കേന്ദ്ര വഖഫ് ഭേദഗതി എതിർക്കപ്പെടുന്നത് എന്തുകൊണ്ട്?
‘ഒരു രാജ്യം ഒരു നിയമം എന്നു പറയുകയും, മതപരമായി ജനങ്ങളെ ഭിന്നിപ്പിക്കുന്ന നിയമങ്ങൾ കൊണ്ടുവരികയും ചെയ്യുന്നത് തികഞ്ഞ കാപട്യമാണ്. ബി.ജെ.പിയുടെ മുസ്ലിം വിരുദ്ധതക്ക് വഖഫ് ഭേദഗതി നിയമമടക്കം സമീപ കാലത്ത് അവർ പാർലമെൻ്റിൽ ചുട്ടെടുത്ത നിയമങ്ങൾ മാത്രം എടുത്ത് പരിശോധിച്ചാൽ മതി.’ – കെ.ടി. ജലീൽ എഴുതുന്നു.
ഒരു ഇസ്ലാംമത വിശ്വാസി സ്വഇഷ്ടപ്രകാരം ദൈവത്തിന് സമ്മാനമായി നൽകുന്ന വസ്തുക്കളെയാണ് ‘വഖഫ് എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഭൂമി, കെട്ടിടങ്ങൾ, ആരാധനാലയങ്ങൾ, സ്ഥാപനങ്ങൾ, ഫലവൃക്ഷങ്ങൾ, പണം, മൂല്യമുള്ള ലോഹങ്ങൾ, ആദായം ലഭിക്കുന്ന മറ്റു വസ്തുക്കൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും.
ഒരാളുടെ സമ്മതമില്ലാതെയോ തെറ്റിദ്ധരിപ്പിച്ചോ ചതിയിലൂടെയോ വഖഫ് ചെയ്യിക്കാൻ പാടില്ല. കയ്യേറ്റ ഭൂമികളിൽ ആരാധനാലയങ്ങൾ ഉണ്ടാക്കുന്നത് നിഷിദ്ധമാണെന്നാണ് ഇസ്ലാമിക പക്ഷം. പൊതുസ്ഥലങ്ങളിൽ ജനങ്ങളെ ബുദ്ധിമുട്ടിച്ച് ആരാധന നിർവഹിക്കുന്നത് തെറ്റാണെന്ന് പഠിപ്പിച്ച പ്രവാചകനാണ് മുഹമ്മദ് നബി. വഖഫ് സ്വത്തുക്കൾ അന്യാധീനപ്പെട്ട് പോകാതിരിക്കാനും കയ്യേറ്റങ്ങൾക്ക് വിധേയമാകാതിരിക്കാനും ശരിയാം വിധം വഖഫ് സ്വത്തുക്കളിൽ നിന്ന് ആദായം ശേഖരിക്കാനും രൂപം കൊണ്ട സർക്കാർ മേൽനോട്ടമുള്ള ഭരണ സംവിധാനമാണ് വഖഫ് ബോർഡ്.
വഖഫ് സ്വത്തുക്കളിൽ നിന്ന് ലഭിക്കുന്ന വരുമാനം മുസ്ലിം സമുദായത്തിന്റെ ക്ഷേമപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ സ്വയംഭരണാവകാശമുള്ള ഭരണക്രമം എന്ന നിലയിൽ സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ നിർദ്ദേശപ്രകാരമാണ് ദേശീയ തലത്തിൽ ആദ്യമായി വഖഫ് ബോർഡ് രൂപീകരിച്ചത്. വിഭജനത്തെ തുടർന്ന് പാക്കിസ്ഥാനിലേക്ക് പോയ മുസ്ലിം സമ്പന്നരുടെ സ്വത്തുക്കൾ ദേശസാൽക്കരിക്കാതെ വഖഫ് ബോർഡിനു കീഴിൽ കൊണ്ടുവരാനാണ് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് നെഹ്റു മുൻകയ്യെടുത്തത്. ആ തീരുമാനത്തെ മതേതര സമൂഹം സർവാത്മനാ അംഗീകരിച്ചു.
ദേശീയ വഖഫ് ബോർഡിന് തുല്യമായി പിൽക്കാലത്ത് വിവിധ സംസ്ഥാനങ്ങളിലും സ്റ്റേറ്റ് വഖഫ് ബോർഡുകൾ നിലവിൽ വന്നു. വഖഫ് സ്വത്തുക്കൾ നിയന്ത്രിക്കുന്ന ബോർഡുകളുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഉയർന്ന സർക്കാർ ഉദ്യോഗസ്ഥനാണ്. ബോർഡിലെ തീരുമാനങ്ങൾ സർക്കാരിനെ അറിയിക്കലും, നിയമവിരുദ്ധമായ കാര്യങ്ങൾ ബോർഡിന്റെ ശ്രദ്ധയിൽ പെടുത്തി അവരെ തിരുത്തലുമാണ് സി.ഇ.ഒ-യുടെ പ്രധാന ചുമതല. ദേവസ്വം ബോർഡുകളുടെ സി.ഇ.ഒമാർ ഹൈന്ദവ സമുദായത്തിൽ നിന്നുള്ള സർക്കാർ ഉദ്യോഗസ്ഥനാണെങ്കിൽ, വഖഫ് ബോർഡുകളുടെ സി.ഇ.ഒമാർ മുസ്ലിം സമുദായത്തിൽ നിന്നുള്ള സർക്കാർ ഉദ്യോഗസ്ഥനാണ്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് കേരളത്തിലെ വഖഫ് സ്വത്തുക്കളുടെ സർവെ നടത്തി സ്വത്തുവിവരങ്ങൾ സമ്പൂർണ്ണമായി രേഖപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് തുടക്കം കുറിച്ചത്. ജില്ലാ കളക്ടർമാർക്കായിരുന്നു സർവെയുടെ മുഴുവൻ ചാർജും നൽകിയത്. സംസ്ഥാന തലത്തിൽ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനെയാണ് സ്റ്റേറ്റ് വഖഫ് സർവ്വെ ഓഫീസറായി നിയമിച്ചത്. 2021-നുള്ളിൽ തന്നെ ഏതാണ്ട് 60% വഖഫ് സ്വത്തുക്കളും സർവെ നടത്തി കണ്ടെത്തുകയും രേഖപ്പെടുത്തുകയും ചെയ്തു. കേരളത്തിൽ വഖഫ് സർവെ രണ്ടാം പിണറായി സർക്കാർ പൂത്തിയാക്കി.
എന്തുകൊണ്ടാണ് മൂന്നാം മോദി സർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി നിയമം എതിർക്കപ്പെടുന്നത് എന്ന ചോദ്യം നാനാകോണുകളിൽ നിന്നും ഉയർന്നു വരുന്നുണ്ട്. അതിന്റെ ഉത്തരങ്ങളാണ് താഴെ:
1) കൽപിത വഖഫ് സ്വത്തുക്കളുടെ ഉടമസ്ഥാവകാശം വഖഫ് സ്വത്തായി മേലിൽ പരിഗണിക്കില്ല. രേഖപ്രകാരം വഖഫ് ചെയ്യപ്പെടാത്ത എന്നാൽ പതിറ്റാണ്ടുകളായി വഖഫ് സ്വത്തായി കണക്കാക്കപ്പെടുകയും ഉപയോഗിക്കുകയും ചെയ്യുന്ന ഭൂമിയും സ്വത്തുവഹകളുമാണ് കൽപിത വഖഫ് സ്വത്തുക്കൾ (Deemed Waqaf or Waqaf by use) എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതുപ്രകാരം ആയിരക്കണക്കിന് ഏക്കർ ഭൂമിയും സ്വത്തുവഹകളും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ വഖഫ് ബോർഡുകൾക്ക് കീഴിൽ ഉണ്ട്. ഇവയുടെ മേൽ വഖഫ് ബോർഡുകൾക്കുള്ള എല്ലാ അധികാരങ്ങളും കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന വഖഫ് നിയമ ഭേദഗതിയോടെ ഇല്ലാതാകും. സർക്കാറുകൾക്ക് അവരുടെ ആവശ്യങ്ങൾക്കായി ഇത്തരം ഭൂമിയും കെട്ടിടങ്ങളും സ്വത്തുവഹകളും യഥേഷ്ടം ഉപയോഗപ്പെടുത്താനും ലീസിന് നൽകാനും വിൽക്കാനും സർക്കാരുകൾക്കോ തദ്ദേശ സ്ഥാപനങ്ങൾക്കോ കൈമാറാനും സാഹചര്യമൊരുങ്ങും. ഇത് ആത്യന്തികമായി വഖഫ് സ്വത്തുക്കളിൽ ഭീമമായ ഇടിവ് വരുത്തും.
വഖഫ് സ്വത്തുക്കളിൽ കൊണ്ടുവരുന്ന ഭേദഗതിക്ക് അനുസൃതമായ ഭേദഗതി മറ്റു മതസ്ഥരുടെ സ്ഥാപനങ്ങളുടെ കാര്യത്തിൽ എന്തുകൊണ്ടാണ് കൊണ്ടുവരാത്തത്? രേഖയും പ്രമാണവും നികുതി അടച്ച റസീറ്റുകളും വഖഫ് സ്വത്തുക്കൾക്ക് മാത്രം ബാധകമാക്കുന്നതിലെ യുക്തി എന്താണ്? മുസ്ലിങ്ങളെ അപരവൽക്കരിക്കലാണ് ഇതിന്റെ ലക്ഷ്യമെന്ന് ആർക്കാണ് അറിയാത്തത്! മുസ്ലിങ്ങൾക്ക് ഒരു നിയമവും മറ്റുള്ളവർക്ക് വേറൊരു നിയമവും ഉണ്ടായാൽ അത് രാജ്യത്തിന്റെ ഉൽഗ്രഥനത്തെയും കെട്ടുറപ്പിനെയും പ്രതികൂലമായി ബാധിക്കും.
പൗരത്വ ഭേദഗതി നിയമം കൊണ്ടു വന്നപ്പോഴും ഈ വിവേചനം നമ്മൾ കണ്ടതാണ്. പാക്കിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് കുടിയേറിപ്പാർത്ത മുസ്ലിങ്ങളല്ലാത്ത എല്ലാവർക്കും പൗരത്വം നൽകും എന്ന് പൗരത്വ ഭേദഗതി നിയമത്തിൽ വ്യവസ്ഥ ചെയ്തു. മുസ്ലിങ്ങൾക്കു മാത്രം പൗരത്വം നൽകില്ലെന്ന് അർത്ഥശങ്കക്കിടയില്ലാത്ത വിധം കേന്ദ്ര സർക്കാർ വ്യക്തമാക്കി. മുസ്ലിമല്ലെങ്കിൽ “യെസ്”, മുസ്ലിമാണെങ്കിൽ “നോ” എന്നു പറയുന്നത് തികഞ്ഞ മത വിവേചനമല്ലാതെ മറ്റെന്താണ്? മുത്തലാഖ് ബില്ലിന്റെ കാര്യത്തിലും സമാനമായ മതവിവേചനം കാണാം. ഭാര്യയെ ഒറ്റയടിക്ക് വിവാഹമോചനം നടത്തുന്ന മുസ്ലിം പുരുഷന് മാത്രമാണ് മൂന്നു വർഷം ജയിൽ ശിക്ഷ മുത്തലാഖ് ബില്ലിലൂടെ ഉറപ്പാക്കുന്നത്. മുസ്ലിമല്ലാത്ത ഒരു ഇന്ത്യൻ പൗരൻ ഒറ്റയടിക്ക് തന്റെ ഭാര്യയെ വിവാഹമോചനം ചെയ്താൽ അയാൾക്ക് ഈ ജയിൽ ശിക്ഷ ബാധകമല്ല. മുസ്ലിങ്ങളുടെ കാര്യത്തിൽ വിവാഹ മോചനം ഒരേസമയം ക്രിമിനൽ കുറ്റവും സിവിൽ കേസുമാണ്. എന്നാൽ മുസ്ലിങ്ങളല്ലാത്തവരെ സംബന്ധിച്ചേടത്തോളം വിവാഹമോചനം സിവിൽ കേസ് മാത്രമാണ്. മതാടിസ്ഥാനത്തിൽ ജനങ്ങളെ രണ്ടു ചേരികളിലാക്കാനേ ഇത്തരം അപരിഷ്കൃത സമീപനങ്ങൾ സഹായകമാകൂ.
ഇന്ത്യയിലെ ഏക മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമാണ് ജമ്മുകാശ്മീർ. ആ കാശ്മീരിനെ വെട്ടിമുറിച്ച് കാലാന്തരത്തിൽ മുസ്ലിം ഭൂരിപക്ഷം അട്ടിമറിക്കുക എന്ന ഗൂഢോദ്ദേശത്തോടെയാണ് ഭരണഘടനയുടെ 370-ാം വകുപ്പനുസരിച്ചുള്ള ജമ്മുകാശ്മീരിന്റെ പ്രത്യേക അവകാശം ഭേദഗതി കൊണ്ടുവന്ന് എടുത്തു കളഞ്ഞത്. പല പ്രത്യേക അവകാശങ്ങളും ഇന്ത്യയിലെ മുസ്ലിമേതര മതവിഭാഗങ്ങൾക്ക് ഭൂരിപക്ഷമുള്ള സംസ്ഥാനങ്ങളിൽ ഭരണഘടന വകവെച്ചു നൽകുന്നുണ്ട്. അതിലൊന്നും തൊടാൻ പക്ഷെ കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല. ഇതിനെ മുസ്ലിം വിരുദ്ധത എന്നല്ലാതെ മറ്റെന്താണ് വിളിക്കേണ്ടത്? എത്രയോ സ്ഥലനാമങ്ങളാണ് രാജ്യത്ത് മാറ്റിക്കൊണ്ടിരിക്കുന്നത്. മുസ്ലിം രാജാക്കൻമാർ ഉണ്ടാക്കി നാമകരണം ചെയ്ത പട്ടണങ്ങളുടെയും സ്ഥലങ്ങളുടെയും പേരുകളാണ് ബി.ജെ.പി സംസ്ഥാന സർക്കാരുകൾ മായ്ച്ച് കളയുന്നത്? മുസ്ലിമേതര രാജാക്കൻമാർ നാമകരണം ചെയ്ത പട്ടണങ്ങളുടെയോ സ്ഥലങ്ങളുടെയോ പേരുകൾ എടുത്തു കളഞ്ഞ് പുതിയ നാമങ്ങൾ നൽകാൻ സംസ്ഥാന സർക്കാരുകൾ തയ്യാറാകാത്തതിൽ നിന്ന് എന്താണ് ബുദ്ധിയുള്ളവർ മനസ്സിലാക്കേണ്ടത്?
2) നിലവിൽ കേന്ദ്രതലത്തിൽ ഒരു വഖഫ് ബോർഡേ ഉള്ളൂ. എല്ലാ മുസ്ലിം വിഭാഗങ്ങളിൽ നിന്നുള്ളവരുടെ പ്രതിനിധികളും അതിൽ ഉൾപ്പെടുന്നുണ്ട്. എന്നാൽ പുതിയ ഭേദഗതിയിലൂടെ ഇന്ത്യയിൽ വഖഫ് സ്വത്തുക്കൾ രണ്ടായി വിഭജിക്കപ്പെടും. സുന്നി വഖഫ് സ്വത്തുക്കളെന്നും ഷിയാ വഖഫ് സ്വത്തുക്കളെന്നും. രണ്ടിന്റെയും ഭരണ നിർവ്വഹണത്തിന് പ്രത്യേക വഖഫ് ബോർഡുകൾ നിലവിൽ വരാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല. ഐക്യത്തിൽ കഴിഞ്ഞിരുന്ന മുസ്ലിങ്ങൾക്കിടയിൽ ഭിന്നിപ്പിന് പുതിയ നിയമം ഇടവരുത്തും. ഹൈന്ദവർക്കിടയിൽ വിവിധ ജാതി സമൂഹങ്ങളുണ്ട്. അവർക്കെല്ലാം ആരാധനാലയങ്ങളും അതിനോടനുബന്ധിച്ച് സ്വത്തുവഹകളുമുണ്ട്. ഒരു ദേവസ്വം ബോർഡിന് പകരം ജാതിയുടെ അടിസ്ഥാനത്തിൽ ഒന്നിൽ കൂടുതൽ ദേവസ്വം ബോർഡുകൾ രൂപീകരിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുമെന്ന് കരുതാനാകുമോ? സുന്നീ – ഷിയാ വഖഫ് ബോർഡുകളുടേത് പോലെ വ്യത്യസ്ത ജാതികളുടെ കീഴിലുള്ള സ്ഥാപനങ്ങൾക്ക് എന്തേ വ്യത്യസ്ത ദേവസ്വം ബോർഡുകൾ മോദി സർക്കാർ രൂപീകരിക്കാത്തത്? ജാതി വിഭജനം പോലെ മുസ്ലിങ്ങൾക്കിടയിലും സുന്നി – ഷിയാ വിഭജനം ശാശ്വതവൽക്കരിക്കാനാണ് ആർ.എസ്.എസിന്റെ നീക്കം.
3) രണ്ട് അമുസ്ലിം പ്രതിനിധികൾ വഖഫ് ബോർഡിൽ ഉണ്ടാകുമെന്ന് പുതിയ ഭേദഗതി വ്യവസ്ഥ ചെയ്യുന്നു. എന്നാൽ ഈ വ്യവസ്ഥ സഹോദര മതസ്ഥരുടെ ആരാധനാലയ സ്വത്തുക്കളുടെ സൂക്ഷിപ്പിനായുള്ള ഭരണസമതികളിൽ കൊണ്ടുവരുന്നില്ല താനും. ദേവസ്വം ബോർഡുകളിൽ ഹൈന്ദവേതര പ്രതിനിധികളെ ഉൾപ്പെടുത്താൻ സർക്കാർ തയ്യാറാകാത്തതിന്റെ ന്യായം എന്താണാവോ? മുസ്ലിങ്ങളോടുള്ള കൊടിയ അന്യായം എന്നല്ലാതെ മറ്റെന്തെന്നാണ് ഇതിനെയൊക്കെ വിശേഷിപ്പിക്കുക?
4) വഖഫ് ബോർഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ഏത് മതവിഭാഗത്തിൽ പെടുന്ന ഉദ്യോഗസ്ഥനെയും നിയമിക്കാൻ പാർലമെൻ്റ് പാസ്സാക്കിയ വഖഫ് നിയമ ഭേദഗതിയിലൂടെ സർക്കാരുകൾക്ക് അധികാരം ലഭിക്കും. നിലവിൽ വഖഫ് ബോർഡിന്റെ അനുമതിയോടെ മാത്രമേ സ്റ്റേറ്റ് ഗവൺമെൻ്റുകൾക്ക് സി.ഇ.ഒ-മാരെ നിയമിക്കാൻ സാധിക്കുമായിരുന്നുള്ളൂ. മുസ്ലിം സമുദായത്തിൽ പെടുന്നവരെയാണ് സി.ഇ.ഒ-മാരായി ഇക്കാലമത്രയും നിയമിച്ചിരുന്നത്. അതിന് പുതിയ നിയമ ഭേദഗതിയോടെ മാറ്റം വരും. എന്നാൽ ഇത്തരം കാർക്കശ്യത മുസ്ലിങ്ങളുടേതല്ലാത്ത ആരാധനാലയങ്ങളെ നിയന്ത്രിക്കുന്ന ഭരണസമിതിയിലെ എക്സിക്യൂട്ടീവ് ഓഫീസർമാരുടെ കാര്യത്തിൽ പുലർത്തുന്നുമില്ല. എത്രമാത്രം ജനാധിപത്യ വിരുദ്ധവും മതേതര വിരുദ്ധവുമാണിത്? ഇതര മതസ്ഥരായ ഉദ്യോഗസ്ഥർ, ‘ദൈവ സ്വത്ത്’ കാത്തുസൂക്ഷിക്കുന്ന ബോർഡുകളിൽ സി.ഇ.ഒ പദവി വഹിക്കാൻ പാടില്ലെന്നാണ് നിലവിലെ നിയമം. ഇവിടെയും മുസ്ലിങ്ങളോട് ചിറ്റമ്മ നയമാണ് സ്വീകരിക്കുന്നത്. മുസ്ലിങ്ങൾക്ക് ഒരു നിയമം, മറ്റുള്ളവർക്ക് വേറൊരു നിയമം!
5) സംസ്ഥാന വഖഫ് ബോർഡിലേക്ക് രണ്ട് എം.എൽ.എ മാരുടെ പ്രതിനിധികൾ ഉണ്ടായിരുന്നത് ഒന്നായി ചുരുങ്ങും. ദേവസ്വം ബോർഡുകളിലേക്കുള്ള അസംബ്ലി പ്രതിനിധികളെ നിയമസഭകളിലെ ഹൈന്ദവ സമുദായ അംഗങ്ങൾ തെരഞ്ഞെടുക്കും പ്രകാരം, മുസ്ലിം എം.എൽ.എമാർ വഖഫ് ബോർഡിലേക്കുള്ള പ്രതിനിധികളെയും തെരഞ്ഞെടുക്കുന്ന രീതി വഖഫ്ഭേദഗതി യാഥാർത്ഥ്യമായതോടെ അവസാനിക്കും. വഖഫ് ബോർഡിലേക്കുള്ള നിയമസഭാ സാമാജികരിൽ നിന്നുള്ള ഏക പ്രതിനിധിയെ ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകളാകും ഇനി മേലിൽ നാമനിർദ്ദേശം ചെയ്യുക. ഈ വ്യവസ്ഥയും മറ്റു മതക്കാരുടെ സ്വത്തുക്കളുമായി ബന്ധപ്പെട്ട ബോർഡുകൾക്ക് ബാധകമാക്കിയിട്ടില്ല. അവയിലേക്കുള്ള സാമാജിക പ്രതിനിധികൾ ഹൈന്ദവ എം.എൽ.എമാർ വോട്ട് ചെയ്ത് തെരഞ്ഞെടുക്കും. ഇരട്ട നീതി എന്നല്ലാതെ ഇതിനെ എന്തു പേരിട്ടാണ് വിളിക്കേണ്ടത്?
6) സംസ്ഥാനത്തു നിന്ന് സ്റ്റേറ്റ് വഖഫ് ബോർഡിലേക്കുള്ള എം.പിമാരുടെ പ്രതിനിധിയെ മുസ്ലിം എം.പിമാർ തെരഞ്ഞെടുക്കുന്നതിന് പകരം സംസ്ഥാന സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന സ്ഥിതിയാകും മേലിൽ സംജാതമാവുക. ഇതിലൂടെ സംസ്ഥാന സർക്കാരുകൾക്ക് ഏത് മതവിഭാഗത്തിൽ പെട്ട എം.പിയേയും നാമനിർദ്ദേശം ചെയ്യാം. ഇതും പക്ഷെ മുസ്ലിമേതര മതവിഭാഗത്തിന്റെ സ്വത്തുവഹകൾ നിയന്ത്രിക്കുന്ന ബോർഡിന് പ്രശ്നമല്ല. ബന്ധപ്പെട്ട സമുദായങ്ങളിൽ നിന്നുള്ള എം.പിമാരേ അത്തരം ബോർഡുകളിലേക്ക് തെരഞ്ഞെടുക്കപ്പെടൂ. ഇഷ്ടമുള്ള എം.പിമാരെ സംസ്ഥാന സർക്കാരുകൾക്ക് നോമിനേറ്റ് ചെയ്യാൻ ആവില്ല. ഇവിടെയും കടുത്ത വിവേചനം വ്യക്തമാണ്!
7) വഖഫ് ബോർഡിൽ റജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളുടെ കൈകാര്യക്കാരിൽ നിന്ന് രണ്ടു പ്രതിനികളെ വോട്ടിംഗിലൂടെയാണ് കാലങ്ങളായി ബോർഡിലേക്ക് തെരഞ്ഞെടുത്തിരുന്നത്. അവരുടെ എണ്ണം രണ്ടിൽ നിന്ന് ഒന്നാക്കി കുറച്ചു. ആ ഏകാംഗത്തെ സംസ്ഥാന സർക്കാരുകളാണ് പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ നാമനിർദേശം ചെയ്യുക. വഖഫ് ബോർഡുകളുടെ സ്വയംഭരണാവകാശം തകർത്ത് അതിനെ സംസ്ഥാന സർക്കാറുകളുടെ വരുതിയിലാക്കാൻ മാത്രമാണ് വിവിധ ക്വോട്ടകളിൽ നിലനിന്നിരുന്ന തെരഞ്ഞെടുപ്പ് വേണ്ടെന്നുവെച്ച് നോമിനേഷൻ സമ്പ്രദായം കൊണ്ടുവന്നിരിക്കുന്നത്. കേന്ദ്ര സർക്കാർ നീക്കത്തിലൂടെ വഖഫ് ബോർഡുകളിലെ പ്രതിപക്ഷ ശബ്ദമാണ് എന്നന്നേക്കുമായി നിലക്കുക. സ്റ്റേറ്റ് ഗവൺമെൻ്റുകളുടെ മെഗഫോണായി വഖഫ് ബോർഡുകൾ അധപ്പതിക്കുന്ന സ്ഥിതിയാണ് ഇതിലൂടെ സംഭവിക്കുക.
8) വഖഫ് ബോർഡിൽ റജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾ അവരുടെ വാർഷിക വരുമാനത്തിന്റെ ഏഴ് ശതമാനമാണ് തങ്ങളുടെ വിഹിതമായി സംസ്ഥാന ബോർഡിന് കാലങ്ങളായി നൽകിയിരുന്നത്. ഇതുപയോഗിച്ചാണ് വഖഫ് ബോർഡ് ജീവനക്കാർക്ക് ശമ്പളം കൊടുത്തിരുന്നതും വിവിധ സഹായ പദ്ധതികൾ നടപ്പിലാക്കിയിരുന്നതും. ഈ വിഹിതം ഏഴിൽ നിന്ന് അഞ്ചാക്കിയാണ് ഭേദഗതിയിലൂടെ കുറച്ചിരിക്കുന്നത്. സ്വാഭാവികമായും ഈ കുറവ് വഖഫ് ബോർഡ് നടത്തുന്ന ക്ഷേമപ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. കേവലം നോക്കുകുത്തിയാക്കി ബോർഡിനെ മാറ്റലാണ് ഇത്തരം കരിനിയമങ്ങളിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്.
9) ഒരാൾ തന്റെ സ്വത്ത് വഖഫ് ചെയ്യുന്നതിന് അഞ്ചു വർഷം പ്രാക്ടീസിംഗ് മുസ്ലിമായി ജീവിക്കണമെന്ന വ്യവസ്ഥ മുന്നോട്ടു വെക്കുന്ന പുത്തൻ ഭേദഗതി വലിയ അനിശ്ചിതത്വവും ആശങ്കയുമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഒരാൾ മതത്തിന്റെ ആചാരാനുഷ്ഠാനങ്ങൾ പുലർത്തി ജീവിക്കുന്ന ആളാണോ അല്ലയോ, എന്ന് ആരാണ് സാക്ഷ്യപ്പെടുത്തേണ്ടത്? ഏതൊരാളുടെ വഖഫും സാധുവല്ലാതാക്കാൻ ഇതിലൂടെ കഴിയും. ആത്യന്തികമായി സങ്കീർണ്ണതകൾ ഉണ്ടാക്കി വഖഫ് സ്വത്തുക്കൾ പരമാവധി ഭാവിയിൽ കുറക്കാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമം. പ്രാക്ടീസിംഗ് ഹിന്ദുക്കൾക്കേ ആരാധനാലയങ്ങൾക്ക് സ്വത്ത് ദാനം ചെയ്യാവൂ എന്ന് പറയാത്തതിന്റെ രഹസ്യം എന്താണ്? മുസ്ലിങ്ങളും മുസ്ലിങ്ങളല്ലാത്തവരും എന്ന വേർതിരിവ് ശക്തിപ്പെടുത്താനല്ലേ വഖഫ് ഭേദഗതി നിയമം ഉപകരിക്കൂ!
10) പാർലമെൻ്റ് പാസ്സാക്കിയ വഖഫ് നിയമം മുനമ്പം പ്രശ്നത്തിന് പരിഹാരമുണ്ടാക്കുമെന്ന മട്ടിൽ ബി.ജെ.പി നടത്തിയ പ്രചരണം വെറും തട്ടിപ്പാണെന്ന് ബന്ധപ്പെട്ടവർക്ക് മനസ്സിലായിക്കാണുമെന്ന് പ്രതീക്ഷിക്കാം. വഖഫ് സ്വത്തുക്കൾ പിടിച്ചെടുക്കാൻ പുതിയ നിയമം അനുവദിക്കുകയാണെങ്കിൽ പോലും മുൻകാല പ്രാബല്യം അതിന് ഉണ്ടാകണം. ബിൽ ചർച്ചയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ, പാർലമെൻ്റിൽ പറഞ്ഞത് വഖഫ് ഭേദഗതി നിയമത്തിന് മുൻകാല പ്രാബല്യം ഉണ്ടാവില്ല എന്നാണ്. അതോടെ പൊളിഞ്ഞത് ബി.ജെ.പിയുടെ ഇരട്ടത്താപ്പാണ്. കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി മുനമ്പം സന്ദർശിച്ച സന്ദർഭത്തിലും ബില്ലിന് നിയമപ്രാബല്യം ഉണ്ടാവില്ലെന്ന് വ്യക്തമാക്കിയത് സ്മരണീയമാണ്.
മൂന്നു വിഭാഗക്കാരാണ് മുനമ്പത്തെ വിവാദ വഖഫ് ഭൂമി കൈവശം വെച്ചിട്ടുള്ളത്.
1) തലചായ്ക്കാൻ അഞ്ചു സെൻ്റിൽ കൂരവെച്ച് താമസിക്കുന്ന സാധാരണക്കാരായ പാവം മനുഷ്യർ.
2) നിയമലംഘനമാണ് എന്നറിഞ്ഞുകൊണ്ട്, മറ്റുസ്ഥലങ്ങളിൽ വീടും സ്വത്തുവഹകളും ഉണ്ടായിരിക്കെ സ്ഥലം നിസ്സാര വിലക്ക് കൈക്കലാക്കി, വീടുകളും കെട്ടിടങ്ങളുമുണ്ടാക്കി, വാടകക്ക് കൊടുത്ത് പണം കൊയ്യുന്ന ഇടത്തരം സമ്പന്നർ.
3) വൻകിട കയ്യേറ്റക്കാരായ റിസോർട്ട് മാഫിയകൾ.
മുനമ്പം വിഷയത്തിൽ കോടതി വഴിയുള്ള പരിഹാരമാകും ഉചിതം. ഭൂമി വിറ്റതിന്റെയും വാങ്ങിയതിന്റെയും റജിസ്ട്രേഷൻ നടത്തിയതിന്റെയും നികുതി അടച്ചതിന്റെയും സാധുത കോടതികൾ പരിശോധിക്കട്ടെ. ന്യായാധിപൻമാർ തെളിവുകളെ ആധാരമാക്കി വിധിന്യായം പുറപ്പെടുവിക്കട്ടെ.
സർക്കാർ എന്ത് തീരുമാനം എടുത്താലും അത് വിവാദമാകും. ആയില്ലെങ്കിൽ തൽപ്പരകക്ഷികൾ വിവാദമാക്കും. സർക്കാരിനെ പ്രതിക്കൂട്ടിലാക്കി ഒറ്റപ്പെടുത്തി താറടിക്കാൻ ഹിസംഘികളും കൃസംഘികളും മുസംഘികളും ഒരുപോലെ രംഗത്തു വരും. കോൺഗ്രസ്സും ലീഗും ഇപ്പോൾ പറയുന്നത് നോക്കേണ്ട. സർക്കാർ തീരുമാനത്തിന്റെ ഗുണം പങ്കിടാൻ അവർ മുന്നിലുണ്ടാകും. അതിന്റെ പ്രതികൂല ഫലങ്ങൾ മുഴുവൻ ഇടതുപക്ഷ സർക്കാരിന്റെ തലയിൽ കെട്ടിവെക്കാനും അവർ മറക്കില്ല. സർക്കാർ തീരുമാനം ആർക്ക് അനുകൂലമായാലും പ്രതികൂലമായാലും പ്രതിപക്ഷം ഇരുപക്ഷത്തുമുണ്ടെന്ന പ്രതീതി ജനിപ്പിക്കും. പിണറായിക്കെതിരെ കള്ളക്കഥകളുടെയും മതവൈരത്തിന്റെയും ‘മുല്ലപ്പെരിയാർ’ അണക്കെട്ട് യു.ഡി.എഫും ബി.ജെ.പിയും ഒരുമിച്ച് തുറന്നുവിടും. ഇതിനെല്ലാം പുറമെ, മുസ്ലിംലീഗിന്റെ ‘വഖഫ് സ്വത്ത്’ ഇടതുസർക്കാർ നഷ്ടപ്പെടുത്തി എന്നാരോപിച്ച്, കോഴിക്കോട് കടപ്പുറത്ത് ‘വഖഫ് സംരക്ഷണ മൂന്നാം റാലി’യും നടത്തും. മതവികാരത്തിന് തീ കൊളുത്തി കേരളത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ ലീഗ് ആളെക്കുട്ടും. അതിലേക്ക് മുസ്ലിങ്ങളിലെ മുഴുവൻ അവാന്തര വിഭാഗങ്ങളുടെ നേതാക്കളെയും ക്ഷണിക്കും. അവരെല്ലാം കമ്മ്യൂണിസ്റ്റ്-കൃസംഘി കൂട്ടുകെട്ടെന്ന് ഏകസ്വരത്തിൽ ആരോപിച്ച്, ഇടതു സർക്കാരിൽ ‘മുസ്ലിംവിരുദ്ധ’ ചാപ്പ ആഞ്ഞാഞ്ഞ് കുത്തും.
ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും ഇടതു സർക്കാരിനെതിരെ വർഗ്ഗീയ വിഷം ചീറ്റി കേരളമാകെ നിരങ്ങും. ലീഗ് അതിന് ഒളിഞ്ഞും തെളിഞ്ഞും ചൂട്ടുപിടിക്കും. മീഡിയാ വണ്ണിൽ ആഴ്ചകളോളം കമ്മ്യൂണിസ്റ്റുകാരുടെ മുസ്ലിം വിരുദ്ധതയെക്കുറിച്ച് ‘ഔട്ട് ഓഫ് ഫോക്കസ്’ പൊടിപൊടിക്കും. ‘മാധ്യമം’ പത്രം നഷ്ടപ്പെട്ട വഖഫ് സ്വത്തിനെക്കുറിച്ച് മുതലക്കണ്ണീരൊഴുക്കി മാസങ്ങളോളം എഡിറ്റോറിയൽ പേജ് നിറക്കും.
ബി.ജെ.പി കലക്കുവെള്ളത്തിൽ മീൻപിടിക്കാൻ പരമാവധി ശ്രമിക്കും. കുട്ടനെയും മുട്ടനെയും കൂട്ടിമുട്ടിച്ച് അവർ സമർത്ഥമായി ന്യൂനപക്ഷങ്ങളുടെ ചോര ഊറ്റിയെടുക്കും. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി അതിന്റെ വ്യക്തമായ സൂചനകൾ നൽകിക്കഴിഞ്ഞു.
മുനമ്പം ‘ഭൂമിപ്രശ്നം’ പരിഹരിക്കാൻ അനായാസം നീതിപീഠങ്ങൾക്കാകും. രാഷ്ട്രീയ തീരുമാനമോ ഭരണ തീരുമാനമോ അല്ല, ന്യായാന്യായങ്ങൾ മുടിനാരിഴകീറി പരിശോധിച്ചുള്ള കോടതി ഉത്തരവാണ് മുനമ്പം പ്രശ്നത്തിനുള്ള ശാശ്വത പരിഹാരം! കേരള സർക്കാർ നിയോഗിച്ച മുനമ്പം കമ്മീഷൻ തെളിവെടുപ്പ് നടത്തി പരിഹാര നിർദ്ദേശം സമർപ്പിക്കട്ടെ. കോടതി അത് പരിശോധിച്ച് വിധി പറയട്ടെ. മലയാള മനോരമ കയ്യേറിയ ഏക്കർകണക്കിന് വരുന്ന പന്തലൂർ ക്ഷേത്രഭൂമി ദേവസ്വത്തിന് തിരികെക്കിട്ടിയത് കോടതി ഉത്തരവിലൂടെയാണ്. മുനമ്പം വിഷയത്തിൽ രേഖകൾ നോക്കി കോടതി എന്തു വിധി പറഞ്ഞാലും അനുസരിക്കാൻ ഓരോ ഇന്ത്യൻ പൗരനും ബാദ്ധ്യസ്ഥരാണ്.
ഒരു രാജ്യം ഒരു നിയമം എന്നു പറയുകയും, മതപരമായി ജനങ്ങളെ ഭിന്നിപ്പിക്കുന്ന നിയമങ്ങൾ കൊണ്ടുവരികയും ചെയ്യുന്നത് തികഞ്ഞ കാപട്യമാണ്. മുനമ്പത്തെ പാവപ്പെട്ട മനുഷ്യരെ കുടിയിറക്കില്ലെന്ന് പിണറായി സർക്കാർ സംശയലേശമന്യേ പറഞ്ഞിട്ടുണ്ട്. മുസ്ലിം സംഘടനകളും അക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്.
ഏക്കർകണക്കിന് അധീനപ്പെടുത്തി വെച്ചിരിക്കുന്ന വൻകിടക്കാർക്ക് ഈ ആനുകൂല്യം ബാധകമാക്കുകയും ചെയ്തുകൂടാ. ബി.ജെ.പിയുടെ മുസ്ലിംവിരുദ്ധതക്ക് വഖഫ് ഭേദഗതി നിയമമടക്കം സമീപകാലത്ത് അവർ പാർലമെൻ്റിൽ ചുട്ടെടുത്ത നിയമങ്ങൾ മാത്രം എടുത്ത് പരിശോധിച്ചാൽ മതി.

