Home / ഇന്റര്‍വ്യൂ  / വേദനയെ വെളിച്ചമെന്ന് വിവർത്തനം ചെയ്ത ഒരാൾ

വേദനയെ വെളിച്ചമെന്ന് വിവർത്തനം ചെയ്ത ഒരാൾ

ജീവൻ അപകടത്തിലാക്കുന്ന തരത്തിലുള്ള ദീർഘകാല മാരകരോഗങ്ങൾ ബാധിച്ച കുഞ്ഞുങ്ങളുടെ ചികിത്സക്കും അതിജീവനത്തിനും സഹായിക്കുന്ന സംഘടനയാണ് സൊലസ് ചാരിറ്റബിൾ ട്രസ്റ്റ്.രോഗബാധിതരായ ആയിരക്കണക്കിന് കുഞ്ഞുങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും ആശ്വാസവും പ്രതീക്ഷയുമായ സൊലസിന്റെ സ്ഥാപകയും വഴികാട്ടിയുമായ ഷീബ അമീർ സംസാരിക്കുന്നു.

ഷീബ അമീർ / യുവധാര

കുഞ്ഞുങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന നിരവധി സംഘടനകളും എൻജിഒകളും ഉണ്ടല്ലോ, അതിൽ നിന്നെല്ലാം സൊലസിനെ വ്യത്യസ്തമാക്കുന്നത് എന്താണ്?

ഒന്നാമത്തെ കാര്യം കേരളത്തിലോ ഒരുപക്ഷേ ഇന്ത്യയിലോ തന്നെ എഫക്ടീവ് ആയ ഒരു പീഡിയാട്രിക് പാലിയേറ്റിവ് കെയർ നിലവിൽ ഇല്ല. പീഡിയാട്രിക് പാലിയേറ്റിവ് കെയറിനു ധാരാളമായ ചലഞ്ചസ് ഉണ്ട്. കുഞ്ഞുങ്ങളുടെ കാര്യത്തിൽ അവർക്ക് അസുഖം ഡയഗ്നോസ് ചെയ്യുന്ന സമയം മുതൽ തന്നെ നമ്മൾ അവർക്കൊപ്പം എല്ലാ അർത്ഥത്തിലും നിൽക്കേണ്ടതുണ്ട്. അത് പ്രവർത്തികമാക്കിക്കൊണ്ടാണ് സൊലസ് പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ സൊലസ് ആണ് കേരളത്തിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഒരേയൊരു പീഡിയാട്രിക് കെയർ എന്ന് പറയാം.

രണ്ടാമത് പറയാവുന്നത്, സൊലസിന്റെ വോളന്റിയേഴ്‌സിന്റെ കാര്യമാണ്. സുഖമില്ലാത്ത ഒരു കുട്ടി ഒരിക്കൽ രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ അവരുടെ പതിനെട്ടു വയസ്സ് വരെ സൊലസ് അവരുടെ കൂടെയുണ്ടാകും. രണ്ടു വയസ്സിൽ ഒരു കുട്ടി രജിസ്റ്റർ ചെയ്‌താൽ തുടർന്നുള്ള പതിനാറു വർഷം സൊലസ് ആ കുട്ടിയോടൊപ്പം, ആ കുടുംബത്തോടൊപ്പം യാത്ര തുടരുകയാണ്. ആ കുടുംബത്തിന്റെ എല്ലാ സന്തോഷങ്ങളും സങ്കടങ്ങളും ഏറ്റുവാങ്ങിക്കൊണ്ടാണ് സൊലസിന്റെ വോളന്റിയേഴ്‌സ് ആ കുടുംബത്തിന്റെ കൂടെ നിൽക്കുന്നത്. ഈ വോളന്റിയേഴ്‌സിന്റെ റോൾ എന്ന് പറഞ്ഞാൽ, സ്ട്രഗിൾ ചെയ്യുന്ന ആ കുട്ടിക്കും കുടുംബത്തിനും വേണ്ടി എന്തെങ്കിലും ചെയ്യുന്നതിന് ആരോടും അനുവാദം വാങ്ങേണ്ട ആവശ്യമില്ല. ഓരോ വോളന്റിയേഴ്‌സിനും കംപാഷനേറ്റ് ആയി ചെയ്യാൻ തോന്നുന്നത് എന്താണോ അത് ചെയ്യാം. അത് സൊലസിനോട് നീതി പൂർവ്വമായിരിക്കണം സൊലസിന്റെ ഒബ്ജക്റ്റീവിന്റെ ഉള്ളിൽ നിൽക്കണം എന്ന് മാത്രമേ ഉള്ളൂ.

sheeba 01സഹായിക്കാൻ ഒരാളുണ്ട്, അല്ലെങ്കിൽ ഒരിടമുണ്ട് എന്നറിയുമ്പോൾ എവിടെ നിന്നൊക്കെയോ അറിയാത്ത ഒരുപാട് മനുഷ്യരും അവരുടെ യാതനകളും തേടി വരും. ഒരു കുഞ്ഞിനെ സൊലസ് ഏറ്റെടുക്കുന്നതിന് എന്തെങ്കിലും തരത്തിലുള്ള നിബന്ധനകൾ ഉണ്ടോ?

സൊലസിൽ ഒരു കുട്ടിയെ രജിസ്റ്റർ ചെയ്യാൻ യാതൊരുവിധ നിബന്ധനകളുമില്ല. എ പി എൽ കാർഡോ ബിപിഎൽ കാർഡോ വരുമാന സർട്ടിഫിക്കറ്റോ ഒന്നും നോക്കിയിട്ടല്ല സൊലസിൽ രജിസ്റ്റർ ചെയ്യുന്നത്. നമ്മൾ കുട്ടികളെ അന്വേഷിച്ച് അങ്ങോട്ട് പോവാറില്ല. പക്ഷെ ഇങ്ങോട്ട് വരുന്ന എല്ലാ കുട്ടികളെയും, കോവിഡ് കാലത്തുപോലും നമ്മൾ ഉൾക്കൊണ്ടിട്ടുണ്ട്. നമ്മൾ ആകെ നോക്കുന്ന ഒരേയൊരു ക്രൈറ്റിരിയ എന്ന് പറയുന്നത് പതിനെട്ടു വയസ്സിനു താഴെ പ്രായമുള്ള ദീർഘകാല രോഗമുള്ള കുട്ടിയാവുക എന്നത് മാത്രമാണ്. ക്യാൻസർ പോലെ, തലാസീമിയ പോലുള്ള ക്രോണിക് ആയ ലൈഫ് ത്രെട്ടനിങ് ഡിസീസസ് ഉള്ള കുട്ടികൾ. അവരോടു നമ്മൾ ആകെ ചോദിക്കുന്നത് മെഡിക്കൽ റിപ്പോർട്ടുകൾ മാത്രമാണ്. സൊലെസിന് ഇപ്പോൾ 50 ലക്ഷം രൂപ മാസം ചിലവുണ്ട്. ഇതിൽ നിന്നും അവർക്ക് വേണ്ട മുഴുവൻ കാര്യങ്ങളും ചെയ്തുകൊടുക്കാനൊന്നും കഴിയില്ല എങ്കിലും ജീവിതം മുന്നോട്ടു കൊണ്ടുപോകാനുള്ള എല്ലാ സപ്പോർട്ടും സൊലസ് ചെയ്തുകൊടുക്കുന്നുണ്ട്. മരുന്ന് വാങ്ങാൻ പതിനായിരം രൂപ വേണമെങ്കിൽ അതിലൊരു എണ്ണായിരം രൂപ സൊലസ് കൊടുക്കും. അതൊക്കെ കുടുംബത്തിൽ ആർക്കൊക്കെ വരുമാനമുണ്ട്, എത്രമാത്രം സ്ട്രഗിൾ ചെയ്യുന്നുണ്ട് എന്നതൊക്കെ നോക്കി ആ കുടുംബം തളർന്നുപോകാതെ മുന്നോട്ട് നടത്താനാണ് ശ്രമിക്കുന്നത്. അത് സൊലസ് ചെയ്യുന്നുണ്ട്, അതിനു ആവശ്യമായ സഹായങ്ങൾ സൊലസിനും സമൂഹത്തിൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്.

സൊലസ് സംരക്ഷിക്കുന്ന ഒരു കുഞ്ഞ്, അതിനെ ചുറ്റിപ്പറ്റി വേറെയും പ്രശ്‍നങ്ങൾ ഉണ്ടാകുമല്ലോ. അടച്ചുറപ്പുള്ള ഒരു വീടില്ലാത്തത്, അച്ഛന്റെയോ അമ്മയുടേയോ അസുഖം, അല്ലെങ്കിൽ അച്ഛന്റെ മദ്യപാനം തുടങ്ങി നിരവധിയായ അരക്ഷിതാവസ്ഥകൾ. ഇതൊക്കെ കാണുകയും അറിയുകയും ചെയ്യുമ്പോൾ എന്താണ് ചെയ്യുക? ഏറ്റെടുക്കാവുന്ന കാര്യങ്ങൾക്ക് പരിമിതി​യുണ്ടാവുമല്ലോ? അത് സങ്കടകരമല്ലേ?

sheeba 02ഫസ്റ്റ് ഒബ്ജക്ടീവ് ജീവൻ രക്ഷിക്കാനുള്ള മരുന്നുകൾ കൊടുക്കുക എന്നതാണ്. രണ്ടാമത്തെ ഒബ്ജക്ടീവ് എന്നത് അവരുടെ സോഷ്യൽ ഇഷ്യൂസിന് എല്ലാം കഴിയുന്ന വിധത്തിൽ പരിഹാരം കാണാൻ ശ്രമിക്കുക എന്നതാണ്. എല്ലാറ്റിനും പരിഹാരമുണ്ടായി എന്ന് വരില്ല. എങ്കിലും ശ്രമിക്കുന്നു എന്നതാണ് കാര്യം.

പല തരത്തിലുള്ള പ്രശ്നങ്ങൾ ആണ്. ഹോസ്പിറ്റലിൽ കൊണ്ടുപോകാനോ മരുന്ന് വാങ്ങാനോ പൈസ ഇല്ലെങ്കിൽ അത് കൊടുക്കും. ചോർന്നൊലിക്കുന്ന വീടാണെങ്കിൽ ക്യാൻസർ ബാധിച്ച കുട്ടി, കീമോ കഴിഞ്ഞു വീട്ടിലെത്തുമ്പോൾ ഇൻഫെക്ഷൻ പോലുള്ള പ്രശ്ങ്ങൾ വരും. അപ്പോൾ വീടിന്റെ ചോർച്ച മാറ്റിക്കൊടുക്കേണ്ടി വരും. എത്രയോ കുഞ്ഞുങ്ങളുടെ അമ്മമാർ ആത്മഹത്യയുടെ വക്കിൽ നിന്നുകൊണ്ട് അനുഭവിക്കുന്ന ഡൊമസ്റ്റിക് വയലൻസിനെക്കുറിച്ചു പരാതിപ്പെടാൻ എത്രയോ പോലീസ് സ്റ്റേഷനുകളിൽ ഞാൻ പോയിട്ടുണ്ട്. പരിഹാരങ്ങളുണ്ടായിട്ടുണ്ട്. മാതാപിതാക്കൾ തമ്മിലുള്ള പ്രശ്‍നങ്ങൾക്ക് കൗൺസിലിങ് കൊടുക്കാറുണ്ട്. അതിനു സൈക്കോളജിസ്റ്റിന്റെ സേവനം സൊലസിൽനിന്നുതന്നെ ലഭിക്കും. ഒരു കുഞ്ഞിന് രോഗം ബാധിക്കുന്നത് ആ കുഞ്ഞിന്റെ സഹോദരങ്ങളുടെ പഠനത്തെ ബാധിക്കുന്ന അവസ്ഥ വരാം ഇത് സൊലസിന്റെ മൂന്നാമത്തെ ഒബ്ജക്ടീവ് ആയി വരുന്ന കാര്യമാണ്. ഇങ്ങനെ ഏതൊക്കെ തരത്തിൽ സാന്ത്വനമായി നിന്നുകൊണ്ട് ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കഴിയുമോ അതെല്ലാം സൊലസ് ചെയ്തുവരുന്നു. എന്നാൽ സൊലസിന് കഴിയാത്ത പല കാര്യങ്ങളുമുണ്ട്, അതും ഇക്കൂട്ടത്തിൽ പറയേണ്ടതുണ്ട്.

ഉദാഹരണമായി, രോഗം ബാധിച്ചു സൊലസിന്റെ സംരക്ഷണയിലുള്ള ഒരു കുഞ്ഞിന്റെ വീട് ജപ്തി നേരിടുകയാണ് എങ്കിൽ അതിൽ സൊലസിന് ഒന്നും ചെയ്യാൻ പറ്റില്ല. അല്ലെങ്കിൽ വിൽക്കേണ്ട അവസ്ഥയാണ്, വിൽക്കാൻ ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല. താമസിക്കാൻ സ്ഥലമില്ലെങ്കിൽ വീട് വെച്ച് കൊടുക്കാൻ സൊലസിന് കഴിയില്ല. പക്ഷെ അവർക്ക് വാടകക്ക് ഒരു വീട് എടുത്തുകൊടുക്കാൻ സൊലസിന് കഴിയും. അതായത് എല്ലാത്തിനും പരിഹാരം കാണാൻ കഴിഞ്ഞില്ലെങ്കിലും പരിഹാരത്തിനായി ആത്മാർഥമായി പരിശ്രമിക്കാനും പ്രതീക്ഷയുടെ വാതിലുകൾ തുറന്നുകൊടുക്കാനും കഴിയും സൊലസിന്.

ഇപ്പോൾ സൊലസിന്റെ പ്രവർത്തനങ്ങൾ ഏതൊക്കെ നാടുകളിലേക്ക് എത്തിയിട്ടുണ്ട്? അതിനെക്കുറിച്ചു പറയാമോ?

സൊലസിന്റെ പ്രവർത്തനങ്ങൾ പത്തു വർഷങ്ങൾ കഴിഞ്ഞ സമയത്താണ് സൊലസിനെ ഒരു പ്രോഗ്രാമിന് വേണ്ടി അമേരിക്കയിലേക്ക് ക്ഷണിക്കുന്നത്. കുറച്ച് ഡൊണേഷൻ ഏറ്റു വാങ്ങാൻ വേണ്ടിയാണു ക്ഷണിച്ചത്. അവിടെ ആ പരിപാടിയിൽ വെച്ച് സൊലസിനെക്കുറിച്ചു കൂടുതലായി അറിഞ്ഞപ്പോൾ എല്ലാവർക്കും വലിയ താല്പര്യമായി. പ്രത്യേകിച്ച് വളരെ ചെറിയ അഡ്മിനിസ്‌ട്രേറ്റീവ് കോസ്റ്റിൽ വോളന്റിയേഴ്‌സിന്റെ പ്രവർത്തനങ്ങൾ കൊണ്ട് മുന്നോട്ട് പോകുന്നു എന്നത് എല്ലാവർക്കും വലിയ അത്ഭുതമായിരുന്നു. ആ നാട്ടിൽ ഇത്തരം സംഘടനകൾ ധാരാളമായി ഉണ്ട്, പലതും ലോകപ്രശസ്തമായ സംഘടനകൾ. പക്ഷെ അതിന്റെയെല്ലാം അഡ്മിനിസ്ട്രേറ്റിവ് കോസ്റ്റ് 60%ൽ കൂടുതലാണ്.പക്ഷെ, സൊലസിന്റെ കാര്യത്തിൽ അത് 15%ൽ താഴെയാണ് എന്നത് എല്ലാവർക്കും വിസ്മയകരമായ കാര്യമായിരുന്നു. അവരെ സംബന്ധിച്ച് അവരുടെ വേരുകളുള്ള, അവർക്ക് ആത്മബന്ധമുള്ള നാട്ടിൽ നിന്നാണല്ലോ നമ്മൾ ചെല്ലുന്നത്.

അപ്പോൾ സ്വാഭാവികമായും സൊലസിന്റെ ഭാഗമാകണമെന്ന് അവർക്കു തോന്നുകയും അങ്ങനെ അവിടെ സൊലസ് പ്രവർത്തനം ആരംഭിക്കുകയുമാണ് ചെയ്തത്. അമേരിക്കയിൽ എട്ട് സ്റ്റേറ്റുകളിൽ സൊലസ് ഉണ്ട്. അതിൽ ആറ് സ്ഥലങ്ങളിൽ വളരെ ആക്റ്റീവ് ആണ്. അവിടെ ഫണ്ട് റൈസിങ് ഇവന്റസ് എല്ലാ വർഷവും നടക്കാറുണ്ട്. വർഷത്തിൽ രണ്ടു തവണയെങ്കിലും ഞാൻ പോകാറുണ്ട്. വലിയ സപ്പോർട്ടാണ് അമേരിക്കയിൽ നിന്ന് കിട്ടുന്നത്. അതുപോലെ യുകെയിലും അഞ്ച് സിറ്റികൾ കേന്ദ്രീകരിച്ചു സൊലസ് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കാനഡയിൽ ഒരുകൂട്ടം ആളുകൾ നമ്മളെ സപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. ഖത്തറിലും ഇത്തരത്തിലുള്ള സപ്പോർട്ട് ഉണ്ട്. അവിടെയൊന്നും ആക്റ്റീവ് ആയുള്ള പ്രവർത്തനങ്ങൾ ഇല്ല. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും സൊലസ് എത്തണം എന്നാണ് ഞങ്ങളുടെ ആഗ്രഹം. പ്രത്യേകിച്ച് മിഡിൽ ഈസ്റ്റിൽ നിന്നൊക്കെ സപ്പോർട്ട് വന്നു കഴിഞ്ഞാൽ വേദന അനുഭവിക്കുന്ന ഒരുപാടു കുട്ടികൾക്കും കുടുംബങ്ങൾക്കും അത് സഹായമാകും.Sheeba 03

വലിയ ക്ഷമയും ആത്മസമർപ്പണവും വേണമല്ലോ ഈ പ്രവർത്തനങ്ങൾക്ക്, ഒരു സ്ത്രീക്ക് മാത്രം ചെയ്യാനാവുന്ന എന്തൊക്കെ കാര്യങ്ങളാണ് സൊലസിനെ നയിക്കുന്നത്?

കഴിഞ്ഞ പതിനെട്ടു വർഷമായി സൊലസിനെ മുന്നോട്ട് നയിച്ചുകൊണ്ടിരിക്കുന്ന ഒരാളാണ് ഞാൻ. സൊലസിന്റെ അക്കൗണ്ടിങ് ഒഴികെയുള്ള എല്ലാ കാര്യങ്ങളും ഞാൻ ഏറ്റെടുത്തു ചെയ്യുന്നുണ്ട്. സ്ത്രീ എന്ന നിലയിൽ, ഒരു പുരുഷനേക്കാൾ എന്തുകൊണ്ടും നന്നായി ഒരു സ്ത്രീക്കാണ് ഇത് ചെയ്യാൻ കഴിയുക എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇതൊരു പുരുഷന് ചെയ്യാൻ പറ്റുമായിരിക്കും. പക്ഷെ അതിനേക്കാൾ എത്രയോ ആത്മസമർപ്പണത്തോടെ ഒരു സ്ത്രീക്ക് ചെയ്യാൻ കഴിയും കാരണം രോഗം കൊണ്ടും മറ്റു യാതനകൾ കൊണ്ടും ദുരിതമനുഭവിക്കുന്ന കുഞ്ഞുങ്ങളുടെ വേദനകൾ ഹൃദയം കൊണ്ട് ഏറ്റെടുക്കാൻ കഴിയുന്നത് ഒരു സ്ത്രീക്കാണ്, അവളിലെ സഹജമായ കരുണ, വാത്സല്യം, സ്നേഹം, സഹാനുഭൂതി എന്നിവ കൊണ്ടാണ്. ഈ ഗുണങ്ങൾ പുരുഷനേക്കാൾ സ്ത്രീക്കുണ്ട് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അവളുടെ ഹൃദയത്തിൽ തൊടുന്ന വേദനകൾക്ക് പരിഹാരമുണ്ടാക്കണം എന്ന് ഒരു സ്ത്രീക്ക് തോന്നിയാൽ അതിനുള്ള ഇച്ഛാശക്തിയും ക്ഷമയും സ്ത്രീകൾക്ക് കൂടുതലായി ഉണ്ട്. അതുകൊണ്ടാണ് നീണ്ട പതിനെട്ടു കൊല്ലങ്ങളായി എത്രയോ കുഞ്ഞുങ്ങളുടെ സങ്കടങ്ങളുടെയും ദുരിതങ്ങളുടെയും കടലിൽ മടുക്കാതെ ഇങ്ങനെ നില്ക്കാൻ എനിക്കാവുന്നത്. ഞാൻ അനുഭവിച്ച, ഞാൻ കടന്നുപോയ സങ്കടങ്ങളെ മറക്കരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു. വേദന അനുഭവിക്കുന്നവരെ ചേർത്തു പിടിക്കണമെന്ന ആഗ്രഹം ഒരു ഇളക്കവും തട്ടാതെ എന്റെ ഉള്ളിൽ എന്റെ ഊർജമായി പ്രവർത്തിക്കുന്നു. നിസ്വാർത്ഥമായി, ഉപാധികളില്ലാതെ ഒരു സ്ത്രീക്കാണ് ഇങ്ങനെ പ്രവർത്തിക്കാൻ കഴിയുക എന്ന് ഞാൻ പറയുന്നതിന് എന്റെ അനുഭവത്തിൽ നിന്നുള്ള മറ്റൊരു കാരണം കൂടിയുണ്ട്. ദരിദ്രമായ സാഹചര്യങ്ങളുള്ള ഒരു കുടുംബത്തിൽ ഒരു കുട്ടി മാരകമായ ഒരു രോഗത്തിന്റെ പിടിയിലാകുമ്പോൾ 50% അച്ഛന്മാരും അവരെ ഉപേക്ഷിച്ചുപോകുന്നു. ഇന്നുവരെ അമ്മമാർ ഉപേക്ഷിച്ചു പോയതായി കണ്ടിട്ടില്ല. നിവൃത്തിയില്ലാതെ ആത്മഹത്യ ചെയ്തവരുണ്ട്. പക്ഷേ, രോഗം ബാധിച്ച കുഞ്ഞിനെ ഒരു അമ്മ പോലും ഉപേക്ഷിക്കുന്നില്ല. ഇത്തരം അവസ്ഥകളിൽ സ്വന്തം കുഞ്ഞിനെ നെഞ്ചോടടുക്കി പിടിച്ചു പോറ്റുന്ന അച്ഛന്മാരെ മറന്നുകൊണ്ടല്ല ഇത് പറയുന്നത്. പക്ഷെ 50% എന്നത് ഒരു വേദനിപ്പിക്കുന്ന സത്യമാണ്. അതാണ് ഞാൻ പറയുന്നത്. സൊലസ് ഒരു സ്ത്രീക്ക് മാത്രം പൂർത്തീകരിക്കാൻ കഴിയുന്ന സ്‌നേഹനിർഭരമായ തണലാണ്, സാന്ത്വനമാണ്.

“ക്രെഡിറ്റും ഡെബിറ്റും കോളം മാറിപ്പോകുന്ന ഒരു കുട്ടിയായിരുന്നു ഞാൻ” എന്ന് ഒരു അഭിമുഖത്തിൽ പറഞ്ഞത് കേട്ടു. ഇപ്പോൾ ജീവിതത്തിന്റെ ബാലൻസ് ഷീറ്റ് നോക്കുമ്പോൾ എന്ത് തോന്നുന്നു?

വളരെ നല്ല ചോദ്യം. ക്രെഡിറ്റും ഡെബിറ്റും ഏതു കോളത്തിൽ എഴുതണം എന്നറിയാൻ പറ്റാതെ തോറ്റ് പുസ്തകമടച്ചു വെച്ചൊരു കുട്ടിയാണ് ഞാൻ. കേരളവർമ്മ കോളേജിൽ പ്രീഡിഗ്രി കാലത്തു ആവുന്നത്ര കളിച്ചു നടന്ന്, പരീക്ഷാഹോളിൽ ഒറ്റ ഉത്തരവും അറിയാതെ ആൻസർ പേപ്പറിൽ മുകളിൽനിന്ന് താഴേക്ക് ഒരു വര വരച്ചു പത്തു മിനിറ്റ് കൊണ്ട് ഹാൾ വിട്ടു ഇറങ്ങിപ്പോകുന്ന കുട്ടി. ഇപ്പൊ ആലോചിക്കുമ്പോൾ ഹൃദയം നിറഞ്ഞു കണ്ണ് തുളുമ്പുന്ന പോലെയാണ്. അതേ കേരള വർമ്മ കോളേജിൽ ക്ഷണിക്കപ്പെട്ട അതിഥിയായി ഞാൻ പോയിട്ടുണ്ട്. നിറഞ്ഞ സദസ്സിനോട് സംസാരിച്ചിട്ടുണ്ട്. തിരിഞ്ഞു നോക്കുമ്പോൾ, നല്ല മനുഷ്യനായി ജീവിക്കാൻ കഴിഞ്ഞു എന്ന സന്തോഷമാണ്. ശാന്തമായി ഒഴുകിക്കൊണ്ടിരുന്ന ജീവിതത്തിന്റെ നദി ഏറ്റവും ദുർഘടം പിടിച്ച വഴികളിലൂടെ മാറി ഒഴുകാൻ തുടങ്ങി എപ്പോഴോ. ആ കഠിനമായ വഴികളിൽ നിൽക്കുമ്പോഴും എനിക്ക് കാണാനാവുന്നത് ചുറ്റുമുള്ള അനേകം മനുഷ്യരുടെ കണ്ണുനീരാണ്. എന്നെപ്പോലുള്ള അമ്മമാരുടെ വേദനയും നിസ്സഹായതയുമാണ്. എന്റെ മകളെയും കൊണ്ട് ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലിൽ ആത്മാവിൽ ഒരു അഗ്നിപർവ്വതവും പേറി ജീവിക്കുമ്പോഴും ഞാൻ കാണുന്നുണ്ടായിരുന്നു ഞങ്ങൾക്ക് ജീവിതം അനുവദിച്ചുതന്ന പ്രിവിലേജുകളെ, സൗഭാഗ്യങ്ങളെ. പണമുണ്ട്, സാധ്യതകളുണ്ട്. തൊട്ടടുത്ത ബെഡ്ഡുകളിൽ കിടക്കുന്ന മനുഷ്യർക്ക് രോഗം കൊണ്ട് കഷ്ടപ്പെടുന്ന കുഞ്ഞിന് മരുന്ന് വാങ്ങാനോ ഭക്ഷണം കൊടുക്കണോ പോലും പണമില്ല. ഹൃദയത്തിൽ അന്ന് ആഴത്തിൽ പതിഞ്ഞ മുറിവാണ് എന്നെ സൊലസിലേക്ക് വഴിനടത്തിയത്. ഒട്ടും എളുപ്പമായിരുന്നില്ല പതിനെട്ട് വർഷങ്ങളുടെ യാത്ര. ഒട്ടും മടുക്കാതെ, നിതാന്ത ജാഗ്രതയോടെ, എല്ലാം പറ്റുന്നില്ലല്ലോ എന്ന സങ്കടത്തോടെയും എന്നാൽ ഇത്രയുമൊക്കെ പറ്റുന്നുണ്ടല്ലോ എന്ന ആഴമുള്ള കൃതജ്ഞതയോടെയും രാവും പകലും ഇതിനു വേണ്ടി പരിശ്രമിക്കുന്നു. മനസ്സും ശരീരവുമെല്ലാം സമർപ്പിച്ച് ആരുടെയൊക്കെയോ ജീവിതത്തിൽ ഒരു വെളിച്ചം കാണിച്ചു കൊടുക്കാൻ പറ്റുന്നുണ്ടല്ലോ, പാഴായില്ലല്ലോ ഈ ജന്മം എന്ന നിറവ് തന്നെയാണ്, ആത്മസംതൃപ്തി തന്നെയാണ് ജീവിതത്തിന്റെ ബാലൻസ് ഷീറ്റ്.

മതം പിൻപറ്റുന്ന ഒരാളല്ല ഷീബ അമീർ എന്നാണ് ഞാൻ വിചാരിക്കുന്നത്. ദൈവവിശ്വാസിയാണോ? എന്താണ് ഷീബ അമീറിന് ദൈവം?

തീർച്ചയായും ദൈവവിശ്വാസിയാണ്. പക്ഷെ എന്റെ ഉള്ളിലെ ദൈവത്തെ ലോകത്തിന് പരിചയമുണ്ടാകണമെന്നില്ല. പുരോഹിതന്മാർ പറയുന്ന, ലോകം കൊട്ടിഘോഷിക്കുന്ന ഒരു ദൈവമല്ല എന്റേത്. സ്നേഹവും കരുണയും നിറഞ്ഞ പ്രപഞ്ചമെന്നൊക്കെ വിളിക്കാവുന്ന എന്റെ മാത്രം ദൈവം. സ്നേഹമല്ലാതെ മറ്റൊരു അനുഷ്ഠാനവും എനിക്കും എന്റെ ദൈവത്തിനുമിടയിൽ ഇല്ല.

Pinarayi Sheebaമറ്റു മനുഷ്യരോട് കരുണ കാണിക്കൂ സ്നേഹിക്കൂ എന്നൊക്കെ തന്നെയാണല്ലോ മിക്ക മതങ്ങളും ഉദ്ഘോഷിക്കുന്നത്. ഒരു മതഗ്രന്ഥവും വായിച്ച ആളല്ല ഞാൻ. പക്ഷേ, ഒരു മതഗ്രന്ഥത്തിന്റെയും സഹായമില്ലാതെ ഒരാൾക്ക് നല്ല ഒരു മനുഷ്യനായി ജീവിക്കാൻ കഴിയുമെന്ന് എന്നെ ബോധ്യപ്പെടുത്താൻ എനിക്ക് കഴിഞ്ഞല്ലോ എന്നത് സന്തോഷമാണ്. നിസ്‌കാരപ്പായയിലിരുന്ന് അല്ലാഹു മഹാനാണ് എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നില്ല. പക്ഷേ, ഖുർആനിൽ പറഞ്ഞിട്ടുള്ള സഹാനുഭൂതിയും കരുണയും എന്നിലുണ്ട്. അതിനു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ആളാണ് ഞാൻ. ഖുർആൻ വചനങ്ങളും ബൈബിളും ഗീതയിലും പറഞ്ഞ പല കാര്യങ്ങളും കേൾക്കുമ്പോൾ തോന്നാറുണ്ട്, അത് തന്നെയാണല്ലോ നമ്മൾ സൊലസിലൂടെ ചെയ്യുന്നത് എന്ന്.

എത്ര അപ്രതീക്ഷിതവും ആകസ്മികവുമായിരുന്നു ഷീബ അമീർ എന്ന സ്ത്രീയുടെ ജീവിതത്തിൽ നടന്നതെല്ലാം. വിധിയോ നിയോഗമോ അങ്ങനെയൊക്കെ തോന്നാറുണ്ടോ?

എല്ലാ മനുഷ്യരുടെ ജീവിതത്തിലും സംഭവിക്കുന്നുണ്ട് അപ്രതീക്ഷിതവും അവിചാരിതവുമായ കാര്യങ്ങൾ. എത്രയോ അമ്മമാരുടെ കുഞ്ഞുങ്ങൾക്ക് അസുഖമാകുന്നു, മരിച്ചുപോകുന്നു. പലരും അതിനെയെല്ലാം സ്വീകരിക്കുന്നത് പല വിധത്തിലാണ്. എല്ലാവരും സൊലസ് തുടങ്ങണം എന്നില്ലല്ലോ. അത് തികച്ചും മനുഷ്യന്റെ ചിന്തയിൽ നിന്നും മനോനിലയിൽ നിന്നും ഉരുത്തിരിഞ്ഞുവരുന്ന ഒന്നാണ്. വരുന്ന അനുഭവങ്ങളെ നമ്മൾ എങ്ങനെ സ്വീകരിക്കുന്നു എന്നതാണ് നമ്മുടെ ജീവിതത്തെ നിർണ്ണയിക്കുന്നത്. എന്റെ മകൾ നിലൂഫക്ക് പെട്ടെന്നൊരു പനിയെ തുടർന്ന് ടെസ്റ്റുകൾ ചെയ്തു നോക്കുമ്പോൾ വളരെ ഗുരുതരമായ ബ്ളഡ് ക്യാൻസർ സ്ഥിരീകരിക്കുന്നു. ബോൺ മാരോ ട്രാൻസ്‌പ്ലാന്റേഷൻ അല്ലാതെ മറ്റൊരു മാർഗ്ഗവുമില്ലെന്ന് പറയുന്നു. അവളെയും കൊണ്ട് ഞങ്ങൾ ചികിത്‌സക്കായി മുംബൈയിലെ ടാറ്റാ മെമ്മോറിയൽ ഹോസ്പിറ്റലിൽ എത്തുന്നു. അഗ്നിപർവ്വതം പോലുള്ള ഹൃദയവുമായി ടാറ്റാ ആശുപത്രിയുടെ പതിനൊന്നാം നിലയിൽ കുട്ടികളുടെ വാർഡിൽ നിൽക്കുമ്പോൾ

ഞാൻ കാണുന്നത് മുഴുവൻ, രോഗം ബാധിച്ച കുഞ്ഞുങ്ങളെയും പണമില്ലാത്തതുകൊണ്ട് വല്ലാതെ കഷ്ടപ്പെടുന്ന മാതാപിതാക്കളെയും അവരുടെ യാതനകളെയും ആണ്. അവരുടെ ജീവിതത്തിലേക്ക് കണ്ണും മനസ്സും തുറന്നു പിടിച്ചതു കൊണ്ടാണ്, ഈ വേദനകൾക്ക് പരിഹാരം വേണമെന്ന് തോന്നിയതു കൊണ്ടാണ് എനിക്ക് സൊലസ് തുടങ്ങാനായത്. എന്റെ ജീവിതത്തെ റീ ഷേപ്പ് ചെയ്യാൻ കഴിഞ്ഞത്. അതെന്റെ തീരുമാനമായിരുന്നു, ഒരു മനുഷ്യന്റെ തീരുമാനം. അത് വിധിയോ നിയോഗമോ അല്ല.

നിലൂഫയുടെ രോഗവും ചികിത്സയുമൊക്കെയായി വല്ലാതെ സ്ട്രഗിൾ ചെയ്യുമ്പോൾ തന്നെയാണ് സൊലസിന് ജന്മം കൊടുക്കുന്നത്. അത്രയും ആത്മബലമുണ്ടായിരുന്നോ വീട്ടിൽ കുഞ്ഞുങ്ങളെ നോക്കിയും പാചകം ചെയ്തും മാത്രം ശീലിച്ച, വലിയ പഠിപ്പൊന്നുമില്ലാതിരുന്ന അന്നത്തെ ആ പെൺകുട്ടിക്ക്?

അങ്ങനെ ഒരു മനുഷ്യൻ, ഒരു അമ്മ, ഒരു സ്ത്രീ എന്ന നിലയിൽ ഏറ്റവും വേദന അനുഭവിച്ച കാലത്താണ് സൊലസ് എന്ന ആശയം എന്റെ ഉള്ളിലുദിക്കുന്നത്. അന്ന് ഞാൻ അനുഭവിച്ച വേദന, ആ വേദനയും എന്റെ ചുറ്റുമുള്ള മനുഷ്യരുടെ വേദനയും കൂടി തട്ടിച്ചു നോക്കുമ്പോൾ നമ്മൾക്ക് എന്തൊക്കെ സാധ്യതകൾ ഉണ്ട്, നമ്മൾക്ക് പണമുണ്ട്, കുഞ്ഞിന് നല്ല ചികിത്സ, നല്ല ഭക്ഷണം ഒക്കെ കൊടുക്കാൻ പറ്റുന്നു. എനിക്കെന്റെ കുഞ്ഞിന്റെ അരികിൽ പൂർണ്ണമായും നിന്ന് അവളെ നോക്കാൻ പറ്റുന്നു. എന്നാൽ ഇതൊന്നുമില്ലാത്ത എത്രയോ മനുഷ്യന്മാരെ ഞാനവിടെ കണ്ടു, ഒരുപക്ഷെ നാളെ മരിച്ചു പോയേക്കാവുന്നത്ര ഗുരുതരമായ രോഗമുള്ള കുഞ്ഞിന് ഒരു നേരത്തെ ഭക്ഷണം കൊടുക്കാനോ അതിന്റെ അടുത്ത് ഒന്നിരിക്കാനോ പറ്റാത്ത അച്ഛനമ്മമാരെ ഞാനവിടെ കണ്ടു. മരിക്കാറായ കുഞ്ഞിന് മരുന്നിനും ഭക്ഷണത്തിനും വേണ്ടിയുള്ള പണം കണ്ടെത്താനുള്ള ഓട്ടം. എന്നെ ഉലച്ചുകളഞ്ഞ നൂറുകണക്കിന് കാഴ്ചകളായിരുന്നു അവിടെ കഴിഞ്ഞ സമയത്ത് ഞാൻ കണ്ടത്. കുട്ടിയുടെ ജീവൻ രക്ഷപ്പെടുമോ അല്ലെങ്കിൽ ആശുപത്രിയിൽ വന്നാൽ കിടക്കാൻ ഒരു സ്ഥലം കിട്ടാൻ, ഒരു ബെഡ് കിട്ടാൻ വേണ്ടി കാത്തുകെട്ടിക്കിടക്കുന്ന മനുഷ്യർ. അവിടെക്കണ്ട ജീവിതങ്ങളാണ് എന്റെ ആത്മബലം കൂട്ടിയത്. എല്ലാ മനുഷ്യരും സമന്മാരാണ് എന്നുള്ള മാനുഷികതയിലുറച്ച ബോധ്യങ്ങൾ പകർന്നുകിട്ടിയ ഒരു കുട്ടിക്കാലമായിരുന്നു എന്റേത്. ആ വെളിച്ചം ഉള്ളിൽ ഉണ്ടായിരുന്നതുകൊണ്ടാവണം നമുക്കുള്ള പ്രിവിലേജുകളുടെയും സൗകര്യങ്ങളുടെയും ഒരംശമെങ്കിലും ഇത്തരത്തിൽ വേദനിക്കുന്ന മനുഷ്യർക്ക് എത്തിച്ചുകൊടുക്കണമെന്ന തോന്നൽ ശക്തമായി. രോഗശയ്യയിൽ കിടക്കുന്ന എന്റെ കുഞ്ഞിനെയും വെച്ച് കൊണ്ടുതന്നെയാണ് ഞാനിതിന് എന്നെ പാകപ്പെടുത്തിയത്. ഇതിനെക്കുറിച്ച് പഠിക്കാൻ ഏഴ് വർഷക്കാലം പാലിയേറ്റിവ് കെയറിൽ പോയി അതിനു ശേഷമാണ് സൊലസ് ആരംഭിക്കുന്നത്.

1998ൽ ഞാൻ മകളെയും കൊണ്ട് ഞാൻ ആശുപത്രിയിൽ പോകുന്നു, രണ്ടു മൂന്നു വർഷം ആശുപത്രിയിൽ. 2001 ൽ ഞാൻ തിരിച്ചു വന്നു.

2007 ൽ സൊലസ് ഉണ്ടാവുമ്പോൾ അതിന് കൃത്യമായിട്ടുള്ള ഒരു രൂപമുണ്ടായിരുന്നു. അന്ന് എന്റെ വളരെ അടുത്ത സുഹൃത്തുക്കളുടെ സഹായത്തോടെ ഞാൻ എഴുതിയുണ്ടാക്കിയ ബൈലോ, വിഷൻ മിഷൻ അതിലാണ് ഇന്നും, ഇത്രയും വർഷം സൊലസ് ഭദ്രമായിരിക്കുന്നത്. ലോകം മുഴുവനുള്ള സുഖമില്ലാത്ത കുട്ടികളെയും ലോകം മുഴുവനുള്ള നിസ്സഹായരായ മാതാ​പിതാക്കളെയും ചേർത്തുപിടിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് സൊലസ് രൂപപ്പെടുത്തിയിരിക്കുന്നത്. സൊലസിന്റെ ആദ്യത്തെ ജി മെയിൽ ഐഡി solasglobal@gmail.com എന്നതായിരുന്നു. ഇന്ന് ഒരു ഗ്ലോബൽ പ്രസ്ഥാനമായി സൊലസ് നിൽക്കുന്നു, ആ മെയിൽ ഐഡി ഇപ്പോഴും അത് തന്നെയാണ്.sheeba 04

എന്തൊക്കെയാണ് സൊലസിന്റെ ഭാവി പദ്ധതികൾ?

സൊലസ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങൾ നേരത്തെ പറഞ്ഞല്ലോ. ഈ ചെയ്യുന്നതൊക്കെയും പാവപ്പെട്ട ഒരു കുട്ടിക്ക് അല്ലെങ്കിൽ മാതാപിതാക്കൾക്ക് ലഭിക്കുന്ന ഒരു സഹായമാണ്. അപ്പോഴും പണമുള്ള ഒരു കുട്ടിക്ക് കിട്ടുന്ന ചികിത്സ അതെ അവസ്ഥയിൽ ഈ പാവപ്പെട്ട കുട്ടിക്ക് കിട്ടുന്നില്ല. നിരവധി കാര്യങ്ങളിൽ ആ അന്തരം ഉണ്ട്. അതുകൊണ്ടുതന്നെ പണമുള്ള കുടുംബത്തിലെ ഒരു കുട്ടിക്ക് അസുഖം വന്നാൽ ലഭ്യമാകുന്ന തരത്തിലുള്ള എല്ലാ ചികിത്സയും സൗകര്യങ്ങളും പാവപ്പെട്ട ഒരു കുട്ടിക്കും ലഭ്യമാക്കുന്ന തരത്തിലുള്ള ഒരു ‘സൊലസ് പീഡിയാട്രിക് ഇന്റർനാഷണൽ ഹോസ്പിറ്റൽ’ വേണം എന്നൊരു വലിയ സ്വപ്നം, കൂടുതൽ വെളിച്ചമുള്ള സ്വപ്നം ഞങ്ങൾക്കുണ്ട്. ഒപ്പം തന്നെ റെസ്‌പൈറ്റ് സെന്റർ എന്ന ഒരു ആശയമുണ്ട്.

അതിനോടനുബന്ധിച്ചു പറയാനുള്ളത് ഗവണ്മെന്റ് നയങ്ങളിൽ വരുത്തേണ്ടുന്ന മാറ്റങ്ങളെ കുറിച്ചാണ്. സർക്കാരിന്റെ ഭാഗത്തു നിന്നും ഒരുപാട് കാര്യങ്ങൾ ചെയ്യാനാവും. ഈ വയ്യാത്ത കുട്ടികൾക്ക് ഒരു ഹെൽത്ത് കാർഡ് ഇഷ്യൂ ചെയ്യണം, ഈ കുട്ടികളുടെ മരുന്നുകൾ സൗജന്യമായി ലഭ്യമാക്കണം, ‘ചിൽഡ്രൻ വിത്ത് ലോങ്ങ് ടേം ഇൽനെസ്സ്’ എന്ന ഒരു പ്രത്യേക കാറ്റഗറി ഉണ്ടാക്കണം, ഒരു പ്രകൃതിദുരന്തമോ മറ്റോ ഉണ്ടായാൽ ഏറ്റവും ആദ്യം എത്രയും പെട്ടെന്ന് ഇവരെ സംരക്ഷിക്കുവാനുള്ള സംവിധാനങ്ങൾ ഉണ്ടാകണം. ഇവരുടെ അമ്മമാർക്ക് പ്രത്യേക പെൻഷൻ പദ്ധതി കൊണ്ടുവരണം, ഇവർക്ക് ഫിസിയോതെറാപ്പി പറ്റുന്ന അത്രയും ഗവണ്മെന്റ് തലത്തിൽ സൗജന്യമായി ലഭ്യമാക്കണം, അച്ഛൻ ഉപേക്ഷിച്ചുപോയി ഉത്തരവാദിത്തം മുഴുവൻ ഒറ്റക്ക് ഏറ്റെടുക്കേണ്ടി വരുന്ന അമ്മമാരുണ്ട്. സാധാരണ ഒരു സ്ത്രീക്ക് ലീഗലി ഫൈറ്റ് ചെയ്തു നേടാവുന്ന കാര്യങ്ങൾ കോടതി കയറിയിറങ്ങി നേടിയെടുക്കാവുന്ന അവസ്ഥയിൽ ആയിരിക്കില്ല രോഗം ബാധിച്ച കുഞ്ഞിനേയും കൊണ്ട് കഷ്ടപ്പെടുന്ന ഈ അമ്മമാർ. അവർക്ക് വേണ്ടി നിയമസഹായം ലഭ്യമാക്കാനും നീതി ലഭിക്കാനും ഒരു അതിവേഗ കോടതി സംവിധാനം അത്യാവശ്യമാണ്. ഇതൊക്കെ നടപ്പിലാക്കാൻ വേണ്ടി സാധ്യമായ എല്ലാ കാര്യങ്ങളും സൊലസ് ചെയ്യുന്നുണ്ട്.

Author Photo
ഷീബ അമീർ

സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയും

qacheck17@gmail.com

Review overview
NO COMMENTS

POST A COMMENT