ഇന്ത്യൻ ജനതയുടെ ശത്രുക്കൾ നടത്തിയ ആക്രമണം
സുരക്ഷാ വീഴ്ചയ്ക്കുത്തരവാദിത്തം ആർക്കെന്ന് വ്യക്തമാക്കേണ്ടത് കേന്ദ്രസർക്കാർ.
ഏപ്രിൽ 22ന് ജമ്മുകശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രമായ പഹൽഗാമിൽ നിരായുധരായ മനുഷ്യർക്ക് നേരെയുണ്ടായ വെടിവെയ്പ് ഇന്ത്യൻ ജനതയുടെ സമാധാന ജീവിതത്തിന് നേരെയുണ്ടായ ഭീകരാക്രമണമാണ്. മലയാളിയായ എൻ.രാമചന്ദ്രൻ അടക്കം 26 മനുഷ്യരാണ് ഈ ക്രൂരമായ ആക്രമണത്തിന് ഇരയായത്. മനുഷ്യത്വ വിരുദ്ധരായ ഭീരുക്കളാണ് നിഷ്‌കളങ്കരായ മനുഷ്യരെ ഹീനമായ രീതിയിൽ ആക്രമിച്ച് കൊല്ലുന്നത്. ഇന്ത്യയ്ക്ക് നേരെ നടക്കുന്ന ആദ്യത്തെ ആക്രമണമല്ല ഇത്. ഇന്ത്യൻ ജനതയുടെ സമാധാന ജീവിതത്തെ തകർക്കാനും ഇവിടെ നിലനിൽക്കുന്ന മതനിരപേക്ഷതയെ ഇല്ലാതാക്കാനും മനുഷ്യർക്കിടയിൽ പരസ്പരവിദ്വേഷത്തിന്റെ വിത്തുപാകാനുമാണ് ഇത്തരം ആക്രമണങ്ങൾ രാജ്യത്തിന്റെ ശത്രുക്കൾ നടത്തുന്നത്. അതേസമയം കശ്മീർ പോലെ ഇത്രയും സുരക്ഷാ സംവിധാനങ്ങൾ ഉള്ള ഇടത്ത് ഇത്തരമൊരു ആക്രമണം തടയാൻ കഴിയാതെ പോയത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വലിയ വീഴ്ചയാണ് എന്നുള്ള കാര്യവും ഓർക്കേണ്ടതുണ്ട്. കേന്ദ്രസർക്കാരിനും അവരുടെ ഔദ്യോഗിക ഏജൻസികൾക്കും അവരുടെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞ് മാറാൻ കഴിയില്ല.
പാകിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന നിരോധിത സംഘടനയായ ലഷ്‌കർ ഇ തയ്ബയുമായി ബന്ധമുള്ള പ്രദേശിക സംഘടന ‘റസിസ്റ്റൻസ് ഫ്രണ്ടാ’ണ് പഹൽഗാം ഭീകരാക്രമണത്തിന്റെ ഉത്തരാവാദിത്തം ഏറ്റെടുത്തത്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് ശേഷം ആരംഭിച്ച സംഘടനയാണത്രേ ഇത്. ജമ്മുകശ്മീരിൽ ഭീകരതയുടെ നട്ടെല്ലൊടിച്ചുവെന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിൽ ആവർത്തിച്ച് പറഞ്ഞിരുന്നത് എന്നത് മറക്കരുത്. കാലങ്ങളായി പാകിസ്താനിലെ ചില പ്രദേശങ്ങൾ ഇത്തരം ഭീകര സംഘങ്ങൾക്ക് താവളവും പരിശീലനകേന്ദ്രവുമായി പ്രവർത്തിക്കുന്നുണ്ടെന്നത് ഇതിനോടകം തെളിഞ്ഞിട്ടുള്ള കാര്യമാണ്. ഇത്തരം ദേശവിരുദ്ധ ഭീകരസംഘങ്ങളുടെ ആക്രമണങ്ങളെ തടയാനുള്ള എല്ലാ ശ്രമങ്ങൾക്കും രാജ്യത്തെ ഉത്തരാവാദിത്തമുള്ള സകല രാഷ്ട്രീയ പാർട്ടികളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സർവ്വകക്ഷിയോഗത്തിൽ ഇക്കാര്യം സി.പി.ഐ.എം അടക്കമുള്ള പാർട്ടികൾ വിശദീകരിക്കുകയും ചെയ്തു.
അതേസമയം ഈ ആക്രമണം തടയാൻ സാധിക്കാതിരുന്നത് എന്തുകൊണ്ടാണ് എന്നും ഇതിന്റെ ഉത്തരവാദിത്തം ആർക്കാണ് എന്നും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും വ്യക്തമാക്കണം. നോട്ട് നിരോധനം നടപ്പാക്കിയത് മുതൽ ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്ത കളഞ്ഞത് വരെ ഭീകരവാദം തുടച്ച് നീക്കുന്നതിനുള്ള വിവിധ ശ്രമങ്ങളാണ് എന്നാണ് കേന്ദ്രസർക്കാർ വ്യാഖ്യാനിച്ചിരുന്നത്. 2019 ആഗസ്ത് മുതൽ അഞ്ചുവർഷത്തോളമാണ് ജമ്മുകശ്മീരിൽ കേന്ദ്രം രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്. ഒടുവിൽ സുപ്രീം കോടതി ഇടപെട്ട ശേഷം മാത്രമാണ് തിരഞ്ഞെടുപ്പ് നടത്തിയത്. പൊതുപ്രവർത്തകരെ ജയിലിൽ അടച്ചു, വീട്ടു തടങ്കലിൽ പാർപ്പിച്ചു, ഭീകരവാദം അവസാനിപ്പിക്കുന്നതിന്റെ ഭാഗമാണെന്ന പേരിൽ എത്രയോ നാൾ ഇന്റർനെറ്റ് നിരോധിച്ചു, മാധ്യമ സ്വാതന്ത്ര്യം തടഞ്ഞു, മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്തു. ഇതിനെല്ലാം ശേഷം നടത്തിയ തിരഞ്ഞെടുപ്പിൽ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സംസ്ഥാനത്തെ വിഘടന വാദികളുമായി ഒളിഞ്ഞും തെളിഞ്ഞും സഹകരിക്കുകയും ചെയ്തു. ഇത്തരം ശ്രമങ്ങൾക്ക് ശേഷവും മതനിരപേക്ഷ ജനാധിപത്യ സഖ്യമാണ് ബി.ജെ.പിയെ തോൽപ്പിച്ച് ജമ്മു കശ്മീരിൽ അധികാരത്തിൽ വന്നത്.
പുതിയ സർക്കാർ അധികാരത്തിൽ വന്ന ശേഷം പതുക്കെ പതുക്കെ സമാധാന അന്തരീക്ഷത്തിലേയ്ക്ക് തിരിച്ച് പോയി കൊണ്ടിരിക്കുന്ന ജമ്മു കശ്മീരിന്റെ പ്രധാനപ്പെട്ട വരുമാനസ്രോതസുകളിലൊന്ന് വിനോദസഞ്ചാരമാണ്. ഭൂമിയിലെ സ്വർഗ്ഗം എന്നറിയപ്പെടുന്ന ഈ നാടിന്റെ മനോഹാരിതയും ജനങ്ങളുടെ തുറന്ന മനസോടെയുള്ള ആതിഥേയത്വവും അനുഭവിക്കാനെത്തുന്ന വിനോദസഞ്ചാരികൾക്ക് നേരെയുള്ള ആക്രമണം ജമ്മുകശ്മീരിനെ തകർക്കാൻ ലക്ഷ്യം വച്ചുള്ളതാണെന്നതിൽ സംശയമില്ല. കശ്മീരിന്റെ സമാധാനവും ജനങ്ങളുടെ ക്ഷേമവും ഇല്ലാതാക്കണമെന്ന് ശഠിക്കുന്നവരാണ് ഈ ആക്രമണത്തിന് പിന്നിൽ. എന്നാൽ ആക്രമണത്തിന് ശേഷം കശ്മീർ ജനത ഒറ്റമനസോടെ ഭീകരാക്രമണത്തെ തള്ളക്കളഞ്ഞതും പരിക്കേറ്റവരേയും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളേയും സഹായിക്കാൻ അവർ രാപകില്ലാതെ മുന്നോട്ട് വന്നതും ലോകത്തിന് തന്നെ മാതൃകയാണ്. ആദിൽ ഹുസൈൻ എന്ന ചെറുപ്പക്കാരനായ ഒരു കുതിരക്കാരൻ സ്വന്തം ജീവൻ ത്യജിച്ചാണ് ഒരു കൂട്ടം സഞ്ചാരികളെ രക്ഷിക്കാൻ ശ്രമിച്ചത്. കുടുംബത്തിന്റെ ഏക വരുമാന സ്രോതസായ ആ ചെറുപ്പക്കാരന്റെ ധൈര്യവും ഭീകരാക്രമണകാരികളോടുള്ള എതിർപ്പും യഥാർത്ഥ കശ്മീർ ജനതയുടെ നന്മയുടെ ഉദാഹരണമാണ്. പരിക്കേറ്റവരുടേയും കൊല്ലപ്പെട്ടവരുടേയും ബന്ധുക്കളെല്ലാം തന്നെ അവരെ സഹായിക്കാനെത്തിയ കശ്മീരികളെ കുറിച്ച് നല്ലത് മാത്രമാണ് പറയാനുള്ളത്.
മോദി സർക്കാർ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നതിന്റെ ഏറ്റവും പ്രകടമായ ഉദാഹരണമാണ് ജമ്മു കശ്മീരിലെ ഇപ്പോഴത്തെ സ്ഥിതി. സങ്കുചിത രാഷ്ട്രീയ അജണ്ടകളാണ് ബി.ജെ.പി നടത്തിക്കൊണ്ടിരുന്നത്. രാജ്യത്തുടനീളം അവർ വർഗ്ഗീയ ധ്രുവീകരണവും നടത്തി. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം സംഘപരിവാർ അനുകൂലികൾ നടത്തിയ വിദ്വേഷപ്രചാരണങ്ങൾ ഇതിന്റെ തുടർച്ചയാണ്. എന്നാൽ ഇന്ത്യയിൽ പലയിടത്തും തുടർന്നുള്ള ദിവസങ്ങളിൽ കശ്മീരി വിദ്യാർത്ഥികൾക്കും വ്യാപാരികൾക്കും നേരെ ആക്രമണങ്ങൾ നടന്നു. പഹൽഗാം ഭീകരാക്രമണത്തിന്റെ പേരിൽ രാജ്യത്ത് ഭിന്നിപ്പ് സൃഷ്ടിക്കാനുള്ള ശ്രമം അപലപനീയമാണ്. ഭീകരതയ്ക്കെതിരെ രാജ്യം ഒന്നിച്ചു നിൽക്കുകയാണ്. അപ്പോഴാണ് ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ ബി.ജെ.പി ഭരണത്തിലുള്ള സംസ്ഥാനങ്ങളിൽ കശ്മീർ ജനതയ്ക്ക് നേരെ ആക്രമണം നടന്നത്. ഉത്തരാഖണ്ഡിലെ ഡറാഡൂണിൽ വർഗ്ഗീയ സംഘടനകളുടെ ഭീഷണിയെ തുടർന്ന് കശ്മീരി വിദ്യാർത്ഥികൾ വീട് വിട്ടൊഴിഞ്ഞു. രാജ്യത്ത് പലയിടത്തും മുസ്‌ലിങ്ങൾക്ക് നേരെയും ആക്രമണം നടന്നു. കുപ്രചാരണങ്ങളും മുസ്‌ലിം വിദ്വേഷ പ്രചരണങ്ങളും ഈ അവസരം മുതലെടുത്ത് നടത്തുന്നവരും ഭീകരുടെ അജണ്ടയെ സഹായിക്കുകയാണ്.
2019 ലോകസഭ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുണ്ടായ പുൽവാമ ഭീകരാക്രമണം രാജ്യത്തിന്റെ രാഷ്ട്രീയ ഗതിയെ തന്നെ അട്ടിമറിക്കുന്നതായിരുന്നു. 40 സി.ആർ.പി.എഫ് ജവാന്മാർ കൊല്ലപ്പെട്ട ഈ ആക്രമണത്തിന്റെ സമയത്തും സുരക്ഷാപിഴവുകൾ സംഭവിച്ചിട്ടുണ്ട് എന്ന് അക്കാലത്ത് ജമ്മു-കശ്മീർ ഗവർണറായിരുന്ന ബി.ജെ.പി നേതാവ് സത്യപാൽ മാലിക് വെളിപ്പെടുത്തിയിരുന്നു. സുരക്ഷ പിഴവുകൾ ശ്രദ്ധയിൽ പെടുത്തിയിപ്പോൾ നിശബ്ദത പാലിക്കാനാണ് നരേന്ദ്രമോഡിയും സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും ആവശ്യപ്പെട്ടതെന്നും സത്യപാൽ മാലിക് പിന്നീട് പറഞ്ഞു. 2019 ലോകസഭ തിരഞ്ഞെടുപ്പിൽ ഈ ആക്രമണം സൃഷ്ടിച്ച വൈകാരികാന്തരീക്ഷത്തെ ബി.ജെ.പി ഉപയോഗിക്കുകയും ചെയ്തു. ഈ ആക്രമണത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോഡി, ഈ വർഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കേണ്ട ബീഹാറിൽ എത്തി പൊതുസമ്മേളനത്തിൽ പഹൽഗാമിന്റെ പേരിൽ വൈകാരികത ഇളക്കിവിട്ടത് കടുത്ത വിമർശനങ്ങൾക്ക് വഴി വച്ചിരുന്നു.
ഭീകരതയ്ക്ക് മതമില്ലെന്നും എല്ലാവിധ വർഗ്ഗീയതയും നാടിന്നാപത്താണെന്നും ആവർത്തിച്ച് പ്രഖ്യാപിക്കേണ്ട സന്ദർഭമാണിത്. മനുഷ്യനന്മയിലും ജനാധിപത്യത്തിലും മതനിരപേക്ഷതയിലും വിശ്വസിക്കുന്നവരും നാടിന് സമാധാനവും വികസനവും കാംക്ഷിക്കുന്നവരും ഭീകരതക്കെതിരെ അണിചേരണം.

