്നത് സിനിമയെയും ബാധിക്കും. കഴിഞ്ഞ 18 കൊല്ലമായിട്ട് ഞാൻ സിനിമയില്‍ നില്‍ക്കുന്നത് ഓവര്‍ യൂസഡ് അല്ലാത്തതുകൊണ്ടാണ്. എന്നെ അങ്ങനെ എല്ലായിടത്തും ആൾക്കാർക്ക് കാണാൻ പറ്റില്ല. കുറേ ആഡുകള്‍ ചെയ്യാറില്ല, ഒരുപാട് സീരിയലുകളില്‍ വരാറില്ല. തീയേറ്ററുകളില്‍ മാത്രമായിരുന്നു എന്നെ കാണാനാവുന്നത്. ഇന്റര്‍വ്യൂവിന്റെ കാര്യം വരുമ്പോള്‍ ഒരു മീഡിയയില്‍ എന്തെങ്കിലും വന്നാല്‍ അതിന് മറുപടിയായും അല്ലാതെയും ഒക്കെ അക്കാര്യം സര്‍ക്കുലേറ്റ് ചെയ്യും. വെറുതെ ഒരാഴ്ച നമ്മള്‍ എല്ലായിടത്തും ഉണ്ടാവും.

ഇപ്പോൾ പറഞ്ഞ കാര്യമൊന്നും ആയിരിക്കില്ല പണ്ടെങ്ങോ ഏതെങ്കിലും ഒരു ഇന്റർവ്യൂവിന്റെ ഇടയക്ക് പറഞ്ഞ എന്തെങ്കിലും കാര്യങ്ങൾ, ചില സംഭാഷണങ്ങളുടെ ഇടയിൽ നിന്ന് കട്ട് ചെയ്തെടുത്ത ചില വാചകങ്ങൾ അതൊക്കെയെടുത്തു വെറുതെ കൊടുക്കും. പിന്നെ നമ്മൾ പുറത്തു പോകുമ്പോഴും ആൾക്കാരെ കാണുമ്പോഴുമെല്ലാം നമ്മൾ ഇത് വിശദീകരിക്കേണ്ടി വരുകയാണ്.

എന്റെ ചേച്ചി സന്യാസം സ്വീകരിച്ച സമയത്ത് ഞാൻ ഒരു ചാനലിന് കൊടുത്ത ഇന്റർവ്യൂന് ഇടയിൽ “എന്റെ വീട്ടിൽ എല്ലാവരും വ്യത്യസ്തമായ ചിന്താഗതിയുള്ള ആൾക്കാരാണ്, ചേച്ചി ഇത്രയും പഠിച്ചിട്ടുള്ള ആളാണ്. അച്ഛൻ നക്സലൈറ്റ് ആയിരുന്നു. അപ്പൊ അതുകൊണ്ട്തന്നെ എന്റെ വീട്ടിൽ വളരെ നോർമൽ ആയി ചിന്തിക്കുന്ന ഒരു സ്ത്രീ എന്ന് പറയുന്നത് എന്റെ അമ്മയാണ്” എന്നാണ് ഞാൻ പറഞ്ഞത്. അതിനെ മീഡിയ വാർത്തയാക്കിയത് എന്റെ വീട്ടിൽ നോർമൽ ആയിട്ട് അമ്മ മാത്രമേ ഉള്ളൂ എന്നാണ്.

ആ വാർത്തകൾക്ക് താഴെ വരുന്ന കമന്റുകൾ മുഴുവൻ “അപ്പൊ നിങ്ങളുടെ വീട്ടിൽ ബാക്കിയുള്ളവർക്ക് എല്ലാവർക്കും വട്ടാണോ?” “കണ്ടപ്പോൾ തോന്നിയായിരുന്നു” എന്നൊക്കെയാണ്. അത്തരം സ്പേസിലേക്ക് നമ്മളെ ഇട്ടുകൊടുക്കുകയാണ് ഈ മീഡിയ. ഇത് ഡെഫിനിറ്റലി എഫക്ട് ചെയ്യാറുണ്ട്.

എങ്ങനെയാണ് സിനിമയിലേക്ക് വരുന്നത്? എത്രത്തോളം ഡിപെൻഡബിളാണ് ഈ ജോലി?

സിനിമയിലേക്ക് വന്നതിനെക്കുറിച്ച് നേരത്തെ പറഞ്ഞല്ലോ. ജോലി എന്നുള്ള നിലക്ക് നോക്കുകയാണെങ്കിൽ സിനിമ അത്രമാത്രം ഡിപെൻഡബിൾ അല്ല. എങ്കിലും ഒരു ആൾട്ടർനേറ്റ് കരിയറിനെ പറ്റിയിട്ട് ഞാൻ ആലോചിച്ചിട്ടില്ല. സിനിമയുമായിട്ട് ബന്ധപ്പെട്ട് നിൽക്കണം എന്ന് തന്നെ വിചാരിക്കുന്നുണ്ട് അതിപ്പോ നായികയായി തന്നെ നിൽക്കണം എന്നുള്ളതല്ല. സിനിമയുടെ പുറകിൽ എന്തെങ്കിലും പ്രവർത്തിക്കണം എന്നാണ്.Nikhila 1

നൃത്തം പഠിച്ചിട്ടുണ്ടല്ലോ. യൂത്ത്‌ഫെസ്റ്റിവലുകളിലൊക്കെ സജീവ സാന്നിധ്യമായിരുന്നല്ലോ. സിനിമയിൽ വന്നത് കൊണ്ട് നിഖിലയിലെ നർത്തകിയെ വിട്ടുകളയേണ്ടി വന്നു എന്ന് തോന്നിയിട്ടുണ്ടോ?

അങ്ങനെയില്ല, അമ്മ ഡാൻസ് ടീച്ചർ ആയിരുന്നു പക്ഷെ ഞാൻ അത്ര ഡെഡിക്കേറ്റഡ് ആയിട്ട് ഡാൻസ് ചെയ്യുന്ന ഒരാളൊന്നും ആയിരുന്നില്ല. ഡാൻസ് ചെയ്യുമോ എന്ന് ചോദിച്ചു കഴിഞ്ഞാൽ ഡാൻസ് ചെയ്യും അത്രയേ ഉള്ളൂ. അതുകൊണ്ട് തന്നെ സിനിമയിൽ വന്നപ്പോഴും എനിക്ക് അതങ്ങനെ ഒരു വലിയ മിസ്സിങ് ആയിട്ട്തോന്നിയിട്ടില്ല. സിനിമയല്ലാതെ താല്പര്യമുള്ള കാര്യങ്ങൾ, ഞാൻ വായിക്കും, എന്തെങ്കിലും പഠിക്കാൻ തോന്നുന്ന സമയത്തു പഠിക്കും, അങ്ങനെയൊക്കെ…

മലയാളത്തിലും തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്, എന്താണ് വ്യത്യാസം? എവിടെയാണ് കൂടുതൽ കംഫർട്ടബിൾ?

കുറെയൊക്കെ വ്യത്യാസം ലാംഗ്വേജ് ആണ്, പിന്നെ ഈ പറയുന്നതുപോലെ ഓരോന്നിന്റെയും ബിസിനസ് സാധ്യതകൾ ഡിഫറന്റ് ആണല്ലോ. മറ്റ് ഇൻഡസ്ട്രികൾ കൺസിഡർ ചെയ്യുമ്പോൾ മലയാളം വളരെ ചെറിയ ഒരു ഇൻഡസ്ട്രി ആണ് എന്നുള്ളതിന്റെ ഒരു വ്യത്യാസം ഉണ്ട്. പക്ഷേ നമ്മൾ ഇവിടെ കുറേകൂടി എഫർട്ട് കൊടുത്തു കൊണ്ടാണ് വർക്ക് ചെയ്യുന്നത്.

ഇവിടെയാണെങ്കിൽ ഒരു കോൾ ഷീറ്റ് രാവിലെ ഒരു ഏഴു മണിക്ക് സ്റ്റാർട്ട് ചെയ്തു കഴിഞ്ഞാൽ രാത്രി 9.30 വരെയും നമ്മള്‍ വർക്ക് ചെയ്യും. മറ്റു ഭാഷകളിൽ പോയി കഴിഞ്ഞാൽ അത്രയും സമയം ജോലി ചെയ്യേണ്ടി വരില്ല, വൈകുന്നേരം 6 ഒക്കെ ആകുമ്പോൾ തീരും.

നമ്മള്‍ ഇവിടെ ഒരു ദിവസം ഷൂട്ടിങ് എന്ന് പറഞ്ഞു പോയാൽ രാവിലെ മുതൽ രാത്രി വരെയാണ് വർക്ക് ചെയ്യുന്നത്. പക്ഷെ അതുകൊണ്ടു കൂടിയാണ് നമ്മുടെ സിനിമകൾ വളരെ ബഡ്ജറ്റ് കുറഞ്ഞ് ചെയ്യാൻ പറ്റുന്നത്.

നിഖിലയുൾപ്പെടെ ചെറുപ്പക്കാരുടെ വലിയൊരു നിര സജീവമാണ് മലയാള സിനിമയിൽ. യുവാക്കൾക്കിടയിൽ നിന്ന് മലയാള സിനിമയിൽ വലിയ പുതുമകളും പരീക്ഷണങ്ങളുമൊക്കെ സംഭവിക്കുന്നു, പുതിയ കാലത്തെ സിനിമകളെ എങ്ങനെ കാണുന്നു?

നമ്മളുടെ കണ്ടെന്റുകൾ പാൻ ഇന്ത്യയിൽ ആക്സെപ്റ്റ് ചെയ്യപ്പെടുന്നു എന്നത് വലിയ മാറ്റമാണ്. തീർച്ചയായും നമ്മൾ പാർട്ട് ആയിട്ടുള്ള ഒരു ഇൻഡസ്ട്രി വളരുന്നത് നമുക്കും കൂടെ വളരാനുള്ള ഒരു സ്പേസ് ആണ്. ഇപ്പൊ നമ്മുടെ കുമ്പളങ്ങി നൈറ്റ്സിനെ പറ്റി നമ്മൾ ഏത് നാട്ടിൽ പോയാലും ആളുകൾ സംസാരിക്കും. അല്ലെങ്കിൽ ഫഹദ് ഫാസിലിനെ പറ്റി ഏത് നാട്ടിൽ പോയാലും ആളുകൾ സംസാരിക്കും. ഞാൻ രണ്ടു മാസം മുമ്പ് മൈസൂരിൽ ഒരു ഷൂട്ടിന് പോയ സമയത്ത് എന്നോടൊരാള്‍ ഗുരുവായുരമ്പല നടയിൽ അഭിനയിച്ച ആളല്ലേ എന്ന് പറഞ്ഞ് വന്ന് സംസാരിച്ചു.

അത് ഈ പറഞ്ഞ ഓടിടി പ്ലാറ്റ്ഫോംസിലൂടെയും മറ്റുമൊക്കെ നമ്മുടെ സിനിമയക്ക് ഉണ്ടാകുന്ന ഒരു റീച്ച് കാരണം സംഭവിക്കുന്നതാണ്.

പേരില്ലൂർ പ്രീമിയർ ലീഗ് എന്നൊരു വെബ് സീരീസ് ചെയ്തിരുന്നല്ലോ. എന്തായിരുന്നു ലഭിച്ച പ്രതികരണങ്ങൾ? ഒരു സിനിമ തീയറ്ററിൽ വരുന്നതും ഇതും തമ്മിലുള്ള വ്യത്യാസം എങ്ങനെ കാണുന്നു?

ഓ ടി ടിയിൽ ഞാൻ ആദ്യമായി ചെയ്യുന്ന സീരീസ് ആണ് അത്. പ്രതീക്ഷിക്കാത്ത സ്വീകാര്യത അതിന് കിട്ടിയിട്ടുണ്ട്. ഹോട്ട് സ്റ്റാറിന് വേണ്ടിയിട്ടാണ് അത് ചെയ്തത്. ഫാമിലി ഓഡിയൻസ് ആണ് അത് കൂടുതൽ കണ്ടത്. സീരിയലുകൾ കാണുന്ന അല്ലെങ്കിൽ റിയാലിറ്റി ഷോസ് ഒക്കെ എൻജോയ് ചെയ്യുന്ന തരത്തിലുള്ള ഓഡിയൻസായിരുന്നു അതിനു കൂടുതൽ. തീരെ പ്രതീക്ഷിക്കാത്ത സ്പേസുകളിൽ നിന്ന് ഭയങ്കര അപ്രീസിയേഷൻ കിട്ടി.

മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി AMMA യുടെ തലപ്പത്തേക്ക് നാല് സ്ത്രീകൾ തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഇതിനെ എങ്ങനെ കാണുന്നു? ഗുണകരമായ മാറ്റങ്ങളുണ്ടാകും എന്ന് കരുതുന്നുണ്ടോ?

വളരെ നല്ല കാര്യമല്ലേ. സ്ത്രീകളായതുകൊണ്ട് മാത്രം ഗുണപരമായ മാറ്റങ്ങളുണ്ടാകും എന്ന് ഇപ്പോ പറയാറായിട്ടില്ല. അവരുടെ പ്രവർത്തനങ്ങൾ ഒക്കെ നമ്മൾ കാണാൻ ഇരിക്കുന്നതേയുള്ളൂ. അവരിൽ എല്ലാവരും കുക്കുചേച്ചി ആണെങ്കിലും ശരി എല്ലാവരും തന്നെ സ്ട്രോങ്ങ് വോയ്സ് ഉള്ള ആൾക്കാരാണ്. അതുകൊണ്ട് തന്നെ നല്ല മാറ്റം ഉണ്ടാവും എന്നുള്ള ഒരു പ്രതീക്ഷയിലാണ്. നമുക്ക്, സ്ത്രീകൾക്ക് ഒരു പ്രശ്നം വന്നാ ചിലപ്പോ നമുക്കൊരു ഒരു മെയിൽ റെപ്രസെന്റേറ്റീവിന്റെ അടുത്ത് പോയിട്ട് സംസാരിച്ചാൽ ചിലപ്പോൾ അത് എങ്ങനെയായിരിക്കും എടുക്കുന്നത് എന്നറിയില്ല. എന്നാൽ അവിടെയുള്ളത് സ്ത്രീകളാണെങ്കിൽ ഇമോഷണലി കുറച്ചുകൂടെ സ്ത്രീകൾക്ക് കണക്ട് ചെയ്യാൻ പറ്റും എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഇങ്ങനെ പല തരത്തിൽ, അവര്‍ വരുന്നതുകൊണ്ട് ഭാവിയിൽ നല്ല മാറ്റങ്ങൾ ഉണ്ടായേക്കാം.

പെൺകുട്ടികളുടെ ആത്മഹത്യകളും കൊലപാതകങ്ങളും സ്ത്രീധന മരണങ്ങളും വാർത്തകളിൽ നിറയുന്നു. എന്താണ് നമ്മുടെ പെൺകുട്ടികൾക്ക് സംഭവിക്കുന്നത്? എന്താണ് നമ്മുടെ കുടുംബ വ്യവസ്ഥക്ക് സംഭവിക്കുന്നത്? സിനിമകൾക്ക് ഇതിലെന്തെങ്കിലും പങ്കുണ്ടെന്ന് കരുതുന്നുണ്ടോ? സമൂഹത്തെ വലിയ തോതിൽ സ്വാധീനിക്കാൻ കഴിയുന്ന ഒരു കലാരൂപമെന്ന നിലയിൽ ഇതിൽ സിനിമക്ക്, താരങ്ങൾക്ക് ഒക്കെ എന്തെങ്കിലുമൊക്കെ ചെയ്യാനാവില്ലേ എന്താണ് കരുതുന്നത്?

സിനിമക്കല്ല, സൊസൈറ്റിക്കാണ് ഇതിൽ പങ്കുള്ളത്. ഇങ്ങനെയുള്ള കാര്യങ്ങളിൽ സിനിമക്കുള്ളതിനേക്കാൾ സ്വാധീനം സൊസൈറ്റിക്കാണ്. ഓരോ കാര്യത്തിനും നാട്ടുകാരെ ബോധിപ്പിക്കാനാണ് നമ്മള്‍ ഓരോ കാര്യം ചെയ്യുന്നതും നമ്മൾ നമ്മുടെ കുട്ടികളെ വളർത്തുന്നതും ആ രീതിയിലാണ്.

സിനിമ ഇതിന്റെ ചെറിയൊരു ഭാഗം മാത്രമാണ്. സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ഇറങ്ങിവരുന്ന സ്ത്രീകളുള്ള എത്രയോ സിനിമകൾ വരുന്നു, അതിൽ നിന്നൊക്കെ പെൺകുട്ടികൾ ഇൻഫ്ളുവൻസ്ഡ് ആകുന്നുണ്ടോ? സിനിമകളില്‍ നിന്ന് എന്തെടുക്കണം എന്നത് കാണുന്നവരുടെ ചോയ്സ് ആണ്.

ഇന്ന പ്രായത്തിൽ കല്യാണം കഴിക്കുക, കല്യാണം കഴിഞ്ഞാൽ ഭർത്താവിന്റെ വീട്ടിൽ പ്രശ്‌നമൊന്നുമുണ്ടാക്കാതെ നന്നായി ജീവിക്കുക ഇതൊക്കെയാണ് നല്ല പെൺകുട്ടികൾ എന്നത് സൊസൈറ്റി ഉണ്ടാക്കി വെച്ചിരിക്കുന്ന നോംസ് ആൻഡ് കണ്ടീഷൻസ് ആണ്. ഒരു പ്രശ്നമുണ്ടെങ്കിൽ അവിടുന്ന് ഇറങ്ങിപ്പോരാനുള്ള ധൈര്യമാണ് പെൺകുട്ടികൾക്ക് കൊടുക്കേണ്ടത്.

അതിന് അവർക്ക് നല്ല വിദ്യാഭ്യാസവും സ്വന്തം കാലിൽ നിൽക്കാനുള്ള വരുമാനവും വേണം. അതിൽത്തന്നെ ജോലിക്കു പോകുന്ന, വിദ്യാഭ്യാസം ഉള്ളവരെല്ലാം സ്വന്തം കാലിൽ നിൽക്കുന്നവർ ആവണമെന്നില്ല. പ്രൊവൈഡ് ചെയ്യാനാണ് നമ്മൾ ജോലിക്ക് പോകുന്നത്. നമ്മൾ കുടുംബത്തിന് വേണ്ടി പ്രവൈഡ് ചെയ്യണം നമ്മൾ അവർക്ക് വേണ്ടി പ്രൊവൈഡ് ചെയ്യണം നമ്മൾ ഇങ്ങനത്തെ കാര്യങ്ങൾക്ക് വേണ്ടി പ്രൊവൈഡ് ചെയ്യണം അതിനാണ് നമ്മൾ കൂടുതൽ ജോലിക്ക് പോകുന്നത്. നമുക്ക് വേണ്ടിയിട്ട് എന്നുള്ളത് നമ്മൾ എപ്പോഴും മറന്നുപോകുന്ന കാര്യമാണ്. അങ്ങനെയാണെങ്കിൽ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം ഉണ്ടായതുകൊണ്ട് മാത്രം പ്രത്യേകിച്ച് കാര്യമില്ല.

നിങ്ങളോട് ഒരാൾ മോശമായിട്ട് പെരുമാറുന്നു എന്നത് നോർമൽ കാര്യമായിട്ട് കാണുന്ന മനുഷ്യരുണ്ട്. എന്റെ അച്ഛൻ അമ്മയെ അടിക്കാറുണ്ട് എന്നിട്ടും അവരെത്ര സന്തോഷമായി ജീവിക്കുന്നു എന്ന് പറയാറില്ലേ? പക്ഷെ എനിക്കത് ഓക്കേ അല്ല. എന്നെ ഒരാൾ അടിച്ചാൽ ഞാൻ ചിലപ്പോ തിരിച്ചടിക്കും.

Nikhila 2നിങ്ങൾ ശബ്ദമുയർത്തുന്നത് നിങ്ങൾക്ക് വേണ്ടി മാത്രമല്ല നിങ്ങൾ വോയിസ് ചെയ്ത് പുറത്തിറങ്ങി വന്നാൽ നിങ്ങൾ മറ്റൊരു നാലഞ്ച് കുട്ടികളെ കൂടിയാണ് ഇൻഫ്ലുവൻസ് ചെയ്യുന്നത്.

ഇപ്പോ ഈ പെൺകുട്ടികളൊക്കെ മരിച്ചു കഴിയുമ്പോൾ അവരുടെ അച്ഛനും അമ്മയും വന്നിട്ട് ഞങ്ങൾ ഇത് ചെയ്തു കൊടുത്തില്ലേ അത് ചെയ്തു കൊടുത്തില്ലേ എന്നൊക്കെ പറയുന്നത് എന്താണെന്ന് തന്നെ എനിക്ക് മനസ്സിലാകുന്നില്ല. നിങ്ങൾ ഒരിക്കലും ഉപദ്രവിച്ചിട്ടില്ലാത്ത നിങ്ങളുടെ കുട്ടിയെ വേറൊരാൾ അടിക്കുകയും ഉപദ്രവിക്കുകയും ചെയ്തു കഴിഞ്ഞാൽ അത് അറിഞ്ഞിട്ടും അത് ഓക്കെ ആണെന്ന് തോന്നുന്നത്, പിന്നെയും അഡ്ജസ്റ്റ് ചെയ്തു അവിടെ നില്ക്കാൻ പറയുന്നത് എന്ത് തരം സ്നേഹമാണെന്ന് എന്ത് ലോജിക്കാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല.

അമ്മയല്ല അച്ഛനായിരുന്നു ഫെമിനിസ്റ്റ് എന്ന് എവിടെയോ പറഞ്ഞു കേട്ടിട്ടുണ്ട്. നിഖില ഫെമിനിസ്റ്റാണോ? എന്താണ് സ്ത്രീയുടെ സ്വാതന്ത്ര്യം എന്ന് നിഖില വിശ്വസിക്കുന്നത്?

അച്ഛൻ ഡെഫിനിറ്റലി ഇൻഫ്ളുവൻസ് ചെയ്തിട്ടുണ്ട്. എന്റെയോ ചേച്ചിയുടെയോ കാര്യങ്ങളിൽ അനാവശ്യമായിട്ട് അച്ഛൻ ഇടപെടാറില്ല. കാര്യങ്ങൾ നമ്മുടെ എക്സ്പീരിയൻസിൽ തന്നെ മനസ്സിലാക്കിക്കണം എന്നാണ് അച്ഛന്. അച്ഛൻ അത്യാവശ്യം വായിക്കുന്നതുകൊണ്ട് ഞങ്ങൾക്കും വായന ഉണ്ടാവണമെന്ന് അച്ഛൻ വിചാരിച്ചിരുന്നു. പുസ്തകങ്ങൾ വാങ്ങി തരുമായിരുന്നു.

സ്ത്രീകളെ സംബന്ധിച്ച് ഞാൻ മനസ്സിലാക്കിയിടത്തോളം പല സ്ത്രീകൾക്ക് പലതരം സ്വാതന്ത്ര്യമാണ് വേണ്ടത്. എല്ലാവർക്കും ഞാൻ വിചാരിക്കുന്ന തരത്തിലുള്ള സ്വാതന്ത്ര്യം ആയിരിക്കില്ല വേണ്ടത്. സ്വയം തിരിച്ചറിയുക, തനിക്കെന്താണ് വേണ്ടതെന്നു മനസ്സിലാക്കി അതിന് സാധ്യമാകുന്ന ഒരു സ്‌പേസിൽ നിൽക്കാൻ ശ്രമിക്കുക. രാത്രി പന്ത്രണ്ടു മണിക്ക് ഇറങ്ങി നടക്കാനുള്ള സ്വാതന്ത്ര്യമല്ല എനിക്ക് വേണ്ടത്, പക്ഷെ അങ്ങനെ ഇറങ്ങി നടക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി സംസാരിക്കുന്ന മറ്റൊരാളുടെ ആവശ്യം എനിക്ക് മനസ്സിലാവും അതിനൊപ്പം നിൽക്കാനാവും. എന്റെ ആവശ്യങ്ങളല്ല എന്റെ അമ്മയുടെ ആവശ്യങ്ങൾ, സ്വാതന്ത്ര്യവും.

നമ്മളുടെ ആവശ്യങ്ങൾ എന്താണെന്ന് നമുക്ക് തിരിച്ചറിയാൻ കഴിയണം. സിനിമയിൽ വർക്ക് ചെയ്യുന്ന സ്പേസിൽ ഞാൻ എപ്പോഴും കണ്ടിരിക്കുന്നത് സിനിമയിലെ സ്ത്രീകൾക്ക് ബേസിക് ആയിട്ടുള്ള ആവശ്യങ്ങളെ ഉള്ളൂ.

ഞാൻ മെമ്പറായിട്ടുള്ള ഒരു ഫിലിം പോളിസി കമ്മിറ്റിയുടെ ഒരു ചർച്ചയിൽ സംസാരിക്കവേ, ‘നിങ്ങൾക്ക് പീരിയഡ്സ് ആയി കഴിയുമ്പോഴോ അങ്ങനെയുള്ള സമയങ്ങളിലോ ഒരു ഹാഫ് ഡേ ലീവ് വേണം എന്നുണ്ടോ?’ എന്ന് ഞാൻ ചോദിച്ചു. ഡെഫിനിറ്റലി അത് വേണം എന്നാണ് എന്റെ അഭിപ്രായവും. പക്ഷെ അവർ പറഞ്ഞത്, വേണ്ട അത് ഞങ്ങൾ അഡ്ജസ്റ്റ് ചെയ്തോളാം എന്നാണ്. ഞങ്ങൾക്ക് രാത്രി വൈകി കഴിഞ്ഞാൽ വീട്ടിൽ പോകാനുള്ള വണ്ടി തരാനുള്ള ഒരു സൗകര്യം മാത്രം മതി എന്ന് പറഞ്ഞു. ആ ലീവ് അവരുടെ അവകാശമാണെന്ന് അവർ മനസ്സിലാക്കുന്നില്ല. അതായത് വീട്ടിൽ പോകാനുള്ള വണ്ടിക്ക് വേണ്ടിയിട്ട് മറ്റൊരു അവകാശം വേണ്ടെന്നു വെക്കുന്നു. രണ്ടും സ്വന്തം അവകാശമാണ് എന്ന തിരിച്ചറിവില്ലാതെ പോകുന്നത് പ്രശ്‌നമാണ്.

എന്റെ ഫെമിനിസ്റ്റിക് അപ്രോച്ച് ശരിയാണോ എന്ന് ചോദിച്ചാൽ എനിക്കറിയില്ല. പക്ഷെ എന്റെ കുറെ കാര്യങ്ങളിൽ ഞാൻ എടുക്കുന്നത് എന്റെ ചോയ്സസ് ആണ്. എന്റെ ചോയ്സസ് എടുക്കാൻ എനിക്ക് ഇഷ്ടമാണ്. മറ്റൊരാളിനോടും ഞാൻ എപ്പോഴും പറയുന്നത് നിങ്ങളുടെ ചോയ്സ് നിങ്ങൾ എടുക്കുക എന്നാണ്.

പലപ്പോഴും പൊതുവേദികളിലും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കും ഉരുളക്കുപ്പേരി പോലെ കുറിക്കു കൊള്ളുന്ന മറുപടികൾ പെട്ടെന്ന് പറയാറുണ്ട്. അതൊക്കെ ആഘോഷമായും അധിക്ഷേപമായും സോഷ്യൽമീഡിയയിൽ നിറയാറുണ്ട്. പൊതുവേ നടിമാരിൽ കണ്ടിട്ടില്ലാത്തൊരു സ്വഭാവമാണ് ഇതെന്ന് തോന്നുന്നു. കുട്ടിക്കാലം മുതൽ ഇങ്ങനെ തന്നെയായിരുന്നോ? സോഷ്യൽ മീഡിയയിലെ ട്രോളുകൾ കാണുമ്പോൾ ഇത് മാറ്റണം എന്ന് തോന്നാറുണ്ടോ?

ഈ സ്വഭാവം ചെറുപ്പം മുതലേ ഉണ്ട് പക്ഷെ മുൻപ് അത് വളരെ ക്ലോസ്ഡ് സ്പേസുകളിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ, ഞാൻ പൊതുവേ പ്ലീസിങ് ആയിട്ട് സംസാരിക്കുന്ന ഭയങ്കര അടക്കവുമൊതുക്കവുമുള്ള ഒരു ആളല്ല. നമ്മൾ ഈ പറഞ്ഞപോലെ നല്ല കുട്ടി ഇമേജിൽ ഇരുന്നാൽ നമ്മുടെ കാര്യങ്ങള്‍ ഒന്നും നടക്കില്ല. കാരണം ആൾക്കാർ വിചാരിക്കും പാവമാണല്ലോ അതിന് അത് കൊടുത്താൽ മതി, പാവമാണല്ലോ അതിനോട് ഇങ്ങനെ ചെയ്താൽ മതി എന്നൊക്കെ.

എന്റെ വീട്ടിലും ഈ പറഞ്ഞപോലെ അമ്മ എന്നോട് നല്ല കുട്ടി ആയിരിക്കണം, ആളുകൾ അങ്ങനെ വിചാരിക്കും ഇങ്ങനെ വിചാരിക്കും എന്നൊക്കെ ഇപ്പഴും പറയാറുണ്ട്. ഞാനിപ്പോൾ അമ്മയോട് ചോദിക്കാറുണ്ട്, നമുക്ക് എന്തെങ്കിലും ഒരു ബുദ്ധിമുട്ട് വന്നപ്പോൾ നിങ്ങൾക്ക് ഏറ്റവും അടുപ്പമുള്ള ഒരു 10 പേരിൽ കവിഞ്ഞിട്ട് ആ നാട്ടിലുള്ള ആരെങ്കിലും ഇടപെട്ടിട്ടുണ്ടോ? ഇല്ല പിന്നെ നമ്മൾ എന്തിനാണ് ഈ പറയുന്ന ആൾക്കാരെ ബോധിപ്പിക്കാൻ വേണ്ടീട്ട് കാര്യങ്ങൾ ചെയ്യുന്നത്?

എനിക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ആരെ വെറുപ്പിച്ചിട്ടാണെങ്കിലും ചെയ്യാൻ എനിക്ക് ബുദ്ധിമുട്ടില്ല അതിൽ ആൾക്കാർ എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടെന്ന് പറഞ്ഞാലും എന്റെ ഇഷ്ടങ്ങൾ വേണ്ട എന്ന് ഞാൻ വെക്കാറില്ല. അപ്പോൾ നമുക്ക്, വലിയ റിഗ്രറ്റുകൾ ഇല്ലാതെ ജീവിക്കാൻ കഴിയുമെന്ന് തോന്നുന്നു. ആൾക്കാര് പറയുന്നതാണോ വലുത് എന്റെ സന്തോഷമാണോ വലുത് എന്ന് ചോദിച്ചാൽ എനിക്ക് എന്റെ സന്തോഷമാണ് വലുത്.

എത്രത്തോളം സ്ത്രീസൗഹൃദമാണ് മലയാള സിനിമ? നിലനിൽക്കുന്ന ആൺ മേൽക്കോയ്മ, സിനിമയുടെ രാഷ്ട്രീയം എന്നിവയെക്കുറിച്ചു പറയാമോ?

സ്ത്രീസൗഹൃദം അല്ല എന്ന് പറയാനാവില്ല. നിങ്ങൾക്ക് ഇവിടെ ചില അവകാശങ്ങൾ ഉണ്ട് നിങ്ങൾക്ക് ചോദിച്ചാൽ കിട്ടാവുന്ന കുറെ കാര്യങ്ങളുമുണ്ട്. ഇതൊക്കെ ചിലപ്പോൾ നിങ്ങൾക്ക് ചോദിച്ചാലേ കിട്ടുള്ളൂ അത് ആണായാലും പെണ്ണായാലും അങ്ങനെയാണ്. അപ്പോൾ നിങ്ങളുടെ അവകാശങ്ങൾ നിങ്ങൾ തിരിച്ചറിയുന്നിടത്ത് അങ്ങനെയൊരു സ്പേസ് ഉണ്ടാക്കിയെടുക്കാൻ കഴിയും. ഇപ്പോൾ ഏറെക്കുറെ അങ്ങനെയൊരു സ്‌പേസിൽ തന്നെയാണ് നമ്മൾ ജീവിക്കുന്നത്. നിങ്ങൾക്ക് നിങ്ങളായി നിന്നുകൊണ്ട് സിനിമയിൽ നിൽക്കാനുള്ള അവസരങ്ങൾ ഇപ്പോഴത്തെ അവസ്ഥയിൽ സിനിമയിൽ ഉണ്ട്.

പക്ഷെ നിങ്ങളുടെ അറിവില്ലായ്മയെ മുതലെടുക്കാനും സാധ്യതയുണ്ട്. അതായത് ഞാൻ പറഞ്ഞില്ലേ, ഒരു കാർ വേണമെന്ന് പറയേണ്ടുന്ന സ്ഥലത്ത് ഞാൻ ഓട്ടോ പിടിച്ചു പൊക്കോളാമെന്നു പറഞ്ഞാൽ ഓക്കെ ശരി എന്നാ പിന്നെ നിങ്ങൾ ഓട്ടോ പിടിച്ചു പൊക്കോളൂ എന്ന് അവര് പറയും. നിങ്ങൾ കാർ ചോദിച്ചാൽ നിങ്ങൾക്ക് അവർ കാർ തരും. അപ്പോ ചോദിച്ചാലേ അത് കിട്ടുുള്ളൂ. ഇപ്പോഴത്തെ അവസ്ഥയിൽ കിട്ടും. കാരണം കിട്ടിയില്ലെങ്കിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്താന്നുള്ളത് അറിയാവുന്നതുകൊണ്ട് ഇപ്പോത്തെ അവസ്ഥയിൽ അത് കിട്ടും.

ഞാൻ സിനിമയിൽ വന്ന് ഈ ഒരു കാലഘട്ടം വരെ എനിക്ക് വലിയ മോശമായ അനുഭവങ്ങൾ ഉണ്ടായിട്ടില്ല, അതുകൊണ്ട് അങ്ങനെയുള്ള സാഹചര്യങ്ങൾ ഇല്ല എന്നല്ല. ഉറപ്പായും അങ്ങനെയുള്ള സ്പേസുകൾ ഉണ്ടാവാം, പക്ഷേ അതിനെ നേരിടാനാവുന്ന ഒരു അവസ്ഥ ഇപ്പോൾ ഉണ്ട്. നിങ്ങൾ ഹരാസ് ചെയ്യപ്പെട്ടാൽ, ചൂഷണം ചെയ്യപ്പെട്ടാൽ നിങ്ങൾക്ക് കംപ്ലൈന്റ് ചെയ്യാനുള്ള ഒരു സ്പേസ് ഇപ്പോ ഉണ്ട്. എനിക്ക് മുന്നേയുള്ള തലമുറ കുറെ കാര്യങ്ങൾക്ക് ഫൈറ്റ് ചെയ്തതുകൊണ്ടായിരിക്കും ഇപ്പൊ എന്റെ തലമുറയ്ക്ക് ഒരു കാരവൻ സൗകര്യം കിട്ടുന്നുണ്ടാവുക. ഞങ്ങളുടെ തലമുറ മറ്റു പല കാര്യങ്ങൾക്ക് ഫൈറ്റ് ചെയ്യുന്നതുകൊണ്ടാണ് ഇനി വരുന്ന തലമുറയിലെ ആൾക്കാർക്ക് പല സൗകര്യങ്ങളും കിട്ടുന്നുണ്ടാവുക.

ഇനി അടുത്ത അഞ്ചു വർഷങ്ങൾ കൊണ്ട് കുറച്ചു കൂടി മാറ്റങ്ങൾ ഉണ്ടാവാം കുറച്ചു കൂടി ബെറ്റർ ആയിട്ടുള്ള ഒരു സ്‌പേസ് ഉണ്ടായി വരും. എനിക്ക് അറിയാവുന്ന സിനിമ സംഘടനകളിൽ എല്ലാം ഒരു സ്ത്രീ സൗഹാർദ്ദ സെല്ല് ഉണ്ടാവണമെന്ന് വിചാരിക്കുന്നുണ്ട്, അവിടെ നിങ്ങൾക്ക് പരാതി പരിഹരിക്കാനുള്ള സ്പേസ് ഉണ്ടാവണം എന്നുള്ള രീതിയിൽ ചർച്ചകൾ നടക്കുന്നുണ്ട്. ഫിലിം പോളിസി കോൺക്ലേവുകള്‍ നടക്കുന്നുണ്ട്. അഞ്ചു വർഷം മുൻപ് ഇങ്ങനെ ഒരു സ്പേസ് എവിടെയുമില്ല. ഇതിപ്പോ ഗവൺമെന്റ് നമുക്ക് വേണ്ടി ഇങ്ങനെ ഒരു സ്പേസ് ഉണ്ടാക്കി തന്നിട്ടുണ്ട്.

അമ്മയിൽ സ്ത്രീ പ്രാതിനിധ്യം വരുന്നു എന്ന് പറയുന്നത് വലിയ മാറ്റമാണ്. ചിലപ്പോ അവരെകൊണ്ട് നമ്മൾ വിചാരിച്ചതുപോലെ പെർഫോം ചെയ്യാൻ പറ്റണം എന്ന് ഉണ്ടാവില്ല. പക്ഷേ മാറ്റം മാറ്റമാണ്. അതുകൊണ്ടുതന്നെ എനിക്ക് ഭയങ്കര പ്രതീക്ഷയുണ്ട്. മറ്റൊരു ഇൻഡസ്ട്രിയിലും ഇങ്ങനെ ഒരു ചർച്ചക്കുള്ള സ്പേസ് പോലുമില്ല. കാരണം അത് കംപ്ലീറ്റ്‌ലി മെയിൽ ഓറിയന്റഡ് ഇൻഡസ്ട്രികള്‍ ആണ്.

എന്താണ് ഭാവിപദ്ധതികൾ സിനിമയിലും ജീവിതത്തിലും? എന്താണ് പുതിയ പ്രൊജക്റ്റുകൾ?

അടുത്തതായി വരാനിരിക്കുന്നത്, സോണിയിലേക്ക് ഐസ് എന്ന ഒരു സീരീസ് ചെയ്തിട്ടുണ്ട്.പിന്നെ ഹോട്ട് സ്റ്റാറിന് തന്നെ അണലി എന്ന ഒരു സീരീസ് ചെയ്തിട്ടുണ്ട്. ‘പെണ്ണ് കേസ്’ എന്ന ഒരു സിനിമ റിലീസിനുണ്ട്. കൂടാതെ അടുത്ത വേറെ രണ്ട് പ്രോജക്റ്റ് തുടങ്ങാനുണ്ട്

Author Photo
നിഖില വിമല്‍

മലയാള സിനിമ നടി

qacheck17@gmail.com

Review overview
NO COMMENTS

POST A COMMENT