അതിജീവനത്തിന്റെ തുർതുക്ക് പാഠങ്ങൾ – ഇന്ദുകൃഷ്ണ
അടുത്ത മഞ്ഞുകാലം കഴിയും വരെ. അതാണ് സാധാരണ ഞങ്ങളുടെ ജീവിതത്തിന്റെ പ്ലാനിങ്ന്റെ ഏറ്റവും നീണ്ട കാലയളവ്. എത്രയോ വർഷങ്ങളായി! - ഒരു ചെറുചിരിയോടെ ഹൈദർ ഞങ്ങളോട് പറഞ്ഞു.തുർതുക് ഗ്രാമത്തിലെ മ്യൂസിയത്തിലേക്ക് ഞങ്ങളെ വഴികാട്ടിയത് സാറ എന്ന സുന്ദരിയായിരുന്നു. അവിടെ കാഴ്ചകൾ ഞങ്ങളെ പരിചയപ്പെടുത്തുകയായിരുന്നു ഹൈദർ. നൂറ്റാണ്ടുകൾക്കപ്പുറത്തെ തുർതുക് ജീവിതം.കാരക്കോറം
അടുത്ത മഞ്ഞുകാലം കഴിയും വരെ. അതാണ് സാധാരണ ഞങ്ങളുടെ ജീവിതത്തിന്റെ പ്ലാനിങ്ന്റെ ഏറ്റവും നീണ്ട കാലയളവ്. എത്രയോ വർഷങ്ങളായി! – ഒരു ചെറുചിരിയോടെ ഹൈദർ ഞങ്ങളോട് പറഞ്ഞു.തുർതുക് ഗ്രാമത്തിലെ മ്യൂസിയത്തിലേക്ക് ഞങ്ങളെ വഴികാട്ടിയത് സാറ എന്ന സുന്ദരിയായിരുന്നു. അവിടെ കാഴ്ചകൾ ഞങ്ങളെ പരിചയപ്പെടുത്തുകയായിരുന്നു ഹൈദർ. നൂറ്റാണ്ടുകൾക്കപ്പുറത്തെ തുർതുക് ജീവിതം.കാരക്കോറം മലനിരകളുടെ മടിത്തട്ടിൽ ഷയോക്ക് നദിക്കരയിൽ പുറംലോകത്തിന്റെ ഓട്ടപ്പാച്ചിലുകളും മത്സരബുദ്ധിയും ഒന്നും ബാധിക്കാതെ, ഒരു അതിർത്തി ഗ്രാമത്തിന്റെ പിരിമുറുക്കങ്ങൾ പുറമെ കാട്ടാതെ ശാന്തമായ സുന്ദരമായ ഒരിടവും കുറച്ച് മനുഷ്യരും.
തുർതുക്ക് – ഇന്ത്യയുടെ വടക്കേയറ്റം..ലഡാക്കിലെ നുബ്രവാലിയിൽ നിന്നാണ് അതിർത്തി ഗ്രാമമായ തുർതുക്കിലേക്ക് ഒരു പകൽ യാത്ര പ്ലാനിൽ ഉണ്ടായിരുന്നത്.അതിരാവിലെ തണുപ്പ് വകവയ്ക്കാതെ ഡ്രൈവർ പറഞ്ഞതനുസരിച്ച് നേരത്തെ തന്നെ പുറപ്പെട്ടു, തുർതുക്കിലേക്ക്.ഇടുങ്ങിയ റോഡുകൾ. ഒരു വശത്ത് കൂറ്റൻ പാറകൾ വരിയും നിരയുമൊന്നും വകവയ്ക്കാതെ കൂർപ്പിച്ചും ചരിഞ്ഞും അടർന്നുമൊക്കെ റോഡിലേക്ക് ചാഞ്ഞു നിൽക്കുന്നു.മറുവശത്ത് – ഡ്രൈവറിന്റെ കണ്ണൊന്ന് തെറ്റിയാൽ കയ്യൊന്ന് പിഴച്ചാൽ, മനസ്സൊന്നു പാളിയാൽ വീണുപോകുന്നത് അഗാധമായ കൊക്കയിലേക്ക്.

ലഡാക്ക് റോഡ്‌ട്രിപ്പ് തുടങ്ങി ആറാമത്തെ ദിവസമായപ്പോഴേക്കും ഇത് ഞങ്ങൾക്ക് ഒരു പുതുമയല്ലാതായി. ഇതിലും എത്രയോ ദുർഘടം പിടിച്ച വഴികളാണ് ഇത് വരെ താണ്ടിയത്, ഇനിയുമെത്ര ബാക്കി.ഗ്രാമത്തിലേക്ക് പ്രവേശിക്കുന്നതിന് മുൻപേ പട്ടാളക്കാരുടെ പരിശോധനകളുണ്ട്. അവിടെ കണ്ട ഒരു ബോർഡ് ഞങ്ങളെ ജാഗരൂകരാക്കി, നീണ്ട യാത്രയുടെ ആലസ്യമൊക്കെ എവിടെയോ പോയി.അത് മലയാളത്തിലാക്കിയാൽ ഏതാണ്ട് ഇങ്ങനെയാണ്.ശത്രുക്കളുടെ കണ്ണുകൾ നിങ്ങളുടെ മേലുണ്ട്. സൂക്ഷിക്കുക.ഉള്ളിലെ ഭയം സാഹസികത കൊണ്ട് ഒതുങ്ങിക്കൂടി. ഒടുവിൽ വണ്ടി ഒരു നദിക്കരയിൽ എത്തിനിന്നു. നടന്നു മാത്രം കടക്കാവുന്ന ഒരു പാലം കുറുകെ. പാലം കടന്ന് അക്കരെയെത്തിയാൽ തുർതുക് ഗ്രാമം.
1971ന് മുൻപായിരുന്നെങ്കിൽ, നമ്മളിപ്പോൾ നിൽക്കുന്നത് പാക്കിസ്ഥാനിൽ ആയിരിക്കും. ആവേശം കൂട്ടാൻ ഡ്രൈവറുടെ ഈ വാക്കുകൾ ധാരാളം.വണ്ടി തുറന്ന് പുറത്തേക്കിറങ്ങിയപ്പോൾ കുറുകെ പണിത പാലത്തെ വെല്ലുവിളിച്ച് ഷയൊക്ക് നദി ആർത്തലച്ച് ഒഴുകുന്നു. തണുപ്പ് വന്ന് പൊതിഞ്ഞു തുടങ്ങുന്നു. കുറച്ച് ഫോട്ടോസ് ഒക്കെയെടുത്ത് പാലം കടന്ന് നേരെ തുർതുക്കിലേക്ക്. ചെറിയ കയറ്റങ്ങളും ഇറക്കങ്ങളും, ഇടുങ്ങിയ വഴികൾ, കരിങ്കല്ലിൽ പണിത കെട്ടിടങ്ങൾക്ക് ഭിത്തികൾക്ക് പുറത്തുകൂടി, ഒരാൾക്ക് മാത്രം നടക്കാവുന്ന വഴികളാണ്. ഇവിടം പണ്ട് പാക്കിസ്ഥാൻ ആയിരുന്നു എന്ന ഓർമ ഞങ്ങളിൽ ആവേശം നിറച്ചുകൊണ്ടേയിരുന്നു.ഒടുവിൽ ഒരിടം എത്തി. വലത്തേക്ക് ബാൾട്ടി ഹെറിറ്റേജ് ഹൗസ് ആൻഡ് മ്യൂസിയം, ഇടത്തേക്ക് ഇൻഡോ പാക്ക് ബോർഡർ വ്യൂ. ആദ്യം ബോർഡർ വ്യൂ കാണാൻ പോവാമെന്ന് പറഞ്ഞെങ്കിലും, മ്യൂസിയം തീർത്ത ശേഷം ആവാമെന്ന തീരുമാനത്തിൽ എത്തി ഒടുവിൽ. വഴി പിരിഞ്ഞ് പോയാൽ, പിന്നെ വിളിക്കാൻ മൊബൈലിന് റേഞ്ച് ഒന്നുമില്ല. ഒരുമിച്ചു പോയാൽ മതി എന്നു തീരുമാനിച്ചു.

മ്യുസിയവും വീടും പരിചയപ്പെടുത്താൻ സാറയും ഹൈദറും ആണ് അന്ന് ഉണ്ടായിരുന്നത്. ഇസ്‌ലാമിലേക്ക് പരിവർത്തനം ചെയ്യപ്പെട്ട ടിബറ്റൻ വംശജരാണ് ബാൾട്ടികൾ. നൂറ്റാണ്ടുകൾ പഴക്കമുള്ള തങ്ങളുടെ സംസ്ക്കാരത്തെ പറ്റി, ജീവിതത്തെ പറ്റി, ജീവിത രീതികളെ പറ്റിയൊക്കെ ഒട്ടും മടുപ്പിക്കാതെ ഹൈദർ പറഞ്ഞു കൊണ്ടേയിരുന്നു – ഒരു പ്രത്യേക സ്ലാങിലെ ഹിന്ദിയിൽ.തണുപ്പ് കാലത്തെ അതിജീവിക്കാൻ അവരുടെ വീടിനെ, ചുറ്റുപാടുകളെ, ഭക്ഷണ രീതികളെ ഒക്കെ അവർ പരുവപ്പെടുത്തിയിരിക്കുന്നതിനെ, തടിയിലും കമ്പിളിയിലും അവരുടെ കരവിരുതുകളെ അത്ഭുതത്തോടെയല്ലാതെ എങ്ങനെ കണ്ട് കേട്ട് നിൽക്കാൻ!വർഷത്തിൽ ഏതാണ്ട് ആറ് മാസം മഞ്ഞ് വന്ന് മൂടുന്ന ഒരു നാട്. അവിടുത്തെ കൃഷി, കന്നുകാലികൾ ഇതെല്ലാം ഇതുമായി പൊരുത്തപ്പെട്ടാണ്. ഹൈദറുടെ ഭാഷയിൽ അടുത്ത മഞ്ഞുകാലം കഴിയും വരെ. അതാണ് സാധാരണ ഞങ്ങളുടെ ജീവിതത്തിന്റെ പ്ലാനിങ്ന്റെ ഏറ്റവും നീണ്ട കാലയളവ്. എത്രയോ വർഷങ്ങളായി! അടുത്ത ആറു മാസം കടന്നുപോകാൻ വേണ്ട ഭക്ഷണം, തങ്ങൾക്ക് മാത്രമല്ല, കന്നുകാലികൾക്കും. ഈ ആറുമാസം അവർ ഞങ്ങളെ നോക്കുന്നു, പാലും വെണ്ണയും ഞങ്ങളുടെ കൃഷിക്കുള്ള വളമായി ചാണകവും എല്ലാം തന്ന്.

അടുത്ത ആറുമാസം, മഞ്ഞ് തീരും വരെ ഞങ്ങൾ അവരെ സംരക്ഷിക്കുന്നു. സഹജീവനത്തിന്റെ, അതിജീവനത്തിന്റെ പാഠങ്ങൾ! മ്യൂസിയം കണ്ടിറങ്ങുമ്പോൾ.. സാറ അടുത്ത ഗ്രൂപ്പിനോട് സംസാരിക്കുകയായിരുന്നു. ഹൈദറിനൊപ്പം ഒരു ഫോട്ടോയും എടുത്ത്, അടുത്ത കാഴ്ചകളിലേക്ക്. ഇൻഡോ പാക്ക് ബോർഡർ കാണാൻ.തുർതുക്കിന്റെ വഴികളിൽ ഉരുളക്കിഴങ്ങും ആപ്രിക്കോട്ടും മറ്റ് ഞങ്ങൾക്ക് തിരിച്ചറിയാനാവാത്ത കുറെയേറെ വിളകളും പൂത്തും കായ്ച്ചും ഗ്രാമത്തിന്റെ ഭംഗിക്ക് മാറ്റ് കൂട്ടിയങ്ങനെ വഴികളിൽ.. ഒടുവിൽ ബോർഡർ കാണുന്നയിടത്തെത്തി. ഒരു ബൈനോക്കുലർ സെറ്റ് ചെയ്ത് വെച്ചിട്ടുണ്ട്, ബോർഡർ കാണിക്കാൻ ഒരു പയ്യനും, 12 വയസ്സിൽ കൂടില്ല അവന്. ചെറിയൊരു തുക ഈടാക്കി അവൻ ഞങ്ങളെ അതിർത്തിക്കപ്പുറത്തെ ശത്രൂരാജ്യത്തെ കാട്ടി തരികയാണ്.12 വയസ്സുള്ളവന്റെ ശത്രുരാജ്യം !അമ്പത് കൊല്ലങ്ങൾക്കപ്പുറം പോയാൽ.. അത് അവന്റെ നാടായിരുന്നു.1971 ലെ ഇൻഡോ പാക്ക് യുദ്ധത്തിൽ, ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ പാക് പ്രദേശമായിരുന്ന ബാൾട്ടിസ്ഥനിൽ നിന്ന് ഇന്ത്യ പിടിച്ചെടുത്ത 4 ഗ്രാമങ്ങളിൽ ഒന്നാണ് തൂർത്തുക്ക്. താങ്, താക്ഷി, ചലുംഗ ആണ് ബാക്കിയുള്ളവ. ഉറക്കമുണർന്ന മനുഷ്യർ അറിയുന്നു, തങ്ങളുടെ രാജ്യം ഇപ്പോൾ ഇന്ത്യയാണെന്ന്.യുദ്ധങ്ങൾ വേദനകൾ വിതയ്ക്കുമെന്നത് എത്ര ശരിയാണ്. ഒറ്റ രാത്രി കൊണ്ട് ഉറ്റവരും ഉടയവരും ശത്രുപക്ഷത്ത് ആയിപ്പോയ കുറെ മനുഷ്യർ. അവിടെ അച്ഛനോ അമ്മയോ, ഭർത്താവോ സുഹൃത്തോ ആരുമാവാം,പക്ഷേ മടങ്ങി വരവ് അസാധ്യമാണ്. ശത്രുപക്ഷത്താണ് !പിടിച്ചെടുത്ത ശേഷം കുറച്ച് വർഷങ്ങൾ അവർക്ക് ഈ ഗ്രാമം വിട്ട് പുറത്ത് പോകാൻ അനുവദമില്ലായിരുന്നു. ഇന്ത്യൻ സൈനികരാണ് അവർക്ക് വേണ്ട സാധനങ്ങൾ എത്തിച്ച് നൽകിയിരുന്നതും അവരെ സംരക്ഷിച്ചിരുന്നതും. ഒടുവിൽ അവർ ഇന്ത്യയുടെ ഭാഗമായി. ഇന്ത്യയുടെ മണ്ണിൽ ജീവിതത്തിന്റെ വേരുകൾ ഉറച്ചു തുടങ്ങി.

ബൈനോക്കുലറിൽ ശത്രുക്കളെ, ശത്രു രാജ്യത്തെ കാട്ടിത്തരുന്ന അവന്റെ വേണ്ടപ്പെട്ടവർ ആരൊക്കെയോ ഒരുപക്ഷേ അവിടെ ഇപ്പോഴും ഉണ്ടാവാം.അവസാനം എല്ലാവരും കണ്ട് കഴിഞ്ഞ് ഞങ്ങൾ തിരിച്ച് നടന്നു തുടങ്ങി.വഴിയിൽ ഞങ്ങളുടെ എൻസൈക്ലോപീഡിയ ചിത്തിര പറയുന്നുണ്ടായിരുന്നു, ബാൾട്ടി വംശജരെ പറ്റി, അവരുടെ ജീവിത രീതികളെ പറ്റിയൊക്കെ ഇങ്ങോട്ട് വരുന്നതിനു മുന്നേ വായിച്ചതൊക്കെയും. ഇവിടുത്തെ ആപ്രിക്കോട്ടിന്റെ ഗുണനിലവാരത്തെ പറ്റി, പ്രധാന കൃഷി ഉരുളക്കിഴങ്ങും ചോളവും ബർലിയും ഒക്കെയാണെന്ന്. ഇവിടെ ഇപ്പോഴുമുള്ള ബുദ്ധവിഹാരം അങ്ങനെയങ്ങനെ..ബക്കറ്റ് ലിസ്റ്റിലെ ഒരു പേര് കൂടി ടിക്ക് ചെയ്ത് സന്തോഷത്തിൽ പകലത്തെ മുഴുവൻ കാഴ്ചകളും നിറച്ച മനസോടെ യാത്രയായി നുബ്രയിലേക്ക്.ഉയർന്നു നിൽക്കുന്ന മലനിരകൾക്കിടയിൽ ഒഴുകുന്ന ചെറിയ നീർച്ചാലുകളുടെ ശബ്ദ അകമ്പടിയിൽ അങ്ങിങ്ങായി ഇടയ്ക്കിടെ വാൽനക്ഷത്രങ്ങളുടെ (Shooting Stars) മായക്കാഴ്ച, നുബ്രയുടെ തെളിഞ്ഞ ആകാശത്തിന്റെ ചോട്ടിൽ ഈ സ്ഥിര കാഴ്ചയും കണ്ട് ഉറങ്ങാൻ കിടന്നു. നാളത്തെ കാഴ്ചകൾക്കായി.
(2021 ലഡാക്ക് യാത്രയിൽ നിന്ന്.)

