Home / ലേഖനങ്ങള്‍  / ‘ഞങ്ങൾക്ക് വേണം ജോലി, ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ’

‘ഞങ്ങൾക്ക് വേണം ജോലി, ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ’

“ഓരോ മനുഷ്യനും ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന എല്ലാ പൗരസ്വാതന്ത്ര്യങ്ങളോടെയും സമാധാനത്തോടെ ജീവിക്കാൻ കഴിയുന്ന ഇന്ത്യ, എല്ലാ മനുഷ്യരുടെയും അവകാശമായ തൊഴിൽ നീതിപൂർവ്വം ലഭിക്കുവാനും ചെയ്യുവാനും കഴിയുന്ന ഇന്ത്യ, ഇതാണ് ഡി വൈ എഫ് ഐയുടെ സമരസംഗമത്തിലൂടെ ലക്ഷ്യം വെക്കുന്നത്.” –വി കെ സനോജ് എഴുതുന്നു

Independance DYFI

ഇന്ത്യ സ്വതന്ത്രയായിട്ട് ദീർഘമായ 78 വർഷങ്ങൾ പിന്നിടുന്നു. എന്തായിരുന്നു ഈ നാടിന്റെ മോചനത്തിനായി പോരാടിയ മനുഷ്യരുടെ സ്വാതന്ത്ര്യമെന്ന സ്വപ്നം? എന്തായിരുന്നു ഈ നാടിന്റെ സ്വാതന്ത്ര്യ സങ്കല്പങ്ങൾ? സ്വാതന്ത്ര്യം നേടുമ്പോൾ ഇന്ത്യ കണ്ട സ്വപ്നങ്ങളിൽ നിന്നും എത്രയോ വിദൂരമായാണ് ഇന്നതിന്റെ നിലനിൽപ്പ്. മുഴുവൻ മനുഷ്യരെയും സമഭാവനയോടെ കാണാൻ കഴിയുന്ന, മാനുഷികമായ എല്ലാ സാധ്യതകളെയും വൈവിധ്യങ്ങളെയും ചേർത്ത് പിടിച്ചുകൊണ്ട് മുന്നോട്ട് പോകാൻ കഴിയുന്ന ഒരു ഭരണ സംവിധാനത്തെയും സമൂഹത്തെയുമാണ് ഈ നാട് സ്വാതന്ത്ര്യത്തോടൊപ്പം സ്വപ്നം കണ്ടത്. അതിനായി ഓരോ മനുഷ്യനെയും ജീവിതത്തെയും ആന്തരികമായി സജ്ജരാക്കുന്ന തരത്തിൽ വിഭാവന ചെയ്തതാണ് ഈ നാടിന്റെ ഭരണഘടന. എന്നാൽ ഇന്ന് ഇന്ത്യ ഭരിക്കുന്ന നിയോ ഫാസിസ്റ്റ് സർക്കാർ ഇന്ത്യൻ ദേശീയതയുടെ നട്ടെല്ലൊടിക്കുന്ന വിധത്തിൽ, ഭരണഘടനയെ കാറ്റിൽപ്പറത്തുന്ന തരത്തിൽ കോർപ്പറേറ്റുകൾക്ക് ദാസ്യ വേല ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് ഇത്തവണത്തെ സ്വാതന്ത്ര്യ ദിനത്തിൽ ബ്ലോക്ക് കേന്ദ്രങ്ങളിൽ ഡി വൈ എഫ് ഐ യുടെ ‘ഞങ്ങൾക്ക് വേണം ജോലി, ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ’ എന്ന മുദ്രാവാക്യമുയർത്തിയ സമര സംഗമം.

തീവ്ര മതരാഷ്ട്ര വാദത്തിലൂന്നി മനുഷ്യനെ ജാതിയുടെയും മതത്തിന്റെയും ലിംഗ വൈവിധ്യങ്ങളുടെയും പേരിൽ പല കള്ളികളിലായി തരം തിരിച്ചു അന്യവത്ക്കരിക്കുകയാണ് ഇന്ന് ഇന്ത്യയിലെ സർക്കാർ ചെയ്യുന്നത്. ഒരു തരത്തിലും അനുവദിക്കാനാവാത്ത വിവേചനങ്ങളും അനീതിയും അസമത്വങ്ങളും ഇന്ത്യയുടെ മുഖമായി മാറിയിരിക്കുന്നു. ജനിച്ച നാട്ടിൽ നിന്ന് കുടിയിറക്കപ്പെടുമെന്ന ഭീതിയിൽ ജീവിക്കേണ്ടി വരുന്ന ന്യൂനപക്ഷ സമുദായങ്ങൾ. പലതരത്തിലുള്ള വിവേചനങ്ങൾ. കഴിക്കുന്ന ആഹാരത്തിന്റെയും ധരിക്കുന്ന വസ്ത്രത്തിന്റെയും പേരിൽ മനുഷ്യർ കൊല്ലപ്പെടുന്ന കാലം, അന്ന് സ്വാതന്ത്ര്യത്തിനായി സ്വന്തം ജീവൻ കൊടുത്തു പോരാടിയ മനുഷ്യരുടെയൊന്നും പേക്കിനാവുകളിൽ പോലും ഉണ്ടായിരുന്നിരിക്കില്ല. പുരോഗമനോന്മുഖമായ ഇന്ത്യയെ തിരിച്ചു പിടിക്കുക എന്നത് ഓരോ ഇന്ത്യക്കാരന്റെയും ഉത്തരവാദിത്തമായി മാറിക്കഴിഞ്ഞ കാലത്താണ് ഇന്ന് നമ്മൾ ജീവിക്കുന്നത്.

പൊതുമേഖലാ സ്ഥാപനങ്ങളെയും സർക്കാർ വിഭാഗങ്ങളെയും ഇല്ലാതാക്കി, സ്വകാര്യമേഖലക്ക് തീറെഴുതിക്കൊടുക്കുകയാണ് മോഡി സർക്കാർ. തൊഴിലില്ലായ്മയുടെ ഭീകരത നമ്മൾ ഊഹിക്കുന്നതിനും എത്രയോ അപ്പുറമാണ് എന്നതാണ് വാസ്തവം. 2025 ജൂൺ 16ന് പുറത്തിറക്കിയ ഔദ്യോഗിക കണക്കുകൾ പ്രകാരം, രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 2025 മെയ് മാസത്തിൽ 5.6% ആയി ഉയർന്നു, ഏപ്രിലിൽ ഇത് 5.1% ആയിരുന്നു. സൂക്ഷ്മമായി നോക്കുമ്പോൾ ചിത്രം കൂടുതൽ ഭയാനകമാണ്. 15-29 വയസ്സ് പ്രായമുള്ള യുവാക്കളിൽ, ഒരു മാസത്തിനുള്ളിൽ തൊഴിലില്ലായ്മ 13.8% ൽ നിന്ന് 15% ആയി കുത്തനെ ഉയർന്നു. സ്ത്രീകളുടെ തൊഴിലില്ലായ്മ പുരുഷന്മാരേക്കാൾ അല്പം കൂടുതലായിരുന്നു 5.8%.

2014 ൽ നരേന്ദ്ര മോഡി അധികാരത്തിൽ വന്ന ഉടനെ വലിയ പ്രചാരണം നൽകി ആരംഭിച്ച ക്യാമ്പയിൻ ആയിരുന്നു ‘മേക് ഇൻ ഇന്ത്യ’. രാജ്യത്തെയും വിദേശത്തെയും കമ്പനികളെ ഇന്ത്യയിൽ മാനുഫാക്ച്ചറിങ് വ്യവസായത്തിന് പ്രേരിപ്പിക്കുക അതുവഴി മാനുഫാക്ച്ചറിങ് വ്യവസായ മേഖലയുടെ വളർച്ച നിരക്ക് പ്രതിവർഷം 12-14% എത്തിക്കും എന്നതായിരുന്നു പ്രഖ്യാപനം. 2022 ആകുമ്പോഴേക്കും നിർമാണ വ്യവസായമേഖലയിൽ മാത്രം പുതിയ പത്തു കോടി തൊഴിലവസരങ്ങളും ഈ മേഖലയുടെ സംഭാവന രാജ്യത്തിന്റെ ജി.ഡി.പിയിൽ 25% ആക്കി വർദ്ധിപ്പിക്കും എന്നുമായിരുന്നു പ്രചാരണം. എന്നാൽ പദ്ധതി ആരംഭിച്ചു 10 വർഷം പിന്നിടുമ്പോൾ കാര്യമായ നേട്ടമൊന്നും ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ഒന്നാം മോഡി സർക്കാരിൻ്റെ കാലത്ത് മാനുഫാക്ച്ചറിങ് വ്യവസായ മേഖലയിൽ വളർച്ചയുണ്ടായില്ല എന്ന് മാത്രമല്ല 2014 ൽ 4.8% ആയിരുന്ന വളർച്ച 4% മായി കുറയുകയും ചെയ്തു എന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്. ഇക്കാലത്താണ് രാജ്യം സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിലില്ലായ്മയും നേരിട്ടത്. പ്രചാരണത്തിൽ ഉൽപ്പന്നങ്ങളുടെ ‘മേക്ക് ഇൻ ഇന്ത്യ’ യും പ്രയോഗത്തിൽ തൊഴിലില്ലാത്ത മനുഷ്യരുടെ ‘മേക്ക് ഇൻ ഇന്ത്യയുമായി’ മോദിഭരണം മാറി.

മതനിരപേക്ഷത നേരിടുന്ന വെല്ലുവിളികളെ ശക്തമായി ചെറുക്കുന്ന രാജ്യത്തെ ചുരുക്കം പ്രദേശങ്ങളിൽ ഒന്നാണ് കേരളം. വർഗ്ഗീയ കലാപങ്ങളും ജാതിയുടെ പേരിലുള്ള സംഘർഷങ്ങളും ഇല്ലാത്ത സമാധാനാന്തരീക്ഷമാണ് കേരളത്തെ വ്യത്യസ്തമാക്കുന്നത്. പ്രളയവും കോവിഡുമെല്ലാം വന്നപ്പോഴും ഒരുമിച്ച് നിന്ന കേരളത്തിൻ്റെ മാതൃക മതനിരപേക്ഷ മൂല്യത്തിൽ ആഴത്തിൽ വേരൂന്നിയതാണ്. പലവിധത്തിൽ കേരളത്തിൻ്റെ ഈ സൗഹാർദ്ദ അന്തരീക്ഷത്തെ ഇല്ലാതാക്കാൻ ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയശക്തികൾ ശ്രമിക്കുന്നുണ്ട്. ആ ശ്രമങ്ങൾക്ക് സംഘപരിവാറിനൊപ്പം കോൺഗ്രസ്സും കൂട്ടുനിൽക്കുന്നത് ഈ നാട് കാണുന്നുമുണ്ട്. ചെറിയ പ്രശ്നങ്ങളെ പർവതീകരിച്ച് മലയാളികളുടെ മനസ്സിലേക്ക് വർഗീയത കുത്തിവയ്ക്കാൻ മാധ്യമങ്ങളും ശ്രമിക്കുന്നുണ്ട്. സംഘപരിവാർ സംഘടന എന്ന നിലയിൽ കാസയുടെ നേതൃത്വത്തിൽ ക്രിസ്ത്യൻ സമുദായത്തിന് അകത്ത് നടക്കുന്ന വർഗീയ പ്രചാരണത്തെ ഗൗരവമായി കാണുകയും ശക്തമായി നേരിടുകയും വേണം.

ഇന്ത്യയിൽ പബ്ലിക് സർവീസ് കമ്മീഷൻ മുഖേന ഏറ്റവും അധികം നിയമനം നടത്തുന്ന സംസ്ഥാനം കേരളമാണ്. 2016-2025 വരെ 2,87,995 നിയമന ശുപാർശയാണ് പിഎസ് സി നൽകിയത്. സ്പെഷ്യൽ ഡ്രൈവിലൂടെ 24 മണിക്കൂർ കൊണ്ട് 1200 നിയമനം നടത്തി കേരളം പുതുചരിത്രം സൃഷ്ടിച്ചു. 2024 വരെ വിവിധ തസ്തികകളിലെ നിയമനത്തിനായി 2008 റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജോലി എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ കേരളത്തിലെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് റാങ്ക് ലിസ്റ്റിൽ ഉള്ളവർക്ക് ഉറപ്പിക്കാം. വിവിധ വകുപ്പുകളിൽ ഒഴിവുകൾ യഥാസമയം റിപ്പോർട്ട് ചെയ്യുന്നതിനുള്ള ഓൺലൈൻ സംവിധാനം കേരളം ഒരുക്കിയിട്ടുണ്ട്. സ്വകാര്യ മേഖലയിലും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് സ്റ്റാർട്ടപ്പുകൾക്ക് വലിയ പ്രോത്സാഹനം നൽകുന്നു. കേരളത്തെ വിജ്ഞാന സമ്പദ് വ്യവസ്ഥയാക്കി മാറ്റുന്നതിനാണ് എൽഡിഎഫ് സർക്കാർ ശ്രമിക്കുന്നത്.

ഓരോ മനുഷ്യനും ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന എല്ലാ പൗര സ്വാതന്ത്ര്യങ്ങളോടെയും സമാധാനത്തോടെ ജീവിക്കാൻ കഴിയുന്ന ഇന്ത്യ, എല്ലാ മനുഷ്യരുടെയും അവകാശമായ തൊഴിൽ നീതിപൂർവ്വം ലഭിക്കുവാനും ചെയ്യുവാനും കഴിയുന്ന ഇന്ത്യ, ഇതാണ് ഡി വൈ എഫ് ഐയുടെ സമരസംഗമത്തിലൂടെ ലക്‌ഷ്യം വെക്കുന്നത്. ഈ സമരത്തിന്റെ രാഷ്ട്രീയ പ്രാധാന്യം വളരെ വലുതാണ്, അത് കൊണ്ട് തന്നെ ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ ‘ഞങ്ങൾക്ക് വേണം ജോലി, ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ’ എന്ന മുദ്രാവാക്യം വളരെ പ്രധാനപ്പെട്ടതുമാണ്

Author Photo
വി കെ സനോജ്

ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി

qacheck17@gmail.com

Review overview
NO COMMENTS

POST A COMMENT