പൊതുജനാരോഗ്യ വിദഗ്ധനാവാം
കോവിഡ് മഹാമാരിയുടെ കാലത്ത് ലോകശ്രദ്ധ നേടിയതാണ് കേരളത്തിന്റെ പൊതുജനാരോഗ്യ സംവിധാനങ്ങൾ. അക്കാലത്തിന് ശേഷം പബ്ലിക് ഹെൽത്തിലെ ഉപരിപഠനത്തിന് കൂടുതൽ പ്രാധാന്യം കൈവന്നിട്ടുണ്ട്. ആ മേഖലയിലെ പഠന-തൊഴിൽ സാധ്യതകളെക്കുറിച്ച് ജോ ജോസഫ് എഴുതുന്നു.
സമീപകാലത്ത് പൊതുജനാരോഗ്യം എന്ന വിഷയം ആഗോളതലത്തിൽ തന്നെ വലിയതോതിൽ ചർച്ച ചെയ്യപ്പെട്ടത് കോവിഡ് മഹാമാരി പടർന്നുപിടിച്ചപ്പോഴാണ്. പൊതുജനാരോഗ്യ സംവിധാനം ശക്തമായ കേരളം പോലുള്ള പല സ്ഥലങ്ങളും അന്ന് ലോകശ്രദ്ധ നേടിയിരുന്നു. അതിനുശേഷം പബ്ലിക് ഹെൽത്തിലെ ഉപരിപഠനത്തിന് കൂടുതൽ പ്രാധാന്യവും കൈവന്നിട്ടുണ്ട്. സമൂഹത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും രോഗങ്ങൾ തടയുന്നതിനും പ്രതിരോധപ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രധാന മേഖലയാണിത്.
പബ്ലിക് ഹെൽത്തിൽ ഉപരിപഠനത്തിന് രാജ്യത്ത് വിപുലമായ അവസരങ്ങളുണ്ട്. എംപിഎച്ച് അഥവാ മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് എന്ന ബിരുദാനന്തര ബിരുദ കോഴ്സാണ് ഇതിൽ ഏറ്റവും ജനകീയം. ഗവേഷണം, നയരൂപീകരണം, ആരോഗ്യ പ്രചാരണം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കാൻ അവസരം നൽകുകയും പൊതുജനാരോഗ്യ രംഗത്ത് മികച്ച കരിയർ കെട്ടിപ്പടുക്കാൻ സഹായിക്കുകയും ചെയ്യുന്ന കോഴ്സാണ് എംപിഎച്ച്. എപ്പിഡെമിയോളജി (രോഗങ്ങളുടെ വ്യാപനത്തെയും കാരണങ്ങളെയും പറ്റിയുള്ള പഠനം), ബയോസ്റ്റാറ്റിസ്റ്റിക്സ് (സ്റ്റാറ്റിസ്റ്റിക്കൽ രീതികൾ ഉപയോഗിച്ച് ആരോഗ്യ ഡേറ്റ വിശകലനം ചെയ്യൽ), ഹെൽത്ത് പോളിസി (ആരോഗ്യ സംരക്ഷണ നയങ്ങളുടെ രൂപീകരണവും നടപ്പാക്കലും), ഹെൽത്ത് എഡ്യൂക്കേഷൻ (ആരോഗ്യകരമായ ജീവിതശൈലിയെ പറ്റിയുള്ള പഠനം), എൻവയോൺമെന്റൽ ഹെൽത്ത് (പരിസ്ഥിതിയും ആരോഗ്യവും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള പഠനം) എന്നിവയാണ് എംപിഎച്ച് കോഴ്സിലെ പ്രധാന പഠനമേഖലകൾ. രണ്ടു വർഷം ദൈർഘ്യമുള്ള കോഴ്സാണിത്.
യോഗ്യത: ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. മെഡിക്കൽ ബിരുദധാരികൾക്ക് മുൻഗണനയുണ്ട്. എംബിബിഎസിനു പുറമേ ബിഡിഎസ്, ബിഎഎംഎസ്, ബിഎച്ച്എംഎസ് തുടങ്ങിയ മെഡിക്കൽ ബിരുദങ്ങളും നഴ്സിങ്, ഫിസിയോതെറാപ്പി പോലുള്ള മെഡിക്കൽ അനുബന്ധ കോഴ്സുകളും പഠിച്ചവർക്ക് ഏറെ അനുയോജ്യമാണ് ഈ കോഴ്സ്. പക്ഷേ ഇത് നിർബന്ധ യോഗ്യതയല്ല. സയൻസ്, ഹൂമാനിറ്റീസ് വിഷയങ്ങളിൽ ബിരുദം നേടിയവർക്കും ടെക്നോളജി, മാനേജ്മെന്റ് മേഖലകളിൽ ബിരുദമുള്ളവർക്കും അപേക്ഷിക്കാം. മിക്ക കോളേജുകളിലും മാർക്ക് നിബന്ധനയുണ്ടാകും. പല സ്ഥാപനങ്ങളിലും പ്രവേശനപ്പരീക്ഷകളുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. CUET PG, JIPMER PG തുടങ്ങിയ പ്രവേശനപ്പരീക്ഷകൾ ഉദാഹരണം.
സ്ഥാപനങ്ങൾ: രാജ്യത്തെ പല പ്രധാന സ്ഥാപനങ്ങളും എംപിഎച്ച് കോഴ്സ് നടത്തുന്നുണ്ട്. അതിൽ പ്രധാനപ്പെട്ട ചില സ്ഥാപനങ്ങളുടെ പട്ടിക ഇതോടൊപ്പം:
ജവാഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (JIPMER), പോണ്ടിച്ചേരി
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈജീൻ ആൻഡ് പബ്ലിക് ഹെൽത്ത്, കൊൽക്കത്ത
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി, ചെന്നൈ
ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി, തിരുവനന്തപുരം
ജവാഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി (JNU), ന്യൂ ഡൽഹി
ക്രിസ്ത്യൻ മെഡിക്കൽ കോളേജ് വെല്ലൂർ, തമിഴ്നാട്
ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്, മുംബൈ
പോസ്റ്റ്ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് (PGIMER), ചണ്ഡീഗഢ്
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്ത്, ഗാന്ധിനഗർ, ഗുജറാത്ത്
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്ത്, ഡൽഹി
മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജ്യുക്കേഷൻ, മണിപ്പാൽ
അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, കൊച്ചി
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (AIIMS), ജോധ്പുർ
സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, ലക്നൗ
ഇവ കൂടാതെയും ഒട്ടേറെ സ്ഥാപനങ്ങൾ പൊതുജനാരോഗ്യ രംഗത്ത് ഉയർന്ന നിലവാരമുള്ള കോഴ്സുകൾ നടത്തുന്നുണ്ട്. വിദ്യാർഥികളുടെ സൗകര്യവും താൽപ്പര്യങ്ങൾക്കും അനുസരിച്ച് ഏറ്റവും അനുയോജ്യമായ സ്ഥാപനം തിരഞ്ഞെടുക്കാം.
തൊഴിൽ സാധ്യത
യൂണിയൻ, സംസ്ഥാന ആരോഗ്യ വകുപ്പുകൾ, ആരോഗ്യ മിഷനുകൾ, ആശുപത്രികൾ, ഗവേഷണ സ്ഥാപനങ്ങൾ, എൻജിഒകൾ, ലോകാരോഗ്യ സംഘടന പോലുള്ള അന്താരാഷ്ട്ര സംഘടനകൾ തുടങ്ങിയവയിലെ പ്രോജക്ട് മാനേജർ, ഡേറ്റാ അലനിസ്റ്റ്, ആരോഗ്യ വിദഗ്ധർ, ഗവേഷകർ, ഹെൽത്ത് കൺസൾട്ടന്റ് തുടങ്ങിയ തസ്തികകളിലാണ് എംപിഎച്ച് കോഴ്സ് വിജയിക്കുന്നവരുടെ തൊഴിൽസാധ്യത. രാജ്യത്തിനകത്തും പുറത്തും ഇത്തരം അവസരങ്ങളുണ്ട്.
ഉപരിപഠനം:
ബിരുദാന്തര പഠനത്തിനു ശേഷം ഉപരിപഠനം ആഗ്രഹിക്കുന്നവർക്ക് ഡോക്ടറൽ പ്രോഗ്രാമുകൾ (Ph.D.)ക്ക് ചേരാനാവും. എപ്പിഡെമിയോളജി, ബയോസ്റ്റാറ്റിസ്റ്റിക്സ്, ഹെൽത്ത് സർവീസസ് റിസർച്ച് തുടങ്ങിയ മേഖലകളിൽ ഗവേഷണം നടത്താൻ രാജ്യത്തെ ഒട്ടേറെ സ്ഥാപനങ്ങളിൽ അവസരമുണ്ട്. മാസ്റ്റർ ഓഫ് സയൻസ് ഇൻ എപ്പിഡെമിയോളജി, മാസ്റ്റർ ഓഫ് സയൻസ് ഇൻ ബയോസ്റ്റാറ്റിസ്റ്റിക്സ്, മാസ്റ്റർ ഓഫ് ഹെൽത്ത് അഡ്മിനിസ്ട്രേഷൻ തുടങ്ങിയ സ്പെഷ്യലൈസ്ഡ് മാസ്റ്റർ ഡിഗ്രികളും ലഭ്യമാണ്.
