Home / ഇന്റര്‍വ്യൂ  / തിരുത്ത്: സിനിമയിലും സിനിമാമേഖലയിലും

തിരുത്ത്: സിനിമയിലും സിനിമാമേഖലയിലും

നിഖില വിമൽ / വിനയ് ഫോർട്ട്  /  ജിഷ്ണു രവീന്ദ്രൻ ജിഷ്ണു  രവീന്ദ്രൻ :  2024-ൽ സോഷ്യൽ മീഡിയയിലും നമ്മൾ സംസാരിക്കുമ്പോഴും ഒക്കെ ഏറ്റവുമധികം ഉപയോഗിക്കപ്പെട്ട ഒരു വാചകം, "ഒറ്റയ്ക്ക് വഴിവെട്ടി വന്നവനാടാ ഞാൻ' എന്ന നിവിൻ പോളിയുടെ ഒരു ഡയലോഗ് ആണ്. അങ്ങനെ ഒറ്റയ്ക്ക് വഴിവെട്ടി വന്ന രണ്ടു

Nikhila Vimal & Vinay Fort

നിഖില വിമൽ / വിനയ് ഫോർട്ട്  /  ജിഷ്ണു രവീന്ദ്രൻ

ജിഷ്ണു  രവീന്ദ്രൻ :  2024-ൽ സോഷ്യൽ മീഡിയയിലും നമ്മൾ സംസാരിക്കുമ്പോഴും ഒക്കെ ഏറ്റവുമധികം ഉപയോഗിക്കപ്പെട്ട ഒരു വാചകം, “ഒറ്റയ്ക്ക് വഴിവെട്ടി വന്നവനാടാ ഞാൻ’ എന്ന നിവിൻ പോളിയുടെ ഒരു ഡയലോഗ് ആണ്. അങ്ങനെ ഒറ്റയ്ക്ക് വഴിവെട്ടി വന്ന രണ്ടു മനുഷ്യരാണ് ഇന്ന് നമ്മളോടൊപ്പമുള്ളത്. നിഖില വിമൽ, വിനയ് ഫോർട്ട്. രണ്ടുപേരോടും ആദ്യം ചോദിക്കാനുള്ളത്. സിനിമാമേഖലയിലെ തിരുത്ത് എന്നൊക്കെ ഒരു ചർച്ച ആരംഭിക്കുമ്പോൾ പലപ്പോഴും സിനി ആർട്ടിസ്റ്റുകൾക്ക് ഒരു ഭയമുള്ളതായി തോന്നാറുണ്ട്. അതായത്, ഈ പറയുന്ന അഭിപ്രായങ്ങൾ നമ്മളെ എങ്ങനെ ബാധിക്കും? നമ്മുടെ കരിയറിനെ എങ്ങനെ ബാധിക്കും? ഇനി അങ്ങോട്ട് സിനിമകൾ കിട്ടുമോ? എന്നുള്ള ഒരു ഭയം ഒരുപക്ഷേ, ഒരു സെലിബ്രിറ്റിയെ അല്ലെങ്കിൽ ഒരു നടിയെ, ഒരു നടനെ, വലിയ രീതിയിൽ പിന്തുടരുന്നതായിട്ട് തോന്നിയിട്ടുണ്ട്. നിങ്ങൾ രണ്ടു മനുഷ്യരും സ്വന്തം അഭിപ്രായം എല്ലായ്പ്പോഴും തുറന്നു പറഞ്ഞിട്ടുള്ളവരാണ്. പറഞ്ഞതിന്റെ പേരിൽ വിവാദങ്ങളിൽ പെട്ടവരുമാണ്. എങ്കിലും ഇപ്പോഴും ആ അഭിപ്രായപ്രകടനങ്ങൾ അതുപോലെ തുടരുന്നവരുമാണ്. ഈ ഭയം നിങ്ങളെ പിന്തുടരുന്നുണ്ടോ? ഉണ്ടെങ്കിൽ, അതിനെ എങ്ങനെയാണ് അഭിമുഖീകരിക്കുന്നത് ?

നിഖില വിമൽ: നമസ്കാരം. ഇല്ല, എനിക്ക് അങ്ങനെ പേടിയില്ല ഇങ്ങനത്തെ കാര്യങ്ങളിൽ. പിന്നെ സംസാരിക്കുന്ന സമയത്ത്, ഇങ്ങനെയാണ് സംസാരിക്കുന്നത് അല്ലെങ്കിൽ ഇങ്ങനെ സംസാരിച്ചാൽ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടാകുമോ എന്ന് ആലോചിച്ചിട്ട് സംസാരിക്കുന്നതുമല്ല. ഒരു ഒറ്റബുദ്ധിയുടെ പുറത്ത് സംസാരിച്ചു പോകുന്നതാണ്. പക്ഷേ, ഞാൻ പറയുന്ന കാര്യങ്ങളിൽ പകുതിയിലധികവും മീഡിയയിൽ വരുമ്പോൾ അത് വേറെ രീതിയിൽ ആവുന്നതാണ്. ഞാൻ പറയുന്നത് പലതും അങ്ങനെ ആയിരിക്കില്ല.ഒരു മൊത്തം കോൺവെർസേഷന്റെ പാർട്ടിൽ സംസാരിക്കുന്നതിന് സ്റ്റേറ്റ്മെൻറ്സ് ആയിട്ട് വരുമ്പോൾ ഉണ്ടാകുന്ന കാര്യങ്ങളും, അതിനെ ആളുകൾ ജഡ്ജ് ചെയ്യുന്നതുമായിട്ടുള്ള പ്രശ്നങ്ങളാണ്. അതല്ലാതെ നോക്കുകയാണെങ്കിൽ, ഒരു ഫുൾ കോൺവെർസേഷനിൽ ഞാൻ എന്ത് പറഞ്ഞിരിക്കുന്നു എന്നുള്ളത് മനസ്സിലാകും. അതിന്റെ പേരിൽ എനിക്ക് വലിയ തിരിച്ചടികൾ ഉണ്ടായിട്ടില്ല, അതിനെ അതുകൊണ്ട് നേരിടേണ്ടിയും വന്നിട്ടില്ല.

ജിഷ്ണു  രവീന്ദ്രൻ : വിനയ് ചേട്ടാ, ഈ അടുത്ത് ഹോളിവുഡ് റിപ്പോർട്ടർക്ക് നൽകിയ ഒരു ഇന്റർവ്യൂവിൽ അനുരാഗ് കശ്യപ് മലയാള സിനിമയെക്കുറിച്ച് സംസാരിച്ചിരിക്കുന്നു. അദ്ദേഹം പറയുന്നത്, മലയാള സിനിമയിൽ സ്റ്റാർഡം എന്നൊരു ഹയറാർക്കി ഇല്ല, അവർ പരസ്പരം പാര വയ്ക്കുന്നില്ല, മറിച്ച് സഹായിക്കുകയും ചെയ്യുന്നുണ്ട് എന്നതാണ്. ഈ കോളാബറേറ്റീവ് സ്വഭാവം മലയാളസിനിമയുടെ വളർച്ചയ്ക്ക് സഹായകരമാകുന്നു എന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. അതേസമയം, ഇന്ത്യയിൽ, പ്രത്യേകിച്ച് ബോളിവുഡിൽ, സിനിമാമേഖലയിലെ അസമത്വങ്ങൾ ചർച്ചയാകുമ്പോൾ, ഹേമ കമ്മിറ്റി റിപ്പോർട്ട് പോലുള്ള വിഷയങ്ങളും മുൻനിരയിലുണ്ട്. ഈ പശ്ചാത്തലത്തിൽ, മലയാളസിനിമയിൽ ഭയമില്ലാതെ അഭിപ്രായങ്ങൾ പറയാനും ചർച്ചകളും തർക്കങ്ങളും നടത്താനും ഉള്ള ഈ സ്വാതന്ത്ര്യം ഒരു ഗുണമാണോ?

വിനയ് ഫോർട്ട് : ഇത് ഒരു പുതിയ കാര്യമല്ല. ഞാൻ പൂനെയിൽ ഫിലിം സ്കൂളിൽ പഠിച്ചത് 15 വർഷം മുമ്പാണ്. അന്നും ഇന്നും, ഇന്ത്യയിൽ ഏറ്റവും ശക്തമായ സിനിമകൾ ഉണ്ടാക്കുന്ന സംസ്ഥാനം കേരളമാണെന്ന് ഞാൻ കരുതുന്നു. നമ്മൾ ഭയങ്കരമായി കോൺട്രിബ്യൂട്ട് ചെയ്തിട്ടുള്ള സിനിമകൾ ഉണ്ടായിട്ടുണ്ട്, അതല്ലാതെ ഇന്ന് ഉണ്ടാകുന്ന കമേഴ്സ്യൽ സിനിമകളുടെ അടിസ്ഥാനത്തിൽ മാത്രമല്ല ഈ അവലോകനം. ഇന്ത്യയിലെ 10 പ്രധാന ഫിലിംമേക്കർമാരിൽ മൂന്നോ നാലോ പേർ മലയാളി ആയിരിക്കും. കെ.ജി. ജോർജ്, അടൂർ ഗോപാലകൃഷ്ണൻ, അരവിന്ദൻ എന്നിവരുള്‍പ്പെടുന്ന ലീഗ് ഓഫ് ലെജൻഡറി ഫിലിംമേക്കർമാരെ കേരളം നൽകിയിട്ടുണ്ട്. അതുപോലെ, ആർട്ടിസ്റ്റിക് കഴിവിൽ മലയാളികൾ സ്ട്രെങ്ത് ഉള്ളവരാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഫിലിം സ്കൂളിൽ പോലും, ആരെങ്കിലും മലയാളി ആണെങ്കിൽ, അത് കലാപരമായി ഒരു അടയാളമായി നോക്കാറുണ്ട്. 2023-ലെ മികച്ച ഇന്ത്യൻ സിനിമകൾ നോക്കുമ്പോൾ കേരളമാണ് മുന്നിൽ. “ആട്ടം’, “മഞ്ഞുമ്മൽ ബോയ്സ്’, “ഭ്രമയുഗം’ എന്നിവയെപ്പോലെയുള്ള കലാപരമായി സമ്പന്നമായും കമേഴ്സ്യലിയായും വിശേഷിപ്പിക്കാവുന്ന ചിത്രങ്ങൾ നമ്മളാണ് ഉണ്ടാക്കിയത്. തിയേറ്റർ ഉൾപ്പെടെ വിവിധ കലാരൂപങ്ങളിൽ നമ്മൾ എപ്പോഴും മേൽക്കോയ്മ പുലർത്തിയിട്ടുണ്ട്. നേരത്ത പറഞ്ഞതിൽ, “ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ’ എന്ന ആശയത്തോട് ഞാനൊരിക്കലും യോജിക്കില്ല. ഞാൻ ഒരിക്കലും ഒറ്റയ്ക്ക് വളർന്നവനല്ല. പ്രത്യേകിച്ച്, സിനിമാനടൻ എന്ന നിലയിൽ, ഒരു നാടകനടനെക്കാൾ പോലും ദുർബലനാണ് ഞാൻ. കാരണം, സിനിമ ഒരു കലയാണെങ്കിൽ, അതിന്റെ മുഴുവൻ സാങ്കേതിക ഭാഗങ്ങളിലും ഞങ്ങൾ സിനിമാറ്റോഗ്രാഫർമാരുടെയും എഡിറ്റർമാരുടെയും സംവിധായകരുടെയും സഹായം ആകെ ആശ്രയിച്ചിരിക്കുന്നു. ഞങ്ങളുടെ മുഖം സ്‌ക്രീനിൽ കാണിക്കപ്പെടുന്നതു കൊണ്ടുമാത്രമാണ് നമ്മൾ ആകുമ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. സിനിമ ഒരു സംഘപ്രയത്നമാണ്. അത് ഒരിക്കലും ഒരാളുടെ കഴിവ് മാത്രം അടിസ്ഥാനപ്പെടുത്തിയുള്ളതല്ല.

ജിഷ്ണു  രവീന്ദ്രൻ : നിഖില, 2024 മലയാള സിനിമയ്ക്ക് വളരെ മികച്ച ഒരു വർഷമായിരുന്നു. മികച്ച സിനിമകളും റെക്കോർഡ് ഹിറ്റുകളും ഉണ്ടായപ്പോൾ, മലയാളസിനിമ ചരിത്രപരമായ ഒരു മാറ്റത്തിനും മുന്നേറ്റത്തിനുമാണ് സാക്ഷ്യം വഹിച്ചത്. ഇതിനോടൊപ്പം  ഓൺലൈൻ ഇന്റർവ്യൂ പ്ലാറ്റ്ഫോമുകളും സോഷ്യൽ മീഡിയയും ആർട്ടിസ്റ്റുകളുടെ സ്വകാര്യജീവിതത്തിലേക്ക് കടന്നുകയറുന്ന പ്രവണതയും വർദ്ധിച്ചിട്ടുണ്ട്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഹണി റോസിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും ബോബി ചെമ്മണൂരിന്റെ അറസ്റ്റും.  സമൂഹമാധ്യമങ്ങളിൽ ഇവയെ പിന്തുണയ്ക്കുന്നവരും വിമർശിക്കുന്നവരുമുണ്ട്. ഈ ഇൻക്രീസ്ഡ് സോഷ്യൽ മീഡിയ സ്ക്രൂട്ടണി ആര്‍ട്ടിസ്റ്റുകളെ മാനസികമായി അസ്വസ്ഥരാക്കുന്നുണ്ടോ ?

നിഖില വിമൽ: സോഷ്യൽ മീഡിയയിലൂടെയുള്ള അതിക്രമം എന്നത് എനിക്ക് വ്യക്തിപരമായി വളരെയധികം അസ്വസ്ഥത ഉണ്ടാക്കുന്ന വിഷയമാണ്. ഒരു സിനിമാനടിയായി, എന്റെ ജോലിയെക്കുറിച്ച് വിമർശനം സ്വീകരിക്കാം, പക്ഷേ, വ്യക്തിപരമായതോ പേഴ്സണൽ അറ്റാക്കുകളോ ഉൾക്കൊള്ളാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്. സിനിമ എന്റെ പ്രൊഫഷനാണ്, നിങ്ങൾ ഓരോരുത്തരും നിങ്ങളുടെ ജോലി ചെയ്യുന്നതു പോലെ. ഒരു മാധ്യമപ്രവർത്തകനോ മറ്റേതെങ്കിലും പ്രൊഫഷനിലുള്ളവർക്കോ അവരുടേതായ പരിധിയുണ്ട്, അതുപോലെയാണ് എന്റെ ജോലിയും. എന്റെ അഭിനയത്തിലൂടെ അല്ലെങ്കിൽ എന്റെ ഇന്റർവ്യൂകളിലൂടെയാണ് ആളുകൾ എന്നെ അറിയുന്നത്. അതിന് അതിരുകളുണ്ട്. എനിക്ക് സോഷ്യൽ മീഡിയ വളരെയധികം ഉപയോഗിക്കാൻ ആഗ്രഹമില്ല, പ്രത്യേകിച്ച് പ്രമോഷൻ ഹാന്റ്ൽ ചെയ്യുന്നതിനോ കണ്ടൻറ് ക്രിയേറ്റ് ചെയ്യുന്നതിനോ. അതിനാൽ, എന്റെ വ്യക്തിപരമായ ജീവിതം മറ്റുള്ളവർക്ക് വിലയിരുത്താൻ കഴിയില്ല. പ്രൈവസി എന്നത് എനിക്ക് ഏറെ വിലപ്പെട്ടതാണ്. അതിനെ മറികടന്ന് ആളുകൾ അഭിപ്രായപ്രകടനം നടത്തുമ്പോൾ അതിനെ എങ്ങനെ സ്വീകരിക്കണമെന്ന് എന്നെ സംബന്ധിച്ചിടത്തോളം ഇപ്പോഴും അറിയില്ല.

ജിഷ്ണു  രവീന്ദ്രൻ : ഹണി റോസിന്റെ പ്രശ്‌നത്തിൽ, അവരെ  സെക്ഷ്വലി അബ്യൂസീവ് രീതിയിൽ അഭിസംബോധന ചെയ്ത ഒരു വ്യക്തിക്കെതിരെ  അതായത് ചാനൽ  ചർച്ചകളിൽ പങ്കെടുക്കുന്ന രാഹുൽ ഈശ്വർ എന്ന് പറയുന്ന ഒരു പാനലിസ്റ്റിനെതിരെ അവർ നിയമ  നടപടി സ്വീകരിക്കാൻ തയ്യാറാകുന്നുണ്ട്. എന്നാൽ, ഇതിനെ തുടർന്നും അവർ  നിരന്തരം ഇതേ വിഷയത്തിൽ വിശദീകരണം നൽകേണ്ടി വരുന്നു, ന്യായീകരണം നടത്തേണ്ടി വരുന്നു. ഒരു പുരുഷനെന്ന നിലയിൽ, നിങ്ങളുടെ ഇൻഡസ്ട്രിയിലെയും സമൂഹത്തിലെയും ഈ വ്യത്യാസം ചിന്തിച്ചാൽ, ഇത്തരം സാഹചര്യങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന ദുർബലതയെക്കുറിച്ച് നിങ്ങൾക്ക് ഒരു കുറ്റബോധമോ വിഷമമോ ഉണ്ടാകാറുണ്ടോ?

വിനയ് ഫോർട്ട്: തീർച്ചയായും, ഇത് ഒരു ദൗർഭാഗ്യകരമായ അവസ്ഥയാണ്. ഹണി റോസിനെക്കുറിച്ചാണെങ്കിൽ, എനിക്ക് 10 വർഷത്തിലധികമായി പരിചയമുള്ള ഒരാളാണ്. അത്രയും പൊളൈറ്റ്, ജെനുവിൻ, ഇന്നസെൻറ് ആയ മറ്റൊരു അഭിനേത്രിയെ ഞാൻ കണ്ടിട്ടില്ല. അപ്പോൾ അവർക്ക് ഇങ്ങനെ സംഭവിക്കുന്നത് വേദനാജനകമാണ്. ഇപ്പോൾ സമൂഹമാധ്യമങ്ങൾ വഴിയും ചാനലുകളിലെ ചർച്ചകളിലും തന്നെ, ഈ വിഷയത്തിൽ പ്രതീക്ഷിക്കാവുന്ന മറുപടികൾ ചിലർക്കെങ്കിലും  ഇതിനോടകം ലഭിച്ചുകഴിഞ്ഞു. എന്നാൽ, പ്രശ്നം ഇതിലും ആഴത്തിലുള്ളതാണ്. സിനിമ, ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ, പ്രൊമോഷൻസ് എന്നിവയുടെ ഭാഗമായി ഒരു അഭിനേതാവിന്റെ വ്യക്തിജീവിതത്തിൽ സാമൂഹിക മാധ്യമംഇടപെടലുകൾ അധികമാകുന്നു. ഒരാളുടെ ജോലി സിനിമയാണെന്നത് അയാളുടെ സ്വകാര്യജീവിതത്തിലേക്ക് കടന്നുവരാൻ ആർക്കും അവകാശം നൽകുന്നില്ല. എല്ലാ മനുഷ്യർക്കും  സ്വകാര്യതയുണ്ട്. അത് ഒരു സിനിമാതാരമായാലും അല്ലാത്തവരായാലും. സോഷ്യൽ മീഡിയയിലെ ചർച്ചകൾ പലപ്പോഴും വ്യക്തികളുടെയും അവരുടെ അനുഭവങ്ങളുടെയും മാന്യമായ പരിഗണന മറക്കുന്ന തരത്തിലായിരിക്കും. ഇത് അത്യന്തം സങ്കടകരമാണെന്നും ഇത്തരം വിഷയങ്ങൾ മനുഷ്യത്വത്തിന്റെ അടിസ്ഥാനത്തിൽ കൈകാര്യം ചെയ്യേണ്ടതാണെന്നും ഞാൻ വിശ്വസിക്കുന്നു.

ജിഷ്ണു  രവീന്ദ്രൻ:  നിഖില സിനിമാനയരൂപീകരണ സമിതിയിലെ അംഗമാണ്. നിഖില നൽകിയ ഇന്റർവ്യൂകളിൽ സിനിമാമേഖലയിലെ ജൂനിയർ ആർട്ടിസ്റ്റുകൾ, ഹെയർ സ്റ്റൈലിസ്റ്റുകൾ, മേക്കപ്പ് ആർട്ടിസ്റ്റുകൾ എന്നിവരുമായി സംസാരിക്കുകയും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു എന്ന് പറഞ്ഞിട്ടുണ്ട്.  ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിനുശേഷം ഈ വിഷയത്തിൽ വലിയ ചർച്ചകൾ നടക്കുന്നുണ്ട്. പ്രത്യേകിച്ച് ജൂനിയർ ആർട്ടിസ്റ്റുകൾ ഏജന്റുമാർ വഴി ജോലിയിലേർപ്പെടുകയും ചിലപ്പോൾ ജോലിയില്ലാതെ സെറ്റിൽ ഇരിക്കേണ്ടി വരികയും ചെയ്യുന്നു. അതുപോലെ, മേക്കപ്പ് ആർട്ടിസ്റ്റുകളും ഹെയർ സ്റ്റൈലിസ്റ്റുകളും മികച്ച തൊഴിൽ സാഹചര്യങ്ങൾക്കായി പോരാടുന്നുണ്ട്. അസിസ്റ്റന്റ് ഡയറക്ടർമാർക്ക് ബാറ്റയോ ഇൻക്രിമെന്റോ പോലുമില്ല എന്ന അവസ്ഥയും റിപ്പോർട്ടിൽ ഉന്നയിച്ചിരിക്കുന്നു.  ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടുകൂടി, സിനിമാമേഖലയിൽ ഈ വിഷയങ്ങളെ കുറിച്ച് കൂടുതൽ ചര്‍ച്ചകൾ ഉണ്ടാകുന്നു. സിനിമാനയരൂപീകരണ സമിതിയുടെ ഭാഗമായുള്ള ഡിസ്കഷനുകൾ എങ്ങനെയായിരുന്നു? ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിനുശേഷം സിനിമാമേഖലയിലെ തൊഴിലിട അന്തരീക്ഷത്തിൽ മാറ്റം വന്നതായി നിങ്ങൾക്ക് തോന്നുന്നുണ്ടോ?

നിഖില വിമൽ : ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരുന്നതിനു മുമ്പ് തന്നെ നയരൂപീകരണ സമിതിയിൽ ചർച്ചകൾ ആരംഭിച്ചിരുന്നു.  ഈ സെക്ഷ്വൽ ഹറാസ്മെന്റുകളെ ഉൾപ്പെടുത്തുന്ന വിഷയങ്ങൾ ഇപ്പോഴും സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നു, പ്രത്യേകിച്ച് അസിസ്റ്റന്റ് ഡയറക്ടർമാരുടെ പ്രശ്നങ്ങൾ, അവർക്കുള്ള ബേസിക് നീഡ്സ് ഇല്ലായ്മ, മറ്റ് ഡിപ്പാർട്ട്മെന്റുകളിൽ പ്രവർത്തിക്കുന്നവർക്ക് ഈ പ്രശ്നങ്ങൾ വരുന്നത് തുടങ്ങിയവ. ഇപ്പോഴത്തെ സാഹചര്യത്തിൽ, വളരെ അടിസ്ഥാനപരമായ ആവശ്യങ്ങൾട്രാവൽ ഫെസിലിറ്റീസുകൾ, സേഫ്റ്റി, റസ്റ്റ് റൂം, ബാത്റൂം ഫെസിലിറ്റീസുകൾ എന്നിവയെല്ലാം പോളിസിയുടെ ഭാഗമായിട്ട് പരിഗണിക്കപ്പെടുന്നു. ഞാൻ വർക്ക് ചെയ്ത ഗുരുവായൂരമ്പലനടയിൽ എന്ന സിനിമയുടെ  ചിത്രീകരണ സമയത്ത്, 1500 ഓളം ജൂനിയർ ആർട്ടിസ്റ്റുകൾക്കായി ബാത്റൂം, ചേഞ്ചിങ് റൂമുകൾ, റെസ്റ്റ് സ്പേസ്, ഭക്ഷണസംവിധാനങ്ങൾ എല്ലാം ഒരുക്കിയിരുന്നു. പക്ഷെ എല്ലാവർക്കും ഇത് എങ്ങനെയാണ് അഡ്രസ്സ് ചെയ്യേണ്ടത് എന്ന് അറിയില്ല എന്നുള്ളത് ഒരു വലിയ പ്രശ്നമാണ്. ഒരു കാര്യത്തെക്കുറിച്ച് അവബോധം ഇല്ലാത്തതിന്റെ  പ്രശ്നമുണ്ട്. ആരെങ്കിലും ഒരാൾ ചെയ്തുകഴിഞ്ഞാൽ അത് കണ്ടിട്ട് ബാക്കിയുള്ളവർ ചെയ്യുന്ന ഒരു രീതിയാണ് ഇവിടെ ഉള്ളത്. ഇപ്പോൾ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്. ഐസി വന്നതിൽ പിന്നെ ഒരു കംപ്ലൈന്റ് ഉണ്ടെങ്കിൽ അത് പറയാം എന്നുള്ള ഒരു സ്പേസുണ്ട്. പക്ഷേ അത് ഒരുപാട് പേർക്ക് അറിയില്ല. എന്റെ  കൂടെ വർക്ക് ചെയ്യുന്ന ആർട്ടിസ്റ്റുകൾക്കോ ടെക്നീഷ്യൻസിനോ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ ഐസി ഉണ്ട് നിങ്ങൾക്ക് പോയി കംപ്ലൈന്റ് ചെയ്യാം എന്ന് പറയാറുണ്ട്. പക്ഷേ അത് അവരുടെ ഇഷ്ടമാണ്. കംപ്ലൈന്റ് ചെയ്യണോ വേണ്ടയോ എന്നുള്ളത്. അപ്പോൾ  അങ്ങനെ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഇപ്പോൾ അത് ഞാൻ ശ്രദ്ധിക്കാറുണ്ട് അഡ്രസ്സ് ചെയ്യാൻ ശ്രമിക്കാറുമുണ്ട്.

(തയ്യാറാക്കിയത് : ശ്രുതി ജെയിംസ്)

Author Photo
ജിഷ്ണു രവീന്ദ്രൻ

ജേർണലിസ്റ്റ്

qacheck17@gmail.com

Review overview
NO COMMENTS

POST A COMMENT