Home / ലേഖനങ്ങള്‍  / അഡോളസൻസ്

അഡോളസൻസ്

വിഷലിപ്തമായ സൈബർ പുരുഷത്വത്തിന്റെ ചുമരെഴുത്ത്.

Adolescence

ഇരുപത്തി രണ്ടു കൊല്ലം മുമ്പ്, മാർട്ടിൻ സ്കോർസസിയുടെ ഗ്യാങ്സ് ഓഫ് ന്യൂയോർക്ക് കാണുമ്പോൾ സ്റ്റീഫൻ ഗ്രഹാം എന്ന നടനെ ഞാൻ ശ്രദ്ധിച്ചിട്ടില്ലെന്ന് തന്നെ പറയാം. കാഴ്ച​യിൽ ദ്യേഗോ മറഡോണയുടെ ശരീരപ്രകൃതിയും റിക്കി പോണ്ടിംഗിന്റെ മുഖഭാവങ്ങളുമുള്ള ഡെഡ് റാബിറ്റ് ഗാംഗിലെ ഷാങിനെ പിൽക്കാലത്ത് അന്വേഷിച്ചുപോയി കണ്ടെത്തിയതാണ്. ബിബിസിയുടെ പൊലീസ് പ്രൊസീഡ്യുറൽ സീരീസ്, ലൈൻ ഓഫ് ഡ്യൂട്ടിയുടെ അഞ്ചാം സീസണിൽ ജോൺ കോർബെറ്റ് എന്ന കുഴപ്പക്കാരനായ പൊലീസുകാരന്റെ വേഷത്തിൽ ഗ്രഹാമിനെ കണ്ടപ്പോഴാണ് തിരികെ പോയി സ്കോർസസി പടവും ഒപ്പം ദിസ് ഈസ് ഇംഗ്ലണ്ട് സിനിമാ പരമ്പരയുമെല്ലാം കാണാൻ ശ്രമിച്ചത്. അത്രയ്ക്കും ഗംഭീര പ്രകടനമായിരുന്നു ലൈൻ ഓഫ് ഡ്യൂട്ടിയിൽ ഗ്രഹാമിന്റേത്.

സ്റ്റീഫൻ ഗ്രഹാമിന്റെ പേരു തന്നെയാണ് അഡോളസൻസ് നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്ത ആദ്യദിവസം തന്നെ കാണാൻ പ്രേരിപ്പിച്ചത്. കത്തി കയ്യിലെടുക്കുന്ന കൗമാരക്കാരായ ആൺകുട്ടികളെക്കുറിച്ചുള്ള വാർത്തകളാണ് ഈ സീരീസിന് പ്രചോദനമായതെന്ന് ഷോയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരിലൊരാളും എഴുത്തു പങ്കാളിയും കൂടിയായ സ്റ്റീഫൻഗ്രഹാം പറയുന്നു. പതിമൂന്നുകാരനായ എട്ടാം ക്ലാസ്സ് വിദ്യാർത്ഥി ജെയ്മി മില്ലർ സമപ്രായക്കാരിയും സഹപാഠിയുമായ കേയ്റ്റിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അറസ്റ്റ് ചെയ്യപ്പെടുന്നിടത്താണ് സീരീ​സിന്റെ തുടക്കം. ഒറ്റ ഷോട്ടിൽ എടുത്തിട്ടുള്ള, ഒരോ മണിക്കൂർ ദൈർഘ്യം വരുന്ന നാല് എപ്പിസോഡുകൾ ചേർന്നതാണ് അഡോളസൻസ്.
കുറ്റകൃത്യം നടന്നതിന്റെ പിറ്റേന്ന് പുലർച്ചെ ആറേകാൽ മുതൽ ഏഴേകാൽ വരെയുള്ള ഒരു മണിക്കൂറിലെ സംഭവങ്ങൾ – ജെയ് മിയുടെ അറസ്റ്റ്, പൊലീസ് സ്റ്റേഷനിലെ നടപടി ക്രമങ്ങൾ, അവന്റെ ഇന്ററോഗേഷൻ, അതിൽ വെളിപ്പെടുന്ന വസ്തുതകൾ- ഇത്രയും പറഞ്ഞു കൊണ്ട് ആദ്യ എപ്പിസോഡ് അവസാനിക്കും.

രണ്ടാം എപ്പിസോഡ് സംഭവത്തിന്റെ മൂന്നാം നാളാണ്. അന്വേഷണ ഉദ്യോഗസ്ഥരായ ഡിറ്റക്ടീവ് ഇൻസ്പെക്ടർ ലൂക്ക് ബാസ്കോംബും ഡിറ്റക്ടീവ് സാർജന്റ് മിഷ ഫ്രാങ്കും ജെയ്മിയുടേയും കേയ്റ്റിയുടേയും സ്കൂളിൽ നടത്തുന്ന അന്വേഷണമാണ് ഈ ഒരു മണിക്കൂർ. അതേ സ്കൂളിൽ തന്നെയാണ് ബാസ്കോംബിന്റെ മകൻ ആദവും പഠിക്കുന്നത്. കൗമാരക്കാരുടെ മനോവ്യാപാരങ്ങളും അവരെ ആകർഷിക്കുന്ന അരാജകത്വവും, അതിന് ത്വരകമാവുന്ന ഇന്റർനെറ്റ് – സോഷ്യൽ മീഡിയ അന്തരീക്ഷവും അതിലൂടെ രൂപപ്പെടുന്ന സവിശേഷമായ ആവാസവ്യവസ്ഥയും വെളിവാക്കുന്നതാണ് ഡേ- ത്രീ എന്ന ഈ ഖണ്ഡം. എത്ര ശ്രമിച്ചാലും ജെൻ ആൽഫയുടെ മനോ വ്യാപാരങ്ങളിലേക്ക് കടന്നു ചെല്ലാൻ കഴിയാത്ത ഗൂഗ്ൾ പൂർവ തലമുറയുടെ നിസ്സഹായാവസ്ഥയാണ് (‘മല്ലു സൈബർ സ്ലാങിൽ’ തന്തവൈബ്!) ഈ എപ്പിസോഡിന്റെ കാതൽ.

Stephen Graham

സ്റ്റീഫൻ ഗ്രഹാം

പുതുതലമുറയുടെ ഭാഷാപ്രയോഗങ്ങൾക്കും (Lingo/ Slang) സാംസ്കാരികവിനിമയങ്ങൾക്കും അതിനെല്ലാമുപരി, അവരുടെ അക്രമാത്മകമായ കൂസലില്ലായ്മക്കും മുന്നിൽ പകച്ചു പോകുന്ന ബാസ്കോംബിന് അയാളുടെ കൗമാരക്കാരനായ മകൻ അവരുടെ ലോകത്തെ കുറിച്ച് പറഞ്ഞു കൊടുക്കുന്ന വിവരങ്ങളാണ് സീരീസിനകത്തേക്കുള്ള താക്കോൽ. സ്ത്രീ വിദ്വേഷത്തിലധിഷ്ടിതമായ ആൺലോകത്തേക്ക് വിദ്യാഭ്യാസം ചെയ്യപ്പെടുന്ന കുട്ടികൾക്കുണ്ടാകുന്ന മാറ്റങ്ങൾ സൂചിപ്പിക്കുകമാത്രമാണ് സീരീസ് ചെയ്യുന്നത്. നിശ്ചയങ്ങളോ വിധികൽപനകളോ ഇല്ലാതെ ചുറ്റുമുള്ള യാഥാർത്ഥ്യങ്ങളിലേക്ക് പ്രേക്ഷകരുടെ ശ്രദ്ധ ക്ഷണിച്ചു കൊണ്ട്, കഥാപാത്രങ്ങളുടെ ആന്തരിക വിക്ഷോഭങ്ങളിലേക്ക് പോവുകയാണ് സീരീസിന്റെ സ്രഷ്ടാക്കൾ.

ജെയ്മിയും അവനെ വിലയിരുത്താനെത്തുന്ന സ്വതന്ത്ര മനോപരിശോധക ബ്രയനി അരിസ്റ്റനും തമ്മിലുള്ള കൂടിക്കാഴ്ചയാണ് ‘ഏഴാം മാസം’ എന്ന മൂന്നാം എപ്പിസോഡ്. പുരുഷോന്മത്തതയുടെ സൈബർ ലോകം ഒരു കൗമാരക്കാരനിൽ എങ്ങനെ പ്രവർത്തിക്കുന്നുവെന്നതിന്റെ സൂക്ഷ്മമവും അതിശക്തവുമായ ആവിഷ്കാരമാണ്, സീരീസിന്റെ ഹൃദയമായി അനുഭവപ്പെട്ട ഈ ഖണ്ഡം. ഓവൻ കൂപ്പറെന്ന പതിനഞ്ചുകാരനെ ഭാവിയിലെ റോബെർട്ട് ഡി നീയ്റോ എന്നാണ് സ്റ്റീഫൻ ഗ്രഹാം വിശേഷിപ്പിക്കുന്നത്. ജെയ്മിക്കുള്ള ഓഡിഷനായി ഓവൻ അയച്ചു കൊടുത്ത വിഡിയോ കണ്ട ആ നിമിഷം തന്നെ, സംശയലേശമെന്യേ അവനെ ആ റോളിനായി തെരഞ്ഞെടുത്തുവെന്ന് സംവിധായകൻ ഫിലിപ് ബെറാറ്റിനിയും പറയുന്നു. രണ്ടു പേരുടേയും വാക്കുകളിൽ അതിശയോക്തി തെല്ലുമില്ലെന്ന് മൂന്നാം എപ്പിസോഡ് കാണികളെ ബോധ്യപ്പെടുത്തും. ബ്രയനിയായുള്ള എറിൻ ഡോഹെർത്തിയുടെ പ്രകടനവും ഞെട്ടിക്കുന്നതാണ്.

കുട്ടി തടവിലായതിന്റെ പതിമൂന്നാം മാസമാണ് നമ്മൾ പിന്നീട് മില്ലർ കുടുംബത്തെ കാണുന്നത്, എന്തുകൊണ്ട് ജെയ്മിയെ പോലൊരു പതിനാലുകാരൻ ഈ അവസ്ഥയിലെത്തുന്നു എന്നതിനെ കുറിച്ചുള്ള മാതാപിതാക്കളുടെ വിചാരങ്ങളോടൊപ്പം, കുടുംബം എന്ന സ്ഥാപനത്തിനകത്ത് സൈബർകാലത്തെ കുട്ടികൾ എങ്ങനെയാണ് തനിച്ചായിപ്പോവുന്നതെന്ന ചോദ്യവും പ്രേക്ഷകർക്കു മുന്നിൽ ഉന്നയിക്കുകയാണ് ഈ നാലാം എപ്പിസോഡ്.

ഇപ്പോൾ കൗമാരത്തിലുള്ള സൈബർ തലമുറയുടെ റിയൽ ലൈഫിൽ ഉൾച്ചേർന്നുകൊണ്ടുതന്നെ ഒരു റീൽ ലൈഫുമുണ്ട്. ഗൂഗ്ൾ പൂർവതലമുറ മനസ്സിലാക്കുന്നതുപോലെ അതിൽ റീലും റിയലും ബൈനറികളല്ല, റീലോട് ചേർന്ന പുതിയ റിയലിനെ മനസ്സിലാക്കാനും അതിലെ പ്രശ്നങ്ങളെ അഭിമുഖീകരിക്കാനുമുള്ള കഴിവോ യോഗ്യതയോ ഇല്ലാത്തവരുടെ തലമുറയാണ് അവരെ ഞെട്ടലോടെ കാണുന്നത്. ആ ഞെട്ടലിന് നേരെയാണ് ഫിലിപ് ബറാറ്റിനി കാമറ തിരിച്ചു വച്ചിരിക്കുന്നത്.

‘അഡോളസെൻസിന്’ ഒരു പരിഹാരവും നിർദ്ദേശിക്കാനില്ല, പക്ഷെ നാലു മണിക്കൂർ നീളുന്ന ഈ ആഖ്യാനം പക്ഷെ ചില വശങ്ങളിലേക്ക് വെറുതെ വിരൽ ചൂണ്ടിക്കാണിക്കുന്നുണ്ട്, തീർച്ചകളില്ലെങ്കിൽ പോലും, അ വഴി പോയി അന്വേഷിക്കാനുള്ള ചുമതല പക്ഷെ കാഴ്ചക്കാരായ നമ്മളോരോരുത്തരുടേതുമാണെന്ന് ഓർമ്മിപ്പിക്കുന്നുമുണ്ട്.

ഒറ്റഷോട്ടിൽ നിർമ്മിക്കപ്പെടുന്ന ചിത്രങ്ങളിൽ പരിമിതികൾ കാണുന്നവരാണ് പ്രേക്ഷകരിലേറെയും പക്ഷെ അഡോളസെൻസിലെ ഓരോ മണിക്കൂർ നീളുന്ന നാല് എപ്പിസോഡുകളും ഒറ്റഷോട്ടിൽ ചിത്രീകരിച്ചിരിക്കുന്നു. ആഖ്യാനത്തിന്റെ സവിശേഷതയും കഥയിലെ അന്തസ്സംഘർഷവും കാരണം കാണികളായ നാമോരോരുത്തരും ഫ്രെയിമിനകത്ത്, തീരാത്ത ആ ഷോട്ടിനുള്ളിൽ അവസാനം വരെ തളച്ചിടപ്പെടും. കഥാപാത്രങ്ങളെ അടുത്തനുഭവിപ്പിക്കാൻ – അവരുടെ ഉൾപ്പിടച്ചിലുകളിൽ ഉലഞ്ഞു പോകും വിധം തന്നെ- അതുമൂലം സാധിച്ചിട്ടുണ്ട്.Adolescence

ദീർഘങ്ങളായ ഒറ്റ ഷോട്ടുകൾ ചെറിയ എഡിറ്റിങ് മാത്രം നടത്തി അവതരിപ്പിക്കുന്ന രീതി ഹിച്ച്കോക്ക് മുതൽ പല ചലച്ചിത്രകാരന്മാരും പരീക്ഷിച്ചിട്ടുണ്ട്. എന്നാൽ 2002 ൽ അലക്സാണ്ടർ സൊകുറോവ് റഷ്യൻ ആർക്ക് എന്ന 87 മിനിറ്റ് ദൈർഘ്യമുള്ള പടം ഒറ്റ ഷോട്ടിൽ അവതരിപ്പിച്ചപ്പോൾ അതീവ കൗതുകത്തോടെയാണ് നമ്മളത് കണ്ടിട്ടുള്ളത്. സൊകുറോവിന് പക്ഷെ, ചരിത്രവും ഭ്രമാത്മകതയും ഇഴചേരുന്ന നിരവധി മുറികളുള്ള ഒരു റഷ്യൻ കൊട്ടാരത്തിന്റെ ആനുകൂല്യമുണ്ടായിരുന്നു.

ഇവിടെ പക്ഷെ യഥാതഥമായ അവതരണവും സമയക്രമവുമെടുത്ത് നിരവധി കഥാപാത്രങ്ങളുടെ പോക്കുവരവുകൾ ഉൾപ്പെടുത്തി ചിട്ടപ്പെടുത്തിയിട്ടുള്ള നിത്യജീവിതത്തിൽ നിന്നുള്ള നാല് ദീർഘരംഗങ്ങളാണ്. ഒരു കഥാപാത്രത്തിൽ നിന്ന് മറ്റൊന്നിലേക്കുള്ള കാമറയുടെ ട്രാൻസിഷനാണ് എന്നെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തിയത്. (നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടിട്ടുള്ള ബിഹൈൻഡ് ദ സീൻ വിഡിയോകളിൽ പല ഛായാഗ്രാഹകർ റിലേ ഓട്ടക്കാരെ പോലെ കാമറ കൈമാറി ഷോട്ട് മുറിയാതെ സൂക്ഷിക്കുന്ന അത്ഭുതവും കാണാം.) ഫിലിപ് ബരാന്റീനിയും സ്റ്റീഫൻ ഗ്രഹാമും (അദ്ദേഹത്തിന്റെ ജീവിതപങ്കാളി കൂടിയായ) നടി ഹാന വാൾട്ടേഴ്സുമെല്ലാ​മടങ്ങുന്ന ടീമിന് ഇത് പക്ഷെ പുത്തരിയല്ല. അവരുടെ ബോയിലിങ് പോയിന്റ് എന്ന 2021 ലെ സിനിമയും അതിന്റെ സീക്വലായ സീരീസുമെല്ലാം സമാനമായ സങ്കേതം ഗംഭീരമായി ഉപയോഗിച്ചിട്ടുണ്ട്. ഒരു റെസ്റ്ററന്റിന്റെ അടുക്കളയായിരുന്നു ബോയിലിങ് പോയിന്റിന്റെ പശ്ചാത്തലം.

നമ്മളിവിടെ കേരളത്തിലിരുന്ന്, സഹപാഠിയെ തല്ലിക്കൊല്ലുന്ന പതിനൊന്നാം ക്ലാസ്സുകാരെയും, സോഹദരിയെ കിണറ്റിലെറിയുന്ന 12 കാരിയെയും കുറിച്ചുള്ള വാർത്തകൾ വായിച്ച് ഉത്കണ്ഠപ്പെടുന്ന അതേ കാലത്താണ് ഗ്രഹാമും ബരാന്റീനിയും ഇംഗ്ലണ്ടിലെ കത്തിയെടുക്കുന്ന കുട്ടികളെയും കൊണ്ട് നമുക്കു മുന്നിലെത്തുന്നത്. അക്രമാസക്തമായ പുരുഷപ്രപഞ്ചത്തിന്റെ ആഗോളവ്യാപ്തി അങ്ങനെയാണ് അഡോളസൻസിൽ വെളിപ്പെടുന്നത്.

Author Photo
രാജീവ് രാമചന്ദ്രൻ

പത്രപ്രവർത്തകൻ, രചയിതാവ്

qacheck17@gmail.com

Review overview
NO COMMENTS

POST A COMMENT